കുറച്ചു മുന്‍പ് "ഹരിശ്രീ ഗണപതയേ നമ:" എന്ന് എഴുതി വന്നതേ ഉള്ളൂ.
വിദ്യാരംഭം കുട്ടികള്‍ക്ക് മാത്രമുള്ള ഒരു ചടങ്ങ് ആണെന്നായിരുന്നു പണ്ടൊക്കെ
എന്റെ ധാരണ. പ്രായ ഭേദമന്യേ ഏതൊരു വിദ്യ അഭ്യസിച്ചു തുടങ്ങുന്നതിനും
ഈ ദിവസം അതുത്തമമാണെന്ന് മനസ്സിലായത് പിന്നീടാണ്.
എത്ര മഹത്തായ ഒരു ആചാരമാണല്ലേ വിദ്യാരംഭം എന്ന ചടങ്ങ്?
ആദ്യാക്ഷരം കുറിക്കലും എഴുത്തിന് ഇരുത്തലുമൊക്കെ നമ്മുടെ കുട്ടിക്കാലത്തും
ഉണ്ടായിട്ടുണ്ടാകും. എഴുത്താശാന്‍ കുട്ടികളെ മടിയിലിരുത്തി, നിലവിളക്കിനെ സാക്ഷിയാക്കി
സ്വര്‍ണ്ണംകൊണ്ട് കുരുന്നു നാവില്‍ അക്ഷരം കുറിക്കുന്നു. പിന്നീട്
നിലത്തു വിരിച്ച മണല്‍ പുസ്തകത്തില്‍ "ഹരിശ്രീ" എഴുതിക്കും. ഒരിക്കലും
നശിക്കാത്തത് (ക്ഷരം ഉണ്ടാകാത്തത് ) എന്നര്‍ത്ഥം വരുന്ന "അക്ഷരം"
ആദ്യമായി ഒരു കുട്ടിക്ക് പകര്‍ന്നു നല്‍കുന്ന വിഷിഷ്ട്ടമായൊരു ചടങ്ങ് .
ഈ അക്ഷരത്തിന്റെ ചുവടു പിടിച്ചാണ് പിന്നീട് എല്ലാ അറിവുകളും നാം
സ്വായത്തമാക്കുന്നത്. കുഞ്ഞു നയനങ്ങളില്‍ കൌതുകം വിടര്‍ത്തി,
ലോലമായ വിരല്‍തുമ്പ് നോവിച്ച് അന്ന് ആദ്യാക്ഷരം എഴുതിച്ചപ്പോള്‍ നമ്മള്‍
ഓര്‍ത്തുവോ?...അറിവിന്റെ മഹാസാഗരത്തിലെക്കുള്ള ആക്കത്തിന്റെ ആദ്യ
ചുവടുകളായിരുന്നു ആ അക്ഷരങ്ങളെന്ന് ?
വിദ്യാരംഭ ദിവസം എഴുതുന്ന ബ്ലോഗ് അക്ഷരങ്ങളെക്കുറിച്ച് തന്നെ ആകട്ടെയെന്നു
കരുതി. എന്തായാലും ഈ വിജയദശമി ദിനത്തില്‍ എന്തെങ്കിലും ഒരു അറിവ് നമുക്ക്
പഠിക്കാന്‍ ശ്രമിക്കാം.
കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലെ വായനശാലയില്‍ "അക്ഷരദീപം"
പരിപാടിയില്‍ ക്ലാസ് എടുത്തപ്പോള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഒരു
കാര്യം ഞാനിവിടെ പോസ്റ്റുന്നു.
മലയാളം അക്ഷരങ്ങള്‍ നമുക്കൊക്കെ അറിയാം (മലയാളം എഴുതാന്‍ അറിയാത്ത
മലയാളികളും നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നറിയാം ) പക്ഷെ മലയാളത്തില്‍ അക്കങ്ങള്‍
എഴുതുന്ന ഒരു സമ്പ്രദായം പണ്ടിവിടെ നിലനിന്നിരുന്നു. ഒരുപക്ഷെ നമ്മുടെ
മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിഞ്ഞെക്കും. പക്ഷെ വിദേശ ഭാഷയുടെ
ആധിക്ക്യത്തില്‍ നാം എന്നോ മറന്നുപോയ ആ മലയാള അക്കങ്ങള്‍ ഞാന്‍
ഇവിടെ അവതരിപ്പിക്കുകയാണ്. പൂജ്യം മുതല്‍ ഒന്‍പതു വരെ മലയാള അക്കങ്ങള്‍
ഇപ്രകാരമാണ്.
ഈ മലയാള അക്കത്തിലുള്ള കലണ്ടറുകള്‍ ഇന്നും ലഭ്യമാണ്, അപൂര്‍വ്വമാണെന്നു മാത്രം.
ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന കലണ്ടറുകള്‍ ഇപ്രകാരമുള്ളതാണ്. വെറുതെ
നമുക്കൊന്ന് പഠിക്കാന്‍ ശ്രമിക്കാം ഈ മലയാള അക്കങ്ങളെ, വെറുതെ ഒരു രസത്തിന്.