May 25, 2010

e-4-elephant


ഇനി കുറച്ചു ആനക്കാര്യാമാവാം അല്ലെ?
ഇതാ ചില ആന-ചിത്രങ്ങള്‍ !

കേരളത്തിന്റെ
സാംസ്കാരിക നഗരിയായ തൃശൂരിന്റെ പൈത്രകതോളം തന്നെ
പഴക്കമുണ്ട് ഇന്നാട്ടിലെ ആനക്കമ്പത്തിനും. തൃശൂര്‍ പൂരത്തിന് ചാരുത കൂട്ടാനും
മറ്റു ദേശങ്ങളിലെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാനും കേരളീയര്‍ക്കിന്നും പ്രിയം
തൃശൂരിലെ ഗജകേസരികള്‍തന്നെ.

നമ്മുടെ നാട്ടിലെ പ്രശസ്തരായ ചില ഗജ കേസരികളെ
അവതരിപ്പിക്കുകയാണിവിടെ
. ആനകളെ കുറിച്ച് ആധികാരികമായി
പറയാനോ
ലക്ഷണം ഗ്രഹിക്കാനോ ഉള്ള അറിവൊന്നും എനിക്കില്ല.
ഗജ പ്രമാണികളായ ഗുരുവായൂര്‍ പദ്മനാഭനും മംഗലാംകുന്നു കര്‍ണ്ണനും
തെചോക്കോട്ടു രാമചന്ദ്രനുമൊക്കെ ഇവിടെ മിസ്സിംഗ്‌ ആണെന്നറിയാം.
വരും നാളുകളില്‍ അവരുടെ ചിത്രങ്ങള്‍ കിട്ടുന്ന മുറയ്ക്ക്
ഞാനിവിടെ പോസ്ടാം.

ആനകളെ കണ്ടയുടനെ
തലപ്പോക്കവും അളവും നാടനാണോ വരുത്തനാണോ എന്നൊക്കെ
പറയാന്‍ അറിവുള്ള ആനപ്രേമികള്‍ നമ്മുടെ കൂട്ടത്തിലും ഉണ്ടാകാം.
നിങ്ങള്‍ക്കറിയാവുന്ന വീര സാഹസികവും രസകരവുമായ
ആനക്കഥകള്‍ ചുവടെ കമന്റ്‌ ആയി പോസ്ടിയാലും.













May 07, 2010

കണ്ണാന്തളിപ്പൂക്കള്‍



നാളിതുവരെ ഞാന്‍ കണ്ണാന്തളിപ്പൂക്കള്‍ കണ്ടിട്ടില്ല, നിങ്ങളോ?
ഇന്നത്തെ പത്രത്തില്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒത്തിരി
സന്തോഷം തോന്നി... കാരണം ഏകദേശം രണ്ടു വര്‍ഷം മുന്‍പ്
ഈ പൂക്കള്‍ തേടി കുറെ നടന്നതാ.
എം. ടി. യുടെ "കണ്ണാന്തളിപ്പൂക്കള്‍" എന്ന പുസ്തകം വായിച്ച നാള്‍ മുതല്‍
പലരോടും ചോദിച്ചെങ്കിലും പക്ഷേ ആര്‍ക്കും ഇത്തരം പൂക്കള്‍
കണ്ടതായി അറിവില്ലായിരുന്നു. പുസ്തകതാളുകളിലെ അക്ഷരങ്ങളില്‍ നിന്നും
വായിച്ചറിഞ്ഞ; ഒരിക്കലും കാണാത്ത ആ പൂവിന്റെ
ഗന്ധവും നിറവും മാത്രം മനസ്സില്‍നിന്നും മായാതെ ഒരുപാട് കാലം നിന്നു.
ഇനിയും നേരില്‍ കാണാനാവാത്ത ആ പൂവിനെ പത്രത്താളില്‍
അച്ചടിച്ചുവന്ന പടമായി കാണാനെങ്കിലും ആയല്ലോ !

ഒരു സ്വപ്നം : എന്നെങ്കിലും നമ്മുടെയൊക്കെ ചുറ്റുവട്ടത്തുനിന്നും
എന്റെ ക്യാമറക്ക്‌ വേണ്ടി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന
ഒരു പിടി കണ്ണാന്തളിപ്പൂക്കള്‍ !


കാടും മേടും മരങ്ങളും നശിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത
ഞാനടങ്ങുന്ന സമൂഹത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു...
ഈ നിലതുടര്‍ന്നാല്‍ നാളെയൊരിക്കല്‍ ചെമ്പരത്തിപ്പൂവും മുക്കുറ്റിയും
ചെമ്പകവുമെല്ലാം ഇതുപോലെ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന
ഒരു കാലം വന്നേക്കാം...

നാമാലോചിചിട്ടുണ്ടോ;
ഒരു ചെമ്പരത്തിക്കൊമ്പ് ഓടിച്ചു നട്ടിട്ട് എത്ര നാളായി?


================================
Tag: kannanthali pookkal

April 14, 2010

കൈനീട്ടം


"മേടസംക്രമത്തില്‍ വിഷുപ്പക്ഷി പാടുമ്പോള്‍,
കണിക്കൊന്ന പൂത്തരാവില്‍
കണികണ്ടുണരുമ്പോള്‍ ;
നിനക്കായ്
ഞാനെന്റെ പ്രണയം കൈനീട്ടമായി നല്‍കാം..."



എല്ലാ വായനക്കാര്‍ക്കും ഹൃദയംനിറഞ്ഞ
വിഷു ആശംസകള്‍.



[കൈ നീട്ടമായി ഇപ്പൊ ഇതേയുള്ളൂ; വച്ചോളൂ ... ]


March 30, 2010

വിരാമം

വീണ്ടും മാര്‍ച്ച് 31.
ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കുകയായി.
ബാങ്കിംഗ് രംഗത്തും മറ്റു സാമ്പത്തിക മേഘലകളിലും ഉള്ളവര്‍ക്ക്
തലവേദന അങ്ങേയറ്റം ഉണ്ടാക്കുന്ന ദിനമാവാം ഇത്.
വാര്‍ഷിക കണക്കെടുപ്പും, പരീക്ഷാ കാലവും, നികുതി കണക്കു
ബോധിപ്പിക്കലും എല്ലാമായി തിരക്ക് പിടിച്ചൊരു മാസാവസാനം...



മുഖവുര നിര്‍ത്തി പറയാന്‍ ഉദ്ദേശിച്ച കാര്യത്തിലേക്ക് കടക്കാം.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസത്തെ ദിനപത്രങ്ങള്‍ നിങ്ങള്‍
ശ്രദ്ധിച്ചിരുന്നോ ?
വിരമിക്കുന്ന അധ്യാപകരുടെ ഒരു നീണ്ട നിരതന്നെ ആയിരുന്നു അതില്‍,
ചിത്രങ്ങള്‍ സഹിതം. സാധാരണ നാലോ അഞ്ചോ വിരമിക്കലുകള്‍
കാണാറുള്ളിടത്ത് നാല്‍പ്പതും അന്പതുമെല്ലാം ഒരുമിച്ചു കണ്ടപ്പോള്‍
മനസ്സില്‍ തോന്നിയ കൌതുകമാണ് ഒരു കാര്യം
മനസ്സിലാക്കാന്‍ ഇടയാക്കിയത്.
ഈ വര്‍ഷം കേരള സര്‍ക്കാരിന്റെ പുതിയ പരീക്ഷണം;
ഇക്കൊല്ലം വിരമിക്കേണ്ട ജീവനക്കാരെല്ലാം മാര്‍ച്ച് മാസം
31-ആം തിയ്യതി തന്നെ വിരമിക്കണം, അതായത്
എല്ലാവര്‍ക്കും കൂടി വിരമിക്കാനായി ഒരുദിനം, മാര്‍ച്ച്‌ 31.
ഔദ്യോകിക കണക്കനുസരിച്ച് 11,256 ജീവനക്കാരാണ്
ഇന്ന് വിരമിക്കുന്നത് ! ഏഴായിരത്തോളം സര്‍വകലാശാല ജീവനക്കാര്‍
വേറെയും !

വര്‍ഷങ്ങളായി വ്യാപ്രിതരായിരുന്ന മേഘലകളില്‍ നിന്നും
പെട്ടെന്നൊരു വിരാമം...
ഇത് വായിക്കുമ്പോള്‍ നിങ്ങളും ആലോചിക്കുന്നുണ്ടോ, ഇതുപോലൊരു
വിരാമത്തിന്റെ ദിനത്തെക്കുറിച്ച് ?
പദവികളും അലങ്കാരങ്ങളും വര്‍ഷങ്ങളുടെ സൌഹൃദങ്ങളും ബന്ധങ്ങളും
എല്ലാം ഉപേക്ഷിച്ചു, പാതിയിലേറെ കഴിഞ്ഞുവെങ്കിലും
ശിഷ്ട്ടകാലത്തിലെ ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പ്‌...
അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗൃഹാതുരമായ ആ
ദിനത്തെപ്പറ്റി ചിന്തിക്കാം...

എന്നെപ്പോലുള്ള ഒരുവന് അങ്ങിനെയൊരു ദിനം ഒരിക്കലും ഉണ്ടായേക്കില്ല.
വര്‍ഷങ്ങള്‍ക്കപ്പുറം ഒരുദിനം കീബോര്‍ഡ് എടുത്തു ടൈപ്പ് ചെയ്തവസാനിപ്പിക്കും;
യാത്രയയപ്പും വിടപറച്ചിലുമില്ലാതെ വിരല്‍തുമ്പിനാല്‍ എല്ലാത്തിനോടും ഒരു വിരാമം...
CTRL+ALT+DEL
സ്ക്രീന്‍ ലോക്ക് ചെയ്ത് അങ്ങനെയും ഒരു ലോഗൌട്ട് ...

March 17, 2010

മാമ്പൂ


തൊടിയിലെ മാവുകളെല്ലാം പൂത്തുതുടങ്ങി.
മീനമാസത്തിലെ കൊടും ചൂടിലും മനസ്സിനും കണ്ണിനും കുളിര്‍മ്മയേകുന്ന
കാഴ്ചകളാണ് മാമ്പൂവും കണ്ണിമാങ്ങയും മറ്റു ഫലങ്ങളും...
കേരളത്തിലെ മുഴുവന്‍ ആളുകളും ചൂടിനേയും വെയിലിനെയും
പഴി പറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ, പ്രകൃതി തന്നെ നമുക്കായി
ഒരുക്കിവച്ച ഇത്തരം കാഴ്ചകളെ?
കഴിഞ്ഞ കൊല്ലത്തെപ്പോലെ മാവുകളെ കനിഞ്ഞനുഗ്രഹിചില്ലെങ്കിലും
മേട മാസത്തെയും വിഷുവിനെയും വരവേല്‍ക്കാന്‍
തയ്യാറെടുക്കുകയാണ് മാവും പ്ലാവും കൊന്നയുമെല്ലാം...


ഇക്കുറി വേനല്‍ നമ്മളെ എല്ലാവരെയും വലച്ചു.
മീനത്തിലെ ചൂട് എന്നല്ല പറയേണ്ടത് , കത്തുന്ന സൂര്യന്റെ ആഘാതമാണ്
എവിടെയും... ഈ ചൂടില്‍ നിന്നും രക്ഷ നേടാന്‍ ജല സ്രോതസ്സുകള്‍ തേടി
അലയുകയാവം നമ്മളില്‍ പലരും; അല്ലെ?

ഒരുപക്ഷേ പ്രകൃതിയുടെ തന്നെ മുന്നറിയിപ്പാവാം ഈ ചൂട്.
കോണ്‍ക്രീറ്റ് കാടുകള്‍ വച്ച് പിടിപ്പിക്കാതെ മരങ്ങള്‍ വെക്കാനുള്ള
മനുഷ്യര്‍ക്കുള്ള അവസാന സൂചനയാവാം ഇത് .
ഇനിയും വൈകിയിട്ടില്ല, നമുക്കെല്ലാവര്‍ക്കും പ്രകൃതിയിലേക്ക് മടങ്ങി
ചെല്ലാന്‍. നീര്‍ചാലുകള്‍ ഒരുക്കി നമ്മെ കാത്തിരിപ്പുണ്ടവള് .



കഴിഞ്ഞ ദിവസം തൃശൂര്‍ അടുത്ത് ആറേശ്വരം കുന്നു കയറിയപ്പോ കിട്ടിയ
ചിലചിത്രങ്ങലാണ് ചുവടെ. പച്ച ഇലകളില്‍ കൊരുത്ത നീല നിറത്തിലുള്ള
പൂക്കളായിരുന്നു ഇവ, മുന്‍പ് അവിടെ പോയപ്പോള്‍ കണ്ടിട്ടുള്ളതാണ്.
വേനലിന്റെ തീക്ഷ്ണതയില്‍ അവയെല്ലാം കരിഞ്ഞുണങ്ങി...
[ശ്രീ ഭൂവിലസ്ഥിര !]

കുട്ടികളെല്ലാം പരീക്ഷാ ചൂടില്‍നിന്നും അവക്കാലം ആഘോഷിക്കാനും
ഒരുങ്ങുകയാവും ല്ലേ? ഇന്നലെകളില്‍ എവിടെയോ നഷ്ട്ടപെട്ട
അവധിക്കാലം നമുക്കും ഓര്‍ത്തെടുക്കാം...

കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ പെയ്തെന്നു തോന്നുന്നു.
എന്റെ നാട്ടില്‍ പക്ഷെ ഇതുവരെ മഴ എത്തിയിട്ടില്ല...
മനസ്സിനെ കുളിര്‍പ്പിച്ചു പുതുമണ്ണിന്റെ ഗന്ധം വിടര്‍ത്തുന്ന ആ
വേനല്‍ മഴ അധികം വൈകാതെ ഇങ്ങെത്തുമെന്ന പ്രതീക്ഷയിലാണ്
നിങ്ങളെപ്പോലെ ഞാനും...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും കാത്തിരിക്കുന്നു,
വര്‍ഷമേഘങ്ങളില്‍ നിന്നും പെയ്തിറങ്ങുന്ന ആദ്യത്തെ നറുമഴത്തുള്ളികള്‍ക്കായി...

February 05, 2010

മഷിപേന


"മനസ്സിലെ ആര്‍ദ്രമായ അക്ഷരത്തുള്ളികള്‍
കൈവിരല്‍ തുമ്പിലെ മഷിപേനയിലൂടെ നമുക്ക്
പുസ്തകതാളുകളിലേക്ക് പകര്ത്തിയെഴുതാം...

ഇന്നലെകളിലെ യാത്രയിലെ വഴിയോരക്കാഴ്ചകളില്‍
എവിടെയോ കണ്ടുമറന്ന
എഴുത്തിന്റെ വസന്തകാലം വീണ്ടും നമുക്ക് കൊണ്ടുവരാം..."



ഇന്ന് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ പഴയ ആ മഷിപേന ?
മഷിക്കുപ്പിയില്‍നിന്നും ഫില്ലര്‍ ഉപയോഗിച്ച് പേനയുടെ വയറു നിറയെ
മഷി നിറച്ചു, എഴുതാനൊക്കെ നമുക്കിന്നു എവിടുന്നാല്ലേ സമയം?
കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, ഏറെ വര്‍ഷങ്ങള്‍ക്കപ്പുറം
മഷിപേനയെ പറ്റി കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊരു കൌതുകം തോന്നും !
ആ ഒരു "ആശ" തീര്‍ക്കാനായിട്ടാ ഞാനും ഈ പേന മേടിച്ചത്.
അപ്പൊ പിന്നെ അതിന്റെ പടമെടുത്തു ഇവിടെ പോസ്റ്റാം എന്നുകരുതി.


സ്കൂള്‍ കഴിഞ്ഞതില്പിന്നെ നമ്മള്‍ ആരുംതന്നെ മഷിപേന കൊണ്ടെഴുതിക്കാണില്ല.
മഷിപേന കൊണ്ടെഴുതിയാല്‍ കൈയ്യക്ഷരം നന്നാവുമെന്നാ പറയുക !
സ്കൂളില്‍ മലയാളം പഠിപ്പിച്ച വാസുദേവന്‍ സര്‍ ഒരിക്കല്‍ എന്നെക്കൊണ്ട്
"രണ്ടുവരി കോപ്പി" എഴുതിച്ചു, കൈയ്യക്ഷരം നന്നാവാന്‍ വേണ്ടി; ഒടുവില്‍
എന്റെ എഴുത്തുകണ്ട് ഇങ്ങനെ പറഞ്ഞു, "ഇതിപ്പോ മഷിക്കുപ്പിയില്‍ വീണ
എട്ടുകാലി പുസ്തകത്തിലൂടെ നടന്ന പോലെ ഉണ്ടല്ലോ ടാ...".


ഇന്നിപ്പോള്‍ ബോള്‍ പെന്നും ജെല്‍ പെന്നുമൊക്കെ വളരെ തുച്ചമായ വിലയില്‍
ലഭ്യമായതോടെ മാഷിപ്പെനയെ നമ്മള്‍ പാടെ മറന്നു.
ചിന്തിക്കാറുണ്ടോ, ഏതെങ്കിലും പേനകൊണ്ട് നമ്മളൊക്കെ മലയാളത്തില്‍
രണ്ടുവാക്ക് കുറിച്ചിട്ടു നാളെത്രയായി എന്ന് ?
സ്കൂള്‍ കുട്ടികള്‍ പതിവായി മലയാളം എഴുതുന്നുണ്ടാവാം. പക്ഷേ വളരെകാലം
എഴുതാതിരുന്നിട്ടു നാം അതിനു ശ്രമിക്കുമ്പോള്‍ ശെരിക്കും വലഞ്ഞുപോകും;
പല അക്ഷരങ്ങളും കൈവിരല്‍തുമ്പില്‍ വരാന്‍ മടിക്കും.
ങ്ങ. മ്ല. ള. പോലെയുള്ള വില്ലന്‍മാര്‍ മലയാളികളായ നമ്മളെയൊക്കെ
കൊഞ്ഞനം കുത്തി കാണിക്കും.
കുറിപ്പുകള്‍ എഴുതാനും മറ്റും ആധുനിക പേര്‍സണല്‍ ടാറ്റ അസിസ്ടന്‍സുകള്‍
വന്നതോടെ പാവം മഷിപ്പേന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായ
ഗാട്ജെട്ട്സുകള്‍ക്ക് വഴിമാറിക്കൊടുത്തു.

മനസ്സിലെ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാനെങ്കിലും, എന്നെങ്കിലും
ഒരു മഷിപേന വാങ്ങി ആര്‍ക്കെങ്കിലും എഴുതാന്‍ തോന്നിയാല്‍,
അതിനു ഈ ബ്ലോഗ്‌ പ്രേരിതമായാല്‍ ഞാന്‍ കൃതാര്‍ഥനായി.
സത്യായിട്ടും; കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിലും സുഖാണ്
പേനകൊണ്ട് കടലാസിലെഴുതാന്‍; മനസ്സും നിറയും...

February 02, 2010

തന്ത്രവിദ്യാപീഠം

മതവിശ്വാസങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ഭക്തിപൂര്‍വ്വം ഏതൊരു
ആരാധനാലയത്തിലും എത്തുന്ന ഭക്തന് യഥാര്‍ത്ഥത്തില്‍ എന്താണ്
അവിടെനിന്നും
ലഭിക്കുന്നത് ? ഭക്തന്‍ എന്താണോ കാംക്ഷിക്കുന്നത് അത്
ഒരിടത്തും
വിതരണം ചെയ്യുന്നില്ല; വഴിപാടുകളിലൂടെ നേടിയെടുക്കുന്നുമില്ല.
ക്ഷേത്രായനതിലൂടെ
ഒരുവന്റെ അവസ്ഥക്ക് മാറ്റം സംഭവിക്കില്ല;
മറിച്ച്
തന്റെ അവസ്ഥയോടും ചുറ്റുപാടുകളോടുമുള്ള അവന്റെ
സമീപനത്തിലാണ് മാറ്റം വരുന്നത്.

ഓരോ മനുഷ്യനിലുമുള്ള ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുന്ന ഇത്തരം
ക്ഷേത്രങ്ങള്‍
ഒരുക്കിയെടുത്ത; കല്പാന്ത കാലത്തോളം മൂര്‍ത്തിയില്‍ തന്റെ
ചൈതന്യത്തെ
ആവാഹിച്ച ആച്ചര്യന്മാരെപറ്റി നാമെപ്പോഴെങ്കിലും
ചിന്തിച്ചിട്ടുണ്ടോ
?
അത്തരം ആചാര്യന്മാരെ പുതു തലമുറയ്ക്കായി വാര്‍ത്തെടുക്കുന്ന;
തന്ത്ര
വിദ്യ അഭ്യസിപ്പിക്കുന്ന ഒരു കര്‍മ്മ ക്ഷേത്രത്തെ പാറ്റിയാണ് ഈ ബ്ലോഗ്‌.

തന്ത്രവിദ്യാപീഠം [തന്ത്രശാസ്ത്ര പഠന ഗവേഷണ കേന്ദ്രം, ആലുവ]


ആചാരാനുഷ്ടാനങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടായ കേരളത്തില്‍ താന്ത്രിക
വിദ്യകള്‍ അഭ്യസിക്കാനുള്ള അവസരമൊരുക്കുകയാണ് ആലുവക്ക്‌ സമീപമുള്ള
തന്ത്രവിദ്യപീഠത്തില്‍. ഇത്തരത്തിലൊരു കര്‍മ്മക്ഷേത്രം ഉണ്ടെന്നറിഞ്ഞ് തെല്ലൊരു
കൌതുകത്തോടെയാണ് ഞാനവിടെയെത്തിയത്. പുസ്തകത്തില്‍ നിന്നും ഈയിടെ
വായിച്ചറിഞ്ഞ "തന്ത്ര" യെ കുറിച്ചുള്ള പഠനമല്ല അവിടെ എന്നതായിരുന്നു
ആദ്യത്തെ തിരിച്ചറിവ്. മറിച്ച്, ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിനും മറ്റു താന്ത്രിക
വിദ്യകള്‍, വേദം മുതലായവ സ്വായത്തമാക്കാന്‍ അക്കാദമിക് തലത്തില്‍
സിലിബസോട് കൂടിയ പഠനം ഒരുക്കുകയാണിവിടെ.
പക്ഷെ ഈ വിദ്യകള്‍, ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത് ഥിക്കും ഇവിടെ
പ്രവേശനം നേടാന്‍ കഴിയില്ല; ജന്മംകൊണ്ട് ബ്രാഹ്മണ കുലത്തില്‍ പെട്ടവര്‍ക്ക് മാത്രം.

ഒരു അധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 10 പേര്‍ക്ക് പ്രവേശനം ലഭിക്കും.
യോഗ്യതക്കായി ബായോടാട്ട യും "ജാതകവും" അയച്ചുകൊടുക്കണം എന്നത്
കൌതുകമായി തോന്നി. ജാതകവശാല്‍ ഉപനയന-സമാവര്‍ത്തനമുള്ള,
പത്താം തരാം പാസായവര്‍ക്ക് മാത്രേ എവിടെ എത്തിച്ചേരാന്‍പറ്റു എന്നര്‍ത്ഥം!
തുടര്‍ന്ന് 7 വര്‍ഷം ഗുരുകുല സംബ്രദായത്തില്‍ വിദ്യാപീദത്തില്‍ തന്നെ
താമസിച്ചുള്ള പഠനവും "തന്ത്രരത്നം" ബിരുദവും.


പഠനരീതി

രാവിലെ 5 മണിക്കുള്ള പ്രാതസ്മരണയോടുകൂടി ആരംഭിക്കുന്നു ഇവിടുത്തെ ഒരു
ദിവസം. ചേന്നാസ് നാരായണന്‍ നമ്പൂതിരി രചിച്ച "തന്ത്ര സമുച്ചയം" എന്ന
ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് പ്രധാനമായും പഠനം നടത്തുന്നത്.
തന്ത്രവിദ്യയെപറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ
രചനക്ക് പിന്നിലൊരു കഥയുണ്ട്:

പണ്ട് കാലത്ത്, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം
രാജാവിനുണ്ടായിരുന്നല്ലോ. ഒരിക്കല്‍ ചേന്നാസ് നമ്പൂതിരിയും
ശിക്ഷയര്ഹിക്കുന്നൊരു തെറ്റ് ചെയ്യുകയുണ്ടായി. ബ്രാഹ്മണരെ
ഹിമ്സിക്കുന്നത് പാപമാണ് എന്നൊരു കീഴ്വഴക്കം ഉണ്ടായിരുന്ന
അക്കാലത്ത്, രാജാവിന് നമ്പൂതിരിയെ ശിക്ഷിക്കാന്‍ തരമില്ലെന്നായി.
ദേഹോപദ്രവമുള്ള ശിക്ഷ നല്‍കിയാല്‍ അത് ദേശത്തിനുതന്നെ
ദോഷമായതിനാല്‍, നീതിമാനായ ആ രാജാവ് തന്നെ ഒരു പോംവഴി
കണ്ടെത്തി ശിക്ഷ ഇപ്രകാരം വിധിച്ചു: നിശ്ചിത ദിവസത്തിനുള്ളില്‍
തന്ത്രവിദ്യയെപറ്റി ആധികാരികമായി പ്രദിപാദിക്കുന്ന ഒരു ഗ്രന്ഥം രചിച്ചു
രാജാവ് സമക്ഷം സമര്‍പ്പിക്കണം. ചേന്നാസ് നാരായണന്‍ നമ്പൂതിരി
അങ്ങനെ "തന്ത്രസമുച്ചയതിന്റെ" രചയിതാവായി.

"തന്ത്രരത്നം"

7 വര്‍ഷം നീണ്ടുനില്‍ക്കുന്ന തന്ത്രരത്നം എന്ന കോഴ്സാണ് വിദ്യാപീടത്തില്‍
നടക്കുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ നിന്നും വ്യത്യസ്തമായി വാവ് , ഗ്രഹണം,
പൌര്‍ണമി മുതലായ വിശേഷ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ്
ക്ലാസ്സുകളും അവധി ദിവസങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തന്ത്രശാസ്ത്രത്തിനു പുറമേ വേദം, സംസ്കൃതം, ഇംഗ്ലീഷ്, വാസ്തു ശാസ്ത്രം,
പഞ്ചാംഗ പരിചയം എന്നിവയും വിധ്യാര്‍തികള്‍ പഠിക്കേണ്ടതുണ്ട്.
കൂടാതെ യോഗ, ധ്യാനം എന്നിവ പരിശീലിക്കുകയും മന്ത്രസിദ്ധി
നേടുകയും വേണം. ഒപ്പം പ്രീ ഡിഗ്രി, ഡിഗ്രി
പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പഠനത്തിനും സൌകര്യമുണ്ട്.

ഗവേഷണം

തന്ത്രശാസ്ത്രം, വേദം മുതലായ വിഷയങ്ങളില്‍ ഗവേഷണം ചെയ്യുവാനുള്ള
സൌകര്യവും വിദ്യാപീഠം നല്‍കി വരുന്നു. വിവിധ വിഷയങ്ങളിലുള്ള
പുസ്തകങ്ങളും താളിയോല ഗ്രന്ഥങ്ങളും മറ്റുമടങ്ങുന്ന അപൂര്‍വ്വ ശേഖരമാണ്
വിദ്യാപീടത്തിലെ ലൈബ്രറി.


പഠനത്തോടൊപ്പം തന്നെ പൂജാവിധികള്‍ അഭ്യസിച്ചുകഴിയുന്നതോടെ, തൊട്ടരികില്‍
സ്തിഥി ചെയ്യുന്ന ചെറിയത്ത് നരസിംഹ ക്ഷേത്രത്തില്‍ കാര്‍മ്മികത്വതിനും
വിദ്യാര്‍ധികള്‍ക്ക് അവസരമൊരുങ്ങുന്നു.


വിദ്യാപീഠത്തിന്റെ പിറവി

ആധുനികതയുടെ കുത്തൊഴുക്കില്‍ യോഗ്യരായ ആചാര്യന്മാരുടെ എണ്ണം
കുറവുവന്ന സാഹചര്യത്തിലാണ്, തന്ത്രശാസ്ത്രമെന്ന പ്രാചീന വിജ്ഞാനശാഖയെ
നിലനിര്‍ത്തുവാനും, ജനനന്മയ്ക്ക് ഉപയുക്തമാക്കാനും വേണ്ടി ആചാര്യ പ്രമുഖരുടെ
സഹകരണത്തോടെ സ്വര്‍ഗീയ മാധവജി 1972 ല്‍ തന്ത്ര വിദ്യാപീഠം
സ്ഥാപിച്ചത്.

ഇത്തരത്തിലുള്ളൊരു വിദ്യാലയം കേരളത്തില്‍ തന്നെ ഒന്നേയുള്ളൂ
എന്നാണറിയാന്‍ കഴിഞ്ഞത്. കേന്ദ്ര ഗവണ്മെന്റിന്റെ മാനവശേഷി വകുപ്പില്‍നിന്നുള്ള
ഭാഗികമായ
ധനസഹായവും അഭ്യുദയകാംക്ഷികളുടെ സംഭാവനയുമാണ്
തന്ത്ര
വിദ്യാപീഠത്തിന്റെ മൂലധനം.

എങ്ങനെ ഇവിടെ എത്തിചേരാം ?

എറണാകുളം ജില്ലയിലെ ആലുവയില്‍ നിന്നും യു സി കോളേജ് റോഡിലേക്ക്
തിരിഞ്ഞു ഒരു കി. മീ. സഞ്ചരിച്ചാല്‍ യുണിയന്‍ ക്രിസ്ത്യന്‍ കോളേജ്
[UC College] ജംഗ്ഷനായി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു
ഏകദേശം രണ്ടു കി. മീ. കഴിഞ്ഞാല്‍ കടൂപാടം കവലയിലെത്തും,
വീണ്ടും വലത്തോട് തിരിഞ്ഞു ഒരു കി. മീ. കഴിഞ്ഞാല്‍
വെളിയത്ത്നാട് ഗ്രാമത്തില്‍ പെരിയാറിന്റെ തീരത്ത്
ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് തന്ത്രവിദ്യാപീഠം
സ്ഥിതി ചെയ്യുന്നു.

അഡ്രസ്സ് :
തന്ത്ര ശാസ്ത്ര പഠന ഗവേഷണ കേന്ദ്രം,
വെളിയത്തുനാട്,
യു. സി. കോളേജ് പി. ഓ.
ആലുവ, എറണാകുളം ജില്ല,
കേരളം - 683 102

ഫോണ്‍ : 91 484 606544

THANTHRA VIDYA PEEDAM,
CENTER FOR THANTHRIC AND VEDIC STUDIES AND RESEARCH,
VELIYATHUNADU, U C COLLEGE P.O, ALUVA, ERNAKULAM DT. KERALA.


സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ !!!

January 27, 2010

അപ്പൂപ്പന്‍താടി


കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്തെങ്ങാന്‍, അപ്പൂപ്പന്‍ താടിയെ?
നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു; പക്ഷെ
ഇന്നത്‌ കാണാറില്ല. ഒരു വനപ്രദേശത്ത് പോകേണ്ടി വന്നു ഇത് പോലൊരു
പടം കിട്ടാന്‍.
അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു
നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍
കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.
മലയാള സിനിമകളില്‍ പോലും ഇപ്പൊ കാണാനില്ല എന്ന് തോന്നുന്നു.
ജെയിംസ്‌ കാമറൂണിന്റെ 'അവതാര്‍' കണ്ടപ്പോഴാണ് വീണ്ടും
അപ്പൂപ്പന്‍ താടിയെ ഓര്‍മ്മ വന്നത്. അസംഖ്യം അപ്പൂപ്പന്‍ താടികള്‍
3D എഫക് ടില്‍ വന്നു കാല്പനികമായൊരു മായിക പ്രപഞ്ചം തീര്‍ത്തപ്പോള്‍
അനിര്‍വച്ചനീയമായൊരു കാഴ്ചയായി അത്. നാട്ടിലൊക്കെ
കാവുകളുണ്ടായിരുന്നെങ്കില്‍ നേരില്‍ കാണാമായിരുന്നു ഇതുപോലൊക്കെ.


കാറ്റിന്റെ കൈവിരല്‍ പിടിച്ചു വാനോളം പറന്നുയര്‍ന്നും
പിന്നീടത്‌ മണ്ണിലേക്ക് താണിങ്ങിയും; നമ്മുടെയൊക്കെ മോഹങ്ങള്‍ പോലെ...
നിയന്ത്രിക്കാനൊരു നൂല്‍ചരട് പോലുമില്ലാതെ,
മോഹങ്ങള്‍ പോലെ പാറിനടക്കുകയാണ് അപ്പൂപ്പന്‍ താടികള്‍.
ഇതെവിടെ നിന്ന് വന്നെന്നോ
എവിടേക്ക് പോകുന്നെന്നോ ആര്‍ക്കുമറിയില്ല. പക്ഷെ
ഇഷ്ട്ടാനുസരണം യാത്ര ചെയ്തുകൊണ്ടെയിരിക്കുന്നു,
ഒരിടത്തുമെത്താത്ത സഞ്ചാരിയെ പോലെ...

January 12, 2010

കാളയോട്ടം

പാലക്കാട്ടേക്കുള്ള ഒരു യാത്രാമദ്ധ്യേ ആണ് അവിചാരിതമായി
കാളയോട്ടം കാണാനിടയായത് . വെള്ളിത്തിരയിലും മിനി സ്ക്രീനിലും മാത്രം
കണ്ടിട്ടുള്ള ഈയൊരു "വിനോദം" ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു
എന്നറിഞ്ഞതില്‍ സന്തോഷം. പാലക്കാടിനടുത്ത് നെന്മാറക്കടുത്തുള്ള
ചെളിനിറച്ച ഒരു പാടത്താണ് കാഴ്ചകള്‍.



പണ്ട് മുതല്‍ക്കേ കാര്‍ഷിക ആഘോഷവേളകളിലും ഓണക്കാലത്തും
കാളയോട്ടവും പോത്തോട്ടമത്സരങ്ങളും ഒരു വിനോദമായി നടത്തിവരാറുണ്ടായിരുന്നു.
പിന്നീട് കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം അന്യംനിന്ന് പോയി.
മൃഗസംരക്ഷണ വാദികളുടെ ഇടപെടലുകളും ഇത്തരം വിനോദങ്ങളെ
തടയിട്ടു നിര്‍ത്തി. ശരിയാണ്, കാഴ്ചക്കാരന് ഹരം പകരുന്നതാനെങ്കിലും
ഈ മൃഗങ്ങള്‍ക്ക് പീഡനം തന്നെയാണ്. പോത്തിനും കാളയ്ക്കും ലഹരി മരുന്നുകളും
കള്ളും കഞ്ഞാവുമൊക്കെ നല്‍കിയാണ്‌ ഇത്ര വേഗത്തില്‍ അവയെ അടിചോടിക്കുന്നത്.

ചെളിയും വെള്ളവുമൊക്കെ നിറച്ച പ്രത്യേകമായി ഒരുക്കിയ പാടത്താണ്
കാളയോട്ടം നടത്തുക. ഇതിനായി പോത്തിനെയും കാളകളെയും പ്രത്യേകം
ഒരുക്കിയെടുക്കും; നാളുകള്‍ക്കു മുന്‍പേ. ലഹരി പിടിപ്പിച്ച കാളകളെ
കഴുത്തില്‍വച്ച രണ്ടു മുളകള്‍കൊണ്ട് ബന്ധിപ്പിചിരിക്കും.
കാളയുടെ വാലില്‍ കടിച്ചും, പുറകില്‍ ചാട്ടകൊണ്ടടിച്ചും ഒക്കെയാണ്
കാളകളെ "ചാര്‍ജ്" ചെയ്യുന്നത്. ഡ്രൈവര്‍മാരെ കൂടാതെ ഒരു ചര്‍ജിംഗ്
ഗ്രൂപും ഓരോ ടീമിന്റെ കൂടെ കാണും.

നിശ്ചിത ദൂരം ഏറ്റവും കുറവ് സമയത്തില്‍ ഓടിയെത്തിയവര്‍ വിജയി.
ഈ "ഫോര്‍മുല-1" റേസ് കാളകള്‍ ചെളിയും വെള്ളവുമെല്ലാം തെറിപ്പിച്ചു
പായുന്ന കാഴ്ച കാണേണ്ടതുതന്നെ !

വിറളി പിടിച്ച കാളക്കൂറ്റന്മാര്‍ കാണികളുടെ മുഴുവന്‍ മനസ്സിലും
ആവേശം വിതറുമ്പോഴും കാഴ്ചക്കാര്‍ സൂക്ഷിച്ചു നിന്നില്ലേല്‍ അപകടമാണ്.
ഫിനിഷിംഗ് പോയിന്റ്‌ കഴിഞ്ഞാല്‍ പിന്നെ കാളകളെ നിയന്ത്രിക്കുക എളുപ്പമല്ല.
അതിനെ മേയ്ക്കുന്നവരും ക്ഷീനിതരായിരിക്കും, അതിനാല്‍ ഇവ എങ്ങോട്ടാണ്
ഓടിയടുക്കുക എന്ന് പറയാന്‍ പറ്റില്ല. കാമറയിലൂടെ എടുക്കുന്ന ചിത്രങ്ങളില്‍
ആയിരുന്നു എന്റെ ശ്രദ്ധ; അതിനാല്‍ കാണികളുടെ ഇടയിലേക്ക് ഞങ്ങളുടെ
അടുത്തക്കു പാഞ്ഞുവന്നടുത്ത കാളകളെ കണ്ടില്ല. കൂട്ടുകാര്‍ എന്നെ
വലിച്ചു മാറ്റിയതുകൊണ്ട് അപകടമൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ ഒരുപക്ഷെ
നിങ്ങളീ ബ്ലോഗും ഈ ചിത്രങ്ങളും ഇവിടെ കാണുമായിരുന്നില്ല :)