November 01, 2017

രായിരനെല്ലൂർ

ചിന്തയിൽ ഇക്കുറി ഒരു യാത്രയുടെ വിശേഷങ്ങളാവാം...
ഒരു ഭ്രാന്തൻ മല , രായിരനെല്ലൂർ !!!





പുണ്യളൻ അഗർബത്തീസിലെ  രണ്ടു കഥാപാത്രങ്ങളെപ്പോലെ,
ഒരു വൈകിയ രാത്രിയിൽ ഞാനും എന്റെ ചങ്ക് സുരാജും
തൃശൂരിലെ വടക്കുംനാഥന്റെ തെക്കേ ഗോപുരനടയിൽ
മാനം നോക്കി കിടക്കുമ്പോൾ പെട്ടെന്നൊരു വെളിപാടുണ്ടായി.
രായിരനെല്ലൂർ ഭ്രാന്തൻ മലയിലേക്കൊരു യാത്ര പോകണം.

സുരാജ് മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്.
എപ്പോ പോകണം എന്ന് ചങ്കു ചോദിച്ചപ്പോ തിടുക്കായി.
നാളെ രാവിലെ 6 മണിക്ക് തിരിക്കാം. ഡീൽ ആയി.
രാത്രി തന്നെ റൂട്ട് ഒക്കെ നോക്കി വച്ച് കിടന്നെങ്കിലും
മനസ്സ് ഉറങ്ങാതെ യാത്രയുടെ പ്രതീക്ഷയിലായിരുന്നു.

തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ അകലെയാണ്
ഐതീഹ്യ പെരുമ പേറുന്ന രായിരനെല്ലൂർ മല.
ഷൊർണൂർ - പട്ടാമ്പി - കൊപ്പം ; ഇതാണ് റൂട്ട്.

പറഞ്ഞുറപ്പിച്ച പോലെ കൃത്യ സമയത്തു തന്നെ കാറിൽ യാത്ര തിരിച്ചു.
ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി എന്നാ പറയാ എങ്കിലും
അന്ന് ഒന്നൊന്നര മഴയായിരുന്നു. ഞായറിന്റെ ആലസ്യത്തിൽ
വഴിയൊക്കെ വിജനമായിരുന്നെങ്കിലും, ഒരു മൺസൂൺ റാലിയുടെ
പ്രതീതിയോടെ എന്റെ നാവിഗേറ്ററിനോടൊപ്പം നല്ലതും
മോശവുമായ വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു.
ഉത്രാളിക്കാവ് ക്ഷേത്രവും, ചെറുതുരുത്തിയിലെ കലാമണ്ഡലവും, ഭാരതപ്പുഴയും കടന്നു പട്ടാമ്പിയുടെ ഗ്രാമഭംഗിയിലൂടെ ഞങ്ങൾ
എട്ടരയോടെ രായിരനെല്ലൂരിൽ എത്തിച്ചേർന്നു.



 പിന്നെ കുറച്ചു ദൂരം വീതിയേറെ കുറഞ്ഞൊരു
നാട്ടുവഴിയിലൂടെ കയറ്റിറക്കങ്ങൾ കറങ്ങി
രായിരനെല്ലൂർ മലയുടെ അടിവാരത്തെത്തി.





കാർ പാർക്ക് ചെയ്യാൻ ഒതുക്കിയപ്പോൾ അതാ നല്ലൊരു
സുന്ദരൻ മയിൽ, പീലിയൊക്കെ വഴിയിലേക്ക് വിരിച്ചിട്ടു
പോസ് ചെയ്തു നിൽക്കുന്നു; ഞങ്ങളെ കണ്ടതും വയലിലേക്ക്
ഓടി മറഞ്ഞു.
ഞങ്ങൾ പതിയെ മല കയറാനൊരുങ്ങി.

രായിരനെല്ലൂരിൽ എന്താ കാണാനുള്ളത്?
പ്രധാനമായും രായിരനെല്ലൂർ മല തന്നെ, ആ മലയുടെ മുകളിൽ
മലയിൽ ഭഗവതി എന്നൊരു കുഞ്ഞു ക്ഷേത്രമുണ്ട്.
ഭഗവതി നാറാണത്തു ഭ്രാന്തന് ദർശനം നൽകി അവിടെയൊരു
പാറയിൽ അപ്രത്യക്ഷയായി ലയിച്ചു, പിന്നീട് അവിടെ ഈ
ക്ഷേത്രം ഉണ്ടായി എന്ന് ഐതീഹ്യം.
ശ്രീകോവിലും വിഗ്രഹ പ്രതിഷ്ഠയും ഇല്ല ഇവിടെ,
ക്ഷേത്രത്തിനകത്തേക്കു കടന്നാൽ  ഒരു പാറമേൽ
പൂവിട്ടു പൂജിക്കുന്നു , അത്ര മാത്രം.



ക്ഷേത്രത്തിനു കുറച്ചു അകലെയായി കുന്നിന്റെ ഓരത്തു
നാറാണത്തുഭ്രാന്തന്റെ പതിനെട്ടടി ഉയരമുള്ള
പ്രതിമയാണ് മറ്റൊരു ആകർഷണം.
കല്ലുരുട്ടികയറ്റി താഴേക്കു തള്ളിയിടാൻ തയ്യാറായി നിൽക്കുന്ന
ആ പ്രതിമക്ക് ജീവനുള്ളപോലെ തോന്നും.
ശില്പി : സുരേന്ദ്രകൃഷ്ണൻ (1995 ൽ നിർമ്മിച്ചത്)

രാവിലെ 6  മണിമുതൽ 8 മണിവരെ യാണ് ക്ഷേത്രത്തിലെ
പൂജാ സമയം. 8 മണിക്ക് ശേഷം മല കയറുന്നവർ,
ക്ഷേത്രം ഓഫീസിൽ (റോഡിന്റെ എതിർ വശത്തു കാണുന്ന
നാരായണ മംഗലത്ത് ആമയൂർ മന)
ചെന്ന് പേരും മേൽവിലാസവും പറഞ്ഞു അനുവാദം വാങ്ങണം.
വൈകീട്ട് 5 മണിക്ക് ശേഷം മല കയറാൻ അനുവാദമില്ല.





ക്ഷേത്ര ഓഫീസിൽ നിന്നും അനുവാദം ലഭിച്ച ശേഷം ഞങ്ങൾ
മലയിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി.
പലപ്പോഴായി പണി കഴിപ്പിച്ചിട്ടുള്ള ആ പടവുകൾ പലയിടത്തായി നിർമ്മിതിയുടെ വർഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പടവുകൾ ഉള്ളതുകൊണ്ട് കുത്തനെയുള്ള ആ കുന്നു കയറുകയെന്നത് ആയാസരഹിതമായി തോന്നി.
പടവുകൾ നമ്മെ കൊണ്ടെത്തിക്കുന്നത് ആകാശ കാഴ്ചയുടെ
ഉയരങ്ങളിലേക്കാണ്.
ഒരു ഗൂഗിൾ മാപ് പോലെ വയലുകളും, കണ്ടങ്ങളും ,
പാതയോരങ്ങളും, പച്ചില കാടുകളും ഭംഗിയായി കാണാം.






മഴ കുറച്ചു നേരത്തേക്ക് പിൻവാങ്ങിയിരുന്നു.
ഇടയ്ക്കു കോട മഞ്ഞിന്റെ വരവ് കൂടിയായപ്പോൾ സംഭവം
ക്ലാസ്സ് ആയി.
മലമുകളിലേക്ക്, അവിടെയുള്ള മലയിൽ ഭഗവതി ക്ഷേത്രത്തിലെത്താൻ അധികം സമയമെടുത്തില്ല.



ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുതിറങ്ങുമ്പോഴേക്കും വീണ്ടും
മഴ എവിടെ നിന്നോ ഓടിയെത്തി. മഴ മാറുന്നില്ല എന്ന്
തോന്നിയപ്പോൾ കുന്നിന്റെ ഓരത്തുള്ള നാറാണത്തു ഭ്രാന്തന്റെ
പ്രതിമ കാണാൻ നടന്നു.
മഴയുടെ താളം കാതോർത്ത് , ആ നനുത്ത പുൽനാമ്പുകളിൽ
വീഴുന്ന മഴത്തുള്ളികൾ നുകർന്ന് ഒരു കുടക്കീഴിൽ ഞങ്ങൾ
കുറെ നേരം അവിടെത്തന്നെയിരുന്നു.







ശില്പത്തിന്റെ മുന്നിൽ നിന്നും കുന്നിൻ ചരുവിലെ കാഴ്ചകളും
മനോഹരമാണ്. മഴ മാറിയപ്പോൾ പഞ്ഞിക്കെട്ടുപോലെ
കോടമഞ്ഞും കാഴ്ചയായി ആ അനന്ത വിഹായസ്സിൽ
ഇടയ്ക്കിടെ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. അവിടെ നിന്നും
താഴേക്ക് നോക്കിയാൽ പണ്ട് നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടി
കയറ്റി വന്ന വഴി കാണാം.
എല്ലാ വർഷവും തുലാം മാസം ഒന്നാം തിയ്യതി ഭക്തജനങ്ങൾ
ആ വഴിയിലൂടെ വൃതമെടുത്തു കയറി വരാറുണ്ട്.
അന്നാണ് ഇവിടുത്തെ പ്രധാന വിശേഷദിവസം, നാറാണത്തു
ഭ്രാന്തന് ഭഗവതി ദർശനം നൽകി എന്ന് വിശ്വസിക്കുന്ന നാൾ.

പണ്ട്,  ഉരുണ്ട പാറക്കല്ല് അടിവാരത്തു നിന്നും ഉരുട്ടിക്കയറ്റി
ഇവിടെ എത്തിയിരുന്ന നാറാണത്തു ഭ്രാന്തൻ ഒരുപാട്
കഷ്ട്ടപ്പെട്ടിട്ടുണ്ടാവും, ല്ലേ?
സത്യത്തിൽ ആരാണീ നാറാണത്തു ഭ്രാന്തൻ,
എന്തിനാണ് നിരന്തരം ഈ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റി
പിന്നീടത് താഴേക്ക് ഇട്ടിരുന്നത് ?
ഈ വക ചിന്തകളിലിൽ നിന്നും നാറാണത്തിന്റെ
പൊരുളറിയാൻ ഒരു ശ്രമം നടത്തി .
------------------------------------------------------
പറയിപെറ്റ പന്തിരുകുലം എന്നത് ഒരു കെട്ടുകഥയാവാം
അല്ലായിരിക്കാം. എന്തായാലും നീചമായ ജാതി വ്യവസ്ഥ നിലനിന്നിരുന്നൊരു കാലത്ത് പറയി എന്ന താഴ്ന്ന ജാതിക്കാരി
പെറ്റ പന്ത്രണ്ടു മക്കളുടെ കഥ നമുക്ക് നൽകുന്നത് ഒരു പാഠമാണ്.
മനുഷ്യന് ആവശ്യമില്ലാത്ത ജാതിയുടെ ഉച്ച നീചത്വം.
ഇന്നും, എന്നും അതിനു സാമൂഹിക പ്രസക്തിയുണ്ട്.
മിത്തിനെക്കാൾ ഉപരി ചരിത്രത്തിന്റെ ഒരു ഭാഗമായിക്കാണാനാണ്
എനിക്കിഷ്ട്ടം.


മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര് -
          ത്തച്ചനും പിന്നെ വള്ളോന്
     വായില്ലാക്കുന്നിലപ്പന് വടുതല മരുവും
          നായര് കാരയ്ക്കല് മാതാ
     ചെമ്മേ കേളുപ്പുകൂറ്റന് പെരിയ തിരുവര-
          ങ്ങത്തെഴും പാണനാരും
     നേരേ നാരണത്ത്ഭ്രാന്തനുമുടനകവൂര്-
          ച്ചാത്തനും പാക്കനാരും

അതെ, വരരുചിക്കും പഞ്ചമിയെന്ന പറയി സ്ത്രീക്കും
ജനിച്ച പന്ത്രണ്ടു മക്കൾ, അവരിവരാണ്:
മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, പെരുന്തച്ചൻ,
രജകൻ, വള്ളോൻ, വടുതല നായർ, ഉപ്പുകൊറ്റൻ,
അകവൂർ ചാത്തൻ, കാരയ്‌ക്കൽ അമ്മയ്‌വർ, പാണനാർ,
നാറാണത്തു ഭ്രാന്തൻ, വായില്ലാ കുന്നിലപ്പൻ.

നൂറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞ കഥയ്ക്ക് പല
ആഖ്യാനങ്ങളുണ്ടായേക്കാം. ഞാൻ അറിഞ്ഞ ഇവരുടെ കഥയിങ്ങനെ:
ഭോജരാജാവിന്റെ രാജസദസ്സിലെ മഹാ പണ്ഡിതനായിരുന്നു
വരരുചി എന്ന ബ്രാഹ്മണൻ. ആദരണീയൻ.
ഒരിക്കൽ രാജാവിന്റെ ഒരു സംശയ ചോദ്യത്തിന്  മുൻപിൽ
അദ്ദേഹം  നിസ്സഹായനായി പോയി.
രാമായണത്തിലെ ഏറ്റവും പ്രസക്തമായ ശ്ലോകം ഏതാണെന്ന്
ആയിരുന്നു ചോദ്യം. സർവ്വജ്ഞനെങ്കിലും വരരുചിക്ക് അതറിയില്ലായിരുന്നു. 41 ദിവസത്തിനുള്ളിൽ ശരിയായ ഉത്തരം കണ്ടെത്താതെ തിരികെ വരേണ്ട എന്നാണു രാജാവിന്റെ ഉത്തരവ്.

വരരുചി കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു,
രാജ്യം വിട്ടു , പല വിവേക ചൂഡാമണികളോടും ഈ ചോദ്യം
ആവർത്തിച്ചുവെങ്കിലും, ശരിയായ ഉത്തരം അദ്ദേഹത്തിന്
ലഭിച്ചില്ല. അലഞ്ഞൊടുവിൽ ഒരു കാട്ടിലെത്തി.
വലിയൊരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കവേ, രണ്ടു വനദേവതമാർ
ആ വഴി സംസാരിച്ചു പോകുന്നു. സമീപത്തുള്ളൊരു ഗ്രാമത്തിൽ
ഒരു ഒരു താഴ്ന്ന ജാതിക്കാരിപ്പെണ്ണ് പ്രസവിച്ചിട്ടുണ്ട്,
ചോരയും നീരും കിട്ടുവാനായി അവരവിടേക്ക്‌ പോവുകയാണ്.

മരത്തിന്റെ സമീപത്തെത്തിയപ്പോൾ
ആ മരമുകളിൽ വസിക്കുന്ന മറ്റൊരു വനദേവതയെ
അവർ കൂടെ വിളിച്ചു. അപ്പോൾ ഒരശരീരി പോലെ അയാൾ കേട്ടു:
"എന്റെ വൃക്ഷച്ചുവട്ടിൽ ഒരു ബ്രാഹ്മണൻ വിശ്രമിക്കുന്നുണ്ട്, കാട്ടു മൃഗങ്ങളിൽ നിന്നും അയാളെ കാക്കുന്നതിനു വേണ്ടി കൂട്ടിരിക്കുന്നതിനാൽ ഞാൻ വരുന്നില്ല, നിങ്ങൾ പോയി വരിക."

വരരുചിക്ക് അത്ഭുതമായി, അപ്പോഴാണ് അങ്ങനെയൊരാൾ
തന്റെ മുകളിൽ മരച്ചില്ലയിലെവിടെയോ ഇരിപ്പുണ്ടെന്ന്
അദ്ദേഹം അറിയുന്നത്.
കുറച്ചു സമയം കഴിഞ്ഞു ആ വനദേവതമാർ ഗ്രാമത്തിൽ
നിന്നും തിരികെ വരുംവഴി വീണ്ടും വൃക്ഷത്തിന്റെ
അടുത്തെത്തി. ആ സ്ത്രീ ഒരു പെൺകുഞ്ഞിനെ
പ്രസവിച്ചുവെന്നറിയിച്ചു.
മരത്തിൽ വസിക്കുന്ന വനദേവത അവരോടു ചോദിച്ചു.
"എന്താണാ കുട്ടിയുടെ ഭാവി ?"
വഴിയാത്രക്കാരായ വനദേവതമാരുടെ മറുപടി ഇങ്ങനെ;
"മാംവിധി എന്താണെന്നറിയാത്തൊരു പാവം വരരുചി
ഈ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിക്കും"

ഇത് കേൾക്കാനിടയായി വരരുചിക്കു സന്തോഷവും
സന്താപവുമുണ്ടായി. എന്തായാലും രാമായണത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ശ്ലോകം മാംവിധിയാണെന്നു ബോധ്യമായി കിട്ടിയ സന്തോഷത്തിൽ അദ്ദേഹം
തിരികെ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി
മാംവിധിയെക്കുറിച്ചു 18 വ്യാഖ്യാനങ്ങളിൽ വിവരിച്ചു കൊടുത്തു.

"രാമം ദശരഥം വിധി,
മാംവിധി ജനകാത്മജം
അയോദ്ധ്യാ അടവിം വിധി
ഗച്ഛ തനയ അടവിം സൂക്തം "

തൃപ്തികരമായ ഉത്തരം ലഭിച്ച സന്തോഷത്തിൽ രാജാവ്
വരരുചിക്ക് പാരിതോഷികങ്ങൾ നൽകി,
കൂടെ അത്താഴത്തിന് ക്ഷണിച്ചു.
ഭക്ഷണത്തിനിടെ പ്രധാനപ്പെട്ടൊരു രാജ്യകാര്യം വരരുചിയോട്
അറിയിച്ചു. കഴിഞ്ഞ ദിവസം ഏതോ ഒരു ഗ്രാമത്തിൽ താഴ്ന്ന
ജാതിയിൽപ്പെട്ടൊരു സ്ത്രീ പെൺകുഞ്ഞിന് ജന്മം
നൽകിയിരിക്കുന്നു. ആ പെൺ കുഞ്ഞിന്റെ സാന്നിധ്യം രാജ്യത്തിന് ആപത്താണ് പോലും. എന്താണൊരു പരിഹാരം എന്ന് വരരുചിയോടു ആരാഞ്ഞു. ചോര കുഞ്ഞിനെ വധിക്കാൻ പറയാൻ മനസ്സ്
വരാത്തതിനാൽ കുഞ്ഞിന്റെ ശുരസ്സിൽ ദീപം കൊളുത്തി
ഒരു തോണിയിൽ വച്ച് രാത്രിയിൽ നദിയിൽ ഒഴുക്കിവിടാൻ
വരരുചി പരിഹാരം നിർദേശിച്ചു. രാജാവ് അപ്രകാരം ചെയ്തു.
നാളുകൾ ഒരുപാട് കടന്നു പോയി, വരരുചി അലക്ഷ്യമായൊരു
യാത്രയ്ക്കിടയിൽ ഒരു ബ്രാഹ്മണന്റെ ക്ഷണം സ്വീകരിച്ചു
ഒരു വീട്ടിലെത്തി.
ഭക്ഷണത്തിനായി എന്ത് വേണമെന്ന് പറയൂ എന്ന ബ്രാഹ്മണന്റെ ആതിഥ്യത്തിനു മുൻപിൽ വരരുചി കുറച്ചു നിബന്ധകൾ നിരത്തി.
ഭക്ഷണത്തിന്റെ കൂടെ 108 തരം കറികൾ വേണം.
ഭക്ഷണശേഷം നാല് പേരെ തിന്നുവാൻ വേണം.
അതിനെ ശേഷം വിശ്രമിച്ചുറങ്ങുമ്പോൾ അദ്ദേഹത്തെ
വഹിക്കുവാനും നാലുപേർ വേണം.
ഇത് കേട്ടു പരിഭ്രമിച്ച ബ്രാഹ്മണൻ എന്ത് ചെയ്യണമെന്നറിയാതെ
വിഷമിച്ചു നിന്നപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൾ ഒരു
സൂത്രം പറഞ്ഞു കൊടുത്തു. അതുപോലെ ചെയ്യാമെന്ന് ഏറ്റ
ബ്രാഹ്മണൻ വരരുചിയോടു കുളിച്ചു ശുദ്ധിയായി വന്നോളൂ
എന്നറിയിച്ചു. വരരുചി കുളിച്ചെത്തുമ്പോഴേക്കും കണ്ടത് ,
ചോറിന്റെ കൂടെ ഇഞ്ചി തൈര് വിളമ്പുന്നതാണ്.
വിധിപ്രകാരം 108 കറികൾക്ക് തുലമാണത്രെ ഇഞ്ചി തൈര് !
ആഹാര ശേഷം മുറുക്കുന്ന ശീലമുള്ളതിനാൽ വരരുചിക്കു
അടയ്ക്കയും വെറ്റിലയും പുകയിലയും നാരങ്ങയും
ചവയ്ക്കുവാനായി നൽകി. നാലും കൂട്ടി മുറുക്കിയ ശേഷം
വിശ്രമിക്കാനായി നാലുകാലുള്ളൊരു കട്ടിലും നൽകി.
വരരുചി സുഖമായി വിശ്രമിച്ചു.
ആതിഥ്യത്തിൽ സന്തോഷവാനായ വരരുചി ബ്രാഹ്മണനോട്
നന്ദി പറഞ്ഞു. ബുദ്ധി, ഇളയമകൾ പഞ്ചമിയുടേതാണെന്ന്
മനസ്സിലാക്കിയ വരരുചി അവളെ വിവാഹം കഴിക്കാൻ താൽപരം അറിയിച്ചു. വിവാഹശേഷം ഒരുനാൾ പഞ്ചമി വരരുചിയുടെ
മടിയിൽ കിടക്കവേ മുടിയിഴകളിലൂടെ വിരലോടിക്കവേ
ശിരസ്സിലൊരു കറുത്ത പാട് ശ്രദ്ധിച്ചു.
അതെന്താണെന്ന് ചോദിച്ചപ്പോൾ പഞ്ചമി ഇപ്രകാരം
തന്റെ കഥ പറഞ്ഞു.
താൻ ആ ബ്രാഹ്മണന്റെ സ്വന്തം മകളല്ലെന്നും
ഒരു രാത്രിയിൽ നദിക്കരയിൽ നിന്നും ഒരു ദീപത്തോടൊപ്പം
കളഞ്ഞു കിട്ടിയ തന്നെ അച്ഛൻ വളർത്തിയതാണെന്നും
അറിയിച്ചപ്പോൾ വരരുചിക്ക് വിധിയെ തടുക്കാൻ ആർക്കുമാവില്ലെന്നു
മനസ്സിലായി. വരരുചിയും മുൻപുണ്ടായ കഥകളെല്ലാം പത്നിയെ
അറിയിച്ചു. പിന്നീടവർ ഒരു തീർത്ഥ യാത്രക്ക് പോയി.
യാത്രയിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ പലയിടങ്ങളിലായി
അവർക്കു പന്ത്രണ്ട് കുട്ടികൾ ഉണ്ടായി. പക്ഷേ നിർഭാഗ്യവശാൽ
പഞ്ചമിക്ക് മക്കളെ  പോറ്റി വളർത്താനുള്ള ഭാഗ്യമുണ്ടായില്ല.
വഴിയാത്രയ്ക്കിടെ ഓരോ കുട്ടി പ്രസവിച്ചു കഴിയുമ്പോഴും
വരരുചി ഒരേയൊരു ചോദ്യം ചോദിക്കും;
"കുഞ്ഞിന് വായ ഉണ്ടോ?"
സ്വാഭാവികമായും "ഉണ്ട്" എന്നുത്തരം തൽകും പഞ്ചമി.
എന്നാൽ വഴിയിൽ തന്നെ ഉപേക്ഷിച്ചോളൂ എന്ന് പറഞ്ഞു
പഞ്ചമിയെ കൂടെക്കൂട്ടി വരരുചി യാത്രയാകും.
വായ കീറിയ ദൈവം ഭക്ഷണവും നൽകിക്കൊള്ളും എന്നാണു
വരരുചിയുടെ വിശ്വാസം.
പതിനൊന്നു തവണയും പ്രസവാനന്തരം ഇതാവർത്തിച്ചു.
പഞ്ചമി ദുഃഖിതയായി. ഒടുവിൽ പന്ത്രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ
വരരുചിയുടെ ചോദ്യത്തിന് കള്ളം പറയാൻ പഞ്ചമി തീരുമാനിച്ചു.
താൻ പ്രസവിച്ച കുട്ടിക്ക് വായ ഇല്ല എന്ന് പറഞ്ഞു.
പക്ഷേ നിർഭാഗ്യവശാൽ ആ കുട്ടിക്ക് വായ ഇല്ലായിരുന്നു.
ഭയന്ന പഞ്ചമി വരരുചിയോട് സത്യാവസ്ഥ അറിയിച്ചു.
അദ്ദേഹം ആ കുട്ടിയെ സമീപത്തുള്ള കുന്നിൻ മുകളിൽ വച്ചെന്നും
അതൊരു പ്രതിഷ്ട്ടയായി മാറിയെന്നും ഐതീഹ്യം.
ഇന്നത് വായില്ലാ കുന്നിലപ്പൻ എന്ന പേരിൽ ആരാധിച്ചു പോരുന്നു.
വരരുചിയുടെ മറ്റു പതിനൊന്നു മക്കളെ പല ദിക്കുകളിൽ
വിവിധ ജാതിയിൽപെട്ടവർ വഴിയോരത്തുനിന്നും കണ്ടെടുത്തു
വളർത്തി. അവർ അവരവരുടെ കുലത്തൊഴിൽ ശീലിച്ചു, വിവിധ കുലങ്ങളുടെ തുടർച്ചക്കാരായി. അക്കൂട്ടത്തിലെ ഒരുവനാണ് മ്മടെ കഥാനായകൻ നാറാണത്തു ഭ്രാന്തൻ.



വരരുചിയുടെ മക്കളിൽ അഞ്ചാമനായ നാരായണൻ.
പ്രസവ ശേഷം ഭാരതപ്പുഴയുടെ തീരത്തു ഉപേക്ഷിക്കപ്പെട്ട
ആ കുട്ടിയെ നാരായണ മംഗലത്ത് ആമയൂർ മനയിലെ ഒരു
പട്ടേരി എടുത്തു വളർത്തി. ബ്രാഹ്മണരുടെ അനുഷ്ട്ടാ നങ്ങൾ
അനുവർത്തിക്കുന്നതിൽ താല്പര്യം കാണിക്കാതിരുന്ന ആ
കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നത്രേ.
വിചിത്ര സ്വഭാവിയായ നാരായണന്റെ ചെയ്തികൾ
അസഹ്യമായപ്പോൾ വേദാഭ്യാസത്തിനായി ആഴകപ്പുഴ
ഇല്ലത്തിൽ കൊണ്ട് ചെന്നാക്കി. എന്നാൽ സ്വഭാവത്തിൽ ഒരു
മാറ്റവും വന്നില്ല.
നാറാണത്തു ഭ്രാന്തൻ വളർന്നു വലുതായി, സ്വഭാവ വിചിത്രതയും.
ഉരുണ്ട പാറക്കല്ല് കുന്നിന്റെ ഉച്ചിയിലേക്ക് ഉരുട്ടിക്കയറ്റി പിന്നീട്
മുകളിൽ നിന്നും താഴേക്ക് തള്ളിയിടും അട്ടഹസിക്കും.
അതാണ് പതിവ്.

ഏറെ പ്രാധാന്യമുള്ള ഒരു തത്വ ശാസ്ത്രത്തിനുടമായാണീ വിദ്വാൻ.
അതെ, ഭ്രാന്തനെന്നു മുദ്ര ചാർത്തിയാലും അദ്ദേഹത്തിന്റെ
ചെയ്തികളിലൂടെ  നമുക്ക് കാട്ടിത്തരുന്നത് മനുഷ്യജീവിതത്തിന്റെ
ഉയർച്ച-താഴ്ചകളെയാണ്‌. അദ്ദേഹത്തിന് കിട്ടിയ പൊരുൾ നമുക്കും ഉൾക്കൊള്ളാനായാൽ ജീവിതത്തെ കുറച്ചുകൂടി രസകരമായി നേരിടാനായേക്കും.

ഈ ഭ്രാന്തനെപ്പോലെ,
പലവിധ സ്വപ്നങ്ങളുടെ ഉരുണ്ട പാറക്കല്ലുകളാണ്
ദിനവും നാം പ്രതീക്ഷകളുടെ കുന്നിൻ മുകളിലേക്ക്
ഉരുട്ടി കയറ്റുന്നത്.
പക്ഷേ അറിയാതെയെങ്കിൽ പോലും അത് താഴേക്കു
വീണാൽ നമുക്ക് സഹിക്കാനാവുന്നില്ല. വീഴ്ചകൾ
സംഭവിക്കുമ്പോഴും നാറാണത്തു ഭ്രാന്തനെപ്പോലെ ഒരു
ചിരിയോടെ നേരിട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ, അല്ലെ?

അല്പം ഒഴിവുള്ളൊരു ദിവസം കിട്ടിയാൽ പോയിവരാം നമുക്കീ
രായിരനെല്ലൂർ മലയിലേക്ക്. ചരിത്രവും ഐതീഹ്യവും ഇഴചേർന്നു
നിൽക്കുന്നൊരു മിത്തിന്റെ ഉയരങ്ങളിലേക്ക് അല്പം നടന്നു കയറാം.
പറയിപെറ്റ പന്തിരുകുലം നമുക്ക് മുൻപിൽ ഉറക്കെ പറഞ്ഞു
പോകുന്നത് ജാതിയുടെ പൊള്ളത്തരത്തെയാണ്.
മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന
പൊരുളറിയുമ്പോൾ മനുഷ്യനും അറിയാതെ
മാനവികതയുടെ ഉയരങ്ങളിൽ എത്തിച്ചേരും.





ഇവിടേയ്ക്ക് പോകുന്ന വഴിയിലുള്ള ഭാരതപ്പുഴയും ഉത്രാളിക്കാവ് ക്ഷേത്രവും യാത്രയുടെ കോമ്പ്ലിമെൻറ് കാഴ്ചകളാണ്, നഷ്ടപ്പെടുത്തരുത്.







എങ്ങിനെ രായിരനെല്ലൂരിൽ  എത്തിച്ചേരാം ?
തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ.
റൂട്ട് :
തൃശൂരിൽ നിന്നും ഇവിടെ എത്തിച്ചേരാനുള്ള വഴി
തൃശ്ശൂർ -- വിയ്യൂർ -- വടക്കാഞ്ചേരി -- ചെറുതുരുത്തി --
ഷൊർണൂർ -- പട്ടാമ്പി -- കൊപ്പം -- രായിരനെല്ലൂർ

പട്ടാമ്പിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞു കൊപ്പം ജംഗ്ഷൻ
അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു വളാഞ്ചേരി റൂട്ടിൽ 3 കിലോമീറ്റർ
പോയാൽ ഇരുവശവും പാടം കാണാം. അത് കഴിഞ്ഞു വലതു വശത്തുള്ള
വഴിയിലൂടെ നേരെ രായിരനെല്ലൂർ എത്തിച്ചേരാം.

ഗൂഗിൾ മാപ് :
https://www.google.com/maps/dir/Thrissur,+Kerala,+India/Rayiranellur+Malayil+Bagavathy+Temple,+Palakkad,+Kerala,+India/@10.8695995,76.1603642,17z/am=t/data=!4m18!4m17!1m5!1m1!1s0x3ba7ee15ed42d1bb:0x82e45aa016ca7db!2m2!1d76.2144349!2d10.5276416!1m5!1m1!1s0x3ba7c8c152cbc61b:0x856f5b280b2e7398!2m2!1d76.1609656!2d10.8724876!3e0!6m3!1i0!2i5!3i0?hl=en-US


August 09, 2017

നാല്പതുകളിലെ പരുന്ത്

വളരെക്കാലമായി ബ്ലോഗാൻ വേണ്ടി മനസ്സിൽ
കൊണ്ട് നടന്നിരുന്ന ഒരു വിഷയം അവതരിപ്പിക്കാൻ
ശ്രമിക്കുകയാണിവിടെ.
എപ്പോഴോ ഒരിക്കൽ പരുന്തിനെക്കുറിച്ചു രസകരമായൊരു
കാര്യം വായിക്കാനിടയായിട്ടുണ്ട്, അക്കാര്യത്തിനെ എന്റെ
അവതരണ വിഷയവുമായി കൂട്ടി വായിച്ചപ്പോൾ അത്
ഇവിടെ ഷെയറണമെന്നു തോന്നി.

പരുന്തിനെപ്പറ്റിയറിഞ്ഞത് സത്യമോ മിഥ്യയോ എന്നറിയില്ല.
ഒരു മിത്തുപോലെ ഇതിനെ കരുതിയാലും മതി.



കാര്യമിതാണ് ;
പരുന്തുകൾക്ക് എഴുപതു വയസ്സുവരെയൊക്കെ ആയുസ്സുണ്ടത്രേ !
പക്ഷേ ഏകദേശം മാല്പതു വയസ്സാകുമ്പോഴേക്കും അവയുടെ
നീളമേറിയ നഖങ്ങൾ ഇരതേടാൻ വഴങ്ങാതെയാകും.
ചുണ്ടുകൾക്ക് ബലക്ഷയം വന്ന് താഴേക്ക്‌ വളയും.
തൂവലുകൾക്കു ഭാരമേറി ശരീരത്തിലേക്ക് ഒട്ടി
പറക്കാൻ കഴിയാതെയാകും.
ഇരതേടാനാകാതെ അങ്ങനെ ആസന്നമായ മരണത്തിൽ നിന്നും
രക്ഷ നേടാൻ പരുന്ത് ഒരു വിദ്യ കാണിക്കാറുണ്ട്.

അതിവേദനാജനകമായ ഒരു പരിവർത്തനം !!
അതിനുവേണ്ടി പരുന്ത് പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക്‌
പറന്നെത്തും. പാറയിൽ തട്ടിയുരച്ചു ചുണ്ടുകൾ ഇളക്കിമാറ്റും.
പിന്നെ പുതിയ ചുണ്ട് വളർന്നു വരുന്നതുവരെയുള്ള കാത്തിരിപ്പാണ്.
പുതിയ ബലമേറിയ ചുണ്ടുകൾ വീണ്ടെടുത്താൽ പിന്നെ
അടുത്ത ഘട്ടം, ചുണ്ടുകൾ കൊണ്ട് നഖങ്ങൾ പിഴുതു
മാറ്റുക എന്നതാണ്.
പുതിയ നഖങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പഴയ തൂവലുകൾ
പറിച്ചു മാറ്റും.
അങ്ങനെ വേദനാ ജനകമായ പരിവർത്തനത്തിലൂടെ
ഒരു പുനർ ജന്മത്തിലേക്കു കടക്കുകയാണ് പരുന്തുകൾ
ചെയ്യുന്നത്. ഇനിയൊരു മുപ്പതു വർഷം കൂടി കരുത്തോടെ
ജീവിക്കുവാനുള്ള ഉയിർത്തെഴുന്നേൽപ്പ്.

ഈ മിത്ത് നമ്മെ പഠിപ്പിക്കുന്നതൊരു പാഠമാണ്.
മനുഷ്യ ജീവിതത്തിലും ഇതനുവർത്തിച്ചാൽ പുനർജനി
ആയേക്കാവുന്നൊരു പാഠം.
ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ
നമുക്കും വേണ്ടി വന്നേക്കാം ഒരു പരിവർത്തനം,
അതിജീവനത്തിനു വേണ്ടി...

എന്നെപ്പോലെ, ചില തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്കും
ഇതുപോലൊരു സമയം വന്നേക്കാം, ഏകദേശം നാല്പതുകളിൽ.
ഏറെ നാൾ ഒരുപോലെയുള്ള ജോലികൾ മാത്രം ചെയ്തു
പുതിയ എന്തിനെയൊക്കെയോ വേണ്ടി മനസ്സാഗ്രഹിക്കുന്നൊരു
കാലം. അല്ലെങ്കിൽ ചെയ്യുന്ന ജോലി പെട്ടെന്ന് ഇല്ലാതെയായാൽ.
ഇനിയുമീ ജോലി ചെയ്യാൻ മടുപ്പായി വന്നാൽ ???
കാലമിതുവരെ ചോരയും നീരും ഊണും ഉറക്കവും
കളഞ്ഞു ആർക്കോ വേണ്ടി പണിയെടുത്ത്
ഒടുവിൽ തളർന്നു പോകുമ്പോൾ,
നാമൊരു ദുർബലമായ ഉണങ്ങി വീഴാറായ മരച്ചില്ലയിൽ
അൽപനേരം ഇരിക്കേണ്ടി വന്നാൽ നമുക്ക് നേരെ ഉയരുന്ന
ഒരുപാട് ചോദ്യങ്ങളുണ്ട്.
വേറെ ജോലി കിട്ടുമോ?
പിന്നെ?... ഒരുപാട് ബാങ്ക് ബാലൻസുണ്ടോ ??
ഇനിയെന്താണ് ചെയ്യാൻ പോകുന്നത്???
....
.....
പെട്ടെന്ന് ഉത്തരങ്ങൾ കിട്ടാത്തൊരീ ചോദ്യങ്ങൾക്കു മുൻപിൽ,
ഉണങ്ങി വീഴാറായ ചില്ലയിൽ
നാല്പതുകളിലെ പരുന്തിനെപ്പോലെ നാമിരിക്കുമ്പോൾ;
വേണ്ടത് ആത്മവിശ്വാസവും പ്രയത്നവുമാണ്.
അതിനുള്ള മാർഗ്ഗം പരുന്ത് നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട്.
നഖങ്ങൾക്കും തൂവലുകൾക്കും പകരമായി പിഴുതെറിയേണ്ടത്
മുൻ വിധികളും ഭയാശങ്കകളുമാണെന്ന് മാത്രം.



ഉണങ്ങിയ ചില്ല അടർന്നു വീണാലും,
പറന്നുയരുവാനുള്ള കരുത്തുള്ള ചിറകുകൾ
എനിക്കുണ്ടെന്ന ആത്മവിശ്വാസം നമ്മളിൽ എത്ര പേർക്കുണ്ട്?
ഞാനെന്നോടു തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണിതെല്ലാം.

നമുക്കഭയം തരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ,
പ്രസ്ഥാനങ്ങൾ,കൂട്ടുകാർ, സമൂഹം...
മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ
ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ്
നമ്മളൊക്കെ ജീവിക്കുന്നത്.
ചെയ്യുന്ന ജോലി നഷ്ടപ്പെട്ടാൽ,പരീക്ഷകളിൽ തോറ്റാൽ,
ജീവിത പങ്കാളി ഉപേക്ഷിച്ചാൽ, സ്നേഹമുള്ളവർ
തള്ളിപ്പറഞ്ഞാൽ, രോഗം വന്നാൽ...
നാമൊക്കെ എന്തു ചെയ്യും ?

നാല്പതുകളിലെ പരുന്തിനെ നമുക്ക് കൂടെ കൂട്ടാം.
ഇരിക്കുന്ന ചില്ലയുടെ ബലത്തേക്കാൾ അധികം നമ്മുടെ
ചിറകുകളിൽ വിശ്വാസമർപ്പിക്കാം.
ഇന്നലെകൾ നമുക്ക് സമ്മാനിച്ച അപ്രിയമായ
ഓർമ്മകളെ ഇളക്കി മാറ്റി,
നമ്മെ പിന്നോട്ടു വലിക്കുന്ന,
ഉയർന്നു പറക്കാൻ തടസ്സം നിൽക്കുന്ന
മുൻധാരണകളെ പറിച്ചു കളയാം.
ഒരു പരുന്തിനെപ്പോലെ നമുക്കും
പുതുസ്വപ്നങ്ങളുടെ ആകാശങ്ങളിൽ പറന്നുയരാം...
വിജയത്തിന്റെ ഗിരി ശൃംഗങ്ങളെക്കാൾ
സന്തോഷത്തിന്റെ മേഘങ്ങൾ വിഹരിക്കുന്ന ആകാശം
നമ്മളെ കാത്തിരിക്കട്ടെ...

April 16, 2017

രണ്ടാമൂഴം

തെറ്റി ധരിക്കേണ്ട, ഇത് എം ടി യുടെ രണ്ടാമൂഴത്തിന്റെ
വായനാനുഭവമല്ല. സ്ഥിരം ഇവിടെ വന്നു ബ്ലോഗാറുള്ള ലവനുമല്ല.
ഈ ചിന്ത ബ്ലോഗ് ഉടമയുടെ മക്കളിൽ രണ്ടാമൂഴക്കാരനാണ് ഞാൻ.



ഞാൻ ജനിച്ചിട്ട് കഷ്ടി ഒരു മാസം ആവുന്നേ ഉള്ളൂ.
എങ്കിലും ഈ രണ്ടാമൂഴക്കാരന്റെ കുഞ്ഞു ചിന്തകൾ എന്റെ
അച്ഛന്റെ ബ്ലോഗിൽ എഴുതിപ്പോവുകയാണ്.

ഈ വേനലിലെ ചുട്ടു പൊള്ളുന്നൊരു പകലിൽ;
എന്നെ കാത്തിരുന്നവർക്ക് ഉദ്വെഗ പൂർണ്ണമായ
നിമിഷങ്ങളൊന്നും നൽകാതെ,
വളരെ സിംപിളായിട്ടാണ് ഞാൻ ജനിച്ചത്.
എന്റെ ചേച്ചിയെ അമ്മ പ്രസവിക്കുന്ന ദിവസമൊക്കെ
അച്ഛൻ വല്യ പ്രതീക്ഷയിലും ആകാംക്ഷയിലും ആയിരുന്നു.
കാത്തിരിപ്പ് എന്നപേരിൽ ഒരു സ്പെഷ്യൽ ബ്ലോഗും അന്ന്
പോസ്റ്റിയിരുന്നു അച്ഛൻ. ആദ്യത്തെ കുട്ടിയല്ലേ !

പക്ഷേ എന്റെ വരവിൽ വലിയൊരു ആകാംക്ഷയൊന്നും അച്ഛന്റെ
മുഖത്ത് കണ്ടില്ല, ബ്ലോഗ്ഗിയതുമില്ല.
എന്റേത് രണ്ടാമൂഴം ആയതുകൊണ്ടാവാം.
ആണായാലും പെണ്ണായാലും കുഴപ്പമില്ല എന്നൊരു പ്ലെയിൻ
ആറ്റിറ്റ്യൂഡ്, എന്റെ അച്ഛൻ ഗടിക്ക് .

പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു; രണ്ടാമൂഴത്തിൽ ഒരു
ആൺ തരിയായി പിറന്നാൽ അച്ഛനുമമ്മക്കും സന്തോഷാവും ന്ന്.
ഒന്നാമൂഴത്തിൽ അവർ ആഗ്രഹിച്ചപോലെ പെൺ കുട്ടിയായിരുന്നല്ലോ,
എന്റെ ചേച്ചിപ്പെണ്ണ്.

ഞാൻ പുറത്തു വരും വരെ ആർക്കും ഒരു ഹിൻറ്റും കൊടുക്കാതെ
സസ്പെൻസ് നിലനിർത്തി. അച്ഛനാണെങ്കിലും ഒരു വികാരുമില്ലാതെ
കൂൾ മാസ്ക് മുഖത്തു വച്ച് ലേബർ റൂമിന്റെ പുറത്തു കാത്തു നിൽക്കുന്നു.
ക്ലൈമാക്സ് ആവാറായപ്പോൾ അച്ഛനും ഒരു ആകാംക്ഷ,
ആണാണാവോ, പെണ്ണാണാവോ....
എന്തായാലും അച്ഛനെക്കൊണ്ട്   ഞാൻ വാവാവോ പാടിക്കും...

ഒടുവിൽ സസ്പെൻസിനു വിരാമം ഇട്ടു, മീര ഡോക്ടർ ലേബർ
റൂമിന്റെ വാതിൽ തുറന്നു ഡിക്ലയർ ചെയ്തു;
"അനുകൃഷ്ണയുടെ ഹസ്ബൻഡ് ആരാ?
പ്രസവിച്ചു ട്ടോ, ആൺകുട്ടിയാണ്, സന്തോഷായില്ലേ ! "

എന്റേത് രണ്ടാമൂഴം ആയതിനാലാവാം;
"ഹിതൊക്കെയെന്ത്" എന്ന ലെവലിൽ അച്ഛൻ ഗഡി വീണ്ടും
സൂപ്പർ കൂൾ ആക്ടിങ്.
മിഥുനം സിനിമയിൽ നെടുമുടി നാളികേരം ഉടയ്ക്കുമ്പോൾ
ഇന്നസെന്റ് നിൽക്കണ പോലെ. എനിക്ക് ചിരി വന്നു.

എന്റെ കൂടെ അന്നവിടെ ഏഴോ എട്ടോ നവജാതന്മാരും
നവജാതികളും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവരോടൊക്കെ റ്റാ റ്റാ ബൈ ബൈ പറഞ്ഞു
ഞാൻ ആദ്യമായി പുറം ലോകത്തേക്കുള്ള വാതിൽ കടന്നു.



ആ ലേബർ റൂമിന്റെ വാതിൽ, പ്രതീക്ഷയുടെ കവാടമാണ്.
ഓരോ തവണ വാതിൽ തുറക്കുമ്പോഴും പുറത്തു കാത്തു
നിൽക്കുന്ന ഒരുപാട് പേരുടെ പ്രതീക്ഷകൾ ആ വാതിലിലേക്ക്
വന്നണയും. പുറത്തേക്കു നീണ്ടു വരുന്ന നഴ്സിന്റെ ചുണ്ടുകൾ
അകത്തു കിടക്കുന്ന അവരുടെ ഉറ്റവരുടെ പേര് വിളിക്കുന്നപോലെ
തോന്നും. നഴ്സ് അറിയിക്കുന്ന കാര്യങ്ങൾ ചിലർക്ക് വേദനയുണ്ടാക്കും
ചിലർക്ക് കാത്തിരിപ്പിന്റെ നീളം കൊടുക്കും, ചിലർക്ക്
അവർ കേൾക്കാനാഗ്രഹിക്കുന്ന കാര്യങ്ങളും നൽകും. എല്ലാം
ഒരു വിധിയാണ്. പ്രകൃതി നമുക്ക് നൽകുന്ന സമ്മാനങ്ങൾ...
ആ വാതിലുകൾ, എല്ലാം എത്രയോ വർഷങ്ങളായി കേൾക്കുന്നു.
ഇത്രയേറെ നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾ മറ്റൊരു
ആരാധനാലയങ്ങളിലെ വാതിലികൾക്കും കേൾക്കാനുള്ള
ഭാഗ്യം ഉണ്ടായിട്ടുണ്ടാവില്ല. നാനാ ജാതി മതസ്ഥരും ഒരു മനസ്സോടെ
പ്രാർത്ഥിക്കുന്ന മറ്റൊരിടം എവിടെയാണ് ഉള്ളത് !!!

അങ്ങനെ ഞാനാ വാതിൽ കടന്നു, അച്ഛന്റെ കൈകളിലെത്തി.
അച്ഛന് എത്ര മാത്രം സന്തോഷായെന്ന് ആ കൈകളിലെ ചൂട്
എന്നോട് പറയാതെ പറഞ്ഞു. മണ്ണിനെയും മരങ്ങളെയും
ഏറെ സ്നേഹിക്കുന്ന എന്റെ അച്ഛന്റെ മനസ്സിന്റെ
മരച്ചില്ലകളിൽ ഒരായിരം പൂക്കൾ ഒന്നിച്ചു വിടരുന്നത് അന്ന്
ഞാനറിഞ്ഞു. എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പതിയെ
ഒരുമ്മ തന്നിട്ട് നെറുകയിൽ കൈ വച്ചു. കുഞ്ഞിക്കാലുകളും
കൈ വിരലുകളും ആ പുതപ്പിനുള്ളിൽ നിന്നും വിടർത്തി നോക്കി
എന്റെ ചേച്ചിയുടെ മടിയിൽ വച്ചു കൊടുത്തു. ചേച്ചിക്ക് ഏറെ
കാത്തിരുന്ന ഒരു കളിപ്പാട്ടം കിട്ടിയ വിസ്മയമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ ഈ ചേച്ചി അമ്മേടെ വയറിൽ
തരാറുള്ള ഉമ്മകൾ എല്ലാം ഞാൻ കൊതിയോടെ കാത്തിരിക്കാറുണ്ടായിരുന്നു.
ഇപ്പോൾ ദാ ആ ചേച്ചിടെ മടിയിൽ ഞാൻ ആദ്യമായി കിടക്കുന്നു.
ഒരു രണ്ടാമൂഴക്കാരന് മാത്രം കിട്ടുന്ന ഭാഗ്യം.



ഈ ഭൂമിയിലെ ഓരോരോ കാര്യങ്ങൾ
ഞാൻ കണ്ടു വരുന്നതേയുള്ളൂ ഇപ്പോൾ.
ഈ വേനലിലെ രാപ്പകലുകൾ, ഉദയാസ്തമയങ്ങൾ, ആദ്യമായി
കാണുന്ന കുറെ മുഖങ്ങൾ, അമ്മേടെ മുലപ്പാല്, ഇടയ്ക്കൊക്കെ
ആശുപത്രിയിലേക്ക് തൃശൂരിലേക്കുള്ള യാത്ര....
ഇത്രയൊക്കെയേ എനിക്കിപ്പോ അറിയൂ.
ഇനി വരാനിരിക്കുന്ന ഋതുക്കൾ എന്നെ കാത്തിരിക്കുകയാണ്.
അച്ഛനുമമ്മയും എനിക്കെല്ലാം കാട്ടിത്തരും.
മഴയത്തും മണ്ണിലും വെള്ളത്തിലുമൊക്കെ കളിക്കണം,
ചേച്ചിയെപ്പോലെ.
അച്ഛന്റെ കൂടെ സൈക്കിളിൽ മുന്നിലിരുന്നു പോകണം.
അച്ഛന്റെ കൂടെ ചിലവിടുന്ന സമയത്തിൽ ,
ഒന്നാമൂഴക്കാരിയായ ചേച്ചിയെ വെട്ടിക്കണം എനിക്ക്.

അച്ഛൻ അമ്മയോട് ഇടയ്ക്കിടെ പറയുന്നതു കേൾക്കാം;
മക്കൾ നന്മയുള്ള മനുഷ്യരായി വളർന്നാൽ മതിയെന്ന്.
വേറെ ആഗ്രഹങ്ങൾ ഒന്നും ഉള്ളതായി ഇപ്പൊ തോന്നുന്നില്ല.
ജാതിയുടെയും മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും
തണലിൽ വളർത്താതെ, വെറും മനുഷ്യരായി
സ്നേഹത്തിന്റെയും പ്രകൃതിയുടെയും മതങ്ങൾ ഞങ്ങൾക്ക്
സ്വീകരിക്കാമെന്ന്.
അതുകൊണ്ടു തന്നെ എനിക്ക്  പേരിട്ടപ്പോഴും അതിലൊരു
ലേബൽ ഒട്ടിക്കാതെ നോക്കി അച്ഛൻ.
ചേച്ചിയെ ദയ എന്ന് പേര് ചൊല്ലി വിളിച്ചപ്പോൾ,
എന്നെ വിളിച്ചതു മനു എന്നാണ്. കൂടുതൽ ഡെക്കറേഷൻ
ഒന്നുമില്ല. എനിക്കും അതിഷ്ട്ടായി (ന്നാ തോന്നണേ)

അച്ഛന്റെ കൂട്ടുകാരെപോലെ നല്ല മനുഷ്യനായി
എനിക്ക് വളരാമെന്ന് ! നല്ല മനസ്സുള്ളവനായി കാണാനാണ്
ഏതൊരു അച്ഛനുമമ്മയും പോലെ അവരാഗ്രഹിക്കുന്നത്.
ഞാൻ വലുതാവുമ്പോഴും ഇതൊക്കെ തന്നെ പറഞ്ഞാൽ
മതിയായിരുന്നു, അച്ഛൻ. അപ്പൊ പിന്നെ പഠിച്ചു എനിക്ക്
ബുദ്ധിമുട്ടണ്ടല്ലോ; ഹി ഹീ.
നോക്കട്ടെ; പിന്നീണ്ടല്ലോ എല്ലാ കാര്യത്തിലും അച്ഛനിങ്ങനെ
ഓരോ എക്സ് പറ്റേഷൻ വച്ചാൽ എനിക്കിഷ്ടാവില്ലാ ട്ടോ,
എനിക്കും എന്റേതായ സ്വാതന്ത്ര്യം വേണം.
അല്ലെങ്കിൽ ഈ രണ്ടാമൂഴക്കാരന്റെ കയ്യിൽ നിന്നും
മേടിക്കും (അച്ഛൻ പേടിച്ചു ന്നാ തോന്നണേ)
പാവം അച്ഛൻ.
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ മൂന്നാമത്തെ ആഗ്രഹം പോലെ;
വലുതായിട്ടു വേണം അച്ഛനെ പണിക്കൊന്നും വിടാതെ
വീട്ടിലിരുത്താൻ.
അതിപ്പോ കൈയും കാലും തല്ലി ഓടിച്ചിട്ടായാലും വേണ്ടില്ല.

സസ്നേഹം,
മനു

March 15, 2017

നീളൻ ചായ

രാവിലെ എണീറ്റ് നല്ലൊരു ചായ കുടിച്ചാൽ തന്നെ ആ ദിവസം
നന്നായി തുടങ്ങി എന്നു കരുതുന്നവരാണ് നമ്മളിൽ പലരും.
ചായയുടെ എണ്ണം കുറച്ചു വരികയാണെങ്കിലും,
രാവിലെ ഒരെണ്ണം എനിക്കും ശീലമുണ്ട്.
കൊച്ചിയിൽ ജോലി സംബന്ധമായി താമസിക്കയാൽ
വാരാന്ത്യങ്ങൾ  ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയുള്ള
ജോഗിങ്ങിനു ശേഷം കാക്കനാട് ഇൻഫോപാർക് എക്സ്പ്രസ്സ്
വേയുടെ അരികിലുള്ള വേലായുധേട്ടന്റെ ചായക്കടയിൽ
നിന്നുമാണ് പതിവു ചായ.



ജോഗിങ്ങിന് കൂട്ടായി രാജഗിരിയുടെ പഴയ സ്‌പ്രിന്റ് താരം
സെബാനും കൂടെയുണ്ടാവും.
സെബാന് നല്ല കടുപ്പത്തിൽ, ചൂടാറ്റിയെടുത്ത ചായയാണ്
വേണ്ടതെങ്കിൽ എനിക്ക് വേണ്ടത് നന്നായി നീളത്തിൽ
മുകളിലേക്ക് ഒഴിച്ച് അടിച്ചെടുത്ത പതയുള്ള ചൂട് ചായയാണ്.
ആദ്യ രണ്ടു ദിവസം മാത്രമേ ചായക്കടയിലെ വേലായുധേട്ടനോട്
ഞങ്ങളുടെ സ്പെഷ്യൽ ചായക്കൂട്ടു പറഞ്ഞു കൊടുക്കേണ്ടി
വന്നിട്ടുള്ളൂ. പിന്നെ ഞങ്ങളെ കാണുമ്പോൾത്തന്നെ
കസ്റ്റമൈസ്ഡ് ചായകൾ റെഡി ആയിരിക്കും.

പറഞ്ഞു വന്നത് എന്താന്നു വച്ചാൽ , ഇങ്ങനെ നമ്മുടെ
ഇഷ്ട പ്രകാരമുള്ള ചായകൾ കിട്ടുന്ന ചായക്കടകളും
ഹോട്ടലുകളും മലയാള നാട്ടിൽ നിന്നും മാഞ്ഞു
തുടങ്ങിയിരിക്കുന്നു. കാരണം അവിടെ ചായ ഉണ്ടാക്കുന്നവർ
മറുനാട്ടിൽ നിന്നുള്ളവരാണ്. ബംഗാളിയോടും മറ്റും
നമ്മുടെ ചായരുചിയുടെ ഇഷാനിഷ്ട്ടങ്ങളും ഫ്ലേവറും
പറഞ്ഞു ഫലിപ്പിക്കണമെങ്കിൽ കടുപ്പത്തിലുള്ള
രണ്ടു ചായ ആദ്യമേ വേറെ കുടിക്കേണ്ടി വരും.
ഇല്ലേ, എത്രയെത്ര ചായ രുചികളാണ് നമുക്കുള്ളത് ?
ആ രുചിയുടെ ലിസ്റ്റിന്റെ നീളം ഇച്ചിരി കൂടുതലായിരിക്കും,
ഏകദേശം ഇങ്ങനെ...

ചേട്ടാ,
കടുപ്പത്തിൽ മധുരം കൂട്ടി ഒരു ചായ ...
ഒരു ലൈറ്റ് ചായ, നീളത്തിൽ ...
പാലിച്ചിരി കുറച് , മധുരം കൂട്ടി ആറ്റിയ ചായ ...
ഒരു പൊടി ചായ, വിത്ത് ഔട്ട് ...
കടുപ്പത്തിൽ മധുരം കുറച്ചു ഒരു ചായ ...
ഒരു കട്ടൻ വിത്ത് ഔട്ട് ഏലയ്ക്ക ഇട്ടത് ...

ചിലർക്കൊക്കെ ഒരു ഊള ചായ കിട്ടിയാലും മതിയാവും :)

ഒരു ഹോട്ടലിൽ  ചെന്നിട്ടു അവിടുത്തെ മറുനാടൻ
ചായടിക്കാരനോട് അല്ലെങ്കിൽ സപ്ലയറോട് ഇതൊക്കെ
എങ്ങനെ പറയാനാ ? ഇമ്പോസ്സിബിൾ.
അഥവാ മുറി ഹിന്ദിയും അംഗ വിക്ഷേപങ്ങളും കാട്ടി കാര്യം
ഒരുവിധം പറഞ്ഞൊപ്പിച്ചാലും അവൻ തന്നിഷ്ട പ്രകാരമേ
ചായ കൂട്ടി കൊണ്ട് വരുള്ളൂ;
ഒരു മറ്റേ ചിരിയും മുഖത്തു വച്ചുകൊണ്ട്.
എന്നാലും നമ്മളതു കുടിച്ചു പൈസയും കൊടുത്തു പോരുകയേ
വഴിയുള്ളൂ. മറ്റേതൊരു ഇഷ്ടവും പോലെ ഇതും കോംപ്രമൈസ്
ചെയ്യാൻ നമ്മൾ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
ചിലയിടങ്ങളിൽ ഇൻസ്റ്റന്റ് ചായ മാത്രേ കിട്ടുകയുള്ളൂ.

മലയാളിക്ക് നല്ലൊരു ചായ കുടിക്കണമെങ്കിൽ
തനിയെ ഇട്ടു കുടിക്കണം.

ചായയുടെ കാര്യം മാത്രമല്ല, മലയാളത്തിന്റെ രുചികളും, തനതു
രീതികളും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും
നമ്മളൊക്കെ അതിന്റെ കാരണക്കാരാണ്, നേരിട്ടല്ലെങ്കിലും.
അതിന്റെ കാരണങ്ങൾ ഞാനിവിടെ തിരഞ്ഞു പോകുന്നില്ല,
ഒരു ചിന്ത മാത്രം ചായ പോസ്റ്റിലൂടെ ഇട്ടു എന്ന് മാത്രം.
നാമിഷ്ടപ്പെടുന്ന പല രുചിക്കൂട്ടുകളും, മലയാളിയുടെ രീതികളും
ജീവിതവുമെല്ലാം മാറുന്നുണ്ട്, ഒന്നാലോചിച്ചാൽ നിങ്ങൾക്കും ആ
മാറുന്ന പട്ടികയുടെ നീളം കാണാനാവും.




നീളത്തിൽ , കടുപ്പത്തിൽ, ലൈറ്റ് ആയി...
ഒരു ചായ ചിന്ത പറഞ്ഞുവെന്നേ ഉള്ളൂ, ഒന്നും തോന്നരുത്.

March 04, 2017

നാരായണേട്ടൻ

ചെറിയൊരു ഇടവേളയയ്ക്കു ശേഷം  വീണ്ടും ഒരു ബ്ലോഗെഴുതാൻ
തീരുമാനിച്ചു. 2016 വർഷത്തെ അവസാന ബ്ലോഗ് ഒരു 
വ്യക്തിയെ കുറിച്ചായിരുന്നു, ഈ വർഷം(2017) ആദ്യമായി എഴുതുന്നതും 
ഒരു വ്യക്തിയെ കുറിച്ചു തന്നെ. 
എഴുതാനുള്ള ഒരു സാഹചര്യം ഇന്നുണ്ടായി എന്ന് പറയുന്നതാവും 
കൂടുതൽ ശരി.

കഴിഞ്ഞ ആറേഴു വർഷത്തെ സജീവ ഗ്രന്ഥശാല പ്രവർത്തനത്തിന്റെ 
ഭാഗമായി, എന്റെ നാട്ടിലെ വായനശാലയിൽ പതിവായി പുസ്തകം 
വായിക്കാനെത്തുന്നവരിൽ എന്നെ ഏറ്റവും കൂടുതൽ
വിസ്മയിപ്പിച്ചിട്ടുള്ളത് 
നാരായണേട്ടനാണ്. 
എഴുപതു വയസ്സ് കഴിഞ്ഞിട്ടുണ്ടാകും ഈ വായനക്കാരന്.
പണ്ട് അന്യദേശത്ത് എവിടെയോ ആയിരുന്നു ജോലി,
ഇപ്പൊ കുറേ കാലായി നാട്ടിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാര്യമോ, മക്കളുടെ കാര്യമോ ഒന്നും
എനിക്ക് കാര്യമായി അറിയില്ല.

വാരാന്ത്യങ്ങളിലെ വായനശാലാ പ്രവർത്തനത്തിന്റെ ഇടവേളകളിൽ 
ആണ് നാരായണേട്ടനോട് അല്പം സംസാരിക്കാറുള്ളത് , 
അതും പുസ്തകങ്ങളെ കുറിച്ച് മാത്രം. മിതഭാഷിയായ ഒരു
കൃശഗാത്രൻ. വായനശാലയിലെ പുസ്തകങ്ങൾ ആണ്
അദ്ദേഹത്തിന്റെ ഭക്ഷണം എന്നു തോന്നുന്നു. 
വായനാമുറിയിലെ പത്രങ്ങളും മാസികകളും സ്ഥിരം
വന്നു വായിക്കാറുള്ള നാരായണേട്ടൻ ആഴ്ചയിൽ വന്നു
പുസ്തകങ്ങൾ എടുത്തു കൊണ്ട് പോകും.


സാധാരണ എല്ലാ അംഗങ്ങൾക്കും രണ്ടു പുസ്തകം മാത്രേ
കൊടുക്കാൻ പാടുള്ളൂ. പക്ഷേ നാരായണേട്ടന് രണ്ട് പുസ്തകം
'ഒന്നുമാകില്ല' എന്നതിനാൽ ഒരു പരിഗണന കൊടുത്തു നാല്
പുസ്തകങ്ങൾ ഒന്നിച്ചു കൊണ്ടു പോകാനുള്ള "പ്രിവിലേജ് "
പ്രത്യേകം ലൈബ്രെറിയനോട് പറഞ്ഞു തരപ്പെടുത്തി കൊടുത്തു.
പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള ആ വായനശാലയിലെ, ഒരുമാതിരി എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചു 
തീർത്തിട്ടുണ്ടാവും എന്ന് തോന്നുന്നു !

ഞാനോർക്കുന്നു, ഒരിക്കൽ ഒരോണക്കാലത്തു ഉത്രാട തലേന്നു നാല് 
പുസ്തകങ്ങൾ കൊണ്ടുപോയി. പിന്നെ നാല് ദിവസം വായനശാല അവധിയാണ്. നാലാം ഓണ നാളിൽ പുലിക്കളിക്കു
പോകും മുൻപേ ചുമ്മാ വായനശാലയിലേക്ക് ഇറങ്ങിയതാ. വായനശാലയ്ക്കു മുൻപിൽ ദാ 
നിൽക്കുന്നു നാരായണേട്ടൻ, കയ്യിൽ വായിച്ചു തീർത്ത നാല് പുസ്തകങ്ങളുമുണ്ട്. ഇന്ന് തുറക്കില്ല എന്നറിയാം, എന്നാലും
വെറുതെ വന്നു നോക്കിയതാ എന്ന് പറഞ്ഞപ്പോൾ,
എനിക്കും അലിവ് തോന്നി. വേഗം എന്റെ വീട്ടിൽ പോയി
താക്കോലെടുത്തു വായനശാല തുറന്നു കൊടുത്തു. 
നാരായണേട്ടൻ ആവശ്യമുള്ള പുസ്തകങ്ങളെടുത്തു പോയി.

അത്രയും പ്രിയമാണ് അദ്ദേഹത്തിന് അക്ഷരങ്ങളോട്.
വർഷാവർഷം പുതിയ പുസ്തകങ്ങൾ വാങ്ങി കഴിഞ്ഞാൽ,
അതിലേറെയും ആദ്യമായി വായിച്ചു തീർക്കുന്നത് നാരായണേട്ടൻ 
തന്നെയാകാനാണ് സാധ്യത.
അബദ്ധത്തിൽ, മുൻപ് വാങ്ങിയ ഏതെങ്കിലും പുസ്തകങ്ങൾ
ഇക്കുറിയും വാങ്ങിച്ചുവെങ്കിൽ അതും ചൂണ്ടി കാണിക്കുന്നത് 
ഈ നാരായണേട്ടൻ തന്നെയായിരിക്കും. ലൈബ്രെറിയന് പോലും
ഇത്ര ധാരണ കാണില്ല എന്ന് തോന്നുന്നു. 

ചെറിയ ചിരികളിലും, ഒരുവാക്കിൽ ഒതുങ്ങിയ കുശലങ്ങളിലും 
അദ്ദേഹത്തോടുള്ള അടുപ്പം എന്നും ഒരുപോലെ നിന്നു. 
ജീവിതത്തിൽ നാം പരിചയപ്പെടുന്ന പലരും ഇങ്ങനെയാണ്,
പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ കാണില്ല, പക്ഷേ വെറുതെ
ഒരു പരിചയം എന്നും കാത്തു സൂക്ഷിക്കും, നാമറിയാതെ തന്നെ.



കഴിഞ്ഞ ആഴ്ചയാണ് ഈ വർഷത്തത്തെ ലൈബ്രറി ഗ്രാൻറ് കിട്ടിയ 
തുകയ്ക്ക് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ കെട്ടഴിച്ചത്. അന്ന് 
സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുന്ന തിരക്കിനിടയിൽ നാരായണേട്ടൻ 
അതിലെ പുതിയ പുസ്തകങ്ങൾ എടുക്കാമോ എന്ന് ചോദിച്ചു.
അടുത്ത ആഴ്ച മുതലേ എല്ലാം നമ്പറിട്ടു ശെരിയാവുകയുള്ളു എന്ന് 
പറഞ്ഞപ്പോൾ , എന്നാൽ അങ്ങനെയാവട്ടെ എന്ന് മറുപടി പറഞ്ഞു 
എന്റെ തോളത്തു പതിയെ ഒന്ന് തട്ടി അദ്ദേഹം വായനശാലയുടെ പടികളിറങ്ങി. ഞാനും ലൈബ്രെറിയനും പതിവ് ജോലികളിലേക്ക് 
തിരിഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം; ഇന്നലെ വെള്ളിയാഴ്ച ജോലി സ്ഥലത്തു നിന്നും രാത്രി നാട്ടിലെത്തിയ ഞാൻ ആദ്യം കേട്ടത് നാരായണേട്ടന്റെ 
മരണ വാർത്തയായിരുന്നു.
മനസ്സിലൊരു വിഷമം തോന്നി.
നാരായണേട്ടൻ ആരോടും ഒന്നും പറയാതെ യാത്രയായി,
സ്വന്തം തീരുമാന പ്രകാരം.
തൃശൂരിലെ വടൂക്കര അടുത്ത്, സമാന്തരമായ രണ്ടു പാളങ്ങളുടെ 
തോളിലേറി കുതിച്ചു പാഞ്ഞെത്തിയ ആ തീവണ്ടിയുടെ 
മുന്നിലേക്ക്, എന്തിനാണ് നാരായണേട്ടൻ പോയത്?

അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ഇഷ്ട്കാരനായ ആ 
വയോധികൻ, ഒരുവേള ആലോചനയില്ലാതെ നടന്നു പോയപ്പോൾ,
ഒരു പിൻവിളി വിളിക്കാൻ പോലും, 
എന്നെങ്കിലും വായിച്ചു തീർത്ത ഏതോ പുസ്തകത്താളിലെ 
ഒരക്ഷരവും ഉണ്ടായില്ല.?

പുത്തൻ പുസ്തകങ്ങൾ ചോദിച്ച നാരായണേട്ടന് അതിലൊന്ന് പോലും 
കൊടുക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ പുസ്തകങ്ങളും നമ്പറിട്ടു 
സ്റ്റോക്കിൽ കയറ്റി വിതരണത്തിന് ശെരിയായി ഇരിക്കുന്നു, പക്ഷേ 
അതിലൊന്നുപോലുമെടുക്കാൻ നാരായണേട്ടൻ ഇനി വായനശാലയുടെ 
പടികടന്നു വരില്ല. 
വായനശാലയുടെ പേരിലൊരു റീത്തു വയ്ക്കാൻ പോയപ്പോൾ 
ഞാൻ കണ്ടതാ, ചേതനയറ്റ ആ ശരീരം.
അനേകമനേകം പുസ്തകത്താളുകൾ മറിച്ചു
കറുത്ത അക്ഷരങ്ങളെ വായിച്ചു തീർത്ത
ആ വിരലുകളും ശരീരവും മരവിച്ചു കിടക്കുന്നു.

ഇപ്പോൾ സമയം രാത്രിയായി, ചിതയിൽ എല്ലാം എരിഞ്ഞു തീർന്നിട്ടുണ്ടാവും. 
വായിച്ചു തീർത്ത അക്ഷരങ്ങളുടെ ലോകത്തിന്റെ തീച്ചൂളയിൽ 
നിന്നും, അദ്ദേഹം ഇന്നേ വരെ വായിക്കാത്ത പുതിയ ലോകത്തിന്റെ 
താളുകളിലേക്ക് യാത്രയാവുമ്പോൾ, എന്റെ മനസ്സിൽ ബാക്കിയാവുന്ന 
ചിന്ത ഒന്ന് മാത്രം.
നാരായണേട്ടനെ പോലെ ഇത്രയേറെ വായിക്കുന്ന മറ്റൊരാൾ 
ഈ വായനശാലയിൽ ഇനിയുണ്ടാവുമോ?