May 22, 2012

അമ്പലക്കോഴികള്‍

കോഴികളെ വീടിനകത്തേക്ക് കയറ്റാന്‍ നമ്മള്‍ സമ്മതിക്കോ ? ഇല്ല.
അപ്പോള്‍ പിന്നെ പരിപാവനമായി കരുതുന്ന ഒരു  ക്ഷേത്രത്തിലേക്ക് കോഴികളെ
കയറ്റുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട, അല്ലേ !
എന്നാല്‍ ഈ കഴിഞ്ഞയാഴ്ച തൃശൂരിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഒരു
സുഹൃത്തിന്റെ വിവാഹ ചടങ്ങിനു പോയപ്പോള്‍ കണ്ട കാഴ്ച എന്നില്‍ കൌതുകമുണര്‍ത്തി.
അമ്പലത്തിന്റെ കവാടം കടന്നത്‌ മുതല്‍ അവിടിവിടെ കോഴികള്‍,
അപ്പൊ കരുതി ക്ഷേത്രത്തിന്റെ മുറ്റത്ത്‌ മാത്രേ ഇവയുണ്ടാകൂ എന്ന്;
എന്നാല്‍ ചുറ്റമ്പലത്തില്‍ കടന്നപ്പോഴല്ലേ രസം;
ശ്രീകൃഷ്ണജയന്തിക്കുള്ള ശോഭയാത്രയില്‍, "അമ്പാടി നിറയെ ഉണ്ണിക്കണ്ണന്‍മാര്‍"
എന്ന് പറയും പോലെ അമ്പലത്തിന്റെ അകം മുഴുവന്‍ പലവിധ വര്‍ണ്ണത്തിലുള്ള
പൂവന്‍ കോഴികള്‍ അങ്കവാലും വിരിച്ച് നെറ്റിയില്‍ ചുവന്ന പൂവും വച്ച് വിഹരിക്കുന്നു.

ക്യാമറക്കണ്ണില്‍ കണ്ട കാഴ്ച വിശ്വസിക്കാന്‍ ആദ്യം കുറച്ചു സമയമെടുത്തു.
പിന്നീടാണ് അറിഞ്ഞത് ഇതിവിടുത്തെ മാത്രം ഒരു പ്രത്യേകതയാണെന്ന്.
ആ അമ്പലത്തില്‍ പ്രതിഷ്ഠയുള്ള ഭഗവതിയുടെ വാഹനമാണത്രേ ഈ പൂവന്‍ കോഴികള്‍;
പഴന്നൂര്‍കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കേവല്‍ കോഴികള്‍.
ഞങ്ങളുടെ നാട്ടില്‍ ഇതിനെ ചാത്തന്‍ കോഴി എന്നും പറയും, കൊളോക്ക്യലായി :)


 എന്തായാലും നല്ല നെഞ്ചുറപ്പുള്ള സുന്ദരന്‍ ആണ്‍കോഴികളെ മാത്രേ
ഇവിടെ കാണാനൊക്കൂ. കുണുങ്ങി കുണുങ്ങി നടക്കുന്ന സുന്ദരി പിടകളെയൊന്നും
ഇവിടെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന് സാരം.ഇനി, എവിടുന്നാണ് ഇത്രയധികം പൂവന്‍ക്കോഴികള്‍ എന്നല്ലേ?
ഭഗവതിയുടെ പ്രീതിയുള്ള ഭക്തര്‍ വഴിപാടായിട്ടാണ് കോഴികളെ ഇവിടെ
നടയ്ക്കിരുത്തുന്നത്. കാര്യസിദ്ധിക്കായി ഇവിടുത്തെ പ്രത്യേക വഴിപാടാണിത്.
കോഴികള്‍ക്കുള്ള അന്നദാനവും കോഴിയെ പറപ്പിക്കലും ഇവിടെ വഴിപാടായുണ്ട്.

 
 

ബലിക്കല്ലിനരികിലും കൊടിമരത്തിന്റെ താഴെയും ക്ഷേത്രനടയിലും എല്ലാം
ഈ കോഴികള്‍ വഴിപാടായി ലഭിക്കുന്ന അരിമണികളും കൊത്തി, വെള്ളവും കുടിച്ച്,
കൊട്ടുവായും ഇട്ട്, സഹവാസികളുമായി കലഹിക്കാതെ സുഖമായി കഴിയുന്നു.
പുറം നാടുകളില്‍ നിന്നും വഴിപാടായി കൊണ്ട് വന്ന വരുത്തന്മാരും ഈ കൂട്ടത്തിലുണ്ട്.
ഇവറ്റകളുടെ അംഗവിക്ഷേപങ്ങളും ചെയ്തികളും കണ്ടുനില്‍ക്കുക തന്നെ ഒരു രസമാണ്.

 
 

 
എന്തായാലും സുഹൃത്തിന്റെ കല്ല്യാണം കാണാന്‍ പത്നീസമേതം പോയ എനിക്ക്
ഈ വിചിത്ര കാഴ്ചകളില്‍ ക്ലിക്കി നടന്നപ്പോള്‍ താലികെട്ട് മിസ്സായിപ്പോയി.
പൂവന്‍കോഴീ സവിധത്തില്‍ ഭഗവതിയുടെ അനുഗ്രഹത്തോടെ വിവാഹിതരായ
വരനും വധുവിനും മംഗളങ്ങള്‍ മാത്രം നേരുന്നു. കൊക്കര ക്കോ ക്കോ .....May 14, 2012

നാടകക്കളരി

തൃശ്ശൂരിലെ എന്റെ സ്വന്തം ഗ്രാമമായ കോനിക്കരയിലെ, നേതാജി വായനശാലയില്‍
ഈയിടെ സംഘടിപ്പിച്ച ഒരു നാടകക്കളരിയുടെ വിശേഷങ്ങള്‍ ഇവിടെ പോസ്റ്റുന്നു.


"നേതാജിയില്‍ നാടകക്കളരിയുടെ മാമ്പഴക്കാലം."

അവധിക്കാലം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ കൊച്ചു കൂട്ടുകാര്‍ക്ക് പല വിശേഷങ്ങളും
പറയാനുണ്ടാകും. എന്നാല്‍ കോനിക്കരയിലെ കുട്ടികള്‍ ഈ അവധിക്കാലം ഓര്‍ക്കുന്നത്
അവര്‍ ആര്‍ത്തുല്ലസിച്ചു പങ്കെടുത്ത ഒരു നാടകക്കളരിയുടെ മാധുര്യത്തിലാവും.

തൃശ്ശൂരിലെ ഗ്രേഡ് A  പദവിയുള്ള, കോനിക്കരയിലെ നേതാജി വായനശാലയിലാണ്
കുട്ടികള്‍ക്കായി മൂന്നു ദിവസം നീണ്ടു നിന്ന നാടകക്കളരി സംഘടിപ്പിച്ചത്.
തൃശൂരിലെ പ്രശസ്ത ചിത്ര കലാകാരനായ ശ്രീ സുരേന്ദ്രന്‍ ചെമ്പൂക്കാവാണ് ക്യാമ്പിന്
നേതൃത്വം വഹിച്ചത്. മെയ്‌ 9 ,10 ,11  എന്നീ ദിവസങ്ങളില്‍ നടത്തിയ ക്യാമ്പിലേക്ക്
നാല്‍പ്പതോളം കുട്ടികള്‍ നാടക കലയുടെ ബാലപാഠങ്ങള്‍ ഗുരു മുഖത്ത് നിന്നും
പഠിക്കാന്‍ എത്തി. കൊനിക്കരയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് പോലും കുട്ടികള്‍
ഉത്സാഹപൂര്‍വ്വം കേട്ടറിഞ്ഞെത്തി.

വേനലവധിയില്‍, പൊള്ളുന്ന ചൂടുള്ള പകലില്‍, വലിയൊരു മാവിന്റെ തണലില്‍ ഒത്തുകൂടിയ
പ്രതീതിയായിരുന്നു കുട്ടികള്‍ക്കൊക്കെ. കളരിയില്‍, മാസ്റ്റര്‍ ക്യാമ്പ്‌ അംഗങ്ങളെക്കൊണ്ട്
തന്നെ സ്ക്രിപ്റ്റും ഡയലോഗും എഴുതിച്ചു;
മറ്റു ചിലര്‍ അത് അഭിനയിച്ചു ഫലിപ്പിച്ചു. ചേട്ടന്മാരും ചേച്ചിമാരും നാടകക്കളരിയുടെ
പണിപ്പുരയില്‍ തിരക്കിട്ട് നടന്നപ്പോള്‍ ഒന്നുമറിയാത്ത കൌതുകത്തോടെ നോക്കിനിന്ന
കുരുന്നുകളും ക്യാമ്പിന്റെ ഹരമായി. അഞ്ചു വയസ്സുള്ള കുരുന്നുകള്‍ മുതല്‍ പ്ലസ്‌ ടു
വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ ഒത്തുകൂടിയപ്പോള്‍, കളരിക്ക് നേതൃത്വം നല്‍കിയ
സുരേന്ദ്രന്‍ മാഷിന് കഥാപാത്ര വൈവിധ്യങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍
ഏറെ പ്രയാസപ്പെടെണ്ടി വന്നില്ല.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ "മാമ്പഴം" എന്ന കവിതയുടെ ദ്രിശ്യാവിഷ്ക്കാരം ഒരുക്കിയത്
ക്യാമ്പ്‌ കാനാനെത്തിയവരെയും അഭിനയ മുഹൂര്‍ത്തങ്ങളുടെ വിരുന്നൂട്ടി.
മാമ്പഴത്തിലെ ഉണ്ണിയും അമ്മയും മികച്ച കഥാപാത്രങ്ങളുടെ വരവറിയിച്ചു
എന്നാണ് കാണികളുടെ സാക്ഷ്യം.

കോനിക്കരയുടെ പ്രധാന ബസ്‌ സ്റ്റോപ്പ്‌ ആയ "നെല്ലിചോട്" ബസ്‌ സ്റ്റോപ്പ്‌ നെയും
ഉള്‍ക്കൊള്ളിച്ച് കഥാഖ്യാനം നടത്തിയപ്പോള്‍ അത് നാട്ടുകാര്‍ക്കെല്ലാം നവ്യാനുഭവമായി.
അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും
നാട്ടുകാര്‍ക്കും എന്നെനും ഓര്‍ത്തുവയ്ക്കാവുന്ന ദിനങ്ങള്‍ സമ്മാനിക്കാനായത്തിന്റെ
ചാരിഥാര്‍ത്ത്യത്തിലാണ് നേതാജി വായനശാല ഭാരവാഹികള്‍.
59  വര്‍ഷങ്ങളായി കൊനിക്കരയുടെ കലാ-സാഹിത്യ-സാംസ്കാരിക മേഘലയില്‍
നാടിന്റെ ഹൃദയ ത്തുടിപ്പായി നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിന് ഇന്നും യവ്വനമാണ് .
കരുത്തുറ്റ കര്‍മ്മ ശേഷിയുള്ള ഒരു പുത്തന്‍ യുവതയാണ് ഇന്ന് വായനശാലയെ
മുന്നോട്ടു നയിക്കുന്നത്. കലയെയും സാഹിത്യത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം
തന്നെ പുതുയുഗത്തിന്റെ മാറ്റങ്ങളെയും ടെക്നോളജിയെയും നാടിന്
 പരിചയപ്പെടുത്തുന്നതിനായി ഇടയ്ക്കിടെ ഇവിടെ ചര്‍ച്ചാ ക്ലാസ്സുകളും പഠന ശിബിരങ്ങളും
സംഘടിപ്പിക്കാറുണ്ട്. പുതിയ ആശയങ്ങളും യുവാക്കള്‍ക്ക് വേണ്ടിയുള്ള പരിപാടികളും
നേതാജി വായനശാലയില്‍ ഉടനെ സംഘടിപ്പിക്കുന്ന തിരക്കിലാണ് വായനശാല
ഭാരവാഹികള്‍ . ഒപ്പം കര്‍മ നിരതരായി ഒരുകൂട്ടം യുവാക്കളും ചേട്ടന്മാരും പിന്നെ
വായനശാലയുടെ പഴയ പ്രവര്‍ത്തകരും കൂടെ തന്നെയുണ്ട്‌.
വായനശാലയും യുവാക്കളും ഉണരുമ്പോള്‍ നാടും ഉണരും
എന്ന പ്രതീക്ഷയിലാണ് കോനിക്കരക്കാര്‍.

May 04, 2012

ശലഭ വിശേഷംകഴിഞ്ഞ ദിവസം, നിനച്ചിരിക്കാതെ വീട്ടു മുറ്റത്തേക്ക് പാറി വന്ന ഒരു ചിത്രശലഭം. 
ചെമ്പരത്തിയിലും ചെത്തിയിലും പാറി പാറി നടന്നു തേന്‍ കുടിക്കുന്ന കണ്ടപ്പോ അന്തിക്കാടിന്റെ പുതിയ സിനിമയില്‍  ലാലേട്ടന്‍
പറഞ്ഞു ഹിറ്റാക്കിയ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്;
"തേന്‍ കുടിക്കുന്നു... പറക്കുന്നു... പരാഗണം..."


ഈ ചിത്രശലഭങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണത്രേ !
മുട്ടയില്‍ നിന്നും ലാര്‍വ യിലേക്കും പ്യുപ്പയിലേക്കും ഉള്ള പരിണാമം കഴിഞ്ഞ് 
ഒരു സുന്ദരന്‍ ചിത്രശലഭമായി കഴിഞ്ഞാല്‍ പിന്നെ 
ആയുസ്സ് പേരിനു മാത്രേ ഉള്ളൂ എന്ന് സാരം.
മിക്കവാറും ശലഭങ്ങള്‍ ഒരു മാസം മാത്രേ ജീവിച്ചിരികുകയുള്ളൂ.
ശലഭത്തിന്റെ ഇനവും വലിപ്പവും ജീവിക്കുന്ന സാഹചര്യവും ഒക്കെ അനുസരിച്ച് 
അപൂര്‍വ്വം ചിലയിനം മാത്രം ആറു മാസം വരെ ജീവിക്കുമത്രേ.


(Photo from Net)
 
 (Photo from Net)

 


വളരെ മനോഹരമായചിറകുകള്‍ വീശി പാറിപ്പാറി നടക്കുന്ന ഇവയെ 
നമ്മള്‍ പിന്നെ ഓര്‍ക്കാറുണ്ടോ? പലവിധ വര്‍ണ്ണത്തില്‍, തരത്തില്‍ ഉള്ള ശലഭങ്ങള്‍ 
നമ്മുടെയൊക്കെ കണ്ണുകള്‍ക്ക്‌ കാഴ്ച്ചയുടെ ശീവേലിയൊരുക്കി 
എവിടെയോ പോയ്‌ മറയുന്നു...

ശലഭങ്ങളെക്കുറിച്ച് ഈയിടെ ഒരു കൌതുകം വായിക്കാനിടയായി. 
"ബട്ടര്‍ഫ്ലൈ എഫെക്റ്റ് " പോലെയുള്ള സിദ്ധാന്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ 
പറയുന്ന ഒരുദാഹരണം കേട്ടിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നത് ഇങ്ങനെയാണ്...

"ആമസോണ്‍ കാടുകളില്‍ ചിറകടിക്കുന്ന ഒരു ചിത്രശലഭത്തിന്, 
ലോകത്തിന്റെ അങ്ങേയറ്റത്തെ ഒരിടത്ത്
കൊടുംകാറ്റ് പോലെ ശക്തമായ കാറ്റുണ്ടാക്കാന്‍ തക്ക ശക്തിയുണ്ടാത്രേ !"