August 09, 2017

നാല്പതുകളിലെ പരുന്ത്

വളരെക്കാലമായി ബ്ലോഗാൻ വേണ്ടി മനസ്സിൽ
കൊണ്ട് നടന്നിരുന്ന ഒരു വിഷയം അവതരിപ്പിക്കാൻ
ശ്രമിക്കുകയാണിവിടെ.
എപ്പോഴോ ഒരിക്കൽ പരുന്തിനെക്കുറിച്ചു രസകരമായൊരു
കാര്യം വായിക്കാനിടയായിട്ടുണ്ട്, അക്കാര്യത്തിനെ എന്റെ
അവതരണ വിഷയവുമായി കൂട്ടി വായിച്ചപ്പോൾ അത്
ഇവിടെ ഷെയറണമെന്നു തോന്നി.

പരുന്തിനെപ്പറ്റിയറിഞ്ഞത് സത്യമോ മിഥ്യയോ എന്നറിയില്ല.
ഒരു മിത്തുപോലെ ഇതിനെ കരുതിയാലും മതി.



കാര്യമിതാണ് ;
പരുന്തുകൾക്ക് എഴുപതു വയസ്സുവരെയൊക്കെ ആയുസ്സുണ്ടത്രേ !
പക്ഷേ ഏകദേശം മാല്പതു വയസ്സാകുമ്പോഴേക്കും അവയുടെ
നീളമേറിയ നഖങ്ങൾ ഇരതേടാൻ വഴങ്ങാതെയാകും.
ചുണ്ടുകൾക്ക് ബലക്ഷയം വന്ന് താഴേക്ക്‌ വളയും.
തൂവലുകൾക്കു ഭാരമേറി ശരീരത്തിലേക്ക് ഒട്ടി
പറക്കാൻ കഴിയാതെയാകും.
ഇരതേടാനാകാതെ അങ്ങനെ ആസന്നമായ മരണത്തിൽ നിന്നും
രക്ഷ നേടാൻ പരുന്ത് ഒരു വിദ്യ കാണിക്കാറുണ്ട്.

അതിവേദനാജനകമായ ഒരു പരിവർത്തനം !!
അതിനുവേണ്ടി പരുന്ത് പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക്‌
പറന്നെത്തും. പാറയിൽ തട്ടിയുരച്ചു ചുണ്ടുകൾ ഇളക്കിമാറ്റും.
പിന്നെ പുതിയ ചുണ്ട് വളർന്നു വരുന്നതുവരെയുള്ള കാത്തിരിപ്പാണ്.
പുതിയ ബലമേറിയ ചുണ്ടുകൾ വീണ്ടെടുത്താൽ പിന്നെ
അടുത്ത ഘട്ടം, ചുണ്ടുകൾ കൊണ്ട് നഖങ്ങൾ പിഴുതു
മാറ്റുക എന്നതാണ്.
പുതിയ നഖങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പഴയ തൂവലുകൾ
പറിച്ചു മാറ്റും.
അങ്ങനെ വേദനാ ജനകമായ പരിവർത്തനത്തിലൂടെ
ഒരു പുനർ ജന്മത്തിലേക്കു കടക്കുകയാണ് പരുന്തുകൾ
ചെയ്യുന്നത്. ഇനിയൊരു മുപ്പതു വർഷം കൂടി കരുത്തോടെ
ജീവിക്കുവാനുള്ള ഉയിർത്തെഴുന്നേൽപ്പ്.

ഈ മിത്ത് നമ്മെ പഠിപ്പിക്കുന്നതൊരു പാഠമാണ്.
മനുഷ്യ ജീവിതത്തിലും ഇതനുവർത്തിച്ചാൽ പുനർജനി
ആയേക്കാവുന്നൊരു പാഠം.
ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ
നമുക്കും വേണ്ടി വന്നേക്കാം ഒരു പരിവർത്തനം,
അതിജീവനത്തിനു വേണ്ടി...

എന്നെപ്പോലെ, ചില തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്കും
ഇതുപോലൊരു സമയം വന്നേക്കാം, ഏകദേശം നാല്പതുകളിൽ.
ഏറെ നാൾ ഒരുപോലെയുള്ള ജോലികൾ മാത്രം ചെയ്തു
പുതിയ എന്തിനെയൊക്കെയോ വേണ്ടി മനസ്സാഗ്രഹിക്കുന്നൊരു
കാലം. അല്ലെങ്കിൽ ചെയ്യുന്ന ജോലി പെട്ടെന്ന് ഇല്ലാതെയായാൽ.
ഇനിയുമീ ജോലി ചെയ്യാൻ മടുപ്പായി വന്നാൽ ???
കാലമിതുവരെ ചോരയും നീരും ഊണും ഉറക്കവും
കളഞ്ഞു ആർക്കോ വേണ്ടി പണിയെടുത്ത്
ഒടുവിൽ തളർന്നു പോകുമ്പോൾ,
നാമൊരു ദുർബലമായ ഉണങ്ങി വീഴാറായ മരച്ചില്ലയിൽ
അൽപനേരം ഇരിക്കേണ്ടി വന്നാൽ നമുക്ക് നേരെ ഉയരുന്ന
ഒരുപാട് ചോദ്യങ്ങളുണ്ട്.
വേറെ ജോലി കിട്ടുമോ?
പിന്നെ?... ഒരുപാട് ബാങ്ക് ബാലൻസുണ്ടോ ??
ഇനിയെന്താണ് ചെയ്യാൻ പോകുന്നത്???
....
.....
പെട്ടെന്ന് ഉത്തരങ്ങൾ കിട്ടാത്തൊരീ ചോദ്യങ്ങൾക്കു മുൻപിൽ,
ഉണങ്ങി വീഴാറായ ചില്ലയിൽ
നാല്പതുകളിലെ പരുന്തിനെപ്പോലെ നാമിരിക്കുമ്പോൾ;
വേണ്ടത് ആത്മവിശ്വാസവും പ്രയത്നവുമാണ്.
അതിനുള്ള മാർഗ്ഗം പരുന്ത് നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട്.
നഖങ്ങൾക്കും തൂവലുകൾക്കും പകരമായി പിഴുതെറിയേണ്ടത്
മുൻ വിധികളും ഭയാശങ്കകളുമാണെന്ന് മാത്രം.



ഉണങ്ങിയ ചില്ല അടർന്നു വീണാലും,
പറന്നുയരുവാനുള്ള കരുത്തുള്ള ചിറകുകൾ
എനിക്കുണ്ടെന്ന ആത്മവിശ്വാസം നമ്മളിൽ എത്ര പേർക്കുണ്ട്?
ഞാനെന്നോടു തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണിതെല്ലാം.

നമുക്കഭയം തരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ,
പ്രസ്ഥാനങ്ങൾ,കൂട്ടുകാർ, സമൂഹം...
മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ
ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ്
നമ്മളൊക്കെ ജീവിക്കുന്നത്.
ചെയ്യുന്ന ജോലി നഷ്ടപ്പെട്ടാൽ,പരീക്ഷകളിൽ തോറ്റാൽ,
ജീവിത പങ്കാളി ഉപേക്ഷിച്ചാൽ, സ്നേഹമുള്ളവർ
തള്ളിപ്പറഞ്ഞാൽ, രോഗം വന്നാൽ...
നാമൊക്കെ എന്തു ചെയ്യും ?

നാല്പതുകളിലെ പരുന്തിനെ നമുക്ക് കൂടെ കൂട്ടാം.
ഇരിക്കുന്ന ചില്ലയുടെ ബലത്തേക്കാൾ അധികം നമ്മുടെ
ചിറകുകളിൽ വിശ്വാസമർപ്പിക്കാം.
ഇന്നലെകൾ നമുക്ക് സമ്മാനിച്ച അപ്രിയമായ
ഓർമ്മകളെ ഇളക്കി മാറ്റി,
നമ്മെ പിന്നോട്ടു വലിക്കുന്ന,
ഉയർന്നു പറക്കാൻ തടസ്സം നിൽക്കുന്ന
മുൻധാരണകളെ പറിച്ചു കളയാം.
ഒരു പരുന്തിനെപ്പോലെ നമുക്കും
പുതുസ്വപ്നങ്ങളുടെ ആകാശങ്ങളിൽ പറന്നുയരാം...
വിജയത്തിന്റെ ഗിരി ശൃംഗങ്ങളെക്കാൾ
സന്തോഷത്തിന്റെ മേഘങ്ങൾ വിഹരിക്കുന്ന ആകാശം
നമ്മളെ കാത്തിരിക്കട്ടെ...