November 26, 2010

നൃത്തംപീലിക്കണ്ണുകളെഴുതി പട്ടാടയുടുത്ത്
മുടിയില്‍ പൂമേടഞ്ഞിട്ട്‌
കയ്യില്‍ കണകമുദ്രകണിഞ്ഞ്
കാല്ചിലമ്പിന്റെ കളശ്രുതിയില്‍
മതിമറന്നു നൃത്തം ചെയ്യുന്ന പെണ്‍കുട്ടി...ഇവളാരായാലും അവളുടെ നൃത്തം കണ്ണിനു പുണ്യം തന്നെ...

November 12, 2010

പൂഞ്ചിറ

ഇലവീഴാ പൂഞ്ചിറ [തൊടുപുഴ, ഇടുക്കി ജില്ല]


ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാ-പൂഞ്ചിറ"യിലേക്ക് പോകാം.
ഇടുക്കി കോട്ടയം ജില്ലകളെ, പച്ച വെല്‍വെറ്റില്‍ വരച്ചൊരു സാറ്റലൈറ്റ്
ചിത്രം പോലെ കാണാം, മൂവായിരത്തി അഞ്ഞൂറ് അടി മുകളില്‍നിന്ന് .


രണ്ടു മലകള്‍, അതിന്റെ നടുവില്‍ പച്ച സമതലം.
ഒരു വശത്ത് മലങ്കര ഡാമും മഴക്കാടും.
മലകള്‍ക്കിടയില്‍ പുരാതന കാലത്ത് ഒരു തടാകമായിരുന്നത്രേ !
ദ്രൌപതിക്ക് നീരാടാന്‍ ഭീമസേനന്‍ ചവിട്ടിയുണ്ടാക്കിയ ഓലിയിലെ
വെള്ളത്തിന്‌ മധുരമാണ്. വേനല്‍ക്കാലത്തും വെള്ളം ലഭിച്ചിരുന്ന ഓലി
ഇപ്പോള്‍ മൂടിയ നിലയിലാണ്. മരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന
ഈ ഓലിയെ അനുസ്മരിച്ചാണ് ഇലവീഴാ പൂഞ്ചിറ എന്ന
പേര് വന്നത് എന്നാണു ഐതീഹ്യം. മരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓലിയില്‍
ഇലകളും വീഴാറില്ലത്രേ ! അങ്ങനെ ഇലവീഴാപൂഞ്ചിറയുണ്ടായി !


ഇടുക്കി ജില്ലയിലെ തൊടുപുഴ പ്രദേശത്തെ ഒരു പ്രധാന
വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാ പൂഞ്ചിറ. ഇടുക്കി കോട്ടയം
ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മൊട്ട കുന്നുകളും പുല്‍മേടുകളും
നിറഞ്ഞ ഈ കുന്നിന്‍ പ്രദേശത്തെ കുളിര്‍കാറ്റും കാഴ്ചകളും ഏതൊരു
സഞ്ചാരിയെയും ആകര്‍ഷിക്കും. ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍
വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍
മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ
പോകാതിരിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ യാത്രയെയും; ഇടയും മിന്നലും
തെല്ലൊന്നു വലച്ചു. എങ്കിലും മഴമേഘങ്ങള്‍ക്കൊപ്പം നിന്ന് , മഴത്തുള്ളികള്‍
നുകര്‍ന്ന അനുഭവം വേറിട്ടൊരു കാഴ്ചയായി.

പൂഞ്ചിയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക്‌ ട്രെക്കിംഗ് പോകാനാവും.
ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു
ഗൈഡും വേണം. മാതൃഭുമി പ്രസിദ്ധീകരണമായ "യാത്ര" എന്നൊരു മാഗസിനില്‍,
ഇംഗ്ലണ്ട്-ഇല്‍ നിന്നുള്ള ഒരു സംഘം പൂഞ്ചിറ-വാഗമണ്‍ ട്രെക്കിംഗ് നടത്തിയതിന്റെ
വിവരണം ഒരിക്കല്‍ വായിക്കുകയുണ്ടായി.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ മൂലമറ്റം റൂട്ടില്‍ സഞ്ചരിച്ച് കാഞ്ഞാറില്‍ എത്തി
അവിടെ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇലവീഴാ പൂഞ്ചിറയിലേക്കുള്ള ദൂരം.
കാഞ്ഞാറില്‍ നിന്ന് കൂവപ്പിള്ളി വഴി വീതി കുറഞ്ഞ കയറ്റം കയറി
ചക്കിക്കാവ് വരെയുള്ള 8 കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും
അവിടെനിന്നുള്ള മണ്‍ പാതയിലൂടെയുള്ള യാത്ര അല്പം ദുഷ്ക്കരമാണ്.
ജീപ്പ് പോകാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ 2 കിലോമീറ്റര്‍
കാല്‍നടയായി സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം.
തൊടുപുഴയില്‍ നിന്നും പൂഞ്ചിറയിലേക്കുള്ള യാത്രാമദ്ധ്യേ മലങ്കര ഡാമും
സന്ദര്‍ശിക്കാവുന്നതാണ് . തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ
"തൊമ്മന്‍കുത്ത് " എന്നൊരു വിനോദ സഞ്ചാര കേന്ദ്രവുമുണ്ട്.
തൊമ്മന്‍കുത്തിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഞാനിവിടെ എഴുതാം.

Location Tag : Ilaveezha poonchira, Ila veezha poonchira, Thodupuzha, Idukki Tourism]