August 22, 2013

മലയാളം

മാസങ്ങൾക്ക് മുൻപ് "തുഞ്ചൻ പറമ്പ്" എന്നൊരു ബ്ലോഗ്‌
എഴുതിയ സമയത്ത്, നമ്മുടെ സ്വന്തം മലയാളത്തിന്
"ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ സമയമായിരുന്നു.
ഒരു മലയാളി എന്ന നിലയിലും അക്ഷര സ്നേഹി
എന്ന നിലയിലും ഒത്തിരി സന്തോഷിച്ചിരുന്നു; ആ
നേട്ടം നമ്മുടെ മലയാളത്തിന് കൈ വന്നപ്പോൾ.

പക്ഷേ ഇന്നീ ബ്ലോഗ്‌ എഴുതാൻ കാരണം
ഒരു ദുഃഖ വാർത്തയാണ്. കേന്ദ്ര ഗവണ്‍മെന്റ് പോലും
അംഗീകരിച്ച നമ്മുടെ മലയാള ഭാഷയെ അവഹേളിക്കുന്ന
ഒരു തീരുമാനം നമ്മുടെ സർക്കാർ എടുത്തിരിക്കുന്നു;
സർക്കാർ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ്
പിൻവലിച്ചിരിക്കുന്നു !!! കേരളത്തിൽ ജോലി നേടാൻ,
പത്താം തരം വരെയെങ്കിലും മലയാളം
പഠിച്ചിരിക്കുകയോ, അല്ലെങ്കിൽ ഒരു യോഗ്യതാ
പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്ന-
പി എസ് സിയും അംഗീകരിച്ച വ്യവസ്ഥ
ഇനിമേൽ വേണ്ടയെന്നു കേരള മന്ത്രിസഭ
തീരുമാനിചിരിക്കുന്നു.

മലയാളികളെ സേവിക്കുന്ന ഉദ്യോഗസ്ഥർ മലയാളം
അറിയേണ്ട കാര്യമില്ല എന്നാണ് സർക്കാർ പക്ഷം.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല,
പക്ഷേ വിരലിൽ എണ്ണാവുന്ന ന്യൂന പക്ഷങ്ങളുടെ
താത്പര്യം സംരക്ഷിക്കാൻ,  അവരെ ഭയപ്പെട്ട്
സർക്കാർ എടുത്ത ഈ നിലപാട് നമ്മളെ ലജ്ജിപ്പിക്കുന്ന
ഒന്നായിപ്പോയി. സ്വന്തം അമ്മയെ അവഹേളിക്കുന്നതിനു
സമാനമായ തീരുമാനം. സങ്കടം തോന്നി ഇതൊക്കെ
കേട്ടപ്പോൾ. ഈ വാർത്ത കേൾക്കാനും ഇതിനെതിരെ
പ്രതികരിക്കാനും അധികം പേരില്ല എന്നറിഞ്ഞപോഴും
ദേഷ്യവും സങ്കടവും തോന്നി.

ആവശ്യത്തിനും അനാവശ്യത്തിനും ടോക് ഷോകളും
ചർച്ചകളും എക്സ് ക്ലുസിവും കാണിക്കുന്ന മീഡിയ
കച്ചവടക്കാർ എവിടെ ?
കപട നാട്യവുമായി മീഡിയ നിറഞ്ഞു തുളുമ്പുന്ന
സെലിബ്രിറ്റികൾ എവിടെ (മലയാള സൂപ്പർ താരങ്ങൾ ) ??
മലയാളത്തിൽ എഴുതി സാഹിത്യ അക്കാദമി
അവാർഡുകൾ "വാങ്ങി"ക്കൂട്ടിയ എഴുത്തുകാരെവിടെ???
കൊടിയുടെ നിറത്തിനൊത്തു ആദർശം മാറ്റുന്ന
രാഷ്ട്രീയക്കാരെ ഈ വഴിക്ക് നോക്കുകയേ വേണ്ട.
പക്ഷേ മലയാളത്തിനു "ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ
നാളുകളിൽ അത് സ്വന്തം ഭരണ നേട്ടമായി
കൊട്ടിഘോഷിച്ച ഫ്ലക്സ് ബോർഡുകൾ ഇന്നും
കവലകളിൽ ഇരുന്നു മഴ കൊള്ളുന്നുണ്ട്.
ആ ഫ്ലക്സ് ബോർഡുകൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ
ലജ്ജിച്ച് അവ എവിടെയെങ്കിലും
പോയൊളിക്കുമായിരുന്നു.

മലയാളത്തെ ഇത്രയേറെ അപമാനിച്ച ഈ
തീരുമാനത്തെ ഗൌരവമായി സമൂഹത്തിന്റെ
മുൻപിൽ കൊണ്ട് വരാൻ അധികം എഴുത്തുകാരെ
കണ്ടില്ല. ഒ എൻ വിയും സുഗതകുമാരിയും
വീരേന്ദ്രകുമാറും മാതൃഭൂമിയുടെ അഞ്ചാം പേജിൽ
ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചത് കണ്ടു.
അവർക്ക് ഒത്തിരി നന്ദിയുണ്ട്.

മലയാളം മാതൃഭാഷയാക്കിയ നമ്മൾക്ക്
ഈ കാര്യത്തിൽ ഒരു പ്രതികരണവുമില്ലേ?
സ്വന്തം കവിതകളും കഥകളും മറ്റു രചനകളും
വാരികകൾക്കയച്ചു കൊടുത്തു അച്ചടിച്ച്‌ വരുമ്പോൾ,
മലയാളം നൽകിയ സൌഭാഗ്യത്തിൽ
സന്തോഷം കൊള്ളുന്ന എഴുത്തുകാർക്കും
ഈ ദുർ വിധിയെക്കുറിച്ച് ഒന്നും പറയാനില്ലേ?
ഈ വിഷയം നിങ്ങൾ ഏറ്റെടുക്കണം,
ലേഖനങ്ങൾ എഴുതി അയച്ച് പ്രസിദ്ധ പ്പെടുത്തണം,
കാരണം ശക്തമായ ഭാഷയിൽ നിങ്ങൾക്കെ
നന്നായി എഴുതാനാവൂ...
നമ്മുടെ മലയാളത്തെ രക്ഷിക്കാനാവൂ...
എന്നെപ്പോലെയുള്ള ഇത്തിരിക്കുഞ്ഞന്മാർ
എഴുതുന്നത്‌ ആര് വായിക്കാൻ, ആരറിയാൻ ???

മലയാളത്തെയും മലയാളികളെയും അപമാനിച്ച ഈ
വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ
ഇവിടെ കുറിച്ചു എന്ന് മാത്രം, ആരുടെയെങ്കിലും
വികാരങ്ങളെ വൃണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.

"ഞാൻ മലയാള ഭാഷയെ സ്നേഹിക്കുന്നു;
ആ ഭാഷയിൽ സംസാരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു"

August 12, 2013

മണങ്ങൾ

ഈ ബ്ലോഗ്‌ മണങ്ങളെ ഓർത്തുകൊണ്ടാണ് എഴുതുന്നത്‌.
ഈ മാസം മറ്റൊരു വിഷയമായിരുന്നു മനസ്സിൽ കുറിച്ചിട്ടിരുന്നത്
പക്ഷേ കുറച്ചു ദിവസം മുൻപ്, കലാകൌമുദിയിൽ (2013 ജൂലൈ)
ഒരു കഥ വായിക്കാനിടയായി.

കഥയുടെ പേര് ഇങ്ങനെ :
"ജീവിക്കാൻ മണങ്ങൾ അത്യന്താപേക്ഷിതമാണോ "

ഈ കഥയെഴുതിയിരിക്കുന്നത് എന്റെ അധ്യാപികയായ
Dr. ഇ. സന്ധ്യയാണ് എന്നതിൽ എനിക്കതിയായ സന്തോഷവും
അഭിമാനവുമുണ്ട്. കാരണം വായനക്കാർക്ക് ഹൃദ്യമായൊരു
അനുഭവം നൽകാൻ ആ കഥാകാരിക്ക് കഴിഞ്ഞു.
പല എഴുത്തുകാരികളും പെണ്ണെഴുത്തിന്റെയും
പുരുഷ വിദ്വേഷത്തിന്റെയും അനാവശ്യ വലയത്തിൽ
പെട്ടുഴലുമ്പോൾ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ
ഏവർക്കും രസിക്കുന്നൊരു ജീവിതത്തിന്റെ ഏടാണ്
ഈ കഥ പറയുന്നത്.

പ്രമേയം പ്രണയം എന്ന വിഷയമാണെങ്കിലും,
മണങ്ങൾക്ക് ചിലരുടെ ജീവിതത്തിൽ ഉള്ള സ്വാധീനം
എന്ന ചരടിൽ കഥാഗതിയെ കോർത്തിണക്കിയപ്പോൾ
അതൊരു നവ്യാനുഭവമായി എനിക്ക് തോന്നി.
ഒരു പെണ്ണിന്റെ വീക്ഷണത്തിൽ ഏതൊരു കഥാകാരിയും
എഴുതിപ്പോകാവുന്ന വിഷയത്തെ, ബാലചന്ദ്രൻ എന്ന
സാധാരണക്കാരനിലൂടെ കഥ പറയാൻ കാണിച്ച
സെൻസ് തന്നെയാണ് എന്നെ ഏറെ ആകർഷിച്ചത്.

ബാലചന്ദ്രനും വൃന്ദയും പ്രണയത്തിന്റെ മണം
അക്ഷരങ്ങളിലൂടെ പകർന്നു നൽകുമ്പോൾ, ആ
മണം ഏതൊരാളെയും കൊണ്ടെത്തിക്കുന്നത്
പണ്ടെവിടെയോ മറന്നുപോയ നല്ല നാളുകളിലെക്കാണ്.
എന്നുവച്ച് ഇതൊരു പക്കാ പ്രണയ കഥയൊന്നുമല്ല.
ജീവിതത്തിന്റെ യാഥാർത്ഥ്യം വരച്ചുകാട്ടുന്ന, ഒത്തിരി
മണങ്ങൾ നിറഞ്ഞൊരു കഥ. ബാലചന്ദ്രൻ മണങ്ങളുടെ
വക്താവാണെന്നു പറയാം. ഓർമ്മ വച്ച കാലംമുതൽ
അയാൾ വസ്തുക്കളേയും ആളുകളേയും ഓർമ്മകളേയും
ഒക്കെ തിരിച്ചറിയാൻ മണങ്ങളെയാണ്
ആശ്രയിച്ചിരുന്നത്. അമ്മയുടെ മണം, വെയിലിന്റെ
മണം, മരണത്തിന്റെ മണം, പ്രണയത്തിന്റെ മണം...
ഇങ്ങനെ എന്തിനെയും മണത്തോട് ബന്ധപ്പെടുത്തി
ചിന്തിക്കമെന്നും തിരിച്ചറിയാമെന്നും ബാലചന്ദ്രൻ
വാദികുമ്പോൾ നമുക്ക് കൌതുകം തോന്നും. ഇത്തരം
ചിന്തകൾ അയാൾ നിരന്തരം സുഹൃത്തുക്കളുമായി
പങ്കുവയ്ക്കുന്നു. ഒടുവിൽ ആ ചിന്തകൾക്ക് പോലും
മണമുണ്ടാകാം എന്നും അദ്ദേഹം വിശ്വസിക്കുന്നു...

അവിചാരിതമായി, എന്നോ മറന്നുപോയൊരു
പ്രണയത്തിന്റെ സുഗന്ധം പോലെ ഒരു കത്ത്
ബാലചന്ദ്രനെ തേടിയെത്തുന്നു. പക്ഷേ ആ മണം
അദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടുപോകുന്നത്
സുഖകരമായ ഒരനുഭവത്തിലെക്കല്ല....

കഥയുടെ  ഈ മണങ്ങൾ നിങ്ങൾക്കും
കിട്ടണമെന്നുണ്ടെങ്കിൽ സന്ധ്യയുടെ ചെറുകഥ
വായിക്കുക:
കഥ ചെറുതാണെങ്കിലും കഥാ ശീർഷകം നീളത്തിൽ തന്നെയാണ്.
നല്ല അടുക്കതിലുള്ള എഴുത്ത് ;നല്ല ഒഴുക്കോടെ. പലപ്പോഴും
എവിടെയോ നമ്മൾ അനുഭവിച്ചു മറന്നുപോയ "മണങ്ങളെ"
കഥാകാരി ഓർമ്മപ്പെടുത്തുന്നു.

ഈ കഥ വായിക്കുമ്പോൾ നമുക്കും തോന്നാം,
നമ്മൾ ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ ഒരിക്കലും മറക്കാത്ത
മണങ്ങൾ...
1 . പുതുമണ്ണിന്റെ മണം
2. പുത്തൻ പുസ്തകത്തിലെ താളുകളിലെ മണം.
3. കൽവിളക്കിലെ തിരി നാളങ്ങളുടെ മണം.
4. ഇഷ്ട്ടപെട്ട പെണ്ണിന്റെ മണം.
5. പ്രണയ ലേഖനത്തിൽ മുഖം അടുപ്പിക്കുമ്പോൾ വരുന്ന മണം.
6. ഏല കായയും തേങ്ങയും പഞ്ചസാരയും വച്ച ഇലയട
തുറക്കുമ്പോൾ വരുന്ന മണം.
7. എന്റെ അച്ഛൻ ഉടുത്തു മാറിയ കസവു മുണ്ടുകൾക്ക് ഒരു
നല്ല മണമുണ്ടാകും. ഞാനാ മുണ്ടുകൾ വീണ്ടും ഉടുക്കാൻ
ഇഷ്ട്ടപെട്ടിരുന്നു.
8. തുളസിയും ചെമ്പരത്തിയും ഉള്ളിയും ഇട്ടു കാച്ചിയ
വെളിച്ചെണ്ണയുടെ മണം ഓർമ്മപെടുത്തുന്നത്‌ അമ്മയെയാണ്.

ഈ പട്ടികയിങ്ങനെ നീളും, നിങ്ങൾക്ക് ഇതിനേക്കാളേറെ
കൂട്ടി ചേർക്കാനുണ്ടായേക്കും. എന്തായാലും മണങ്ങളെ
ഓർത്തെടുക്കാൻ നിമിത്തമായ ഈ കഥാകാരിക്ക് ഇനിയും
നല്ല നല്ല കഥകളെഴുതാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഇപ്പോൾ എനിക്ക് തോന്നുന്നു,
ഈ ബ്ലോഗിനും ഒരു മണമുണ്ടെന്ന്  :)