November 28, 2012

കുളി സീന്‍


കുളി സീന്‍ ലൊക്കേഷന്‍ : കോട്ടയത്തെ കുമാരനെല്ലൂര്‍ ദേശം.
മീനച്ചില്‍ ആറിന്റെ ഒരു ശാഖയൊഴുകുന്ന സുന്ദരമായൊരു കുളിക്കടവ്...


കോട്ടയത്തുള്ള സുഹൃത്തിന്റെ അമ്പലത്തില്‍ ഉത്സവം ആഘോഷിക്കാന്‍ പോയതാണ്
ഞാനും കൂട്ടുകാരും. ഉത്സവ ലഹരിയില്‍ ആറാടി നില്‍ക്കവേ ക്ഷീണം മാറ്റാന്‍
തൊട്ടരികിലുള്ളോരു കുളിക്കടവില്‍ പോയി. ഉച്ച സമയമായതു കൊണ്ട്
വേറെ ആരും കടവില്‍ ഉണ്ടായിരുന്നില്ല. കുളി കഴിഞ്ഞ് കടവിന്റെ പടികള്‍
കയറവേ ഞങ്ങള്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല !!!!


ഉത്സവത്തിന്‌ വന്ന ഒരു തരുണീമണി കുളിക്കാനായി അതാ കടവിലേക്ക് വരുന്നു.
എണ്ണക്കറുപ്പിന് എഴഴകാണെന്ന് തെളിയിച്ചു കൊണ്ട് അവള്‍ കുണുങ്ങി കുണുങ്ങി
കുളിക്കടവിന്റെ അരികിലെത്തി... 

നിനച്ചിരിക്കാതെ കിട്ടിയ ഈ അപൂര്‍വ്വ അവസരം
മുതലാക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു; ഉത്സവത്തിന്റെ സദ്യയും കഴിച്ച്
നാലും കൂട്ടിയുള്ളോരു മുറുക്കും,  കുളത്തില്‍ വിശാലമായൊരു കുളിയും കഴിഞ്ഞ്
തിരിച്ചു പോരാന്‍ നിന്ന ഞങ്ങള്‍ക്ക് "കാഴ്ച്ചയുടെ" വിരുന്നൂട്ടാന്‍ ഒരു കുളി സീന്‍ കൂടി.
ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി. സീന്‍ മുഴുവനായും കാണുന്നതിന് വേണ്ടി
ഞങ്ങള്‍ കുളിക്കടവിന്റെ കോലായിലെ മതിലിനു പുറകില്‍ ഒളിച്ചിരുന്നു.

കുളിക്കാന്‍ വന്ന തരുണീമണി, പടവുകളിറങ്ങി മെല്ലെ കാല്‍ വെള്ളത്തില്‍ തൊട്ടു.
മേലാസകലം ചൂട് പിടിച്ചിരുന്ന അവളുടെ ശരീരം തെളിനീരിന്റെ കുളിര്‍മ്മയില്‍
മുങ്ങി നീരാടാന്‍ ഒരുങ്ങുന്ന കാഴ്ച ഞങ്ങളെയും ചൂട് പിടിപ്പിച്ചു. അതാ അവള്‍
മുഴുവനായും വെള്ളത്തിലേക്ക് പതുക്കെ പതുക്കെ ചായുന്നു.
(ലൈവ് ആക്ഷന്‍ കാണാന്‍ ചിത്രങ്ങള്‍ ചുവടെ ഉണ്ട്, നിങ്ങള്‍ മിസ്സാക്കില്ല എന്നറിയാം)
അതുവരെ കാഴ്ച്ചയുടെ രസം പൂണ്ടു നിന്ന ഞാന്‍ സ്വബോധം വീണ്ടെടുത്ത്‌,
ബാഗില്‍ നിന്നെടുത്ത ക്യാമറയുടെ ബട്ടണില്‍ തുരുതുരാ വിരലമര്‍ത്തി.
ക്ലിക്കിയ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട് അനേകം ലൈക്കുകള്‍ നേടി ഇവളെ
"പ്രശസ്ത"യാക്കുന്ന കാര്യം ഞാനേറ്റു എന്നൊക്കെ ഓര്‍ത്തിരിക്കവേ 
അവളുടെ നീരാട്ടു കാണാന്‍ കുളിക്കടവില്‍ ആളുകള്‍ കൂടി.
പിന്നെ അവിടെയൊരു ബഹളമായിരുന്നു. ഈ ബഹളവും ആളുകളെയും ഒന്നും
ശ്രദ്ധിക്കാതെ അവള്‍ അപ്പോഴും കുളിച്ചുകൊണ്ടേയിരുന്നു.
ആറ്റിന്‍കരയില്‍ ഒഴുകിയെത്തിയ ഒരു പാറ കഷണം  പോലെ
അവള്‍ വിളങ്ങി നിന്നു.

  
 
 


സഞ്ചരിക്കുന്ന പുകവണ്ടിപോലെ, ചുണ്ടിലെരിയുന്ന ബീഡിക്കുറ്റിയുമായി,  
ഒടുവില്‍ ആ പിടിയാനയുടെ പപ്പാന്‍ വന്ന് ചകിരിവച്ച് അവളെ കുളിപ്പിച്ചെടുത്തു.
"ഓരോ തവണ വെള്ളമൊഴിച്ച് കഴുകിയപ്പോഴും
പെണ്ണിന്റെ മൊഞ്ച് കൂടികൂടി വന്നു...
ആനയുടെ തൊലിപ്പുറത്ത് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം
കറുപ്പ് നിറമുണ്ട്, ആ നിറമായപ്പോള്‍ കുളി അവസാനിപ്പിച്ച് അവള്‍  
കുളിക്കടവിന്റെ വരാന്തയിലൂടെ പാപ്പാനോടൊപ്പം നടന്നു നീങ്ങി..."

 




നടന്നകലുമ്പോള്‍ കുഞ്ചലം കെട്ടിയ അവളുടെ ആനവാല്‍ എന്നെ നോക്കി
റ്റാ റ്റാ പറയുന്നുണ്ടായിരുന്നു... ഏതെങ്കിലും കുളിക്കടവില്‍ വച്ച് ഞാന്‍
നിന്നെ എടുത്തോളാം എന്ന് ഞാനും മനസ്സില്‍ പറഞ്ഞു...

(ആനയുടെ കുളി സീന്‍ കാണാനെത്തിയവര്‍ )

ഈ പോസ്റ്റിന്റെ ടൈറ്റില്‍ കണ്ട് "പ്രതീക്ഷയോടെ" കുളി സീന്‍ കാണാന്‍
ഇവിടെയെത്തിയ  മാന്യ വായനക്കാരോട് ആദ്യമേ ഒരു കാര്യം
ഉണര്‍ത്തിക്കാന്‍ മറന്നു(മന:പൂര്‍വ്വം),
ഈ കുളി സീന്‍ ഒരു പിടിയാനയുടെ ആണെന്ന് !
അറിഞ്ഞോ അറിയാതെയോ ഞാന്‍ ആരുടെയെങ്കിലും
പ്രതീക്ഷയുടെ ലടു പൊട്ടിച്ചെങ്കില്‍, മാപ്പ് തരിക :)

November 24, 2012

Mithr-2012


കലാലയ ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന കുറച്ചു പേര്‍
പഴയ ഓര്‍മ്മകള്‍ പുതുക്കാനും തമ്മില്‍ കാണുന്നതിനും വേണ്ടി
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒത്തുകൂടി. പല വിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍
ഞങ്ങള്‍ക്ക് ഒരു ആശയം മനസ്സിലുണ്ടായിരുന്നു; പഠിപ്പൊക്കെ കഴിഞ്ഞ്
എല്ലാവര്‍ക്കും അത്യാവശ്യം നല്ല ജോലിയൊക്കെ ആയി, ഇനി ചുമ്മാ
പണിയെടുത്ത് ശമ്പളം വാങ്ങി മാത്രം ജീവിക്കാതെ സമൂഹത്തിന് ഉപകരിക്കുന്ന
രീതിയില്‍ എന്തെങ്കിലും ചെയ്യണം.

എന്താ ചെയ്യുക എന്ന ചിന്തയില്‍ നിന്നും ഒരാശയം തോന്നി; നമ്മുടെ ചുറ്റിലും
നന്നായി പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം
ബുദ്ധിമുട്ടുന്നു. അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ വേണ്ട തുക Scholarship ആയി
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആരംഭിക്കുക.


അന്നത്തെ ആ കൂടിച്ചേരല്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ പലവഴി യാത്രയായി.
പക്ഷെ എന്റെ സുഹൃത്ത്‌ രഹനയും പതി ലിയോയും ഈയൊരു ആശയവുമായി
മുന്നോട്ടു പോകാന്‍ എന്റെ കൂടെയുണ്ടായിരുന്നു. അങ്ങനെ Mithr എന്ന പേരില്‍
ഒരു Project ഞങ്ങളുടെ സ്വപ്നങ്ങളില്‍ ഇടം നേടി. കുട്ടികളുടെ മിത്രമാവാനും
അവരെ സഹായിക്കാനും ഉദ്ധേശിച്ചുകൊണ്ടുള്ള, ഒരു കൂട്ടം സമാന മനസ്ക്കരായ
കൂടുകാരുടെ ഈ കൂട്ടായ്മയ്ക്ക് Mithr എന്ന സംസ്കൃത പദം എന്തുകൊണ്ടും
യോജിക്കുന്നതായി തോന്നി. Mithr ഇപ്പോള്‍ രണ്ടുവര്‍ഷമായി
സൌഹൃദത്തിന്റെ തണലില്‍, നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

എന്താണ് Mithr ന്റെ ലക്‌ഷ്യം ?

പഠിപ്പില്‍ മിടുക്കരായിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളെ പഠിപ്പിക്കുക. അവര്‍ക്ക്
വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി, നല്ലൊരു മിത്രമാവുക.
ജാതിമതഭെദമന്യേ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു ഞങ്ങളാല്‍ കഴിയുന്ന
സഹായം നല്‍കി നല്ലൊരു ഭാവി അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള ഒരെളിയ ശ്രമം.
ഇതൊരു ചാരിറ്റി അല്ല ; ഞങ്ങളുടെ കടമയാണ്.

എങ്ങിനെ Mithr സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം?
Mithr ന് ഞങ്ങള്‍ ഒരു തരത്തിലും പബ്ലിസിറ്റി നല്‍കാറില്ല. Mithr നോട്
താല്പര്യമുള്ള കൂട്ടുകാര്‍ മുഖേന ചൂണ്ടിക്കാണിക്കുന്ന കുട്ടികളെ നേരില്‍ കണ്ട്
കുട്ടികളെ തിരഞ്ഞെടുക്കും, Appication Form, Mark List എന്നിവ
വാങ്ങിച്ച് Scholarship ന് അര്‍ഹരാണെങ്കില്‍ കത്ത് മുഖേന അറിയിക്കും.

Mithr ന് ആവശ്യമായ സഹായം എവിടെ നിന്ന്?

Mithr പൂര്‍ണ്ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന, സമാന മനസ്കരായ ഒരുപറ്റം
കൂട്ടുകാരുടെ കൂട്ടായ്മയാണെന്ന് പറഞ്ഞുവല്ലോ. Mithr ന്റെ നന്മയും ഉദ്ദേശ്യ ശുദ്ധിയും
അറിയാവുന്ന ഞങ്ങളുടെ കൂട്ടുകാര്‍ അവരുടെ ശമ്പളത്തില്‍ നിന്നും മാറ്റി വയ്ക്കുന്ന
തുക മാത്രമാണ് Mithr ന്റെ സാമ്പത്തിക അടിത്തറ. Mithr ന്റെ ഭാഗമല്ലാത്ത
ആരില്‍ നിന്നും ഞങ്ങള്‍ ഒരു സഹായവും സ്വീകരിക്കാറില്ല.

എങ്ങിനെ Mithr ന്റെ ഭാഗമാവാം ?
ഈ പ്രൊജക്റ്റ്‌ നോട് ഇഷ്ട്ടമുള്ള ആര്‍ക്കും Mithr ന്റെ ഭാഗമാവാം.
പല സുഹൃത്തുക്കളും പറയാറുണ്ട്‌, ഇങ്ങനെയൊക്കെ ചെയ്യണമെന്നുണ്ട്, പക്ഷെ
അതിനുള്ള ഒരവസരമില്ല എന്നൊക്കെ... Mithr അതിനുള്ള നല്ലൊരു
പ്ലാറ്റ്ഫോം ആണ്. ഒരിക്കല്‍പോലും ആരുടെ കയ്യില്‍ നിന്നും സഹായം ചോദിച്ചു
വാങ്ങാറില്ല, എല്ലാ സ്നേഹിതരും അറിഞ്ഞു സഹകരിക്കുന്നവരാണ്. അത്
കൊണ്ടുതന്നെ  Mithr Scholarship ഓരോ വര്‍ഷവും അര്‍ഹിക്കുന്ന
കുട്ടികളെ കണ്ടു പിടിച്ച് കൊടുക്കുക എന്നതും ശ്രമകരമാണ്. 
അത്തരത്തിലുള്ള കുട്ടികള്‍ നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടെങ്കില്‍
ഞങ്ങളെ അറിയിച്ചും നിങ്ങള്‍ക്ക്  Mithr ന്റെ ഭാഗമാവാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 09847 95 66 00(സുജിത്ത് )
"ഏവര്‍ക്കും സ്വാഗതം..." :

Mithr ന്റെ ബ്ലോഗ്‌ : http://mithr-scholarship.blogspot.in/
Appication Form ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ഒരിക്കല്‍  Scholarship നല്‍കി പിന്നീട് മാറി നിക്കുന്നൊരു രീതിയല്ല
Mithr ചെയ്യുന്നത്. ഇടയ്ക്കിടെ അവരുടെ പഠന വിവരങ്ങള്‍ ചോദിച്ചറിയുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചില കുട്ടികള്‍ പരീക്ഷളില്‍ ഉന്നത വിജയം
നേടുമ്പോള്‍ നമ്മളെ വിളിക്കുകയും സന്തോഷം പങ്കുവക്കുകയും ചെയ്യുമ്പോള്‍
മനസ്സിന് തന്നെ ഒരു ഊര്‍ജ്ജം തോന്നും, വീണ്ടും വീണ്ടും Mithr ന് വേണ്ടി
യത്നിക്കാന്‍. മറ്റൊരാളുടെ സന്തോഷത്തിനു പിന്നില്‍ നമ്മളും ഭാഗമാണ്
എന്ന തോന്നല്‍ ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്നു.

Mithr Scholarship - 2012

ഈ വര്‍ഷം 8 പേര്‍ക്കാണ് Mithr Scholarship വിതരണം ചെയ്തത്.
ഓരോ വര്‍ഷവും മൊത്തം സമാഹരിക്കുന്ന തുകയനുസരിച്ചാണ്
കുട്ടികളുടെ എണ്ണം തീരുമാനിക്കുക പതിവ്. ഈ വര്‍ഷം എന്റെ സുഹൃത്ത്‌
രഹനക്ക് ഒരാഗ്രഹം, പ്രൊഫഷനല്‍ കോഴ്സിന് പഠിക്കുന്ന ഒരു കുട്ടിയെ കൂടി
ഉള്‍പ്പെടുത്തിയാലോ എന്ന്. പ്രൊഫഷനല്‍ കോഴ്സിന് ഫീസ്‌
കൂടുതലാണെങ്കിലും എല്ലാ കൂട്ടുകാരുടെയും സഹായത്താല്‍ ഞങ്ങള്‍ക്ക്
BTec. EEE ന്‌ പഠിക്കുന്ന ഒരു മിടുക്കന് കൂടി ഇത്തവണ Scholarship
നല്‍കാനായി. വേറെ പതിവുപോലെ BCom, +2, SSLC വിദ്യാര്‍ഥികള്‍ക്കും
Mithr Scholarship വിതരണം ചെയ്തു.

Mithr Scholarship Awards for 2012-2013
Rs. 35,000/- for Professional Education
Rs. 10,000/- for College Students
Rs. 5000/- for School Students


2012 നവംബര്‍ 11 ന് , തൃശ്ശൂരിലെ കൊനിക്കര നേതാജി വായനശാലയില്‍
വച്ച് സംഘടിപ്പിച്ച ലളിതമായൊരു ചടങ്ങില്‍ വച്ച്,
അദ്ധ്യാപികയും എഴുത്തുകാരിയുമായ Dr. ഇ സന്ധ്യ മിടുക്കരായ കുട്ടികള്‍ക്ക്
Mithr Scholarship വിതരണം ചെയ്തു. തദവസരത്തില്‍ കുട്ടികളുടെ
മാതാപിതാക്കളും Mithr ന്റെ മിത്രങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.


------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ക്കു മുന്‍പേ മനസ്സിലെ ഒരു ലക്ഷ്യമായിരുന്നു ഈ പ്രൊജക്റ്റ്‌.
അന്ന് (ഏകദേശം 4 വര്‍ഷങ്ങള്‍ക്കു മുന്‍പ് ) ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 
RAYS OF HOPE എന്ന ഗ്രൂപ്പില്‍ എളിയ അംഗമായിരുന്നു ഞാന്‍ .  
US ല്‍ താമസിക്കുന്ന റെജി ഇച്ചായനും, അനൂപും, വിത്സന്‍ ചേട്ടനുമെല്ലാം 
ആണ്  അന്നാ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. 
അവരുടെ സൗഹൃദം എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.
------------------------------------------------------------------------------------------

Mithr ഒരു സ്വപ്നമായിരുന്നു.
ആ സ്വപ്നത്തിന്റെ വിത്തുകള്‍ മനസ്സില്‍ പാകിയ കാലത്ത് 
എന്റെ  കൂട്ടുകാര്‍ അതിന് തളിരുകള്‍ നല്‍കി.
സൗഹൃദങ്ങള്‍ ഒത്തൊരുമിച്ച് ഇന്നത്‌ വലിയൊരു നന്മ-മരമാണ്
അതിന്റെ തണലില്‍ മിടുക്കരായ കുട്ടികളിരുന്നു പഠിക്കുന്നു.
അവരുടെ വിജങ്ങളാകട്ടെ ആ മരത്തിന്റെ നനുത്ത ചില്ലകളില്‍
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പൂകളായി വിടരുന്നു...
ആ മരത്തിന്റെ വേരുകള്‍ ഒരുപാട് ഹൃദയങ്ങളില്‍
നന്മയുടെ അടയാളമായി ആഴ്ന്നിറങ്ങട്ടെ ...

Mithr പ്രൊജക്റ്റ്‌ നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 09847 956600(സുജിത്ത് )

November 17, 2012

കൊച്ചി കാഴ്ചകള്‍


 

അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി
നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം.
സഞ്ചാരികളായി ഇവിടെയെത്തുന്ന വിദേശികളെ ആകര്‍ഷിക്കുന്ന തരത്തില്‍
ചിലവേറിയ ടൂറിസം പാക്കേജുകളും ഒട്ടനവധിയുണ്ട്‌. എന്നാല്‍, സാധാരണക്കാര്‍ക്ക്
കൊച്ചിയില്‍ കണ്ടു രസിക്കാവുന്ന കാഴ്ചകളെപ്പറ്റിയാണ് ഈ ബ്ലോഗ്‌.

കൊച്ചി കായല്‍ & ബോട്ട് ജെട്ടി 

(Boat Jetty, Ernakulam)

അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ
തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ ഒരു യാത്ര. ചെലവ് Rs.3/-
എറണാകുളം "മേനക" ജംഗ്ഷന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥലമാണ് ബോട്ട് ജെട്ടി.
എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും KSWTC യുടെ ട്രാന്‍സ്പോര്‍ട്ട് ബോട്ട് പിടിച്ചാല്‍
വില്ലിംഗ്ടന്‍ ഐലാന്‍ഡ്‌ വഴി മട്ടാഞ്ചേരി വാര്‍ഫും കഴിഞ്ഞ് ഫോര്‍ട്ട്‌ കൊച്ചിയിലെത്താം.
ബോട്ട് ജെട്ടിയില്‍ നിന്നും വളരെ ചെറിയ ഇടവേളകളില്‍ പല ഭാഗത്തേക്കും പോകുന്ന
ബോട്ടുകളും ജങ്കാറുകളും ഉണ്ട്. യാത്രക്ക് മുന്‍പേ കൌണ്ടറില്‍ നിന്നും ടിക്കെറ്റ് എടുക്കണം.

കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗ്ഗമാണിത്. സമയവും ലാഭിക്കാം.
പോകുന്ന വഴി കൊച്ചിന്‍ ഷിപ്‌യാര്‍ഡും, യാത്ര മദ്ധ്യേ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും
പിന്നെ പക്ഷികളുടെ സങ്കേതമായ കുറെ തുരുത്തുകളും കാണാം.


ഗുണ്ടു എന്നപേരില്‍ അറിയപ്പെടുന്ന ഒരു തുരുത്തും ഇതില്‍ പ്രധാനമാണ്.
പഞ്ചനക്ഷത്ര ഹോട്ടലായ താജ് മലബാറിന്റെ അധീനതയില്‍ ഉള്ള
ആള്‍താമസമില്ലാത്ത ഈ തുരുത്തിലേക്ക് പൊതു പ്രവേശനമില്ല.
ഒരിക്കല്‍ താജ് മലബാറിലെ ഒരു ചടങ്ങ് കഴിഞ്ഞ് DJ പാര്‍ട്ടിക്ക് വേണ്ടി
ഈ തുരുത്തില്‍ പോകാന്‍ കഴിഞ്ഞത് ഓര്‍ക്കുന്നു.

(Sunset at Vallarpadam Container Terminal)

തുരുത്തുകള്‍ക്കപ്പുറം ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് ലക്ഷ്യമാക്കി പോകുന്ന
വേളയില്‍ ഡോള്‍ഫിന്‍ പോയിന്റ്‌ എന്നൊരു സ്ഥലമുണ്ട്. കടലില്‍
നിന്നും കായലിലേക്ക് ഇറങ്ങി വരുന്ന ഡോള്‍ഫിനുകള്‍
ഇവിടെ ഉയര്‍ന്നു പൊങ്ങുന്നത് (ഭാഗ്യമുണ്ടെങ്കില്‍) കാണാനായേക്കും.
:)

കൊച്ചിയുടെ പുതിയ ഹബ് ആയ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനലും,
വല്ലാര്‍പ്പാടം ബസലിക്ക പള്ളിയുടെ വിദൂര കാഴ്ചയും യാത്രാവേളയില്‍ കാണാം.

കായലിന്റെ കാറ്റേറ്റ് ഇക്കാഴ്ച്ചകളൊക്കെ കണ്ട് ഫോര്‍ട്ട്‌ കൊച്ചിയും മട്ടാഞ്ചേരിയും
കണ്ട് അടുത്ത ബോട്ടില്‍ തന്നെ തിരിച്ചു പോരാം.
(ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി കാഴ്ചകള്‍ പിന്നീട് വിശദമായി എഴുതാം)
കൊച്ചിയിലെ പ്രധാന കേന്ദ്രമായ മറൈന്‍ ഡ്രൈവിനെ
കായലിന്റെ വിദൂരതയില്‍ നിന്നും മതിവരുവോളം കണ്ടു മടങ്ങുമ്പോള്‍
നിങ്ങളും പറയും;
"അതെ, അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ..."



കായല്‍ തീരം : മറൈന്‍ ഡ്രൈവ് & മ്യൂസിക്‌ വാക്ക്-വെ 

കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്.
എറണാകുളത്തെ മേനകയില്‍ ഇറങ്ങി GCDA കോംപ്ലെക്സ് വഴി
മറൈന്‍ ഡ്രൈവില്‍ എത്താം.
(Rainbow Bridge at Marine Drive)
 
 

(China Net Bridge, Music Walkway, Marine Drive)
റെയിന്‍ബോ ബ്രിട്ജും ചീനവല ബ്രിട്ജും മ്യൂസിക്‌ വാക്ക് - വേയും
ആണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. കായലരികത്ത് പൂത്തു നില്‍ക്കുന്ന
ഗുല്‍മോഹര്‍ പൂക്കളും ആകാശം തൊട്ടു നില്‍ക്കുന്ന കെട്ടിടങ്ങളും
ഇവിടുത്തെ കാഴ്ചയ്ക്ക് മാറ്റു കൂട്ടുന്നു.

(View near Goshree Bridges)
പാട്ട് കേട്ട് കായലോര കാഴ്ചകളും ഷോപ്പിങ്ങും കഴിഞ്ഞ് ഇവിടയും നമ്മെ
കാത്തിരിക്കുന്നത് മറ്റൊരു ബോട്ട് യാത്രയാണ്.
ടൂറിസ്റ്റ് ബോട്ടുകളായതിനാല്‍ ഈ യാത്ര മേല്‍ പറഞ്ഞതിനേക്കാളും
വ്യത്യസ്തമായ ഒരനുഭവമാവും നമുക്ക് പ്രദാനം ചെയ്യുക.

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സവാരിയില്‍ മേല്‍പ്പറഞ്ഞ
വഴിയിലൂടെയെല്ലാം സഞ്ചരികുന്നതിനു പുറമേ ബോള്‍ഗാട്ടി പാലസ്,
വല്ലാര്‍പാടം ടെര്‍മിനല്‍, ചീന വലകള്‍, ഗോശ്രീ പാലം തുടങ്ങിയ
സ്ഥലങ്ങള്‍ കണ്ടു മടങ്ങി വരാം.
(View at Bolgatty Palace)
 
(Ferry Service to Vypin, Bolgatty...)

വൈകീട്ടാണ് ബോട്ട് സവാരിയെങ്കില്‍ അറബിക്കടലിന്റെ
അരികില്‍ ചെന്ന്, സാന്ധ്യ മേഘങ്ങളെയും സൂര്യാസ്തമയവും കാണാം.

(View from Willington Island)
ആളൊന്നിന് 50/- രൂപയാണ് ഈ ബോട്ട് യാത്രയുടെ ചെലവ്.

കൊച്ചിയിലെ മറ്റു കാഴ്ചകള്‍

കൊച്ചി എന്ന് പറഞ്ഞാല്‍ കായല്‍ മാത്രമല്ല എന്ന് നമുക്കറിയാം.
പുരാതന സംസ്കൃതി ഉറങ്ങുന്ന മട്ടാഞ്ചേരി തെരുവുകള്‍ മുതല്‍
വന്നതും ഇനി വരാനിരിക്കുന്നതുമായ  ഹൈടെക് മാളുകള്‍ വരെ കൊച്ചിയിലെ
കാഴ്ചകളാണ്. (LuLu, Oberon Mall, Gold Souk, Nucleus Mall...)
പുറം കടലില്‍ കൊണ്ട് പോയി കാഴ്ചകള്‍ കാട്ടി മടക്കി കൊണ്ട് വരുന്ന  
ലക്ഷ്വറി കപ്പലുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു...
പഴമയുടെയും പുതുമയുടെയും കാഴ്ചയൊരുക്കുന്ന ഡബിള്‍ ടക്കര്‍ ബസ്
മുതല്‍ ശീതികരിച്ച ലോ ഫ്ലോര്‍ ബസ് വരെ നിരത്തില്‍ ഓടുന്നു.

നമുക്ക് നമ്മുടെ, സാധാരണക്കാരുടെ കൊച്ചി കാഴ്ച്ച തുടരാം...

മംഗളവനം

 
 (Inside 'Managalavanam' Bird Sanctuary )

നമ്മുടെ യാത്ര മറൈന്‍ ഡ്രൈവില്‍ എത്തിയ സ്ഥിതിക്ക് അവിടെ ഏറ്റവും
അടുത്തുള്ള, നടന്നു പോകാവുന്ന ദൂരത്തുള്ള ഒരു പക്ഷി സങ്കേതത്തെ
പരിചയപ്പെടുത്താം. മംഗളവനം... ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍
ഇവിടുത്തെ കാഴ്ചകളെക്കുറിച്ച് കൂടുതലറിയാം.

വല്ലാര്‍പാടം  

(Basalica, Vallarpadam)

മറൈന്‍ ഡ്രൈവില്‍ നിന്നും മൂന്നോ നാലോ കിലോമീറ്റര്‍ യാത്ര
ചെയ്‌താല്‍ വല്ലാര്‍പാടം എത്തും. അവിടെ കൊച്ചിക്ക്‌ പുതിയ മുഖച്ചായ
പകര്‍ന്നു നല്‍കിയ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലും, കേരളത്തിലെ
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസലിക്ക പള്ളിയും ഉണ്ട്.
പോകുന്ന വഴിയില്‍ ഇടതു വശത്തായി ബോള്‍ഗാട്ടി പാലസും കാണാവുന്നതാണ്.

വല്ലാര്‍പാടത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹില്‍ പാലസ് 

(Hill Palace)

 കൊച്ചി രാജാവിന്റെ സ്വന്തം കൊട്ടാരം, തൃപ്പൂണിത്തുറയിലെ "ഹില്‍ പാലസ് ".
ഇവിടേയ്ക്ക് എത്താന്‍ ടൌണില്‍ നിന്നും കുറച്ചു ദൂരം(12 കി. മീ ) യാത്ര ചെയ്യണം.
രണ്ടു മണിക്കൂറോളം നടന്നു കാണാവുന്നത്ര കൊട്ടാര-കാഴ്ചകള്‍ ഇവിടെ നമ്മെ
കാത്തിരിക്കുന്നു.

തൃപ്പുണിത്തുറയിലെ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രവും ഹില്‍ പാലസിലേക്ക് പോകും വഴി
കാണാം.


മട്ടാഞ്ചേരി-ഫോര്‍ട്ട്‌ കൊച്ചി 


(Synagogue, Mattancheri )

ചരിത്രമുറങ്ങുന്ന തെരുവുകളാണ് മട്ടാഞ്ചേരിയുടെ പ്രധാന ആകര്‍ഷണം.
അവിടുത്തെ ജൂത പള്ളിയും ഇടുങ്ങിയ ഇടനാഴികളും കണ്ട് നടക്കുമ്പോള്‍
മനസ്സ് കൊണ്ട് പഴയ കാലത്തിലേക്ക് പോകും പോലെ നമുക്ക് തോന്നും...
എവിടെയും പഴമയുടെ ശേഷിപ്പുകള്‍ കാണാം. മട്ടാഞ്ചേരിയിലെ ഡച് പാലസും വളരെ
മനോഹരമായി ഇന്നും കാത്തു സൂക്ഷിക്കുന്നു.
ജൂത പള്ളി സന്ദര്‍ശനം ശനിയാഴ്ച ഇല്ല.
ഡച് പാലസ് വെള്ളിയാഴ്ച തുറക്കാറില്ല.

മട്ടാഞ്ചേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള
ഫോര്‍ട്ട്‌ കൊച്ചിയില്‍ നല്ലൊരു ആര്‍ട്ട്‌ ഗാലറി ഉണ്ട്.
വാസ്കോ ഡ ഗാമ പള്ളിയും പ്രധാന തെരുവുകളും ചരിത്ര മുറങ്ങുന്ന
സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നു.


 
കടലിലേക്ക്‌ നീണ്ടു കിടക്കുന്ന ഫോര്‍ട്ട്‌ കൊച്ചി ബീച്ചും, ചീന വലകളും
നമുക്ക് നല്ലൊരു സായാഹ്ന്നം നല്‍കും...

 
(Beach, Fort Kochi)

 കുങ്കുമ പൂ വിതറി, സായം സന്ധ്യയുടെ ചുവപ്പ് കോട്ടയില്‍ നിന്നും
താഴെ ഇറങ്ങി വരുന്ന സൂര്യന്റെ അസ്തമയ ദൃശ്യങ്ങള്‍ എന്നും
മായാതെ മനസ്സില്‍ നില്‍ക്കും,
കൊച്ചി കാഴ്ച്ചയുടെ ഓര്‍മ്മയായ്...
(സന്ധ്യാംബരം എന്ന ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്കുക.)



കുറച്ചു നാളുകള്‍ക്കു മുന്‍പ് നടത്തിയ യാത്രയുടെ മായാത്ത ഓര്‍മ്മകള്‍
മാത്രമാണിവിടെ കുറിച്ചു വച്ചിട്ടുള്ളത്. ഈ നഗരത്തില്‍ നല്ലതും ചീത്തയുമായ
ഒട്ടനവധി കാഴ്ചകള്‍ ഇനിയുമുണ്ട്; ഒരു ബ്ലോഗിലും എഴുതി അവസാനിപ്പിക്കാന്‍
പറ്റാത്ത അത്രയും...
ആ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ നേരിട്ടു തന്നെ അവിടെ പോവുക.

"കൊച്ചി പഴയ കൊച്ചിയല്ല കെട്ടാ...."
:)

November 06, 2012

വിലങ്ങന്‍ കുന്ന്

വിലങ്ങന്‍ കുന്ന്, തൃശൂര്‍


കുടുംബസമേതം ഒരു യാത്ര പോകാന്‍ ഒരുങ്ങുമ്പോള്‍ പലപ്പോഴും നമുക്ക് വേണ്ടത്ര
സമയം കിട്ടാതെ വരാറുണ്ട് അല്ലെ? ചുമ്മാ ചെറിയൊരു ഔട്ടിംഗ് ആണ് ഉദ്ദേശമെങ്കില്‍
ഞാന്‍ ചെറിയൊരു വഴി പറഞ്ഞു തരാം. തൃശൂര്‍ക്കാര്‍ക്ക്  എളുപ്പം എത്തിച്ചേരാവുന്ന ഒരിടം.
വിലങ്ങന്‍ കുന്ന്...


തൃശൂര്‍ ടൌണില്‍ നിന്നും വിളിപ്പാടകലെ എന്ന് പറയാവുന്ന ഒരിടം, വിലങ്ങന്‍ കുന്ന്.
ഇത് വലിയൊരു സംഭവമല്ലെങ്കിലും തൃശൂര്‍ ടൂറിസം മാപ്പില്‍ ഇടം നേടിയ,
50 ഏക്കറില്‍ വിഹരിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ ചെറിയൊരു കുന്നാണ്‌, വിലങ്ങന്‍.
1994-ല്‍ ശ്രീ.K കരുണാകരന്‍ ഉദ്ഘാടനം ചെയ്ത ഈ ടൂറിസം കേന്ദ്രം ഇന്നും
നല്ല രീതിയില്‍ പരിപാലിച്ചു പോരുന്നുണ്ട്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ പൂങ്കുന്നം വഴി പുഴക്കല്‍ പാടം കഴിഞ്ഞ് അമല ആശുപത്രി
എത്തുന്നതിന് മുന്‍പാണ് വിലങ്ങന്‍ കുന്നിലേക്കുള്ള വഴി(5 കി. മി.).
വഴിയോരത്ത് ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്കുള്ള കവാടം കാണാം.
ഇടത്തേക്ക് തിരിഞ്ഞ് വെറും രണ്ടു കിലോമീറ്റര്‍ കൂടി
യാത്ര ചെയ്‌താല്‍ വിലങ്ങനില്‍ എത്തിച്ചേരാം. കുന്നിന്‍ മുകളിലേക്ക് വാഹനം
കൊണ്ടുപോകാം. ഈ ചെറിയ ദൂരം നടന്നു കയറുന്നതും വേറിട്ടൊരു അനുഭവമാകും.
(തൃശ്ശൂരില്‍ നിന്നും ആകെ 7 കിലോമീറ്റര്‍ മാത്രം.)


കുന്നിന്‍ മുകളിലെ കാഴ്ചകള്‍...

കുന്നിന്‍ മുകളിലെത്തിയാല്‍ പിന്നെ മേഘങ്ങളോടു കിന്നരിച്ചു നടക്കാം...
കുന്നിന്റെ മുകളില്‍ വക്കത്തിലൂടെ ഒരു പാതയുണ്ട്, അതിലൂടെ നടന്നാല്‍ കാഴ്ച്ചയുടെ
പുതിയൊരു ലോകം തന്നെ നമുക്ക് തുറന്ന് കിട്ടും. ഗൂഗിള്‍ മാപ് എടുത്ത് വച്ചപോലെ
അങ്ങകലെയുള്ള കൊച്ചു ഗ്രാമങ്ങള്‍, പാടങ്ങള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, പുഴകള്‍,
ഫ്ലാറ്റുകള്‍ എല്ലാം പനോരമിക് വ്യൂവിലൂടെ കാണാം.

 

വിലങ്ങന്‍ കുന്നില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ഒരു കൂറ്റന്‍ ശില്‍പ്പമാണ്.
പത്തടിയില്‍ ഏറെ ഉയരമുള്ള ഒരു കര്‍ഷക കുടുംബത്തിന്റെ ശില്പം എത്ര
മനോഹരമായാണ് ആ പുല്‍ത്തകിടിയില്‍ ഒരുക്കിയിട്ടുള്ളത് !
അച്ഛനും അമ്മയും രണ്ടു മക്കളും കൊയ്ത്ത് കഴിഞ്ഞു മടങ്ങുന്ന രംഗമാണ്
ശില്പി മെനഞ്ഞിരിക്കുന്നത്. കൂടെ കൂട്ടിനായി ഒരു നായയുമുണ്ട്. കറ്റ തലയിലേറ്റി നടക്കുന്ന
അമ്മയും, കൌതുകത്തോടെ ഓടിച്ചാടി നടക്കുന്ന മക്കളും, പിറകെ വാലാട്ടി നടക്കുന്ന
നായയും നിശ്ചലമായി ആവിഷ്ക്കരിച്ചപ്പോള്‍ അതൊരു മികവുറ്റ സൃഷ്ട്ടിയായി !
ആരായിരിക്കും ഈ ശില്‍പം തീര്‍ത്തത്?



കുട്ടികള്‍ക്ക് വേണ്ടി മനോഹരമായ വിശാലമായൊരു പാര്‍ക്ക്‌ ഉണ്ടിവിടെ. കുന്നിന്റെ മുകളില്‍
മേഘങ്ങള്‍ക്കരികില്‍ ഒരുക്കിയ ഈ പാര്‍ക്കും വ്യത്യസ്തമായൊരു അനുഭവമായേക്കും.




പാര്‍ക്കിനരികിലെ കനാലിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ പുതിയതായി പണി പൂര്‍ത്തിയാവുന്ന
SOBHA CITY കാണാം, ഇന്നലെ പെയ്ത മഴയില്‍ മുളച്ച കൂണുകള്‍ എന്നപോലെ...



 
വിലങ്ങനില്‍ പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതാണ്;
പഴയ ഒരു ശിലാ സ്ഥാപനത്തിന്റെ ശേഷിപ്പുകള്‍ എന്നപോലെ വെട്ടുകല്ലില്‍ തീര്‍ത്ത
ഒരു നിര്‍മ്മിതി. ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ പോലെ തോന്നും.
കല്ല്യാണം കഴിഞ്ഞ് ഔട്ട്‌ ഡോര്‍ വീഡിയോ എടുക്കാന്‍ വരുന്നവര്‍ക്ക് ഇതൊരു
മുതല്‍ക്കൂട്ടാണ്, തീര്‍ച്ച.


ഇന്ത്യ ഗവണ്മെന്റ് സ്ഥാപിതമായ ഒരു AUTOMATIC RAINGUAGE STATION
ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.



മനുഷ്യ നിര്‍മ്മിതമായ കാര്യങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. മനോഹരങ്ങളായ
തണല്‍ മരങ്ങളും പൂക്കളും, ഒട്ടനവധി ഔഷധ സസ്യങ്ങളും, അപൂര്‍വ്വയിനം പക്ഷികളും
നമുക്കിവിടെ കാണാം.

 
 
 
 

അലസമായി, പാതയരികിലെ പുല്‍ചെടികളില്‍ വിരലോടിച്ചു നടക്കാന്‍;
സായന്തന കാറ്റേറ്റ്, ദൂരെ പ്രകൃതി ഒരുക്കിയ കാഴ്ചകളിലേക്ക് പറന്നിറങ്ങാന്‍;
അനന്തമായ ആകാശത്തിലെ സാന്ധ്യ മേഘങ്ങളില്‍ ഒറ്റക്കിരുന്ന് അലിഞ്ഞില്ലാതാവാന്‍;
ഒരിക്കലെങ്കിലും നമുക്കിവിടെ പോകാം, വിലങ്ങന്‍ കുന്നിലേക്ക്...



 

 സന്ദര്‍ശന സമയം: രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ.