September 09, 2012

3D ടൂര്‍ കൂട്ട്

3D ടൂര്‍ കൂട്ട്

യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം സുപരിചിതമാണ് മാതൃഭുമിയുടെ "യാത്ര"
എന്ന മാഗസിന്‍. ഇന്നലെ പുസ്തകശാലയില്‍ പോയപ്പോള്‍, പുതുമണം മാറാത്ത
പുസ്തകങ്ങളിലൂടെ വിരലോടിച്ച് നടന്നപ്പോള്‍ പെട്ടെന്നാണ് "യാത്ര" പോലെയുള്ള
ഒരു മാഗസിന്‍ ശ്രദ്ധയില്‍പെട്ടത്. ടൂര്‍ കൂട്ട് (Tourkoot, Travel & Beyond)
എന്ന പേരില്‍ കൊച്ചിയില്‍ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഈ
മാഗസിന്‍ കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി അത് വാങ്ങിച്ചു.

ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം, സാമാന്യം നല്ല നിലവാരത്തില്‍
തന്നെയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് എന്ന്. ജൂലൈ-ഓഗസ്റ്റ്‌
പതിപ്പിന് വേറെയൊരു സവിശേഷത കൂടിയുണ്ട്. 3D യിലാണ് ഈ മാഗസിന്‍
നമ്മളെ തേടിയെത്തിയിരികുന്നത്‌, അതെ മലയാളത്തിലെ ആദ്യത്തെ 3D മാഗസിന്‍.

കേരളത്തിലെയും വിദേശത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പറ്റി നല്ല ലേഖനങ്ങള്‍
ഉണ്ട് ഈ മാഗസിനില്‍. ആന്ദമാന്‍ ദ്വീപുകളും, ഗവിയും, അതിരപ്പിള്ളിയും, ബ്രുണേ
കൊട്ടാരങ്ങളും എല്ലാം ടൂര്‍ കൂട്ടിന്റെ താളുകളില്‍ നിറയുന്നു, ത്രിമാന ചിത്രങ്ങള്‍ സഹിതം.
ഫോട്ടോഗ്രഫി ടിപ്സും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ത്രിമാന മാഗസിന്‍ എന്നൊരു ആശയം തന്നെ പുതുമയേറിയതാണ് , ഈയൊരു
സങ്കേതം വളരെ രസകരമായ രീതിയില്‍ അവതരിപ്പാന്‍ ടൂര്‍ കൂട്ടിന്റെ അണിയറ
പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒടുവിലത്തെ ലക്കത്തിന്റെ കവര്‍ ചിത്രം തന്നെ
അതി മനോഹരമാണ്, ത്രിമാന അനുഭൂതി പ്രദാനം ചെയ്യുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം !
ത്രിമാനമായി കാണുന്നതിനായി ഒരു കണ്ണടയും മാഗസീനിന്റെ കൂടെ സൌജന്യമായി
ലഭിക്കും, ഇത് വച്ച് നോക്കിയാല്‍ മാത്രേ 3D യില്‍ കാണാ നൊക്കൂ.


കവര്‍ ചിത്രം മാത്രമല്ല കേട്ടോ, ഉള്‍ പേജുകളും ത്രിമാനം തന്നെ. ടൂര്‍ കൂട്ടിനുള്ളിലെ
പരസ്യങ്ങള്‍ പോലും ത്രിമാനമാണ് ! കൂടാതെ ഫോട്ടോ സെക്ഷനില്‍ പ്രത്യേകമായി
നിറഞ്ഞു നില്‍ക്കുന്നത്, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ദൃശ്യങ്ങളാണ്.
മാസ്മരിക കാഴ്ചയുടെയും വര്‍ണ്ണങ്ങളുടെയും ലോകം തീര്‍ക്കുന്ന പൂരത്തിന്റെ
ചിത്രങ്ങള്‍ ത്രിമാന രൂപേണ കാണുന്നത് തികച്ചും വ്യത്യസ്തം തന്നെ!

ചിത്രങ്ങളുടെ വിതാനം മാത്രമല്ല, ഓരോ ലേഖനത്തിലും നല്ല രീതിയില്‍ തന്നെ
വിശദാംശങ്ങളും ഉണ്ട്. വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ മാഗസിന് 40 രൂപയാണ് വില.
എന്ത് തന്നെയായാലും പുതിയൊരു സംരംഭമല്ലെ, യാത്രകളെ സ്നേഹിക്കുന്ന നമുക്ക്
ഇവരെ സ്വീകരിക്കാം, പ്രോത്സാഹിപ്പിക്കാം...
കേരളത്തിലെ തന്നെ ഇതുവരെ അറിയപ്പെടാത്ത സ്ഥലങ്ങളെ പരിചയപ്പെടുത്താന്‍
ഈ മാഗസിന് വരും ലക്കങ്ങളില്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.

"ചിന്ത" ബ്ലോഗിന്റെയും ബ്ലോഗ്‌ വായനക്കാരുടെയും ഭാവുകങ്ങള്‍ നേരുന്നു.