November 28, 2012

കുളി സീന്‍


കുളി സീന്‍ ലൊക്കേഷന്‍ : കോട്ടയത്തെ കുമാരനെല്ലൂര്‍ ദേശം.
മീനച്ചില്‍ ആറിന്റെ ഒരു ശാഖയൊഴുകുന്ന സുന്ദരമായൊരു കുളിക്കടവ്...


കോട്ടയത്തുള്ള സുഹൃത്തിന്റെ അമ്പലത്തില്‍ ഉത്സവം ആഘോഷിക്കാന്‍ പോയതാണ്
ഞാനും കൂട്ടുകാരും. ഉത്സവ ലഹരിയില്‍ ആറാടി നില്‍ക്കവേ ക്ഷീണം മാറ്റാന്‍
തൊട്ടരികിലുള്ളോരു കുളിക്കടവില്‍ പോയി. ഉച്ച സമയമായതു കൊണ്ട്
വേറെ ആരും കടവില്‍ ഉണ്ടായിരുന്നില്ല. കുളി കഴിഞ്ഞ് കടവിന്റെ പടികള്‍
കയറവേ ഞങ്ങള്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല !!!!


ഉത്സവത്തിന്‌ വന്ന ഒരു തരുണീമണി കുളിക്കാനായി അതാ കടവിലേക്ക് വരുന്നു.
എണ്ണക്കറുപ്പിന് എഴഴകാണെന്ന് തെളിയിച്ചു കൊണ്ട് അവള്‍ കുണുങ്ങി കുണുങ്ങി
കുളിക്കടവിന്റെ അരികിലെത്തി... 

നിനച്ചിരിക്കാതെ കിട്ടിയ ഈ അപൂര്‍വ്വ അവസരം
മുതലാക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു; ഉത്സവത്തിന്റെ സദ്യയും കഴിച്ച്
നാലും കൂട്ടിയുള്ളോരു മുറുക്കും,  കുളത്തില്‍ വിശാലമായൊരു കുളിയും കഴിഞ്ഞ്
തിരിച്ചു പോരാന്‍ നിന്ന ഞങ്ങള്‍ക്ക് "കാഴ്ച്ചയുടെ" വിരുന്നൂട്ടാന്‍ ഒരു കുളി സീന്‍ കൂടി.
ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി. സീന്‍ മുഴുവനായും കാണുന്നതിന് വേണ്ടി
ഞങ്ങള്‍ കുളിക്കടവിന്റെ കോലായിലെ മതിലിനു പുറകില്‍ ഒളിച്ചിരുന്നു.

കുളിക്കാന്‍ വന്ന തരുണീമണി, പടവുകളിറങ്ങി മെല്ലെ കാല്‍ വെള്ളത്തില്‍ തൊട്ടു.
മേലാസകലം ചൂട് പിടിച്ചിരുന്ന അവളുടെ ശരീരം തെളിനീരിന്റെ കുളിര്‍മ്മയില്‍
മുങ്ങി നീരാടാന്‍ ഒരുങ്ങുന്ന കാഴ്ച ഞങ്ങളെയും ചൂട് പിടിപ്പിച്ചു. അതാ അവള്‍
മുഴുവനായും വെള്ളത്തിലേക്ക് പതുക്കെ പതുക്കെ ചായുന്നു.
(ലൈവ് ആക്ഷന്‍ കാണാന്‍ ചിത്രങ്ങള്‍ ചുവടെ ഉണ്ട്, നിങ്ങള്‍ മിസ്സാക്കില്ല എന്നറിയാം)
അതുവരെ കാഴ്ച്ചയുടെ രസം പൂണ്ടു നിന്ന ഞാന്‍ സ്വബോധം വീണ്ടെടുത്ത്‌,
ബാഗില്‍ നിന്നെടുത്ത ക്യാമറയുടെ ബട്ടണില്‍ തുരുതുരാ വിരലമര്‍ത്തി.
ക്ലിക്കിയ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട് അനേകം ലൈക്കുകള്‍ നേടി ഇവളെ
"പ്രശസ്ത"യാക്കുന്ന കാര്യം ഞാനേറ്റു എന്നൊക്കെ ഓര്‍ത്തിരിക്കവേ 
അവളുടെ നീരാട്ടു കാണാന്‍ കുളിക്കടവില്‍ ആളുകള്‍ കൂടി.
പിന്നെ അവിടെയൊരു ബഹളമായിരുന്നു. ഈ ബഹളവും ആളുകളെയും ഒന്നും
ശ്രദ്ധിക്കാതെ അവള്‍ അപ്പോഴും കുളിച്ചുകൊണ്ടേയിരുന്നു.
ആറ്റിന്‍കരയില്‍ ഒഴുകിയെത്തിയ ഒരു പാറ കഷണം  പോലെ
അവള്‍ വിളങ്ങി നിന്നു.

  
 
 


സഞ്ചരിക്കുന്ന പുകവണ്ടിപോലെ, ചുണ്ടിലെരിയുന്ന ബീഡിക്കുറ്റിയുമായി,  
ഒടുവില്‍ ആ പിടിയാനയുടെ പപ്പാന്‍ വന്ന് ചകിരിവച്ച് അവളെ കുളിപ്പിച്ചെടുത്തു.
"ഓരോ തവണ വെള്ളമൊഴിച്ച് കഴുകിയപ്പോഴും
പെണ്ണിന്റെ മൊഞ്ച് കൂടികൂടി വന്നു...
ആനയുടെ തൊലിപ്പുറത്ത് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം
കറുപ്പ് നിറമുണ്ട്, ആ നിറമായപ്പോള്‍ കുളി അവസാനിപ്പിച്ച് അവള്‍  
കുളിക്കടവിന്റെ വരാന്തയിലൂടെ പാപ്പാനോടൊപ്പം നടന്നു നീങ്ങി..."

 
നടന്നകലുമ്പോള്‍ കുഞ്ചലം കെട്ടിയ അവളുടെ ആനവാല്‍ എന്നെ നോക്കി
റ്റാ റ്റാ പറയുന്നുണ്ടായിരുന്നു... ഏതെങ്കിലും കുളിക്കടവില്‍ വച്ച് ഞാന്‍
നിന്നെ എടുത്തോളാം എന്ന് ഞാനും മനസ്സില്‍ പറഞ്ഞു...

(ആനയുടെ കുളി സീന്‍ കാണാനെത്തിയവര്‍ )

ഈ പോസ്റ്റിന്റെ ടൈറ്റില്‍ കണ്ട് "പ്രതീക്ഷയോടെ" കുളി സീന്‍ കാണാന്‍
ഇവിടെയെത്തിയ  മാന്യ വായനക്കാരോട് ആദ്യമേ ഒരു കാര്യം
ഉണര്‍ത്തിക്കാന്‍ മറന്നു(മന:പൂര്‍വ്വം),
ഈ കുളി സീന്‍ ഒരു പിടിയാനയുടെ ആണെന്ന് !
അറിഞ്ഞോ അറിയാതെയോ ഞാന്‍ ആരുടെയെങ്കിലും
പ്രതീക്ഷയുടെ ലടു പൊട്ടിച്ചെങ്കില്‍, മാപ്പ് തരിക :)

5 comments:

Sreenath G said...

kollam

kunthampattani said...

oru kiliyude kuli scene pratheekshichaanu clickiyathu... aanayude kuli scene thakarthu... :)

khader patteppadam said...

o'k.good

suraj_ns said...

" എണ്ണക്കറുപ്പിന് എഴഴകാണെന്ന് തെളിയിച്ചു കൊണ്ട് അവള്‍ കുണുങ്ങി കുണുങ്ങി
കുളിക്കടവിന്റെ അരികിലെത്തി " ഇത് വായിച്ചതോട് കൂടി എന്റെ പൊട്ടിയ ലഡ്ഡുവെല്ലാം ഒട്ടിപ്പോയി ചേട്ടാ...

JITHU (Sujith) said...

നന്ദി...
ശ്രീനാഥ് , പട്ടേപ്പാടം സാര്‍ ,
കുന്തംപട്ടാണി സീന, സൂരജ് ...

കുളി സീന്‍ കണ്ട എല്ലാവര്‍ക്കും നന്ദി.