June 25, 2014

ചിന്ത @ 150


കഴിഞ്ഞ നാലഞ്ചു വർഷമായി എഴുതിക്കൊണ്ടിരിക്കുന്ന
ചിന്ത എന്ന ഈ ബ്ലോഗ്‌ 150 ന്റെ നിറവിൽ എത്താനൊരുങ്ങുന്ന 
വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.

കഴിഞ്ഞ നാൾ വഴികളിൽ ഞാനിവിടെ പോസ്റ്റിയ
149 ചിന്തകൾക്കും, യാത്രകളിലെ കാഴ്ചകൾക്കും,
ക്ലിക്കിയ ചിത്രങ്ങൾക്കും നിങ്ങൾ നല്കിയ
പ്രോത്സാഹനത്തിനും കമന്റുകൾക്കും നന്ദിയുണ്ട്.

അടുത്ത പോസ്റ്റ്‌ നൂറ്റി അൻപതാമത്തെ (150) ചിന്തയാണ്.
അത് നിങ്ങളിലേക്ക് പകരുവാനുള്ള ശ്രമത്തിലാണിപ്പോൾ,
കാത്തിരിക്കുമല്ലോ?
അതോടു കൂടി ഈ ബ്ലോഗെഴുത്ത് ഇവിടെ
അവസാനിപ്പിച്ചാലോ എന്നൊരു ചിന്തയും മനസ്സിലുണ്ട്...

ഈ ബ്ലോഗ്‌ സമർപ്പിക്കുന്നു;
യാത്രയിലെ വഴികാട്ടികൾക്ക്,
സുഹൃത്തുക്കൾക്ക്,
ക്ലിക്കാൻ വെളിച്ചം നൽകിയ പ്രകൃതിക്ക്,
എന്റെ അച്ഛനും അമ്മയ്ക്കും,
പിന്നെ എന്റെ കുഞ്ഞൂനും കുഞ്ഞിക്കും...

June 18, 2014

ഇടം

നാം തേടുന്നതൊരിടം
സന്തോഷത്തിന്റെ ഇടം
സമാധാനത്തിന്റെ ഇടം
ഭദ്രതയുടെ ഇടം...


അങ്ങനെ ഓരോ മനുഷ്യനും അനുദിനം അനുനിമിഷം
അവരാഗ്രഹിക്കുന്ന ഒരിടം തേടിയാണ് കടന്നു പോകുന്നത്
എന്ന് തോന്നുന്നു.

രാവിലെ മുതൽ തുടങ്ങുകയായി ഇടം തേടിയുള്ള
നമ്മുടെ യാത്ര. സഞ്ചരിക്കുമ്പോൾ ഇരിക്കാൻ ഒരിടം
ആഗ്രഹിക്കാത്തവർ ആരാണുള്ളത്? വാഹനത്തിലെ
ജനാലക്കരികിലെ  ഇരിപ്പിടത്തിലെ ഇടമായാൽ
കൂടുതൽ സന്തോഷമായി. ജോലി സ്ഥലത്തെത്തിയാൽ
ആദ്യം കണ്ണോടിച്ചെന്ന് നിൽക്കുന്നത് നമ്മുടെതായ
ഒരിടത്താണ്.

നിത്യേനയുള്ള ഈയിടങ്ങൾ കഴിഞ്ഞാൽ പിന്നെ
നാം തേടുന്നിടങ്ങൾ ഏതൊക്കെയാണ്?
സമൂഹത്തിൽ ജീവിക്കുവാൻ അഭിമാനർഹമായൊരിടം.
പ്രവർത്തിക്കാനൊരിടം; ചിന്തിക്കാനൊരിടം;
ചിരിക്കാൻ, കരയാൻ, സ്നേഹിക്കാൻ ഒക്കെ ഒരിടം...

വികാര വിചാരങ്ങളെക്കുറിച്ചുള്ള ഇടങ്ങളെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു വ്യക്തമായ
ചിത്രം കിട്ടുന്നില്ല. കാരണം ജീവിതയാത്രയിൽ നമ്മൾ
'ആഗ്രഹിക്കുന്ന ഒരിടം' കണ്ടെത്തുവാനാണ്
പ്രയത്നിക്കുന്നത്‌. ഈയൊരു ചിന്താ സരണി
അറിഞ്ഞോ അറിയാതെയോ സദാ
നമ്മോടൊപ്പമുണ്ട്. ഇടം തേടിയലയുന്ന ചിന്ത
വ്യക്തിപരമായി, സാന്ദർഭികമായി
മാറിക്കൊണ്ടിരിക്കും.

ഒരാൾക്ക്‌ വേണ്ടത് നല്ല സുഹൃത്തുക്കളുടെ ഇടയിൽ ഒരിടം...
പ്രണയിക്കുന്നവന് പ്രണയിനിയുടെ മനസ്സിലൊരിടം...
കുഞ്ഞിനു വേണ്ടത് അമ്മയുടെ മടിത്തട്ടിലൊരിടം...
അച്ഛനും അമ്മയ്ക്കും വാർദ്ധക്യത്തിൽ സ്നേഹത്തിന്റെ ഒരിടം...
എഴുത്തുകാർക്ക് അക്ഷരങ്ങൾ കുറിക്കാനൊരിടം,
എഴുതിയത് പ്രസിദ്ധീകരിക്കാനൊരിടം,
അത് വായിക്കുന്നവരുടെ മനസ്സിലൊരിടം...
രാഷ്ട്രീയക്കാർക്ക് എങ്ങനെയെങ്കിലും ജനമനസ്സുകളിൽ ഒരിടം...
സേവകർക്ക് സേവനത്തിനൊരിടം...
ഫോട്ടോഗ്രാഫർക്കു ക്ലിക്കാനൊരിടം...
ബ്ലോഗർമാർക്ക് പോസ്റ്റാനൊരിടം...
അങ്ങനെയങ്ങനെ എത്രയോ ഇടങ്ങൾ...

ഇടങ്ങൾ തേടിയലയുന്ന യാത്രയുടെ അന്ത്യത്തിൽ
നാം ചെന്നെത്തുന്നത് മണ്ണിലെ ഒരിടത്തിൽ...

June 17, 2014

പെരും പൂ

ഇതൊരു പൂ ബ്ലോഗ്‌ ആണ്.
പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ്
എന്നീ പേരുകളിൽ അറിയപ്പെടുന്നൊരു കുഞ്ഞു വലിയ
പൂവ്.





 






എനിക്കേറെ ഇഷ്ട്ടമുള്ള ഈ നാടൻ പൂവ്
വേലിപ്പടർപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ധാരാളം
കാണാം. പക്ഷേ എന്റെ വീട്ടിലോ പരിസരത്തോ
ഈ സുന്ദരിപ്പൂവിനെ ഒരിക്കലും കണ്ടിട്ടില്ല.
അക്കാരണത്താൽ, ഒരിക്കൽ രാവിലെയുള്ള
നടത്തത്തിനിടയിൽ വഴിയോരത്ത് ഈ പൂവിന്റെ
ചെടി കിട്ടിയപ്പോൾ വീട്ടു മുറ്റത്ത്‌ കൊണ്ട് വന്നു നട്ടു.

നാലഞ്ചു മാസം കഴിഞ്ഞിട്ടും ഇത് പൂവിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ  മഴത്തുള്ളികൾ
വന്നുണർത്തിയപ്പോൾ പൂവിന്റെ ലാഞ്ചന
കൂമ്പുകളിൽ വിടർന്നു.
കാത്തിരുന്നു പൂവിട്ട് വിടർന്ന ഈ
പെരുംപൂവിന്റെ കാഴ്ചകൾ ഇവിടെ പോസ്റ്റുന്നു.