മലയാള സിനിമാ സംഗീതത്തില്‍ ശ്രീ രവീന്ദ്രന്റെ വിയോഗത്തിന് ശേഷം
ഉണ്ടായ തീരാ നഷ്ട്ടമാണ് ജോണ്‍സന്‍ മാസ്റ്ററുടെ മരണം.
നിനച്ചിരിക്കാതെ ഇന്നലെ രാത്രി ആ വാര്‍ത്തയറിഞ്ഞപ്പോള്‍
എവിടെയോ ഒരു കണ്ണുനീര്‍പൂവ് കവിളില്‍ തലോടി മാഞ്ഞപോലെ...
മലയാളികളുടെ മെലോടി സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു ഭാവം പകര്‍ന്ന സംഗീതമായിരുന്നു
ജോണ്‍സന്‍ന്റെത്. ദേവരാജന്‍ മാസ്ടരുടെ ശിഷ്യനായിരുന്ന അദ്ദേഹം പിന്നീടു ചെയ്ത
പാട്ടുകളെല്ലാം തന്നെ ഗുരുദക്ഷിണയായി വയ്ക്കാവുന്നവയായിരുന്നു. ഒരു തൃശൂര്‍ക്കാരന്‍
മലയാളികള്‍ക്ക് മുഴുവന്‍, മനസ്സിലെന്നും കാത്തുസൂക്ഷിക്കാവുന്ന ഒട്ടനവധി പാട്ടുകള്‍
കറപുരളാത്ത സംഗീതത്തില്‍ കാഴ്ച്ചവച്ചതില്‍ തൃശൂര്‍ക്കാരനായ ഞാനും അഭിമാനിക്കുന്നു.
പക്ഷെ ഈ വിയോഗം നമ്മില്‍ ഉണര്‍ത്തുന്ന നഷ്ട്ടബോധം ഇന്നുള്ള ഒരു
സംഗീത സംവിധായകനും നികത്താവുന്നതല്ല.
നല്ലത് മാത്രമേ ജോണ്‍സന്‍ മാസ്റ്റര്‍ നമുക്ക് നല്‍കിയുള്ളൂ,
അതും തനി നാടന്‍ ശൈലിയില്‍; മലയാളികള്‍ക്ക് മാത്രമായി. ഭരതന്റെയും പദ്മരാജന്റെയും
അന്തിക്കാടിന്റെയും മോഹന്റെയും മറ്റും സിനിമകളിലെ ഗാനങ്ങള്‍ ഇതിനു സാക്ഷ്യം.
ഗാനങ്ങള്‍ക്ക് പുറമേ കഥയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നതിലും ജോണ്‍സന്‍
തന്റെ കയ്യൊപ്പ് ചാര്‍ത്തി. മുന്തിരിത്തോപ്പിലെയും പരിണയത്തിലെയും
തൂവാനത്തുംബികളിലെയും ബി ജി എമ്മുകള്‍ നാമറിയാതെ തന്നെ മനസ്സില്‍
സൂക്ഷിക്കുന്നവയാണ്. തൂവാനത്തുമ്പികളിലെ, മഴയുള്ള രാത്രിയില്‍
ജയകൃഷ്ണന്റെ മനസ്സില്‍ ക്ലാരയുടെ മുഖം തെളിയുന്ന സീനില്‍ ജോണ്‍സന്‍
ഒരുക്കിയ പശ്ചാത്തല സംഗീതം നൊസ്‌റ്റാല്‍ജിയ മനസ്സിലുള്ള ഒരു പ്രേക്ഷകനും
മറക്കാന്‍ കഴിയില്ല. ജോണ്‍സന്‍ന്റെ ഈ മികവിന് അദ്ധേഹത്തെ തേടിയെത്തിയത്
ദേശീയ പുരസ്കാരങ്ങളായിരുന്നു, അതും രണ്ടു തവണ (സുകൃതം, പൊന്തന്‍മാട).
ജോണ്‍സന്‍ നമുക്ക് പകര്‍ന്നുതന്ന മെലോടി ഗാനങ്ങള്‍ നമ്മെ
മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് !
ഏറ്റവും മികച്ചത് ഏതെന്ന് പറയാന്‍ പ്രയാസമാണ്, ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന
ഒരു നൂറു ഗാനങ്ങളെങ്കിലും കാണും.
തൂമഞ്ഞിന്റെ നെഞ്ചിലുറങ്ങിയും, കണ്ണുനീര്‍ പൂവിന്റെ കവിളില്‍ തലോടിയും ചിലനേരം
മായാമയൂരത്തിന്റെ പീലിനീര്‍ത്തിയാടിയും ഒരു പുഴയുടെ ഒഴുക്കിനോളം ചേലാര്‍ന്ന
ഈണങ്ങള്‍...
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, മഴവില്‍കാവടി,
പാവക്കൂത്തു, മാളൂട്ടി, കളിക്കളം, അര്‍ഥം, ഉത്തമന്‍, ആധാരം, പക്ഷെ,
സല്ലാപം, തൂവല്‍കൊട്ടാരം ...അങ്ങനെ മുന്നൂറോളം ചിത്രങ്ങള്‍...
ജോണ്‍സന്റെ സംഗീത സപര്യയുടെ ഈ പുഴയും കടന്ന് മറ്റൊരു
ലോകത്തേക്ക് പോയി അദ്ദേഹം, ഈ അജ്ഞാത വാസത്തെക്കുറിച്ച് അധികമാര്‍ക്കും
അറിവില്ല. ആ സ്വകാര്യത എന്തായാലും അദ്ദേഹം തന്നെ സൂക്ഷിക്കട്ടെ...
പിന്നീടുള്ള അദ്ധേഹത്തിന്റെ മടങ്ങി വരവില്‍ നമുക്ക് ലഭിച്ചു വീണ്ടുമൊരു പിടി
നല്ല ഗാനങ്ങള്‍; ഗുല്‍മോഹറിന്റെ മനോഹാരിതയും കണ്ണന്റെ കറുപ്പ് നിറത്തിന്റെ
പരിഭവ ഭാവവും എല്ലാം ചേര്‍ന്ന് വീണ്ടുമൊരു ജോണ്‍സന്‍ യുഗത്തിന്റെ
നാന്ദി കുറിക്കും മുന്‍പേ വിടപറഞ്ഞു പോകാനായിരുന്നു വിധി.
ജീവിതത്തിന്റെ പാതിവഴിയില്‍ സംഗീതവും അക്ഷരങ്ങളും വെടിഞ്ഞ്,
സ്വര്‍ഗ്ഗവാതില്‍ കിളിയുടെ തീരാ തെന്മോഴികള്‍ തേടി നമ്മില്‍ നിന്നും
അകന്നു പോകുന്നവര്‍ ഏറുകയാണ്, രവീന്ദ്രന്‍ മാഷും ജോണ്‍സനും പുത്തഞ്ചേരിയുമെല്ലാം
യാത്രയാകുമ്പോള്‍ നമുക്ക് നഷ്ട്ടമാകുന്നത് പാട്ടിന്റെ ഒരു വസന്തകാലമാണ്.
പക്ഷേ ഒരിക്കലും മരിക്കുന്നില്ല ഇവര്‍ നമുക്ക് നല്‍കിയ ഈണങ്ങളും വരികളും...
അനശ്വരങ്ങളായ, അവരുടെ ശേഷിപ്പുകള്‍ ചിലനേരമെങ്കിലും
സുവര്‍ണ്ണ താരകങ്ങളായി ചാരെ കണ്‍തുറക്കട്ടെ...