December 09, 2015

ഇല്ലിക്കൽ കല്ല്‌


കഴിഞ്ഞയാഴ്ച പോയ,
കോട്ടയം ജില്ലയിലെ ഒരു ട്രെക്കിംഗ് സ്പോട്ട്
പരിചയപ്പെടുത്താം; "ഇല്ലിക്കൽ കല്ല്‌".
എറണാകുളത്ത് നിന്നും ഞങ്ങൾ 7 പേർ ആണ് യാത്ര പോയത്. 

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള ഈ
കുന്ന്, ടൂറിസം മാപ്പുകളിൽ ഇടം പിടിച്ചു വരുന്നേയുള്ളൂ.
3 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്ന ഈ
കുന്നുകൾ, കാഴ്ച്ചയുടെയും സാഹസികതയുടെയും
പുത്തൻ കിതപ്പുകളാണ് ട്രെക്കേർസിനു നൽകുന്നത്.


ഏതാനും മാസങ്ങൾക്ക് മുൻപേ പണി തീർന്ന,
അനേകം ഹെയർ പിൻ വളവുകളോട് കൂടിയ
കിടിലൻ റോഡിലൂടെയുള്ള യാത്രയും
സഞ്ചാരികൾക്ക് നല്ലൊരു അനുഭവമാണ്.
ബൈക്കിൽ ആണ് പോകുന്നതെങ്കിൽ അതിന്റെ
രസം കൂടും.

 

പുതിയതായി വെട്ടിയ റോഡ്‌ ഉള്ളതുകൊണ്ട്
ഇല്ലിക്കൽ കല്ലിലേക്ക് വളരെ കുറച്ചു ദൂരം
നടന്നാൽ തന്നെ ചെന്നെത്താം. പാർക്കിങ്ങിനും
മറ്റും റോഡരികിൽ പരിമിതമായ സ്ഥലം
മാത്രമേയുള്ളൂ. ഭക്ഷണത്തിന്, ഒന്നോ രണ്ടോ
വഴിയോര കച്ചവടക്കാർ മാത്രം. ഭക്ഷണ പ്രിയർ
കയ്യിൽ ഭക്ഷണം വാങ്ങി കൊണ്ട് പോകുന്നതായിരിക്കും
നല്ലത്.കുന്നുകളിലേക്ക്‌ കടക്കാൻ എൻട്രി ഫീ ഒന്നും ഇല്ല.
വഴിയോടു ചേർന്ന് കാണുന്ന, നിറയെ പുല്ല് വിരിച്ച
കുത്തനെയുള്ള കുന്നിലേക്ക് ഒരാൾക്ക്‌ പോകാവുന്ന
വഴിചാലിലൂടെ കയറാം. ഞങ്ങൾ അതിന്റെ ഉച്ചിയിൽ എത്തി,
മറു വശത്തേക്ക് അത്രയും തന്നെ ഇറങ്ങി.
അപ്പോൾ  ദൂരെ നിന്നും ഇല്ലിക്കൽ കല്ല്‌ കാണാവതായി.


മൂന്നു കുന്നുകൾ കൂടിയതാണ് ഈ ഇല്ലിക്കൽ കല്ല്‌.
ആദ്യം ഒരു കൂണ്‍ ആകൃതിയിൽ കാണുന്നത് "കുട കല്ല്‌".
ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് വിശ്വാസം.
(നീലക്കൊടുവേലി ഒരു സംഭവാ,   :)
ജയസൂര്യയുടെ "ആട്"എന്ന സിനിമ കണ്ടാൽ മനസ്സിലാവും)

രണ്ടാമതായി ഒരു കൂനു  പോലെ കാണുന്നത് "കൂന് കല്ല്‌".
അതിനു വശത്തു കൂടെ നേർത്തു കാണാം ഒരു പാത,
അതിനെ "നരകപ്പാലം" എന്നാണത്രേ പറയുക.
അപ്പുറം ഇല്ലിക്കൽ കല്ല്‌, അതിലൊരു ഗുഹയുമുണ്ട്.


ദൂരെ നിന്നുള്ള ഇല്ലിക്കൽ കല്ലിന്റെ വിഷ്വലും,
താഴെ അങ്ങകലെയുള്ള ആകാശക്കാഴ്ചയും രസിച്ച
ശേഷം ഇല്ലിക്കൽ കല്ലിലെക്കുള്ള യാത്ര ആരംഭിച്ചു.
ഈ മലനിരകളിൽ നിന്നും മീനച്ചിൽ ആറിലേക്കുള്ള
ജല ശ്രോതസ്സുകൾ അങ്ങകലെയായി കാണാം.
സത്യത്തിൽ ഇപ്പോൾ ഉയരത്തിലുള്ള ആ
പുൽമേടുകളിലൂടെ, വളരെ നേർത്ത ഒരു വഴിയിലൂടെയാണ്
നടക്കുന്നത്.


ഇരു വശവും ഒത്തിരി താഴ്ചയിലുള്ള ഇടങ്ങളാണ്.
മുട്ടിനൊപ്പം പുല്ല് വളർന്നു നിൽക്കുന്നത് കൊണ്ട് പക്ഷേ
വശങ്ങളിൽ ഉള്ള താഴ്ച മനസ്സിലാവില്ല എന്ന് മാത്രമല്ല
അല്പം പേടിയും മാറിക്കിട്ടും. പക്ഷേ ഇല്ലിക്കൽ കല്ലിലേക്ക്
അടുക്കും തോറും വഴി കൂടുതൽ നേരത്തു വരികയും
മിക്കവാറും അതില്ലാതാവുകയും ചെയ്യും.


പിന്നെ പാറക്കെട്ടിന്റെ വശങ്ങളിലൂടെ, ഒരു കാൽപാദം
മാത്രം വയ്ക്കാവുന്ന ഇടുക്കുകൾ കണ്ടെത്തി പിടിച്ചു
പിടിച്ചു പാറയോട് ചാഞ്ഞു കിടന്നു പോകണം.
ആരും അതിനപ്പുറം പോകുന്നത് കണ്ടില്ല.
ഈ അവസാന ലാപ് ആയപ്പോഴേക്കും കൂടെയുള്ള
പലരും സുല്ലിട്ടു. ഞാനും രാമനും യാത്ര തുടർന്ന്
നരകപ്പാലം വഴി ഗുഹയിൽ എത്താൻ തന്നെ തീരുമാനിച്ചു.സത്യത്തിൽ അധികം ദൂരമില്ല ഇനി, പക്ഷേ അപകടം
നിറഞ്ഞ ഇടമാണെന്നു മാത്രം. പാറക്കെട്ടിലൂടെ
സൂക്ഷിച്ചു നടന്നു കുട കല്ലിൽ എത്തി.
അതുവരെ വളരെ കുറെ വിശേഷങ്ങളൊക്കെ
പറഞ്ഞു നടന്ന ഞങ്ങൾ പെട്ടെന്ന്  നിശബ്ദരായി നടന്നു,
പേടിച്ചിട്ടാണെന്ന് തോന്നുന്നു :)സത്യം പറയാല്ലോ, നാളിതുവരെ നടത്തിയ
ട്രെക്കിങ്ങിൽ ഒന്നുപോലും ഞാനിത്ര പേടിച്ചു
നടന്നിട്ടില്ല. പാറകളിൽ അരികിലുള്ള അടരുകൾ
മാത്രമാണ് ഒരു പിടിയുള്ളത്.  ആ അടരുകളെ
പ്രണയിച്ച്, അതിൽ പതിയെ വിരൽ തുമ്പുരുമ്മി
സാവകാശം നടന്നു കൂനു കല്ലിൽ എത്തി,
കുറച്ചു നേരം അവിടെയിരുന്നു.ആ അനന്ത വിഹായിസ്സിൽ
കണ്ണെത്താ ദൂരം താഴെ പടർന്നു നിൽക്കുന്ന
മഞ്ഞിൽ പൊതിഞ്ഞ പച്ചപ്പുതപ്പും നോക്കി
നേർത്ത തണുത്ത കാറ്റേറ്റ് ഇരുന്നപ്പോൾ സമയം
പോയതേ അറിഞ്ഞില്ല. ഇനി യാത്ര തുടരണമെങ്കിൽ
പാറയിൽ പിടിച്ചു കയറണം, കൽ പടവുകൾ പോലെ
ഒന്നുമില്ല. പാറയുടെ ഇടുക്കിൽ ഒരു ഷൂ തിരുകി വച്ച്
ലോക്ക് ചെയ്തു, മറുകാൽ മുകളിലെ അടരിൽ നീട്ടി
വച്ച് ആഞ്ഞു കയറി. സഹായത്തിന് രാമൻ കൈ തന്നു.
ആ കയറ്റം കഴിഞ്ഞ്  പിന്നെ, ഒറ്റയടി വയ്ക്കാവുന്ന
ഇടുങ്ങിയ പാറയരികിലൂടെ മുകളിലേക്ക് നടന്നു കയറി
ഇല്ലിക്കൽ കല്ലിലെ ഗുഹയിലെത്തി.

 

അമ്പോ, എന്താ രസം.
ഗുഹയിൽ രണ്ടോ മൂന്നോ ആൾക്ക് ഇരിക്കാനിടമുണ്ട്.
ഏറ്റവും ഉയരെ നിന്നുള്ള കാഴ്ച ആസ്വതിക്കുമ്പോഴും
തിരികെ എങ്ങനെ ഇറങ്ങുമെന്ന ചിന്തയായിരുന്നു
മനസ്സ് നിറയെ. കുറെ നേരം എന്തൊക്കെയോ ആലോചിച്ച്
അവിടെയിരുന്നു.ഗുഹയുടെ മുകളിൽ പാറക്കല്ലുകൾ അടുക്കി വച്ച
പോലെയാണ്. അതിലൂടെ മുകളിൽ കയറാമെന്ന് തോന്നുന്നു.
ശ്രമം പാഴായപ്പോൾ അതുപേക്ഷിച്ചു തിരികെ ഇറങ്ങാൻ
ഞാൻ രാമനെ നിർബന്ധിച്ചു.

 

കൂടെ വന്നവർ അവസാന ലാപ്
തുടങ്ങിയ സ്ഥലത്ത് തന്നെ നിൽപ്പുണ്ടോ ആവോ?
ശ്രദ്ധാപൂർവ്വം ഇല്ലിക്കൽ കല്ലിൽ നിന്നും തിരികെ നടന്നു.
അപ്പോഴേക്കും മഴ തുടങ്ങാറായി. താഴെ വന്നു
എല്ലാവരോടുമൊപ്പം ഒരു കട്ടൻ ചായയും കഴിച്ച്
എറണാകുളത്തേക്കു തിരികെ യാത്രയായപ്പോഴും
മനസ്സിലെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.

ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ അവസാന ലാപ് വളരെ ശ്രദ്ധിച്ചു മാത്രം
കയറുക. തമാശ കളിച്ച് അപകടം വരുത്തല്ലേ എന്നപേക്ഷ.
അതുപോലെ മഴയും ഇടിമിന്നലും ഉള്ള സമയത്ത്
ഇല്ലിക്കൽ യാത്ര ഒഴിവാക്കുക; തെന്നി വീഴുക മാത്രമല്ല
മിന്നൽ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണിവിടെ.

വാഗമണ്‍ പോകുന്നവർക്ക് ഇനി മുതൽ ഈ പുതിയ
സ്ഥലവും കണ്ടു മടങ്ങാം.എങ്ങിനെ ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാം?
വാഗമണ്‍ പോകുന്ന വഴി തന്നെയാണ് എടുക്കേണ്ടത്.
ഈരാറ്റു പേട്ടയിൽ നിന്നും ഏകദേശം 18 കിലോമീറ്റർ.

ഈരാറ്റു പേട്ടയിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു
വാഗമണ്‍ റൂട്ടിൽ തീക്കോയി എന്ന സ്ഥലത്ത് നിന്നും
ഇടത്തേക്ക് തിരിഞ്ഞ് അടുക്കം വഴി ഇല്ലിക്കൽ കല്ലിൽ
എത്താം.

ചില സമയങ്ങളിൽ വാഹനങ്ങൾ
ഇവിടേക്കുള്ള വഴിയുടെ  പാതി ദൂരം മാത്രമേ കടത്തി വിടുകയുള്ളൂ,
ബാക്കി നടന്നു തന്നെ പോവേണ്ടി വരും.