February 26, 2016

മച്ചാട് മാമാങ്കം

പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും
നാട്ടുത്സവമായ കുതിരവേലയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.


മച്ചാട് മാമാങ്കം - കുതിര വേല

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിൽ
മച്ചാട് എന്ന ദേശത്ത് വർഷം തോറും കുംഭ മാസത്തിൽ
നടത്തിവരുന്ന കുതിര വേലയാണ് മച്ചാട് മാമാങ്കം
എന്നറിയപ്പെടുന്നത്.

സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി
നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ
ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

കുതിരകൾ;  ഓരോ ദേശങ്ങളായ
വിരുപ്പാക്ക, പർളിക്കാട്, മംഗലം, മണലിത്തറ, കരുമത്ര
എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.
പൂരത്തിന് സാരഥ്യം വഹിക്കുന്ന ദേശക്കാർക്ക്
രണ്ടു ദേശക്കുതിരകളും ഒരു കുട്ടിക്കുതിരയുമുണ്ട്.


കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന
തിരുവാണികാവ് അമ്പലത്തിലും ചേർന്ന് കിടക്കുന്ന
വിശാലമായ പാടത്തുമാണ് വേല ആഘോഷിക്കുന്നത്.
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട്
വരുന്ന ബുധനാഴ്ച വരെയാണ് വേല.


വേലയ്ക്കു ഏഴു ദിവസം മുൻപേ ക്ഷേത്രത്തിന്റെ ഇരുവശത്തും
മുളകൊണ്ട് പ്രത്യേക രീതിയിൽ മെടഞ്ഞുണ്ടാക്കിയ
കവാടങ്ങൾ സ്ഥാപിക്കും. കാവ് കൂറയിടൽ എന്ന ഈ
ചടങ്ങ് കഴിഞ്ഞാൽ പിന്നെ പറയ്ക്ക് പോവുന്ന
എടുപ്പന്മാർക്ക് വൃതമാണ്.

കുതിരയെഴുന്നള്ളിപ്പും, കുതിരച്ചാട്ടവും, പറയെടുപ്പും ആണ്
ഈ വേലയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയാം.
പണം കൊടുത്ത്
വാദ്യ മേള ഗജ വീരന്മാരെയും,
ഗാനമേള മറ്റു മെഗാ ഷോകളും നടത്തി,
നാട്ടുകാർ വെറുതെ കാഴ്ചക്കാരായി നിന്നുള്ള ഉത്സവ
ആഘോഷങ്ങളാണ് പലയിടത്തും കാണാറുള്ളത്‌.
എന്നാലിവിടെ വേലയുടെ ഓരോ ചടങ്ങുകൾക്കും
വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ്.
പോയ്ക്കുതിരകൾക്ക് ചേതനയേറ്റുന്ന മനുഷ്യാദ്ധ്വാനത്തിന്റെയും
നിശ്ചയദാർഡ്യത്തിന്റെയും ആർപ്പുവിലികളാണ്
മച്ചാട്കാർക്കെല്ലാം. അക്ഷീണമായ പറയോട്ടത്തിലും
ഗ്രാമത്തിന്റെ യുവതയുടെ ത്യാഗ -വൃത യത്നതിന്റെ
അടയാളപ്പെടുത്തലുകൾ കാണാം.

 കുതിര എന്ന് കേട്ടപ്പോൾ ജീവനുള്ള കുതിരകളാണ്‌ എന്ന്
ധരിച്ചവർക്കു തെറ്റി.
തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികൾ
തന്നെ ഉണ്ടാക്കിയ പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങൾ.

 
തേക്കിന്റെയോ പ്ലാവിന്റെയോ ഫ്രെയിമിനു മുകളിൽ
മുള കൊണ്ടാണ് കുതിരയുടെ കാലുകളും ഉടലും
നിർമ്മിക്കുന്നത്. മുളയൊരുക്കിയ പഞ്ജരത്തിനു മുകളിൽ
വൈക്കോൽ പൊതിഞ്ഞ്, അതിനു മുകളിലായി  വെള്ളത്തുണി
ചുറ്റും.
 

പിന്നെ ആകർഷകമായ വർണ്ണപ്പട്ടും മറ്റ് അലങ്കാരങ്ങളും
ചാർത്തി ഒടുവിലായി തലയും വച്ചാൽ ആരും കൊതിച്ചു
പോകുന്ന വേലക്കുതിരകളായി.

 
 
മച്ചാട് മാമാങ്കത്തിലെ ചൊവ്വാഴ്ചയാണ് കാഴ്ച്ചയുടെ
യാഗാശ്വം തുടങ്ങുന്നത്.

 
 

ഈ ഉത്സവത്തിന്റെ ആഥിധേയരായ പുന്നംപറമ്പ്
വിഭാഗക്കാരുടെ കുതിരകൾ, ഉച്ചയ്ക്ക് മുൻപേ
അമ്പലത്തിൽ നിന്നും പുറപ്പെട്ടു സമീപത്തെ മറ്റൊരു
ക്ഷേത്രമായ കുമരം കിണറ്റുകരയുടെ  പുറകിലെ
കൊയ്ത്തൊഴിഞ്ഞ പാടത്ത് പോയി നിലയുറപ്പിക്കും.
കുട്ടികൾക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തിൽ
ഉണ്ടാവും. 


 കുംഭത്തിലെ ആ പൊരിവെയിലിൽ 
മാമാങ്കത്തിലെ അതിഥികൾ ആയ മറ്റ് ആറ്
ദേശക്കുതിരകളെ കാത്ത് നിൽക്കും.
 

ഉച്ചയ്ക്ക് സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചായാൻ
ആയുമ്പോൾ, കൊയ്ത്തുപാടതിന്റെ അങ്ങകലെ നിന്നും
വെയിലിൽ ഒരു മിന്നായം പോലെ ഓരോ ദേശക്കുതിരകൾ
വരുന്നത് കാണാം. പതിയെ പതിയെ അത് അടുത്ത് വരും...

 

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
വിവിധ തരത്തിലുള്ള കുതിരകളും
കഠിന വൃത ഭക്തി വിശ്വാസത്തോടു കൂടിയുള്ള
കുംഭക്കുടങ്ങളും ഹരിജൻ വേലയും അക്കൂട്ടത്തിൽ ഉണ്ട്.
ഏവരും എത്തികഴിഞ്ഞാൽ പിന്നെ ദേശക്കാരെല്ലാം
കുതിരകളെ തോളിലേറ്റി ഓട്ടമാണ്.
കൊയ്ത്തു കഴിഞ്ഞ ആ പാടത്തിലൂടെ വളരെ ദൂരം
ഓടണം, കൂടെ കാഴ്ചക്കാരും.

 
 
ആ ഓട്ടം തിരികെ തിരുവാണിക്കാവിലെ ക്ഷേത്രത്തിൽ
അവസാനിക്കും. എല്ലാ ദേശക്കുതിരകളെയും ആനയിച്ചു നിരത്തി നിർത്തിയാൽ പിന്നെ പഞ്ചവാദ്യം തുടങ്ങുകയായി.


ഏകദേശം 5 മണിയോടെ വാദ്യം കൊട്ടിയിറങ്ങിയാൽ
പിന്നെ കുതിര ചാട്ടമാണ്. അതിനായി ഇമ്മിണി ഉയരത്തിൽ
പ്രത്യേകം കെട്ടിയൊരുക്കിയ പന്തലുണ്ട്. കുതിരകൾ ഓരോരുത്തരായി ഭഗവതിയെ പ്രദക്ഷിണം വച്ച്
ദേശക്കാരുടെ ചുമലിൽ ആർപ്പു വിളിയോടെ പന്തലിന്റെ
അടിയിയിൽ തലയുയർത്തി നിൽക്കുംബൊഴെക്കും
ജനങ്ങൾ ആർത്തു വിളിക്കും. അന്നവരുടെ ഹീറോ ഈ
കുതിരകളാണ്‌. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മംഗലം
എന്ന വെള്ളകുതിരയാണ് പലരുടെയും മനം കവർന്നത്.

 

ചെറുതായി നാവ് പുറത്തേക്കു നീട്ടിയുള്ള മംഗലം
മാത്രമാണത്രേ കൂട്ടത്തിലെ ഏക ആൺ കുതിര.
 


പക്ഷേ മറ്റു പെൺക്കുതിരകളും കുതിരച്ചാട്ടത്തിൽ ഇവന്റെ
മുന്നിൽ കട്ടക്ക് നില്ക്കുന്നുണ്ട്.
പക്ഷേ; തോളിലേറ്റിയ കുതിരകളെ ഉയർത്തിയെറിഞ്ഞ്
പന്തലിന്റെ മുകളിലെ തുണിയിൽ മുട്ടിക്കാനുള്ള
ആരുടേയും ശ്രമം ഫലം കണ്ടില്ല എങ്കിലും, ആ ഏറു
കണ്ടാൽ പൊയ്ക്കുതിരകൾ പറന്നു വരും പോലെ തോന്നും.
അഞ്ചാം ദിവസം ദാരികനെ വധിചെത്തിയ
യുദ്ധ സന്നാഹത്തിന്റെ ആർപ്പുവിളികൾ ആയാണ്
കുതിര വേല ഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.


 

ഏതാനും ആവർത്തികളുടെ വിഫല ശ്രമത്തിനു ശേഷം
കുതിരകൾ ചാട്ടം മതിയാക്കി നിരന്നു നിന്നു.


താമസിയാതെ ഇരുട്ട് പരക്കാൻ തുടങ്ങി,
കാതടപ്പിക്കുന്ന വെടിക്കെട്ടും.
ഞാൻ പതുക്കെ കാഴ്ചകളുടെ കുതിരകളിക്ക്
ഇടവേള നൽകി തിരികെ വീട്ടിലേക്കു കൂടണഞ്ഞു.
--------------------------------------------------------------------------

മച്ചാട് മാമാങ്കത്തിന്റെ പറപ്പുറപാടിനെ പറ്റി ചിലതെങ്കിലും
ഇവിടെ കുറിച്ച് വച്ചില്ലെങ്കിൽ വേല വിശേഷം പൂർണ്ണമാവില്ല.

മിത്ത്:
പണ്ട് കൊടുങ്ങല്ലൂർ ഭഗവതിയുടെ തീവ്ര ഭക്തനായ
കൊങ്ങോട്ടു നായർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ
ഭഗവതിയുടെ ചൈതന്യം അദ്ധേഹത്തിന്റെ ഓലക്കുടപ്പുറത്ത്
യാത്രയാവുകയും, വഴി മദ്ധ്യേ ദിക്ക്ഭ്രമം ബാധിച്ച
നായർ, വഴി തെറ്റി മച്ചാട് എത്തി. അവിടെ വച്ച് ഒരു ഹരിജനം
അദ്ധേഹത്തെ കൈ പിടിച്ചു പാലിശ്ശേരി തറവാട്ടിൽ എത്തിച്ചു.
ഓലക്കുട തറവാടിന്റെ മച്ചിൽ വച്ചു അദ്ധേഹം യാത്രയായി.
പിന്നീട് അരീക്കര ഇല്ലത്തെ ഇളയത് ഈ ഭഗവതിയെ
തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു
എന്ന് വിശ്വസിക്കപ്പെടുന്നു.


കേരളത്തിലെ മറ്റൊരിടത്തും കാണാനിടയില്ലാത്ത പറയെടുപ്പ്
സമ്പ്രദായമാണ് ഈ ദേശത്ത് ഉള്ളത്.

ദേവിയുടെ പ്രതിപുരുഷനായ
അരീക്കര ഇല്ലത്തെ "ഇളയതുകൾ" ആണ് എടുപ്പൻമാരുടെ
തോളിലേറി പറയെടുക്കാനായി വീടു വീടാന്തരം
ഊരു ചുറ്റുന്നത്‌. വേല കൂറയിട്ട നാൾ മുതൽ
വൃതമെടുത്ത ദേശക്കാർ ഈ കൂട്ടത്തിൽ ഉണ്ടാവും.
അതിലധികവും ചെറുപ്പക്കാർ ആണ്. പലരും
ഇതിനു വേണ്ടി ബാംഗ്ലൂർ, ചെന്നൈ എന്നുവേണ്ട പ്രവാസ
ലോകത്ത് നിന്നു പോലും ലീവെടുത്ത് വന്ന് അനുഷ്ട്ടിച്ചു പോരുന്നു.

രാവുകളും പകലുകളും നീണ്ടു നില്ക്കുന്ന അക്ഷീണമായ
പറയെടുപ്പ് ആണ് ഈ നാളുകളിൽ.

വർഷത്തിലൊരിക്കൽ ദേവി ഭവനം സന്ദർശിക്കാനെത്തുന്നു
എന്ന വിശ്വാസത്തിൽ ദേശം മുഴുവനും,
 "ഇളയതിന്റെ" വരവും കാത്ത്
രാവേറെയായാലും നിലവിളക്കിൽ തിരിയിട്ട്
പറയോരുക്കി ഉറങ്ങാതെ കാത്തു നിൽക്കും.


വെളുപ്പ്‌ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലുള്ള
പട്ടു ചേലയാണ് ഇളയത് ധരിക്കുക,
കഴുത്തിൽ ഉണ്ടത്തെച്ചി മാലയിടും.
കാലിൽ ചിലമ്പും കയ്യിൽ വാളുമായി
കുത്തുവിളക്കിന്റെ അകമ്പടിയോടെ; 
എടുപന്മാരുടെ തോളിലേറി;
കൊമ്പ്-കുഴൽ വാദ്യങ്ങളുടെ
നാദവീചിയിൽ ലയിച്ചു നടന്നു നീങ്ങുന്ന
പറയെടുപ്പ് കൂട്ടത്തിന്റെ;
അകലെയൊരു പാടത്ത് നിന്നുള്ള
രാത്രി കാഴ്ച എങ്ങിനെ ഞാനിവിടെ വർണ്ണിക്കും
എന്നെനിക്കറിയില്ല !!!

3 comments:

Lazar Dsilva said...

പ്രാദേശികമായ ഉത്സവങ്ങളുടെ വർണ്ണക്കാഴ്ചകൾ സന്തോഷകരം...

suraj_ns said...

ആരൊക്കെ വായിക്കും ആരൊക്കെ വായിക്കില്ല എന്ന് ചിന്തിക്കാതെ ആരൊക്കെ അഭിപ്രായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും വിമർശിച്ച് നേരായ മാർഗത്തിലേക്ക് നയിക്കും എന്നൊന്നും ലവലേശം കൂസലില്ലാതെ ഒഴിവുണ്ടെങ്കിൽ പറ്റാവുന്നിടത്തൊക്കെ എത്തി ചേർന്ന് കാര്യം വലുതെന്നോ ചെറുതെന്നോ വേർത്തിരിവില്ലാതെ ഞങ്ങൾക്ക് വേണ്ടി ഇവിടെ പങ്കു വയ്ക്കുന്ന ചേട്ടന്റെ മനസ്സും അതിനു വേണ്ടി പാഴാക്കുന്ന സമയവുമുണ്ടല്ലോ, അതിനു തുല്യം ഒന്നുമില്ല ചേട്ടാ... ഇത്രയും തിരക്കുള്ള ചേട്ടനിതൊക്കെ ചെയ്യുന്നതു കാണുമ്പോൾ മാത്രമാണ് ചേട്ടാ, ഞാനൊക്കെ പാഴാക്കുന്ന സമയത്തെ കുറിച്ച് ശരിക്കും ബോധവാനാകുന്നത്...

മനസ്സിൽ ശരിക്കും കുംഭത്തിലെ ആ പൊള്ളുന്ന വെയിൽ നിറഞ്ഞു കഴിഞ്ഞു... ഇപ്പോൾ ആറു അതിഥികളെ കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഞാനും, അതാ,,, അതാ,,, ആ വെയിലിന്റെ ഒഴുക്കിനപ്പുറത്ത് അങ്ങകലെ ഒരു വെള്ളപ്പൊട്ട് പോലെ കുതിരത്തലകൾ... ഈ രംഗം ഞാൻ ശരിക്കും കണ്ണടച്ചിരുന്ന് ആസ്വദിച്ചു ചേട്ടാ,,, ഒരിക്കലും ഞാൻ മച്ചാട് മാമാങ്കം കൂടിയിട്ടില്ലെന്നു ഇനി എങ്ങനെ പറയാനാകും,,, വരൂ... നമുക്കൊരുമിച്ച് ആ കൊയ്ത്തു കഴിഞ്ഞ പാടത്തു കൂടെ കുതിരകൾക്കൊപ്പം ഓടാം... ഇനിയൊരിക്കൽ മച്ചാട് മാമാങ്കത്തിന് ഞാൻ നേരിൽ സാക്ഷിയാകുമ്പോൾ അപ്പോഴും മനസ്സിൽ ഉണ്ടാകും, " ഞാനിത് ഇവിടെ രണ്ടാം തവണയാണെന്ന് "

Sujith E S said...

ലാസറിനും സുരാജിനും നന്ദി