November 01, 2017

രായിരനെല്ലൂർ

ചിന്തയിൽ ഇക്കുറി ഒരു യാത്രയുടെ വിശേഷങ്ങളാവാം...
ഒരു ഭ്രാന്തൻ മല , രായിരനെല്ലൂർ !!!

പുണ്യളൻ അഗർബത്തീസിലെ  രണ്ടു കഥാപാത്രങ്ങളെപ്പോലെ,
ഒരു വൈകിയ രാത്രിയിൽ ഞാനും എന്റെ ചങ്ക് സുരാജും
തൃശൂരിലെ വടക്കുംനാഥന്റെ തെക്കേ ഗോപുരനടയിൽ
മാനം നോക്കി കിടക്കുമ്പോൾ പെട്ടെന്നൊരു വെളിപാടുണ്ടായി.
രായിരനെല്ലൂർ ഭ്രാന്തൻ മലയിലേക്കൊരു യാത്ര പോകണം.

സുരാജ് മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്.
എപ്പോ പോകണം എന്ന് ചങ്കു ചോദിച്ചപ്പോ തിടുക്കായി.
നാളെ രാവിലെ 6 മണിക്ക് തിരിക്കാം. ഡീൽ ആയി.
രാത്രി തന്നെ റൂട്ട് ഒക്കെ നോക്കി വച്ച് കിടന്നെങ്കിലും
മനസ്സ് ഉറങ്ങാതെ യാത്രയുടെ പ്രതീക്ഷയിലായിരുന്നു.

തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ അകലെയാണ്
ഐതീഹ്യ പെരുമ പേറുന്ന രായിരനെല്ലൂർ മല.
ഷൊർണൂർ - പട്ടാമ്പി - കൊപ്പം ; ഇതാണ് റൂട്ട്.

പറഞ്ഞുറപ്പിച്ച പോലെ കൃത്യ സമയത്തു തന്നെ കാറിൽ യാത്ര തിരിച്ചു.
ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി എന്നാ പറയാ എങ്കിലും
അന്ന് ഒന്നൊന്നര മഴയായിരുന്നു. ഞായറിന്റെ ആലസ്യത്തിൽ
വഴിയൊക്കെ വിജനമായിരുന്നെങ്കിലും, ഒരു മൺസൂൺ റാലിയുടെ
പ്രതീതിയോടെ എന്റെ നാവിഗേറ്ററിനോടൊപ്പം നല്ലതും
മോശവുമായ വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു.
ഉത്രാളിക്കാവ് ക്ഷേത്രവും, ചെറുതുരുത്തിയിലെ കലാമണ്ഡലവും, ഭാരതപ്പുഴയും കടന്നു പട്ടാമ്പിയുടെ ഗ്രാമഭംഗിയിലൂടെ ഞങ്ങൾ
എട്ടരയോടെ രായിരനെല്ലൂരിൽ എത്തിച്ചേർന്നു. പിന്നെ കുറച്ചു ദൂരം വീതിയേറെ കുറഞ്ഞൊരു
നാട്ടുവഴിയിലൂടെ കയറ്റിറക്കങ്ങൾ കറങ്ങി
രായിരനെല്ലൂർ മലയുടെ അടിവാരത്തെത്തി.

കാർ പാർക്ക് ചെയ്യാൻ ഒതുക്കിയപ്പോൾ അതാ നല്ലൊരു
സുന്ദരൻ മയിൽ, പീലിയൊക്കെ വഴിയിലേക്ക് വിരിച്ചിട്ടു
പോസ് ചെയ്തു നിൽക്കുന്നു; ഞങ്ങളെ കണ്ടതും വയലിലേക്ക്
ഓടി മറഞ്ഞു.
ഞങ്ങൾ പതിയെ മല കയറാനൊരുങ്ങി.

രായിരനെല്ലൂരിൽ എന്താ കാണാനുള്ളത്?
പ്രധാനമായും രായിരനെല്ലൂർ മല തന്നെ, ആ മലയുടെ മുകളിൽ
മലയിൽ ഭഗവതി എന്നൊരു കുഞ്ഞു ക്ഷേത്രമുണ്ട്.
ഭഗവതി നാറാണത്തു ഭ്രാന്തന് ദർശനം നൽകി അവിടെയൊരു
പാറയിൽ അപ്രത്യക്ഷയായി ലയിച്ചു, പിന്നീട് അവിടെ ഈ
ക്ഷേത്രം ഉണ്ടായി എന്ന് ഐതീഹ്യം.
ശ്രീകോവിലും വിഗ്രഹ പ്രതിഷ്ഠയും ഇല്ല ഇവിടെ,
ക്ഷേത്രത്തിനകത്തേക്കു കടന്നാൽ  ഒരു പാറമേൽ
പൂവിട്ടു പൂജിക്കുന്നു , അത്ര മാത്രം.ക്ഷേത്രത്തിനു കുറച്ചു അകലെയായി കുന്നിന്റെ ഓരത്തു
നാറാണത്തുഭ്രാന്തന്റെ പതിനെട്ടടി ഉയരമുള്ള
പ്രതിമയാണ് മറ്റൊരു ആകർഷണം.
കല്ലുരുട്ടികയറ്റി താഴേക്കു തള്ളിയിടാൻ തയ്യാറായി നിൽക്കുന്ന
ആ പ്രതിമക്ക് ജീവനുള്ളപോലെ തോന്നും.
ശില്പി : സുരേന്ദ്രകൃഷ്ണൻ (1995 ൽ നിർമ്മിച്ചത്)

രാവിലെ 6  മണിമുതൽ 8 മണിവരെ യാണ് ക്ഷേത്രത്തിലെ
പൂജാ സമയം. 8 മണിക്ക് ശേഷം മല കയറുന്നവർ,
ക്ഷേത്രം ഓഫീസിൽ (റോഡിന്റെ എതിർ വശത്തു കാണുന്ന
നാരായണ മംഗലത്ത് ആമയൂർ മന)
ചെന്ന് പേരും മേൽവിലാസവും പറഞ്ഞു അനുവാദം വാങ്ങണം.
വൈകീട്ട് 5 മണിക്ക് ശേഷം മല കയറാൻ അനുവാദമില്ല.

ക്ഷേത്ര ഓഫീസിൽ നിന്നും അനുവാദം ലഭിച്ച ശേഷം ഞങ്ങൾ
മലയിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി.
പലപ്പോഴായി പണി കഴിപ്പിച്ചിട്ടുള്ള ആ പടവുകൾ പലയിടത്തായി നിർമ്മിതിയുടെ വർഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പടവുകൾ ഉള്ളതുകൊണ്ട് കുത്തനെയുള്ള ആ കുന്നു കയറുകയെന്നത് ആയാസരഹിതമായി തോന്നി.
പടവുകൾ നമ്മെ കൊണ്ടെത്തിക്കുന്നത് ആകാശ കാഴ്ചയുടെ
ഉയരങ്ങളിലേക്കാണ്.
ഒരു ഗൂഗിൾ മാപ് പോലെ വയലുകളും, കണ്ടങ്ങളും ,
പാതയോരങ്ങളും, പച്ചില കാടുകളും ഭംഗിയായി കാണാം.


മഴ കുറച്ചു നേരത്തേക്ക് പിൻവാങ്ങിയിരുന്നു.
ഇടയ്ക്കു കോട മഞ്ഞിന്റെ വരവ് കൂടിയായപ്പോൾ സംഭവം
ക്ലാസ്സ് ആയി.
മലമുകളിലേക്ക്, അവിടെയുള്ള മലയിൽ ഭഗവതി ക്ഷേത്രത്തിലെത്താൻ അധികം സമയമെടുത്തില്ല.ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുതിറങ്ങുമ്പോഴേക്കും വീണ്ടും
മഴ എവിടെ നിന്നോ ഓടിയെത്തി. മഴ മാറുന്നില്ല എന്ന്
തോന്നിയപ്പോൾ കുന്നിന്റെ ഓരത്തുള്ള നാറാണത്തു ഭ്രാന്തന്റെ
പ്രതിമ കാണാൻ നടന്നു.
മഴയുടെ താളം കാതോർത്ത് , ആ നനുത്ത പുൽനാമ്പുകളിൽ
വീഴുന്ന മഴത്തുള്ളികൾ നുകർന്ന് ഒരു കുടക്കീഴിൽ ഞങ്ങൾ
കുറെ നേരം അവിടെത്തന്നെയിരുന്നു.ശില്പത്തിന്റെ മുന്നിൽ നിന്നും കുന്നിൻ ചരുവിലെ കാഴ്ചകളും
മനോഹരമാണ്. മഴ മാറിയപ്പോൾ പഞ്ഞിക്കെട്ടുപോലെ
കോടമഞ്ഞും കാഴ്ചയായി ആ അനന്ത വിഹായസ്സിൽ
ഇടയ്ക്കിടെ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. അവിടെ നിന്നും
താഴേക്ക് നോക്കിയാൽ പണ്ട് നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടി
കയറ്റി വന്ന വഴി കാണാം.
എല്ലാ വർഷവും തുലാം മാസം ഒന്നാം തിയ്യതി ഭക്തജനങ്ങൾ
ആ വഴിയിലൂടെ വൃതമെടുത്തു കയറി വരാറുണ്ട്.
അന്നാണ് ഇവിടുത്തെ പ്രധാന വിശേഷദിവസം, നാറാണത്തു
ഭ്രാന്തന് ഭഗവതി ദർശനം നൽകി എന്ന് വിശ്വസിക്കുന്ന നാൾ.

പണ്ട്,  ഉരുണ്ട പാറക്കല്ല് അടിവാരത്തു നിന്നും ഉരുട്ടിക്കയറ്റി
ഇവിടെ എത്തിയിരുന്ന നാറാണത്തു ഭ്രാന്തൻ ഒരുപാട്
കഷ്ട്ടപ്പെട്ടിട്ടുണ്ടാവും, ല്ലേ?
സത്യത്തിൽ ആരാണീ നാറാണത്തു ഭ്രാന്തൻ,
എന്തിനാണ് നിരന്തരം ഈ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റി
പിന്നീടത് താഴേക്ക് ഇട്ടിരുന്നത് ?
ഈ വക ചിന്തകളിലിൽ നിന്നും നാറാണത്തിന്റെ
പൊരുളറിയാൻ ഒരു ശ്രമം നടത്തി .
------------------------------------------------------
പറയിപെറ്റ പന്തിരുകുലം എന്നത് ഒരു കെട്ടുകഥയാവാം
അല്ലായിരിക്കാം. എന്തായാലും നീചമായ ജാതി വ്യവസ്ഥ നിലനിന്നിരുന്നൊരു കാലത്ത് പറയി എന്ന താഴ്ന്ന ജാതിക്കാരി
പെറ്റ പന്ത്രണ്ടു മക്കളുടെ കഥ നമുക്ക് നൽകുന്നത് ഒരു പാഠമാണ്.
മനുഷ്യന് ആവശ്യമില്ലാത്ത ജാതിയുടെ ഉച്ച നീചത്വം.
ഇന്നും, എന്നും അതിനു സാമൂഹിക പ്രസക്തിയുണ്ട്.
മിത്തിനെക്കാൾ ഉപരി ചരിത്രത്തിന്റെ ഒരു ഭാഗമായിക്കാണാനാണ്
എനിക്കിഷ്ട്ടം.


മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര് -
          ത്തച്ചനും പിന്നെ വള്ളോന്
     വായില്ലാക്കുന്നിലപ്പന് വടുതല മരുവും
          നായര് കാരയ്ക്കല് മാതാ
     ചെമ്മേ കേളുപ്പുകൂറ്റന് പെരിയ തിരുവര-
          ങ്ങത്തെഴും പാണനാരും
     നേരേ നാരണത്ത്ഭ്രാന്തനുമുടനകവൂര്-
          ച്ചാത്തനും പാക്കനാരും

അതെ, വരരുചിക്കും പഞ്ചമിയെന്ന പറയി സ്ത്രീക്കും
ജനിച്ച പന്ത്രണ്ടു മക്കൾ, അവരിവരാണ്:
മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, പെരുന്തച്ചൻ,
രജകൻ, വള്ളോൻ, വടുതല നായർ, ഉപ്പുകൊറ്റൻ,
അകവൂർ ചാത്തൻ, കാരയ്‌ക്കൽ അമ്മയ്‌വർ, പാണനാർ,
നാറാണത്തു ഭ്രാന്തൻ, വായില്ലാ കുന്നിലപ്പൻ.

നൂറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞ കഥയ്ക്ക് പല
ആഖ്യാനങ്ങളുണ്ടായേക്കാം. ഞാൻ അറിഞ്ഞ ഇവരുടെ കഥയിങ്ങനെ:
ഭോജരാജാവിന്റെ രാജസദസ്സിലെ മഹാ പണ്ഡിതനായിരുന്നു
വരരുചി എന്ന ബ്രാഹ്മണൻ. ആദരണീയൻ.
ഒരിക്കൽ രാജാവിന്റെ ഒരു സംശയ ചോദ്യത്തിന്  മുൻപിൽ
അദ്ദേഹം  നിസ്സഹായനായി പോയി.
രാമായണത്തിലെ ഏറ്റവും പ്രസക്തമായ ശ്ലോകം ഏതാണെന്ന്
ആയിരുന്നു ചോദ്യം. സർവ്വജ്ഞനെങ്കിലും വരരുചിക്ക് അതറിയില്ലായിരുന്നു. 41 ദിവസത്തിനുള്ളിൽ ശരിയായ ഉത്തരം കണ്ടെത്താതെ തിരികെ വരേണ്ട എന്നാണു രാജാവിന്റെ ഉത്തരവ്.

വരരുചി കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു,
രാജ്യം വിട്ടു , പല വിവേക ചൂഡാമണികളോടും ഈ ചോദ്യം
ആവർത്തിച്ചുവെങ്കിലും, ശരിയായ ഉത്തരം അദ്ദേഹത്തിന്
ലഭിച്ചില്ല. അലഞ്ഞൊടുവിൽ ഒരു കാട്ടിലെത്തി.
വലിയൊരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കവേ, രണ്ടു വനദേവതമാർ
ആ വഴി സംസാരിച്ചു പോകുന്നു. സമീപത്തുള്ളൊരു ഗ്രാമത്തിൽ
ഒരു ഒരു താഴ്ന്ന ജാതിക്കാരിപ്പെണ്ണ് പ്രസവിച്ചിട്ടുണ്ട്,
ചോരയും നീരും കിട്ടുവാനായി അവരവിടേക്ക്‌ പോവുകയാണ്.

മരത്തിന്റെ സമീപത്തെത്തിയപ്പോൾ
ആ മരമുകളിൽ വസിക്കുന്ന മറ്റൊരു വനദേവതയെ
അവർ കൂടെ വിളിച്ചു. അപ്പോൾ ഒരശരീരി പോലെ അയാൾ കേട്ടു:
"എന്റെ വൃക്ഷച്ചുവട്ടിൽ ഒരു ബ്രാഹ്മണൻ വിശ്രമിക്കുന്നുണ്ട്, കാട്ടു മൃഗങ്ങളിൽ നിന്നും അയാളെ കാക്കുന്നതിനു വേണ്ടി കൂട്ടിരിക്കുന്നതിനാൽ ഞാൻ വരുന്നില്ല, നിങ്ങൾ പോയി വരിക."

വരരുചിക്ക് അത്ഭുതമായി, അപ്പോഴാണ് അങ്ങനെയൊരാൾ
തന്റെ മുകളിൽ മരച്ചില്ലയിലെവിടെയോ ഇരിപ്പുണ്ടെന്ന്
അദ്ദേഹം അറിയുന്നത്.
കുറച്ചു സമയം കഴിഞ്ഞു ആ വനദേവതമാർ ഗ്രാമത്തിൽ
നിന്നും തിരികെ വരുംവഴി വീണ്ടും വൃക്ഷത്തിന്റെ
അടുത്തെത്തി. ആ സ്ത്രീ ഒരു പെൺകുഞ്ഞിനെ
പ്രസവിച്ചുവെന്നറിയിച്ചു.
മരത്തിൽ വസിക്കുന്ന വനദേവത അവരോടു ചോദിച്ചു.
"എന്താണാ കുട്ടിയുടെ ഭാവി ?"
വഴിയാത്രക്കാരായ വനദേവതമാരുടെ മറുപടി ഇങ്ങനെ;
"മാംവിധി എന്താണെന്നറിയാത്തൊരു പാവം വരരുചി
ഈ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിക്കും"

ഇത് കേൾക്കാനിടയായി വരരുചിക്കു സന്തോഷവും
സന്താപവുമുണ്ടായി. എന്തായാലും രാമായണത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ശ്ലോകം മാംവിധിയാണെന്നു ബോധ്യമായി കിട്ടിയ സന്തോഷത്തിൽ അദ്ദേഹം
തിരികെ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി
മാംവിധിയെക്കുറിച്ചു 18 വ്യാഖ്യാനങ്ങളിൽ വിവരിച്ചു കൊടുത്തു.

"രാമം ദശരഥം വിധി,
മാംവിധി ജനകാത്മജം
അയോദ്ധ്യാ അടവിം വിധി
ഗച്ഛ തനയ അടവിം സൂക്തം "

തൃപ്തികരമായ ഉത്തരം ലഭിച്ച സന്തോഷത്തിൽ രാജാവ്
വരരുചിക്ക് പാരിതോഷികങ്ങൾ നൽകി,
കൂടെ അത്താഴത്തിന് ക്ഷണിച്ചു.
ഭക്ഷണത്തിനിടെ പ്രധാനപ്പെട്ടൊരു രാജ്യകാര്യം വരരുചിയോട്
അറിയിച്ചു. കഴിഞ്ഞ ദിവസം ഏതോ ഒരു ഗ്രാമത്തിൽ താഴ്ന്ന
ജാതിയിൽപ്പെട്ടൊരു സ്ത്രീ പെൺകുഞ്ഞിന് ജന്മം
നൽകിയിരിക്കുന്നു. ആ പെൺ കുഞ്ഞിന്റെ സാന്നിധ്യം രാജ്യത്തിന് ആപത്താണ് പോലും. എന്താണൊരു പരിഹാരം എന്ന് വരരുചിയോടു ആരാഞ്ഞു. ചോര കുഞ്ഞിനെ വധിക്കാൻ പറയാൻ മനസ്സ്
വരാത്തതിനാൽ കുഞ്ഞിന്റെ ശുരസ്സിൽ ദീപം കൊളുത്തി
ഒരു തോണിയിൽ വച്ച് രാത്രിയിൽ നദിയിൽ ഒഴുക്കിവിടാൻ
വരരുചി പരിഹാരം നിർദേശിച്ചു. രാജാവ് അപ്രകാരം ചെയ്തു.
നാളുകൾ ഒരുപാട് കടന്നു പോയി, വരരുചി അലക്ഷ്യമായൊരു
യാത്രയ്ക്കിടയിൽ ഒരു ബ്രാഹ്മണന്റെ ക്ഷണം സ്വീകരിച്ചു
ഒരു വീട്ടിലെത്തി.
ഭക്ഷണത്തിനായി എന്ത് വേണമെന്ന് പറയൂ എന്ന ബ്രാഹ്മണന്റെ ആതിഥ്യത്തിനു മുൻപിൽ വരരുചി കുറച്ചു നിബന്ധകൾ നിരത്തി.
ഭക്ഷണത്തിന്റെ കൂടെ 108 തരം കറികൾ വേണം.
ഭക്ഷണശേഷം നാല് പേരെ തിന്നുവാൻ വേണം.
അതിനെ ശേഷം വിശ്രമിച്ചുറങ്ങുമ്പോൾ അദ്ദേഹത്തെ
വഹിക്കുവാനും നാലുപേർ വേണം.
ഇത് കേട്ടു പരിഭ്രമിച്ച ബ്രാഹ്മണൻ എന്ത് ചെയ്യണമെന്നറിയാതെ
വിഷമിച്ചു നിന്നപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൾ ഒരു
സൂത്രം പറഞ്ഞു കൊടുത്തു. അതുപോലെ ചെയ്യാമെന്ന് ഏറ്റ
ബ്രാഹ്മണൻ വരരുചിയോടു കുളിച്ചു ശുദ്ധിയായി വന്നോളൂ
എന്നറിയിച്ചു. വരരുചി കുളിച്ചെത്തുമ്പോഴേക്കും കണ്ടത് ,
ചോറിന്റെ കൂടെ ഇഞ്ചി തൈര് വിളമ്പുന്നതാണ്.
വിധിപ്രകാരം 108 കറികൾക്ക് തുലമാണത്രെ ഇഞ്ചി തൈര് !
ആഹാര ശേഷം മുറുക്കുന്ന ശീലമുള്ളതിനാൽ വരരുചിക്കു
അടയ്ക്കയും വെറ്റിലയും പുകയിലയും നാരങ്ങയും
ചവയ്ക്കുവാനായി നൽകി. നാലും കൂട്ടി മുറുക്കിയ ശേഷം
വിശ്രമിക്കാനായി നാലുകാലുള്ളൊരു കട്ടിലും നൽകി.
വരരുചി സുഖമായി വിശ്രമിച്ചു.
ആതിഥ്യത്തിൽ സന്തോഷവാനായ വരരുചി ബ്രാഹ്മണനോട്
നന്ദി പറഞ്ഞു. ബുദ്ധി, ഇളയമകൾ പഞ്ചമിയുടേതാണെന്ന്
മനസ്സിലാക്കിയ വരരുചി അവളെ വിവാഹം കഴിക്കാൻ താൽപരം അറിയിച്ചു. വിവാഹശേഷം ഒരുനാൾ പഞ്ചമി വരരുചിയുടെ
മടിയിൽ കിടക്കവേ മുടിയിഴകളിലൂടെ വിരലോടിക്കവേ
ശിരസ്സിലൊരു കറുത്ത പാട് ശ്രദ്ധിച്ചു.
അതെന്താണെന്ന് ചോദിച്ചപ്പോൾ പഞ്ചമി ഇപ്രകാരം
തന്റെ കഥ പറഞ്ഞു.
താൻ ആ ബ്രാഹ്മണന്റെ സ്വന്തം മകളല്ലെന്നും
ഒരു രാത്രിയിൽ നദിക്കരയിൽ നിന്നും ഒരു ദീപത്തോടൊപ്പം
കളഞ്ഞു കിട്ടിയ തന്നെ അച്ഛൻ വളർത്തിയതാണെന്നും
അറിയിച്ചപ്പോൾ വരരുചിക്ക് വിധിയെ തടുക്കാൻ ആർക്കുമാവില്ലെന്നു
മനസ്സിലായി. വരരുചിയും മുൻപുണ്ടായ കഥകളെല്ലാം പത്നിയെ
അറിയിച്ചു. പിന്നീടവർ ഒരു തീർത്ഥ യാത്രക്ക് പോയി.
യാത്രയിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ പലയിടങ്ങളിലായി
അവർക്കു പന്ത്രണ്ട് കുട്ടികൾ ഉണ്ടായി. പക്ഷേ നിർഭാഗ്യവശാൽ
പഞ്ചമിക്ക് മക്കളെ  പോറ്റി വളർത്താനുള്ള ഭാഗ്യമുണ്ടായില്ല.
വഴിയാത്രയ്ക്കിടെ ഓരോ കുട്ടി പ്രസവിച്ചു കഴിയുമ്പോഴും
വരരുചി ഒരേയൊരു ചോദ്യം ചോദിക്കും;
"കുഞ്ഞിന് വായ ഉണ്ടോ?"
സ്വാഭാവികമായും "ഉണ്ട്" എന്നുത്തരം തൽകും പഞ്ചമി.
എന്നാൽ വഴിയിൽ തന്നെ ഉപേക്ഷിച്ചോളൂ എന്ന് പറഞ്ഞു
പഞ്ചമിയെ കൂടെക്കൂട്ടി വരരുചി യാത്രയാകും.
വായ കീറിയ ദൈവം ഭക്ഷണവും നൽകിക്കൊള്ളും എന്നാണു
വരരുചിയുടെ വിശ്വാസം.
പതിനൊന്നു തവണയും പ്രസവാനന്തരം ഇതാവർത്തിച്ചു.
പഞ്ചമി ദുഃഖിതയായി. ഒടുവിൽ പന്ത്രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ
വരരുചിയുടെ ചോദ്യത്തിന് കള്ളം പറയാൻ പഞ്ചമി തീരുമാനിച്ചു.
താൻ പ്രസവിച്ച കുട്ടിക്ക് വായ ഇല്ല എന്ന് പറഞ്ഞു.
പക്ഷേ നിർഭാഗ്യവശാൽ ആ കുട്ടിക്ക് വായ ഇല്ലായിരുന്നു.
ഭയന്ന പഞ്ചമി വരരുചിയോട് സത്യാവസ്ഥ അറിയിച്ചു.
അദ്ദേഹം ആ കുട്ടിയെ സമീപത്തുള്ള കുന്നിൻ മുകളിൽ വച്ചെന്നും
അതൊരു പ്രതിഷ്ട്ടയായി മാറിയെന്നും ഐതീഹ്യം.
ഇന്നത് വായില്ലാ കുന്നിലപ്പൻ എന്ന പേരിൽ ആരാധിച്ചു പോരുന്നു.
വരരുചിയുടെ മറ്റു പതിനൊന്നു മക്കളെ പല ദിക്കുകളിൽ
വിവിധ ജാതിയിൽപെട്ടവർ വഴിയോരത്തുനിന്നും കണ്ടെടുത്തു
വളർത്തി. അവർ അവരവരുടെ കുലത്തൊഴിൽ ശീലിച്ചു, വിവിധ കുലങ്ങളുടെ തുടർച്ചക്കാരായി. അക്കൂട്ടത്തിലെ ഒരുവനാണ് മ്മടെ കഥാനായകൻ നാറാണത്തു ഭ്രാന്തൻ.വരരുചിയുടെ മക്കളിൽ അഞ്ചാമനായ നാരായണൻ.
പ്രസവ ശേഷം ഭാരതപ്പുഴയുടെ തീരത്തു ഉപേക്ഷിക്കപ്പെട്ട
ആ കുട്ടിയെ നാരായണ മംഗലത്ത് ആമയൂർ മനയിലെ ഒരു
പട്ടേരി എടുത്തു വളർത്തി. ബ്രാഹ്മണരുടെ അനുഷ്ട്ടാ നങ്ങൾ
അനുവർത്തിക്കുന്നതിൽ താല്പര്യം കാണിക്കാതിരുന്ന ആ
കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നത്രേ.
വിചിത്ര സ്വഭാവിയായ നാരായണന്റെ ചെയ്തികൾ
അസഹ്യമായപ്പോൾ വേദാഭ്യാസത്തിനായി ആഴകപ്പുഴ
ഇല്ലത്തിൽ കൊണ്ട് ചെന്നാക്കി. എന്നാൽ സ്വഭാവത്തിൽ ഒരു
മാറ്റവും വന്നില്ല.
നാറാണത്തു ഭ്രാന്തൻ വളർന്നു വലുതായി, സ്വഭാവ വിചിത്രതയും.
ഉരുണ്ട പാറക്കല്ല് കുന്നിന്റെ ഉച്ചിയിലേക്ക് ഉരുട്ടിക്കയറ്റി പിന്നീട്
മുകളിൽ നിന്നും താഴേക്ക് തള്ളിയിടും അട്ടഹസിക്കും.
അതാണ് പതിവ്.

ഏറെ പ്രാധാന്യമുള്ള ഒരു തത്വ ശാസ്ത്രത്തിനുടമായാണീ വിദ്വാൻ.
അതെ, ഭ്രാന്തനെന്നു മുദ്ര ചാർത്തിയാലും അദ്ദേഹത്തിന്റെ
ചെയ്തികളിലൂടെ  നമുക്ക് കാട്ടിത്തരുന്നത് മനുഷ്യജീവിതത്തിന്റെ
ഉയർച്ച-താഴ്ചകളെയാണ്‌. അദ്ദേഹത്തിന് കിട്ടിയ പൊരുൾ നമുക്കും ഉൾക്കൊള്ളാനായാൽ ജീവിതത്തെ കുറച്ചുകൂടി രസകരമായി നേരിടാനായേക്കും.

ഈ ഭ്രാന്തനെപ്പോലെ,
പലവിധ സ്വപ്നങ്ങളുടെ ഉരുണ്ട പാറക്കല്ലുകളാണ്
ദിനവും നാം പ്രതീക്ഷകളുടെ കുന്നിൻ മുകളിലേക്ക്
ഉരുട്ടി കയറ്റുന്നത്.
പക്ഷേ അറിയാതെയെങ്കിൽ പോലും അത് താഴേക്കു
വീണാൽ നമുക്ക് സഹിക്കാനാവുന്നില്ല. വീഴ്ചകൾ
സംഭവിക്കുമ്പോഴും നാറാണത്തു ഭ്രാന്തനെപ്പോലെ ഒരു
ചിരിയോടെ നേരിട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ, അല്ലെ?

അല്പം ഒഴിവുള്ളൊരു ദിവസം കിട്ടിയാൽ പോയിവരാം നമുക്കീ
രായിരനെല്ലൂർ മലയിലേക്ക്. ചരിത്രവും ഐതീഹ്യവും ഇഴചേർന്നു
നിൽക്കുന്നൊരു മിത്തിന്റെ ഉയരങ്ങളിലേക്ക് അല്പം നടന്നു കയറാം.
പറയിപെറ്റ പന്തിരുകുലം നമുക്ക് മുൻപിൽ ഉറക്കെ പറഞ്ഞു
പോകുന്നത് ജാതിയുടെ പൊള്ളത്തരത്തെയാണ്.
മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന
പൊരുളറിയുമ്പോൾ മനുഷ്യനും അറിയാതെ
മാനവികതയുടെ ഉയരങ്ങളിൽ എത്തിച്ചേരും.

ഇവിടേയ്ക്ക് പോകുന്ന വഴിയിലുള്ള ഭാരതപ്പുഴയും ഉത്രാളിക്കാവ് ക്ഷേത്രവും യാത്രയുടെ കോമ്പ്ലിമെൻറ് കാഴ്ചകളാണ്, നഷ്ടപ്പെടുത്തരുത്.എങ്ങിനെ രായിരനെല്ലൂരിൽ  എത്തിച്ചേരാം ?
തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ.
റൂട്ട് :
തൃശൂരിൽ നിന്നും ഇവിടെ എത്തിച്ചേരാനുള്ള വഴി
തൃശ്ശൂർ -- വിയ്യൂർ -- വടക്കാഞ്ചേരി -- ചെറുതുരുത്തി --
ഷൊർണൂർ -- പട്ടാമ്പി -- കൊപ്പം -- രായിരനെല്ലൂർ

പട്ടാമ്പിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞു കൊപ്പം ജംഗ്ഷൻ
അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു വളാഞ്ചേരി റൂട്ടിൽ 3 കിലോമീറ്റർ
പോയാൽ ഇരുവശവും പാടം കാണാം. അത് കഴിഞ്ഞു വലതു വശത്തുള്ള
വഴിയിലൂടെ നേരെ രായിരനെല്ലൂർ എത്തിച്ചേരാം.

ഗൂഗിൾ മാപ് :
https://www.google.com/maps/dir/Thrissur,+Kerala,+India/Rayiranellur+Malayil+Bagavathy+Temple,+Palakkad,+Kerala,+India/@10.8695995,76.1603642,17z/am=t/data=!4m18!4m17!1m5!1m1!1s0x3ba7ee15ed42d1bb:0x82e45aa016ca7db!2m2!1d76.2144349!2d10.5276416!1m5!1m1!1s0x3ba7c8c152cbc61b:0x856f5b280b2e7398!2m2!1d76.1609656!2d10.8724876!3e0!6m3!1i0!2i5!3i0?hl=en-US


8 comments:

Tomy said...

Sujith, വളരെ നന്നായിട്ടുണ്ട്. Good one.. Keep it up

JITHESH C.R said...

Palappozhaayi kettu maranna kadhakal orotta sthalathu ninnu vaayichariyaan patti.

kunthampattani said...

Mam vidhi slokathinte artham ariyilla :( y that sloka is important?

kunthampattani said...

Mam vidhi slokathinte artham ariyilla :( y that sloka is important?

kunthampattani said...
This comment has been removed by the author.
JITHU (Sujith) said...

സീന കുന്തംപട്ടാണി,
ഇതാ മാംവിധിയുടെ കൂടുതൽ വിവരണം :

[സുമിത്ര ലക്ഷ്മണന് കൊടുക്കുന്ന ഉപദേശം.
രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ]

“രാമം ദശരഥം വിദ്ധി,
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി,
ഗച്ഛ തഥാ യഥാ സുഖം”

അർത്ഥം:- 1
മകനേ! നീ രാമനെ ദശരഥനെപ്പോലെ കരുതണം. സീതയെ എന്നെപ്പോലെ കരുതണം. വനത്തെ അയോദ്ധ്യയെപ്പോലെയും കരുതുക. നീ സുഖമായി പോകൂ. ഇത് സാമാന്യമായ അര്‍ത്ഥം. 

അർത്ഥം:- 2
മകനേ രാമനെ നീ നിന്റെ പിതാവാണെന്നും സീതയെ മാതാവാണെന്നും കരുതുക. കാടിനെ അയോദ്ധ്യയെന്നും കരുതണം. എന്നാല്‍ നിനക്ക് യാതൊരു ദുഃഖവുമുണ്ടാകുകയില്ല എന്നൊരര്‍ത്ഥം.

അർത്ഥം:- 3
രാമന്‍ ഗരുഡവാഹനനായ മഹാവിഷ്ണുവാണെന്നു ധരിക്കണം. സീത മഹാലക്ഷ്മിയാണെന്നും മനസ്സിലാക്കണം. കല്ലും മുള്ളും നിറഞ്ഞ അടവി സാക്ഷാല്‍ മഹാവിഷ്ണു വാഴുന്ന വൈകുണ്ഠമാണെന്നും കരുതി ജീവിക്കുക. നിനക്കു സുഖമായിരിക്കും. 

Praveen Nadathara said...

Laukika jeevithathilae uncertainty aanu athi bhudhimmannaya naranathu branthan symbolic aayi represent cheythathu ennanu njan kettitullathu....
Anyway beautiful yathra vivaranam��
Aithyhyam enthu thanneyanenkulum njan manasu kondu rayiranellur malayil kurAchu neram ethi��

Anju said...

Oru sancharam episode kanda effect