August 22, 2013

മലയാളം

മാസങ്ങൾക്ക് മുൻപ് "തുഞ്ചൻ പറമ്പ്" എന്നൊരു ബ്ലോഗ്‌
എഴുതിയ സമയത്ത്, നമ്മുടെ സ്വന്തം മലയാളത്തിന്
"ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ സമയമായിരുന്നു.
ഒരു മലയാളി എന്ന നിലയിലും അക്ഷര സ്നേഹി
എന്ന നിലയിലും ഒത്തിരി സന്തോഷിച്ചിരുന്നു; ആ
നേട്ടം നമ്മുടെ മലയാളത്തിന് കൈ വന്നപ്പോൾ.

പക്ഷേ ഇന്നീ ബ്ലോഗ്‌ എഴുതാൻ കാരണം
ഒരു ദുഃഖ വാർത്തയാണ്. കേന്ദ്ര ഗവണ്‍മെന്റ് പോലും
അംഗീകരിച്ച നമ്മുടെ മലയാള ഭാഷയെ അവഹേളിക്കുന്ന
ഒരു തീരുമാനം നമ്മുടെ സർക്കാർ എടുത്തിരിക്കുന്നു;
സർക്കാർ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ്
പിൻവലിച്ചിരിക്കുന്നു !!! കേരളത്തിൽ ജോലി നേടാൻ,
പത്താം തരം വരെയെങ്കിലും മലയാളം
പഠിച്ചിരിക്കുകയോ, അല്ലെങ്കിൽ ഒരു യോഗ്യതാ
പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്ന-
പി എസ് സിയും അംഗീകരിച്ച വ്യവസ്ഥ
ഇനിമേൽ വേണ്ടയെന്നു കേരള മന്ത്രിസഭ
തീരുമാനിചിരിക്കുന്നു.

മലയാളികളെ സേവിക്കുന്ന ഉദ്യോഗസ്ഥർ മലയാളം
അറിയേണ്ട കാര്യമില്ല എന്നാണ് സർക്കാർ പക്ഷം.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല,
പക്ഷേ വിരലിൽ എണ്ണാവുന്ന ന്യൂന പക്ഷങ്ങളുടെ
താത്പര്യം സംരക്ഷിക്കാൻ,  അവരെ ഭയപ്പെട്ട്
സർക്കാർ എടുത്ത ഈ നിലപാട് നമ്മളെ ലജ്ജിപ്പിക്കുന്ന
ഒന്നായിപ്പോയി. സ്വന്തം അമ്മയെ അവഹേളിക്കുന്നതിനു
സമാനമായ തീരുമാനം. സങ്കടം തോന്നി ഇതൊക്കെ
കേട്ടപ്പോൾ. ഈ വാർത്ത കേൾക്കാനും ഇതിനെതിരെ
പ്രതികരിക്കാനും അധികം പേരില്ല എന്നറിഞ്ഞപോഴും
ദേഷ്യവും സങ്കടവും തോന്നി.

ആവശ്യത്തിനും അനാവശ്യത്തിനും ടോക് ഷോകളും
ചർച്ചകളും എക്സ് ക്ലുസിവും കാണിക്കുന്ന മീഡിയ
കച്ചവടക്കാർ എവിടെ ?
കപട നാട്യവുമായി മീഡിയ നിറഞ്ഞു തുളുമ്പുന്ന
സെലിബ്രിറ്റികൾ എവിടെ (മലയാള സൂപ്പർ താരങ്ങൾ ) ??
മലയാളത്തിൽ എഴുതി സാഹിത്യ അക്കാദമി
അവാർഡുകൾ "വാങ്ങി"ക്കൂട്ടിയ എഴുത്തുകാരെവിടെ???
കൊടിയുടെ നിറത്തിനൊത്തു ആദർശം മാറ്റുന്ന
രാഷ്ട്രീയക്കാരെ ഈ വഴിക്ക് നോക്കുകയേ വേണ്ട.
പക്ഷേ മലയാളത്തിനു "ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ
നാളുകളിൽ അത് സ്വന്തം ഭരണ നേട്ടമായി
കൊട്ടിഘോഷിച്ച ഫ്ലക്സ് ബോർഡുകൾ ഇന്നും
കവലകളിൽ ഇരുന്നു മഴ കൊള്ളുന്നുണ്ട്.
ആ ഫ്ലക്സ് ബോർഡുകൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ
ലജ്ജിച്ച് അവ എവിടെയെങ്കിലും
പോയൊളിക്കുമായിരുന്നു.

മലയാളത്തെ ഇത്രയേറെ അപമാനിച്ച ഈ
തീരുമാനത്തെ ഗൌരവമായി സമൂഹത്തിന്റെ
മുൻപിൽ കൊണ്ട് വരാൻ അധികം എഴുത്തുകാരെ
കണ്ടില്ല. ഒ എൻ വിയും സുഗതകുമാരിയും
വീരേന്ദ്രകുമാറും മാതൃഭൂമിയുടെ അഞ്ചാം പേജിൽ
ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചത് കണ്ടു.
അവർക്ക് ഒത്തിരി നന്ദിയുണ്ട്.

മലയാളം മാതൃഭാഷയാക്കിയ നമ്മൾക്ക്
ഈ കാര്യത്തിൽ ഒരു പ്രതികരണവുമില്ലേ?
സ്വന്തം കവിതകളും കഥകളും മറ്റു രചനകളും
വാരികകൾക്കയച്ചു കൊടുത്തു അച്ചടിച്ച്‌ വരുമ്പോൾ,
മലയാളം നൽകിയ സൌഭാഗ്യത്തിൽ
സന്തോഷം കൊള്ളുന്ന എഴുത്തുകാർക്കും
ഈ ദുർ വിധിയെക്കുറിച്ച് ഒന്നും പറയാനില്ലേ?
ഈ വിഷയം നിങ്ങൾ ഏറ്റെടുക്കണം,
ലേഖനങ്ങൾ എഴുതി അയച്ച് പ്രസിദ്ധ പ്പെടുത്തണം,
കാരണം ശക്തമായ ഭാഷയിൽ നിങ്ങൾക്കെ
നന്നായി എഴുതാനാവൂ...
നമ്മുടെ മലയാളത്തെ രക്ഷിക്കാനാവൂ...
എന്നെപ്പോലെയുള്ള ഇത്തിരിക്കുഞ്ഞന്മാർ
എഴുതുന്നത്‌ ആര് വായിക്കാൻ, ആരറിയാൻ ???

മലയാളത്തെയും മലയാളികളെയും അപമാനിച്ച ഈ
വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ
ഇവിടെ കുറിച്ചു എന്ന് മാത്രം, ആരുടെയെങ്കിലും
വികാരങ്ങളെ വൃണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.

"ഞാൻ മലയാള ഭാഷയെ സ്നേഹിക്കുന്നു;
ആ ഭാഷയിൽ സംസാരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു"

7 comments:

ajith said...

മലയാളം വാഴ്ക

suraj_ns said...

ഒരു മാധ്യമങ്ങളും പ്രതികരിക്കാതിരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും നിന്നും മറഞ്ഞു പോയ ആകാശവാണി ശക്തമായി പ്രതികരിക്കുന്നത് കേട്ട് കൊണ്ടാണ് ഞാനിന്നു വീട്ടിൽ നിന്നും ഇറങ്ങിയത്‌... എന്തു കാര്യം... എന്നെത്തെയും പോലെ ഈ ഒരു കാര്യവും നമ്മളെയൊന്നും അനുസരിക്കാതെ കടന്നു പോകുക തന്നെ ചെയ്യും... അത് കൊണ്ട് തന്നെയാണ് ആരും ഒന്നിനും പ്രതികരിക്കാത്തത് തന്നെ... എങ്കിലും ഒരു മലയാളിയെന്ന നിലയിൽ ഞാൻ ഉറപ്പു തരുകയാണ്‌ ചേട്ടായി... ഈ ഒരു കാര്യത്തിനു വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുന്നോ അതെല്ലാം ഞാൻ ചെയ്യും... ഈ ചേട്ടൻ പറഞ്ഞത് പോലെ നമുക്കേ ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ കഴിയു... മലയാളം പറഞ്ഞാൽ വാക്കൊന്നിനു നൂറു രൂപ പിഴ അടക്കേണ്ട കാലമുണ്ടാകതിരിക്കാൻ നമുക്കൊരുമിച്ചു പ്രാർഥിക്കാം...

kusumam said...

ഇന്നും PSC ക്ലാസ്സില്‍ ചരിത്രം മാഷ്‌ പറയുകയുണ്ടായി... സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണോ വേണ്ടായോ എന്ന്. ആദ്യം ഒന്ന് ശങ്കിച്ചു. "മലയാളത്തിനു ശ്രേഷ്ഠ പദവി ലഭിച്ചതല്ലേ..." അപ്പോള്‍ അതെടുത്തു കളയുമോ?... എന്ന്... സത്യം പറയാലോ... വേദന ഉണ്ട്.. ഒരുപാട്. നമ്മുടെ സ്വന്തം മാതൃഭാഷയെ മലയാള കരയില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുകയാണ് എല്ലാവരും..
ഇതും ആര്‍ക്കു വേണ്ടി?
എന്തിനു വേണ്ടി?
അല്ലെങ്കില്‍ ആരുടെ വാക്കുകള്‍ക്കു അനുശ്രുതമായാണ് നമ്മുടെ രാഷ്ട്രീയം മുന്നേറുന്നത്?
ഒരുപക്ഷെ, വീണ്ടും ഒരു ഇംഗ്ലീഷ് മേധാവിത്തം ആഗതമാകുന്നതിന്റെ സൂചന ആയിരിക്കുമോ?
ഭയക്കേണ്ടി ഇരിക്കുന്നു....

Jomy Jose said...

മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഭാഷാ ന്യൂനപക്ഷക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ് യോഗ്യതാപരീക്ഷ പാസ്സാകണമെന്നായിരുന്നു മുമ്പുള്ള നിയമം. പരീക്ഷ പാസ്സായില്ലെങ്കില്‍ ഇന്‍ക്രിമെന്‍റ് തടയുമായിരുന്നു.ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഓഫീസ് രേഖകളില്‍ തമിഴില്‍ തന്നെ ഒപ്പിടണമന്നത് നിര്‍ബന്ധമാണ്.മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക.
http://malayalatthanima.blogspot.in/

ബൈജു മണിയങ്കാല said...

മലയാളം വേണ്ടവർ പഠിക്കട്ടെ.. ഒരു ജോലിക്ക് മലയാളം ആയിട്ടു ആർക്കും തടസ്സം ആകേണ്ട മലയാളം ശക്തമായ ഭാഷയാണ് അത് ഒരു ജോലിക്ക് മുമ്പിൽ തലകുനിക്കേണ്ട കാര്യം ഇല്ല

JITHU (Sujith) said...

അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി.
അതെ, നമ്മുടെ സ്വന്തം മലയാളം ആർക്കും ഒരു
തടസ്സം സൃഷ്ട്ടിക്കണ്ട. ശക്തമായ ആ ഭാഷ
എന്നും നിലനിൽക്കും. പക്ഷേ ഒരു കൂട്ടം ആളുകളുടെ
താത്പര്യത്തിന് വഴങ്ങി സർക്കാർ ഇത്തരം
നിലപാടുകൾ സ്വീകരിച്ച് മലയാളത്തെ
അടിച്ചമർത്തുമ്പോൾ നമ്മളെ പോലുള്ളവർ ഇങ്ങനെയെങ്കിലും
ഒന്ന് പ്രതികരിക്കണ്ടേ? രണ്ടു വാക്ക് നാലഞ്ചു പേര്
ഇവിടെ കമ്മൻറ്റ് എഴുതി എന്നത് തന്നെ വലിയ സന്തോഷവും
പ്രതീക്ഷയും നല്കുന്നു. കാരണം ഞാനിവിടെ പോസ്റ്റ്‌ ചെയ്തത്
എന്റെ കവിതയോ കഥയോ അല്ല, മലയാള ഭാഷയ്ക്ക്
വേണ്ടിയാണ് നമ്മൾ സംസാരിക്കുന്നത്;
നമുക്ക് വേണ്ടി, നമ്മുടെ അമ്മയ്ക്ക് വേണ്ടി.
ആ ചിന്തയിൽ പങ്കു ചേർന്ന അജിത്‌ ചേട്ടനും
സൂരജിനും, കുസുമത്തിനും, ജോമിക്കും, ബൈജുവിനും
എന്റെ നന്ദി അറിയിക്കട്ടെ.
നമ്മുടെ മലയാള ഭാഷയ്ക്ക് വേണ്ടി നമുക്ക് നിലകൊള്ളാം.
ആരെയും ഭയക്കാതെ നമ്മുടെ അഭിപ്രായങ്ങൾ
തുറന്നു പറയാം. കമന്റ്റും ലൈക്കും കിട്ടാൻ വേണ്ടിയല്ല,
നമുക്ക് പലതും നേടിത്തന്ന മലയാള ഭാഷയെ നാം മറക്കരുത്.

kunthampattani said...

മലയാള ഭാഷ പരിജ്ഞാനം നിർബന്ധമാക്കാത്ത സർക്കാർ തീരുമാനം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് ... എങ്കിലും മലയാളം വഴി മുട്ടി പോകും എന്നെനിക്ക് തോന്നുന്നില്ല. എന്തൊക്കെ പറഞ്ഞാലും മലയാള ഭാഷക്ക് നമ്മുടെ സമൂഹത്തിൽ ഉറച്ച വേരുകൾ ഉണ്ട് ... അത് പിഴുതു കളയാൻ ഒരു സർക്കാർ ഉത്തരവിനും കഴിയില്ല... തിരുവനന്തപുരത്ത് ദിവസം പ്രതി ഈ തീരുമാനത്തിനെതിരെ പ്രതിഷേധ യോഗങ്ങൾ നടക്കുന്നുണ്ട് .... മാധ്യമങ്ങൾ സോളാർ തിരക്കിൽ ആയതു കൊണ്ട് അത്തരം പ്രതിഷേധങ്ങൾ ഏറ്റു പിടിക്കുന്നില്ല എന്ന് മാത്രം