October 31, 2012

കര്‍ട്ടന്‍ വലി


(Image from Internet)

കഴിഞ്ഞ ആഴ്ച നവരാത്രി മണ്ഡപത്തിലെ സംഗീത-നൃത്ത പരിപാടികള്‍ കാണാന്‍
തൃശ്ശൂരിലെ എടക്കുന്നി അമ്പലത്തില്‍ പോയി. വേദിയില്‍ എന്റെ ടീച്ചര്‍ മോഹിനിയാട്ടം
അവതരിപ്പിക്കുന്നു. ടീച്ചറിന്റെ പതി, സതീഷ്‌ സര്‍ എന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്‌.
നൃത്തം വളരെ മനോഹരമായി അവസാനിച്ചു, കര്‍ട്ടന്‍ ഇടാന്‍ ചരടു വലിക്കാരുടെ ഒരു
കൂട്ടം തന്നെയുണ്ട്‌ സ്റ്റെജിന്റെ അരികില്‍.

ഓരോ ഐറ്റം കഴിയുമ്പോഴും കര്‍ട്ടന്‍ ഉയര്‍ത്താനും, പരിപാടികള്‍ കഴിയുമ്പോള്‍
കര്‍ട്ടന്‍ താഴ്ത്താനും ഈ ഓപ്പറെറ്റര്‍മാരുടെ ഉത്സാഹം ഒന്ന് കാണേണ്ടത് തന്നെ !
ഈ ഉത്സാഹ കമ്മിറ്റിയുടെ ആവേശത്തിലേക്ക് എന്റെ ശ്രദ്ധയെ ക്ഷണിച്ചത്
സതീഷ്‌ സാറായിരുന്നു. സാര്‍ പറഞ്ഞു ; "ബാല്യകാലത്ത്‌ കുട്ടികള്‍ക്ക് കിട്ടുന്ന
ഏറ്റവും വിലയേറിയ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള  ഒരു കാര്യമാണ്
ഇതുപോലെ പരിപാടികള്‍ നടക്കുന്ന സ്ടെജിന്റെ കര്‍ട്ടന്‍ വലിക്കാന്‍ കിട്ടുന്ന
അപൂര്‍വ അവസരങ്ങള്‍."


ശരിയാണ്, സാധാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍  സംഘാടകര്‍
മിക്കവാറും മറന്നു പോകാറുള്ള ഒരു കാര്യമാണ് കര്‍ട്ടന്‍ വലിക്കാര്‍. നിങ്ങളുടെ
നാട്ടില്‍ എപ്പോഴെങ്കിലും കലാപരിപാടികള്‍ നടക്കാറുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും;
എല്ലാം ഒരു വിധത്തില്‍ തയ്യാറാക്കി പ്രോഗ്രാം തുടങ്ങുമ്പോഴാണ് ചിന്തിക്കുക,
അയ്യോ കര്‍ട്ടന്‍ വലിക്കാന്‍ ആരെയാണ് ഏല്‍പ്പിക്കുക? ഒടുവില്‍ ഒരു കൂട്ടം
കുട്ടിപ്പട്ടാളം ഈ "ഭാരിച്ച" ജോലി ഏറ്റെടുക്കും :) കര്‍ട്ടന്‍ വലിക്കായി സ്വയം
തയ്യാറായി നില്‍ക്കുന്നവരും കൂട്ടത്തില്‍ കാണാം...
മിക്കവാറും ബാബു, പോളി , അപ്പു എന്നിങ്ങനെയായിരിക്കും ഇവരുടെ പേര്.
സ്റ്റേജിന്റെ ഇടതു മൂലയില്‍, സൌണ്ട് സിസ്റ്റത്തിന്റെ അരികിലായി ഇവര്‍
സ്ഥാനമുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ സദസ്സിലെ "കളര്‍" എടുക്കാന്‍ പോലും
ഇക്കൂട്ടര്‍ എണീക്കില്ല ! കാരണം ഒന്നെഴുന്നേറ്റാല്‍ പിന്നെ അവസരം നഷ്ടട്ടപ്പെടും.

ഭയങ്കര വലിയ ചുമതലയല്ലേ കയ്യില്‍ കുരുക്കിയ ചരടിന്റെ അറ്റത്തുള്ളത് !
കാണികളുടെ മുഴുവന്‍ ശ്രദ്ധയെയും സ്റ്റെജിലേക്ക് ക്ഷണിക്കുന്നത്
കാണാമറയത്തിരുന്നു ചരടു വലിക്കുന്ന എന്റെ നിയന്ത്രണത്തിലാണ്.
ഞാനില്ലെങ്കില്‍ ഒരാളും ഇവിടെ ഒരു കലയും അവതരിപ്പിക്കാന്‍ പോവുന്നില്ല.
എത്ര വലിയ പുള്ളിയാണെങ്കിലും ഞാന്‍ ചരട് വലിച്ചാലെ നീയൊക്കെ ഇവിടെ
പാട്ട് പാടൂ, നൃത്തമാടൂ... നമ്മളോടാ കളി. ഇനി; പരിപാടി കുളമായാല്‍ കര്‍ട്ടന്‍ ഇട്ടു
തടി തപ്പണമെങ്കിലും ഞാന്‍ തന്നെ വേണം. അപ്പൊ പിന്നെ ഈ "കര്‍ട്ടന്‍ വലി"
അത്ര ചെറിയ "വലി"യൊന്നുമല്ല ! ആണ്‍ കുട്ടികളില്‍ മേച്ചുറിറ്റിയുടെ ആദ്യ പൊന്‍തൂവല്‍
ചാര്‍ത്തി കൊടുക്കുന്ന അത്യുഗ്രന്‍ വലി തന്നെ ഈ "കര്‍ട്ടന്‍ വലി" !!!


ഇനിയുമൊരു പരിപാടി കാണാന്‍ പോകുമ്പോള്‍ നിങ്ങളും ശ്രദ്ധിക്കണേ,
ഈ കര്‍ട്ടന്‍ വലിക്കാരെ.

എനിക്കിവിടെ ഈ ബ്ലോഗ്‌ എഴുതാന്‍ ഇക്കൂട്ടരെ ശ്രദ്ധയില്‍ പെടുത്തിയ
സതീഷ്‌ സാറിന് ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു,
ഒരു ചെറിയ കര്‍ട്ടന്‍ വലിയുടെ ചിന്തയില്‍ തുടങ്ങിയ ടെഡിക്കേഷന്‍ :)

October 25, 2012

തൊട്ടാവാടി 

പെട്ടെന്ന് പിണങ്ങും അവള്‍; എന്റെ തൊട്ടാവാടി പെണ്ണ്
പറഞ്ഞതെന്തോ അറിയാതെ,
എപ്പോഴും കലഹിച്ച് , ഒരുപാട് സ്നേഹിച്ച് ...
പൊടുന്നനെ മുഖം വാടി, നിറം മങ്ങി ഉള്ളിലേക്കൊതുങ്ങി
ചിണുങ്ങി നില്‍ക്കുന്ന അവളെന്നും എന്റെ തൊട്ടാവാടിയായിരുന്നു...ഒടുവിലെപ്പോഴോ,
കളിയായ്‌ പറഞ്ഞ കാര്യമറിയാതെ വാടിയ മുഖം
പിന്നീടൊരിക്കലും വിടര്‍ന്നില്ല !

October 23, 2012

ആദ്യാക്ഷരം
കുറച്ചു മുന്‍പ് "ഹരിശ്രീ ഗണപതയേ നമ:" എന്ന് എഴുതി വന്നതേ ഉള്ളൂ.
വിദ്യാരംഭം കുട്ടികള്‍ക്ക് മാത്രമുള്ള ഒരു ചടങ്ങ് ആണെന്നായിരുന്നു പണ്ടൊക്കെ
എന്റെ ധാരണ. പ്രായ ഭേദമന്യേ ഏതൊരു വിദ്യ അഭ്യസിച്ചു തുടങ്ങുന്നതിനും
ഈ ദിവസം അതുത്തമമാണെന്ന് മനസ്സിലായത്‌ പിന്നീടാണ്.

എത്ര മഹത്തായ ഒരു ആചാരമാണല്ലേ വിദ്യാരംഭം എന്ന ചടങ്ങ്?
ആദ്യാക്ഷരം കുറിക്കലും എഴുത്തിന് ഇരുത്തലുമൊക്കെ നമ്മുടെ കുട്ടിക്കാലത്തും
ഉണ്ടായിട്ടുണ്ടാകും. എഴുത്താശാന്‍ കുട്ടികളെ മടിയിലിരുത്തി, നിലവിളക്കിനെ സാക്ഷിയാക്കി
സ്വര്‍ണ്ണംകൊണ്ട് കുരുന്നു നാവില്‍  അക്ഷരം കുറിക്കുന്നു. പിന്നീട്
നിലത്തു വിരിച്ച മണല്‍ പുസ്തകത്തില്‍ "ഹരിശ്രീ" എഴുതിക്കും. ഒരിക്കലും
നശിക്കാത്തത് (ക്ഷരം ഉണ്ടാകാത്തത് ) എന്നര്‍ത്ഥം വരുന്ന "അക്ഷരം"
ആദ്യമായി ഒരു കുട്ടിക്ക് പകര്‍ന്നു നല്‍കുന്ന വിഷിഷ്ട്ടമായൊരു ചടങ്ങ് .
ഈ അക്ഷരത്തിന്റെ ചുവടു പിടിച്ചാണ് പിന്നീട് എല്ലാ അറിവുകളും നാം
സ്വായത്തമാക്കുന്നത്. കുഞ്ഞു നയനങ്ങളില്‍ കൌതുകം വിടര്‍ത്തി,
ലോലമായ വിരല്‍തുമ്പ്‌ നോവിച്ച് അന്ന് ആദ്യാക്ഷരം എഴുതിച്ചപ്പോള്‍ നമ്മള്‍
ഓര്‍ത്തുവോ?...അറിവിന്റെ മഹാസാഗരത്തിലെക്കുള്ള ആക്കത്തിന്റെ ആദ്യ
ചുവടുകളായിരുന്നു ആ അക്ഷരങ്ങളെന്ന് ?

വിദ്യാരംഭ ദിവസം എഴുതുന്ന ബ്ലോഗ്‌ അക്ഷരങ്ങളെക്കുറിച്ച് തന്നെ ആകട്ടെയെന്നു
കരുതി. എന്തായാലും ഈ വിജയദശമി ദിനത്തില്‍ എന്തെങ്കിലും ഒരു അറിവ് നമുക്ക്
പഠിക്കാന്‍ ശ്രമിക്കാം.

കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലെ വായനശാലയില്‍ "അക്ഷരദീപം"
പരിപാടിയില്‍ ക്ലാസ് എടുത്തപ്പോള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഒരു
കാര്യം ഞാനിവിടെ പോസ്റ്റുന്നു.

മലയാളം അക്ഷരങ്ങള്‍ നമുക്കൊക്കെ അറിയാം (മലയാളം എഴുതാന്‍ അറിയാത്ത
മലയാളികളും നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നറിയാം ) പക്ഷെ മലയാളത്തില്‍ അക്കങ്ങള്‍
എഴുതുന്ന ഒരു സമ്പ്രദായം പണ്ടിവിടെ നിലനിന്നിരുന്നു. ഒരുപക്ഷെ നമ്മുടെ
മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിഞ്ഞെക്കും. പക്ഷെ വിദേശ ഭാഷയുടെ
ആധിക്ക്യത്തില്‍ നാം എന്നോ മറന്നുപോയ ആ മലയാള അക്കങ്ങള്‍ ഞാന്‍
ഇവിടെ അവതരിപ്പിക്കുകയാണ്. പൂജ്യം മുതല്‍ ഒന്‍പതു വരെ മലയാള അക്കങ്ങള്‍
ഇപ്രകാരമാണ്.


ഈ മലയാള അക്കത്തിലുള്ള കലണ്ടറുകള്‍ ഇന്നും ലഭ്യമാണ്, അപൂര്‍വ്വമാണെന്നു മാത്രം.
ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന കലണ്ടറുകള്‍ ഇപ്രകാരമുള്ളതാണ്. വെറുതെ
നമുക്കൊന്ന് പഠിക്കാന്‍ ശ്രമിക്കാം ഈ മലയാള അക്കങ്ങളെ, വെറുതെ ഒരു രസത്തിന്.October 21, 2012

കൊക്കുകളുടെ മഹാ-സമ്മേളനം

കൊക്കുകളുടെ മഹാ-സമ്മേളനം :തൃശൂരിലെ അമല ഹോസ്പിറ്റല്‍ കഴിഞ്ഞ് ഇടത്തേക്കുള്ള വഴിയിലൂടെ ഏകദേശം
2 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഞാന്‍ ഒരു ബോര്‍ഡ് കണ്ടു;
"നന്ദി വീണ്ടും വരിക : അടാട്ട് ഗ്രാമപഞ്ചായത്."
അതിരാവിലെയുള്ള മഞ്ഞിന്റെ പുതപ്പ് മാറ്റി, പകലിലേക്ക്  കണ്ണ് ചിമ്മി
തൊട്ടരികില്‍ സമാനമായ മറ്റൊരു ബോര്‍ഡ് കൂടെ കണ്ടു;
"സ്വാഗതം: തോളൂര്‍ ഗ്രാമ പഞ്ചായത്ത് "


ഈ രണ്ടു ഗ്രാമങ്ങളെയും വേര്‍തിരിക്കുന്നത് മേല്‍പറഞ്ഞ ബോര്‍ഡുകളാണ്.
പക്ഷെ, ഞാനവിടെ കാര്‍ ചവിട്ടിയത്, റോഡിന്റെ ഇരുവശവും
കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന പാട ശേഖരങ്ങള്‍ കണ്ടിട്ടാണ്.
സത്യായിട്ടും അതിശയിച്ചു പോകും, അത്രയും വിശാലമാണവിടം. വണ്ടിയില്‍
നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴല്ലേ പൂരം!


പാടം മുഴുവന്‍ കൊക്കുകളും  ആമ്പലുകളും !!! ദൂരെ നിന്ന് നോക്കിയാല്‍
കൊക്കുകളെയും ആമ്പലുകളെയും വേര്‍ തിരിച്ചയാന്‍ വയ്യ, അത്രയധികം
എണ്ണം ഉണ്ടായിരുന്നു ആ കാഴ്ചയില്‍; ശരിക്കും കൊക്കുകളുടെയും ആമ്പലുകളുടെയും
സംസ്ഥാന തല മഹാസമ്മേളന വേദിയാണെന്നെ തോന്നൂ :)നീളമേറിയ വരമ്പിന്‍ തുഞ്ചത്ത് നിര നിരയായിരുന്നു പുലര്‍ വെയില്‍ കായുന്ന
കൊറ്റികള്‍ നമുക്കൊരു കൌതുക്കാഴ്ച തന്നെയാണ്.


ഏതാണ്ട് 5 വര്‍ഷം മുന്‍പ് ഈ വഴിയിലൂടെ പോയപ്പോഴും സമാനമായൊരു
ദൃശ്യം എന്റെ മനസ്സിലെ ക്യാന്‍വാസില്‍ പതിഞ്ഞിരുന്നു, പക്ഷെ അന്ന്
ക്യാമറയില്‍  പകര്‍ത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഇത്തവണ കിട്ടിയ
അവസരം നഷ്ട്ടപ്പെടുത്തണ്ട എന്നു കരുതി ഓടി നടന്ന് അഞ്ചെട്ടു ക്ലിക്കുകള്‍
ക്ലിക്കി.

 
 

ആമ്പല്‍ പോയ്കകള്‍ക്ക് മീതെ പറന്നുയരുകയും  താണിറങ്ങുകയും ചെയ്യുന്ന
കൊറ്റികളെ നോക്കി നില്‍കാന്‍ തന്നെ രസമാണ്. അവയ്ക്ക് വേണ്ടത്രയും
തീറ്റ അവിടെ സുലഭമായിരിക്കും; അതിനാലായിരിക്കും എപ്പോഴും ഇവിടം
കൊറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. എണ്ണമറ്റ കൊറ്റിക്കൂട്ടത്തിന്റെ
കലപില ശബ്ദവും, വിടര്‍ന്നു നില്‍ക്കുന്ന ആമ്പലുകളുടെ സൗന്ദര്യവും നുകരാന്‍
നിങ്ങള്‍ക്കും ഈ അടാട്ട് ഗ്രാമാതിര്‍ത്തിയിലേക്ക് ചെറിയൊരു യാത്ര പോകാം.

October 11, 2012

കളിപ്പാട്ടം


അമ്മ എന്ന വാക്ക് കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞ് ഏറ്റവും കൂടുതല്‍
ഇഷ്ട്ടപ്പെടുന്നത് അവന്‍ കളിക്കുന്ന കളിപ്പാട്ടങ്ങളെ ആയിരിക്കും എന്ന് തോന്നുന്നു.
ഊണിലും ഉറക്കത്തിലും അവന്റെ ചിന്ത പുതിയതായി കിട്ടിയ കളിപ്പാട്ടത്തിലാണ്.
അതിന്റെ നിറവും പൊലിമയും എല്ലാം അവനെന്നും കൌതുകമാണ്.


പരീക്ഷണങ്ങളുടെ ലാബ് ആദ്യമായി സ്വയം ഒരുക്കുന്നത് അവനീ കളിപ്പാട്ടങ്ങള്‍
കളിച്ചും തല്ലിപ്പൊളിച്ചും ഒക്കെയാണ് എന്ന് തോന്നാറുണ്ട്.


ഒരു കുട്ടിയുടെ സാമൂഹിക വളര്‍ച്ചയുടെ ആദ്യ പടി തുറന്നു കൊടുക്കുന്നതും
കളിപ്പാട്ടങ്ങള്‍ ആണെന്നാണ്‌ എന്റെ പക്ഷം, കാരണം മറ്റു കുട്ടികളുമായി ഈ
കളിപ്പാട്ടങ്ങള്‍ പങ്കു വയ്ക്കുന്നതിലൂടെ അവന്റെ വളര്‍ച്ച തുടങ്ങുന്നു. കളിപ്പാട്ടം
കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍ വിസമ്മതിക്കുന്ന കുട്ടി, ആദ്യമായി ഈ ശീലം
തുടങ്ങുന്നതിനും സാക്ഷിയാണ് ഈ കളിപ്പാട്ടങ്ങള്‍. ഒടുവില്‍ അവന്
ഒരുപാട് കൂട്ടുകാരെ കൊണ്ട് കൊടുക്കാനും ഈ കളിപ്പാട്ടങ്ങള്‍ക്ക് കഴിയുന്നു.നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാവും, ഇയാളെന്തിനാ ഇപ്പൊ കളിപ്പാട്ട വിശേഷങ്ങളുമായി
വന്നത് എന്ന്. കാരണമുണ്ട്; കഴിഞ്ഞ ആഴ്ച കുറച്ചു കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കടകള്‍
അന്വേഷിച്ചു നടന്നപ്പോഴാണ് ഇക്കാര്യം ഓര്‍ത്തത്‌. ചെന്നൈയില്‍ ഉള്ള എന്റെ
ഏട്ടന്റെ മകനെ കാണാന്‍ പോവുകയാണ്, കുട്ടാപ്പിക്ക് കുറച്ചു കളിപ്പാട്ടങ്ങള്‍ വാങ്ങണം.
പക്ഷെ സാധാരണ എല്ലാ കടയിലും കിട്ടുന്ന കാറും പ്ലൈനും ഒന്നും വേണ്ട,
നല്ല നാടന്‍ കളിപ്പാട്ടങ്ങള്‍ വേണം, എന്റെയൊക്കെ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള,
മരത്തില്‍ തീര്‍ത്ത കളിപ്പാട്ടങ്ങള്‍.


ഒരുപാട് അന്വേഷിച്ചു, പക്ഷെ എവിടെയും കിട്ടാനില്ല എല്ലായിടത്തും പ്ലാസ്ട്ടിക്കിലും
ഇരുംപിലും ഉള്ള കളിപ്പാട്ടം മാത്രേ ഉള്ളൂ. ചീറിപ്പായുന്ന കാറുകളും
വെടിയുതിര്‍ക്കുന്ന തോക്കുകളും സുലഭം. തുമ്പികളെ പിടിച്ചു മുറ്റത്തെ മണ്ണില്‍
ഉണ്ണിക്കാലടികള്‍ വച്ച് ഓടിനടക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത്തരം സങ്കീര്‍ണ്ണമായ
കളിക്കോപ്പുകള്‍ അല്ല വേണ്ടത്. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ അവര്‍ക്ക്
ഇതിന്റെ പുതുമയൊക്കെ പോകും. പിന്നെ എവിടെയെങ്കിലും വലിച്ചെറിയും.
അപ്പോള്‍ ഈ പ്ലാസ്റ്റിക്കും ഇരുംപുമെല്ലാം ഭൂമിക്കു പോലും ബാധ്യതയാവും.


അങ്ങനെ അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു കട കണ്ടത്. ഉള്ളില്‍ കയറി നോക്കി;
ദാ ഇരിക്കുന്നൂ ഞാന്‍ ആഗ്രഹിച്ച തരത്തിലുള്ള, മരത്തിന്റെ കളിക്കോപ്പുകള്‍.
പമ്പരവും കോഴിയും ചക്രവണ്ടികളും ... കഞ്ഞിയും കുഞ്ഞിയും വച്ച് കളിക്കാനുള്ള
പാത്രങ്ങളും ചപ്പാത്തിക്കോലും പലകയും... എല്ലാം പഴയ രൂപത്തില്‍. എല്ലാത്തിന്റെയും
ഓരോ കളിപ്പാട്ടങ്ങള്‍ വാങ്ങി. കുട്ടികള്‍ക്ക് താനേ അടുക്കി വച്ച് കളിക്കാവുന്ന
വിവിധ നിറത്തിലും തരത്തിലുമുള്ള കളി സാധനങ്ങള്‍ ഉണ്ടവിടെ.


ഇനി, ഈ കളിപ്പാട്ടങ്ങള്‍ എനിക്ക് കിട്ടിയത് എവിടെ നിന്നാണെന്നു പറയാം.
കൊച്ചിയിലെ M.G.ROAD ലെ ജോസ് ജങ്ഷനില്‍ ഉള്ള, ജോസ് ബ്രദേര്‍സ്
എന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന "കാവേരി" എന്നൊരു
ഹാന്റി ക്രാഫ്റ്റ് കടയുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ഹാന്റി ക്രാഫ്റ്റ് ഡവലപ്മെന്റ്റ്
കോര്‍പ്പറെഷന്റെ ഈ സ്ഥാപനത്തില്‍ വളരെ മനോഹരങ്ങളായ, ലളിതമായ
നാടന്‍ കളിപ്പാട്ടങ്ങള്‍ ലഭിക്കും.


നമ്മളില്‍ പലരും കുട്ടികളെ വഴക്ക് പറയാറുണ്ട്‌, അവരുടെ ദേഷ്യവും മറ്റും കാണുമ്പോള്‍.
അതുപോലെ മറ്റുള്ളവരോട് പറയും, ഇവന് കളിക്കാന്‍ വളരെ വിലയേറിയ
സാധനങ്ങള്‍  തന്നെ വേണമെന്ന്. പക്ഷെ ഒരുകാര്യം ചോദിച്ചോട്ടെ. നമ്മള്‍
എപ്പോഴെങ്കിലും നാടന്‍ കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് വാങ്ങി കൊടുത്തിട്ടുണ്ടോ?
അവരിലെ നന്മയെ ഉണര്‍ത്തുന്ന; കൌതുകം നിറഞ്ഞ ഒത്തിരി നല്ല കളിപ്പാട്ടങ്ങള്‍
ഇന്നും ലഭ്യമാണ്, അവ തേടി നടന്നു അവര്‍ക്ക് മേടിച്ചു കൊടുക്കാന്‍ നമുക്ക്
മനസ്സുണ്ടാവണം അത്രമാത്രം.

ഇത്തരം കളിപ്പാട്ടങ്ങളെ നിങ്ങളും ഇഷ്ട്ടപ്പെടുന്നുന്ടെങ്കില്‍ വേഗം പോയി വാങ്ങിക്കോളൂ.

"കാവേരിയുടെ" മേല്‍വിലാസം ഇതാ:
Cauvery Karnataka State Arts & Crafts Emporium
Jos Junction,
Jos Brother's Building, Ground Floor,
M G Road,
Ernakulam,
Kerala - 682016

Phone : +91 484 2351968

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍, ഇതാ ഒരു ലിങ്ക്.
http://www.cauveryhandicrafts.net/