July 04, 2018

കോതാട്

ഇതൊരു പടം പിടുത്തം വൈറലായ കഥ. (ഞാനറിയാതെ)


പടം പിടിത്തം എന്നും എന്റെയൊരു ഇഷ്ട്ടമാണ്, ഏറെ വർഷങ്ങളായി.
പോകുന്നിടത്തു കണ്ണിൽ കണ്ട കൗതുകങ്ങളെല്ലാം ക്ലിക്കി അത്
അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുക പതിവാണ്.
എഴുത്തും വായനയും കാഴ്ചകളും ഇഷ്ട്ടപ്പെടുന്ന "മഴക്കൂട്ടം" എന്നൊരു ഗ്രൂപ്പും ഉണ്ട്.
പക്ഷേ നിനച്ചിരിക്കാതെ, മഴക്കൂട്ടത്തിൽ ഒരിക്കൽ പോസ്റ്റിയ
ചിത്രം വഴിതെറ്റി സോഷ്യൽ മീഡിയകളിൽ പലയിടങ്ങളിൽ കറങ്ങിത്തിരിഞ്ഞ  സംഭവം ആദ്യമാണ്.

കഥയിങ്ങനെ:
നമ്മുടെ ഒരു സുഹൃത്ത് നെവിലിന്റെ മകൻ
കൈനാൻ കുട്ടന്റെ  മാമ്മോദീസ...അന്നവിടെ പോകാൻ
അസൗകര്യം ഉള്ളതിനാൽ, കൃഷ്ണയെയും മക്കളെയും
കൂട്ടി തലേദിവസം പോയി. കൂടെ വിമലും.

എവിടെ? കോതാട് എന്നൊരിടത്ത്. ഒരു ദ്വീപാണത്.
അതെവിടെയാ? എറണാകുളത്തെ Aster Medicity ഹോസ്പിറ്റൽ ഇല്ലേ, അതിന്റെ നേരെ വടക്കും ഭാഗം, ചെറിയൊരു ദ്വീപ്, ഗ്രാമം; കോതാട്.
കടമക്കുടി പഞ്ചായത്തിലെ കണ്ടനാട്, കോരംപാടം എന്നീ പ്രദേശങ്ങൾ ചേർന്നതാണ് കോതാട്.

അവിടെ പോയി കൊച്ചിനെ കണ്ടു കുശലവും പറഞ്ഞു തിരികെ പോരാറായപ്പോൾ നെവിൽ പറഞ്ഞു,
അടുത്ത് തന്നെ ഒരു കടവും പള്ളിയുമുണ്ടെന്ന്.
അത് കേട്ടപ്പോൾ കൃഷ്ണയ്ക്കും അവിടെയൊക്കെയൊന്ന് കാണാൻ പൂതി. ഇരുട്ടുന്നതിനു മുൻപേ വീട് പിടിക്കണമെന്ന് പറഞ്ഞു വിമൽ സ്കൂട്ട് ആയി. പക്ഷേ ആ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീടവന് മനസ്സിലായി, നല്ലൊരു കാഴ്ചയാണ് ചെക്കന് നഷ്ടമായത്.ആ കടവിന്റെ ഓരത്തുള്ള കോതാട്  തിരുഹൃദയ പള്ളിയിലെ
പെരുന്നാളാണ് പിറ്റേ ദിവസം. അവിടുത്തെ പ്രദക്ഷിണ പന്തലിന്റെ അലങ്കാരം മുഴുവൻ പച്ചക്കറികളും ഫല വർഗ്ഗങ്ങളും തൂക്കിയിട്ടു കൊണ്ടാണ്.
വാഴ കുടപ്പനും, ചീരയും, പയറും, വെണ്ടയും, വഴുതനയും,
കാരറ്റും, ബീറ്റ് റൂട്ടും, തക്കാളിയും, അച്ചിങ്ങ, പീച്ചിങ്ങ, മുന്തിരി
തുടങ്ങിയവ വരി തെറ്റാതെ 50 മീറ്റർ നീളത്തിൽ പന്തലിനെ
സുന്ദരമാക്കി തൂങ്ങി കിടക്കുന്ന കാഴ്ച ഒരു കൗതുകം തന്നെയാണ്.
നല്ല ഭംഗിയാ കാണാൻ. ഓരോ പച്ചക്കറിയും ഒരുക്കുന്ന ചുമതല
ഓരോരോ കുടുംബ യൂണിറ്റുകൾക്കാണത്രെ. അതും കൊള്ളാം.
പെരുന്നാൾ ദിവസം കുർബാനക്ക് ശേഷം ഈ പച്ചക്കറികളെല്ലാം പാഴാക്കാതെ വിശ്വാസികൾ ലേലം ചെയ്തു പങ്കിട്ടെടുക്കും.
സമൃദ്ധിയുടെ നല്ല കാഴ്ചകൾ ആയിട്ടാണ് എനിക്ക് തോന്നിയത്.കൃഷ്ണയെയും മക്കളെയും പന്തലിൽ നിർത്തി ആ കാഴ്ചകൾ എന്റെ മഴക്കൂട്ടുകാർക്ക്, ചെറിയൊരു കുറിപ്പോടെ പോസ്റ്റി കൊടുത്തു.
അതിലാരോ ആ കുറിപ്പും ചിത്രങ്ങളുമെടുത്തു മറ്റാർക്കോ പോസ്റ്റി.
അതാരാണെന്ന് ഇപ്പോഴും എനിക്കറിയില്ല, പക്ഷേ പോസ്റ്റിയ ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ അനവധി WhatsApp ഗ്രൂപ്പുകളിലും FB പേജുകളിലും ഷെയർ ചെയ്യപ്പെടാൻ തുടങ്ങി. സഞ്ചാരം ഗ്രൂപ്പിൽ നിന്നും, സ്‌കൂൾ, കോളേജ്, ജോലി ചെയ്ത കമ്പനിയുടെ WhatsApp ഗ്രൂപ്പിൽ നിന്നുമൊക്കെ എനിക്ക് തന്നെ ആ ചിത്രങ്ങൾ തിരികെ അയച്ചു കിട്ടാൻ തുടങ്ങിയപ്പോഴാണ് ഇത് എത്രമാത്രം ഷെയർ ചെയ്തു പോയെന്നു മനസ്സിലായത്. എന്തായാലും സന്തോഷമുണ്ട്, കണ്ടവർക്കൊക്കെ അതിഷ്ട്ടപെട്ടല്ലോ, അതുവരെ അധികമാരും കാണാത്തൊരു കാഴ്ച യുടെ വിരുന്നൊരുക്കുവാൻ ആ ക്ലിക്കുകൾക്കു സാധിച്ചല്ലോ.ഒടുവിൽ, 2018 ജൂലൈ മാസത്തെ 'വനിത' മാഗസിൻ വന്നപ്പോൾ
അതിലും അമ്പത്തി ആറാമത്തെ പേജിൽ, എന്റെ ഭാര്യയും മക്കളും പച്ചക്കറികളുടെ അലങ്കാരത്തിനു കീഴെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനെടുത്ത ചിത്രം മലയാള മനോരമ എന്ന അച്ചടി ഭീമന്റെ വനിത മാഗസിനിൽ എന്റെ അനുവാദമില്ലാതെ അച്ചടിച്ച് വന്നതിൽ എനിക്ക് പരാതിയൊന്നും ഇല്ലെങ്കിലും, ചെയ്യാൻ പാടില്ലാത്തതാണ്.ഈ ദിവസങ്ങളിൽ ഇതൊക്കെ നടന്നപ്പോഴും, തന്റെ സ്മാർട് ഫോണിലെ സ്‌ക്രീനിൽ ആ ചിത്രങ്ങൾ പരക്കെ ഷെയറി പോകുന്നത് കണ്ടപ്പോൾ വിമൽ ഒരു നെടുവീർപ്പോടെ നഷ്ടബോധത്തോടെ ഓർത്തു;
ഒരല്പം നേരം കൂടി കോതാട് ദ്വീപിൽ ചിലവഴിച്ചിരുന്നുവെങ്കിൽ എന്റെ പടവും കുറെ പേര് കണ്ടേനെ. കല്യാണ പ്രായമായ എത്രയെത്ര പെൺകുട്ടികളുടെ ലൈക്കുകളും കമന്റുകളുമാണ് ഓന് നഷ്ടമായത്.
സാരമില്ല വിമൽ, കല്യാണം കഴിഞ്ഞു നിന്റെ ഹണി മൂൺ ഈ ദ്വീപിലേക്ക്‌ തന്നെ ആവട്ടെ എന്നാശംസിക്കാം.


വല്ലാർപാടം കണ്ടൈനർ റോഡ് വരുന്നതിനു മുൻപ് കോതാട് നാലുപാടും കായലിനാൽ ചുറ്റപ്പെട്ടുകിടന്നൊരു ദ്വീപ് ആയിരുന്നു.
കടത്തു വള്ളവും, ചങ്ങാടവും മാത്രമാണ് പുറം ലോകത്തെത്താൻ ആശ്രയം. എങ്കിലും അവിടുത്തെ നൂറു വർഷം പഴക്കം ചെന്നൊരു സ്‌കൂളും ചവിട്ടു നാടക കേന്ദ്രങ്ങളും കണ്ടാലറിയാം, ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നുവെങ്കിലും ലോകത്തിന്റെ വെളിച്ചത്തിലേയ്ക്കു തുഴഞ്ഞടുക്കുവാൻ ആഗ്രഹിച്ചിരുന്നൊരു ജനത പണ്ടുമുതലേ ഈ കോതാടിൽ ഉണ്ടായിരുന്നു എന്ന്.

മറക്കാനാവാത്തൊരു അനുഭവത്തിന് അരങ്ങൊരുക്കിയ
നെവിലിനും  കുടുംബത്തിനും ഞങ്ങളുടെ ഇസ്‌തം. ഈ കോതാട് ദ്വീപിലെ പള്ളിയിൽ മാമ്മോദീസ മുക്കുവൻ നിങ്ങൾക്കിനിയും  ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കട്ടെ...
:)

January 09, 2018

പാട്ടോളം

പാട്ടിന്റെ ഓളം മനസ്സിലില്ലാത്ത ആരാണീ ഭൂമിയിൽ ഉള്ളത്?
നമുക്കെല്ലാം അത്രമേൽ ഇഷ്ട്ടമാണ് പാട്ടുകൾ.
പാട്ടു കേൾക്കാൻ, പാട്ടു പാടാൻ, പാട്ടിന്റെ ഓളത്തിൽ അലിഞ്ഞില്ലാതാകാൻ...

ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ കേട്ടുറങ്ങുന്നത് താരാട്ടു പാട്ടുകളാണ്.
പാട്ടിന്റെ ആദ്യ രസം അവിടെ തുടങ്ങുന്നു. പിന്നീട് വളർച്ചയുടെ ഓരോ
കാലത്തും, ഓരോ മൂഡിലും പല പാട്ടുകൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
സിനിമകളിലെ പലവിധ ഗാനങ്ങളായിരിക്കും എന്റെ തലമുറക്കാർക്കു
കൂടുതൽ പ്രിയം.
ലളിതവും ശാസ്ത്രീയവും നാടനും വരുത്തനും ഒക്കെയതിലുണ്ട്.

പാട്ടിനെ ശാസ്ത്രീയമായി വിവരിച്ചവതരിപ്പിക്കാൻ ഞാൻ ആളല്ല.
പിന്നെ എന്തിനാണ് ഈ ബ്ലോഗ് എന്നുവച്ചാൽ, ഈയിടെ എന്റെ ഒരു
സുഹൃത്ത് "പാട്ടോളം" എന്നൊരു പരിപാടിയുടെ നോട്ടീസ് അയച്ചു തരികയുണ്ടായി. നമ്മുടെ നാട്ടിൽ നിലകൊണ്ടിരുന്നതും
ഇന്നുള്ളതും ആയ പലതരം പാട്ടുകളുടെ ഒരു അവതരണ
വേദിയായിരുന്നു "പാട്ടോളം".

ഷൊർണൂരിനടുത്തു ഭാരതപ്പുഴയോരത്തു
ഏഴു രാവുകളിൽ അരങ്ങേറിയ നാട്ടുപാട്ടുകളുടെ ഈ ഉത്സവം,
കേരളത്തിലെ എണ്ണമറ്റ പാട്ടു വിഭാഗങ്ങളുടെ സംഗമവേദിയായി.
ഞെരളത്ത് കലാശ്രമം ആണ് ഈ പരിപാടി ഒരുക്കിയത്.ഇത്രയേറെ പാട്ടു രീതികൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്
എന്നതൊരു കൗതുകകരമായ അറിവായിരുന്നു.
നമുക്കറിയാമല്ലേ വിവിധ തരം പാട്ടുകൾ;
ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, അങ്ങനെയങ്ങനെ...
എന്നാൽ പാട്ടോളം പരിപാടിയിൽ അരങ്ങേറിയ പാട്ടുകളുടെ
നിര കണ്ടാൽ ഒരുപക്ഷെ എന്നെപ്പോലെ നിങ്ങളും അതിശയിച്ചു
പോകും. ദാ പിടിച്ചോ, കുന്നോളം പാട്ടുകൾ...
 • കോതാമൂരിപ്പാട്ട്  
 • പൂരപ്പാട്ട് 
 • ചിന്തു പാട്ട് 
 • മറുത്തുകളി പാട്ട് 
 • മുണ്ടിയെൻ പാട്ട് 
 • തുയിലുണർത്തു പാട്ട് 
 • പൂപ്പടയാട്ടം 
 • പാനപ്പാട്ട് 
 • അയ്യപ്പൻ പാട്ട് 
 • വട്ടപ്പാട്ട്
 • അറബനമുട്ട്
 • കുത്തിയോട്ട പാട്ട് 
 • കണ്യാർകളി പാട്ട്
 • മാലപ്പാട്ട് 
 • കരടികളി പാട്ട് 
 • വേടൻ പാട്ട്    
 • കെന്ത്രോൻ പാട്ട് 
 • വയനാടൻ പാട്ട് 
 • തിരുവാതിര ചോഴി 
 • വേലൻ പറകൊട്ടു പാട്ട് 
 • തോറ്റം പാട്ട് 
 • ചവിട്ടു നാടകം 
 • മുടിയാട്ട് തോറ്റം 
 • മന്ത്രോം പാട്ട് 
 • പരിചമുട്ടു കളി പാട്ട് 
 • നന്തുണി പാട്ട് 
 • മംഗലംകളി പാട്ട്
 • ചിമ്മാനക്കളി പാട്ട് 
 • എരുത് കാളി പാട്ട് 
 • കഥകളി പാട്ട് 
 • വടക്കൻ പാട്ട് 
 • നാട്ടിപ്പാട്ട്
 • സോപാന സംഗീതം 
 • വെലിക്കളപ്പാട്ട്
 • കണ്ണേറു പാട്ട് 
 • ദഫ്മുട്ട് 
 • തിറയാട്ടപ്പാട്ട് 
 • മരംകൊട്ടു പാട്ട് 
 • പൊറാട്ടുകളിപ്പാട്ട് 
 • കുമ്മിപ്പാട്ട് 
 • തോൽപ്പാവകൂത്തിലെ ആടൽ പാട്ട്
 • പുള്ളുവൻ പാട്ട് 
 • പാണർ പാട്ട് 
 • മാവിലർ പാട്ട് 
 • തുമ്പിതുള്ളൽ പാട്ട്
 • നായാടിക്കളിപ്പാട്ട്
 • ചോഴിക്കളിപ്പാട്ട്
 • ഒപ്പനക്കളിപ്പാട്ട്
 • മുടിയാട്ടപ്പാട്ട്
 • കിണ്ണംകളിപ്പാട്ട്
 • കൈകൊട്ടിക്കളിപ്പാട്ട്
 • മുടിയേറ്റു പാട്ട്       
 • കളം പാട്ട്  
 • ...
പിന്നെ ബാവുൽ സംഗീതം !

അവസാന ദിവസം ബംഗാളി ഗായകൻ തരുൺദാസ് ബാവുലും സംഘവും 
അവതരിപ്പിച്ച ബാവുൽ സംഗീതത്തോടെ പാട്ടോളം സമാപിച്ചു.
ബാവുൽ സംഗീതശാഖയെ പരിചയപ്പെടാൻ താല്പര്യമുള്ളവർക്ക് 
ഇവിടെ ക്ലിക്കി, പണ്ട് ചിന്തയിൽ എഴുതിയ ഒരു പോസ്റ്റ് വായിക്കാം.

പാട്ടോളം എന്ന പരിപാടി കൊള്ളാം ല്ലേ !!!
ഇത്രയേറെ നാട്ടുപാട്ടുകൾ, പ്രാദേശികമായും അല്ലാതെയും
നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നത്
പുതിയൊരറിവല്ലേ?
ഒരു സിൽമാ പാട്ടിൽ നാം കേട്ട വരിയോർമ്മയില്ലേ,
കോതാമൂരി പാട്ടുംപാടി വായോ ഈ വഴി...
ഏതാ ആ സിൽമാ ? എന്തായാലും പാട്ടോളം പരിപാടി
കണ്ടവർക്ക് കോതാമൂരി പാട്ടു മനസ്സിലായിട്ടുണ്ടാവും.

മുകളിൽ ചേർത്തിട്ടില്ലാത്ത ഇനിയുമേറെ പാട്ടുകൾ നമ്മുടെ
നാട്ടിലുണ്ട്, അവ നമുക്കും കണ്ടെത്താൻ ശ്രമിക്കാം.
വരും തലമുറയ്ക്ക് അറിയുവാനും പാർന്നു നൽകുവാനും
ഇത്തരം ഉദ്യമങ്ങൾ ഉണ്ടാവുക തന്നെ വേണം.
കാരണം കേരള കലാമണ്ഡലത്തിൽ പോലും നമ്മുടെ നാടിന്റെ
ആവിഷ്കാരങ്ങളായ ഇത്തരം പാട്ടുരൂപങ്ങളെ പഠിപ്പിക്കുകയോ
നിലനിർത്തുകയോ ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്.

പലയിടത്തും സവർണ്ണന്റെയും ക്ഷേത്രകലകളുടെയും മാത്രം
പരിപോഷണം നടക്കുന്ന ഇക്കാലത്ത് (എക്കാലത്തും),
ഈ പാട്ടുരൂപങ്ങൾ അന്യം നിന്നു പോകാതെയിരിക്കാൻ
നമുക്കും മനസ്സുകൊണ്ട് പാട്ടോളങ്ങളുടെ കൂടെ നിൽക്കാം.
കാരണം അവ ഒരു കാലത്തിന്റെ ആത്മാവിഷ്ക്കാരങ്ങളായിരുന്നു.
ഒരു ജനതയുടെ നോവും സ്വപ്നങ്ങളും നാട്ടുരീതികളും മിത്തും
വിശ്വാസവും കരുത്തും... എല്ലാം പേറുന്നൊരീ പാട്ടുകൾ
കാലത്തിന്റെ പുഴയിൽ ഒഴുകിത്തേഞ്ഞു പഴക്കം വന്ന
മലയാളപ്പാട്ടിന്റെ അടയാളങ്ങളാണ്.
അവ അനസ്യൂതം നമ്മുടെയും സിരകളിലൂടെ പുഴപോലെ ഒഴുകട്ടെ...