April 18, 2014

പൂവാങ്കുരുന്നില


 കണ്മഷിയെഴുതിയ മിഴികളിൽ
കവിതകൾ കൂട് കൂട്ടും;
സ്വപ്നങ്ങളുടെ ഒരു താഴ്വരയാണത് ...


പെണ്‍കുട്ടികൾക്ക്, ജനിച്ച് 28 ദിവസം തികയുമ്പോൾ
കണ്ണിൽ കരിമഷി എഴുതുന്ന ചടങ്ങുണ്ട്. എന്റെ മകളുടെ
28 ന്  കണ്മഷി വാങ്ങാൻ വിചാരിച്ചപ്പോഴാണ്  ഈ സംഭവം
വീട്ടിൽ തന്നെയുണ്ടാക്കാം എന്നറിഞ്ഞത്.
പണ്ടൊക്കെ കണ്മഷി വീട്ടിൽ തന്നെയാണത്രേ ഉണ്ടാക്കിയിരുന്നത്.
എന്നാൽ പിന്നെ ഈ നിർമ്മിതി ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ
തീരുമാനിച്ചു.
സംഭവം വളരെ ലളിതമാണ് , എല്ലാം പ്രകൃതി ദത്തം.
വീടിന്റെ മുറ്റത്തോ തൊടിയിലോ കാണുന്ന പൂവാങ്കുരുന്നിലയാണ്
ആകെ വേണ്ടുന്നതായ സാധനം. നിത്യവും മുറ്റത്ത്‌  കാണുന്ന
ദശപുഷ്പ ഗണത്തിൽപെട്ട  ഈ ചെടി കണ്മഷി ഉണ്ടാക്കാൻ
ഉപയോഗിക്കും എന്നറിഞ്ഞത് ഇപ്പോഴാണ് .

 

പൂവാങ്കുരുന്നില കൊണ്ട്  കണ്മഷി ഉണ്ടാക്കുന്ന രീതിയിതാ പോസ്റ്റുന്നു:


 

ആദ്യം പൂവങ്കുരുന്നിലയുടെ ഇലകൾ ശേഖരിച്ച് വൃത്തിയായി
കഴുകിയെടുക്കുക. എന്നിട്ട് ഇലകൾ ഇടിച്ചു പിഴിഞ്ഞ്  ഒരു പാത്രത്തിലേക്ക്
ചാറെടുക്കണം, ഇത് കുറച്ചധികം വേണ്ടി വരും. വിളക്കിലെ തിരിയുണ്ടാക്കാൻ
ഉപയോഗിക്കുന്ന  നല്ല വൃത്തിയുള്ള കൊട്ടൻ തുണി മുറിച്ചെടുത്തു
പൂവാങ്കുരുന്നിലയുടെ ചാറിൽ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട്  ഉണക്കണം.


തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറിൽ നനച്ച്
വീണ്ടും തണലത്തിട്ട്‌ ഉണക്കണം. ഇപ്രകാരം 7 തവണ ആവർത്തിക്കുക.
ഇപ്പോൾ ഔഷധ ഗുണമുള്ള പൂവാങ്കുരുന്നിലയുടെ ചാറ്  നല്ലപോലെ
തുണിയിൽ ആയിട്ടുണ്ടാകും.ഇനിയീ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.
ഒരു നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കാൻ
പാകത്തിന്  ഒരുക്കി വയ്ക്കുക.
ഇനി വേണ്ടത് ഒരു പുത്തൻ മണ്‍പാത്രം.നിലവിലക്കിലെ തിരി കത്തിച്ച ശേഷം പുക ഉയരുന്ന ഭാഗത്തായി
മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കിൽ നിന്നുതിരുന്ന പുക
മണ്‍പാത്രത്തിൽ കരിയായി വന്നടിയും . ആവശ്യമായ
ആത്രയും കരി മണ്‍പാത്രത്തിൽ ആയാൽ തിരിയണയ്ക്കാം.


 

മണ്‍പാത്രത്തിലെ പാട പോലെയുള്ള കരി ഒരു ഓലക്കീറുകൊണ്ട്
അടർത്തിയെടുക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ
തുള്ളി നല്ലെണ്ണ ഒഴിച്ച് ഈർക്കിൽ കൊണ്ട്  നന്നായി ചാലിക്കുക.

 
 

കണ്മഷി തയ്യാർ. ഒരു ഒഴിഞ്ഞ കണ്മഷിക്കൂടിലേക്ക് ചാലിച്ച കണ്മഷി
പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.


താല്പര്യമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതെയുള്ളൂ.
ആവശ്യമായ സാധനങ്ങൾ:
1. പൂവാങ്കുരുന്നിലയുടെ ഇല
2. തിരിത്തുണി
3. നല്ലെണ്ണ
4. നിലവിളക്ക്
5. മണ്‍പാത്രം


March 28, 2014

സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ


നമുക്കെല്ലാർക്കും കാലാകാലങ്ങളിൽ ഓരോ
സ്വപ്നമുണ്ടാകും, അല്ലെങ്കിൽ പ്രതീക്ഷകൾ.
ഈ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായി ദിനവും
നാം പ്രയത്നിക്കുന്നു. ചിലരുടെ പ്രയത്നങ്ങൾ
സ്വപ്നങ്ങളെ യാധാർധ്യമാക്കുന്നു, ചിലർ
പരാജയപ്പെടുന്നു, കുറച്ചു പേർ വഴിമദ്ധ്യേ
കാലിടറി വീഴുന്നു...എപ്പോഴും നമ്മൾ നമ്മുടെ സ്വപ്ങ്ങളുടെ
ചിറകിലേറിയാണ് യാത്ര. എന്നാൽ മറ്റൊരാളുടെ
സ്വപ്നം സഫലമാക്കാൻ അവർക്ക് കൂട്ടായി
ഇരിക്കുമ്പോഴുള്ള സന്തോഷം അറിഞ്ഞിട്ടുണ്ടോ ?
ഭാഗ്യവശാൽ എനിക്ക് ചില കാലങ്ങളിൽ
 അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ
സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 

വലിയ വലിയ കാര്യങ്ങൾ
ചെയ്തു കൊടുത്തു എന്നൊന്നും  ഇതിനർത്ഥമില്ല.
പക്ഷേ, ഒരു സുഹൃത്തിന്റെ പ്രതീക്ഷകളെ
കേട്ടിരിക്കാനും ആവുന്ന സഹായങ്ങൾ സന്തോഷത്തോടെ
ചെയ്തു കൊടുക്കുമ്പോൾ നമുക്കുണ്ടാകുന്ന,
പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദമുണ്ട്.

ഇന്നിവിടെ "സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ"
എന്ന ബ്ലോഗ്‌ എഴുതാൻ കാരണം, അത്തരത്തിൽ ഒരു
കൂട്ടിരിക്കുന്ന സമയമാണിപ്പോൾ എന്നതാണ്.
പക്ഷേ അതൊരു അടുത്ത സുഹൃത്തോ
വേണ്ടപ്പെട്ടവരോ ഒന്നുമല്ല; നാട്ടിലെ ഒരു
സാധാരണ വീട്ടമ്മ, ഒരന്തർജനം. പതിവായി
അമ്പലത്തിൽ കാണാറുള്ളതാണ്, ശാന്തിയുടെ
വേളി. ഒരു ദിവസം വീട്ടിൽ വന്നു അമ്മയോട്
എന്നെ തിരക്കി, അന്നേരം ഞാനുണ്ടായിരുന്നില്ല.

അമ്മയോട് വന്ന കാര്യം പറഞ്ഞു, അവരുടെ കയ്യിൽ
വർഷങ്ങൾ പഴക്കമുള്ള ഒരു ഡയറി ഉണ്ട്.
നിറം മങ്ങിയ താളുകളിൽ നിറയെ
ഭക്തിരസപ്രദമായ കവിതകളാണ്;
ഈശ്വര സ്തുതികൾ !
അനേകം വർഷങ്ങളിലെ അവരുടെ കാവ്യ സപര്യയുടെ
ഫലമായി പിറവിയെടുത്ത സ്തുതി ഗീതങ്ങൾ.
കഴിഞ്ഞ കാലത്തിലെ ഇന്നലെകളിലെ കഷ്ട്ടത നിറഞ്ഞ
ജീവിത യാത്രയിൽ വെന്തുരുകുമ്പോഴും,
മനസ്സിലെ ഭക്തിയിൽ നിന്നും വിശ്വാസത്തിൽ നിന്നും
കണ്ണുനീരായിപ്പൊടിഞ്ഞ അക്ഷരമാല്യങ്ങൾ
കലാസിൽ പകർത്തി, ഭഗവാന്റെ
തൃപ്പാദങ്ങളിൽ അർപ്പിക്കാനുള്ള  പുഷ്പങ്ങളായി
അവരത് കാത്തു സൂക്ഷിച്ചു. ഇന്നത്‌ ഒരു
അച്ചടിച്ച പുസ്തകമായി കാണണം എന്നതാണ്
അവരുടെ സ്വപ്നമെന്നും അതിനായി
മകനോട്‌ വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ
പറയണമെന്നും അമ്മയോട് പറഞ്ഞ്
ഡയറി വീട്ടിൽ ഏൽപ്പിച്ച് ആ അന്തർജ്ജനം
യാത്രയായി.

എഴുതിയ ഭക്തിഗീതങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴും
ഞാൻ ചിന്തിക്കുകയായിരുന്നു, ആ അന്തർജ്ജനം
എന്തിനാണ് അവരുടെ ഒരു സ്വപ്നത്തിനു,
കുറച്ചു കാലത്തേക്ക് കൂട്ടിരിക്കാൻ എന്നെ
നിയോഗിച്ചത്? എനിക്കും ഒരുപാട് സന്തോഷം
തോന്നി. പ്രസ്സിൽ പോയി പുസ്തകമാക്കാനുള്ള
ചിലവോക്കെ തിരക്കി. അവർക്ക് താങ്ങാനാവുമോ
എന്ന് ശങ്കിച്ച് ഞാൻ വിവരം അന്തർജനത്തിനെ
അറിയിച്ചു. ആദ്യമൊന്നു ചിന്തിച്ചെങ്കിലും
എങ്ങനെയെങ്കിലും നമുക്കിത് ചെയ്യണം എന്ന
ആഗ്രഹം പറഞ്ഞു. പണം തരപ്പെടുത്താൻ അവരും
വഴി കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നു.
എന്ത് തന്നെയായാലും ഈ മേടം തീരും മുൻപായി
ആത്തൊലിന്റെ പുസ്തകം അവരുടെ കയ്യിൽ
വച്ച് കൊടുക്കണമെന്നത് ഇന്നെന്റെയും ഒരു
സ്വപ്നമായി മാറിയിരിക്കുകയാണ്. അതിനു
വേണ്ട സഹായങ്ങൾ ചെയ്തു ഈയൊരു
സ്വപ്നത്തിന് കൂട്ടിരിക്കുകയാണിപ്പോൾ.
ഒരുപക്ഷേ ഈ സ്വപ്നം പൂവണിയുമ്പോൾ
ഞാനായിരിക്കും കൂടുതൽ സന്തോഷിക്കുക.

വരുന്ന മേടമാസത്തിൽ വിഷുപ്പക്ഷി പാടുന്ന  ഒരു
പകൽ വരെ നമുക്ക്  കാത്തിരിക്കാം...

അറിഞ്ഞും അറിയാതെയും നമ്മൾ ഇതുപോലെ
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്നവരാണ്.
കാലങ്ങൾ പോയ്മറയും, സ്വപ്‌നങ്ങൾ മാറി വരും
പക്ഷേ ഒരിക്കൽ കൂട്ടിരുന്ന സ്വപ്നത്തിന്റെ
സുഖമുള്ള ഓർമ്മകൾ മാത്രം നമ്മുടെ മനസ്സിൽ നിന്നും
ഒരിക്കലും മാഞ്ഞുപോവില്ല... 

February 13, 2014

പ്രണയത്തിലേക്കുള്ള ദൂരം

2014 FEB 14th.
വീണ്ടുമൊരു പ്രണയദിനം വന്നെത്തുമ്പോൾ
പ്രണയത്തിന്റെ ഒരു ചിന്തയാവാം ഇന്ന്.
ഇന്നാ പിടിച്ചോ !അവൻ അവളോട്‌ ചോദിച്ചു :
   എനിക്ക് നിന്നിലേക്കുള്ള ദൂരവും 
   പ്രണയത്തിലേക്കുള്ള ദൂരവും 
   എത്രയാണെന്നറിയാമോ ???

അവൾ പറഞ്ഞു :
   എന്നിലേക്കൊരിക്കൽ വന്നെത്തുമ്പോൾ 
   പ്രണയത്തിന്റെ ദൂരം നീ തിരിച്ചറിയും...
   പക്ഷേ; അവിടെ നിന്നും നമുക്കൊന്നിച്ച്‌ 
   യാത്ര ചെയ്യാൻ എത്ര ദൂരമുണ്ടെന്നു 
   നിനക്കറിയാമോ ???

അവൻ ഒന്നും മിണ്ടിയില്ല.
മറു ചോദ്യത്തിന്റെ ഉത്തരം തേടി 
അവന്റെ കണ്ണുകളിലെ ആഴത്തിൽ 
അവൾ സമയമേറെ നോക്കിയിരുന്നു...
ദൂരെ  അങ്ങകലെ കടൽത്തിരകൾക്കപ്പുറത്തെ 
സൂര്യനും ഉത്തരമറിയാതെ അസ്തമിച്ചു.
അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു...


ഉത്തരമില്ലാ ചോദ്യങ്ങൾ ബാക്കിയായാലും
സൂര്യൻ അസ്തമിച്ചാലും
മനുഷ്യ മനസ്സിലെ പ്രണയം ഒരിക്കലും അസ്തമിക്കില്ല.
നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കും.

January 12, 2014

വിടവ്


2014 ലെ ചിന്തയിലെ ആദ്യ ബ്ലോഗാണിത്.
പുതുവർഷത്തിലെ പുതുമയ്ക്കു  വേണ്ടി
ഇക്കുറി ഞാനൊരു സാഹത്തിനൊരുങ്ങുകയാണ്.
കവിത "പോലെ" ഒന്നെഴുതിയത് ഇവിടെ പോസ്റ്റുന്നു.ഈ സാഹത്തിനൊരു ആമുഖം പറയാം
എന്നിട്ടാവാം കവിത "പോലെയുള്ളത്‌" !

ആമുഖം:
നാം പലപ്പോഴും  അനുഭവിക്കുന്നൊരു കാര്യമാണ്
ബന്ധങ്ങളിലെ അകൽച്ചകൾ. പിണക്കങ്ങൾ കാരണം
പരിഭവങ്ങൾ കാരണം അങ്ങനെ കാരണങ്ങൾ പലത്.
ഒടുവിൽ തിരിച്ചു ചേരാൻ വയ്യാത്ത വണ്ണം ബന്ധങ്ങൾ
അകന്നു പോകാറുണ്ട്. എന്നാൽ നാം പലപ്പോഴം
അറിയാതെ; നമ്മുടെ തിരക്കുകൾ കാരണം
നമ്മുടെ പ്രിയപ്പെട്ടവരേ വിളിക്കാനോ സംസാരിക്കാനോ
പറ്റാതെ വരുമ്പോൾ മനസ്സിൽ ഒരു തോന്നൽ വരാറില്ലേ,
ഒരു "വിടവ്"
നാളുകൾക്കു ശേഷം ഒരു ഫോണ്‍ കാൾ കൊണ്ടോ
ഒരു കൂടിക്കാഴ്ച കൊണ്ടോ നികത്തപ്പെടുന്നൊരു വിടവ്.
പക്ഷേ ആ വിടവുകൾ ചില നേരം നമ്മെ ഖിന്നരാക്കും.

ചെറിയൊരു വിടവിന് ശേഷം, എനിക്ക് വളരെ
വേണ്ടപ്പെട്ട ഒരാൾക്ക്‌ കത്തെഴുതിയപ്പോൾ കൂടെ
ഈ കവിതയും എഴുതിയയച്ചു. ആ കവിത
താങ്ങാനാവാതെയാണോ എന്നറിയില്ല,
മറുപടി ഇതുവരേയും കിട്ടിയിട്ടില്ല :)
പക്ഷേ കത്തിലൂടെ അല്ലാതെയുള്ള സൌഹൃദം
വിടവില്ലാതെ നികന്നു പോരുന്നു.

പറഞ്ഞു വന്നത് വിടവിനെ പറ്റി.  കഴിവതും
നമ്മൾ സ്നേഹിക്കുന്നവരുമായി
നമ്മളെ സ്നേഹിക്കുന്നവരുമായി ഒരു
വിടവുണ്ടാകാതെ നോക്കാം നമുക്ക്.
ചെറിയ വിടവുകൾ വരും നാളുകളിലെ
അകൽച്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയാലോ ?

ഇനി ആ കവിത പോലെയുള്ളത്‌ പോസ്റ്റാം.
-----------------------------------------------------------------------------
നാം തമ്മിലെന്നുമുണ്ടൊരു വിടവ് 
               സമയത്തിന്റെ 
              കാലത്തിന്റെ 
              ദൂരത്തിന്റെ 
              മിണ്ടാട്ടത്തിന്റെ

പക്ഷേ നാം തമ്മിലൊരിക്കലുമില്ലൊരു വിടവ് 
              ഹൃദയത്തിന്റെ 
              സ്നേഹത്തിന്റെ 
              കരുതലിന്റെ

സമയ-കാല-ദൂര-മിണ്ടാട്ടങ്ങളുടെ വിടവുകൾ 
ഹൃദ-സ്നേഹത്തിലേക്കു കടക്കുമ്പോൾ 
നാം മരിക്കുന്നു, സൗഹൃദം മരിക്കുന്നു-
പിന്നെ ഞാനില്ല നീയില്ല 
തമ്മിലൊരു വിടവ് മാത്രം ബാക്കി...
 -----------------------------------------------------------------------------

 വിടവില്ലാത്ത സ്നേഹബന്ധങ്ങൾ ഏവർക്കും
ഈ  പുതുവർഷത്തിൽ ആശംസിക്കുന്നു...

സ്നേഹപൂർവ്വം
സ്വന്തം ....

December 29, 2013

ബോണ്‍ നതാലെ


തൃശ്ശിവപ്പേരൂരിലെ  പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.

നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്. 

 
 മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.

സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.

കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
 "ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
 കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം."ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"


December 19, 2013

തൂക്കുപാലം 183 Mtrs.

കഴിഞ്ഞ ബ്ലോഗിൽ എഴുതിയ ഭൂതത്താൻ കെട്ട്
യാത്രയുടെ മറ്റൊരു ദൃശ്യാനുഭവമാണ് ഇവിടെ
കുറിച്ചിടുന്നത്. കേരളത്തിലെ ഏറ്റവും നീളമുള്ള
ഒരു തൂക്കുപാലം !!!


കീരംപാറയിൽ നിന്നും (നേര്യമംഗലംറൂട്ടിൽ )
8 കിലോമീറ്റർ യാത്ര ചെയ്‌താൽ കുട്ടമ്പുഴയെന്ന
ഗ്രാമത്തിലെത്തി ചേരാം. അവിടെയാണ്
ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശകരെ
കാത്തിരിക്കുന്നത്.


183 മീറ്റർ നീളവും  4 അടിയോളം വീതിയുമുള്ള ഈ
തൂക്കുപാലം കേരളത്തിലെ ഏറ്റവും വലിയ
തൂക്കുപാലമാണ്. കട്ടമ്പുഴയെയും ഇഞ്ചത്തൊട്ടിയെയും
ബന്ധിപ്പിക്കുന്ന ഈ പാലം 2012 ജൂണ്‍ മാസമാണ്
കാൽനട യാത്രക്കാർക്ക് തുറന്നു കൊടുത്തത്.
ഒരേ സമയം 40 പേർക്ക് വരെ ഇതിൽകയറി
നടക്കാം.

 

KEL(Kerala Electrical & Allied Engineering)  എന്ന
കമ്പനിയാണ് ഈ പാലത്തിന്റെ പെരുന്തച്ചൻ.

 
 


കൂറ്റൻ ഇരുമ്പ് നിർമ്മിതിയുടെ മുകളിൽ നിന്നും
തൂക്കിയിട്ട ഇരുമ്പ് കയറിലാണ് തൂങ്ങിക്കിടക്കുന്ന
ഈ പാലം ആടിക്കളിക്കുന്നത്. പാലത്തിന് ഇരു
വശങ്ങളിലായി മണ്ണിൽ സ്ഥാപിച്ച കോണ്‍ക്രീറ്റിൽ
ഇരുമ്പ് കയറുകൾ ബലമായി ഉറപ്പിച്ചിരിക്കുന്നു.

 ഒരു ഗ്രാമത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന
ഈ തൂക്കുപാലം സഞ്ചാരികൾക്ക് ഒരു
കൌതുകമാണെങ്കിലും, ഇന്നാട്ടുകാർക്കു വളരെ
നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഒരു
വരപ്രസാദമായിരുന്നിരിക്കും. സ്കൂൾ വിട്ടു
വീട്ടിൽ പോകുന്ന കുട്ടികളേയും മറ്റു
കാൽനട യാത്രക്കാരായ ഗ്രാമവാസികളെയും
അവിടെ കാണാനായി.
ഒന്ന് രണ്ട് സൂപ്പർ സ്റ്റാർ മലയാളം ചലച്ചിത്രങ്ങളിലും
ഈ തൂക്കുപാലം മുഖം കാണിച്ചിട്ടുണ്ട്;
ശിക്കാർ, ജവാൻ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളിൽ
ലാലേട്ടനോടും മമ്മുക്കയോടുമൊപ്പം അഭിനയിച്ചു ഇവൻ.


ഈ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന പുഴ
സദാ നിശ്ചലമാണ്. ഡാം തൊട്ടരികിൽ ഉള്ളത്
കൊണ്ടാവാം. എന്തായാലും കണ്ണാടി പോലെയുള്ള
ഈ പുഴയോരത്തെ ദൃശ്യങ്ങളിൽ പലതും എന്നിൽ
സമാനതയുളവാക്കി . കാണുന്ന കാഴ്ചകളിൽ കൂടുതലും
പ്രതി ബിംബങ്ങൾ നിറഞ്ഞു നിൽക്കും പോലെ.
എല്ലാം Syemmtric കാഴ്ചകൾ പ്രദാനം ചെയ്യുന്നു
എന്നതിന് ഈ ചിത്രങ്ങൾ മാത്രം സാക്ഷി...