January 20, 2011

മംഗളവനം


മെട്രോ നഗരമദ്ധ്യത്തില്‍ നിങ്ങള്‍ക്കൊരു പക്ഷിസങ്കേതം കാണാനൊക്കുമോ?
വേണമെങ്കില്‍ കൊച്ചിയിലേക്ക് വരൂ.

"മംഗളവനം" ! നഗരത്തിന്റെ തിരക്കില്‍ നിന്നും വെറും പത്തു മിനിറ്റ്
കൊണ്ട് നടന്നെത്താവുന്ന ഇടം. കളി പറഞ്ഞതല്ല കേട്ടോ.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്നും വടക്ക് വശത്ത് ഹൈ കോര്‍ട്ടിന്റെ പുറകുവശത്തുള്ള;
പീച്ചി ഫോറെസ്റ്റ് റേഞ്ച് - ന്റെ കീഴില്‍ വരുന്ന 7 ഏക്കര്‍ വനഭൂമിയാണ് മംഗളവനം എന്നറിയപ്പെടുന്ന
പക്ഷി സങ്കേതം.



മംഗളവനത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മുളകള്‍ കൊണ്ട് നിര്‍മിച്ച
ഒരു കുടിലാണ് നമ്മെ ഇവിടെ സ്വാഗതം ചെയ്യുന്നത്. റേഞ്ച് ഓഫീസര്‍
സമക്ഷം വച്ചിടുള്ള രജിസ്റ്റര്‍-ഇല്‍ പേരും വിവരങ്ങളും എഴുതിവച്ചു മംഗളവനം
നടന്നു കാണാവുന്നതാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം ബൈനോക്കുലര്‍
റേഞ്ച് ഓഫീസ്-ഉടെ പക്കല്‍ നിന്നും ലഭിക്കും എന്ന വിവരം അധികമാര്‍ക്കും അറിയില്ല.


ഇനി നമുക്ക് വനത്തിലെക്കുള്ള യാത്ര തുടങ്ങാം. വനം എന്ന് പറയുമ്പോള്‍ ഘോരമായ
വനമെന്നു കരുതരുത്.
പ്രധാനമായും കണ്ടല്‍ കാടുകളാണ് ഇവിടം. ദേശാടന പക്ഷികള്‍ കാലത്തിന്റെ
സന്ദേശ വാഹകരായി ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം പക്ഷികളെ
കാണാം എന്നുള്ള കാര്യം പക്ഷി നിരീക്ഷകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
സാധാരണക്കാര്‍ക്ക് ഒത്തിരി ക്ഷമ വേണ്ടൊരു കാര്യമാണ് പക്ഷി നിരീക്ഷണം;
പക്ഷികളെ കാണുന്നതിനുള്ള സൗകര്യത്തിന് ഇവിടെ ഉയരത്തില്‍ നിര്‍മ്മിച്ച
ഒരു വാച്-ടവര്‍ ഉണ്ട്.



കണ്ടല്‍ കാടുകളില്‍ എത്തണമെങ്കില്‍ കുറച്ചു ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ. പോകുന്ന
വഴിയില്‍ ഒരു മരത്തില്‍ മുഴുവന്‍ ഇലകള്‍ എന്ന കണക്കെ തൂങ്ങിക്കിടക്കുന്ന
വവ്വാലുകള്‍ സന്ദര്‍ശകരുടെ കൌതുകമുണര്‍ത്തും. അധികം ദൂരം നടക്കുമ്പോഴേക്കും
ചതുപ്പ് നിലമായതിനാല്‍ യാത്ര അവസാനിപ്പിച്ചു തിരികെ നടക്കേണ്ടി വരുമെന്നുള്ളതു
അല്പം നിരാശയുണര്‍ത്തും.


അധികം ദൂരം യാത്ര ചെയ്യാതെ തന്നെ കാടിന്റെ അന്തരീക്ഷം
ലഭിക്കാന്‍ ഇതിലും എളുപ്പമായൊരു മാര്‍ഗം വേറെ ഇല്ലെന്നു വേണം കരുതാന്‍.
ദൂരയാത്ര സാധ്യമല്ലാത്തവര്‍ക്കും സ്വന്തമായി വാഹനമില്ലാതവര്‍ക്ക് പോലും ഇവിടെ
എളുപ്പത്തില്‍ എത്തിച്ചേരാം; കാഴ്ചകള്‍ കണ്ടു മടങ്ങാം...

ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.
Contact No: 09497239501 [Range Officer Mr. Radhakrishnan]


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

കൊച്ചിയിലെത്തി ബാനെര്‍ജി റോഡിനു ശേഷം ഹൈ കോര്‍ട്ട് ജങ്ഷനില്‍
വണ്ടിയിറങ്ങി, വലത്തോട്ടുള്ള വഴിയിലൂടെ കാല്‍നടയായോ ഓട്ടോറിക്ഷ പിടിച്ചോ
ഇവിടെ എത്തിച്ചേരാം. ഹൈ കോര്‍ട്ട് മന്ദിരത്തിന്റെ തൊട്ടരികിലുള്ള വഴി
മംഗളവനത്തിന്റെ മുന്‍പിലാണ് അവസാനിക്കുന്നത്.

Tag: Mangalavanam, Mangroove Forest, Bird Sanctuary, Kochi.

No comments: