അമ്മ എന്ന വാക്ക് കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞ് ഏറ്റവും കൂടുതല്‍
ഇഷ്ട്ടപ്പെടുന്നത് അവന്‍ കളിക്കുന്ന കളിപ്പാട്ടങ്ങളെ ആയിരിക്കും എന്ന് തോന്നുന്നു.
ഊണിലും ഉറക്കത്തിലും അവന്റെ ചിന്ത പുതിയതായി കിട്ടിയ കളിപ്പാട്ടത്തിലാണ്.
അതിന്റെ നിറവും പൊലിമയും എല്ലാം അവനെന്നും കൌതുകമാണ്.
പരീക്ഷണങ്ങളുടെ ലാബ് ആദ്യമായി സ്വയം ഒരുക്കുന്നത് അവനീ കളിപ്പാട്ടങ്ങള്‍
കളിച്ചും തല്ലിപ്പൊളിച്ചും ഒക്കെയാണ് എന്ന് തോന്നാറുണ്ട്.
ഒരു കുട്ടിയുടെ സാമൂഹിക വളര്‍ച്ചയുടെ ആദ്യ പടി തുറന്നു കൊടുക്കുന്നതും
കളിപ്പാട്ടങ്ങള്‍ ആണെന്നാണ് എന്റെ പക്ഷം, കാരണം മറ്റു കുട്ടികളുമായി ഈ
കളിപ്പാട്ടങ്ങള്‍ പങ്കു വയ്ക്കുന്നതിലൂടെ അവന്റെ വളര്‍ച്ച തുടങ്ങുന്നു. കളിപ്പാട്ടം
കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍ വിസമ്മതിക്കുന്ന കുട്ടി, ആദ്യമായി ഈ ശീലം
തുടങ്ങുന്നതിനും സാക്ഷിയാണ് ഈ കളിപ്പാട്ടങ്ങള്‍. ഒടുവില്‍ അവന്
ഒരുപാട് കൂട്ടുകാരെ കൊണ്ട് കൊടുക്കാനും ഈ കളിപ്പാട്ടങ്ങള്‍ക്ക് കഴിയുന്നു.
നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാവും, ഇയാളെന്തിനാ ഇപ്പൊ കളിപ്പാട്ട വിശേഷങ്ങളുമായി
വന്നത് എന്ന്. കാരണമുണ്ട്; കഴിഞ്ഞ ആഴ്ച കുറച്ചു കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കടകള്‍
അന്വേഷിച്ചു നടന്നപ്പോഴാണ് ഇക്കാര്യം ഓര്‍ത്തത്. ചെന്നൈയില്‍ ഉള്ള എന്റെ
ഏട്ടന്റെ മകനെ കാണാന്‍ പോവുകയാണ്, കുട്ടാപ്പിക്ക് കുറച്ചു കളിപ്പാട്ടങ്ങള്‍ വാങ്ങണം.
പക്ഷെ സാധാരണ എല്ലാ കടയിലും കിട്ടുന്ന കാറും പ്ലൈനും ഒന്നും വേണ്ട,
നല്ല നാടന്‍ കളിപ്പാട്ടങ്ങള്‍ വേണം, എന്റെയൊക്കെ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള,
മരത്തില്‍ തീര്‍ത്ത കളിപ്പാട്ടങ്ങള്‍.
ഒരുപാട് അന്വേഷിച്ചു, പക്ഷെ എവിടെയും കിട്ടാനില്ല എല്ലായിടത്തും പ്ലാസ്ട്ടിക്കിലും
ഇരുംപിലും ഉള്ള കളിപ്പാട്ടം മാത്രേ ഉള്ളൂ. ചീറിപ്പായുന്ന കാറുകളും
വെടിയുതിര്‍ക്കുന്ന തോക്കുകളും സുലഭം. തുമ്പികളെ പിടിച്ചു മുറ്റത്തെ മണ്ണില്‍
ഉണ്ണിക്കാലടികള്‍ വച്ച് ഓടിനടക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത്തരം സങ്കീര്‍ണ്ണമായ
കളിക്കോപ്പുകള്‍ അല്ല വേണ്ടത്. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ അവര്‍ക്ക്
ഇതിന്റെ പുതുമയൊക്കെ പോകും. പിന്നെ എവിടെയെങ്കിലും വലിച്ചെറിയും.
അപ്പോള്‍ ഈ പ്ലാസ്റ്റിക്കും ഇരുംപുമെല്ലാം ഭൂമിക്കു പോലും ബാധ്യതയാവും.
അങ്ങനെ അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു കട കണ്ടത്. ഉള്ളില്‍ കയറി നോക്കി;
ദാ ഇരിക്കുന്നൂ ഞാന്‍ ആഗ്രഹിച്ച തരത്തിലുള്ള, മരത്തിന്റെ കളിക്കോപ്പുകള്‍.
പമ്പരവും കോഴിയും ചക്രവണ്ടികളും ... കഞ്ഞിയും കുഞ്ഞിയും വച്ച് കളിക്കാനുള്ള
പാത്രങ്ങളും ചപ്പാത്തിക്കോലും പലകയും... എല്ലാം പഴയ രൂപത്തില്‍. എല്ലാത്തിന്റെയും
ഓരോ കളിപ്പാട്ടങ്ങള്‍ വാങ്ങി. കുട്ടികള്‍ക്ക് താനേ അടുക്കി വച്ച് കളിക്കാവുന്ന
വിവിധ നിറത്തിലും തരത്തിലുമുള്ള കളി സാധനങ്ങള്‍ ഉണ്ടവിടെ.
ഇനി, ഈ കളിപ്പാട്ടങ്ങള്‍ എനിക്ക് കിട്ടിയത് എവിടെ നിന്നാണെന്നു പറയാം.
കൊച്ചിയിലെ M.G.ROAD ലെ ജോസ് ജങ്ഷനില്‍ ഉള്ള, ജോസ് ബ്രദേര്‍സ്
എന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന "കാവേരി" എന്നൊരു
ഹാന്റി ക്രാഫ്റ്റ് കടയുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ഹാന്റി ക്രാഫ്റ്റ് ഡവലപ്മെന്റ്റ്
കോര്‍പ്പറെഷന്റെ ഈ സ്ഥാപനത്തില്‍ വളരെ മനോഹരങ്ങളായ, ലളിതമായ
നാടന്‍ കളിപ്പാട്ടങ്ങള്‍ ലഭിക്കും.
നമ്മളില്‍ പലരും കുട്ടികളെ വഴക്ക് പറയാറുണ്ട്, അവരുടെ ദേഷ്യവും മറ്റും കാണുമ്പോള്‍.
അതുപോലെ മറ്റുള്ളവരോട് പറയും, ഇവന് കളിക്കാന്‍ വളരെ വിലയേറിയ
സാധനങ്ങള്‍ തന്നെ വേണമെന്ന്. പക്ഷെ ഒരുകാര്യം ചോദിച്ചോട്ടെ. നമ്മള്‍
എപ്പോഴെങ്കിലും നാടന്‍ കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് വാങ്ങി കൊടുത്തിട്ടുണ്ടോ?
അവരിലെ നന്മയെ ഉണര്‍ത്തുന്ന; കൌതുകം നിറഞ്ഞ ഒത്തിരി നല്ല കളിപ്പാട്ടങ്ങള്‍
ഇന്നും ലഭ്യമാണ്, അവ തേടി നടന്നു അവര്‍ക്ക് മേടിച്ചു കൊടുക്കാന്‍ നമുക്ക്
മനസ്സുണ്ടാവണം അത്രമാത്രം.
ഇത്തരം കളിപ്പാട്ടങ്ങളെ നിങ്ങളും ഇഷ്ട്ടപ്പെടുന്നുന്ടെങ്കില്‍ വേഗം പോയി വാങ്ങിക്കോളൂ.
"കാവേരിയുടെ" മേല്‍വിലാസം ഇതാ:
Cauvery Karnataka State Arts & Crafts Emporium
Jos Junction,
Jos Brother's Building, Ground Floor,
M G Road,
Ernakulam,
Kerala - 682016
Phone : +91 484 2351968
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍, ഇതാ ഒരു ലിങ്ക്.
http://www.cauveryhandicrafts.net/