August 25, 2011

തൃക്കാക്കരയപ്പന്‍
ഓണം ആഘോഷങ്ങളുടെ ഭാഗമായി നാമെല്ലാവരും വീടുകളില്‍ തൃക്കാക്കരയപ്പനെ 
ഒരുക്കി വയ്ക്കാറില്ലേ? മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും 
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി 
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍ 
എന്ന് വിളിക്കുന്നതും. തൃക്കാക്കരയപ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് "തൃക്കാക്കര" 
എന്ന ഗ്രാമം വരെ ഒന്ന് പോയ്‌ വരാം.

 എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നും
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ.

ഓണത്തിന്റെ ഐതിഹ്യം നമുക്കെല്ലാം അറിവുള്ളതാണ്.  മഹാബലി തിരുമേനി 
നാട് വാണീടുന്ന കാലവും, അന്നത്തെ പ്രജകളുടെ ക്ഷേമവുമെല്ലാം നാം പല മിത്തുകളില്‍ നിന്നും
കേട്ടറിഞ്ഞിട്ടുണ്ട്‌. അന്ന് മഹാബലിയെ പരീക്ഷിക്കാന്‍ വാമനന്റെ രൂപത്തില്‍ വന്ന 
മഹാവിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്. 
യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് പിന്നീടത്‌ തൃക്കാക്കരയായി  മാറി.

വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള തൃക്കാക്കര ക്ഷേത്രം ശില്‍പ്പ ഭംഗി കൊണ്ടും ശ്രദ്ധേയമാണ്. 
എഴടിയോളം പൊക്കത്തിലുള്ള നിലവിളക്കാണ് നമ്മെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
സോപാനവും ശ്രീകോവിലിന്റെ പാര്‍ശ്വസ്ഥ സ്ഥലങ്ങളും കമനീയമായി പിച്ചളയില്‍ പൊതിഞ്ഞിരിക്കുന്നു.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് തോന്നിയ മറ്റൊരു കാര്യം 
ഉയരത്തില്‍ നില്‍ക്കുന്ന പ്രതിഷ്ഠയാണ്. ശ്രീ കോവിലിന്റെ വാതില്‍ കടന്നു പിന്നെയും അനേകം 
പടവുകള്‍ക്കു മുകളിലായാണ് വാമന പ്രതിഷ്ഠ ഉള്ളത്, ആയതിനാല്‍ ഭക്തര്‍ക്ക് യധേഷ്ട്ടം 
ഭഗവാനെ ദര്‍ശിക്കാം. വാമന പ്രതിഷ്ഠ കൂടാതെ ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍, നാഗങ്ങള്‍,
രക്ഷസ്സ്, യക്ഷി എന്നീ ആരാധനകളും ഈ ക്ഷേത്രത്തിലുണ്ട്.
വളരെ വലിയ മൈതാനത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇനിയുമുണ്ട് 
വിശേഷങ്ങള്‍; വാമനമൂര്‍ത്തീ ക്ഷേത്രം കൂടാതെ, മഹാബലി ആരാധിച്ചിരുന്നത് എന്ന് 
കരുതപ്പെടുന്ന ഒരു ശിവക്ഷേത്രവും ഉണ്ടിവിടെ. ഭക്തര്‍ ഈ ശിവക്ഷേത്രത്തില്‍ തോഴുതിറങ്ങിയ 
ശേഷം മാത്രമേ വാമന മൂര്‍ത്തിയെ വണങ്ങാവൂ എന്നാണു പ്രമാണം. തെക്ക് ഭാഗത്തായി 
സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായി ഒരു സിംഹാസനം കാണാം.
മഹാബലി തിരുമേനിയുടെ ആസ്ഥാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ക്ഷേത്രാങ്കണത്തില്‍ തന്നെ വിഷിഷ്ട്ടമായൊരു കുളവുമുണ്ട്. "കപില തീര്‍ത്ഥം" എന്നാണ്
ഇതറിയപ്പെടുന്നത്. കപില മഹര്‍ഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഐതിഹ്യം 
ഈ കുളത്തിനുള്ളതുകൊണ്ട് ഭക്തര്‍ക്ക് ഇവിടം നിഷിദ്ധമാണ്; 
പുറമേ നിന്ന് കാണാന്‍ മാത്രമേ സാധിക്കൂ.


ക്ഷേത്രത്തിലെ പൂജാവിധിയെകുറിച്ച് പറയുകയാണെങ്കില്‍, നിത്യവും അഞ്ചു നേരമായിട്ടാണ്
വിധിപ്രകാരമുള്ള പൂജകള്‍; ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.
കൂടാതെ എതൃത്ത ശീവേലി, ഉച്ച ശീവേലി, അത്താഴ ശീവേലി എന്നിങ്ങനെ മൂന്നു
ശീവേലികളും പതിവുണ്ട്.

ഓണവും തൃക്കാക്കരയും.

സത്യത്തില്‍ ഓണം തൃക്കാക്കരയിലാണ്. ഓണം ആഘോഷങ്ങള്‍ തൃക്കാക്കര ക്ഷേത്രവുമായി
ബന്ധപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.
ചിങ്ങമാസത്തിലാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം. ചിങ്ങത്തിലെ അത്തം നാളില്‍
ഉത്സവത്തിന്‌ കൊടികയറുന്നു. മാബലി മാലോകരെ കാണാന്‍ വരുന്ന ഈ ഉത്സവ നാളുകള്‍ക്ക് നാന്ദികുറിക്കുന്നത് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രയോടെയാണ്.


അത്തച്ചമയം എന്നറിയപ്പെടുന്ന ഈ പുറപ്പാട് അവസാനിക്കുന്നത് തൃക്കാക്കരയിലെ
വാമാനമൂര്‍ത്തീ ക്ഷേത്രത്തിലാണ്, തുടര്‍ന്ന് ഉത്സവ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുകയായി;
പിന്നെ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും പൂത്തുംബികളുടെയും ആരവത്തോടെ പത്തു ദിനങ്ങള്‍.

വാമനമൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണനാളില്‍ ആറോട്ടോടു കൂടി
ഉത്സവം കൊടിയിറങ്ങുകയും ചെയ്യുന്നു.തൃക്കാക്കരയിലെ ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണത്രെ സ്വഗൃഹങ്ങളില്‍
അത്തം മുതല്‍ പത്തു ദിവസം പൂക്കളമൊരുക്കി, ഉത്രാടരാത്രിയില്‍ തൃക്കാക്കരയപ്പന്
നിവേദ്യം നല്‍കി ആര്‍പ്പു വിളിച്ച്, തിരുവോണനാളില്‍ ഓണസദ്യയൊരുക്കി
നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഓണം ആഘോഷിക്കുനത്.

പ്രിയ വായനക്കാര്‍ ഈ അമ്പലത്തില്‍ ഇതുവരെ പോയിട്ടില്ലെങ്കില്‍ ഇതാണ് ഏറ്റവും
നല്ല സമയം. കാരണം നാലഞ്ചു ദിനം കഴിഞ്ഞാല്‍ ചിങ്ങത്തിലെ അത്തം വരവായി.
ഇനി ഉത്സവ നാളുകള്‍. ഇന്നലെ ഞാനിവിടെ പോയപ്പോഴേ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍
തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പിന്നെ ഇക്കുറി വാമാനമൂര്‍ത്തിയെ വണങ്ങിയിട്ടാവാം 
ഓണാഘോഷം, വേഗം വിട്ടോളൂ തൃക്കാക്കരയിലേക്ക്...

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
ഏറണാകുളത്തു നിന്നും വരുന്നവര്‍ കലൂര്‍ കഴിഞ്ഞു ഇടപ്പള്ളി സിഗ്നലിനു ശേഷം 
ഇടപ്പള്ളി ടോള്‍ കവലയില്‍ എത്തുക. തൃശൂര്‍ നിന്നും വരുന്നവര്‍ NH - 47 വഴി 
അങ്കമാലി-ആലുവ വഴി കളമശ്ശേരി കഴിഞ്ഞു ഇടപ്പള്ളി ടോള്‍ കവലയില്‍ എത്താം.
അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലേക്ക് (തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ ഇടത്തോട്ട് )
തിരിഞ്ഞ് 2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ക്ഷേത്രത്തിലെത്താം.


August 19, 2011

മെലഡിയുടെ തമ്പുരാന്‍

മലയാള സിനിമാ സംഗീതത്തില്‍ ശ്രീ രവീന്ദ്രന്റെ വിയോഗത്തിന് ശേഷം 
ഉണ്ടായ തീരാ നഷ്ട്ടമാണ് ജോണ്‍സന്‍ മാസ്റ്ററുടെ മരണം.
നിനച്ചിരിക്കാതെ ഇന്നലെ രാത്രി ആ വാര്‍ത്തയറിഞ്ഞപ്പോള്‍ 
എവിടെയോ ഒരു കണ്ണുനീര്‍പൂവ് കവിളില്‍ തലോടി മാഞ്ഞപോലെ...

 

മലയാളികളുടെ മെലോടി സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു ഭാവം പകര്‍ന്ന സംഗീതമായിരുന്നു
ജോണ്‍സന്‍ന്റെത്. ദേവരാജന്‍ മാസ്ടരുടെ ശിഷ്യനായിരുന്ന അദ്ദേഹം പിന്നീടു ചെയ്ത 
പാട്ടുകളെല്ലാം തന്നെ ഗുരുദക്ഷിണയായി വയ്ക്കാവുന്നവയായിരുന്നു. ഒരു തൃശൂര്‍ക്കാരന്‍ 
മലയാളികള്‍ക്ക് മുഴുവന്‍, മനസ്സിലെന്നും കാത്തുസൂക്ഷിക്കാവുന്ന ഒട്ടനവധി പാട്ടുകള്‍ 
കറപുരളാത്ത സംഗീതത്തില്‍ കാഴ്ച്ചവച്ചതില്‍ തൃശൂര്‍ക്കാരനായ ഞാനും അഭിമാനിക്കുന്നു.
പക്ഷെ ഈ വിയോഗം നമ്മില്‍ ഉണര്‍ത്തുന്ന നഷ്ട്ടബോധം ഇന്നുള്ള ഒരു 
സംഗീത സംവിധായകനും നികത്താവുന്നതല്ല. 

നല്ലത് മാത്രമേ ജോണ്‍സന്‍ മാസ്റ്റര്‍ നമുക്ക് നല്‍കിയുള്ളൂ, 
അതും തനി നാടന്‍ ശൈലിയില്‍; മലയാളികള്‍ക്ക് മാത്രമായി. ഭരതന്റെയും പദ്മരാജന്റെയും 
അന്തിക്കാടിന്റെയും മോഹന്റെയും മറ്റും സിനിമകളിലെ ഗാനങ്ങള്‍ ഇതിനു സാക്ഷ്യം.
ഗാനങ്ങള്‍ക്ക് പുറമേ കഥയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നതിലും ജോണ്‍സന്‍ 
തന്റെ കയ്യൊപ്പ് ചാര്‍ത്തി. മുന്തിരിത്തോപ്പിലെയും പരിണയത്തിലെയും 
തൂവാനത്തുംബികളിലെയും ബി ജി എമ്മുകള്‍ നാമറിയാതെ തന്നെ മനസ്സില്‍ 
സൂക്ഷിക്കുന്നവയാണ്. തൂവാനത്തുമ്പികളിലെ,  മഴയുള്ള രാത്രിയില്‍ 
ജയകൃഷ്ണന്റെ മനസ്സില്‍ ക്ലാരയുടെ മുഖം തെളിയുന്ന സീനില്‍ ജോണ്‍സന്‍
ഒരുക്കിയ പശ്ചാത്തല സംഗീതം നൊസ്‌റ്റാല്‍ജിയ മനസ്സിലുള്ള ഒരു പ്രേക്ഷകനും 
മറക്കാന്‍ കഴിയില്ല. ജോണ്‍സന്‍ന്റെ ഈ മികവിന് അദ്ധേഹത്തെ തേടിയെത്തിയത് 
ദേശീയ പുരസ്കാരങ്ങളായിരുന്നു, അതും രണ്ടു തവണ (സുകൃതം, പൊന്തന്‍മാട).

ജോണ്‍സന്‍ നമുക്ക് പകര്‍ന്നുതന്ന മെലോടി ഗാനങ്ങള്‍ നമ്മെ 
മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് ! 
ഏറ്റവും മികച്ചത് ഏതെന്ന് പറയാന്‍ പ്രയാസമാണ്, ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന 
ഒരു നൂറു ഗാനങ്ങളെങ്കിലും കാണും.
തൂമഞ്ഞിന്റെ നെഞ്ചിലുറങ്ങിയും, കണ്ണുനീര്‍ പൂവിന്റെ കവിളില്‍ തലോടിയും ചിലനേരം 
മായാമയൂരത്തിന്റെ പീലിനീര്‍ത്തിയാടിയും ഒരു പുഴയുടെ ഒഴുക്കിനോളം ചേലാര്‍ന്ന
ഈണങ്ങള്‍... 
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, മഴവില്‍കാവടി,
പാവക്കൂത്തു, മാളൂട്ടി, കളിക്കളം, അര്‍ഥം, ഉത്തമന്‍, ആധാരം, പക്ഷെ, 
സല്ലാപം, തൂവല്‍കൊട്ടാരം ...അങ്ങനെ മുന്നൂറോളം ചിത്രങ്ങള്‍...

ജോണ്‍സന്റെ സംഗീത സപര്യയുടെ ഈ പുഴയും കടന്ന് മറ്റൊരു 
ലോകത്തേക്ക് പോയി അദ്ദേഹം, ഈ അജ്ഞാത വാസത്തെക്കുറിച്ച് അധികമാര്‍ക്കും 
അറിവില്ല. ആ സ്വകാര്യത എന്തായാലും അദ്ദേഹം തന്നെ സൂക്ഷിക്കട്ടെ...

പിന്നീടുള്ള അദ്ധേഹത്തിന്റെ മടങ്ങി വരവില്‍ നമുക്ക് ലഭിച്ചു വീണ്ടുമൊരു പിടി
നല്ല ഗാനങ്ങള്‍; ഗുല്‍മോഹറിന്റെ മനോഹാരിതയും കണ്ണന്റെ കറുപ്പ് നിറത്തിന്റെ 
പരിഭവ ഭാവവും എല്ലാം ചേര്‍ന്ന് വീണ്ടുമൊരു ജോണ്‍സന്‍ യുഗത്തിന്റെ 
നാന്ദി കുറിക്കും മുന്‍പേ വിടപറഞ്ഞു പോകാനായിരുന്നു വിധി. 
ജീവിതത്തിന്റെ പാതിവഴിയില്‍ സംഗീതവും അക്ഷരങ്ങളും വെടിഞ്ഞ്,
സ്വര്‍ഗ്ഗവാതില്‍ കിളിയുടെ തീരാ തെന്മോഴികള്‍ തേടി നമ്മില്‍ നിന്നും 
അകന്നു പോകുന്നവര്‍ ഏറുകയാണ്, രവീന്ദ്രന്‍ മാഷും ജോണ്‍സനും പുത്തഞ്ചേരിയുമെല്ലാം
യാത്രയാകുമ്പോള്‍ നമുക്ക് നഷ്ട്ടമാകുന്നത് പാട്ടിന്റെ ഒരു വസന്തകാലമാണ്‌.

പക്ഷേ ഒരിക്കലും മരിക്കുന്നില്ല ഇവര്‍ നമുക്ക് നല്‍കിയ ഈണങ്ങളും വരികളും...
അനശ്വരങ്ങളായ, അവരുടെ ശേഷിപ്പുകള്‍ ചിലനേരമെങ്കിലും 
സുവര്‍ണ്ണ താരകങ്ങളായി ചാരെ കണ്‍തുറക്കട്ടെ...


August 12, 2011

പട്ടത്തിപ്പാറ

ഇനി നമുക്കൊരു യാത്ര പോകാം. സാധാരണ നമ്മള്‍ "ചിന്ത"യിലൂടെ പോകാറുള്ള പോലെ
ഒരു യാത്ര; മണ്ണിനെ അറിഞ്ഞു കാടിന്റെ മണം നുകര്‍ന്ന് അരുവികള്‍ താണ്ടി ഒരു യാത്ര...


വളരെ നാളുകളുടെ തിരക്ക് പിടിച്ച ജോലികള്‍ക്കൊടുവില്‍ 
ഞങ്ങള്‍ നാല് പേരും കൂടി തീരുമാനിച്ചു, ഇന്ന് തല തണുപ്പിക്കാന്‍ എവിടെയെങ്കിലും 
പോകണമെന്ന്. മെയില്‍ നോക്കി ജോലിയൊന്നും ഇല്ല എന്നുറപ്പ് വരുത്തി കൊച്ചിയിലെ 
ഇന്‍ഫോപാര്‍ക്കില്‍ നിന്നും രാമേട്ടന്റെ "പച്ച-കുതിരയില്‍"(ഇന്‍ഡിക്ക കാര്‍) ഞങ്ങള്‍
യാത്ര തിരിച്ചു. 
ഈയിടെ "മധു മാമന്റെ" ഒരു മെയിലില്‍ നിന്നാണ് തൃശൂരിനടുത്ത്‌ ചെമ്പൂത്രയില്‍ 
പട്ടത്തിപ്പാറ എന്നൊരു വെള്ളച്ചാട്ടം ഉണ്ടെന്നറിഞ്ഞത്‌. എന്റെ സ്വന്തം ദേശത്ത് 
ഇത്രയും അടുത്ത് ഇങ്ങനെയൊരു സ്ഥലം ഞാന്‍ അറിയാതെ പോയതില്‍ തെല്ലൊരു
വിഷമം തോന്നി. ആനക്കയം മരോട്ടിച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളും ഇതുപോലെ
കണ്ടുപിടിച്ചു പോയ സ്ഥലങ്ങളായിരുന്നു.  (മരോട്ടിച്ചാല്‍ യാത്ര വായിക്കാന്‍ ഇവിടെ ക്ലിക്കുക)
വിനോദ സഞ്ചാര മാപ്പില്‍ ഇടം നേടാത്ത ഇടങ്ങളാണ് ഇവയെങ്കിലും 
ഒരു ദിവസത്തെ യാത്രക്ക് തിമിര്‍ക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് മരോട്ടിചാലും പട്ടത്തിപ്പാറയും.
കണ്ടുമടുത്ത സ്ഥലങ്ങള്‍ മാറ്റിവച്ചു പുതിയ സ്ഥലങ്ങള്‍ തെടുന്നവര്‍ക്കും, ട്രെക്കിംഗ് 
ഇഷ്ട്ടപ്പെടുന്നവര്‍ക്കും പ്രകൃതിയ സ്നേഹിക്കുന്നവര്‍ക്കും ഈ സ്ഥലങ്ങള്‍ 
പരീക്ഷിക്കാവുന്നതാണ്. 


കൊച്ചിയില്‍ നിന്നും യാത്ര തിരിച്ച "പച്ചക്കുതിര" NH-47 ലൂടെ അങ്കമാലി, ചാലക്കുടി വഴി 
മണ്ണുത്തി ബൈ പാസിലൂടെ മണ്ണുത്തി സെന്റെറില്‍ എത്തി. പുതിയതായി നിര്‍മ്മിച്ച 
നാല് വരി പാതയിലൂടെ ഏഴോളം ഫ്ലൈ ഓവറുകള്‍ താണ്ടിയുള്ള യാത്ര,
കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും. 


മണ്ണുത്തിയില്‍ എത്തിയ പച്ചകുതിര വലത്തോട്ട് തിരിഞ്ഞു പാലകാട് റൂട്ടിലൂടെ 
ഏകദേശം 4 കി. മി. യാത്ര ചെയ്തു മുടിക്കോട് എന്ന സ്ഥലം കഴിഞ്ഞു ചെമ്പൂത്ര യില്‍ 
എത്തി. അവിടെ നിന്നും ഇടത്തേക്ക് ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് 
കടന്ന് ക്ഷേത്രവും കഴിഞ്ഞ് ഏകദേശം രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ 
പട്ടത്തിപ്പാറയില്‍ എത്തിച്ചേരാം. പീച്ചി ഡാമില്‍ നിന്നും വെള്ളമൊഴുകി വരുന്ന കനാലിന്റെ 
ഓരത്ത് വാഹനം പാര്‍ക്ക്‌ ചെയ്ത് 10 മിനിറ്റ് വനത്തിലൂടെ നടന്നാല്‍ മതി.

അതികമാരും ഇവിടം സന്ദര്‍ശിക്കാത്തത് കാരണം ചെറിയ കടകള്‍ പോലും പരിസരത്ത് ഇല്ല.
ഭക്ഷണം കയ്യില്‍ കരുതിയാല്‍ വിശക്കാതെ തിരിച്ചു വരാം :)


ഇനി വനയാത്ര തുടങ്ങാം. മരോട്ടിച്ചാല്‍ വനത്തിലൂടെ പോകുന്ന പോലെയുള്ള വിഷമമൊന്നും ഈ
യാത്രക്കില്ല, അതികം ദൂരം നടക്കുകയും വേണ്ട. ഒരാള്‍ക്ക്‌ നടന്നു പോകാവുന്ന പാതയിലൂടെ
കുറച്ചു നടക്കുമ്പോഴേക്കും വെള്ളം വീഴുന്ന ഒച്ച കേള്‍ക്കാം, അതെ പട്ടത്തിപാറയിലെ ആദ്യ 
വെള്ളച്ചാട്ടം എത്തിക്കഴിഞ്ഞു. അവിടെ നിന്നും ഇടത്തോട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ 
നൂര്‍ന്നിറങ്ങിയാല്‍ കൂടുതല്‍ മനോഹരമായ മറ്റൊരു കാഴ്ച കാണാം. ഇവിടെ വളരെ
 ഉയരത്ത് നിന്നാണ് വെള്ളം ഒഴുകിവരുന്നത്‌.  കാട്ടിലൂടെ ഇനിയും ദൂരം നടന്നാല്‍
കൂടുതല്‍ കാഴ്ചകള്‍ സാധ്യമാണ്. 


ഓരോ വെള്ളചാട്ടത്തിലും കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ച് ഇറങ്ങി. 
ഞങ്ങള്‍ തൃശൂര്‍-ക്കാര്‍ക്ക് വളരെ എളുപ്പം എത്തിചേരാവുന്ന പുതിയ ഒരു സ്ഥലം കണ്ടുപിടിച്ച 
സന്തോഷത്തിലായിരുന്നു ഞാന്‍. നാടിനെ സ്നേഹിക്കുന്ന, കൂടുതല്‍ കൂട്ടുകാരെ ഇവിടെ
കൊണ്ടുവരണം എന്ന ചിന്തയോടെ നാലഞ്ചു പൊളപ്പന്‍ ചിത്രങ്ങള്‍ എടുത്ത്
പച്ചകുതിരയില്‍ കൊച്ചിയിലേക്ക് തിരികെ യാത്രയായി. 
അഴകിയ രാവണനില്‍ മമ്മുക്ക പറഞ്ഞ പോലെ, നാളെ മുതല്‍ വീണ്ടും "ശങ്കര്‍ ദാസ്‌"
 
എങ്ങിനെ ഇവിടെ എത്തിച്ചേരാം:
തൃശൂരില്‍ നിന്നും വരുന്നവര്‍ നേരെ മണ്ണുത്തിയില്‍ എത്തുക.
എറണാകുളം ഭാഗത്ത്‌ നിന്നും വരുന്നവര്‍ NH-47 ലൂടെ അങ്കമാലി-ചാലക്കുടി വഴി
ആമ്പല്ലൂര്‍ കഴിഞ്ഞ് ടോള്‍ പ്ലാസക്ക് ശേഷം മണ്ണുത്തി ബൈ പാസ് വഴി മണ്ണുത്തിയില്‍
എത്തി അവിടെ നിന്നും പാലക്കാട് രൂട്ടിലേക്ക് വലത്തോട്ട് തിരിഞ്ഞ് ഏകദേശം
4 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ചെമ്പൂത്രയില്‍ എത്താം. അവിടെ നിന്നും
ഇടത്തേക്ക് തിരിഞ്ഞ് ഭഗവതി ക്ഷേത്രം കഴിഞ്ഞ് 2 കിലോമീറ്റര്‍ കഴിഞ്ഞാല്‍ 
പാട്ടത്തിപ്പാറയായി.
എറണാകുളത്തു നിന്നും ഏകദേശം 75 കി. മി.
തൃശൂരില്‍ നിന്നും കേവലം 12 കി. മി. മാത്രം.

August 05, 2011

ആനത്തോട്ടി


ആനകളെ നമുക്കൊക്കെ വലിയ കാര്യമാണല്ലോ അല്ലെ?
പക്ഷെ ചിലനേരം ഇവന്മാര്‍ മദപ്പാടില്‍ കാട്ടിക്കൂട്ടുന്ന ക്രയവിക്രയങ്ങള്‍ ഇത്തിരി കൂടിപ്പോവാറുണ്ട്.
പാപ്പാന്റെ കയ്യില്‍ നിന്നും നിയന്ത്രണം വിട്ടാല്‍ പിന്നെ നിസ്സഹായരായ മനുഷ്യര്‍ നോക്കി നില്‍ക്കുക 
മാത്രമേ നിവര്‍ത്തിയുള്ളൂ.

ഈയിടെ ഗുരുവായൂരില്‍ വച്ച് മടപ്പാടിലായ ഒരാനയെ കാണാനിടയായി. കുറുമ്പെല്ലാം  
കഴിഞ്ഞു കക്ഷിയെ ശാന്തനാക്കുന്നതാണ് സീന്‍. കഴിഞ്ഞ ദിവസങ്ങളില്‍,
കളിക്കളത്തിലെ ശ്രീശാന്തിനെ പോലെ പെരുമാറിയ ഇവനെ ധോനിക്ക് പഠിപ്പിക്കുകയാണ് 
പാപ്പാന്മാര്‍. ഗടി കൂളായി വരുന്നുണ്ട് കേട്ടോ ! പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്; 
ആശാരിമാര്‍ ചെവിക്കു പിന്നില്‍ കൂര്‍പ്പിച്ച പെന്‍സില്‍ വയ്ക്കുന്ന പോലെ ഇവനും വച്ചിരിക്കുന്നു
ഒരു വലിയ 'പെന്‍സില്‍"; അഥവാ ആനത്തോട്ടി.അതെ; ആനയെ ചട്ടം പഠിപ്പിക്കുന്ന ചെറിയൊരു വിദ്യയാണ് ആനത്തോട്ടി പ്രയോഗം.
പാപ്പാന്‍‌ അടുത്തില്ലാത്ത നേരം ആനത്തോട്ടിയെടുത്തു ആനചെവിക്കു പിന്നിലായി ചാരി വയ്ക്കും.
ഇനി പാപ്പാന്‍‌ പറയാതെ അനങ്ങരുത് എന്ന "വാര്‍ണിംഗ്" ആണിത്. 
ഞാനിവിടെ ആനത്തോട്ടിയുടെ പ്രയോഗത്തെ കുറിച്ചല്ല പറയാന്‍ ഉദേശിക്കുന്നത്;
മറിച്ചു, ഒരു ആനയെ മെരുക്കാന്‍ പോന്ന ആനത്തോട്ടി വിദ്യയുടെ സൈക്കോളജി ആണ്.
ഒന്നുറഞ്ഞ്‌ കുടഞ്ഞാല്‍ തന്നെ ആനക്ക് എളുപ്പം ആ ആനത്തോട്ടിയെ തട്ടിയകറ്റാം,
ആനക്ക് ഒരുപക്ഷെ അതറിയില്ലായിരിക്കും എന്ന് തോന്നുന്നു. 

ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മുടെ ജീവിതത്തിലും നമ്മെ നിയന്ത്രിക്കുന്ന എത്രയോ ആനത്തോട്ടികളുടെ 
അടിമകളാണ് നാം. ആനക്കൊട്ടിലില്‍ എന്നപോലെ തന്നെ തൊട്ടിലില്‍ നിന്നുതന്നെ 
നിയന്ത്രണങ്ങളുടെ ആനത്തോട്ടികളായിരുന്നു നമുക്ക് ചുറ്റും.
സദാചാര വാദികളും പുരോഗമന വാദികളും സമൂഹത്തിന്റെ അടിച്ചേല്‍പ്പിക്കുന്ന 
തരത്തിലുള്ള ആനത്തോട്ടികള്‍ നമ്മുടെ ചിന്തകളിന്‍മേല്‍  ചാരിവചിട്ടുണ്ട്. നമ്മില്‍ പലരും അത്തരം 
സാമൂഹിക തോട്ടികളുടെ നിഴലില്‍; സ്വന്തം ചിന്തകളെ തളച്ചിട്ടു സമൂഹത്തിന്റെ ഇഷ്ട്ടത്തിനൊത്തു 
ജീവിക്കുന്നു. സ്വന്തം ആഗ്രഹങ്ങളും പുതിയ ജീവിത കാഴ്ചപ്പാടുകളും ഈ ആനത്തോട്ടിയുടെ മൂര്‍ച്ചയില്‍ 
മുറിവേറ്റിട്ടും ഒരക്ഷരം പറയാതെ നെടുവീര്‍പ്പിടുന്നു.
അന്ധ വിശ്വാസങ്ങളുടെ ആനത്തോട്ടികളായിരുന്നു കഴിഞ്ഞ കാലങ്ങളില്‍, അവയെ 
നമ്മില്‍ പലരും എടുത്തുമാറ്റി. 
ഇനിയുമുണ്ട് എടുത്തു മാറ്റപ്പെടേണ്ട ഒരുപാട് ആനത്തോട്ടികള്‍.
അവയെ എടുത്തുമാറ്റി നമുക്ക് സ്വതന്ത്രരാവാം, 
നന്മയിലേക്കുള്ള പുത്തന്‍ ആശയങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം, 
സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്നതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.