February 05, 2010

മഷിപേന


"മനസ്സിലെ ആര്‍ദ്രമായ അക്ഷരത്തുള്ളികള്‍
കൈവിരല്‍ തുമ്പിലെ മഷിപേനയിലൂടെ നമുക്ക്
പുസ്തകതാളുകളിലേക്ക് പകര്ത്തിയെഴുതാം...

ഇന്നലെകളിലെ യാത്രയിലെ വഴിയോരക്കാഴ്ചകളില്‍
എവിടെയോ കണ്ടുമറന്ന
എഴുത്തിന്റെ വസന്തകാലം വീണ്ടും നമുക്ക് കൊണ്ടുവരാം..."



ഇന്ന് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ പഴയ ആ മഷിപേന ?
മഷിക്കുപ്പിയില്‍നിന്നും ഫില്ലര്‍ ഉപയോഗിച്ച് പേനയുടെ വയറു നിറയെ
മഷി നിറച്ചു, എഴുതാനൊക്കെ നമുക്കിന്നു എവിടുന്നാല്ലേ സമയം?
കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, ഏറെ വര്‍ഷങ്ങള്‍ക്കപ്പുറം
മഷിപേനയെ പറ്റി കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊരു കൌതുകം തോന്നും !
ആ ഒരു "ആശ" തീര്‍ക്കാനായിട്ടാ ഞാനും ഈ പേന മേടിച്ചത്.
അപ്പൊ പിന്നെ അതിന്റെ പടമെടുത്തു ഇവിടെ പോസ്റ്റാം എന്നുകരുതി.


സ്കൂള്‍ കഴിഞ്ഞതില്പിന്നെ നമ്മള്‍ ആരുംതന്നെ മഷിപേന കൊണ്ടെഴുതിക്കാണില്ല.
മഷിപേന കൊണ്ടെഴുതിയാല്‍ കൈയ്യക്ഷരം നന്നാവുമെന്നാ പറയുക !
സ്കൂളില്‍ മലയാളം പഠിപ്പിച്ച വാസുദേവന്‍ സര്‍ ഒരിക്കല്‍ എന്നെക്കൊണ്ട്
"രണ്ടുവരി കോപ്പി" എഴുതിച്ചു, കൈയ്യക്ഷരം നന്നാവാന്‍ വേണ്ടി; ഒടുവില്‍
എന്റെ എഴുത്തുകണ്ട് ഇങ്ങനെ പറഞ്ഞു, "ഇതിപ്പോ മഷിക്കുപ്പിയില്‍ വീണ
എട്ടുകാലി പുസ്തകത്തിലൂടെ നടന്ന പോലെ ഉണ്ടല്ലോ ടാ...".


ഇന്നിപ്പോള്‍ ബോള്‍ പെന്നും ജെല്‍ പെന്നുമൊക്കെ വളരെ തുച്ചമായ വിലയില്‍
ലഭ്യമായതോടെ മാഷിപ്പെനയെ നമ്മള്‍ പാടെ മറന്നു.
ചിന്തിക്കാറുണ്ടോ, ഏതെങ്കിലും പേനകൊണ്ട് നമ്മളൊക്കെ മലയാളത്തില്‍
രണ്ടുവാക്ക് കുറിച്ചിട്ടു നാളെത്രയായി എന്ന് ?
സ്കൂള്‍ കുട്ടികള്‍ പതിവായി മലയാളം എഴുതുന്നുണ്ടാവാം. പക്ഷേ വളരെകാലം
എഴുതാതിരുന്നിട്ടു നാം അതിനു ശ്രമിക്കുമ്പോള്‍ ശെരിക്കും വലഞ്ഞുപോകും;
പല അക്ഷരങ്ങളും കൈവിരല്‍തുമ്പില്‍ വരാന്‍ മടിക്കും.
ങ്ങ. മ്ല. ള. പോലെയുള്ള വില്ലന്‍മാര്‍ മലയാളികളായ നമ്മളെയൊക്കെ
കൊഞ്ഞനം കുത്തി കാണിക്കും.
കുറിപ്പുകള്‍ എഴുതാനും മറ്റും ആധുനിക പേര്‍സണല്‍ ടാറ്റ അസിസ്ടന്‍സുകള്‍
വന്നതോടെ പാവം മഷിപ്പേന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായ
ഗാട്ജെട്ട്സുകള്‍ക്ക് വഴിമാറിക്കൊടുത്തു.

മനസ്സിലെ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാനെങ്കിലും, എന്നെങ്കിലും
ഒരു മഷിപേന വാങ്ങി ആര്‍ക്കെങ്കിലും എഴുതാന്‍ തോന്നിയാല്‍,
അതിനു ഈ ബ്ലോഗ്‌ പ്രേരിതമായാല്‍ ഞാന്‍ കൃതാര്‍ഥനായി.
സത്യായിട്ടും; കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിലും സുഖാണ്
പേനകൊണ്ട് കടലാസിലെഴുതാന്‍; മനസ്സും നിറയും...

February 02, 2010

തന്ത്രവിദ്യാപീഠം

മതവിശ്വാസങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ഭക്തിപൂര്‍വ്വം ഏതൊരു
ആരാധനാലയത്തിലും എത്തുന്ന ഭക്തന് യഥാര്‍ത്ഥത്തില്‍ എന്താണ്
അവിടെനിന്നും
ലഭിക്കുന്നത് ? ഭക്തന്‍ എന്താണോ കാംക്ഷിക്കുന്നത് അത്
ഒരിടത്തും
വിതരണം ചെയ്യുന്നില്ല; വഴിപാടുകളിലൂടെ നേടിയെടുക്കുന്നുമില്ല.
ക്ഷേത്രായനതിലൂടെ
ഒരുവന്റെ അവസ്ഥക്ക് മാറ്റം സംഭവിക്കില്ല;
മറിച്ച്
തന്റെ അവസ്ഥയോടും ചുറ്റുപാടുകളോടുമുള്ള അവന്റെ
സമീപനത്തിലാണ് മാറ്റം വരുന്നത്.

ഓരോ മനുഷ്യനിലുമുള്ള ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുന്ന ഇത്തരം
ക്ഷേത്രങ്ങള്‍
ഒരുക്കിയെടുത്ത; കല്പാന്ത കാലത്തോളം മൂര്‍ത്തിയില്‍ തന്റെ
ചൈതന്യത്തെ
ആവാഹിച്ച ആച്ചര്യന്മാരെപറ്റി നാമെപ്പോഴെങ്കിലും
ചിന്തിച്ചിട്ടുണ്ടോ
?
അത്തരം ആചാര്യന്മാരെ പുതു തലമുറയ്ക്കായി വാര്‍ത്തെടുക്കുന്ന;
തന്ത്ര
വിദ്യ അഭ്യസിപ്പിക്കുന്ന ഒരു കര്‍മ്മ ക്ഷേത്രത്തെ പാറ്റിയാണ് ഈ ബ്ലോഗ്‌.

തന്ത്രവിദ്യാപീഠം [തന്ത്രശാസ്ത്ര പഠന ഗവേഷണ കേന്ദ്രം, ആലുവ]


ആചാരാനുഷ്ടാനങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടായ കേരളത്തില്‍ താന്ത്രിക
വിദ്യകള്‍ അഭ്യസിക്കാനുള്ള അവസരമൊരുക്കുകയാണ് ആലുവക്ക്‌ സമീപമുള്ള
തന്ത്രവിദ്യപീഠത്തില്‍. ഇത്തരത്തിലൊരു കര്‍മ്മക്ഷേത്രം ഉണ്ടെന്നറിഞ്ഞ് തെല്ലൊരു
കൌതുകത്തോടെയാണ് ഞാനവിടെയെത്തിയത്. പുസ്തകത്തില്‍ നിന്നും ഈയിടെ
വായിച്ചറിഞ്ഞ "തന്ത്ര" യെ കുറിച്ചുള്ള പഠനമല്ല അവിടെ എന്നതായിരുന്നു
ആദ്യത്തെ തിരിച്ചറിവ്. മറിച്ച്, ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിനും മറ്റു താന്ത്രിക
വിദ്യകള്‍, വേദം മുതലായവ സ്വായത്തമാക്കാന്‍ അക്കാദമിക് തലത്തില്‍
സിലിബസോട് കൂടിയ പഠനം ഒരുക്കുകയാണിവിടെ.
പക്ഷെ ഈ വിദ്യകള്‍, ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത് ഥിക്കും ഇവിടെ
പ്രവേശനം നേടാന്‍ കഴിയില്ല; ജന്മംകൊണ്ട് ബ്രാഹ്മണ കുലത്തില്‍ പെട്ടവര്‍ക്ക് മാത്രം.

ഒരു അധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 10 പേര്‍ക്ക് പ്രവേശനം ലഭിക്കും.
യോഗ്യതക്കായി ബായോടാട്ട യും "ജാതകവും" അയച്ചുകൊടുക്കണം എന്നത്
കൌതുകമായി തോന്നി. ജാതകവശാല്‍ ഉപനയന-സമാവര്‍ത്തനമുള്ള,
പത്താം തരാം പാസായവര്‍ക്ക് മാത്രേ എവിടെ എത്തിച്ചേരാന്‍പറ്റു എന്നര്‍ത്ഥം!
തുടര്‍ന്ന് 7 വര്‍ഷം ഗുരുകുല സംബ്രദായത്തില്‍ വിദ്യാപീദത്തില്‍ തന്നെ
താമസിച്ചുള്ള പഠനവും "തന്ത്രരത്നം" ബിരുദവും.


പഠനരീതി

രാവിലെ 5 മണിക്കുള്ള പ്രാതസ്മരണയോടുകൂടി ആരംഭിക്കുന്നു ഇവിടുത്തെ ഒരു
ദിവസം. ചേന്നാസ് നാരായണന്‍ നമ്പൂതിരി രചിച്ച "തന്ത്ര സമുച്ചയം" എന്ന
ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് പ്രധാനമായും പഠനം നടത്തുന്നത്.
തന്ത്രവിദ്യയെപറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ
രചനക്ക് പിന്നിലൊരു കഥയുണ്ട്:

പണ്ട് കാലത്ത്, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം
രാജാവിനുണ്ടായിരുന്നല്ലോ. ഒരിക്കല്‍ ചേന്നാസ് നമ്പൂതിരിയും
ശിക്ഷയര്ഹിക്കുന്നൊരു തെറ്റ് ചെയ്യുകയുണ്ടായി. ബ്രാഹ്മണരെ
ഹിമ്സിക്കുന്നത് പാപമാണ് എന്നൊരു കീഴ്വഴക്കം ഉണ്ടായിരുന്ന
അക്കാലത്ത്, രാജാവിന് നമ്പൂതിരിയെ ശിക്ഷിക്കാന്‍ തരമില്ലെന്നായി.
ദേഹോപദ്രവമുള്ള ശിക്ഷ നല്‍കിയാല്‍ അത് ദേശത്തിനുതന്നെ
ദോഷമായതിനാല്‍, നീതിമാനായ ആ രാജാവ് തന്നെ ഒരു പോംവഴി
കണ്ടെത്തി ശിക്ഷ ഇപ്രകാരം വിധിച്ചു: നിശ്ചിത ദിവസത്തിനുള്ളില്‍
തന്ത്രവിദ്യയെപറ്റി ആധികാരികമായി പ്രദിപാദിക്കുന്ന ഒരു ഗ്രന്ഥം രചിച്ചു
രാജാവ് സമക്ഷം സമര്‍പ്പിക്കണം. ചേന്നാസ് നാരായണന്‍ നമ്പൂതിരി
അങ്ങനെ "തന്ത്രസമുച്ചയതിന്റെ" രചയിതാവായി.

"തന്ത്രരത്നം"

7 വര്‍ഷം നീണ്ടുനില്‍ക്കുന്ന തന്ത്രരത്നം എന്ന കോഴ്സാണ് വിദ്യാപീടത്തില്‍
നടക്കുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ നിന്നും വ്യത്യസ്തമായി വാവ് , ഗ്രഹണം,
പൌര്‍ണമി മുതലായ വിശേഷ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ്
ക്ലാസ്സുകളും അവധി ദിവസങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തന്ത്രശാസ്ത്രത്തിനു പുറമേ വേദം, സംസ്കൃതം, ഇംഗ്ലീഷ്, വാസ്തു ശാസ്ത്രം,
പഞ്ചാംഗ പരിചയം എന്നിവയും വിധ്യാര്‍തികള്‍ പഠിക്കേണ്ടതുണ്ട്.
കൂടാതെ യോഗ, ധ്യാനം എന്നിവ പരിശീലിക്കുകയും മന്ത്രസിദ്ധി
നേടുകയും വേണം. ഒപ്പം പ്രീ ഡിഗ്രി, ഡിഗ്രി
പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പഠനത്തിനും സൌകര്യമുണ്ട്.

ഗവേഷണം

തന്ത്രശാസ്ത്രം, വേദം മുതലായ വിഷയങ്ങളില്‍ ഗവേഷണം ചെയ്യുവാനുള്ള
സൌകര്യവും വിദ്യാപീഠം നല്‍കി വരുന്നു. വിവിധ വിഷയങ്ങളിലുള്ള
പുസ്തകങ്ങളും താളിയോല ഗ്രന്ഥങ്ങളും മറ്റുമടങ്ങുന്ന അപൂര്‍വ്വ ശേഖരമാണ്
വിദ്യാപീടത്തിലെ ലൈബ്രറി.


പഠനത്തോടൊപ്പം തന്നെ പൂജാവിധികള്‍ അഭ്യസിച്ചുകഴിയുന്നതോടെ, തൊട്ടരികില്‍
സ്തിഥി ചെയ്യുന്ന ചെറിയത്ത് നരസിംഹ ക്ഷേത്രത്തില്‍ കാര്‍മ്മികത്വതിനും
വിദ്യാര്‍ധികള്‍ക്ക് അവസരമൊരുങ്ങുന്നു.


വിദ്യാപീഠത്തിന്റെ പിറവി

ആധുനികതയുടെ കുത്തൊഴുക്കില്‍ യോഗ്യരായ ആചാര്യന്മാരുടെ എണ്ണം
കുറവുവന്ന സാഹചര്യത്തിലാണ്, തന്ത്രശാസ്ത്രമെന്ന പ്രാചീന വിജ്ഞാനശാഖയെ
നിലനിര്‍ത്തുവാനും, ജനനന്മയ്ക്ക് ഉപയുക്തമാക്കാനും വേണ്ടി ആചാര്യ പ്രമുഖരുടെ
സഹകരണത്തോടെ സ്വര്‍ഗീയ മാധവജി 1972 ല്‍ തന്ത്ര വിദ്യാപീഠം
സ്ഥാപിച്ചത്.

ഇത്തരത്തിലുള്ളൊരു വിദ്യാലയം കേരളത്തില്‍ തന്നെ ഒന്നേയുള്ളൂ
എന്നാണറിയാന്‍ കഴിഞ്ഞത്. കേന്ദ്ര ഗവണ്മെന്റിന്റെ മാനവശേഷി വകുപ്പില്‍നിന്നുള്ള
ഭാഗികമായ
ധനസഹായവും അഭ്യുദയകാംക്ഷികളുടെ സംഭാവനയുമാണ്
തന്ത്ര
വിദ്യാപീഠത്തിന്റെ മൂലധനം.

എങ്ങനെ ഇവിടെ എത്തിചേരാം ?

എറണാകുളം ജില്ലയിലെ ആലുവയില്‍ നിന്നും യു സി കോളേജ് റോഡിലേക്ക്
തിരിഞ്ഞു ഒരു കി. മീ. സഞ്ചരിച്ചാല്‍ യുണിയന്‍ ക്രിസ്ത്യന്‍ കോളേജ്
[UC College] ജംഗ്ഷനായി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു
ഏകദേശം രണ്ടു കി. മീ. കഴിഞ്ഞാല്‍ കടൂപാടം കവലയിലെത്തും,
വീണ്ടും വലത്തോട് തിരിഞ്ഞു ഒരു കി. മീ. കഴിഞ്ഞാല്‍
വെളിയത്ത്നാട് ഗ്രാമത്തില്‍ പെരിയാറിന്റെ തീരത്ത്
ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് തന്ത്രവിദ്യാപീഠം
സ്ഥിതി ചെയ്യുന്നു.

അഡ്രസ്സ് :
തന്ത്ര ശാസ്ത്ര പഠന ഗവേഷണ കേന്ദ്രം,
വെളിയത്തുനാട്,
യു. സി. കോളേജ് പി. ഓ.
ആലുവ, എറണാകുളം ജില്ല,
കേരളം - 683 102

ഫോണ്‍ : 91 484 606544

THANTHRA VIDYA PEEDAM,
CENTER FOR THANTHRIC AND VEDIC STUDIES AND RESEARCH,
VELIYATHUNADU, U C COLLEGE P.O, ALUVA, ERNAKULAM DT. KERALA.


സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ !!!