Showing posts with label kerala tradition. Show all posts
Showing posts with label kerala tradition. Show all posts

April 24, 2016

അത്താണി

കേരളത്തിന്റെ ഒട്ടു മിക്ക ഇടങ്ങളിലും അത്താണി
എന്ന പേരിൽ ഒരു സ്ഥലം ഉണ്ടെന്നു തോന്നുന്നു.
ഇല്ലേ, നിങ്ങളുടെ വീടിന്റെ അടുത്തും അത്താണി
എന്നൊരിടം ഒരുപക്ഷേ ഉണ്ടായേക്കും.


പണ്ടുകാലത്ത്, തലയിൽ ചുമട് താങ്ങി നടന്നിരുന്ന
ആളുകൾക്ക് പരസഹായമില്ലാതെ ചുമട്;
ഉയർത്തിക്കെട്ടിയ ഒരിടത്ത് താങ്ങിയിറക്കി
അൽപം വിശ്രമിച്ച ശേഷം വീണ്ടും തലയിലേറ്റി
യാത്ര തുടരാവുന്ന ഒരു സംവിധാനമായിരുന്നു
അത്താണികൾ. അതുകൊണ്ട് ഇത്തരം അത്താണികൾ
ഉണ്ടായിരുന്ന സ്ഥലങ്ങളെല്ലാം "അത്താണി" എന്ന പേരിൽ
അറിയപ്പെടുന്നു എന്നാണ് എന്റെ ഊഹം.

എന്തു തന്നെയായാലും, അത്താണി എന്നപേരിൽ
ഇന്ന്എല്ലാ ജില്ലകളിലും ഒട്ടനവധി സ്ഥലങ്ങൾ ഉണ്ട്.
പലയിടത്തും യാത്രയ്ക്കിടെ പോയിട്ടുണ്ടെങ്കിലും
ഒരിടത്ത് മാത്രമേ അത്താണിയുമായി  ബന്ധപ്പെട്ട് ഒരു
ശിൽപം കണ്ടിട്ടുള്ളൂ.
പലതവണ ആ വഴിയിലൂടെയുള്ള യാത്രകളിൽ
കണ്ണുടക്കിയ ഒരു ശില്പമാണീ ബ്ലോഗിനാധാരം.
എറണാകുളം ജില്ലയിൽ, NH-47 ൽ അങ്കമാലിക്കടുത്ത്
(നെടുമ്പാശ്ശേരി സ്റ്റോപ്പ്‌) ഹൈ വേയിൽ നിന്നും
കണ്ണൊന്ന് ആഞ്ഞു നോക്കിയാൽ കാണാം ഈ കാഴ്ച.
അതും പേരിനെ വിളിച്ചോതുന്ന മനോഹരമായൊരു ശിൽപം.




ശിൽപം : അത്താണി
തലച്ചുമട് ഒരു അത്താണിയിൽ ചാരി വച്ച് വിശ്രമിക്കുന്ന
വഴിപോക്കൻ.
--------------------------------------------------------------------------

ഈ അത്താണി എന്ന വാക്കിന് നമ്മുടെ ജീവിതവുമായി
വളരെ ബന്ധമില്ലേ?
വഴിയോരത്ത് എന്നപോലെ തന്നെ ജീവിതയാത്രയിലും
എത്രയെത്ര അത്താണികൾ !!!

സ്നേഹത്തിന്റെ അത്താണികൾ,
കരുതലിന്റെ, പ്രണയത്തിന്റെ, നന്മയുടെ,സുരക്ഷയുടെ...

പല അത്താണികൾ അറിഞ്ഞും അറിയാതെയും ജീവിതത്തിൽ
കടന്നു പോകുന്നു.




പണത്തിനു ബുദ്ധിമുട്ട് വരുമ്പോൾ എളുപ്പം ചോദിക്കാവുന്ന
നല്ല സുഹൃത്തുക്കളും ബന്ധുക്കളും എന്നും ചിലർക്ക്
അത്താണികളാണ്. നിവൃത്തിയില്ലാതെ അവസാന നിമിഷത്തിൽ
പണം തരുന്ന ബ്ലേഡ്കാരനനും "അന്നത്തെ" അത്താണിയാവുന്നു.

ഇടയ്ക്കെപ്പോഴോ അച്ഛനെയോ അമ്മയെയോ പാതിവഴിൽ
നഷ്ട്ടപ്പെടുന്നവർ അറിഞ്ഞിട്ടുണ്ടാവും; കുടുംബത്തിന്റെ
അത്താണികൾ ആരായിരുന്നു എന്ന്.

കൊതിച്ച സമയങ്ങളിൽ സ്നേഹം പകുത്തു നൽകിയവർ
അന്നാളുകളിലെ സ്നേഹത്തിന്റെ അത്താണികളാവുന്നു.

അമ്പലങ്ങളും പള്ളികളും ആരാധനാ മൂർത്തികലും
അത്താണികളാണ്.വിശ്വാസത്തിന്റെ അത്താണികൾ.

ചിലർക്ക് മദ്യവും മദ്യ ശാലകളും അത്താണികളാവുന്നു.

നേരം പോക്കാനില്ലാത്തവർക്ക് സിനിമകൾ അത്താണികൾ.

മക്കൾ അകലെയാകുമ്പോൾ, ഫ്ലാറ്റിൽ തനിച്ചിരിക്കുന്ന വയസ്സായ
അച്ഛനമ്മമാരുടെ അത്താണി എന്നത് വല്ലപ്പോഴും കിട്ടുന്നൊരു
ഫോൺ കോൾ മാത്രമാവാം...

എഴുത്തുകാർക്ക് അക്ഷരങ്ങളും ചിന്തകളും അത്താണികൾ.

യാത്രകൾ, കവിതകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ, ഇന്റർനെറ്റ്‌,
സോഷ്യൽ മാധ്യമങ്ങൾ...

അങ്ങനെയങ്ങനെ എത്രയെത്ര അത്താണികൾ...

നമുക്ക് ജീവിതത്തിൽ അത്താണികളായി നിൽക്കുന്നവരെ
നാം ആദ്യം തിരിച്ചറിഞ്ഞേക്കില്ല.ഒരുപക്ഷേ അവരുടെ
വിയോഗത്തിന് ശേഷം അല്ലെങ്കിൽ അസാന്നിധ്യത്തിൽ
ആവും ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്;
അവർ നമ്മുടെ അത്താണികൾ ആയിരുന്നു എന്ന്.




നമുക്കെത്ര അത്താണികൾ എളുപ്പം കണ്ടെത്താനാവും,
ലിസ്റ്റ് നിരത്തി വയ്ക്കാം.
പക്ഷേ നമ്മൾ ആർക്കൊക്കെ അത്താണികൾ ആവുന്നു എന്ന്
ചിന്തിച്ചിട്ടുണ്ടോ? അവിടെയും ഒരു ലിസ്റ്റ് ഉണ്ടാക്കാനായാൽ
നമ്മുടെയൊക്കെ ജീവിതത്തിന് ഒരു മൂല്യമുണ്ട്.

മറക്കാതിരിക്കാം; ഇന്നലെകളിൽ നമുക്ക് അത്താണികളായി
നിന്നവരെ.
ആവാൻ ശ്രമിക്കാം; സ്വ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്
അത്താണികളാവാൻ.

തുടക്കത്തിൽ പറഞ്ഞ പോലുള്ള ശിൽപങ്ങൾ
മനസ്സിലുണ്ടാവട്ടെ, മറ്റുള്ളവരുടെ മനസ്സിലും;
അവയ്ക്ക് നിങ്ങളുടെ ഛായയും ആയിരിക്കട്ടെ.

[വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കാൻ
എനിക്കുള്ളോരു അത്താണിയാണ്, ഈ ബ്ലോഗ്‌.]
:)

January 24, 2012

ചമയം




എറണാകുളത്തെ തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിനു പോയപ്പോഴാണ് 
ആദ്യമായി കഥകളി പൂര്‍ണ്ണമായി കാണാനിടയായത്. അന്ന് കഥകളി
സംഘത്തോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവിടാനായത്
ജീവിതത്തിലെ തന്നെ അപൂര്‍വ്വ നിമിഷങ്ങളായി കരുതുന്നു;
കാരണം കഥകളിയുടെ മുന്നൊരുക്കങ്ങളില്‍ ഓരോ വേഷക്കാരനും അര്‍പ്പിക്കുന്ന 
ആത്മ സമര്‍പ്പണവും ക്ഷമയും അന്നെന്നെ വിസ്മയിപ്പിച്ചു!
കേളി കൊട്ടിന്റെ മാസ്മര പ്രപഞ്ചത്തില്‍,തിരിയിട്ടു കത്തിച്ചുവച്ച കളി വിളക്കിന് മുന്‍പില്‍,
കഥകളി പദങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തെക്കാളുംഎന്നെ ആകര്‍ഷിച്ചത്
വേഷക്കാരന്റെ ചമയമാണ്. അതെ, ഇത്രയേറെ ചമയ പ്രധാനമായ 
മറ്റൊരു കലാരൂപം ഇല്ലെന്നു തോന്നുന്നു. 


അരങ്ങിലെ കളി തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പേ തുടങ്ങുന്നു വേഷക്കാരന്റെ ചമയം. 
(കഥകളി അവതരിപ്പിക്കുന്ന കലാകാരനെയാണ് "വേഷക്കാരന്‍" എന്ന് പറയുന്നത്.)
കെട്ടിയാടുന്ന വേഷത്തിന്റെ സ്വഭാവമനുസരിച്ച് ചമയവും വിഭിന്നമാണ്.
പുരുഷ വേഷമായാലും സ്ത്രീ വേഷമായാലും ഏകദേശം നാല് മണിക്കൂറെടുക്കും ചമയത്തിന്.
അരങ്ങിലെ കഥാപാത്രമാകുന്ന ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പ്രത്യേകം
ചമയ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ചമയത്തിലെ പൂര്‍ണ്ണത തന്നെയാണ്
വേഷക്കാരന് അതിമാനുഷിക പരിവേഷം നേടിക്കൊടുക്കുന്നതും.

തൃപ്പൂണിത്തുറയിലെ കഥകളിയരങ്ങിലെ അനുഗ്രഹീതരായ കലാകാരന്മാരാണ് 
കഥകളി ചമയ രീതികളെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നത്.



മൂന്നു ഘട്ടമായിട്ടാണ് ചമയം തീര്‍ക്കുന്നത്; "തേപ്പ്", "ചുട്ടി", "ഉടുത്തുകെട്ട്".
വേഷക്കാരന്റെ മുഖത്ത്‌ അടിസ്ഥാനപരമായി ചെയ്യുന്ന ചമയമാണ് തേപ്പ്. 
വേഷമണിയുന്ന കലാകാരന്‍ തന്നെയാണ് തേപ്പ് സാധാരണയായി ചെയ്യാറുള്ളത്.
തേപ്പിനു ശേഷം ചുട്ടിക്കാരന്‍(യഥാര്‍ത്ഥ ചമയക്കാരന്‍) വേഷക്കാരന്റെ മുഖത്ത് 
"ചുട്ടി" കുത്തുന്നു. ചമയത്തിന്റെ രണ്ടാം ഘട്ടമായ ചുട്ടി കുത്തല്‍ ഏറെ ശ്രമകരമാണ്,
കാരണം കഥാപാത്രത്തിനു രൂപവും ഭാവവും നല്‍കുന്ന ചമയം ഇതാണ്. 
പച്ച, കത്തി , താടി, കരി എന്നിങ്ങനെ വിവിധ വേഷങ്ങള്‍ക്കനുസൃതമായി പ്രത്യേകം 
ചുട്ടി സമ്പ്രദായങ്ങള്‍ ഉണ്ട്.

 

  

 

 ചമയത്തിന്റെ നിറങ്ങള്‍ ഉണ്ടാകുന്നതും വളരെ കൌതുകകരമായ അറിവുകളാണ്,
തികച്ചും പ്രകൃതിദത്തം. ചുവപ്പ് നിറവും മഞ്ഞ നിറവും യഥാക്രമം "ചായില്ല്യം", "മനയോല'
എന്നീ കല്ലുകള്‍ പൊടിച്ച് ഉണ്ടാക്കുന്നു. അരി പ്പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് 
വെള്ള നിറത്തിനായി ഉപയോഗിക്കുന്നു. പച്ച നിറം കിട്ടുന്നതിനായി മനയോലയും 
നീലവും സമാസമം ചേര്‍ക്കുന്നു. കുങ്കുമവും ചമയത്തിനായി ഉപയോഗിക്കാറുണ്ട്. 
മേല്‍പ്പറഞ്ഞ പോടികളെല്ലാം അലിയിച്ചു ചേര്‍ത്ത് വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നതിനായി 
ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. 


"ചെഞ്ചില്ല്യം" എന്നൊരു കല്‍പ്പൊടി മുഖത്ത് അരച്ച് തേക്കുന്നത് പൊള്ളല്‍ 
ഒഴിവാക്കാന്‍ സഹായിക്കുമത്രേ ! കണ്ണിനെ ചുവപ്പണിയിക്കാന്‍ ചുണ്ടപ്പൂവിന്റെ വിത്ത് 
വേണം. പരമ്പരാഗത ചമയരീതികള്‍ ഇതൊക്കെയാണെങ്കിലും, മേല്‍പ്പറഞ്ഞ സാമഗ്രികള്‍ 
സുലഭമല്ലാത്തത്കൊണ്ട്  പുതിയ ചമയക്കൂട്ടുകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. 

ഇനി ചമയത്തിന്റെ മൂന്നാം ഘട്ടം; ഉടുത്തുകെട്ട്.

 കട്ടിയേറിയ കഞ്ഞിപ്പശയില്‍ ഉണക്കിയ ചേലയുടെ നീളമേറിയ കഷണങ്ങള്‍, 
അരയ്ക്കു ചുറ്റും കെട്ടിവച്ച ശേഷം അതിനും മുകളിലായി "കച്ച" മുറുക്കി കെട്ടുന്നു.
ഒന്നിലധികം ആളുകളുടെ സഹായത്താല്‍ ചെയ്യുന്ന ഈ ഉടുത്തുകേട്ടാണ് 
കഥകളി വേഷത്തിനു കൊട്ടപോലെ വിരിവുള്ള രൂപം കൊടുക്കുന്നത്.


 
കച്ച കെട്ടിയ ശേഷം ഉടുത്തുകെട്ടിന് മാറ്റ് കൂട്ടുന്ന 
"ഉള്ളുവാല്‍", "പെരുംവാല്‍", "പട്ടുവാല്‍" എന്നിവ ചമച്ചുകെട്ടുന്നു. 


കൂടാതെ മേയ്യാഭരണങ്ങളും ആടയാഭരണങ്ങളും അണിയും. 
കൈ വിരലിലെ കനക മുദ്രകള്‍ക്ക് കൃത്യത നല്‍കാനായി നഖങ്ങളും 
വച്ച് പിടിപ്പിക്കുന്നതോടെ ചമയം അവസാന ഘട്ടത്തിലാവുകയായി. 
ഏറ്റവും ഒടുവിലായി, വേഷത്തിനു ചേരുന്നൊരു കിരീടം കൂടി വയ്ക്കുന്നതോടെ 
ചമയം തീരുകയായി...



സ്ത്രീ വേഷത്തിന്റെ ചമയം കണ്ടുനില്‍ക്കുന്നത് തന്നെ ഒരല്‍ഭുതമാണ് .
നമുക്കരികില്‍ നിന്നിരുന്ന പുരുഷകേസരി ഞൊടിയിടയില്‍ ചമയത്തിലൂടെ 
സ്ത്രീ വേഷമാകുന്നത് ഒരു വിസ്മയക്കാഴ്ച തന്നെ !

 

 

  

  

  
 

 


വേഷമേതായാലും, ചമയം പൂര്‍ത്തിയായാല്‍ പിന്നെ നമ്മള്‍ ആ 
കലാകാരനെ കാണുകയില്ല, മറിച്ച് യഥാര്‍ത്ഥ കഥാപാത്രമായേ കാണൂ. 
കഥകളിലും പുരാണങ്ങളിലും മാത്രം വായിച്ചറിഞ്ഞ വീരന്മാരെ നേരിട്ട് കാണുന്ന 
കൌതുകം പറഞ്ഞറിയിക്കാന്‍ വയ്യ. അര്‍ജുനനും കീചകനും ശ്രീകൃഷ്ണനും 
ഉത്തരയും എല്ലാം, ചമയശേഷം അരങ്ങിനു പിന്നില്‍ കുശലം പറഞ്ഞിരിക്കുന്നതും 
കാണുക ബഹുരസം തന്നെ.

ഇനി അരങ്ങിലെ അവസരത്തിനുള്ള കാത്തിരിപ്പാണ്, ചമയത്തിന്റെ പൂര്‍ണ്ണത 
അഭിനയ മികവിലൂടെ ദൃശ്യ വിരുന്നൊരുക്കുന്നത് നമുക്കവിടെ കാണാം...

 

November 23, 2011

കടവല്ലൂര്‍ അന്യോന്യം

 വേദങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും പുകള്‍കൊണ്ട നമ്മുടെ ഭാരതത്തില്‍
ഈ അമൂല്യമായ അറിവിനെ കാത്തു രക്ഷിക്കാനും വരും തലമുറയ്ക്ക്
പകര്‍ന്നു നല്‍കാനും ഉള്ള ശ്രമങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍
നമ്മുടെ ഈ കേരളത്തില്‍ എന്റെ സ്വന്തം നാടായ തൃശ്ശൂരില്‍ "കടവല്ലൂര്‍ അന്യോന്യം"
എന്നൊരു സമ്പ്രദായം വര്‍ഷം തോറും നടത്തി വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
"അന്യോന്യം" എന്ന സംഭവത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചെങ്കിലും
ആര്‍ക്കും തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഒടുവില്‍ അന്വേഷണം
ചെന്നെത്തിയത് സാക്ഷാല്‍ "കടവല്ലൂര്‍ അന്യോന്യം" വേദിയിലാണ്.



ഈയിടെ യാദൃശ്ചികമായി കിട്ടിയ അവസരത്തില്‍ കുറച്ചു സമയം
അന്യോന്യ വേദിയില്‍ പ്രേക്ഷകനാവാനുള്ള ഭാഗ്യമുണ്ടായി;
അതെ, ഋഗ്വേദം, ഉപനിഷദ്, തര്‍ക്കം, വ്യാകരണം, പദവിഭജനം,
പ്രയോഗം എന്നിവയുടെ സംഗമവേദി...


 തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നും കോഴിക്കോട് റൂട്ടില്‍ 10 കിലോമീറ്റര്‍
അകലെയാണ് കടവല്ലൂര്‍ എന്ന ഗ്രാമം. ഇവിടുത്തെ ശ്രീരാമസ്വാമി ക്ഷേത്ര
അങ്കണത്തിലാണ്‌ വര്‍ഷം തോറും, വൃശ്ചിക മാസത്തിലെ ആദ്യത്തെ രണ്ട്
ആഴ്ചകളിലായി "കടവല്ലൂര്‍ അന്യോന്യം" നടത്തി വരുന്നത്. മലയാളത്തിന്റെ
പ്രിയപ്പെട്ട കവി ശ്രീ അക്കിത്തം ആണ് കടവല്ലൂര്‍ അന്യോന്യ പരിഷത്തിന്റെ സാരഥി.


വേദം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും അളക്കുന്ന അവസാനത്തെ
പരീക്ഷണ ഘട്ടമായി കടവല്ലൂര്‍ അന്യോന്യത്തെ കണക്കാക്കാം. ഉപനയനത്തിനു ശേഷം
ഋഗ്വേദം പഠിക്കാന്‍ തുടങ്ങുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ് അന്യോന്യത്തിലെ
"വലിയ കടന്നിരിക്കല്‍' എന്ന പദവി സ്വന്തമാക്കുക എന്നത്.

എന്താണ് അന്യോന്യം? എന്തിന്?

പുരാതന കാലം മുതലേ കേരളത്തില്‍ ഋഗ്വേദം പഠിപ്പിച്ചിരുന്ന രണ്ട് പാഠശാലകളാണ്
തിരുന്നാവായ ബ്രഹ്മസ്വം മഠവും തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠവും. തിരുന്നാവായക്കാരെ
കോഴിക്കോട്ടെ സാമൂതിരി രാജാവും തൃശ്ശിവപെരൂര്‍കാരെ കൊച്ചി രാജാവും പിന്തുണച്ചു പോന്നു.
ഈ പാഠശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളാണ്   കടവല്ലൂര്‍ അന്യോന്യത്തില്‍ വേദമെന്ന
അറിവിന്റെ മാറ്റ് നോക്കുന്നത്.

"അന്യോന്യം" എന്ന വാക്കിനര്‍ത്ഥം "പരസ്പരം"; അതെ വേദത്തിന്റെ പ്രയോഗവും തര്‍ക്കവും
എല്ലാം ഇരു വിഭാഗവും പരസ്പരം ഉരുവിട്ട് മാറ്റുരക്കുകയാണിവിടെ. ഒരു പാഠശാലയെ
പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥി എതിര്‍ സ്ഥാനക്കാര്‍ പറയുന്ന വേദ സംഹിതകള്‍
തെല്ലും തെറ്റാതെ ക്രമമായി ഈണത്തില്‍ ഉരുവിടണം. ഇതില്‍ എന്തെങ്കിലും തെറ്റുകള്‍
വരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഒരുക്കൂട്ടം വിദ്വാന്‍മാരുടെ സദസ്സും കൂടെയുണ്ടാവും.
വിജയികള്‍ക്ക് പ്രത്യേകം പദവികള്‍ കൊടുക്കുന്നുണ്ട് അന്യോന്യ സദസ്സ്.
"കടന്നിരിക്കല്‍", "വലിയ കടന്നിരിക്കല്‍" തുടങ്ങിയവയാണ് ഇത്.


വേദങ്ങളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമല്ല അന്യോന്യം നടത്തുനത്. അവയുടെ പ്രയോഗത്തിലും
ഉച്ചാരണത്തിലും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്ന ഘടകങ്ങള്‍ ഒട്ടുംതന്നെ
നശിച്ചുപോകാതെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള, പൂര്‍വികരുടെ ശ്രമമാണ്
ഇന്നും നടന്നു പോരുന്ന കടവല്ലൂര്‍ അന്യോനം.

തയ്യാറെടുപ്പ്.

നീണ്ട ആറു വര്‍ഷത്തെ ഋഗ്വേദ പഠനത്തിനൊടുവില്‍  "വാരമിരിക്കല്‍" കഴിഞ്ഞ്  തിരഞ്ഞെടുക്കപ്പെട്ട
മിടുക്കര്‍ മാത്രമാണ് കടവല്ലൂര്‍ അന്യോന്യത്തില്‍, ക്രിയാത്മകമായൊരു മത്സരബുദ്ധിയോടെ
പങ്കെടുക്കാന്‍ ഇവിടെയെത്തുന്നത്. പഠനകാലത്തിന്റെ ആദ്യ പാദത്തില്‍ "ഋഗ്വേദ സംഹിത"
മുഴുവനായും മനപാഠമാക്കുന്ന ഇവര്‍ രണ്ടാം പാദത്തില്‍ "പദവിഭജനം" പരിശീലിച്ച ശേഷമാണ്
"പ്രയോഗം" എന്ന സ്ഥിതി വിശേഷത്തിലേക്ക് കടക്കുന്നത്‌. "വാരം" , "ജത" , "രത" എന്നീ
മൂന്ന് പ്രയോഗ രീതികളാണ് കേരളത്തില്‍ ഉള്ളത്. പ്രയോഗത്തിന്റെ അടിസ്ഥാനം എന്നത്;
നിശ്ചിത ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ, ശാസ്ത്രീയമായി അനുവദിക്കുന്ന വ്യതിയാനങ്ങളില്‍
വേദത്തിലെ വാക്കുകളും വാക്യങ്ങളും മനോധര്‍മ്മത്തിനു അനുരൂപമായി ഉരുവിടുക എന്നതാണ്.
ഉരുവിടലിനോടൊപ്പം തന്നെ ചൊല്ലുന്ന വാക്കുകളുടെ കൃത്യതയും വ്യക്തതയും ഈണവും
എന്നുവേണ്ട, കൈ വിരലിന്റെയും ശിരസ്സിന്റെയും ചലനങ്ങള്‍ വരെ സൂക്ഷ്മമായി
നിരീക്ഷിച്ച ശേഷമാണ് അന്യോന്യത്തിലെ വിജയികളെ നിര്‍ണ്ണയിക്കുന്നത്.


ഈ അന്യോന്യത്തില്‍ വരുമ്പോള്‍, മത്സരബുദ്ധിയുടെ തീവ്രത പോകാതിരിക്കാന്‍
ഇരു വിഭാഗക്കാര്‍ തമ്മില്‍, അന്യോന്യം തീരും വരെ ഒരു തരത്തിലുള്ള ലോഹ്യവും
വേദിക്ക് പുറത്തും ഉണ്ടാക്കാറില്ല എന്നത് കൌതുകകരമാണ്. 
"വാരമിരിക്കല്‍" പൂര്‍ത്തിയാക്കിയ ശേഷം "ജതയും രതയും" തനിയെ ഉരുവിട്ട് കഴിയുന്നവര്‍ക്ക്
"കടന്നിരിക്കല്‍' എന്ന പദവി നല്‍കുന്നു. തുടര്‍ന്നുള്ള കടമ്പയും വിജയകരമായി
പൂര്‍ത്തിയാക്കുമ്പോള്‍ "വലിയ കടന്നിരിക്കല്‍" എന്ന ബഹുമതിയും ലഭിക്കും. ഏറെ
പ്രയാസമാണത്രെ ഈ അവസാന കടമ്പ.

സത്യത്തില്‍ ഈ മത്സരങ്ങളാണ് അന്യോന്യത്തില്‍ പ്രസക്തങ്ങള്‍ എങ്കിലും,
വേദങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളും പ്രബന്ധങ്ങളും വാക്യാര്‍ത്ഥ സദസ്സുകളും
എല്ലാം ഈ ദിവസങ്ങളില്‍ അന്യോന്യ വേദിയില്‍ അരങ്ങേറും.
കൂടാതെ കലാപരിപാടികളും കാണാം. 

 

ഇപ്പോള്‍ വൃശ്ചികമാസം തുടങ്ങിയതെ ഉള്ളൂ , മേല്പറഞ്ഞ കാര്യങ്ങള്‍ നേരിട്ടറിയാനും
കാണാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട് ഈ വര്‍ഷത്തെ
കടവല്ലൂര്‍ അന്യോന്യം തീരുവാന്‍( 2011 നവംബര്‍ 12  മുതല്‍ 26 വരെ )

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

എറണാകുളത്ത് നിന്നും വരുന്നവര്‍ NH-47 വഴി തൃശൂരില്‍ വന്ന് അവിടെ നിന്നും
കുന്ദംകുളത്ത് എത്തുക. കുന്ദംകുളം -കോഴിക്കോട് റൂട്ടിലേക്ക് തിരിഞ്ഞു 10 കിലോമീറ്റര്‍
യാത്ര ചെയ്‌താല്‍ കടവല്ലൂരില്‍ എത്താം. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാല്‍
അന്യോന്യം നടക്കുന്നിടത്ത് എത്തിച്ചേരാം.

ഭാരതത്തിന്റെ സംസ്കൃതിയെ വിളിച്ചോതുന്ന ഇത്തരം യത്നങ്ങളെ പറ്റി നാം അറിഞ്ഞിരിക്കണം.
നമ്മുടെ സംസ്കാരത്തിന്റെ ഒരു വലിയ ശേഷിപ്പ് നഷ്ട്ടപ്പെടാതിരിക്കാനും, വേദപ്പൊരുളിന്റെ
അര്‍ത്ഥ വ്യാപ്തിയും സൗന്ദര്യവും ഞാനടങ്ങുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും
ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അതിരാത്രവും തന്ത്ര വിദ്യകളും യാഗങ്ങളും എല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്.
ഈ ബ്ലോഗില്‍ തന്നെ, പണ്ട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ എഴുതിട്ടുണ്ട്.