October 13, 2016

കാളിയമ്മാമ്മ

ഇക്കഴിഞ്ഞ ഓണക്കാലത്തു അമ്പലത്തിന്റെ മുൻവഴിയിൽ വച്ച്
കാളിയമ്മാമ്മയെ വീണ്ടും കണ്ടു. 
ഇപ്പൊ കുറെ വയസ്സായി, വയ്യാണ്ടായി. 
വിശേഷങ്ങൾ എന്നോടും, സുഖ വിവരങ്ങൾ 
ഞാൻ അങ്ങോട്ടും ചോദിച്ചു. 
പിന്നെ കാണാന്നും പറഞ്ഞു, മെല്ലെ  കൂനിക്കൂടി നടന്നകന്നു. 
വഴിയരികിൽ ഞാൻ നോക്കി നിൽക്കെ, 
കുറച്ചങ്ങു നടന്നു തളർന്ന് വായനശാലക്കു മുന്നിലെ 
അരമതിലിൽ പിടിച്ചു കിതച്ചു ശ്വാസം കിട്ടാതെ നിന്നു. 
അടുത്തു ചെന്നു ചോദിച്ചപ്പോൾ, അക്ഷരങ്ങൾ 
മുഴുമിപ്പിക്കാനാവാതെ പല നിശ്വാസങ്ങളായി
വിഷമങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. 
ഇപ്പോ ആരും ല്ല; വീട്ടിലുള്ളോർ ഒന്നും മിണ്ടാറും ല്ല !
ഇപ്പൊ നടക്കാൻ തീരെ ശ്വാസം കിട്ടണില്ല, 
അന്ന് പൈക്ടാവിനെ കൊണ്ടു പോവുമ്പോ കരിങ്കല്ലിൽ നെഞ്ചടിച്ചു 
വീണേനു ശേഷം, തീരെ പറ്റാണ്ടായി. തൃക്കൂരിലെ ഡോക്ടറാ 
ഈ വടി തന്നത്, കാശും മേടിച്ചില്ല, നല്ല ഡോക്ടറാ...
ന്നാലും വയ്യ.
അന്ന് പുതിയ ജോലി കിട്ടീപ്പോ നീ നിന്റെ 
പെണ്ണിനേം കൊണ്ട് വന്നില്ലേ.? മോൾക്ക് സുഖാണോ.
ഇനി വെയില് മൂക്കും മുന്നേ പോട്ടേ,...



ഒരോണക്കാലം ആയതുകൊണ്ടാണോ എന്നറിയില്ല;
കാളിയമ്മാമ്മ വേച്ചു വേച്ചു നടന്നകലുന്നതും നോക്കി നിന്നപ്പോൾ
എന്റെ കുഞ്ഞുനാളിലെ  ഇത്തിരിക്കാലം നടന്നടുത്തുവന്നു...

എന്റെ തറവാടിന്റെ അടുത്തുള്ള ഒരമ്മൂമ്മ; കാളി എന്നാണു പേര്.
കുട്ടിക്കാലം മുതലേ ഞാനവരെ കാളിയമ്മാമ്മ 
എന്നാ വിളിച്ചിരുന്നത്.
വീടിനോടു ചേർന്നുള്ളൊരു പറമ്പിലെ ആ കുഞ്ഞു ഓടിട്ട 
വീട്ടിലെ മിക്കവാറും എല്ലാവരും തറവാട്ടിൽ പല പല 
ജോലികൾ ചെയ്തു പോന്നിരുന്നു.
കാളി, കോരപ്പൻ, കുറുമ്പ, കാർത്തു എന്നീ പേരുകൾ 
എന്റെ അച്ഛമ്മ ദിനവും ഒരുപാടു തവണ വിളിച്ചു കേട്ടിട്ടുണ്ട്.
തറവാട്ടിലെ പുറം പണികൾ ചെയ്തിരുന്ന 
കാളിയമ്മാമ്മയും മറ്റും അന്നൊക്കെ കൂലിക്കു വേണ്ടിയാണോ 
പണിയെടുത്തിരുന്നത് എന്നറിയില്ല, എന്തായാലും മാസ 
ശമ്പളമൊന്നും കൊടുത്തല്ല എന്നുറപ്പാണ്.
അവര് പണ്ട് കാലംമുതലേ ഞങ്ങടെ വീട്ടിലെ പണിക്കാരാത്രേ.

വീട്ടിൽ  പറഞ്ഞു കേട്ടിട്ടുണ്ട്, പണ്ടൊക്കെ എന്റെ തറവാട്ടിലും
 സ്ഥിതി മോശമായിരുന്നുവത്രേ. അന്ന് എന്റെ അച്ചാച്ചൻ 
ആണെന്നു തോന്നുന്നു ആദ്യകാലത്തു രാജ്യം വിട്ടു പോയിട്ടുള്ളത്, സിലോണിലേക്ക്. ശ്രീലങ്ക ആണ് പണ്ട് സിലോൺ എന്നറിയപ്പെട്ടിരുന്നത്. 
അച്ചാച്ചൻ അവിടെ ചെന്നുപെട്ടെങ്കിലും തറവാട്ടിലെ ദാരിദ്ര്യത്തിന് 
കാര്യമായ കുറവൊന്നും വന്നിരുന്നില്ല. ഉള്ളതു പെറുക്കികൂട്ടി 
അച്ചമ്മയാണ് എന്റെ അച്ഛനടക്കമുള്ള അഞ്ചു മക്കളെയും വളർത്തിയത്.
അന്നും ഈ കാളിയമ്മാമ്മ തറവാട്ടിലെ പണിക്കാരിയായിരുന്നു;
അപ്പൊ അവരുടെ സ്ഥിതി എത്ര മോശമാണെന്ന് ഊഹിക്കാല്ലോ.
അച്ചമ്മേടെ കാളിക്കും എന്തെങ്കിലുമൊക്കെ കൊടുക്കണമല്ലോ.
മാസത്തിൽ സിലോണിൽ നിന്നും വരുന്ന തുക എത്ര പേർക്ക് 
അത്താണിയായിരുന്നു, അതിന്റെ പങ്കു വയ്ക്കലുകൾ, അച്ഛമ്മയുടെ 
ധനകാര്യ വകുപ്പ്, ബഡ്ജറ്റ്... ഇതൊക്കെ എന്റെ ഓർമ്മകളുടെ വിസ്മയങ്ങളായിരുന്നു. 
ഈ കുറവുകൾക്കിടയിലും അച്ഛമ്മയും കാളിക്കുട്ടിയും  ഒക്കെ 
ചേർന്ന് ഓണക്കളികൾക്ക് ചുക്കാൻ പിടിച്ചു പോന്നു എന്ന് കേട്ടിട്ടുണ്ട്.
അച്ഛമ്മയാണത്രെ  തറവാടിന്റെ മുറ്റത്ത് 
'അന്നത്തെ അയൽക്കൂട്ടത്തിനും കുടുംബശ്രീ യൂണിറ്റുകൾക്കും'  
നാന്ദി കുറിച്ചത് എന്ന് തോന്നുന്നു; കൂടെ എന്തിനും റെഡിയായി കാളിയമ്മാമ്മയും.
കാളിയും മറ്റുള്ള കൂട്ടരും അച്ഛമ്മയെ "ഇമ്പട്ട്യാര്" എന്നാണത്രെ 
വിളിച്ചിരുന്നത്. തമ്പ്രാട്ടി എന്നതിന്റെ ധ്വനിയാണ് അതിനും.
തട്ടാത്തി ആയിരുന്ന അച്ഛമ്മക്ക് കാളിയും കൂട്ടരും ചേർന്നങ്ങനെയൊരു 
പേരും ചാർത്തികൊടുത്തതു കൊണ്ട്, അന്നത്തെ ഇല്ലായ്മയിലും 
ഞങ്ങളുടെ തറവാടിന് പേരിലൊരു തിളക്കമുള്ളതായി പലപ്പോഴും 
എനിക്കു തോന്നിയിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം എന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ 
തട്ടാന്മാരുടെ(GoldSmith) കൈതൊഴിലായ സ്വർണ്ണപണിയിൽ 
ഒതുങ്ങി നിൽക്കാതെ, ഉദ്യോഗം തേടി ഗൾഫിലെ 
മണലാരണ്യത്തിലേക്കു പോയപ്പോൾ മുതൽ തറവാടിന്റെ 
സ്ഥിതിയും മെല്ലെ മെച്ചപ്പെട്ടു. 
അപ്പോഴും വീട്ടിലെ ഒരു സഹായിയായി കാളിയമ്മാമ്മ ഉണ്ടായിരുന്നു
എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്.

അച്ഛമ്മക്ക് വയസ്സായി, അച്ഛൻ ഗൾഫിലുമായിരുന്നതിനാൽ 
പിന്നീട് അധികം നാളുകളിലും ഈ കാളിയമ്മാമ്മ അമ്മയ്ക്ക് 
ഒരു സഹായമായിരുന്നു. 

ജനിച്ചത് മുതലേ കരപ്പന്റെ അസുഖമുള്ള എന്നെക്കൊണ്ട് അമ്മ 
വല്ലാതെ വിഷമിച്ചിരുന്നു. എന്തൊക്കെ മരുന്ന് കഴിച്ചിട്ടും 
കരപ്പൻ മാറാതിരുന്ന എന്നെ എന്ത് ചെയ്യണമെന്നറിയാതെ 
ഇരിക്കുമ്പോഴാണ്, രാപ്പാൾ വേലൻ എന്ന പാരമ്പര്യ വൈദ്യനെ 
കുറിച്ച് കേൾക്കുന്നത്. പക്ഷേ അമ്മയ്ക്കന്ന്‌ പുറത്തെവിടെയും 
പോകാനറിയില്ലായിരുന്നു. കാളിയമ്മാമ്മയ്ക്കും ശീലമില്ലയെങ്കിലും അമ്മേടെ വിഷമം കണ്ട് കാളിയമ്മാമ്മ പറഞ്ഞു, 
"അംബികേ എന്തിനാ വിഷമിക്കണേ, ഞാൻ കൊണ്ടു പോകാം 
സുജിമോനെ, എവിടെയാണെന്ന് വച്ചാൽ". 
അമ്മയ്ക്ക് അതൊക്കെ ഒരു ധൈര്യമായിരുന്നു. അമ്മയും 
കാളിയമ്മാമ്മയും കൂടി എന്നെ രാപ്പാൾ വേലനെ കൊണ്ടു കാണിച്ചു.
പിന്നീട് ഒരുപാട് നാളുകൾ കഷായവും മരുന്നുമായി കഴിഞ്ഞു,
അന്നൊക്കെ കഷായത്തിനുള്ള നാട്ടു മരുന്നുകളും ഇലകളും 
മറ്റും ചിട്ട പഥ്യങ്ങൾ തെറ്റാതെ കൊണ്ടുതന്നു കരപ്പന്റെ അസുഖം 
മാറ്റിയെടുത്തത്‌ ഈ കാളിയമ്മാമ്മയായിരുന്നു.

കാലമേറെ കഴിഞ്ഞു, പുതിയ വീടുവച്ചു തറവാട്ടിൽ നിന്നും 
കുറച്ചകലെയായി ഞങ്ങൾ താമസം മാറി. കാളിയമ്മാമ്മക്ക് വയസായെങ്കിലും അപ്പോഴും തറവാട്ടിലെ ജോലിക്കാരിയായ 
അവരവിടെ കുറച്ചു നാൾ മുൻപുവരെ ഉണ്ടായിരുന്നു. 
പിന്നെ തീരെ സുഖമില്ലാതായപ്പോൾ എല്ലാം നിർത്തി.

വല്ലപ്പോഴുമൊക്കെ ചെന്നു കാണാറുണ്ടെങ്കിലും അതിന്റെ 
ആവർത്തി തീരെ കുറവായിരുന്നു, എല്ലാരേയും പോലെ 
ഞാനും പല തിരക്കുകൾ നിരത്തി അത് ശരിവച്ചു.
എന്നാലും എന്റെ കല്ല്യാണ തലേന്ന് കാളിയമ്മാമ്മയുടെ കൈയ്യിൽ 
ഒരു സെറ്റ് മുണ്ട് കൊടുത്ത് അനുഗ്രഹം വാങ്ങിച്ചപ്പോ അവർക്കു 
ഏറെ സന്തോഷമായ പോലെ തോന്നി. 
പിന്നെ വല്ലപ്പോഴുമൊക്കെ വഴിയിൽ വച്ചു കാണും...
ഓരോ തവണ കാണുമ്പോഴും കാളിയമ്മാമ്മയുടെ കൂനിക്കൂടിയുള്ള 
നടത്തം കൂടിക്കൂടി വന്നു...

ഈ വയസ്സുകാലത്തും സ്വന്തം കാര്യങ്ങൾ ചെയ്തും, ആരുടേയും 
സഹായമില്ലാതെയും കാളിയമ്മാമ്മ നടന്നകലുന്നു. പണ്ട് പലർക്കും 
സഹായിയായി നിന്ന അവർക്ക് ഈ അവസാനകാലത്ത് 
ആരുമില്ലാത്ത പോലെയായി.

ഓർത്തെടുത്താൽ നമുക്കെല്ലാവർക്കും കാണും,
എപ്പോഴൊക്കെയോ നമ്മുടെ ജീവിതത്തിൽ തുണയായി നിന്ന കാളിയമ്മാമ്മമാർ.
ചിലരെ നമ്മൾ സൗകര്യപൂർവ്വം മറന്നു കളയും.
നമ്മൾ ഓർത്താലും ഇല്ലെങ്കിലും അവർ അവരുടെ ജീവിതങ്ങൾ 
ജീവിച്ചുതന്നെ തീർക്കുന്നു, ആരോടും പരിഭവമില്ലാതെ.

ഒരു നിയോഗം പോലെ കാളിയമ്മാമ്മയും...

June 18, 2016

മുസരീസ്


ജൂൺ 19 നമ്മൾ വായനദിനമായി ആചരിക്കുകയാണല്ലോ.
"ചിന്ത"യിൽ ഇക്കുറി ഒരു പുസ്തകം
പരിചയപ്പെടുത്താം എന്ന് കരുതി.



മുസരീസിലൂടെ :
ഇന്ത്യയിലെ ആദ്യത്തെ Augmented Reality പുസ്തകം.


രചന: നിരക്ഷരൻ
പ്രസാധനം : മെന്റർ  ബുക്സ് , തൃശൂർ.
വില : 450/-

നിരക്ഷരൻ എന്ന പേരിൽ ബ്ലോഗുകൾ എഴുതി പ്രസിദ്ധനായ
മനോജ്‌ രവീന്ദ്രൻ, മുസരിസ് പൈത്രിക ഭൂമിയിലെ
എല്ലാ സ്ഥലങ്ങളും സചിത്രം വിശദമായി പങ്കുവയ്ക്കുന്ന
യാത്രാവിവരണമാണീ പുസ്തകം.
പണ്ടോരുകാലത്ത് നിലനിന്നിരുന്ന മുസരീസ് എന്ന
തുറമുഖ നഗരവും അനുബന്ധ പ്രദേശങ്ങളും ചരിത്രവും
ചിത്രങ്ങളും; കഥകളും കെട്ടുകഥകളും
ഈ പുസ്തകത്തിൽ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.

ചരിത്ര സ്മാരകങ്ങളുടെ കൈയ്യൊപ്പ് ചാർത്തി നിലകൊള്ളുന്ന;
ചേരമാൻ പള്ളി, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം,
മാർത്തോമ്മാലയം കോട്ടപ്പുറം കോട്ട, ചേന്ദമംഗലം സിന്നഗോഗ്,
പാലിയം കൊട്ടാരം, സഹോദരൻ അയ്യപ്പൻ സ്മാരകം
തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരണം
ഈ താളുകളിൽ വായനക്കാരനെ കാത്തിരിക്കുന്നു.


പക്ഷേ ഈ പുസ്തകത്തിന്റെ പ്രത്യേകത മറ്റൊന്നു കൂടിയാണ്.
റിയാലിറ്റി ഒഗ്മെന്റെഷൻ (Reality Augmentation) എന്ന സാങ്കേതിക
വിദ്യ പ്രയോജനപ്പെടുത്തുന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ
പുസ്തകമാണ് ഇത് എന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.
ഞാൻ ആദ്യമാണ് ഇത്തരത്തിൽ ഒരു പുസ്തകത്തെ നേരിൽ
വായിച്ചറിഞ്ഞത്, കണ്ടറിഞ്ഞത്‌.


കേവലം പുസ്തകത്താളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു
വായനാനുബവമല്ല ഈ പുസ്തകം പ്രദാനം ചെയ്യുന്നത്.
അനുബന്ധ വിവരണങ്ങളും, കൂടുതൽ ചിത്രങ്ങളും,
വീഡിയോകളും ഒരു Android സ്മാർട്ട് ഫോണിന്റെ സഹായത്തോടെ
വായനക്കാരന് ലഭിക്കുന്നു. അതവനെ കൂട്ടിക്കൊണ്ടു
പോകുന്നത് വായനയുടെ പുതിയ ലോകത്തേക്കാണ്,
അറിവിൻറെയും കാഴ്ചയുടെയും കൂടുതൽ മേച്ചിൽ
പുറങ്ങൾ ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്നു.
പുസ്തകത്തിലെ താളുകളുടെ എണ്ണത്തിന്റെ പരിമിതികൾ
ഇവിടെ തരണം ചെയ്യപ്പെടുകയാണ്.


Augmented Reality അനുഭവിച്ചറിയാൻ, പുസ്തകത്തിലെ
ചിത്രങ്ങളുടെ ഒരു കോണിൽ കൊടുത്തിരിക്കുന്ന
ഐക്കൺ, ഫോണിൽ കാണിച്ചാൽ മാത്രം മതി.
ഈ പുസ്തകത്തിന്റെതായ  ഒരു മൊബൈൽ ആപ്
പ്ലേ സ്റ്റോറിൽ നിന്നും മുൻപേ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾ നിങ്ങളീ പുസ്തകം വാങ്ങിച്ചു
വായിക്കുമ്പോൾ കിട്ടുന്നതാണ്.

Augmented Reality എന്ന ടെക്നോളജി ലോകത്തിൽ പല
ആവശ്യങ്ങൾക്കും ഇന്ന് ഉപയോഗിക്കുന്നുണ്ട്. മെഡിക്കൽ
രംഗത്തും, സ്പേസ് റിസർച് രംഗത്തും, ഗെയിമിംഗ്
മേഘലയിലും എല്ലാം. അതിന്റെ സാധ്യതകൾ ഒട്ടനവധിയാണ്.
വരും നാളുകളിൽ നമ്മുടെയൊക്കെ നിത്യേനയുള്ള ജീവിതത്തിൽ
ഉപയോഗിക്കാവുന്ന പല ഓട്ടോമേഷനുകളിലും ഇവൻ
വന്നെത്തും. ഇന്റർനെറ്റ്‌ ഓഫ് തിങ്ങ്സ്(Internet Of Things, IoT)
എന്നൊക്കെ നമ്മളിൽ പലരും കേട്ട് കാണും.

നമ്മുടെ നാട്ടിൽ ഈ സാങ്കേതിക വിദ്യയുടെ പ്രയോക്താക്കൾ
കുറവാണെങ്കിലും ലോകത്തിന്റെ പലയിടത്തും ഇതിനോടകം
Augmented reality വളരെ പോപ്പുലർ ഹോട്ട് ടെക്ക് ആണ്.

പുസ്തകങ്ങൾ ഒരുപാട്, ഈ വിദ്യയിൽ പബ്ലിഷ് ചെയ്യപ്പെട്ടു
എന്നിരുന്നാലും, നിരക്ഷരന്റെ  "മുസരീസിലൂടെ" എന്ന
ഈ പുസ്തകത്തിലാണത്രേ Augmented Reality ഒരു
യാത്രാ വിവരണ ഗ്രന്ഥത്തിനായി ലോകത്തിൽ ആദ്യമായി
ഉപയോഗിക്കുന്നത്. മികവാർന്ന പ്രിന്റ്‌ ക്വാളിറ്റിയുള്ള
ഉൾത്താളുകളും ആകർഷണീയമാണ്.

 മലയാളികളായ നമുക്കൊക്കെ
അഭിമാനിക്കാവുന്ന ഈ പുസ്തകം പബ്ലിഷ് ചെയ്ത
മെന്റർ ബുക്സിനും നന്ദി. പുസ്തക പ്രസാധന രംഗത്ത് മാറ്റത്തിന്റെ
ഒരു പുതിയ ചുവടുവയ്പ് നടത്താനായതിൽ ഇവർക്ക്
അഭിമാനിക്കാം.



മുസരീസ്  എന്ന വാക്ക് ചിന്ത ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്നവര്ക്ക്
പരിചിതമായിരിക്കും, കാരണം പണ്ട് ബിനാലെ,  പാലിയം, കൊച്ചി ഹെറിറ്റേജ് തുടങ്ങിയ പോസ്റ്റുകളിൽ ഞാനീ പൈതൃക ഭൂമിയെപ്പറ്റി
പ്രതിപാദിച്ചിട്ടുണ്ട്.
എങ്കിലും ഒന്നൂടെ ചുരുക്കിപ്പറയാം.

എന്താണ് മുസരീസ് ?

പതിനാലാം നൂറ്റാണ്ട് വരെ പശ്ചിമേഷ്യയിലെ തന്നെ ഒരു
പ്രധാന തുറമുഖ നഗരമായിരുന്നത്രേ മുസരിസ്.

ഇന്നത്തെ കൊടുങ്ങല്ലൂർ, മാള, ചേന്ദമംഗലം, പറവൂർ, പട്ടണം,
ചെറായി, പള്ളിപ്പുറം തുടങ്ങിയ അതിവിസ്തൃതമല്ലാത്ത
ഒരു ചരിത്രഭൂമി.

യവനരും മിസിറികളും റോമാക്കാരും ചൈനക്കാരും
ഇസ്രായേലികളുമൊക്കെ വാണിജ്യ ആവശ്യങ്ങൾക്കും
അല്ലാതെയും കടന്നു വന്നിരുന്ന ഈ പ്രദേശത്തിന് ;
ഇന്നത്തെ കേരളത്തിന്റെ സഞ്ചാര ഭൂപടത്തിൽ ഒരിടം
തീർച്ചയായും ഉണ്ട്.

മുസരിസ് പൈതൃക വിനോദ സഞ്ചാര പദ്ധതി, ഈയിടെ
ഈ പ്രദേശത്തുള്ള ചരിത്ര സ്മാരകങ്ങൾ പുനരുദ്ധാരണം
ചെയ്തു സംരക്ഷിക്കാൻ താല്പര്യം കാണിച്ചതിൽ അതിയായ
സന്തോഷമുണ്ട്.

മനോജ്‌ രവീന്ദ്രൻ എന്ന എഴുത്തുകാരൻ മലയാളം
ബ്ലോഗ്ഗർമാർക്കിടയിൽ സുപരിചിതനാണ്.
അഞ്ചാറു വർഷം മുൻപേ ഞാൻ ബ്ലോഗിങ് തുടങ്ങിയ
കാലത്ത് ഇദ്ദേഹത്തിന്റെ ബ്ലോഗുകൾ കണ്ടാണ്‌ പല
യാത്രകളും സ്ഥലങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഒരു ട്രെക്കിംഗ് (നാടുനോക്കി ട്രെക്കിംഗ്)
സംഘത്തിൽ ചേർന്നപ്പോൾ അവിചാരിതമായി ഇദ്ദേഹത്തിന്റെ 
കന്നി ദർശന പുണ്യം കിട്ടി.
ഒരു പകൽ മുഴുവൻ ഒന്നിച്ചൊരു മല കയറാനുള്ള ഭാഗ്യമുണ്ടായി.

അന്ന് ഈ പുസ്തകം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ
പറയുമായിരുന്നു;
"മുസരിസ് പട്ടണത്തിൽ ജനിച്ചു വളർന്ന മനോജേട്ടാ,
ജന്മനാടിന് ഇതിൽ പരം മികവാർന്നൊരു ചരിത്രഗ്രന്ഥം
മറ്റാർക്കാണ് സമ്മാനിക്കാൻ കഴിയുക !!!"



ഈ പുസ്തകത്തെപ്പറ്റി കൂടുതൽ പറയുന്നില്ല.
നിങ്ങളും ഒരു കോപ്പി വാങ്ങി വായിച്ചു സൂക്ഷിച്ചു വയ്ക്കണം;
മുസരീസിനെ അറിയാൻ വേണ്ടി, ഇനിയൊരു തലമുറയ്ക്കു വേണ്ടി...

April 24, 2016

അത്താണി

കേരളത്തിന്റെ ഒട്ടു മിക്ക ഇടങ്ങളിലും അത്താണി
എന്ന പേരിൽ ഒരു സ്ഥലം ഉണ്ടെന്നു തോന്നുന്നു.
ഇല്ലേ, നിങ്ങളുടെ വീടിന്റെ അടുത്തും അത്താണി
എന്നൊരിടം ഒരുപക്ഷേ ഉണ്ടായേക്കും.


പണ്ടുകാലത്ത്, തലയിൽ ചുമട് താങ്ങി നടന്നിരുന്ന
ആളുകൾക്ക് പരസഹായമില്ലാതെ ചുമട്;
ഉയർത്തിക്കെട്ടിയ ഒരിടത്ത് താങ്ങിയിറക്കി
അൽപം വിശ്രമിച്ച ശേഷം വീണ്ടും തലയിലേറ്റി
യാത്ര തുടരാവുന്ന ഒരു സംവിധാനമായിരുന്നു
അത്താണികൾ. അതുകൊണ്ട് ഇത്തരം അത്താണികൾ
ഉണ്ടായിരുന്ന സ്ഥലങ്ങളെല്ലാം "അത്താണി" എന്ന പേരിൽ
അറിയപ്പെടുന്നു എന്നാണ് എന്റെ ഊഹം.

എന്തു തന്നെയായാലും, അത്താണി എന്നപേരിൽ
ഇന്ന്എല്ലാ ജില്ലകളിലും ഒട്ടനവധി സ്ഥലങ്ങൾ ഉണ്ട്.
പലയിടത്തും യാത്രയ്ക്കിടെ പോയിട്ടുണ്ടെങ്കിലും
ഒരിടത്ത് മാത്രമേ അത്താണിയുമായി  ബന്ധപ്പെട്ട് ഒരു
ശിൽപം കണ്ടിട്ടുള്ളൂ.
പലതവണ ആ വഴിയിലൂടെയുള്ള യാത്രകളിൽ
കണ്ണുടക്കിയ ഒരു ശില്പമാണീ ബ്ലോഗിനാധാരം.
എറണാകുളം ജില്ലയിൽ, NH-47 ൽ അങ്കമാലിക്കടുത്ത്
(നെടുമ്പാശ്ശേരി സ്റ്റോപ്പ്‌) ഹൈ വേയിൽ നിന്നും
കണ്ണൊന്ന് ആഞ്ഞു നോക്കിയാൽ കാണാം ഈ കാഴ്ച.
അതും പേരിനെ വിളിച്ചോതുന്ന മനോഹരമായൊരു ശിൽപം.




ശിൽപം : അത്താണി
തലച്ചുമട് ഒരു അത്താണിയിൽ ചാരി വച്ച് വിശ്രമിക്കുന്ന
വഴിപോക്കൻ.
--------------------------------------------------------------------------

ഈ അത്താണി എന്ന വാക്കിന് നമ്മുടെ ജീവിതവുമായി
വളരെ ബന്ധമില്ലേ?
വഴിയോരത്ത് എന്നപോലെ തന്നെ ജീവിതയാത്രയിലും
എത്രയെത്ര അത്താണികൾ !!!

സ്നേഹത്തിന്റെ അത്താണികൾ,
കരുതലിന്റെ, പ്രണയത്തിന്റെ, നന്മയുടെ,സുരക്ഷയുടെ...

പല അത്താണികൾ അറിഞ്ഞും അറിയാതെയും ജീവിതത്തിൽ
കടന്നു പോകുന്നു.




പണത്തിനു ബുദ്ധിമുട്ട് വരുമ്പോൾ എളുപ്പം ചോദിക്കാവുന്ന
നല്ല സുഹൃത്തുക്കളും ബന്ധുക്കളും എന്നും ചിലർക്ക്
അത്താണികളാണ്. നിവൃത്തിയില്ലാതെ അവസാന നിമിഷത്തിൽ
പണം തരുന്ന ബ്ലേഡ്കാരനനും "അന്നത്തെ" അത്താണിയാവുന്നു.

ഇടയ്ക്കെപ്പോഴോ അച്ഛനെയോ അമ്മയെയോ പാതിവഴിൽ
നഷ്ട്ടപ്പെടുന്നവർ അറിഞ്ഞിട്ടുണ്ടാവും; കുടുംബത്തിന്റെ
അത്താണികൾ ആരായിരുന്നു എന്ന്.

കൊതിച്ച സമയങ്ങളിൽ സ്നേഹം പകുത്തു നൽകിയവർ
അന്നാളുകളിലെ സ്നേഹത്തിന്റെ അത്താണികളാവുന്നു.

അമ്പലങ്ങളും പള്ളികളും ആരാധനാ മൂർത്തികലും
അത്താണികളാണ്.വിശ്വാസത്തിന്റെ അത്താണികൾ.

ചിലർക്ക് മദ്യവും മദ്യ ശാലകളും അത്താണികളാവുന്നു.

നേരം പോക്കാനില്ലാത്തവർക്ക് സിനിമകൾ അത്താണികൾ.

മക്കൾ അകലെയാകുമ്പോൾ, ഫ്ലാറ്റിൽ തനിച്ചിരിക്കുന്ന വയസ്സായ
അച്ഛനമ്മമാരുടെ അത്താണി എന്നത് വല്ലപ്പോഴും കിട്ടുന്നൊരു
ഫോൺ കോൾ മാത്രമാവാം...

എഴുത്തുകാർക്ക് അക്ഷരങ്ങളും ചിന്തകളും അത്താണികൾ.

യാത്രകൾ, കവിതകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ, ഇന്റർനെറ്റ്‌,
സോഷ്യൽ മാധ്യമങ്ങൾ...

അങ്ങനെയങ്ങനെ എത്രയെത്ര അത്താണികൾ...

നമുക്ക് ജീവിതത്തിൽ അത്താണികളായി നിൽക്കുന്നവരെ
നാം ആദ്യം തിരിച്ചറിഞ്ഞേക്കില്ല.ഒരുപക്ഷേ അവരുടെ
വിയോഗത്തിന് ശേഷം അല്ലെങ്കിൽ അസാന്നിധ്യത്തിൽ
ആവും ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്;
അവർ നമ്മുടെ അത്താണികൾ ആയിരുന്നു എന്ന്.




നമുക്കെത്ര അത്താണികൾ എളുപ്പം കണ്ടെത്താനാവും,
ലിസ്റ്റ് നിരത്തി വയ്ക്കാം.
പക്ഷേ നമ്മൾ ആർക്കൊക്കെ അത്താണികൾ ആവുന്നു എന്ന്
ചിന്തിച്ചിട്ടുണ്ടോ? അവിടെയും ഒരു ലിസ്റ്റ് ഉണ്ടാക്കാനായാൽ
നമ്മുടെയൊക്കെ ജീവിതത്തിന് ഒരു മൂല്യമുണ്ട്.

മറക്കാതിരിക്കാം; ഇന്നലെകളിൽ നമുക്ക് അത്താണികളായി
നിന്നവരെ.
ആവാൻ ശ്രമിക്കാം; സ്വ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്
അത്താണികളാവാൻ.

തുടക്കത്തിൽ പറഞ്ഞ പോലുള്ള ശിൽപങ്ങൾ
മനസ്സിലുണ്ടാവട്ടെ, മറ്റുള്ളവരുടെ മനസ്സിലും;
അവയ്ക്ക് നിങ്ങളുടെ ഛായയും ആയിരിക്കട്ടെ.

[വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കാൻ
എനിക്കുള്ളോരു അത്താണിയാണ്, ഈ ബ്ലോഗ്‌.]
:)

February 26, 2016

മച്ചാട് മാമാങ്കം

പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും
നാട്ടുത്സവമായ കുതിരവേലയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.


മച്ചാട് മാമാങ്കം - കുതിര വേല

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിൽ
മച്ചാട് എന്ന ദേശത്ത് വർഷം തോറും കുംഭ മാസത്തിൽ
നടത്തിവരുന്ന കുതിര വേലയാണ് മച്ചാട് മാമാങ്കം
എന്നറിയപ്പെടുന്നത്.

സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി
നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ
ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

കുതിരകൾ;  ഓരോ ദേശങ്ങളായ
വിരുപ്പാക്ക, പർളിക്കാട്, മംഗലം, മണലിത്തറ, കരുമത്ര
എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.
പൂരത്തിന് സാരഥ്യം വഹിക്കുന്ന ദേശക്കാർക്ക്
രണ്ടു ദേശക്കുതിരകളും ഒരു കുട്ടിക്കുതിരയുമുണ്ട്.


കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന
തിരുവാണികാവ് അമ്പലത്തിലും ചേർന്ന് കിടക്കുന്ന
വിശാലമായ പാടത്തുമാണ് വേല ആഘോഷിക്കുന്നത്.
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട്
വരുന്ന ബുധനാഴ്ച വരെയാണ് വേല.


വേലയ്ക്കു ഏഴു ദിവസം മുൻപേ ക്ഷേത്രത്തിന്റെ ഇരുവശത്തും
മുളകൊണ്ട് പ്രത്യേക രീതിയിൽ മെടഞ്ഞുണ്ടാക്കിയ
കവാടങ്ങൾ സ്ഥാപിക്കും. കാവ് കൂറയിടൽ എന്ന ഈ
ചടങ്ങ് കഴിഞ്ഞാൽ പിന്നെ പറയ്ക്ക് പോവുന്ന
എടുപ്പന്മാർക്ക് വൃതമാണ്.

കുതിരയെഴുന്നള്ളിപ്പും, കുതിരച്ചാട്ടവും, പറയെടുപ്പും ആണ്
ഈ വേലയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയാം.
പണം കൊടുത്ത്
വാദ്യ മേള ഗജ വീരന്മാരെയും,
ഗാനമേള മറ്റു മെഗാ ഷോകളും നടത്തി,
നാട്ടുകാർ വെറുതെ കാഴ്ചക്കാരായി നിന്നുള്ള ഉത്സവ
ആഘോഷങ്ങളാണ് പലയിടത്തും കാണാറുള്ളത്‌.
എന്നാലിവിടെ വേലയുടെ ഓരോ ചടങ്ങുകൾക്കും
വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ്.
പോയ്ക്കുതിരകൾക്ക് ചേതനയേറ്റുന്ന മനുഷ്യാദ്ധ്വാനത്തിന്റെയും
നിശ്ചയദാർഡ്യത്തിന്റെയും ആർപ്പുവിലികളാണ്
മച്ചാട്കാർക്കെല്ലാം. അക്ഷീണമായ പറയോട്ടത്തിലും
ഗ്രാമത്തിന്റെ യുവതയുടെ ത്യാഗ -വൃത യത്നതിന്റെ
അടയാളപ്പെടുത്തലുകൾ കാണാം.

 കുതിര എന്ന് കേട്ടപ്പോൾ ജീവനുള്ള കുതിരകളാണ്‌ എന്ന്
ധരിച്ചവർക്കു തെറ്റി.
തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികൾ
തന്നെ ഉണ്ടാക്കിയ പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങൾ.

 
തേക്കിന്റെയോ പ്ലാവിന്റെയോ ഫ്രെയിമിനു മുകളിൽ
മുള കൊണ്ടാണ് കുതിരയുടെ കാലുകളും ഉടലും
നിർമ്മിക്കുന്നത്. മുളയൊരുക്കിയ പഞ്ജരത്തിനു മുകളിൽ
വൈക്കോൽ പൊതിഞ്ഞ്, അതിനു മുകളിലായി  വെള്ളത്തുണി
ചുറ്റും.
 

പിന്നെ ആകർഷകമായ വർണ്ണപ്പട്ടും മറ്റ് അലങ്കാരങ്ങളും
ചാർത്തി ഒടുവിലായി തലയും വച്ചാൽ ആരും കൊതിച്ചു
പോകുന്ന വേലക്കുതിരകളായി.

 
 
മച്ചാട് മാമാങ്കത്തിലെ ചൊവ്വാഴ്ചയാണ് കാഴ്ച്ചയുടെ
യാഗാശ്വം തുടങ്ങുന്നത്.

 
 

ഈ ഉത്സവത്തിന്റെ ആഥിധേയരായ പുന്നംപറമ്പ്
വിഭാഗക്കാരുടെ കുതിരകൾ, ഉച്ചയ്ക്ക് മുൻപേ
അമ്പലത്തിൽ നിന്നും പുറപ്പെട്ടു സമീപത്തെ മറ്റൊരു
ക്ഷേത്രമായ കുമരം കിണറ്റുകരയുടെ  പുറകിലെ
കൊയ്ത്തൊഴിഞ്ഞ പാടത്ത് പോയി നിലയുറപ്പിക്കും.
കുട്ടികൾക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തിൽ
ഉണ്ടാവും. 


 കുംഭത്തിലെ ആ പൊരിവെയിലിൽ 
മാമാങ്കത്തിലെ അതിഥികൾ ആയ മറ്റ് ആറ്
ദേശക്കുതിരകളെ കാത്ത് നിൽക്കും.
 

ഉച്ചയ്ക്ക് സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചായാൻ
ആയുമ്പോൾ, കൊയ്ത്തുപാടതിന്റെ അങ്ങകലെ നിന്നും
വെയിലിൽ ഒരു മിന്നായം പോലെ ഓരോ ദേശക്കുതിരകൾ
വരുന്നത് കാണാം. പതിയെ പതിയെ അത് അടുത്ത് വരും...

 

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
വിവിധ തരത്തിലുള്ള കുതിരകളും
കഠിന വൃത ഭക്തി വിശ്വാസത്തോടു കൂടിയുള്ള
കുംഭക്കുടങ്ങളും ഹരിജൻ വേലയും അക്കൂട്ടത്തിൽ ഉണ്ട്.




ഏവരും എത്തികഴിഞ്ഞാൽ പിന്നെ ദേശക്കാരെല്ലാം
കുതിരകളെ തോളിലേറ്റി ഓട്ടമാണ്.
കൊയ്ത്തു കഴിഞ്ഞ ആ പാടത്തിലൂടെ വളരെ ദൂരം
ഓടണം, കൂടെ കാഴ്ചക്കാരും.

 
 
ആ ഓട്ടം തിരികെ തിരുവാണിക്കാവിലെ ക്ഷേത്രത്തിൽ
അവസാനിക്കും. എല്ലാ ദേശക്കുതിരകളെയും ആനയിച്ചു നിരത്തി നിർത്തിയാൽ പിന്നെ പഞ്ചവാദ്യം തുടങ്ങുകയായി.


ഏകദേശം 5 മണിയോടെ വാദ്യം കൊട്ടിയിറങ്ങിയാൽ
പിന്നെ കുതിര ചാട്ടമാണ്. അതിനായി ഇമ്മിണി ഉയരത്തിൽ
പ്രത്യേകം കെട്ടിയൊരുക്കിയ പന്തലുണ്ട്.



 കുതിരകൾ ഓരോരുത്തരായി ഭഗവതിയെ പ്രദക്ഷിണം വച്ച്
ദേശക്കാരുടെ ചുമലിൽ ആർപ്പു വിളിയോടെ പന്തലിന്റെ
അടിയിയിൽ തലയുയർത്തി നിൽക്കുംബൊഴെക്കും
ജനങ്ങൾ ആർത്തു വിളിക്കും. അന്നവരുടെ ഹീറോ ഈ
കുതിരകളാണ്‌. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മംഗലം
എന്ന വെള്ളകുതിരയാണ് പലരുടെയും മനം കവർന്നത്.

 

ചെറുതായി നാവ് പുറത്തേക്കു നീട്ടിയുള്ള മംഗലം
മാത്രമാണത്രേ കൂട്ടത്തിലെ ഏക ആൺ കുതിര.
 


പക്ഷേ മറ്റു പെൺക്കുതിരകളും കുതിരച്ചാട്ടത്തിൽ ഇവന്റെ
മുന്നിൽ കട്ടക്ക് നില്ക്കുന്നുണ്ട്.
പക്ഷേ; തോളിലേറ്റിയ കുതിരകളെ ഉയർത്തിയെറിഞ്ഞ്
പന്തലിന്റെ മുകളിലെ തുണിയിൽ മുട്ടിക്കാനുള്ള
ആരുടേയും ശ്രമം ഫലം കണ്ടില്ല എങ്കിലും, ആ ഏറു
കണ്ടാൽ പൊയ്ക്കുതിരകൾ പറന്നു വരും പോലെ തോന്നും.
അഞ്ചാം ദിവസം ദാരികനെ വധിചെത്തിയ
യുദ്ധ സന്നാഹത്തിന്റെ ആർപ്പുവിളികൾ ആയാണ്
കുതിര വേല ഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.


 

ഏതാനും ആവർത്തികളുടെ വിഫല ശ്രമത്തിനു ശേഷം
കുതിരകൾ ചാട്ടം മതിയാക്കി നിരന്നു നിന്നു.


താമസിയാതെ ഇരുട്ട് പരക്കാൻ തുടങ്ങി,
കാതടപ്പിക്കുന്ന വെടിക്കെട്ടും.
ഞാൻ പതുക്കെ കാഴ്ചകളുടെ കുതിരകളിക്ക്
ഇടവേള നൽകി തിരികെ വീട്ടിലേക്കു കൂടണഞ്ഞു.
--------------------------------------------------------------------------

മച്ചാട് മാമാങ്കത്തിന്റെ പറപ്പുറപാടിനെ പറ്റി ചിലതെങ്കിലും
ഇവിടെ കുറിച്ച് വച്ചില്ലെങ്കിൽ വേല വിശേഷം പൂർണ്ണമാവില്ല.

മിത്ത്:
പണ്ട് കൊടുങ്ങല്ലൂർ ഭഗവതിയുടെ തീവ്ര ഭക്തനായ
കൊങ്ങോട്ടു നായർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ
ഭഗവതിയുടെ ചൈതന്യം അദ്ധേഹത്തിന്റെ ഓലക്കുടപ്പുറത്ത്
യാത്രയാവുകയും, വഴി മദ്ധ്യേ ദിക്ക്ഭ്രമം ബാധിച്ച
നായർ, വഴി തെറ്റി മച്ചാട് എത്തി. അവിടെ വച്ച് ഒരു ഹരിജനം
അദ്ധേഹത്തെ കൈ പിടിച്ചു പാലിശ്ശേരി തറവാട്ടിൽ എത്തിച്ചു.
ഓലക്കുട തറവാടിന്റെ മച്ചിൽ വച്ചു അദ്ധേഹം യാത്രയായി.
പിന്നീട് അരീക്കര ഇല്ലത്തെ ഇളയത് ഈ ഭഗവതിയെ
തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു
എന്ന് വിശ്വസിക്കപ്പെടുന്നു.


കേരളത്തിലെ മറ്റൊരിടത്തും കാണാനിടയില്ലാത്ത പറയെടുപ്പ്
സമ്പ്രദായമാണ് ഈ ദേശത്ത് ഉള്ളത്.

ദേവിയുടെ പ്രതിപുരുഷനായ
അരീക്കര ഇല്ലത്തെ "ഇളയതുകൾ" ആണ് എടുപ്പൻമാരുടെ
തോളിലേറി പറയെടുക്കാനായി വീടു വീടാന്തരം
ഊരു ചുറ്റുന്നത്‌. വേല കൂറയിട്ട നാൾ മുതൽ
വൃതമെടുത്ത ദേശക്കാർ ഈ കൂട്ടത്തിൽ ഉണ്ടാവും.
അതിലധികവും ചെറുപ്പക്കാർ ആണ്. പലരും
ഇതിനു വേണ്ടി ബാംഗ്ലൂർ, ചെന്നൈ എന്നുവേണ്ട പ്രവാസ
ലോകത്ത് നിന്നു പോലും ലീവെടുത്ത് വന്ന് അനുഷ്ട്ടിച്ചു പോരുന്നു.

രാവുകളും പകലുകളും നീണ്ടു നില്ക്കുന്ന അക്ഷീണമായ
പറയെടുപ്പ് ആണ് ഈ നാളുകളിൽ.

വർഷത്തിലൊരിക്കൽ ദേവി ഭവനം സന്ദർശിക്കാനെത്തുന്നു
എന്ന വിശ്വാസത്തിൽ ദേശം മുഴുവനും,
 "ഇളയതിന്റെ" വരവും കാത്ത്
രാവേറെയായാലും നിലവിളക്കിൽ തിരിയിട്ട്
പറയോരുക്കി ഉറങ്ങാതെ കാത്തു നിൽക്കും.


വെളുപ്പ്‌ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലുള്ള
പട്ടു ചേലയാണ് ഇളയത് ധരിക്കുക,
കഴുത്തിൽ ഉണ്ടത്തെച്ചി മാലയിടും.
കാലിൽ ചിലമ്പും കയ്യിൽ വാളുമായി
കുത്തുവിളക്കിന്റെ അകമ്പടിയോടെ; 
എടുപന്മാരുടെ തോളിലേറി;
കൊമ്പ്-കുഴൽ വാദ്യങ്ങളുടെ
നാദവീചിയിൽ ലയിച്ചു നടന്നു നീങ്ങുന്ന
പറയെടുപ്പ് കൂട്ടത്തിന്റെ;
അകലെയൊരു പാടത്ത് നിന്നുള്ള
രാത്രി കാഴ്ച എങ്ങിനെ ഞാനിവിടെ വർണ്ണിക്കും
എന്നെനിക്കറിയില്ല !!!

February 13, 2016

കുന്നോളം ഓർമ്മകൾ


പോയ മാസം വായിച്ച, ഒത്തിരി ഇഷ്ട്ടായ ഒരു പുസ്തകം
ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഓർമ്മയുടെ മേച്ചിൽ പുറങ്ങൾ തേടിയലയുന്ന,
ദീപാ നിശാന്തിന്റെ പുസ്തകം
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ"
കൈരളി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 


 "ഓർമ്മകൾക്കില്ല ചാവും ചിതകളും,
ഊന്നുകോലും ജരാനരാ ദു:ഖവും !"
                                                                  - വിജയലക്ഷ്മി 


ഒരിക്കൽ  വാട്സ് ആപ്പിൽ "ഇരുപതു രൂപയുടെ" കഥ പറയുന്ന
ഒരദ്ധ്യായം ആരോ അയച്ചു തന്നിരുന്നു. തൃശൂരിലെ
കേരളവർമ്മ കോളേജിലെ ഒരു ടീച്ചറാണ് ഇതെഴുതിയത്
എന്നറിഞ്ഞു; പേര് ദീപാനിശാന്ത്.
കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയകളിലും
ആനുകാലികങ്ങളിലും വളരെ സജീവമായ ഒരു എഴുത്തുകാരി,
ആ നിലയ്ക്കാണ് ഈ പുസ്തകം മറിച്ചു നോക്കിത്തുടങ്ങിയത്.

അന്നീ പുസ്തകം അധികം വായനക്കാരെ തേടിയെത്തിയിട്ടില്ല.
പക്ഷേ ഇന്നലെ; ഒരു കൂട്ടുകാരനു വേണ്ടി ഈ പുസ്തകം വാങ്ങാൻ
ബുക്ക്‌ സ്റ്റാളിൽ പോയപ്പോൾ അറിഞ്ഞു, ഇതിന്റെ
അഞ്ച് പതിപ്പുകൾ രണ്ടര  മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയത്രേ.



നല്ല പുസ്തകങ്ങളെ വായനക്കാർ എന്നും സ്വീകരിക്കും.
അതിന് കുറെ ബുദ്ധിജീവികൾ പുകഴ്ത്തി പറയണമെന്നൊന്നുമില്ല;
അക്കാദമി അവാർഡുകളുടെ അകമ്പടിയും ആവശ്യമില്ല.

എന്തുകൊണ്ട് ഈ ചെറിയ(വലിയ) എഴുത്തുകാരിയുടെ
കുഞ്ഞു(വലിയ) പുസ്തകം എനിക്കിത്രമേൽ ഇഷ്ട്ടമായി എന്ന്
പറയാം.

 ഇതൊരു കഥാ പുസ്തകമോ, കവിതയോ, നോവലോ അല്ല.
ടീച്ചറുടെ ഓർമ്മകൾ വളരെ ലാളിത്യത്തോടെ
അക്ഷരക്കൂട്ടുകൾ ചാലിച്ച് കടലാസിൽ വരച്ചു വച്ചിരിക്കുന്നു.
പക്ഷെ അതിൽ സാധാരണക്കാരുടെ മനസ്സിനെ തൊടുന്ന
കഥയുണ്ട്, കവിതയുണ്ട്, നർമ്മ ബോധവുമുണ്ട്.
ബാല്യം മുതൽ കഥാകാരിയുടെ ഇന്നലെകളിൽ കടന്നുപോയ
ഓർമ്മകളുടെ ഭൂതകാലക്കുളിർ ഒരു കുന്നോളമുണ്ട്.
ചിലപ്പോൾ തോന്നും, എങ്ങിനെയാണ് പണ്ടത്തെ
കാര്യങ്ങളൊക്കെ ഇത്ര ഡീറ്റെയിൽ ആയി ഓർത്തെടുക്കാൻ
കഴിയുന്നതെന്ന് !

ഇതിലെ പല സംഭവങ്ങളും എന്റെ കൂടി നാടായ
തൃശൂരിലും പരിസരത്തുമാണ് പ്രതിപാദിക്കുന്നത്.
ബാല്യ കൌമാര വിഹാര രംഗങ്ങളായ ഈ നാടിന്റെ
ഓർമ്മകളിൽ ചേക്കേറി കഥകളുടെ കൂടു കൂട്ടുന്ന
ഏതൊരു നല്ല എഴുത്തുകാരുടെയും അക്ഷരങ്ങൾ
പ്രിയതരമാകാതെ വയ്യ.


ഓരോ കുഞ്ഞു കുഞ്ഞു കഥകളായി, വായനക്കാരന്റെ
ഇഷ്ട്ടാനുസരണം വായിച്ചു തീർക്കാവുന്ന തരത്തിൽ
ഓർമ്മകളെ പുസ്ത ചട്ടകൾക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു.
ചിലത് കണ്ണിനെ ഈറനാക്കും; ചിലത് നർമ്മത്തിന്റെ
മേമ്പൊടിയിൽ രസിപ്പിക്കും; സാമൂഹിക ചിന്തകളുണർത്തും,
ചിലപ്പോൾ മനസ്സിലൊരു വിങ്ങൽ ബാക്കി വയ്ക്കും;
അതിബാവുകത്വമില്ലാത്ത ഭാഷ.


പെണ്ണെഴുത്ത്‌ എന്നൊക്കെ പറഞ്ഞു നടക്കുന്ന പേന ഉന്തുകാർ
ഈ ടീച്ചറെ കണ്ടു പഠിക്കണം. അവരുടെ ജീവിതത്തെ സ്പർശിച്ച
എല്ലാരെയും നല്ല ഭാഷയിൽ അവതരിപ്പിച്ചു. ചിലപ്പോൾ
ഒരു ബസ് കണ്ടക്ടർ, വിദ്യാർഥി, സഹപാഠി, സുഹൃത്തുക്കൾ,
ബന്ധുക്കൾ... ഏവരേയും ആദരവോടെ കാണാനും നല്ലൊരു
മനസ്സുവേണം എന്നാണ് എന്റെ ഒരു ഇത്.

ഇവരൊക്കെ ടീച്ചറുടെ ഓർമ്മയുടെ കുന്നുകളിൽ
ഭൂതകാലക്കുളിർ കോരിയിട്ടു കടന്നു കളഞ്ഞവരാണ്.
എന്തിന് പദ്മരാജനും ലാലേട്ടനും വരെ അതിലുണ്ട്.
 ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്നു മനസ്സിലായത്‌
"മുന്തിരിതോപ്പുകൾ" കണ്ടപ്പോഴാണത്രെ !!!!!


സാമൂഹിക വിഷയങ്ങളിലേക്കും കടന്നു ചെന്നിട്ടുണ്ട്
ചില ഓർമ്മകളിൽ.
കുടയില്ലാതെ പോയ പെൺകുട്ടി,
ജാതി എന്ന ഭീകര സത്വം, ചില വഴി മാറി നടത്തങ്ങൾ,
ടീച്ചറുടെ ഡ്രൈവിംഗ് പഠനം, കുമ്മി നൃത്ത പഠന നാളുകൾ...
അങ്ങനെയങ്ങനെ...
ഓർമ്മകളുടെ മച്ചകത്ത് പട്ടിൽ പൊതിഞ്ഞൊരു പ്രണയവും,
വിരഹവും എല്ലാം ഇതിലുണ്ട്.



എന്നോ മറന്ന കാര്യങ്ങളെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന
ആ നരേഷൻ എടുത്തു പറയാതെ വയ്യ.
അമ്മയോട് ചിലങ്ക വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ
അമ്മയുടെ മറു ചോദ്യം,
" മുറ്റടിച്ചാ ?"
നോവും ചിരിയും വന്നു ഇത് വായിച്ചപ്പോൾ.
ജലം കൊണ്ട് മുറിവേൽക്കുന്ന ഈ ഓർമ്മകളുടെ
 കഥാംശങ്ങൾ കൂടുതൽ ഇവിടെ വിവരിച്ചു ഞാൻ
വായനയുടെ രസം കൊല്ലുന്നില്ല. ഈ ഓർമ്മ പുസ്തകം
എല്ലാ പുസ്തകശാലകളിലും ലഭിക്കും, വായിക്കുക.
(വില 140 രൂപ)

അവസാന താളും മറിച്ച്, പുസ്തകം അടച്ചപ്പോൾ;
എനിക്ക് തികച്ചും അപരിചിതയായ ഒരെഴുത്തുകാരിയുടെ
ഓർമ്മക്കഥകൾ കേട്ട പോലെയല്ല തോന്നിയത്.
എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്നടുക്കൽ
വന്നിരുന്നു കഥകൾ പറഞ്ഞു തന്നപോലെ തോന്നി.
(എനിക്കു സ്നേഹിക്കാനൊരു മുത്തശ്ശിയും
എന്നെ സ്നേഹിക്കാനൊരു ചേച്ചിയും
ഇന്നും എനിക്ക് കിട്ടാക്കനികളാണ്)
എന്നെങ്കിലും എവിടെ വച്ചെങ്കിലും ഈ ചേച്ചിയെയും
കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.



കുന്നോളം ഓർമ്മകൾ എവിടെയോ വച്ചു
മറന്നവർക്ക് ഈ അക്ഷരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്.
കാരണം ഇത് നിങ്ങളുടെ തന്നെ കഥകളാവാം.

അവതാരിക എഴുതിയ കെ. രേഖ കുറിച്ച പോലെ,
ഇത് എന്റെ അനുഭവമാണല്ലോ,
ഇതെങ്ങിനെ ദീപയുടെ കൈവശം വന്നു ...?
എഴുതാൻ ഒഴിവും, കേട്ടുപാടുകളുടെ വേലിക്കെട്ടുകളുമില്ലാത്ത
ഒരു കാലത്തേക്ക് ഞാൻ നീട്ടിവച്ച എന്റെ സമ്പാദ്യക്കുടുക്ക
ദീപയ്ക്ക് കൈമാറിയതാരാണ് ?

ഉത്തരം കിട്ടാത്തൊരീ ചോദ്യം തന്നെയാവും,
നിങ്ങളെ കാത്തിരിക്കുന്നതും.

ഓർമ്മകളേ... സമയമളന്ന് 
ജീവിക്കുന്നതിനിടയിൽ 
നിങ്ങളെന്നിൽനിന്നും 
ഓടി മറയരുതേ...

January 31, 2016

ദൂരം

 ഈ പുതുവർഷത്തിലെ ആദ്യത്തെ ബ്ലോഗാണ്,
മിന്നിച്ചേക്കണേ എന്റെ ബ്ലോഗിലമ്മേ...

ചിന്ത : ദൂരം
 സമയ കാലങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും
ആകുലപ്പെടാറുണ്ട്; സമയം പോയതറിഞ്ഞില്ല,
കാലം എത്ര പെട്ടെന്നാണ് കടന്നു പോയത് എന്നൊക്കെ.
2016 പിറന്നപ്പോഴും നമ്മളിൽ പലരും ചിന്തിച്ചില്ലേ;
എത്ര പെട്ടെന്നാണ് കഴിഞ്ഞ വർഷം ഓടിപ്പോയത് എന്ന്.
സമയവും കാലവുമൊക്കെ നമ്മെ അത്രമേൽ സ്വാധീനിച്ചു
പോരുന്നു, അനുനിമിഷം.



സമയത്തെ പറ്റിയും കാലത്തെ പറ്റിയും ചിന്തിച്ചപ്പോൾ
അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് "ദൂരം".
ശരിക്കും ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ദൂരത്തിനെയല്ലേ
നാം സമയവും കാലവുമായും ഒക്കെ അളന്നെടുക്കുന്നത്‌?

ദൂരമാണ് ഇന്നെല്ലാം;
ദൂരത്തെക്കുറിച്ചാണ് നമ്മുടെ പല ചിന്തകളും.
വർത്തമാനത്തിൽ നിന്നും ഭാവിയിലേക്കുള്ള ദൂരം,
ഇന്നലെകളിൽ നിന്നും ഇന്നിലേക്കുള്ള ദൂരം,
ഈ നിമിഷത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന ഒരു
സമയത്തിലേക്കുള്ള ദൂരം.
നടന്നെത്താൻ, ഓടിയെത്താൻ, പറന്നെത്താനുള്ള ദൂരം.



ദൂരം ഒരു പ്രതീക്ഷയെ അടയാളപ്പെടുത്തും പോലെ തോന്നാറുണ്ട്.
വന്നെത്താൻ സാദ്ധ്യതയുള്ള ഒരു നിമിഷത്തിലെക്കുള്ള ദൂരം.

ദൂരത്തിനെ സാധാരണ ഭാഷയിൽ നിന്നും കാവ്യാത്മകമായും
നാട്ടു ഭാഷയുമായൊക്കെ നാം സാധാരണ ഉപയോഗിച്ചിട്ടുള്ളത്
കേട്ടിട്ടുണ്ടാകും, അവയിൽ ചിലത് ഇങ്ങനെ...

  • ഒരു ബീഡി ദൂരം :
അങ്ങനെ പറഞ്ഞു കേട്ടിട്ടില്ലേ? ബസ് സ്ടോപ്പിലിറങ്ങി
ഒരു ബീഡി ദൂരം നടന്നാൽ എൻറെ വീട്ടിലെത്താം.

  • ഒരു വിളിപ്പാടകലെ :
ഒന്നുറക്കെ വിളിച്ചാൽ കേൾക്കാവുന്നത്ര ദൂരം.

  • 4 പാട്ട് ദൂരം :
ഇത് റേഡിയോ മാങ്കോയുടെ(91.9) പരസ്യ ബോർഡുകളിൽ കണ്ടിരിക്കാം.
പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് 4 പാട്ട് ദൂരം
:)

  • തലമുറകൾ തമ്മിലുള്ള ദൂരം.



കാവ്യാത്മകമായും ദൂരത്തിന്റെ പ്രയോഗങ്ങളുണ്ട്, ചിലത് ഇങ്ങനെ...

  • സ്വപ്നത്തിലേക്ക് ഒരു പകൽ ദൂരം മാത്രം.
  • എൻ ഹൃദയത്തിൽ നിന്നും നിന്നിലേക്കുള്ള ദൂരം.
  • പ്രണയത്തിലെക്കുള്ള ദൂരം.
  • മരണത്തിലേക്കുള്ള ദൂരം.
  • കണ്ണെത്താ ദൂരം / നോക്കെത്താ ദൂരം
  • കയ്യെത്തും ദൂരം.
  • ഒരിടത്തുമെത്താത്ത സഞ്ചാരിയുടെ യാത്രയുടെ ദൂരം...
  • ഒരു ചിന്തയുടെ ദൂരം.
  • ശരീരത്തിൽ നിന്നും ആത്മാവിലേക്കുള്ള ദൂരം...

അങ്ങനെ പോവുന്നു ദൂരത്തിന്റെ കണക്കുകൾ,
അളന്നെടുത്തും എടുക്കാനാവാതെയും.

ദൂരം ഒരു മനുഷ്യനോടൊപ്പം എന്നുമുണ്ട്;
ദൂരത്തുള്ളതിനെക്കുറിച്ചാണ് നമ്മുടെ ചിന്തകളത്രയും.
പ്രതീക്ഷയർപ്പിച്ചിട്ടുള്ള എന്തോ ഒന്നിനെ കാത്തിരിക്കുകയാണ്
നമ്മൾ. കിട്ടിയേക്കാവുന്നൊരു ജോലിയെക്കുറിച്ച്,
സ്നേഹത്തെക്കുറിച്ച്, സൌഭാഗ്യങ്ങളെക്കുറിച്ച്...
അങ്ങനെ ആ നിരയും ഒത്തിരി ദൂരം പോകും.

കാലമെത്ര സാങ്കേതികമായി പുരോഗമിച്ചാലും അതിനു
മാറ്റമില്ല. ഇത് സത്യമല്ലേ, അതുകൊണ്ടല്ലേ നമ്മൾ
ഫോണിൽ ആരുടെയോ കോൾ കാത്തിരികുന്നത്,
ഇടയ്ക്കിടെ മെയിൽ നോക്കുന്നത്, അടുപ്പത്ത് വച്ച
പാല്പോലെ ഇടയ്ക്കിടെ WhatsApp എടുത്തു നോക്കുന്നത്.
ദൂരത്ത്‌ നിന്നെന്തോ വരാനിരിക്കുന്നുണ്ട്....



ഒട്ടും ദൂരത്തല്ലാത്തതിനെ, അതായത് അരികിലുള്ളതിനെ
 മറക്കുകയും, വിലമതിക്കാതെയും
പോവാറുണ്ട്. അരികത്തെ സ്നേഹം, സന്തോഷം,
കൂട്ടുകാർ, സമാധാനം അങ്ങനെ പലതും.


 വിദൂരതയിലേക്ക് സ്വപ്നങ്ങളുടെ ചിറകിൽ പറക്കുമ്പോൾ
തോട്ടരികിലുള്ളതിനെ കാണാതെ പോവരുത്.

പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ
ദൂരത്തുള്ളതിനെ അരികിലേക്ക് കൊണ്ടുവരികയും ചെയ്യട്ടെ.