February 17, 2011

ബേക്കല്‍


ബേക്കല്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസ്സിലേക്ക് വരുന്നത്
ബേക്കല്‍ കോട്ടയാണ് .
ഞാനിവിടെ പറയാന്‍ ഉധേശിക്കുന്നതും മറ്റൊന്നല്ല.
കാസര്‍കോട് ജില്ലയില്‍ സാഗര സവിധം 40 ഏക്കറില്‍ സ്ഥിതി ചെയുന്ന ഈ കോട്ട
കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയതാണ്...

കന്നടയില്‍ ബേക്കല്‍ എന്നാല്‍ "വെന്ത കല്ല്‌" എനാനത്രേ അര്‍ത്ഥം.


കോട്ടയുടെ ഉള്ളിലെ കാഴ്ചകള്‍ ഏതൊരു സഞ്ചാരിയെയും ഇവിടേയ്ക്ക് ആകര്‍ഷിക്കും.
കോട്ടയുടെ മുകളില്‍ നിന്നാല്‍ കാണുന്ന ബീച്ചും മറ്റു പുറംകാഴ്ചകളും മനോഹരം തന്നെ.
വളരെ ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ടവര്‍ ഈ കോട്ടയുടെ ഒരു പ്രത്യേകതയാണ്.
അവിടെ നിന്നും നോക്കിയാല്‍ സമീപ പ്രദേശങ്ങളായ കാഞ്ഞങ്ങാട്, കൊട്ടിക്കുളം, ഉടുമ,
പള്ളിക്കര മുതലായ സ്ഥലങ്ങള്‍ വീക്ഷിക്കാനാകും. പണ്ട് കാലത്തെ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി
നിര്‍മ്മിച്ച ഈ കോട്ടയുടെ സാങ്കേതിക തികവ് വിളിച്ചോതുന്ന തരത്തിലുള്ള അനവധി
കാഴ്ചകള്‍ ഇവിടെ ഇനിയുമുണ്ട്...

വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ കൂടുതല്‍ അറിവുകളൊന്നും എനിക്ക്
നിശ്ചയമില്ല. യാത്ര ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും ബേക്കല്‍ ഒഴിവാക്കാനാവില്ല.
വെയില്‍ ഒഴിഞ്ഞ ശേഷം ഇവിടെ സന്ദര്‍ശിക്കുന്നതായിരിക്കും നല്ലത്.
സായന്തന കാറ്റ് ഏറ്റു അസ്തമയ സൂര്യന്റെ പൊന്‍വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന
ഈ കോട്ടയ്ക്ക് കാസര്‍കോടിന്റെ എല്ലാ സൗന്ദര്യവും നമുക്ക് പകര്‍ന്നു നല്‍കാനാവും !

ഇടയ്ക്കിടെ കുഞ്ഞോളങ്ങള്‍ കോട്ടയുടെ കല്പഴുതുകളില്‍ ശുഭരാത്രി നേരാന്‍ വന്നെത്തുമ്പോള്‍
സൂര്യാസ്തമയവും കണ്ട്; നിറഞ്ഞ മനസ്സോടെ കോട്ടയുടെ പടവുകളിറങ്ങാം...

February 12, 2011

സന്ധ്യാംബരം


"അവളിന്നും കാത്തിരിക്കുകയാണ്;
ഓരോ പകലുകള്‍ക്കൊടുവിലും.
സന്ധ്യാംബരത്തിന്റെ ചുവപ്പില്‍,
കാലം കുടഞ്ഞിട്ടു പോയ കടലാസു പൂക്കളില്‍
അവള്‍ അവനെയും കാത്തിരിക്കുകയാണ്.
കാണുന്ന അസ്തമയങ്ങളൊക്കെയും
എന്തിന്റെയൊക്കെയോ അവസാനമാണെന്ന്
അവള്‍ തിരിച്ചറിയുമ്പോഴും
പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നു;
സ്വയം ബന്ധിച്ച കൂടിനുള്ളില്‍ നിന്നും
രക്ഷപ്പെടുത്താനൊരുവന്‍ വരുന്നതും കാത്ത്.

എല്ലാമെല്ലാം ഉണ്ടെന്നറിഞ്ഞിട്ടും
എവിടെ നിന്നോ മോചിതയാവാന്‍ അവള്‍ കൊതിച്ചു.
അതിനവള്‍ അവനെയും കാത്തിരുന്നു.
ഉറപ്പില്ലാത്ത പ്രതീക്ഷകള്‍ സൂക്ഷിച്ചു വയ്ക്കുമ്പോഴും
അവളുടെ കണ്ണുകളില്‍ നൂറു സ്വപ്‌നങ്ങള്‍ ചിറകുവച്ച് പറന്നു;
കാലുകളില്‍ വസന്തത്തിന്റെ ചിലങ്കകള്‍ കെട്ടി,
കണ്ണുകളില്‍ പ്രണയത്തിന്റെ കരിമഷിയെഴുതി
അവളിന്നും കാത്തിരിക്കുകയാണ്,
സന്ധ്യാംബരത്തിന്റെ ചുവപ്പു കോട്ടയില്‍ നിന്നും,
അവളിലേയ്ക്കിറങ്ങി വന്നെത്തുന്ന സൂര്യനെയും കാത്ത്..."


പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാ വായനക്കാര്‍ക്കും
എന്റെ പ്രണയദിനാശംസകള്‍...

February 07, 2011

കുമിളകള്‍




ഓര്‍മ്മയില്ലേ???
നമ്മളും ഇതുപോലെ കുമിളകള്‍ ഉണ്ടാക്കി രസിച്ച ആ കുട്ടിക്കാലം...

ചെറിയൊരു പ്ലാസ്റ്റിക്‌ ചെപ്പെടുത്ത് സോപ്പ് വെള്ളം നിറച്ച് കുഴലിലൂടെ
ഊതി കുമിളകള്‍ ഉണ്ടാക്കി വിടുമ്പോള്‍
റോക്കെറ്റ്‌ ലോഞ്ച് ചെയ്ത സന്തോഷമായിരുന്നു അന്നൊക്കെ.
ആ കുമിളകളില്‍ തെളിയുന്ന മഴവില്‍ നിറങ്ങളും ഇന്നും മായാതെ നില്‍ക്കുന്നു...

അറിയില്ലായിരുന്നു; ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ
ആര്‍ദ്രമായ നീര്‍കുമിളകളാണ് അന്ന് കാറ്റില്‍ പറത്തിയതെന്ന്.

ഈ വികൃതി-കുട്ടന്മാരിലൂടെ നമുക്കും പോയി വരാം; ആ പഴയ കാലത്തിലേക്ക്.
ഓര്‍മ്മകളുടെ കുമിളകള്‍ നമ്മുടെ മനസ്സിലും നുരഞ്ഞു പൊങ്ങട്ടെ...

January 28, 2011

ഡ്രൈവ്‌ ഇന്‍ ബീച്


സൌത്ത് ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് കണ്ണൂരിലെ
മുഴപ്പിലങ്ങാട് ബീച്.
ഇവിടെ നമുക്ക് വാഹനങ്ങള്‍ യഥേഷ്ടം കടല്‍ തീരത്തിലൂടെ ഓടിച്ചുപോകാം.
കടല്‍ വെള്ളം രണ്ടു വശത്തേക്കും തെറിപ്പിച്ച് കാര്‍ ഓടിച്ചു പോകുന്ന കാര്യം
ഒന്നോര്‍ത്തു നോക്കൂ ; എത്ര രസമായിരിക്കും, അല്ലേ !


മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ തീരത്തെ മണല്‍ വളരെ ഉറച്ചതാണ്.
അതുകൊണ്ടുതന്നെ ടയര്‍ താണുപോകുമെന്ന ഭയം വേണ്ട.
പക്ഷെ ഉപ്പുരസമുള്ള കടല്‍ വെള്ളം വാഹനത്തിനു ദോഷം തന്നെയാണ്.
ഡ്രൈവിനു ശേഷം വേഗം തന്നെ സര്‍വീസ് സെന്റെറിലേക്ക് വച്ച് പിടിച്ചില്ലെങ്കില്‍
പ്രശ്നമായേക്കും.


എന്തായാലും കടല്‍ തീരത്തിലൂടെ വാഹനമോടിച്ച് പോകുന്നത് സിനിമയില്‍ മാത്രം
കണ്ടിട്ടുള്ള നമുക്കൊക്കെ ഇത് നല്ലൊരു അനുഭവം തന്നെയാണ്.
ഇവിടെ, നിയമപരമായി തീരദേശ മണലിലൂടെ ഏകദേശം 4 കിലോമീറ്റര്‍ ദൂരത്തോളം
വാഹനമോടിക്കാം. ഡ്രൈവിന് പകല്‍ സമയം പകല്‍ സമയം തിരഞ്ഞെടുക്കുന്നതാവും
നല്ലത് ; സന്ധ്യയാവുന്നതോടെ ബീച്ചില്‍ തിരക്ക് കൂടും.

ബീച്ചിന്റെ തെക്ക് വശത്ത് ഏകദേശം 200 മീറ്റര്‍ അകലെ "ധര്‍മടം" എന്നൊരു ദ്വീപും ഉണ്ട്.
(Dharmadam Island)
വേലിയിറക്ക സമയമാണെങ്കില്‍ ധര്‍മടം ദ്വീപിലേക്ക് വെള്ളത്തിലൂടെ നടന്നു പോകാം
എന്നുള്ളത് ഈ ബീച്ചിന്റെ മറ്റൊരു ആകര്‍ഷണമാണ്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വഴിയില്‍ 8 കിലോമീറ്റര്‍ അകലെ
"മൊയിതു" പാലം കടന്ന ശേഷം ആദ്യത്തെ ഇടത്തോട്ടുള്ള വഴി നേരെ
ചെന്നെത്തുന്നത്
മുഴപ്പിലങ്ങാട് ബീച്ചിലാണ്.

Tag: Muzhappilangad Drive Beach, Kannur.

January 20, 2011

മംഗളവനം


മെട്രോ നഗരമദ്ധ്യത്തില്‍ നിങ്ങള്‍ക്കൊരു പക്ഷിസങ്കേതം കാണാനൊക്കുമോ?
വേണമെങ്കില്‍ കൊച്ചിയിലേക്ക് വരൂ.

"മംഗളവനം" ! നഗരത്തിന്റെ തിരക്കില്‍ നിന്നും വെറും പത്തു മിനിറ്റ്
കൊണ്ട് നടന്നെത്താവുന്ന ഇടം. കളി പറഞ്ഞതല്ല കേട്ടോ.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്നും വടക്ക് വശത്ത് ഹൈ കോര്‍ട്ടിന്റെ പുറകുവശത്തുള്ള;
പീച്ചി ഫോറെസ്റ്റ് റേഞ്ച് - ന്റെ കീഴില്‍ വരുന്ന 7 ഏക്കര്‍ വനഭൂമിയാണ് മംഗളവനം എന്നറിയപ്പെടുന്ന
പക്ഷി സങ്കേതം.



മംഗളവനത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മുളകള്‍ കൊണ്ട് നിര്‍മിച്ച
ഒരു കുടിലാണ് നമ്മെ ഇവിടെ സ്വാഗതം ചെയ്യുന്നത്. റേഞ്ച് ഓഫീസര്‍
സമക്ഷം വച്ചിടുള്ള രജിസ്റ്റര്‍-ഇല്‍ പേരും വിവരങ്ങളും എഴുതിവച്ചു മംഗളവനം
നടന്നു കാണാവുന്നതാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം ബൈനോക്കുലര്‍
റേഞ്ച് ഓഫീസ്-ഉടെ പക്കല്‍ നിന്നും ലഭിക്കും എന്ന വിവരം അധികമാര്‍ക്കും അറിയില്ല.


ഇനി നമുക്ക് വനത്തിലെക്കുള്ള യാത്ര തുടങ്ങാം. വനം എന്ന് പറയുമ്പോള്‍ ഘോരമായ
വനമെന്നു കരുതരുത്.
പ്രധാനമായും കണ്ടല്‍ കാടുകളാണ് ഇവിടം. ദേശാടന പക്ഷികള്‍ കാലത്തിന്റെ
സന്ദേശ വാഹകരായി ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം പക്ഷികളെ
കാണാം എന്നുള്ള കാര്യം പക്ഷി നിരീക്ഷകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
സാധാരണക്കാര്‍ക്ക് ഒത്തിരി ക്ഷമ വേണ്ടൊരു കാര്യമാണ് പക്ഷി നിരീക്ഷണം;
പക്ഷികളെ കാണുന്നതിനുള്ള സൗകര്യത്തിന് ഇവിടെ ഉയരത്തില്‍ നിര്‍മ്മിച്ച
ഒരു വാച്-ടവര്‍ ഉണ്ട്.



കണ്ടല്‍ കാടുകളില്‍ എത്തണമെങ്കില്‍ കുറച്ചു ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ. പോകുന്ന
വഴിയില്‍ ഒരു മരത്തില്‍ മുഴുവന്‍ ഇലകള്‍ എന്ന കണക്കെ തൂങ്ങിക്കിടക്കുന്ന
വവ്വാലുകള്‍ സന്ദര്‍ശകരുടെ കൌതുകമുണര്‍ത്തും. അധികം ദൂരം നടക്കുമ്പോഴേക്കും
ചതുപ്പ് നിലമായതിനാല്‍ യാത്ര അവസാനിപ്പിച്ചു തിരികെ നടക്കേണ്ടി വരുമെന്നുള്ളതു
അല്പം നിരാശയുണര്‍ത്തും.


അധികം ദൂരം യാത്ര ചെയ്യാതെ തന്നെ കാടിന്റെ അന്തരീക്ഷം
ലഭിക്കാന്‍ ഇതിലും എളുപ്പമായൊരു മാര്‍ഗം വേറെ ഇല്ലെന്നു വേണം കരുതാന്‍.
ദൂരയാത്ര സാധ്യമല്ലാത്തവര്‍ക്കും സ്വന്തമായി വാഹനമില്ലാതവര്‍ക്ക് പോലും ഇവിടെ
എളുപ്പത്തില്‍ എത്തിച്ചേരാം; കാഴ്ചകള്‍ കണ്ടു മടങ്ങാം...

ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.
Contact No: 09497239501 [Range Officer Mr. Radhakrishnan]


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

കൊച്ചിയിലെത്തി ബാനെര്‍ജി റോഡിനു ശേഷം ഹൈ കോര്‍ട്ട് ജങ്ഷനില്‍
വണ്ടിയിറങ്ങി, വലത്തോട്ടുള്ള വഴിയിലൂടെ കാല്‍നടയായോ ഓട്ടോറിക്ഷ പിടിച്ചോ
ഇവിടെ എത്തിച്ചേരാം. ഹൈ കോര്‍ട്ട് മന്ദിരത്തിന്റെ തൊട്ടരികിലുള്ള വഴി
മംഗളവനത്തിന്റെ മുന്‍പിലാണ് അവസാനിക്കുന്നത്.

Tag: Mangalavanam, Mangroove Forest, Bird Sanctuary, Kochi.

December 28, 2010

വിരഹം

പ്രിയപ്പെട്ട ഡിസംബര്‍,

പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്‌
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...

പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?


നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്‌. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !


ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?


November 26, 2010

നൃത്തം



പീലിക്കണ്ണുകളെഴുതി പട്ടാടയുടുത്ത്
മുടിയില്‍ പൂമേടഞ്ഞിട്ട്‌
കയ്യില്‍ കണകമുദ്രകണിഞ്ഞ്
കാല്ചിലമ്പിന്റെ കളശ്രുതിയില്‍
മതിമറന്നു നൃത്തം ചെയ്യുന്ന പെണ്‍കുട്ടി...ഇവളാരായാലും അവളുടെ നൃത്തം കണ്ണിനു പുണ്യം തന്നെ...

November 12, 2010

പൂഞ്ചിറ

ഇലവീഴാ പൂഞ്ചിറ [തൊടുപുഴ, ഇടുക്കി ജില്ല]


ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാ-പൂഞ്ചിറ"യിലേക്ക് പോകാം.
ഇടുക്കി കോട്ടയം ജില്ലകളെ, പച്ച വെല്‍വെറ്റില്‍ വരച്ചൊരു സാറ്റലൈറ്റ്
ചിത്രം പോലെ കാണാം, മൂവായിരത്തി അഞ്ഞൂറ് അടി മുകളില്‍നിന്ന് .


രണ്ടു മലകള്‍, അതിന്റെ നടുവില്‍ പച്ച സമതലം.
ഒരു വശത്ത് മലങ്കര ഡാമും മഴക്കാടും.
മലകള്‍ക്കിടയില്‍ പുരാതന കാലത്ത് ഒരു തടാകമായിരുന്നത്രേ !
ദ്രൌപതിക്ക് നീരാടാന്‍ ഭീമസേനന്‍ ചവിട്ടിയുണ്ടാക്കിയ ഓലിയിലെ
വെള്ളത്തിന്‌ മധുരമാണ്. വേനല്‍ക്കാലത്തും വെള്ളം ലഭിച്ചിരുന്ന ഓലി
ഇപ്പോള്‍ മൂടിയ നിലയിലാണ്. മരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന
ഈ ഓലിയെ അനുസ്മരിച്ചാണ് ഇലവീഴാ പൂഞ്ചിറ എന്ന
പേര് വന്നത് എന്നാണു ഐതീഹ്യം. മരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓലിയില്‍
ഇലകളും വീഴാറില്ലത്രേ ! അങ്ങനെ ഇലവീഴാപൂഞ്ചിറയുണ്ടായി !


ഇടുക്കി ജില്ലയിലെ തൊടുപുഴ പ്രദേശത്തെ ഒരു പ്രധാന
വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാ പൂഞ്ചിറ. ഇടുക്കി കോട്ടയം
ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മൊട്ട കുന്നുകളും പുല്‍മേടുകളും
നിറഞ്ഞ ഈ കുന്നിന്‍ പ്രദേശത്തെ കുളിര്‍കാറ്റും കാഴ്ചകളും ഏതൊരു
സഞ്ചാരിയെയും ആകര്‍ഷിക്കും. ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍
വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍
മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ
പോകാതിരിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ യാത്രയെയും; ഇടയും മിന്നലും
തെല്ലൊന്നു വലച്ചു. എങ്കിലും മഴമേഘങ്ങള്‍ക്കൊപ്പം നിന്ന് , മഴത്തുള്ളികള്‍
നുകര്‍ന്ന അനുഭവം വേറിട്ടൊരു കാഴ്ചയായി.

പൂഞ്ചിയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക്‌ ട്രെക്കിംഗ് പോകാനാവും.
ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു
ഗൈഡും വേണം. മാതൃഭുമി പ്രസിദ്ധീകരണമായ "യാത്ര" എന്നൊരു മാഗസിനില്‍,
ഇംഗ്ലണ്ട്-ഇല്‍ നിന്നുള്ള ഒരു സംഘം പൂഞ്ചിറ-വാഗമണ്‍ ട്രെക്കിംഗ് നടത്തിയതിന്റെ
വിവരണം ഒരിക്കല്‍ വായിക്കുകയുണ്ടായി.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ മൂലമറ്റം റൂട്ടില്‍ സഞ്ചരിച്ച് കാഞ്ഞാറില്‍ എത്തി
അവിടെ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇലവീഴാ പൂഞ്ചിറയിലേക്കുള്ള ദൂരം.
കാഞ്ഞാറില്‍ നിന്ന് കൂവപ്പിള്ളി വഴി വീതി കുറഞ്ഞ കയറ്റം കയറി
ചക്കിക്കാവ് വരെയുള്ള 8 കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും
അവിടെനിന്നുള്ള മണ്‍ പാതയിലൂടെയുള്ള യാത്ര അല്പം ദുഷ്ക്കരമാണ്.
ജീപ്പ് പോകാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ 2 കിലോമീറ്റര്‍
കാല്‍നടയായി സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം.




തൊടുപുഴയില്‍ നിന്നും പൂഞ്ചിറയിലേക്കുള്ള യാത്രാമദ്ധ്യേ മലങ്കര ഡാമും
സന്ദര്‍ശിക്കാവുന്നതാണ് . തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ
"തൊമ്മന്‍കുത്ത് " എന്നൊരു വിനോദ സഞ്ചാര കേന്ദ്രവുമുണ്ട്.
തൊമ്മന്‍കുത്തിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഞാനിവിടെ എഴുതാം.

Location Tag : Ilaveezha poonchira, Ila veezha poonchira, Thodupuzha, Idukki Tourism]

October 24, 2010

കവിയുടെ യാത്ര

കഴിഞ്ഞ ദിവസം അന്തരിച്ച എ. അയ്യപ്പന്‍ എന്ന കവിയുടെ ആകസ്മിക
മരണം മനസ്സില്‍ ഒരുപാട് നൊമ്പരമുനര്‍ത്തി. സത്യം പറഞ്ഞാല്‍,
എനിക്കദ്ധേഹത്തിന്റെ കവിതകളുമായി കൂടുതല്‍ അടുപ്പമില്ല.
എന്നിരുന്നാലും തെരുവിന്റെ നൊമ്പരങ്ങള്‍ കടലാസ് കഷണത്തിലേക്ക്
പകര്‍ത്തിയ ആ കവി ആരാരുമറിയാതെ തെരുവില്‍ കിടന്ന്
മരിച്ചെന്നറിഞ്ഞപ്പോള്‍, ഒരു ദുരൂഹത തോന്നി. മനസ്സില്‍ അല്പം നൊമ്പരവും.
ജോണ്‍ അബ്രഹാമിന്റെയൊക്കെ സ്നേഹിതനായിരുന ഈ കലാകാരനും
അത്തരത്തിലൊരു മരണം മനസാല്‍ ആഗ്രച്ചുകാണും ...
കേരളത്തിലങ്ങോലമിങ്ങോളം വെയില്‍ തിന്നുന്ന പക്ഷിയെപ്പോലെ
അലഞ്ഞു നടക്കുമ്പോഴും ഈയൊരു പകല്‍ സ്വപ്നം അയാള്‍
കണ്ടിരിക്കണം...


അയ്യപ്പനെന്ന കവിയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാവാം
ഈ കവിയെ സൃഷ്ട്ടിച്ചത്. തട്ടാന്‍ കുടുംബത്തില്‍ ജനിച്ച അയ്യപ്പനെ
ബാല്യം മുതലേ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. പതിനഞ്ചു
വയസ്സായപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ അനാഥനായ അദ്ദേഹം
മരണം അടുക്കും വരേയ്ക്കും കേരളത്തില്‍ അങ്ങോളമിങ്ങോളം അലഞ്ഞു
നടക്കുക തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു ബ്രുഹുത്തായ ചങ്ങലയുടെ
കണ്ണിയായിരുന്നു അദ്ദേഹം.

അധ്യാപനത്തില്‍ നിന്നും മഹാനായൊരു കവിയിലെക്കുള്ള യാത്രക്കിടയില്‍
ഒരു ബന്ധനങ്ങളും ഈ കവിയെ തലച്ചിട്ടില്ല. അടുക്കും ചിട്ടയുമായൊരു
ജീവിതവും അധെഹത്തിനുണ്ടായില്ല. ഒടുവില്‍ ഒരിടത്തുമെത്താതെ, തന്നെ
തേടിയെത്തിയ "ആശാന്‍ പുരസ്കാരം" പോലും സ്വീകരിക്കാന്‍ കാത്തു നില്‍കാതെ
ആരോടും ഒരു വാക്ക് പോലും പറയാതെ ആ കവി യാത്രയായി...

ജീവിതത്തിലെന്ന പോലെ അക്ഷരങ്ങളിലും "കറുപ്പിന്റെ" നിറം സൂക്ഷിച്ചിരുന്ന
ഈ കവി, "കല്‍ക്കരിയുടെ നിറമുള്ള ഗ്രീഷ്മത്തിലും" "കണ്ണീര്‍" പൊഴിക്കുമായിരുന്നു.
സമയത്തിന്റെ കണക്കു നോക്കുമ്പോഴും, എന്നും "തെറ്റിയോടുന്നൊരു സെക്കന്റ്‌ സൂചി"
ആയി കാലത്തിന്റെ ചുവരില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ പെണ്ടുലമായി
അദ്ദേഹം നിലകൊണ്ടു.

ഒടുവില്‍ എവിടെയോ മരിച്ചു കിടക്കുമ്പോഴും;
ലോകത്തോട്‌ വിളിച്ചു പറയാന്‍,
അവസാന നിമിഷവും തന്റെ കൈമടക്കില്‍ ഉള്ള
പഴയൊരു കടലാസ് കഷണത്തില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു;
ഹൃദയത്തില്‍ തൊട്ടെഴുതിയ കുറച്ചുവാക്കുകള്‍...
ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്യമാവുകയായിരുന്നു.
-----------------------------------------------------------------------------------
ഞാന്‍ കണ്ടിട്ടില്ലാത്ത, ഞാന്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത
ആ കവിക്ക്‌ പ്രണാമങ്ങള്‍...

"എന്റെ കവിതയുടെ ഭയത്തിന്റെ തുറമുഖത്തില്‍
വന്നു നില്‍ക്കുന്നവര്‍ക്കും
...കണ്ണീരിന്റെ നനവില്‍ അലിയുന്നവര്‍ക്കും
വജ്രസാരമായ എന്റെ പ്രേമത്തിന്റെ
വര്‍ഗശത്രുക്കളോടുള്ള
വാത്സല്യക്കേട്‌ അനുഭവിച്ചിട്ടുള്ളവര്‍ക്കും
അഭയം തന്ന ഹൃദയങ്ങള്‍ക്കും
എന്റെ ജീവിത്തിന്‌ അടിവരയിട്ടുതന്നവര്‍ക്കുമാണ്‌
എന്റെ കവിതകള്‍."

October 22, 2010

സൈക്കിള്‍

പഴയ ഒരു സൈക്കിള്‍.
പണ്ടിവന്‍ രാജാവായിരുന്നു. ഇന്ന് ആക്രി കച്ചവടക്കാര്‍ക്ക് പോലും
വേണ്ട എന്ന് തോന്നുന്നു.

ഈ ബ്ലോഗ്‌ വായിക്കുന്ന എന്റെ സമപ്രായക്കാര്‍ക്ക് ഒരുപക്ഷെ,
ഗ്രീസിട്ട ചങ്ങലയിലൂടെ പണ്ടത്തെ അഭ്യാസങ്ങളുടെ ഓര്‍മ്മകള്‍
സൈക്കിളും ചവിട്ടി വരുന്നുണ്ടാവും...
സ്കൂള്‍ അവധിക്കാലത്ത്‌ ആദ്യമായി സൈക്കിള്‍
ചവിട്ടു പഠിച്ചതും, കൂട്ടുകാരൊത്തു സൈക്കിളില്‍ സെക്കന്റ്‌ ഷോ കാണാന്‍
പോയതും, നാട്ടില്‍ സൈക്കിള്‍ യജ്ഞം നടന്നതുമൊക്കെ..
അന്നൊക്കെ സൈക്കിള്‍ വാടകയ്ക്ക് പോലും കൊടുക്കുന്ന കടകള്‍
ഉണ്ടായിരുന്നു.
രാവിലെ പത്രമിടുന്ന ചാക്കുണ്ണി ഏട്ടനും , പാല് കൊണ്ടുവന്നിരുന്ന
ശങ്കരേട്ടനും, മീന്‍കാരന്‍ ജോസേട്ടനും സൈക്കിള്‍ ഉണ്ടായിരുന്നു.
ജോസേട്ടന്‍ ഇന്ന്, കാലം മാറിയപ്പോള്‍ M-80 (മീന്‍-80 എന്നും പറയും)
വാങ്ങി. എങ്കിലും നാട്ടിലൊക്കെ ചിലരുടെ കയ്യിലെങ്കിലും ഇതുപോലത്തെ
സൈക്കിള്‍ ഉണ്ട്. കുറച്ചു നാള് കൂടെ ഇതൊക്കെ ഇവിടെ കണ്ടേക്കും.
ത്രീ സ്പീഡും, ഗിയരുമൊക്കെ ഉള്ള പുത്തന്‍ സൈക്കിള്‍ വരുമ്പോള്‍ ഈ
മോഡല്‍ സൈക്കിളുകള്‍ ആന്റിക് വസ്തുവായി മാറും, തീര്‍ച്ച.
മോഡല്‍ ഏതുമാവട്ടെ, സൈക്കിള്‍ ചവിട്ട് ആരോഗ്യത്തിനും വ്യായാമത്തിനും
ഉഗ്രനാനെന്നു ഞാന്‍ പറയണ്ടല്ലോ ല്ലേ ?


ഈയിടെ എന്റെയൊരു സുഹൃത്ത്‌ അദ്ധേഹത്തിന്റെ ബ്ലോഗില്‍ സൈക്കിളിനെ കുറിച്ച്
വളരെ രസകരമായി എഴുതിയിരുന്നു. നര്‍മ്മം ഇഷ്ട്ടപെടുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്ത്
ആ അനുഭവ കഥ വായിക്കുമല്ലോ.