June 16, 2023

Palakad: വാമല

ഒരു പാലക്കാടൻ യാത്രയുടെ വിശേഷങ്ങൾ / ചിത്രങ്ങൾ 


 പല്ലാവൂർ വാമല മുരുകൻ ക്ഷേത്രം









ഒരു ദിവസം ആസ്വദിക്കാൻ പറ്റിയ ഒരു പാലക്കാടൻ റൂട്ട് പറയാം... 
തൃശ്ശൂരിൽ നിന്നാണെങ്കിൽ രാവിലെ ഒരു എട്ടു മണിയോടെ തിരിക്കുക... നേരെ ആലത്തൂർ സെൻ്റർ കഴിഞ്ഞ് ഓവർ ബ്രിഡ്ജിനു താഴെ കൂടി കുനിശ്ശേരി റൂട്ടിലേയ്ക്ക് കയറുക... 

ആദ്യത്തെ സ്ഥലം വാമല സുബ്രഹ്മണ്യ ക്ഷേത്രം.
(ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണാൻ കഴിയും.
ചെറിയൊരു പാറക്കുന്ന് കയറിയാൽ സ്ഥലമായി.
ഒരു കുഞ്ഞു ക്ഷേത്രമാണ്.
വലിയ ആകാശക്കാഴ്ച്ചകളൊരുക്കിയ, ചുറ്റിലും അടിവാരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചുവന്ന ഗുൽമോഹറുകളുടെ മനോഹാരിതയോടെ ഈ പറഞ്ഞ കുഞ്ഞു ക്ഷേത്രം കുന്നിറങ്ങിക്കഴിഞ്ഞും മനസ്സിലങ്ങനെ മടുപ്പില്ലാതെ ഇടം പിടിച്ച് നില്ക്കും.) 

അതു കഴിഞ്ഞ് നേരെ ചിങ്ങൻച്ചിറ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം... 
(ക്ഷേത്രം എന്നു പറഞ്ഞെന്നു കരുതി തീർത്ഥാടനം ആണെന്ന് തെറ്റിദ്ധരിക്കരുത്. അവിടെ ചെല്ലുമ്പോൾ അതു മനസ്സിലാക്കാൻ കഴിയും... പേരു പോലെത്തന്നെ തമിഴ്നാട്ടിലെ പൂജാവിധികളോട് നീതി പുലർത്തുകയും എന്നാൽ കേരളത്തിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന, പേരാലുകളാൽ അതിസമ്പന്നമായ പ്രതിഷ്ഠകളേതുമില്ലാത്ത പ്രകൃതി ക്ഷേത്രം...) 
അതേവഴി തന്നെയാണ് സീതാർകുണ്ട് വെള്ളച്ചാട്ടം... 
ചിങ്ങൻച്ചിറ പോകുന്ന വഴിയാണെങ്കിൽ അവിടെ എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റർ മുൻപ് വലത്തോട്ടേയ്ക്കുള്ള വഴിയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോകണം... 
(സീതാർകുണ്ടിലെത്തിയാൽ നല്ല അടിപൊളി നാച്ചുറൽ ഫിഷ്സ്പാ ഒക്കെ കിട്ടും... ചുമ്മാ കാലൊന്നു വെള്ളത്തിലേയ്ക്ക് ഇറക്കി വച്ചാൽ മതി... നെല്ലിയാമ്പതി പോകുമ്പോൾ എല്ലാവരും പോകുന്ന സീതാർകുണ്ട് എന്ന മനോഹര സ്ഥലത്തിൻ്റെ താഴെയുള്ള പ്രദേശമാണെന്നാണ് പറയപ്പെടുന്നു...) 

ഇനിയൊരു ഉച്ചയൂണാകാം... 
നല്ല നാടൻ ഊണും മീൻ വറുത്തതുമൊക്കെ കൂട്ടി 
ഒരു മൽപ്പിടുത്ത മൊക്കെ കഴിഞ്ഞ് നമുക്ക് പതുക്കെ യാത്ര തുടരാം... 

അടുത്തത് മുതലമട റയിൽവേസ്റ്റേഷൻ... മ്മടെ വെട്ടം സിനിമയിൽ ദിലീപേട്ടനും നായികയും ഇറങ്ങുന്ന, 
"ഇനിയൊരു വണ്ടിയുണ്ട്, അത് ചാണകം 
കൊണ്ടു പോകുന്ന ട്രെയിൻ ആണെന്ന് സ്റ്റേഷൻ മാസ്റ്റർ 
പറയുന്ന അതേ റയിൽവേസ്‌റ്റേഷൻ...
 (പാലക്കാട് നിന്നും തിരുചന്തൂർ വരെ പോകുന്ന ഒരൊറ്റ ട്രെയിൻ ആ വഴി രാവിലെ അങ്ങോട്ട് ഒരു ട്രിപ്പ് തിരിച്ച് രാത്രി ഇങ്ങോട്ടും ഒരു ട്രിപ്പ് പോകുന്നുണ്ടെന്ന് ഒഴിച്ചാൽ മറ്റൊരു ശല്യവും ഇല്ലാത്തത് കൊണ്ട് നല്ല കുറെ ആൽമരങ്ങളെ പരിപാലിച്ച് സൂക്ഷിച്ച് മനോഹരമായി നിലനിർത്തിയിരിക്കുന്ന മുതലമട റെയിൽവേ സ്റ്റേഷൻ ഒട്ടും ബോറടിപ്പിക്കില്ല. കുറേയേറെപ്പേർ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാകണം, അധികനേരം നിൽക്കരുതെന്നൊരു മുന്നറിയിപ്പ് സ്റ്റേഷൻ മാസ്റ്ററിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്...) 

അവിടെ നിന്നിറങ്ങിക്കഴിഞ്ഞാൽ പിന്നെയുള്ളത് വെങ്കലക്കയം ഡാം എന്നറിയപ്പെടുന്ന മ്മടെ ഒടിയൻ്റെ തേങ്കുറിശ്ശിയുടെ കുറച്ച് സെറ്റുകളിട്ടിട്ടുള്ള ചെറിയൊരു സ്ഥലം... 
മെയിൻ റോഡിൽ നിന്നും വലത്തോട്ട് കേറി ഡാമിൻ്റെ മുകളിലൂടെ ഒറ്റവരി പാതയിൽ കുറച്ച് ദൂരം മുന്നോട്ട് പോയാൽ നമുക്ക് വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടും... 
(ഒറ്റവരിപ്പാതയായതു കൊണ്ടും നാട്ടുക്കാർ ആ വഴി വണ്ടികളിൽ പോകുന്നതു കൊണ്ടുമാണ് മുന്നോട്ട് കേറി പാർക്ക് ചെയ്യണമെന്ന് പറയുന്നത്... അല്ലെങ്കിൽ അവിടെ ബ്ലോക്ക് ആകും... 
അല്ലാതെ തിരക്കൊന്നുമുണ്ടായിട്ടല്ല...) 
വണ്ടി പാർക്ക് ചെയ്ത് വലത്തോട്ട് ചെറിയ പനങ്കാടുകൾക്കിടയിലൂടെ ഉള്ളിലേയ്ക്ക് പോയാൽ പിന്നെയൊരു മനോഹര കാഴ്ചയാണ്... കാറ്റിൻ്റെ താരതമ്യേന വലിയ തരത്തിലുള്ള കലപിലയുടെ അകമ്പടിയോടെ, സൂര്യൻ്റെ വെള്ളിവെളിച്ചമേറ്റു വാങ്ങിക്കൊണ്ട് ഡാമിലെ ജലാശയവും അതും നോക്കിക്കൊണ്ട് വരിവരിയായി നിന്നാസ്വദിക്കുന്ന കരിമ്പനകളും... അതൊരു ഒന്നൊന്നര അനുഭവം തന്നെയാണ്... 
ആ കാറ്റേറ്റ് കുറച്ചു നേരം ആ പുല്ലിലിരുന്ന് കൂടെയുള്ളവരോട് സംസാരിച്ച് സസ്യയാകുന്നതോടെ നമുക്ക് ഡാമിൻ്റെ മുകളിലൂടെ തന്നെ വന്ന വഴിയെ തിരിച്ചിറങ്ങാം...

എല്ലാം കണ്ട് മനസ്സ് നിറഞ്ഞ് ഇനി നേരെ തൃശ്ശൂരിലേയ്ക്ക് ഗൂഗിൾ മാപ്പ് സെറ്റ് ചെയ്തേക്ക്... 
കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തൃശ്ശൂരിലെത്താം... 
മേൽപ്പറഞ്ഞ സ്ഥലങ്ങൾ ഒന്നുകൂടെ താഴെ കൊടുക്കുന്നുണ്ട്... എല്ലായിടത്തേയ്ക്കും കാറിൽ തന്നെ പോകാവുന്നതാണ്... 
ഗൂഗിൾ മാപ്പിലും ഈപ്പറഞ്ഞ സ്ഥലങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്...

1. വാമല പല്ലാവൂർ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രം.
2. ചിങ്ങൻച്ചിറ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം.
3. സിതാർകുണ്ട് വെള്ളച്ചാട്ടം.
4. മുതലമട റയിൽവേ സ്റ്റേഷൻ.
5. വെങ്കലക്കയം ഡാം.
6. തസ്രാക്ക് 

Note:- സമയമുണ്ടെങ്കിൽ ചുള്ളിയാർ ഡാമും ഒ.വി.വിജയൻ സ്മാരകം സ്ഥിതി ചെയ്യുന്ന തസ്രാക്കും(ഖസാക്ക്) സന്ദർശിക്കുകയാണെങ്കിൽ അതൊരു ബോണസ്സ് ആക്കി വയ്ക്കാം...



പാലക്കാടൻ യാത്രയുടെ മറ്റിടങ്ങളിലെ ചിത്രങ്ങൾ താഴെ വേറെയൊരു ബ്ലോഗായി പോസ്റ്റാം 

June 15, 2023

Palakad: ചിങ്ങൻചിറ

പ്രകൃതി ക്ഷേത്രം 


ചിങ്ങൻചിറ കറുപ്പ് സ്വാമി പ്രകൃതി ക്ഷേത്രം 







June 14, 2023

Palakad: വെങ്കലക്കയം



  വെങ്കലക്കയം, ഓടിയന്റെ തേൻകുറിശ്ശി













June 12, 2023

Palakad: മുതലമട

 മുതലമട Railway Station







June 11, 2023

June 09, 2023

Palakad: തസ്രാക്ക്

 തസ്രാക്ക്

ഖസാക്കിന്റെ ഇതിഹാസം