February 13, 2016

കുന്നോളം ഓർമ്മകൾ


പോയ മാസം വായിച്ച, ഒത്തിരി ഇഷ്ട്ടായ ഒരു പുസ്തകം
ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഓർമ്മയുടെ മേച്ചിൽ പുറങ്ങൾ തേടിയലയുന്ന,
ദീപാ നിശാന്തിന്റെ പുസ്തകം
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ"
കൈരളി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 


 "ഓർമ്മകൾക്കില്ല ചാവും ചിതകളും,
ഊന്നുകോലും ജരാനരാ ദു:ഖവും !"
                                                                  - വിജയലക്ഷ്മി 


ഒരിക്കൽ  വാട്സ് ആപ്പിൽ "ഇരുപതു രൂപയുടെ" കഥ പറയുന്ന
ഒരദ്ധ്യായം ആരോ അയച്ചു തന്നിരുന്നു. തൃശൂരിലെ
കേരളവർമ്മ കോളേജിലെ ഒരു ടീച്ചറാണ് ഇതെഴുതിയത്
എന്നറിഞ്ഞു; പേര് ദീപാനിശാന്ത്.
കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയകളിലും
ആനുകാലികങ്ങളിലും വളരെ സജീവമായ ഒരു എഴുത്തുകാരി,
ആ നിലയ്ക്കാണ് ഈ പുസ്തകം മറിച്ചു നോക്കിത്തുടങ്ങിയത്.

അന്നീ പുസ്തകം അധികം വായനക്കാരെ തേടിയെത്തിയിട്ടില്ല.
പക്ഷേ ഇന്നലെ; ഒരു കൂട്ടുകാരനു വേണ്ടി ഈ പുസ്തകം വാങ്ങാൻ
ബുക്ക്‌ സ്റ്റാളിൽ പോയപ്പോൾ അറിഞ്ഞു, ഇതിന്റെ
അഞ്ച് പതിപ്പുകൾ രണ്ടര  മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയത്രേ.നല്ല പുസ്തകങ്ങളെ വായനക്കാർ എന്നും സ്വീകരിക്കും.
അതിന് കുറെ ബുദ്ധിജീവികൾ പുകഴ്ത്തി പറയണമെന്നൊന്നുമില്ല;
അക്കാദമി അവാർഡുകളുടെ അകമ്പടിയും ആവശ്യമില്ല.

എന്തുകൊണ്ട് ഈ ചെറിയ(വലിയ) എഴുത്തുകാരിയുടെ
കുഞ്ഞു(വലിയ) പുസ്തകം എനിക്കിത്രമേൽ ഇഷ്ട്ടമായി എന്ന്
പറയാം.

 ഇതൊരു കഥാ പുസ്തകമോ, കവിതയോ, നോവലോ അല്ല.
ടീച്ചറുടെ ഓർമ്മകൾ വളരെ ലാളിത്യത്തോടെ
അക്ഷരക്കൂട്ടുകൾ ചാലിച്ച് കടലാസിൽ വരച്ചു വച്ചിരിക്കുന്നു.
പക്ഷെ അതിൽ സാധാരണക്കാരുടെ മനസ്സിനെ തൊടുന്ന
കഥയുണ്ട്, കവിതയുണ്ട്, നർമ്മ ബോധവുമുണ്ട്.
ബാല്യം മുതൽ കഥാകാരിയുടെ ഇന്നലെകളിൽ കടന്നുപോയ
ഓർമ്മകളുടെ ഭൂതകാലക്കുളിർ ഒരു കുന്നോളമുണ്ട്.
ചിലപ്പോൾ തോന്നും, എങ്ങിനെയാണ് പണ്ടത്തെ
കാര്യങ്ങളൊക്കെ ഇത്ര ഡീറ്റെയിൽ ആയി ഓർത്തെടുക്കാൻ
കഴിയുന്നതെന്ന് !

ഇതിലെ പല സംഭവങ്ങളും എന്റെ കൂടി നാടായ
തൃശൂരിലും പരിസരത്തുമാണ് പ്രതിപാദിക്കുന്നത്.
ബാല്യ കൌമാര വിഹാര രംഗങ്ങളായ ഈ നാടിന്റെ
ഓർമ്മകളിൽ ചേക്കേറി കഥകളുടെ കൂടു കൂട്ടുന്ന
ഏതൊരു നല്ല എഴുത്തുകാരുടെയും അക്ഷരങ്ങൾ
പ്രിയതരമാകാതെ വയ്യ.


ഓരോ കുഞ്ഞു കുഞ്ഞു കഥകളായി, വായനക്കാരന്റെ
ഇഷ്ട്ടാനുസരണം വായിച്ചു തീർക്കാവുന്ന തരത്തിൽ
ഓർമ്മകളെ പുസ്ത ചട്ടകൾക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു.
ചിലത് കണ്ണിനെ ഈറനാക്കും; ചിലത് നർമ്മത്തിന്റെ
മേമ്പൊടിയിൽ രസിപ്പിക്കും; സാമൂഹിക ചിന്തകളുണർത്തും,
ചിലപ്പോൾ മനസ്സിലൊരു വിങ്ങൽ ബാക്കി വയ്ക്കും;
അതിബാവുകത്വമില്ലാത്ത ഭാഷ.


പെണ്ണെഴുത്ത്‌ എന്നൊക്കെ പറഞ്ഞു നടക്കുന്ന പേന ഉന്തുകാർ
ഈ ടീച്ചറെ കണ്ടു പഠിക്കണം. അവരുടെ ജീവിതത്തെ സ്പർശിച്ച
എല്ലാരെയും നല്ല ഭാഷയിൽ അവതരിപ്പിച്ചു. ചിലപ്പോൾ
ഒരു ബസ് കണ്ടക്ടർ, വിദ്യാർഥി, സഹപാഠി, സുഹൃത്തുക്കൾ,
ബന്ധുക്കൾ... ഏവരേയും ആദരവോടെ കാണാനും നല്ലൊരു
മനസ്സുവേണം എന്നാണ് എന്റെ ഒരു ഇത്.

ഇവരൊക്കെ ടീച്ചറുടെ ഓർമ്മയുടെ കുന്നുകളിൽ
ഭൂതകാലക്കുളിർ കോരിയിട്ടു കടന്നു കളഞ്ഞവരാണ്.
എന്തിന് പദ്മരാജനും ലാലേട്ടനും വരെ അതിലുണ്ട്.
 ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്നു മനസ്സിലായത്‌
"മുന്തിരിതോപ്പുകൾ" കണ്ടപ്പോഴാണത്രെ !!!!!


സാമൂഹിക വിഷയങ്ങളിലേക്കും കടന്നു ചെന്നിട്ടുണ്ട്
ചില ഓർമ്മകളിൽ.
കുടയില്ലാതെ പോയ പെൺകുട്ടി,
ജാതി എന്ന ഭീകര സത്വം, ചില വഴി മാറി നടത്തങ്ങൾ,
ടീച്ചറുടെ ഡ്രൈവിംഗ് പഠനം, കുമ്മി നൃത്ത പഠന നാളുകൾ...
അങ്ങനെയങ്ങനെ...
ഓർമ്മകളുടെ മച്ചകത്ത് പട്ടിൽ പൊതിഞ്ഞൊരു പ്രണയവും,
വിരഹവും എല്ലാം ഇതിലുണ്ട്.എന്നോ മറന്ന കാര്യങ്ങളെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന
ആ നരേഷൻ എടുത്തു പറയാതെ വയ്യ.
അമ്മയോട് ചിലങ്ക വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ
അമ്മയുടെ മറു ചോദ്യം,
" മുറ്റടിച്ചാ ?"
നോവും ചിരിയും വന്നു ഇത് വായിച്ചപ്പോൾ.
ജലം കൊണ്ട് മുറിവേൽക്കുന്ന ഈ ഓർമ്മകളുടെ
 കഥാംശങ്ങൾ കൂടുതൽ ഇവിടെ വിവരിച്ചു ഞാൻ
വായനയുടെ രസം കൊല്ലുന്നില്ല. ഈ ഓർമ്മ പുസ്തകം
എല്ലാ പുസ്തകശാലകളിലും ലഭിക്കും, വായിക്കുക.
(വില 140 രൂപ)

അവസാന താളും മറിച്ച്, പുസ്തകം അടച്ചപ്പോൾ;
എനിക്ക് തികച്ചും അപരിചിതയായ ഒരെഴുത്തുകാരിയുടെ
ഓർമ്മക്കഥകൾ കേട്ട പോലെയല്ല തോന്നിയത്.
എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്നടുക്കൽ
വന്നിരുന്നു കഥകൾ പറഞ്ഞു തന്നപോലെ തോന്നി.
(എനിക്കു സ്നേഹിക്കാനൊരു മുത്തശ്ശിയും
എന്നെ സ്നേഹിക്കാനൊരു ചേച്ചിയും
ഇന്നും എനിക്ക് കിട്ടാക്കനികളാണ്)
എന്നെങ്കിലും എവിടെ വച്ചെങ്കിലും ഈ ചേച്ചിയെയും
കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.കുന്നോളം ഓർമ്മകൾ എവിടെയോ വച്ചു
മറന്നവർക്ക് ഈ അക്ഷരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്.
കാരണം ഇത് നിങ്ങളുടെ തന്നെ കഥകളാവാം.

അവതാരിക എഴുതിയ കെ. രേഖ കുറിച്ച പോലെ,
ഇത് എന്റെ അനുഭവമാണല്ലോ,
ഇതെങ്ങിനെ ദീപയുടെ കൈവശം വന്നു ...?
എഴുതാൻ ഒഴിവും, കേട്ടുപാടുകളുടെ വേലിക്കെട്ടുകളുമില്ലാത്ത
ഒരു കാലത്തേക്ക് ഞാൻ നീട്ടിവച്ച എന്റെ സമ്പാദ്യക്കുടുക്ക
ദീപയ്ക്ക് കൈമാറിയതാരാണ് ?

ഉത്തരം കിട്ടാത്തൊരീ ചോദ്യം തന്നെയാവും,
നിങ്ങളെ കാത്തിരിക്കുന്നതും.

ഓർമ്മകളേ... സമയമളന്ന് 
ജീവിക്കുന്നതിനിടയിൽ 
നിങ്ങളെന്നിൽനിന്നും 
ഓടി മറയരുതേ...

5 comments:

Surya Sri said...

Super vivaranam.i liked it.

Surya Sri said...

Super vivaranam.i liked it.

ajith said...

വിവാദം പൊസിറ്റീവ് ആയി എന്തായാലും

JITHU (Sujith) said...

സൂര്യ, അജിത്‌ ചേട്ടാ,
ബ്ലോഗ്‌ വായിച്ചതിന് നന്ദി.

JITHU (Sujith) said...

കൂട്ടരെ, ഞാനീ പുസ്തകത്തെ പറ്റി മാത്രമാണ്
പ്രതിപാദിക്കുന്നത്.
പല രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും ദീപ ടീച്ചർ
അവരുടെ സ്വന്തം നിലപാടുകൾ പറയുന്നുണ്ട്.
അതിനോടൊന്നും എനിക്കൊരു യോജിപ്പും വിയോജിപ്പുമില്ല.
യാത്രകൾ പോയതും, വായിച്ചതും, ചിന്തിച്ചതും ആയ കാര്യങ്ങൾ
സാധാരണ ഇവിടെ പോസ്റ്റുന്ന കൂട്ടത്തിൽ ഈ പുസ്തകവും
പരിചയപ്പെടുത്തി എന്നേയുള്ളൂ.