February 23, 2011

മുള്‍വേലി


മുളയുടെ മുള്ളും ചെറിയ ചില്ലകളും കൊണ്ട് മിര്‍മ്മിക്കുന്ന വേലി കണ്ടിട്ടുണ്ടോ നിങ്ങള്‍?
പറമ്പിന്റെയും തൊടിയുടെയും അതിരു തിരിക്കാന്‍ പണ്ടുകാലം മുതലേ
ഇതുപോലുള്ള വേലികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കാറുള്ളത്.
നഗര വാസികള്‍ക്ക് ഒരുപക്ഷെ ഇതൊരു അപൂര്‍വ്വ കാഴ്ചയായിരിക്കാം.

പണ്ട് കാലത്ത് ഇത്തരം വേലികള്‍ നിര്‍മ്മിക്കാന്‍ മാത്രം ആളുകള്‍
ഉണ്ടായിരുന്നു. വളരെ അടുക്കത്തോടെ ചെറു ചില്ലകള്‍ മുളയിലകളോട്
ചേര്‍ത്ത് വച്ച് ഇവ ഉണ്ടാക്കാന്‍ തന്നെ നല്ല പ്രാവീണ്യം വേണം.
മുളയുടെ ചെറിയ മുള്ളുകളും ഉള്ളത് കൊണ്ട് ഈ വേലി
ചാടി കടക്കുക എന്നത് അത്ര എളുപ്പമല്ല. വീടിന്റെ അതിര്‍ത്തിയില്‍
സുരക്ഷക്കായി ഇതായിരുന്നു പണ്ടത്തെ മാര്‍ഗം.

കാലപ്പഴക്കത്തില്‍ മുള്‍വേലികള്‍ കോണ്‍ക്രീറ്റ് മതിലുകള്‍ക്ക് വഴിമാറിക്കൊടുത്തു.
എങ്കിലും ചില നാട്ടില്‍ പുറങ്ങളില്‍ ഇപ്പോഴും ഇത്തരം വേലികള്‍ കാണാം.
തൃശ്ശൂരിലെ വല്ലച്ചിറ ഗ്രാമത്തില്‍ നിന്നുള്ളതാണീ കാഴ്ച !


"മനുഷ്യമനസ്സുകളില്‍ വിഭാഗീയ ചിന്തകളുടെ
മതിലുകള്‍ തീര്‍ക്കുന്ന ഇക്കാലത്ത് ;
സ്നേഹത്തില്‍ നിന്നും നന്മയില്‍ നിന്നും
നമ്മുടെയൊക്കെ ഉള്‍ക്കാഴ്ച്ചയെ മറയ്ക്കുന്ന
എല്ലാ മതിലുകളും മുള്‍വേലികളും
നമുക്ക് വേണ്ടെന്നു വയ്ക്കാം.
അതിരുകളേതുമില്ലാത്ത;
സ്നേഹത്തിന്റെ ഒറ്റപ്പറമ്പായി മാറുന്ന ഒരുദിനം
നമുക്ക് സ്വപ്നം കാണാം..."

February 17, 2011

ബേക്കല്‍


ബേക്കല്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസ്സിലേക്ക് വരുന്നത്
ബേക്കല്‍ കോട്ടയാണ് .
ഞാനിവിടെ പറയാന്‍ ഉധേശിക്കുന്നതും മറ്റൊന്നല്ല.
കാസര്‍കോട് ജില്ലയില്‍ സാഗര സവിധം 40 ഏക്കറില്‍ സ്ഥിതി ചെയുന്ന ഈ കോട്ട
കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയതാണ്...

കന്നടയില്‍ ബേക്കല്‍ എന്നാല്‍ "വെന്ത കല്ല്‌" എനാനത്രേ അര്‍ത്ഥം.


കോട്ടയുടെ ഉള്ളിലെ കാഴ്ചകള്‍ ഏതൊരു സഞ്ചാരിയെയും ഇവിടേയ്ക്ക് ആകര്‍ഷിക്കും.
കോട്ടയുടെ മുകളില്‍ നിന്നാല്‍ കാണുന്ന ബീച്ചും മറ്റു പുറംകാഴ്ചകളും മനോഹരം തന്നെ.
വളരെ ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ടവര്‍ ഈ കോട്ടയുടെ ഒരു പ്രത്യേകതയാണ്.
അവിടെ നിന്നും നോക്കിയാല്‍ സമീപ പ്രദേശങ്ങളായ കാഞ്ഞങ്ങാട്, കൊട്ടിക്കുളം, ഉടുമ,
പള്ളിക്കര മുതലായ സ്ഥലങ്ങള്‍ വീക്ഷിക്കാനാകും. പണ്ട് കാലത്തെ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി
നിര്‍മ്മിച്ച ഈ കോട്ടയുടെ സാങ്കേതിക തികവ് വിളിച്ചോതുന്ന തരത്തിലുള്ള അനവധി
കാഴ്ചകള്‍ ഇവിടെ ഇനിയുമുണ്ട്...

വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ കൂടുതല്‍ അറിവുകളൊന്നും എനിക്ക്
നിശ്ചയമില്ല. യാത്ര ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും ബേക്കല്‍ ഒഴിവാക്കാനാവില്ല.
വെയില്‍ ഒഴിഞ്ഞ ശേഷം ഇവിടെ സന്ദര്‍ശിക്കുന്നതായിരിക്കും നല്ലത്.
സായന്തന കാറ്റ് ഏറ്റു അസ്തമയ സൂര്യന്റെ പൊന്‍വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന
ഈ കോട്ടയ്ക്ക് കാസര്‍കോടിന്റെ എല്ലാ സൗന്ദര്യവും നമുക്ക് പകര്‍ന്നു നല്‍കാനാവും !

ഇടയ്ക്കിടെ കുഞ്ഞോളങ്ങള്‍ കോട്ടയുടെ കല്പഴുതുകളില്‍ ശുഭരാത്രി നേരാന്‍ വന്നെത്തുമ്പോള്‍
സൂര്യാസ്തമയവും കണ്ട്; നിറഞ്ഞ മനസ്സോടെ കോട്ടയുടെ പടവുകളിറങ്ങാം...

February 12, 2011

സന്ധ്യാംബരം


"അവളിന്നും കാത്തിരിക്കുകയാണ്;
ഓരോ പകലുകള്‍ക്കൊടുവിലും.
സന്ധ്യാംബരത്തിന്റെ ചുവപ്പില്‍,
കാലം കുടഞ്ഞിട്ടു പോയ കടലാസു പൂക്കളില്‍
അവള്‍ അവനെയും കാത്തിരിക്കുകയാണ്.
കാണുന്ന അസ്തമയങ്ങളൊക്കെയും
എന്തിന്റെയൊക്കെയോ അവസാനമാണെന്ന്
അവള്‍ തിരിച്ചറിയുമ്പോഴും
പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നു;
സ്വയം ബന്ധിച്ച കൂടിനുള്ളില്‍ നിന്നും
രക്ഷപ്പെടുത്താനൊരുവന്‍ വരുന്നതും കാത്ത്.

എല്ലാമെല്ലാം ഉണ്ടെന്നറിഞ്ഞിട്ടും
എവിടെ നിന്നോ മോചിതയാവാന്‍ അവള്‍ കൊതിച്ചു.
അതിനവള്‍ അവനെയും കാത്തിരുന്നു.
ഉറപ്പില്ലാത്ത പ്രതീക്ഷകള്‍ സൂക്ഷിച്ചു വയ്ക്കുമ്പോഴും
അവളുടെ കണ്ണുകളില്‍ നൂറു സ്വപ്‌നങ്ങള്‍ ചിറകുവച്ച് പറന്നു;
കാലുകളില്‍ വസന്തത്തിന്റെ ചിലങ്കകള്‍ കെട്ടി,
കണ്ണുകളില്‍ പ്രണയത്തിന്റെ കരിമഷിയെഴുതി
അവളിന്നും കാത്തിരിക്കുകയാണ്,
സന്ധ്യാംബരത്തിന്റെ ചുവപ്പു കോട്ടയില്‍ നിന്നും,
അവളിലേയ്ക്കിറങ്ങി വന്നെത്തുന്ന സൂര്യനെയും കാത്ത്..."


പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാ വായനക്കാര്‍ക്കും
എന്റെ പ്രണയദിനാശംസകള്‍...

February 07, 2011

കുമിളകള്‍
ഓര്‍മ്മയില്ലേ???
നമ്മളും ഇതുപോലെ കുമിളകള്‍ ഉണ്ടാക്കി രസിച്ച ആ കുട്ടിക്കാലം...

ചെറിയൊരു പ്ലാസ്റ്റിക്‌ ചെപ്പെടുത്ത് സോപ്പ് വെള്ളം നിറച്ച് കുഴലിലൂടെ
ഊതി കുമിളകള്‍ ഉണ്ടാക്കി വിടുമ്പോള്‍
റോക്കെറ്റ്‌ ലോഞ്ച് ചെയ്ത സന്തോഷമായിരുന്നു അന്നൊക്കെ.
ആ കുമിളകളില്‍ തെളിയുന്ന മഴവില്‍ നിറങ്ങളും ഇന്നും മായാതെ നില്‍ക്കുന്നു...

അറിയില്ലായിരുന്നു; ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ
ആര്‍ദ്രമായ നീര്‍കുമിളകളാണ് അന്ന് കാറ്റില്‍ പറത്തിയതെന്ന്.

ഈ വികൃതി-കുട്ടന്മാരിലൂടെ നമുക്കും പോയി വരാം; ആ പഴയ കാലത്തിലേക്ക്.
ഓര്‍മ്മകളുടെ കുമിളകള്‍ നമ്മുടെ മനസ്സിലും നുരഞ്ഞു പൊങ്ങട്ടെ...