December 29, 2013

ബോണ്‍ നതാലെ


തൃശ്ശിവപ്പേരൂരിലെ  പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.





നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്.



 

 




 മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.





സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.





കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.



വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.



വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
 "ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
 കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം.



"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"


December 19, 2013

തൂക്കുപാലം 183 Mtrs.

കഴിഞ്ഞ ബ്ലോഗിൽ എഴുതിയ ഭൂതത്താൻ കെട്ട്
യാത്രയുടെ മറ്റൊരു ദൃശ്യാനുഭവമാണ് ഇവിടെ
കുറിച്ചിടുന്നത്. കേരളത്തിലെ ഏറ്റവും നീളമുള്ള
ഒരു തൂക്കുപാലം !!!


കീരംപാറയിൽ നിന്നും (നേര്യമംഗലംറൂട്ടിൽ )
8 കിലോമീറ്റർ യാത്ര ചെയ്‌താൽ കുട്ടമ്പുഴയെന്ന
ഗ്രാമത്തിലെത്തി ചേരാം. അവിടെയാണ്
ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശകരെ
കാത്തിരിക്കുന്നത്.


183 മീറ്റർ നീളവും  4 അടിയോളം വീതിയുമുള്ള ഈ
തൂക്കുപാലം കേരളത്തിലെ ഏറ്റവും വലിയ
തൂക്കുപാലമാണ്. കട്ടമ്പുഴയെയും ഇഞ്ചത്തൊട്ടിയെയും
ബന്ധിപ്പിക്കുന്ന ഈ പാലം 2012 ജൂണ്‍ മാസമാണ്
കാൽനട യാത്രക്കാർക്ക് തുറന്നു കൊടുത്തത്.
ഒരേ സമയം 40 പേർക്ക് വരെ ഇതിൽകയറി
നടക്കാം.

 

KEL(Kerala Electrical & Allied Engineering)  എന്ന
കമ്പനിയാണ് ഈ പാലത്തിന്റെ പെരുന്തച്ചൻ.

 
 


കൂറ്റൻ ഇരുമ്പ് നിർമ്മിതിയുടെ മുകളിൽ നിന്നും
തൂക്കിയിട്ട ഇരുമ്പ് കയറിലാണ് തൂങ്ങിക്കിടക്കുന്ന
ഈ പാലം ആടിക്കളിക്കുന്നത്. പാലത്തിന് ഇരു
വശങ്ങളിലായി മണ്ണിൽ സ്ഥാപിച്ച കോണ്‍ക്രീറ്റിൽ
ഇരുമ്പ് കയറുകൾ ബലമായി ഉറപ്പിച്ചിരിക്കുന്നു.

 



ഒരു ഗ്രാമത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന
ഈ തൂക്കുപാലം സഞ്ചാരികൾക്ക് ഒരു
കൌതുകമാണെങ്കിലും, ഇന്നാട്ടുകാർക്കു വളരെ
നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഒരു
വരപ്രസാദമായിരുന്നിരിക്കും. സ്കൂൾ വിട്ടു
വീട്ടിൽ പോകുന്ന കുട്ടികളേയും മറ്റു
കാൽനട യാത്രക്കാരായ ഗ്രാമവാസികളെയും
അവിടെ കാണാനായി.
ഒന്ന് രണ്ട് സൂപ്പർ സ്റ്റാർ മലയാളം ചലച്ചിത്രങ്ങളിലും
ഈ തൂക്കുപാലം മുഖം കാണിച്ചിട്ടുണ്ട്;
ശിക്കാർ, ജവാൻ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളിൽ
ലാലേട്ടനോടും മമ്മുക്കയോടുമൊപ്പം അഭിനയിച്ചു ഇവൻ.


ഈ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന പുഴ
സദാ നിശ്ചലമാണ്. ഡാം തൊട്ടരികിൽ ഉള്ളത്
കൊണ്ടാവാം. എന്തായാലും കണ്ണാടി പോലെയുള്ള
ഈ പുഴയോരത്തെ ദൃശ്യങ്ങളിൽ പലതും എന്നിൽ
സമാനതയുളവാക്കി . കാണുന്ന കാഴ്ചകളിൽ കൂടുതലും
പ്രതി ബിംബങ്ങൾ നിറഞ്ഞു നിൽക്കും പോലെ.
എല്ലാം Syemmtric കാഴ്ചകൾ പ്രദാനം ചെയ്യുന്നു
എന്നതിന് ഈ ചിത്രങ്ങൾ മാത്രം സാക്ഷി...

 
 
 

December 18, 2013

ഭൂതത്താൻ കെട്ട്


ഇന്നലെയൊരു യാത്ര പോയി, സ്ഥലം ഭൂതത്താൻ കെട്ട്.
ധനു മാസത്തിലെ തിരുവാതിരയ്ക്ക് മുൻപ്
കൊച്ചിയിലെ ഇൻഫോപാർക്ക് സുഹൃത്തുക്കളോടൊപ്പം
വീണ്ടുമൊരു കാട് കയറ്റം.

യാത്ര വളരെ രസകരമായിരുന്നു എങ്കിലും,
ഈയടുത്ത് പോയ സ്ഥലങ്ങളിൽ വച്ച്അല്പം
നിരാശാ ജനകമായിരുന്നു കണ്ട കാഴ്ചകൾ.
ആനക്കുളി പോയിട്ട് ഒരു കാക്കക്കുളി പോലും
പാസാക്കാനായില്ല.
എങ്കിലും ഒരു One Day Trip നുള്ള വകയോക്കെയുണ്ട്
ഈ ഭൂതങ്ങൾ കെട്ടിയ കാട്ടിനുള്ളിൽ.

 

ഭൂതത്താൻ കെട്ടിലാണ് ഇടമലയാർ ജല വൈദ്യുതി
പദ്ധതി സ്തിഥി ചെയ്യുന്നത്. സമീപത്തുള്ള
ഭൂതത്താൻ കെട്ട്  ഡാമും ഇതിന്റെയൊരു ഭാഗമാണ്.
പെരിയാർ നദിയൊഴുകുന്നു ഇവിടെ.


ഡാം കടന്ന് മുൻപോട്ടു ചെന്നാൽ വലതു വശത്തായി
ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. ഈ പരിസരത്ത് വാഹനങ്ങൾ
പാർക്ക് ചെയ്ത്, ഇടതു വശത്തായി
പൊട്ടിപ്പൊളിഞ്ഞും കാടുപിടിച്ചും കിടക്കുന്ന
കവാടത്തിലൂടെ ഭൂതത്താൻ കെട്ടിലേക്കുള്ള വനയാത്ര
ആരംഭിക്കാം.

 

കാടിന്റെയൊരു അന്തരീക്ഷം ഏറെക്കുറെ ഇവിടെ
അനുഭവിക്കാം. എങ്കിലും സുഖമായി നടക്കാവുന്ന
പാതയൊരുക്കിയിട്ടുണ്ട് ഇവിടെ.

 

കുറച്ചു ദൂരം കടന്നാൽ, യാത്രയിൽ ആദ്യമേ
നമ്മെ വരവേൽക്കുന്നത് ഒരു "പൊള്ള" മരമാണ്.
നടുഭാഗത്ത്‌ പൂർണ്ണമായും പൊള്ളയായ ഈ
മരത്തിലേക്ക് ആർക്കും കയറി നിൽക്കാം.
ഒരു ഫോട്ടോ സെഷനുള്ള വക ഇവിടെയുണ്ട്.


കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ഒരു തോട്
മുറിച്ചു കടക്കണം. തോട്ടിൽ വളരെ വെള്ളം
കുറവായതിനാൽ എളുപ്പം കുറുകെ കടക്കാനായി.
ഈർപ്പം ഉള്ള ഇടമായതിനാൽ അട്ട ഉണ്ടാകാനുള്ള
സാദ്ധ്യത ഉണ്ട് ഈ തോടിന്റെ പരിസരങ്ങളിൽ.


തോടും കടന്ന് 10 മിനിറ്റിൽ താഴെ നടക്കുമ്പോഴേക്കും
ഭൂതത്താൻ കെട്ടിൽ എത്തി ചേരാം.

 


നദിക്കു കുറുകെ ഭൂതത്താൻമാർ കേട്ടിയുണ്ടാക്കാൻ
ശ്രമിച്ച അണക്കെട്ടിന്റെ ബാക്കിയാണ് ഇവിടം
എന്ന് ഒരു മിത്ത് നിലനിൽക്കുന്നു. എന്തായാലും
കൂറ്റൻ പാറക്കല്ലുകൾ പെരിയാർ നദിയുടെ കുറുകെ
അടുക്കി വച്ചതിന്റെ ശേഷിപ്പുകൾ ഇന്നിവിടെ കാണാം.


പരിസര പ്രദേശങ്ങളും ചുറ്റി നടന്ന് പാറമേൽ
തെല്ലൊന്നിരുന്നു കാഴ്ചകൾ കണ്ട ശേഷം തിരിച്ചു
നടക്കാം.


ഭക്ഷണം കിട്ടുന്ന നല്ല കടകളൊന്നും
ഇവിടെയില്ലാത്തതിനാൽ, ഇവിടേയ്ക്ക് യാത്ര
പോകുമ്പോൾ ഭക്ഷണം കയ്യിൽ കരുതുന്നതാവും
ഉചിതം.



എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി
അവിടെ നിന്നും പത്തു കിലോമീറ്റർ(കീരം പാറ വഴി)
യാത്ര ചെയ്‌താൽ ഭൂതത്താൻ കെട്ടിൽ എത്തിച്ചേരാം.

PS :
ഭൂതത്താൻ കെട്ടിൽ നിന്നും നേര്യമംഗലം വഴി യാത്ര
ചെയ്താൽ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ പുതിയതായി
ഒരു തൂക്കുപാലം പണി കഴിഞ്ഞിട്ടുണ്ട് എന്നറിഞ്ഞ്
വണ്ടി നേരേ അങ്ങോട്ട്‌ വിട്ടു. കേരളത്തിലെ ഏറ്റവും
നീളമേറിയ ആ തൂക്കു പാലത്തിന്റെ വിശേഷങ്ങൾ
അടുത്ത ബ്ലോഗിൽ എഴുതാം, ഇപ്പോൾ ഉറങ്ങാൻ സമയമായി ...