September 01, 2019

My Sessions as Resource Person

The Project Architecture and Design
V - SAFE
Safety Alert for Flood Emergency.
CS Department for Yoing Innovators Project by Govt. of Kerala

Automated Flood detection and communication system for villeges using Water Sensors, IoT(Internet of Things) and Android Apps.


-------------------------------------------------------------------------------
Industry Person for Board of Studies (BOS)
St. Joseph's College, Irinjalakuda
(Autonomous)
Date: 2019 Nov 29


-------------------------------------------------------------------------------
Zelesta Zest 2.0
Inter Collegiate Tech Fest
Chief Guest for closing ceremony.
St. Joseph's College, Irinjalakuda
Date: 2019 Nov 22




-------------------------------------------------------------------------------
GANDHI SMRITHY FOR 150TH ANNIVERSARY CELEBRATION OF GANDHIJI
SANTHI NAGAR LIBRARY
Marathakkara



-------------------------------------------------------------------------------
Bridge The Gap with IT Industry
Vimala College, Thrissur
Date: 2019 August 31






-------------------------------------------------------------------------------
Inauguration
Computer Science Department
Little Flower College, Guruvayoor
Date: 2018 August 10









-------------------------------------------------------------------------------
Technical Session
National Seminar
Prajyoti Niketan College, Pudukad
Date:
-------------------------------------------------------------------------------
Inauguration
Computer Science Department
Prajyoti Niketan College, Pudukad
Date: 2006
-------------------------------------------------------------------------------

April 08, 2019

അമ്മ

- From Room#240 (ദയ ഹോസ്പിറ്റൽ , തൃശൂർ)
2019 മാർച്ച്‌ 9

പത്തു പന്ത്രണ്ടു ദിവസത്തെ വിരസവും ദുഷ്കരവുമായ ആശുപത്രി വാസം അമ്മയുടെ രൂപം തന്നെ ആകെ മാറ്റിയിരുന്നു. വേറെ ആരെയോ പോലെ തോന്നി എനിക്ക്. കുളിക്കാതെ, എണീക്കാതെ, മറിഞ്ഞു പോലും കിടക്കാനാവാതെ ബെഡിൽ ഒറ്റക്കിടപ്പ്; ശരീരത്തിന്റെ അകത്തേക്കും പുറത്തേക്കും എപ്പോഴോ എന്തൊക്കെയോ പോകുന്നത് എന്നൊന്നും അറിയാതെ, എന്നാൽ തെളിഞ്ഞ ബോധത്തോടെ വേദനിച്ചു കിടക്കുന്ന അവസ്ഥ ഇത്തിരി കഷ്ട്ടം തന്നെയാണ്. 

ഇന്നലെ അമ്മേടെ മുഖം തന്നെ ആകെ മാറിയ പോലെ, മുടിയൊക്കെ കെട്ടു പിണഞ്ഞു ജടപിടിച്ചു. വേറൊരാളെ പോലെ. ഉച്ചക്ക് സന്ദർശകർ ഇല്ലാത്ത നേരം, ചീർപ്പെടുത്തു പതിയെ ഞാനെന്റെ അമ്മേടെ മുടി ചീകിയൊതുക്കാൻ ശ്രമിച്ചു. 
അനേകം കിമോകൾ കഴിഞ്ഞു ബാക്കിവച്ച ഇത്തിരി മുടിയായിട്ടും, 
വിരലിനാൽ പോലും ഇഴ  തൂർക്കാൻ വയ്യാത്ത വണ്ണം കെട്ടു പിണഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി. അമ്മേടെ കല്യാണം കഴിഞ്ഞു വരുമ്പോൾ ഇവിടുള്ളോർ പറയാരുന്നു ത്രേ, അംബുജത്തിന് എന്തോരം മുടിയാണെന്ന്. പഴയ ഫോട്ടോകളിൽ ഞാനും കണ്ടിട്ടുണ്ട്, നീണ്ട മുടിയുള്ള സുന്ദരിയായ എന്റെ അമ്മ. ആ ഓർമ്മകളിലെ മുടിയൊക്കെ എത്ര പെട്ടെന്നാണ് ഈ അസുഖം കവർന്നെടുത്തത്. 

ഒരറ്റത്ത് നിന്നും ഇഴകളായി ഞാൻ അമ്മേടെ തലമുടി,കെട്ടുകൾ മാറ്റി മാറ്റി ഇഴതീർത്തു. കുറേശ്ശെ പൊട്ടി പോകുന്നുണ്ടായിരുന്നു. എന്നാലും ചായ കുടിക്കും നേരമാവുമ്പോഴേക്ക്, കെട്ടിയൊതുക്കാവുന്ന തരത്തിൽ വെള്ളക്കരയോട് കൂടിയ കറുത്ത മുടികൾ ഒതുക്കി വച്ചു. അപ്പോൾ അമ്മയ്ക്ക് ഒരാഗ്രഹം, എടാ നീയൊന്നു മുടി മെടഞ്ഞിട്ടു തരുമോ. പിന്നെന്താ, നാലഞ്ചു വിരൽ കനമേ ഉള്ളുവെങ്കിലും ആ മുടി മെടഞ്ഞിട്ടു റബ്ബർ ബാന്റിട്ടു  കൊടുത്തപ്പോൾ അമ്മേടെ മുഖത്തൊരു ചിരി വിടർന്നു. ഈയിടെയായി വല്ലപ്പോഴും മാത്രം അമ്മേടെ മുഖത്ത് കാണാറുള്ള പോലെയൊരു ചിരി.
ചുണ്ടിലാ ചിരിയോടെ  അമ്മ അപ്പോഴേക്കും ചെറിയൊരു മയക്കത്തിലേക്ക് നാണിച്ചൊളിച്ചു നിന്നു. 

---------------------------------------------------------------------------------------------------
രണ്ടു ദിവസം കഴിഞ്ഞു അമ്മ ആശുപത്രി യിൽ നിന്നും വീട്ടിലെത്തി.
2019 മാർച്ച്‌ 15 രാത്രി 11:50 ന് അമ്മ മരിച്ചു.

January 29, 2019

മഴക്കൂട്ടം & Mithr 2019

www.mithr.in
PREFACE:
Please Read the related previous post : Click Here

മഴക്കൂട്ടം വാട്സ് ആപ് ഗ്രൂപ്പും Mithr Foundation നും ചേർന്ന്, കേരളത്തിലെ കോളേജ് ക്യാംപസുകളിൽ നിന്നും ക്ഷണിച്ച സാമൂഹ്യ ക്ഷേമപരമായ  ആശയങ്ങളിൽ നിന്നും Socially Committed Projects തിരഞ്ഞെടുത്തു.

കേരളത്തിലെ 5 ജില്ലകളിൽ നിന്നും വിവിധ കോളേജുകൾ പങ്കെടുത്ത ഈ സംരംഭത്തിൽ അവസാന റൗണ്ടിലെത്തിയ ക്യാമ്പസുകൾ 2019 ജനുവരി 26 ന്, തൃശ്ശൂരിലെത്തി പ്രോജക്ടുകൾ അവതരിപ്പിച്ചു.
മഴക്കൂട്ടത്തിലെ സീന കാപ്പിരി (മാധ്യമ പ്രവർത്തക) പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.



EDUCATION & SKILL DEVELOPMENT എന്ന വിഭാഗത്തിൽ
തൃശൂരിലെ ശ്രീ കേരളവർമ കോളേജിന്റെ
"സ്വരവർണ്ണ കാഴ്ചകൾ" (Digital Voice Library For The Blind)
എന്ന പ്രൊജക്റ്റ്  50,000 /- രൂപയുടെ സമ്മാനത്തിന് അർഹരായി.

(ശ്രീ കേരളവർമ കോളേജ് ടീമംഗങ്ങളോടൊപ്പം)


YOUTH & HOLISTIC WELLNESS എന്ന വിഭാഗത്തിൽ
പാലക്കാട് അഷ്ടാംഗം ആയുർവേദ വിദ്യാപീഠം
30000 /- രൂപയുടെ സമ്മാനത്തിന് അർഹരായി.
കുട്ടികളിലെ ആരോഗ്യ പരിശീലനം ആണ് ഇവർ നടപ്പിലാക്കാൻ പോകുന്ന പദ്ധതി.

(അഷ്ടാംഗം ആയുർവേദ വിദ്യാപീഠം ടീമംഗങ്ങളോടൊപ്പം)

അദ്ധ്യാപകരോടൊപ്പം എത്തിയ ക്യാംപസ് വിദ്യാർത്ഥികൾ അവരവരുടെ പ്രോജക്ടിന്റെ പൂർണ്ണമായ ആശയം, എസ്റ്റിമേറ്റ്, ബഡ്ജറ്റ്, നടപ്പിലാക്കാനുള്ള കാലാവധി എന്നിവ വിശദീകരിച്ചു. ഇവാല്യൂവേഷൻ പാനലിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങളും പ്ലാനുകളും നൽകിയ ക്യാംപസുകളെയാണ്, പ്രൊജക്റ്റ് നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തത്.

Evaluation Panel :
Dr. ഇ സന്ധ്യ (എഴുത്തുകാരി , അദ്ധ്യാപിക)
രൺദീപ് നാഥ് (IT പ്രൊഫഷണൽ)
ശ്രീകല ബാലഗോപാൽ (Asst. പ്രൊഫസർ)
ബിനു ഫ്രാൻസിസ് (IT പ്രൊഫഷണൽ)

(SN കോളേജ് ടീമംഗങ്ങളോടൊപ്പം)

ക്യാംപസിലെ വിദ്യാർത്ഥികളെയും അവരോടൊപ്പം മാർഗ്ഗ നിർദേശങ്ങൾ നൽകി കൂടെ നിന്ന എല്ലാ അധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

(Principal, Teachers, College Union Members and HEPSN Team, KeralaVarma College)

(Dr. Johnson and BAMS Students, Ashtamgam Ayurveda College, Palakkad)

മഴക്കൂട്ടത്തിലെ സന്ധ്യ ടീച്ചർ സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മഴക്കൂട്ടം ഗ്രൂപ് അഡ്മിൻനും Mithr Foundation ന്റെ സ്ഥാപകനുമായ സുജിത്ത്
ഈ സംരംഭത്തിൽ പങ്കെടുത്ത / സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

യഥാർത്ഥത്തിൽ പ്രോജക്ടിന്റെ ഘട്ടങ്ങൾ തുടങ്ങുന്ന മുറയ്ക്ക്
അർഹമായ തുക പ്രൊജക്റ്റ് ടീമിന് നൽകി,
ക്യാമ്പസുകൾ സ്വപ്നം കണ്ട പദ്ധതി ആവിഷ്‌ക്കരിക്കാൻ
മഴക്കൂട്ടവും Mithr Foundation നും ഈ യുവതയോടൊപ്പം എന്നുമുണ്ടാകും.

തിരഞ്ഞെടുത്ത പ്രൊജക്ടുകളെക്കുറിച്ച് എനിക്കേറെ പറയാനുണ്ട്.
വരും മാസങ്ങളിൽ ഈ പ്രൊജക്ടുകൾ യാഥാർഥ്യമാകുമ്പോൾ
വിശദമായി ഇവിടെ എഴുതാം.
ഇന്നിപ്പോൾ ഈ ക്യാമ്പസിന്റെ സ്വപ്‌നങ്ങൾ മഴക്കൂട്ടത്തിന്റെ കൂടി സ്വപ്നമാണ്; അവ യാഥാർഥ്യമായി കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.

ആശംസകളോടെ...
www.mithr.in

November 21, 2018

ക്യാമ്പസ് ഉണരുമ്പോൾ

2018 November 22
📝
Dear Campus Friends and Teachers, 

സമൂഹത്തിനു വേണ്ടി ഉപകാരപ്പെടും വിധം എന്തെങ്കിലും ചെയ്യാൻ
ആഗ്രഹിക്കുന്നൊരു കൂട്ടം വിദ്യാർഥികൾ ഉള്ള ക്യാമ്പസ്‌ ആണോ നിങ്ങളുടേത്നന്മയുള്ള ഒരു project ഏറ്റെടുത്തു ചെയ്യാൻ തയ്യാറുണ്ടോ,
എങ്കിൽ കൂട്ടമായിരുന്നു ചർച്ച ചെയ്തു നിങ്ങൾക്കാവും വിധത്തിൽ
ചെയ്യാവുന്നൊരു ആശയവുമായി വരൂ,
നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
മഴക്കൂട്ടം എന്ന സൗഹൃദ കൂട്ടായ്മ,
Social Commitment  ഉള്ള projects ക്ഷണിക്കുന്നുതിരഞ്ഞെടുക്കപ്പെടുന്ന project ന്
ധനസഹായം നൽകി പ്രോത്സാഹിപ്പിക്കുന്നതാണ്.


Be the part of that change you would like to see in this society. Together let's make a difference.

Guidelines
👇
1. Need a detailed Project plan, with the below information:

(a). Project Description
(b). Benefit/Impact - Define the benefit out of the project, or the impact you would like to see
(c). Execution Plan
(d). Timelines - When are you planning to start, how long would it take to implement
(e). Estimated Budget - Total estimate as well as details of individual expenses 
(f). Involvement/Contribution from your team - Fund, man power etc.
(g). Team size - Minimum 10
(h). Project Leads - One Student and One Teacher

2. Estimated budget, excluding the contribution from your end, should not exceed Rs.50,000/-

3. Project cannot have any tie ups with third parties like government, political parties, religious groups or any others NGOs.

4. A brief description of the Project idea is to be submitted, no later than Dec 1st, 2018. 

5. Detailed Project plan, along with a letter from Principal or HOD, need to be submitted on or before Dec 20, 2018. 

6. Ideas will be evaluated by a Selection Panel, and top 3 will be short listed. Weightage will be given to the ones, which are most helpful to the society or campus, and which involves genuine participation from the Project team members.

7. Top 3 teams are to present their ideas and execution plan, in front of the Selection Panel, based on which the final selection will be made.

8. Fund transfer for the selected team, will be made to the college, NSS unit or Department Account. We expect maximum transparency in the fund utilization. 

Our aim, with this activity, is to cultivate social responsibility, organization skills and empathy in our young generation, thereby developing a culture of extending supportive hands to our fellow beings.

Best wishes. 

മഴക്കൂട്ടം WhatsApp Group
&
MITHR Merit Scholarships For Students

For enquiries, 
98 47 95 66 00
(Sujith)

നമുക്ക്‌ വരവേൽക്കാം  പുതുവർഷത്തെപുതുമയുള്ളൊരു ആശയവുമായിനവകേരളം നമ്മുടെ നന്മയിലൂടെ... 
ആശംസകൾ
---------------------------------------------------------------------------------------------- മഴക്കൂട്ടം
2019 ജനുവരി 11

സുഹൃത്തേ,

മഴക്കൂട്ടം WhatsApp ഗ്രൂപ് കേരളത്തിലെ ക്യാംപസുകൾക്കായി ഒരുക്കിയ അവസരം വിനിയോഗിച് വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കി പങ്കെടുത്തഎല്ലാ കോളേജുകളെയും അഭിനന്ദിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ നിന്നും മഴക്കൂട്ടത്തിന്വിവിധങ്ങളായ പ്രൊജക്റ്റ് പ്രൊപ്പോസലുകൾ ലഭിച്ചതിൽ നിന്നും, Evaluation Marks ന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത, ഏറ്റവും മികച്ച മൂന്നുപ്രൊജെക്ടുകൾ ആണ് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.


COLLEGES  SELECTED FOR മഴക്കൂട്ടം PROJECTS ARE AS FOLLOWS:-


1) SREE KERALA VARMA COLLEGE, THRISSUR

Title=Digital Voice Library for blind students

2) ASHTAMGAM AYURVEDA COLLEGE, PATTAMBI, PALAKKAD

Title=Knowledge-Attitude-Practice

3) SREE NARAYANA COLLEGE, NATTIKA, THRISSUR

Title=Eco friendly cirque zone

നേരത്തെ അറിയച്ചതിൽ നിന്നും വ്യത്യസ്തമായി ഒരു സന്തോഷവാർത്ത കൂടി അറിയിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഒരു പ്രൊജക്റ്റ് നുള്ള 50,000 /- രൂപയുടെ സമ്മാനത്തിന് പുറമെ 30,000/- രൂപയുടെയും
 10,000/- രൂപയുടെയും രണ്ടു സമ്മാനങ്ങൾ കൂടി ഉണ്ടായിരിക്കും.

ഈ മൂന്നു സ്ഥാനക്കാരെ നിർണ്ണയിക്കാൻ അവസാന റൗണ്ടിൽ എത്തിയ മൂന്നു കോളേജിൽ നിന്നും ടീമുകളെ, നേരിട്ടുള്ള പ്രൊജക്റ്റ് അവതരണത്തിനായി ഞങ്ങൾ ക്ഷണിക്കുകയാണ്.

2019 ജനുവരി 26 രാവിലെ 10 മണിക്ക്.

@ ജ്ഞാനോദയം വായനശാല ഹാൾ, പൂങ്കുന്നം, തൃശൂർ

(പൂങ്കുന്നം ശ്രീരാമകൃഷ്ണ ആശ്രമത്തിനു പിൻവശം, Near Elite SuperMarket )

നിങ്ങൾ സമർപ്പിച്ച പ്രോജക്ടിന്റെ എല്ലാ വിശദാംശങ്ങളുമായി ഞങ്ങളുടെ പാനലുമായി സംവദിക്കണം. അദ്ധ്യാപകരും രണ്ടു വിദ്യാർത്ഥികളും ഉള്ളടീമുകൾ പാനലിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാൻ കഴിയുന്നവരായിരിക്കണം. നേരത്തെ മഴക്കൂട്ടത്തിന് സമർപ്പിച്ച റിപ്പോർട്ടും ഈപ്രസന്റേഷനും കണക്കിലെടുത്താവും വിജയികളെ പ്രഖ്യാപിക്കുക.

എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

മഴക്കൂട്ടത്തിന്റെ ഈ സംരംഭത്തിൽ ലഭിച്ച എല്ലാ പ്രജക്ടുകളും മികവാർന്നതായിരുന്നു; പങ്കെടുത്ത എല്ലാ കോളേജ് ക്യാംപസുകൾക്കും പ്രത്യേകം നന്ദിഅറിയിക്കുന്നു.

സസ്നേഹം,
മഴക്കൂട്ടം

കൂടുതൽ വിവരങ്ങൾക്ക് മഴക്കൂട്ടം അഡ്മിനുമായി ബന്ധപ്പെടുക
9847956600 (സുജിത്ത്)

--------------------------------------------------------------------------------

GUIDELINES FOR PROJECT PRESENTATION

1) Each team will be having 30 minutes to discuss about your project.

                1.a) 20 minutes to present the project before the evaluation panel.

                1.b) 10 minutes for Q and A session.
           
2) You can present your ideas in any language.(Malayalam or English)

3) Any supporting media viz. Laptops, PPTs, Smart Phones, Photographs, Project Plans, Cost Estimation doc etc. can be used.

4) The team should have to justify the project in terms of implementation, feasibility, sustainability and your participation efforts.

5) Please bring a copy of the authorised bank account details(Acc No, IFSC Code) duly signed by the HOD or the Principal.

6) All teams are requested to reach atleast 10 minutes before the program start at the venue, as we communicated earlier.

Time Slot for Sree KeralaVarma College 10:00 AM to 10:30 AM

Time Slot for SN College 10:30 AM to 11:00 AM

Time Slot for Ashtamgam College 11:00 AM to 11:30 AM

 7) The final results will be declared on the same day.


The decisions taken by the evaluators of Team Mazhakkoottam will be final.

പ്രളയാനന്തരം


Coming Soon : This blog is under construction

കേരള നാടിനെ കടന്നു പോയ ,
നൂറ്റാണ്ടിന്റെ മഹാപ്രളയകാലത്തെ അനുഭവക്കുറിപ്പുകൾ.


TODO:

a) FLOOD RESCUE & EVACUATION ACTIVITIES

b) FLOOD RELIEF ACTIVITIES

c) REHABILITATION ACTIVITIES

d) REBUILD KERALA ACTIVITIES


July 04, 2018

കോതാട്

ഇതൊരു പടം പിടുത്തം വൈറലായ കഥ. (ഞാനറിയാതെ)


പടം പിടിത്തം എന്നും എന്റെയൊരു ഇഷ്ട്ടമാണ്, ഏറെ വർഷങ്ങളായി.
പോകുന്നിടത്തു കണ്ണിൽ കണ്ട കൗതുകങ്ങളെല്ലാം ക്ലിക്കി അത്
അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുക പതിവാണ്.
എഴുത്തും വായനയും കാഴ്ചകളും ഇഷ്ട്ടപ്പെടുന്ന "മഴക്കൂട്ടം" എന്നൊരു ഗ്രൂപ്പും ഉണ്ട്.
പക്ഷേ നിനച്ചിരിക്കാതെ, മഴക്കൂട്ടത്തിൽ ഒരിക്കൽ പോസ്റ്റിയ
ചിത്രം വഴിതെറ്റി സോഷ്യൽ മീഡിയകളിൽ പലയിടങ്ങളിൽ കറങ്ങിത്തിരിഞ്ഞ  സംഭവം ആദ്യമാണ്.

കഥയിങ്ങനെ:
നമ്മുടെ ഒരു സുഹൃത്ത് നെവിലിന്റെ മകൻ
കൈനാൻ കുട്ടന്റെ  മാമ്മോദീസ...അന്നവിടെ പോകാൻ
അസൗകര്യം ഉള്ളതിനാൽ, കൃഷ്ണയെയും മക്കളെയും
കൂട്ടി തലേദിവസം പോയി. കൂടെ വിമലും.

എവിടെ? കോതാട് എന്നൊരിടത്ത്. ഒരു ദ്വീപാണത്.
അതെവിടെയാ? എറണാകുളത്തെ Aster Medicity ഹോസ്പിറ്റൽ ഇല്ലേ, അതിന്റെ നേരെ വടക്കും ഭാഗം, ചെറിയൊരു ദ്വീപ്, ഗ്രാമം; കോതാട്.
കടമക്കുടി പഞ്ചായത്തിലെ കണ്ടനാട്, കോരംപാടം എന്നീ പ്രദേശങ്ങൾ ചേർന്നതാണ് കോതാട്.

അവിടെ പോയി കൊച്ചിനെ കണ്ടു കുശലവും പറഞ്ഞു തിരികെ പോരാറായപ്പോൾ നെവിൽ പറഞ്ഞു,
അടുത്ത് തന്നെ ഒരു കടവും പള്ളിയുമുണ്ടെന്ന്.
അത് കേട്ടപ്പോൾ കൃഷ്ണയ്ക്കും അവിടെയൊക്കെയൊന്ന് കാണാൻ പൂതി. ഇരുട്ടുന്നതിനു മുൻപേ വീട് പിടിക്കണമെന്ന് പറഞ്ഞു വിമൽ സ്കൂട്ട് ആയി. പക്ഷേ ആ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീടവന് മനസ്സിലായി, നല്ലൊരു കാഴ്ചയാണ് ചെക്കന് നഷ്ടമായത്.



ആ കടവിന്റെ ഓരത്തുള്ള കോതാട്  തിരുഹൃദയ പള്ളിയിലെ
പെരുന്നാളാണ് പിറ്റേ ദിവസം. അവിടുത്തെ പ്രദക്ഷിണ പന്തലിന്റെ അലങ്കാരം മുഴുവൻ പച്ചക്കറികളും ഫല വർഗ്ഗങ്ങളും തൂക്കിയിട്ടു കൊണ്ടാണ്.
വാഴ കുടപ്പനും, ചീരയും, പയറും, വെണ്ടയും, വഴുതനയും,
കാരറ്റും, ബീറ്റ് റൂട്ടും, തക്കാളിയും, അച്ചിങ്ങ, പീച്ചിങ്ങ, മുന്തിരി
തുടങ്ങിയവ വരി തെറ്റാതെ 50 മീറ്റർ നീളത്തിൽ പന്തലിനെ
സുന്ദരമാക്കി തൂങ്ങി കിടക്കുന്ന കാഴ്ച ഒരു കൗതുകം തന്നെയാണ്.
നല്ല ഭംഗിയാ കാണാൻ. ഓരോ പച്ചക്കറിയും ഒരുക്കുന്ന ചുമതല
ഓരോരോ കുടുംബ യൂണിറ്റുകൾക്കാണത്രെ. അതും കൊള്ളാം.
പെരുന്നാൾ ദിവസം കുർബാനക്ക് ശേഷം ഈ പച്ചക്കറികളെല്ലാം പാഴാക്കാതെ വിശ്വാസികൾ ലേലം ചെയ്തു പങ്കിട്ടെടുക്കും.
സമൃദ്ധിയുടെ നല്ല കാഴ്ചകൾ ആയിട്ടാണ് എനിക്ക് തോന്നിയത്.



കൃഷ്ണയെയും മക്കളെയും പന്തലിൽ നിർത്തി ആ കാഴ്ചകൾ എന്റെ മഴക്കൂട്ടുകാർക്ക്, ചെറിയൊരു കുറിപ്പോടെ പോസ്റ്റി കൊടുത്തു.
അതിലാരോ ആ കുറിപ്പും ചിത്രങ്ങളുമെടുത്തു മറ്റാർക്കോ പോസ്റ്റി.
അതാരാണെന്ന് ഇപ്പോഴും എനിക്കറിയില്ല, പക്ഷേ പോസ്റ്റിയ ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ അനവധി WhatsApp ഗ്രൂപ്പുകളിലും FB പേജുകളിലും ഷെയർ ചെയ്യപ്പെടാൻ തുടങ്ങി. സഞ്ചാരം ഗ്രൂപ്പിൽ നിന്നും, സ്‌കൂൾ, കോളേജ്, ജോലി ചെയ്ത കമ്പനിയുടെ WhatsApp ഗ്രൂപ്പിൽ നിന്നുമൊക്കെ എനിക്ക് തന്നെ ആ ചിത്രങ്ങൾ തിരികെ അയച്ചു കിട്ടാൻ തുടങ്ങിയപ്പോഴാണ് ഇത് എത്രമാത്രം ഷെയർ ചെയ്തു പോയെന്നു മനസ്സിലായത്. എന്തായാലും സന്തോഷമുണ്ട്, കണ്ടവർക്കൊക്കെ അതിഷ്ട്ടപെട്ടല്ലോ, അതുവരെ അധികമാരും കാണാത്തൊരു കാഴ്ച യുടെ വിരുന്നൊരുക്കുവാൻ ആ ക്ലിക്കുകൾക്കു സാധിച്ചല്ലോ.



ഒടുവിൽ, 2018 ജൂലൈ മാസത്തെ 'വനിത' മാഗസിൻ വന്നപ്പോൾ
അതിലും അമ്പത്തി ആറാമത്തെ പേജിൽ, എന്റെ ഭാര്യയും മക്കളും പച്ചക്കറികളുടെ അലങ്കാരത്തിനു കീഴെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനെടുത്ത ചിത്രം മലയാള മനോരമ എന്ന അച്ചടി ഭീമന്റെ വനിത മാഗസിനിൽ എന്റെ അനുവാദമില്ലാതെ അച്ചടിച്ച് വന്നതിൽ എനിക്ക് പരാതിയൊന്നും ഇല്ലെങ്കിലും, ചെയ്യാൻ പാടില്ലാത്തതാണ്.



ഈ ദിവസങ്ങളിൽ ഇതൊക്കെ നടന്നപ്പോഴും, തന്റെ സ്മാർട് ഫോണിലെ സ്‌ക്രീനിൽ ആ ചിത്രങ്ങൾ പരക്കെ ഷെയറി പോകുന്നത് കണ്ടപ്പോൾ വിമൽ ഒരു നെടുവീർപ്പോടെ നഷ്ടബോധത്തോടെ ഓർത്തു;
ഒരല്പം നേരം കൂടി കോതാട് ദ്വീപിൽ ചിലവഴിച്ചിരുന്നുവെങ്കിൽ എന്റെ പടവും കുറെ പേര് കണ്ടേനെ. കല്യാണ പ്രായമായ എത്രയെത്ര പെൺകുട്ടികളുടെ ലൈക്കുകളും കമന്റുകളുമാണ് ഓന് നഷ്ടമായത്.
സാരമില്ല വിമൽ, കല്യാണം കഴിഞ്ഞു നിന്റെ ഹണി മൂൺ ഈ ദ്വീപിലേക്ക്‌ തന്നെ ആവട്ടെ എന്നാശംസിക്കാം.


വല്ലാർപാടം കണ്ടൈനർ റോഡ് വരുന്നതിനു മുൻപ് കോതാട് നാലുപാടും കായലിനാൽ ചുറ്റപ്പെട്ടുകിടന്നൊരു ദ്വീപ് ആയിരുന്നു.
കടത്തു വള്ളവും, ചങ്ങാടവും മാത്രമാണ് പുറം ലോകത്തെത്താൻ ആശ്രയം. എങ്കിലും അവിടുത്തെ നൂറു വർഷം പഴക്കം ചെന്നൊരു സ്‌കൂളും ചവിട്ടു നാടക കേന്ദ്രങ്ങളും കണ്ടാലറിയാം, ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നുവെങ്കിലും ലോകത്തിന്റെ വെളിച്ചത്തിലേയ്ക്കു തുഴഞ്ഞടുക്കുവാൻ ആഗ്രഹിച്ചിരുന്നൊരു ജനത പണ്ടുമുതലേ ഈ കോതാടിൽ ഉണ്ടായിരുന്നു എന്ന്.

മറക്കാനാവാത്തൊരു അനുഭവത്തിന് അരങ്ങൊരുക്കിയ
നെവിലിനും  കുടുംബത്തിനും ഞങ്ങളുടെ ഇസ്‌തം. ഈ കോതാട് ദ്വീപിലെ പള്ളിയിൽ മാമ്മോദീസ മുക്കുവൻ നിങ്ങൾക്കിനിയും  ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കട്ടെ...
:)

January 09, 2018

പാട്ടോളം

പാട്ടിന്റെ ഓളം മനസ്സിലില്ലാത്ത ആരാണീ ഭൂമിയിൽ ഉള്ളത്?
നമുക്കെല്ലാം അത്രമേൽ ഇഷ്ട്ടമാണ് പാട്ടുകൾ.
പാട്ടു കേൾക്കാൻ, പാട്ടു പാടാൻ, പാട്ടിന്റെ ഓളത്തിൽ അലിഞ്ഞില്ലാതാകാൻ...

ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ കേട്ടുറങ്ങുന്നത് താരാട്ടു പാട്ടുകളാണ്.
പാട്ടിന്റെ ആദ്യ രസം അവിടെ തുടങ്ങുന്നു. പിന്നീട് വളർച്ചയുടെ ഓരോ
കാലത്തും, ഓരോ മൂഡിലും പല പാട്ടുകൾ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
സിനിമകളിലെ പലവിധ ഗാനങ്ങളായിരിക്കും എന്റെ തലമുറക്കാർക്കു
കൂടുതൽ പ്രിയം.
ലളിതവും ശാസ്ത്രീയവും നാടനും വരുത്തനും ഒക്കെയതിലുണ്ട്.

പാട്ടിനെ ശാസ്ത്രീയമായി വിവരിച്ചവതരിപ്പിക്കാൻ ഞാൻ ആളല്ല.
പിന്നെ എന്തിനാണ് ഈ ബ്ലോഗ് എന്നുവച്ചാൽ, ഈയിടെ എന്റെ ഒരു
സുഹൃത്ത് "പാട്ടോളം" എന്നൊരു പരിപാടിയുടെ നോട്ടീസ് അയച്ചു തരികയുണ്ടായി. നമ്മുടെ നാട്ടിൽ നിലകൊണ്ടിരുന്നതും
ഇന്നുള്ളതും ആയ പലതരം പാട്ടുകളുടെ ഒരു അവതരണ
വേദിയായിരുന്നു "പാട്ടോളം".

ഷൊർണൂരിനടുത്തു ഭാരതപ്പുഴയോരത്തു
ഏഴു രാവുകളിൽ അരങ്ങേറിയ നാട്ടുപാട്ടുകളുടെ ഈ ഉത്സവം,
കേരളത്തിലെ എണ്ണമറ്റ പാട്ടു വിഭാഗങ്ങളുടെ സംഗമവേദിയായി.
ഞെരളത്ത് കലാശ്രമം ആണ് ഈ പരിപാടി ഒരുക്കിയത്.



ഇത്രയേറെ പാട്ടു രീതികൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്
എന്നതൊരു കൗതുകകരമായ അറിവായിരുന്നു.
നമുക്കറിയാമല്ലേ വിവിധ തരം പാട്ടുകൾ;
ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, വഞ്ചിപ്പാട്ട്, അങ്ങനെയങ്ങനെ...
എന്നാൽ പാട്ടോളം പരിപാടിയിൽ അരങ്ങേറിയ പാട്ടുകളുടെ
നിര കണ്ടാൽ ഒരുപക്ഷെ എന്നെപ്പോലെ നിങ്ങളും അതിശയിച്ചു
പോകും. ദാ പിടിച്ചോ, കുന്നോളം പാട്ടുകൾ...
  • കോതാമൂരിപ്പാട്ട്  
  • പൂരപ്പാട്ട് 
  • ചിന്തു പാട്ട് 
  • മറുത്തുകളി പാട്ട് 
  • മുണ്ടിയെൻ പാട്ട് 
  • തുയിലുണർത്തു പാട്ട് 
  • പൂപ്പടയാട്ടം 
  • പാനപ്പാട്ട് 
  • അയ്യപ്പൻ പാട്ട് 
  • വട്ടപ്പാട്ട്
  • അറബനമുട്ട്
  • കുത്തിയോട്ട പാട്ട് 
  • കണ്യാർകളി പാട്ട്
  • മാലപ്പാട്ട് 
  • കരടികളി പാട്ട് 
  • വേടൻ പാട്ട്    
  • കെന്ത്രോൻ പാട്ട് 
  • വയനാടൻ പാട്ട് 
  • തിരുവാതിര ചോഴി 
  • വേലൻ പറകൊട്ടു പാട്ട് 
  • തോറ്റം പാട്ട് 
  • ചവിട്ടു നാടകം 
  • മുടിയാട്ട് തോറ്റം 
  • മന്ത്രോം പാട്ട് 
  • പരിചമുട്ടു കളി പാട്ട് 
  • നന്തുണി പാട്ട് 
  • മംഗലംകളി പാട്ട്
  • ചിമ്മാനക്കളി പാട്ട് 
  • എരുത് കാളി പാട്ട് 
  • കഥകളി പാട്ട് 
  • വടക്കൻ പാട്ട് 
  • നാട്ടിപ്പാട്ട്
  • സോപാന സംഗീതം 
  • വെലിക്കളപ്പാട്ട്
  • കണ്ണേറു പാട്ട് 
  • ദഫ്മുട്ട് 
  • തിറയാട്ടപ്പാട്ട് 
  • മരംകൊട്ടു പാട്ട് 
  • പൊറാട്ടുകളിപ്പാട്ട് 
  • കുമ്മിപ്പാട്ട് 
  • തോൽപ്പാവകൂത്തിലെ ആടൽ പാട്ട്
  • പുള്ളുവൻ പാട്ട് 
  • പാണർ പാട്ട് 
  • മാവിലർ പാട്ട് 
  • തുമ്പിതുള്ളൽ പാട്ട്
  • നായാടിക്കളിപ്പാട്ട്
  • ചോഴിക്കളിപ്പാട്ട്
  • ഒപ്പനക്കളിപ്പാട്ട്
  • മുടിയാട്ടപ്പാട്ട്
  • കിണ്ണംകളിപ്പാട്ട്
  • കൈകൊട്ടിക്കളിപ്പാട്ട്
  • മുടിയേറ്റു പാട്ട്       
  • കളം പാട്ട്  
  • ...
പിന്നെ ബാവുൽ സംഗീതം !

അവസാന ദിവസം ബംഗാളി ഗായകൻ തരുൺദാസ് ബാവുലും സംഘവും 
അവതരിപ്പിച്ച ബാവുൽ സംഗീതത്തോടെ പാട്ടോളം സമാപിച്ചു.
ബാവുൽ സംഗീതശാഖയെ പരിചയപ്പെടാൻ താല്പര്യമുള്ളവർക്ക് 
ഇവിടെ ക്ലിക്കി, പണ്ട് ചിന്തയിൽ എഴുതിയ ഒരു പോസ്റ്റ് വായിക്കാം.

പാട്ടോളം എന്ന പരിപാടി കൊള്ളാം ല്ലേ !!!
ഇത്രയേറെ നാട്ടുപാട്ടുകൾ, പ്രാദേശികമായും അല്ലാതെയും
നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നത്
പുതിയൊരറിവല്ലേ?
ഒരു സിൽമാ പാട്ടിൽ നാം കേട്ട വരിയോർമ്മയില്ലേ,
കോതാമൂരി പാട്ടുംപാടി വായോ ഈ വഴി...
ഏതാ ആ സിൽമാ ? എന്തായാലും പാട്ടോളം പരിപാടി
കണ്ടവർക്ക് കോതാമൂരി പാട്ടു മനസ്സിലായിട്ടുണ്ടാവും.

മുകളിൽ ചേർത്തിട്ടില്ലാത്ത ഇനിയുമേറെ പാട്ടുകൾ നമ്മുടെ
നാട്ടിലുണ്ട്, അവ നമുക്കും കണ്ടെത്താൻ ശ്രമിക്കാം.
വരും തലമുറയ്ക്ക് അറിയുവാനും പാർന്നു നൽകുവാനും
ഇത്തരം ഉദ്യമങ്ങൾ ഉണ്ടാവുക തന്നെ വേണം.
കാരണം കേരള കലാമണ്ഡലത്തിൽ പോലും നമ്മുടെ നാടിന്റെ
ആവിഷ്കാരങ്ങളായ ഇത്തരം പാട്ടുരൂപങ്ങളെ പഠിപ്പിക്കുകയോ
നിലനിർത്തുകയോ ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്.

പലയിടത്തും സവർണ്ണന്റെയും ക്ഷേത്രകലകളുടെയും മാത്രം
പരിപോഷണം നടക്കുന്ന ഇക്കാലത്ത് (എക്കാലത്തും),
ഈ പാട്ടുരൂപങ്ങൾ അന്യം നിന്നു പോകാതെയിരിക്കാൻ
നമുക്കും മനസ്സുകൊണ്ട് പാട്ടോളങ്ങളുടെ കൂടെ നിൽക്കാം.
കാരണം അവ ഒരു കാലത്തിന്റെ ആത്മാവിഷ്ക്കാരങ്ങളായിരുന്നു.
ഒരു ജനതയുടെ നോവും സ്വപ്നങ്ങളും നാട്ടുരീതികളും മിത്തും
വിശ്വാസവും കരുത്തും... എല്ലാം പേറുന്നൊരീ പാട്ടുകൾ
കാലത്തിന്റെ പുഴയിൽ ഒഴുകിത്തേഞ്ഞു പഴക്കം വന്ന
മലയാളപ്പാട്ടിന്റെ അടയാളങ്ങളാണ്.
അവ അനസ്യൂതം നമ്മുടെയും സിരകളിലൂടെ പുഴപോലെ ഒഴുകട്ടെ...

November 01, 2017

രായിരനെല്ലൂർ

ചിന്തയിൽ ഇക്കുറി ഒരു യാത്രയുടെ വിശേഷങ്ങളാവാം...
ഒരു ഭ്രാന്തൻ മല , രായിരനെല്ലൂർ !!!





പുണ്യളൻ അഗർബത്തീസിലെ  രണ്ടു കഥാപാത്രങ്ങളെപ്പോലെ,
ഒരു വൈകിയ രാത്രിയിൽ ഞാനും എന്റെ ചങ്ക് സുരാജും
തൃശൂരിലെ വടക്കുംനാഥന്റെ തെക്കേ ഗോപുരനടയിൽ
മാനം നോക്കി കിടക്കുമ്പോൾ പെട്ടെന്നൊരു വെളിപാടുണ്ടായി.
രായിരനെല്ലൂർ ഭ്രാന്തൻ മലയിലേക്കൊരു യാത്ര പോകണം.

സുരാജ് മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്.
എപ്പോ പോകണം എന്ന് ചങ്കു ചോദിച്ചപ്പോ തിടുക്കായി.
നാളെ രാവിലെ 6 മണിക്ക് തിരിക്കാം. ഡീൽ ആയി.
രാത്രി തന്നെ റൂട്ട് ഒക്കെ നോക്കി വച്ച് കിടന്നെങ്കിലും
മനസ്സ് ഉറങ്ങാതെ യാത്രയുടെ പ്രതീക്ഷയിലായിരുന്നു.

തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ അകലെയാണ്
ഐതീഹ്യ പെരുമ പേറുന്ന രായിരനെല്ലൂർ മല.
ഷൊർണൂർ - പട്ടാമ്പി - കൊപ്പം ; ഇതാണ് റൂട്ട്.

പറഞ്ഞുറപ്പിച്ച പോലെ കൃത്യ സമയത്തു തന്നെ കാറിൽ യാത്ര തിരിച്ചു.
ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി എന്നാ പറയാ എങ്കിലും
അന്ന് ഒന്നൊന്നര മഴയായിരുന്നു. ഞായറിന്റെ ആലസ്യത്തിൽ
വഴിയൊക്കെ വിജനമായിരുന്നെങ്കിലും, ഒരു മൺസൂൺ റാലിയുടെ
പ്രതീതിയോടെ എന്റെ നാവിഗേറ്ററിനോടൊപ്പം നല്ലതും
മോശവുമായ വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു.
ഉത്രാളിക്കാവ് ക്ഷേത്രവും, ചെറുതുരുത്തിയിലെ കലാമണ്ഡലവും, ഭാരതപ്പുഴയും കടന്നു പട്ടാമ്പിയുടെ ഗ്രാമഭംഗിയിലൂടെ ഞങ്ങൾ
എട്ടരയോടെ രായിരനെല്ലൂരിൽ എത്തിച്ചേർന്നു.



 പിന്നെ കുറച്ചു ദൂരം വീതിയേറെ കുറഞ്ഞൊരു
നാട്ടുവഴിയിലൂടെ കയറ്റിറക്കങ്ങൾ കറങ്ങി
രായിരനെല്ലൂർ മലയുടെ അടിവാരത്തെത്തി.





കാർ പാർക്ക് ചെയ്യാൻ ഒതുക്കിയപ്പോൾ അതാ നല്ലൊരു
സുന്ദരൻ മയിൽ, പീലിയൊക്കെ വഴിയിലേക്ക് വിരിച്ചിട്ടു
പോസ് ചെയ്തു നിൽക്കുന്നു; ഞങ്ങളെ കണ്ടതും വയലിലേക്ക്
ഓടി മറഞ്ഞു.
ഞങ്ങൾ പതിയെ മല കയറാനൊരുങ്ങി.

രായിരനെല്ലൂരിൽ എന്താ കാണാനുള്ളത്?
പ്രധാനമായും രായിരനെല്ലൂർ മല തന്നെ, ആ മലയുടെ മുകളിൽ
മലയിൽ ഭഗവതി എന്നൊരു കുഞ്ഞു ക്ഷേത്രമുണ്ട്.
ഭഗവതി നാറാണത്തു ഭ്രാന്തന് ദർശനം നൽകി അവിടെയൊരു
പാറയിൽ അപ്രത്യക്ഷയായി ലയിച്ചു, പിന്നീട് അവിടെ ഈ
ക്ഷേത്രം ഉണ്ടായി എന്ന് ഐതീഹ്യം.
ശ്രീകോവിലും വിഗ്രഹ പ്രതിഷ്ഠയും ഇല്ല ഇവിടെ,
ക്ഷേത്രത്തിനകത്തേക്കു കടന്നാൽ  ഒരു പാറമേൽ
പൂവിട്ടു പൂജിക്കുന്നു , അത്ര മാത്രം.



ക്ഷേത്രത്തിനു കുറച്ചു അകലെയായി കുന്നിന്റെ ഓരത്തു
നാറാണത്തുഭ്രാന്തന്റെ പതിനെട്ടടി ഉയരമുള്ള
പ്രതിമയാണ് മറ്റൊരു ആകർഷണം.
കല്ലുരുട്ടികയറ്റി താഴേക്കു തള്ളിയിടാൻ തയ്യാറായി നിൽക്കുന്ന
ആ പ്രതിമക്ക് ജീവനുള്ളപോലെ തോന്നും.
ശില്പി : സുരേന്ദ്രകൃഷ്ണൻ (1995 ൽ നിർമ്മിച്ചത്)

രാവിലെ 6  മണിമുതൽ 8 മണിവരെ യാണ് ക്ഷേത്രത്തിലെ
പൂജാ സമയം. 8 മണിക്ക് ശേഷം മല കയറുന്നവർ,
ക്ഷേത്രം ഓഫീസിൽ (റോഡിന്റെ എതിർ വശത്തു കാണുന്ന
നാരായണ മംഗലത്ത് ആമയൂർ മന)
ചെന്ന് പേരും മേൽവിലാസവും പറഞ്ഞു അനുവാദം വാങ്ങണം.
വൈകീട്ട് 5 മണിക്ക് ശേഷം മല കയറാൻ അനുവാദമില്ല.





ക്ഷേത്ര ഓഫീസിൽ നിന്നും അനുവാദം ലഭിച്ച ശേഷം ഞങ്ങൾ
മലയിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങി.
പലപ്പോഴായി പണി കഴിപ്പിച്ചിട്ടുള്ള ആ പടവുകൾ പലയിടത്തായി നിർമ്മിതിയുടെ വർഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പടവുകൾ ഉള്ളതുകൊണ്ട് കുത്തനെയുള്ള ആ കുന്നു കയറുകയെന്നത് ആയാസരഹിതമായി തോന്നി.
പടവുകൾ നമ്മെ കൊണ്ടെത്തിക്കുന്നത് ആകാശ കാഴ്ചയുടെ
ഉയരങ്ങളിലേക്കാണ്.
ഒരു ഗൂഗിൾ മാപ് പോലെ വയലുകളും, കണ്ടങ്ങളും ,
പാതയോരങ്ങളും, പച്ചില കാടുകളും ഭംഗിയായി കാണാം.






മഴ കുറച്ചു നേരത്തേക്ക് പിൻവാങ്ങിയിരുന്നു.
ഇടയ്ക്കു കോട മഞ്ഞിന്റെ വരവ് കൂടിയായപ്പോൾ സംഭവം
ക്ലാസ്സ് ആയി.
മലമുകളിലേക്ക്, അവിടെയുള്ള മലയിൽ ഭഗവതി ക്ഷേത്രത്തിലെത്താൻ അധികം സമയമെടുത്തില്ല.



ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുതിറങ്ങുമ്പോഴേക്കും വീണ്ടും
മഴ എവിടെ നിന്നോ ഓടിയെത്തി. മഴ മാറുന്നില്ല എന്ന്
തോന്നിയപ്പോൾ കുന്നിന്റെ ഓരത്തുള്ള നാറാണത്തു ഭ്രാന്തന്റെ
പ്രതിമ കാണാൻ നടന്നു.
മഴയുടെ താളം കാതോർത്ത് , ആ നനുത്ത പുൽനാമ്പുകളിൽ
വീഴുന്ന മഴത്തുള്ളികൾ നുകർന്ന് ഒരു കുടക്കീഴിൽ ഞങ്ങൾ
കുറെ നേരം അവിടെത്തന്നെയിരുന്നു.







ശില്പത്തിന്റെ മുന്നിൽ നിന്നും കുന്നിൻ ചരുവിലെ കാഴ്ചകളും
മനോഹരമാണ്. മഴ മാറിയപ്പോൾ പഞ്ഞിക്കെട്ടുപോലെ
കോടമഞ്ഞും കാഴ്ചയായി ആ അനന്ത വിഹായസ്സിൽ
ഇടയ്ക്കിടെ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. അവിടെ നിന്നും
താഴേക്ക് നോക്കിയാൽ പണ്ട് നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടി
കയറ്റി വന്ന വഴി കാണാം.
എല്ലാ വർഷവും തുലാം മാസം ഒന്നാം തിയ്യതി ഭക്തജനങ്ങൾ
ആ വഴിയിലൂടെ വൃതമെടുത്തു കയറി വരാറുണ്ട്.
അന്നാണ് ഇവിടുത്തെ പ്രധാന വിശേഷദിവസം, നാറാണത്തു
ഭ്രാന്തന് ഭഗവതി ദർശനം നൽകി എന്ന് വിശ്വസിക്കുന്ന നാൾ.

പണ്ട്,  ഉരുണ്ട പാറക്കല്ല് അടിവാരത്തു നിന്നും ഉരുട്ടിക്കയറ്റി
ഇവിടെ എത്തിയിരുന്ന നാറാണത്തു ഭ്രാന്തൻ ഒരുപാട്
കഷ്ട്ടപ്പെട്ടിട്ടുണ്ടാവും, ല്ലേ?
സത്യത്തിൽ ആരാണീ നാറാണത്തു ഭ്രാന്തൻ,
എന്തിനാണ് നിരന്തരം ഈ മലമുകളിലേക്ക് കല്ലുരുട്ടി കയറ്റി
പിന്നീടത് താഴേക്ക് ഇട്ടിരുന്നത് ?
ഈ വക ചിന്തകളിലിൽ നിന്നും നാറാണത്തിന്റെ
പൊരുളറിയാൻ ഒരു ശ്രമം നടത്തി .
------------------------------------------------------
പറയിപെറ്റ പന്തിരുകുലം എന്നത് ഒരു കെട്ടുകഥയാവാം
അല്ലായിരിക്കാം. എന്തായാലും നീചമായ ജാതി വ്യവസ്ഥ നിലനിന്നിരുന്നൊരു കാലത്ത് പറയി എന്ന താഴ്ന്ന ജാതിക്കാരി
പെറ്റ പന്ത്രണ്ടു മക്കളുടെ കഥ നമുക്ക് നൽകുന്നത് ഒരു പാഠമാണ്.
മനുഷ്യന് ആവശ്യമില്ലാത്ത ജാതിയുടെ ഉച്ച നീചത്വം.
ഇന്നും, എന്നും അതിനു സാമൂഹിക പ്രസക്തിയുണ്ട്.
മിത്തിനെക്കാൾ ഉപരി ചരിത്രത്തിന്റെ ഒരു ഭാഗമായിക്കാണാനാണ്
എനിക്കിഷ്ട്ടം.


മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര് -
          ത്തച്ചനും പിന്നെ വള്ളോന്
     വായില്ലാക്കുന്നിലപ്പന് വടുതല മരുവും
          നായര് കാരയ്ക്കല് മാതാ
     ചെമ്മേ കേളുപ്പുകൂറ്റന് പെരിയ തിരുവര-
          ങ്ങത്തെഴും പാണനാരും
     നേരേ നാരണത്ത്ഭ്രാന്തനുമുടനകവൂര്-
          ച്ചാത്തനും പാക്കനാരും

അതെ, വരരുചിക്കും പഞ്ചമിയെന്ന പറയി സ്ത്രീക്കും
ജനിച്ച പന്ത്രണ്ടു മക്കൾ, അവരിവരാണ്:
മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, പെരുന്തച്ചൻ,
രജകൻ, വള്ളോൻ, വടുതല നായർ, ഉപ്പുകൊറ്റൻ,
അകവൂർ ചാത്തൻ, കാരയ്‌ക്കൽ അമ്മയ്‌വർ, പാണനാർ,
നാറാണത്തു ഭ്രാന്തൻ, വായില്ലാ കുന്നിലപ്പൻ.

നൂറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞ കഥയ്ക്ക് പല
ആഖ്യാനങ്ങളുണ്ടായേക്കാം. ഞാൻ അറിഞ്ഞ ഇവരുടെ കഥയിങ്ങനെ:
ഭോജരാജാവിന്റെ രാജസദസ്സിലെ മഹാ പണ്ഡിതനായിരുന്നു
വരരുചി എന്ന ബ്രാഹ്മണൻ. ആദരണീയൻ.
ഒരിക്കൽ രാജാവിന്റെ ഒരു സംശയ ചോദ്യത്തിന്  മുൻപിൽ
അദ്ദേഹം  നിസ്സഹായനായി പോയി.
രാമായണത്തിലെ ഏറ്റവും പ്രസക്തമായ ശ്ലോകം ഏതാണെന്ന്
ആയിരുന്നു ചോദ്യം. സർവ്വജ്ഞനെങ്കിലും വരരുചിക്ക് അതറിയില്ലായിരുന്നു. 41 ദിവസത്തിനുള്ളിൽ ശരിയായ ഉത്തരം കണ്ടെത്താതെ തിരികെ വരേണ്ട എന്നാണു രാജാവിന്റെ ഉത്തരവ്.

വരരുചി കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ചു,
രാജ്യം വിട്ടു , പല വിവേക ചൂഡാമണികളോടും ഈ ചോദ്യം
ആവർത്തിച്ചുവെങ്കിലും, ശരിയായ ഉത്തരം അദ്ദേഹത്തിന്
ലഭിച്ചില്ല. അലഞ്ഞൊടുവിൽ ഒരു കാട്ടിലെത്തി.
വലിയൊരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കവേ, രണ്ടു വനദേവതമാർ
ആ വഴി സംസാരിച്ചു പോകുന്നു. സമീപത്തുള്ളൊരു ഗ്രാമത്തിൽ
ഒരു ഒരു താഴ്ന്ന ജാതിക്കാരിപ്പെണ്ണ് പ്രസവിച്ചിട്ടുണ്ട്,
ചോരയും നീരും കിട്ടുവാനായി അവരവിടേക്ക്‌ പോവുകയാണ്.

മരത്തിന്റെ സമീപത്തെത്തിയപ്പോൾ
ആ മരമുകളിൽ വസിക്കുന്ന മറ്റൊരു വനദേവതയെ
അവർ കൂടെ വിളിച്ചു. അപ്പോൾ ഒരശരീരി പോലെ അയാൾ കേട്ടു:
"എന്റെ വൃക്ഷച്ചുവട്ടിൽ ഒരു ബ്രാഹ്മണൻ വിശ്രമിക്കുന്നുണ്ട്, കാട്ടു മൃഗങ്ങളിൽ നിന്നും അയാളെ കാക്കുന്നതിനു വേണ്ടി കൂട്ടിരിക്കുന്നതിനാൽ ഞാൻ വരുന്നില്ല, നിങ്ങൾ പോയി വരിക."

വരരുചിക്ക് അത്ഭുതമായി, അപ്പോഴാണ് അങ്ങനെയൊരാൾ
തന്റെ മുകളിൽ മരച്ചില്ലയിലെവിടെയോ ഇരിപ്പുണ്ടെന്ന്
അദ്ദേഹം അറിയുന്നത്.
കുറച്ചു സമയം കഴിഞ്ഞു ആ വനദേവതമാർ ഗ്രാമത്തിൽ
നിന്നും തിരികെ വരുംവഴി വീണ്ടും വൃക്ഷത്തിന്റെ
അടുത്തെത്തി. ആ സ്ത്രീ ഒരു പെൺകുഞ്ഞിനെ
പ്രസവിച്ചുവെന്നറിയിച്ചു.
മരത്തിൽ വസിക്കുന്ന വനദേവത അവരോടു ചോദിച്ചു.
"എന്താണാ കുട്ടിയുടെ ഭാവി ?"
വഴിയാത്രക്കാരായ വനദേവതമാരുടെ മറുപടി ഇങ്ങനെ;
"മാംവിധി എന്താണെന്നറിയാത്തൊരു പാവം വരരുചി
ഈ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിക്കും"

ഇത് കേൾക്കാനിടയായി വരരുചിക്കു സന്തോഷവും
സന്താപവുമുണ്ടായി. എന്തായാലും രാമായണത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ശ്ലോകം മാംവിധിയാണെന്നു ബോധ്യമായി കിട്ടിയ സന്തോഷത്തിൽ അദ്ദേഹം
തിരികെ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി
മാംവിധിയെക്കുറിച്ചു 18 വ്യാഖ്യാനങ്ങളിൽ വിവരിച്ചു കൊടുത്തു.

"രാമം ദശരഥം വിധി,
മാംവിധി ജനകാത്മജം
അയോദ്ധ്യാ അടവിം വിധി
ഗച്ഛ തനയ അടവിം സൂക്തം "

തൃപ്തികരമായ ഉത്തരം ലഭിച്ച സന്തോഷത്തിൽ രാജാവ്
വരരുചിക്ക് പാരിതോഷികങ്ങൾ നൽകി,
കൂടെ അത്താഴത്തിന് ക്ഷണിച്ചു.
ഭക്ഷണത്തിനിടെ പ്രധാനപ്പെട്ടൊരു രാജ്യകാര്യം വരരുചിയോട്
അറിയിച്ചു. കഴിഞ്ഞ ദിവസം ഏതോ ഒരു ഗ്രാമത്തിൽ താഴ്ന്ന
ജാതിയിൽപ്പെട്ടൊരു സ്ത്രീ പെൺകുഞ്ഞിന് ജന്മം
നൽകിയിരിക്കുന്നു. ആ പെൺ കുഞ്ഞിന്റെ സാന്നിധ്യം രാജ്യത്തിന് ആപത്താണ് പോലും. എന്താണൊരു പരിഹാരം എന്ന് വരരുചിയോടു ആരാഞ്ഞു. ചോര കുഞ്ഞിനെ വധിക്കാൻ പറയാൻ മനസ്സ്
വരാത്തതിനാൽ കുഞ്ഞിന്റെ ശുരസ്സിൽ ദീപം കൊളുത്തി
ഒരു തോണിയിൽ വച്ച് രാത്രിയിൽ നദിയിൽ ഒഴുക്കിവിടാൻ
വരരുചി പരിഹാരം നിർദേശിച്ചു. രാജാവ് അപ്രകാരം ചെയ്തു.
നാളുകൾ ഒരുപാട് കടന്നു പോയി, വരരുചി അലക്ഷ്യമായൊരു
യാത്രയ്ക്കിടയിൽ ഒരു ബ്രാഹ്മണന്റെ ക്ഷണം സ്വീകരിച്ചു
ഒരു വീട്ടിലെത്തി.
ഭക്ഷണത്തിനായി എന്ത് വേണമെന്ന് പറയൂ എന്ന ബ്രാഹ്മണന്റെ ആതിഥ്യത്തിനു മുൻപിൽ വരരുചി കുറച്ചു നിബന്ധകൾ നിരത്തി.
ഭക്ഷണത്തിന്റെ കൂടെ 108 തരം കറികൾ വേണം.
ഭക്ഷണശേഷം നാല് പേരെ തിന്നുവാൻ വേണം.
അതിനെ ശേഷം വിശ്രമിച്ചുറങ്ങുമ്പോൾ അദ്ദേഹത്തെ
വഹിക്കുവാനും നാലുപേർ വേണം.
ഇത് കേട്ടു പരിഭ്രമിച്ച ബ്രാഹ്മണൻ എന്ത് ചെയ്യണമെന്നറിയാതെ
വിഷമിച്ചു നിന്നപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൾ ഒരു
സൂത്രം പറഞ്ഞു കൊടുത്തു. അതുപോലെ ചെയ്യാമെന്ന് ഏറ്റ
ബ്രാഹ്മണൻ വരരുചിയോടു കുളിച്ചു ശുദ്ധിയായി വന്നോളൂ
എന്നറിയിച്ചു. വരരുചി കുളിച്ചെത്തുമ്പോഴേക്കും കണ്ടത് ,
ചോറിന്റെ കൂടെ ഇഞ്ചി തൈര് വിളമ്പുന്നതാണ്.
വിധിപ്രകാരം 108 കറികൾക്ക് തുലമാണത്രെ ഇഞ്ചി തൈര് !
ആഹാര ശേഷം മുറുക്കുന്ന ശീലമുള്ളതിനാൽ വരരുചിക്കു
അടയ്ക്കയും വെറ്റിലയും പുകയിലയും നാരങ്ങയും
ചവയ്ക്കുവാനായി നൽകി. നാലും കൂട്ടി മുറുക്കിയ ശേഷം
വിശ്രമിക്കാനായി നാലുകാലുള്ളൊരു കട്ടിലും നൽകി.
വരരുചി സുഖമായി വിശ്രമിച്ചു.
ആതിഥ്യത്തിൽ സന്തോഷവാനായ വരരുചി ബ്രാഹ്മണനോട്
നന്ദി പറഞ്ഞു. ബുദ്ധി, ഇളയമകൾ പഞ്ചമിയുടേതാണെന്ന്
മനസ്സിലാക്കിയ വരരുചി അവളെ വിവാഹം കഴിക്കാൻ താൽപരം അറിയിച്ചു. വിവാഹശേഷം ഒരുനാൾ പഞ്ചമി വരരുചിയുടെ
മടിയിൽ കിടക്കവേ മുടിയിഴകളിലൂടെ വിരലോടിക്കവേ
ശിരസ്സിലൊരു കറുത്ത പാട് ശ്രദ്ധിച്ചു.
അതെന്താണെന്ന് ചോദിച്ചപ്പോൾ പഞ്ചമി ഇപ്രകാരം
തന്റെ കഥ പറഞ്ഞു.
താൻ ആ ബ്രാഹ്മണന്റെ സ്വന്തം മകളല്ലെന്നും
ഒരു രാത്രിയിൽ നദിക്കരയിൽ നിന്നും ഒരു ദീപത്തോടൊപ്പം
കളഞ്ഞു കിട്ടിയ തന്നെ അച്ഛൻ വളർത്തിയതാണെന്നും
അറിയിച്ചപ്പോൾ വരരുചിക്ക് വിധിയെ തടുക്കാൻ ആർക്കുമാവില്ലെന്നു
മനസ്സിലായി. വരരുചിയും മുൻപുണ്ടായ കഥകളെല്ലാം പത്നിയെ
അറിയിച്ചു. പിന്നീടവർ ഒരു തീർത്ഥ യാത്രക്ക് പോയി.
യാത്രയിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ പലയിടങ്ങളിലായി
അവർക്കു പന്ത്രണ്ട് കുട്ടികൾ ഉണ്ടായി. പക്ഷേ നിർഭാഗ്യവശാൽ
പഞ്ചമിക്ക് മക്കളെ  പോറ്റി വളർത്താനുള്ള ഭാഗ്യമുണ്ടായില്ല.
വഴിയാത്രയ്ക്കിടെ ഓരോ കുട്ടി പ്രസവിച്ചു കഴിയുമ്പോഴും
വരരുചി ഒരേയൊരു ചോദ്യം ചോദിക്കും;
"കുഞ്ഞിന് വായ ഉണ്ടോ?"
സ്വാഭാവികമായും "ഉണ്ട്" എന്നുത്തരം തൽകും പഞ്ചമി.
എന്നാൽ വഴിയിൽ തന്നെ ഉപേക്ഷിച്ചോളൂ എന്ന് പറഞ്ഞു
പഞ്ചമിയെ കൂടെക്കൂട്ടി വരരുചി യാത്രയാകും.
വായ കീറിയ ദൈവം ഭക്ഷണവും നൽകിക്കൊള്ളും എന്നാണു
വരരുചിയുടെ വിശ്വാസം.
പതിനൊന്നു തവണയും പ്രസവാനന്തരം ഇതാവർത്തിച്ചു.
പഞ്ചമി ദുഃഖിതയായി. ഒടുവിൽ പന്ത്രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ
വരരുചിയുടെ ചോദ്യത്തിന് കള്ളം പറയാൻ പഞ്ചമി തീരുമാനിച്ചു.
താൻ പ്രസവിച്ച കുട്ടിക്ക് വായ ഇല്ല എന്ന് പറഞ്ഞു.
പക്ഷേ നിർഭാഗ്യവശാൽ ആ കുട്ടിക്ക് വായ ഇല്ലായിരുന്നു.
ഭയന്ന പഞ്ചമി വരരുചിയോട് സത്യാവസ്ഥ അറിയിച്ചു.
അദ്ദേഹം ആ കുട്ടിയെ സമീപത്തുള്ള കുന്നിൻ മുകളിൽ വച്ചെന്നും
അതൊരു പ്രതിഷ്ട്ടയായി മാറിയെന്നും ഐതീഹ്യം.
ഇന്നത് വായില്ലാ കുന്നിലപ്പൻ എന്ന പേരിൽ ആരാധിച്ചു പോരുന്നു.
വരരുചിയുടെ മറ്റു പതിനൊന്നു മക്കളെ പല ദിക്കുകളിൽ
വിവിധ ജാതിയിൽപെട്ടവർ വഴിയോരത്തുനിന്നും കണ്ടെടുത്തു
വളർത്തി. അവർ അവരവരുടെ കുലത്തൊഴിൽ ശീലിച്ചു, വിവിധ കുലങ്ങളുടെ തുടർച്ചക്കാരായി. അക്കൂട്ടത്തിലെ ഒരുവനാണ് മ്മടെ കഥാനായകൻ നാറാണത്തു ഭ്രാന്തൻ.



വരരുചിയുടെ മക്കളിൽ അഞ്ചാമനായ നാരായണൻ.
പ്രസവ ശേഷം ഭാരതപ്പുഴയുടെ തീരത്തു ഉപേക്ഷിക്കപ്പെട്ട
ആ കുട്ടിയെ നാരായണ മംഗലത്ത് ആമയൂർ മനയിലെ ഒരു
പട്ടേരി എടുത്തു വളർത്തി. ബ്രാഹ്മണരുടെ അനുഷ്ട്ടാ നങ്ങൾ
അനുവർത്തിക്കുന്നതിൽ താല്പര്യം കാണിക്കാതിരുന്ന ആ
കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നത്രേ.
വിചിത്ര സ്വഭാവിയായ നാരായണന്റെ ചെയ്തികൾ
അസഹ്യമായപ്പോൾ വേദാഭ്യാസത്തിനായി ആഴകപ്പുഴ
ഇല്ലത്തിൽ കൊണ്ട് ചെന്നാക്കി. എന്നാൽ സ്വഭാവത്തിൽ ഒരു
മാറ്റവും വന്നില്ല.
നാറാണത്തു ഭ്രാന്തൻ വളർന്നു വലുതായി, സ്വഭാവ വിചിത്രതയും.
ഉരുണ്ട പാറക്കല്ല് കുന്നിന്റെ ഉച്ചിയിലേക്ക് ഉരുട്ടിക്കയറ്റി പിന്നീട്
മുകളിൽ നിന്നും താഴേക്ക് തള്ളിയിടും അട്ടഹസിക്കും.
അതാണ് പതിവ്.

ഏറെ പ്രാധാന്യമുള്ള ഒരു തത്വ ശാസ്ത്രത്തിനുടമായാണീ വിദ്വാൻ.
അതെ, ഭ്രാന്തനെന്നു മുദ്ര ചാർത്തിയാലും അദ്ദേഹത്തിന്റെ
ചെയ്തികളിലൂടെ  നമുക്ക് കാട്ടിത്തരുന്നത് മനുഷ്യജീവിതത്തിന്റെ
ഉയർച്ച-താഴ്ചകളെയാണ്‌. അദ്ദേഹത്തിന് കിട്ടിയ പൊരുൾ നമുക്കും ഉൾക്കൊള്ളാനായാൽ ജീവിതത്തെ കുറച്ചുകൂടി രസകരമായി നേരിടാനായേക്കും.

ഈ ഭ്രാന്തനെപ്പോലെ,
പലവിധ സ്വപ്നങ്ങളുടെ ഉരുണ്ട പാറക്കല്ലുകളാണ്
ദിനവും നാം പ്രതീക്ഷകളുടെ കുന്നിൻ മുകളിലേക്ക്
ഉരുട്ടി കയറ്റുന്നത്.
പക്ഷേ അറിയാതെയെങ്കിൽ പോലും അത് താഴേക്കു
വീണാൽ നമുക്ക് സഹിക്കാനാവുന്നില്ല. വീഴ്ചകൾ
സംഭവിക്കുമ്പോഴും നാറാണത്തു ഭ്രാന്തനെപ്പോലെ ഒരു
ചിരിയോടെ നേരിട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ, അല്ലെ?

അല്പം ഒഴിവുള്ളൊരു ദിവസം കിട്ടിയാൽ പോയിവരാം നമുക്കീ
രായിരനെല്ലൂർ മലയിലേക്ക്. ചരിത്രവും ഐതീഹ്യവും ഇഴചേർന്നു
നിൽക്കുന്നൊരു മിത്തിന്റെ ഉയരങ്ങളിലേക്ക് അല്പം നടന്നു കയറാം.
പറയിപെറ്റ പന്തിരുകുലം നമുക്ക് മുൻപിൽ ഉറക്കെ പറഞ്ഞു
പോകുന്നത് ജാതിയുടെ പൊള്ളത്തരത്തെയാണ്.
മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന
പൊരുളറിയുമ്പോൾ മനുഷ്യനും അറിയാതെ
മാനവികതയുടെ ഉയരങ്ങളിൽ എത്തിച്ചേരും.





ഇവിടേയ്ക്ക് പോകുന്ന വഴിയിലുള്ള ഭാരതപ്പുഴയും ഉത്രാളിക്കാവ് ക്ഷേത്രവും യാത്രയുടെ കോമ്പ്ലിമെൻറ് കാഴ്ചകളാണ്, നഷ്ടപ്പെടുത്തരുത്.







എങ്ങിനെ രായിരനെല്ലൂരിൽ  എത്തിച്ചേരാം ?
തൃശൂരിൽ നിന്നും ഏകദേശം 56 കിലോമീറ്റർ.
റൂട്ട് :
തൃശൂരിൽ നിന്നും ഇവിടെ എത്തിച്ചേരാനുള്ള വഴി
തൃശ്ശൂർ -- വിയ്യൂർ -- വടക്കാഞ്ചേരി -- ചെറുതുരുത്തി --
ഷൊർണൂർ -- പട്ടാമ്പി -- കൊപ്പം -- രായിരനെല്ലൂർ

പട്ടാമ്പിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞു കൊപ്പം ജംഗ്ഷൻ
അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞു വളാഞ്ചേരി റൂട്ടിൽ 3 കിലോമീറ്റർ
പോയാൽ ഇരുവശവും പാടം കാണാം. അത് കഴിഞ്ഞു വലതു വശത്തുള്ള
വഴിയിലൂടെ നേരെ രായിരനെല്ലൂർ എത്തിച്ചേരാം.

ഗൂഗിൾ മാപ് :
https://www.google.com/maps/dir/Thrissur,+Kerala,+India/Rayiranellur+Malayil+Bagavathy+Temple,+Palakkad,+Kerala,+India/@10.8695995,76.1603642,17z/am=t/data=!4m18!4m17!1m5!1m1!1s0x3ba7ee15ed42d1bb:0x82e45aa016ca7db!2m2!1d76.2144349!2d10.5276416!1m5!1m1!1s0x3ba7c8c152cbc61b:0x856f5b280b2e7398!2m2!1d76.1609656!2d10.8724876!3e0!6m3!1i0!2i5!3i0?hl=en-US


August 09, 2017

നാല്പതുകളിലെ പരുന്ത്

വളരെക്കാലമായി ബ്ലോഗാൻ വേണ്ടി മനസ്സിൽ
കൊണ്ട് നടന്നിരുന്ന ഒരു വിഷയം അവതരിപ്പിക്കാൻ
ശ്രമിക്കുകയാണിവിടെ.
എപ്പോഴോ ഒരിക്കൽ പരുന്തിനെക്കുറിച്ചു രസകരമായൊരു
കാര്യം വായിക്കാനിടയായിട്ടുണ്ട്, അക്കാര്യത്തിനെ എന്റെ
അവതരണ വിഷയവുമായി കൂട്ടി വായിച്ചപ്പോൾ അത്
ഇവിടെ ഷെയറണമെന്നു തോന്നി.

പരുന്തിനെപ്പറ്റിയറിഞ്ഞത് സത്യമോ മിഥ്യയോ എന്നറിയില്ല.
ഒരു മിത്തുപോലെ ഇതിനെ കരുതിയാലും മതി.



കാര്യമിതാണ് ;
പരുന്തുകൾക്ക് എഴുപതു വയസ്സുവരെയൊക്കെ ആയുസ്സുണ്ടത്രേ !
പക്ഷേ ഏകദേശം മാല്പതു വയസ്സാകുമ്പോഴേക്കും അവയുടെ
നീളമേറിയ നഖങ്ങൾ ഇരതേടാൻ വഴങ്ങാതെയാകും.
ചുണ്ടുകൾക്ക് ബലക്ഷയം വന്ന് താഴേക്ക്‌ വളയും.
തൂവലുകൾക്കു ഭാരമേറി ശരീരത്തിലേക്ക് ഒട്ടി
പറക്കാൻ കഴിയാതെയാകും.
ഇരതേടാനാകാതെ അങ്ങനെ ആസന്നമായ മരണത്തിൽ നിന്നും
രക്ഷ നേടാൻ പരുന്ത് ഒരു വിദ്യ കാണിക്കാറുണ്ട്.

അതിവേദനാജനകമായ ഒരു പരിവർത്തനം !!
അതിനുവേണ്ടി പരുന്ത് പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക്‌
പറന്നെത്തും. പാറയിൽ തട്ടിയുരച്ചു ചുണ്ടുകൾ ഇളക്കിമാറ്റും.
പിന്നെ പുതിയ ചുണ്ട് വളർന്നു വരുന്നതുവരെയുള്ള കാത്തിരിപ്പാണ്.
പുതിയ ബലമേറിയ ചുണ്ടുകൾ വീണ്ടെടുത്താൽ പിന്നെ
അടുത്ത ഘട്ടം, ചുണ്ടുകൾ കൊണ്ട് നഖങ്ങൾ പിഴുതു
മാറ്റുക എന്നതാണ്.
പുതിയ നഖങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ പഴയ തൂവലുകൾ
പറിച്ചു മാറ്റും.
അങ്ങനെ വേദനാ ജനകമായ പരിവർത്തനത്തിലൂടെ
ഒരു പുനർ ജന്മത്തിലേക്കു കടക്കുകയാണ് പരുന്തുകൾ
ചെയ്യുന്നത്. ഇനിയൊരു മുപ്പതു വർഷം കൂടി കരുത്തോടെ
ജീവിക്കുവാനുള്ള ഉയിർത്തെഴുന്നേൽപ്പ്.

ഈ മിത്ത് നമ്മെ പഠിപ്പിക്കുന്നതൊരു പാഠമാണ്.
മനുഷ്യ ജീവിതത്തിലും ഇതനുവർത്തിച്ചാൽ പുനർജനി
ആയേക്കാവുന്നൊരു പാഠം.
ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ
നമുക്കും വേണ്ടി വന്നേക്കാം ഒരു പരിവർത്തനം,
അതിജീവനത്തിനു വേണ്ടി...

എന്നെപ്പോലെ, ചില തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്കും
ഇതുപോലൊരു സമയം വന്നേക്കാം, ഏകദേശം നാല്പതുകളിൽ.
ഏറെ നാൾ ഒരുപോലെയുള്ള ജോലികൾ മാത്രം ചെയ്തു
പുതിയ എന്തിനെയൊക്കെയോ വേണ്ടി മനസ്സാഗ്രഹിക്കുന്നൊരു
കാലം. അല്ലെങ്കിൽ ചെയ്യുന്ന ജോലി പെട്ടെന്ന് ഇല്ലാതെയായാൽ.
ഇനിയുമീ ജോലി ചെയ്യാൻ മടുപ്പായി വന്നാൽ ???
കാലമിതുവരെ ചോരയും നീരും ഊണും ഉറക്കവും
കളഞ്ഞു ആർക്കോ വേണ്ടി പണിയെടുത്ത്
ഒടുവിൽ തളർന്നു പോകുമ്പോൾ,
നാമൊരു ദുർബലമായ ഉണങ്ങി വീഴാറായ മരച്ചില്ലയിൽ
അൽപനേരം ഇരിക്കേണ്ടി വന്നാൽ നമുക്ക് നേരെ ഉയരുന്ന
ഒരുപാട് ചോദ്യങ്ങളുണ്ട്.
വേറെ ജോലി കിട്ടുമോ?
പിന്നെ?... ഒരുപാട് ബാങ്ക് ബാലൻസുണ്ടോ ??
ഇനിയെന്താണ് ചെയ്യാൻ പോകുന്നത്???
....
.....
പെട്ടെന്ന് ഉത്തരങ്ങൾ കിട്ടാത്തൊരീ ചോദ്യങ്ങൾക്കു മുൻപിൽ,
ഉണങ്ങി വീഴാറായ ചില്ലയിൽ
നാല്പതുകളിലെ പരുന്തിനെപ്പോലെ നാമിരിക്കുമ്പോൾ;
വേണ്ടത് ആത്മവിശ്വാസവും പ്രയത്നവുമാണ്.
അതിനുള്ള മാർഗ്ഗം പരുന്ത് നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട്.
നഖങ്ങൾക്കും തൂവലുകൾക്കും പകരമായി പിഴുതെറിയേണ്ടത്
മുൻ വിധികളും ഭയാശങ്കകളുമാണെന്ന് മാത്രം.



ഉണങ്ങിയ ചില്ല അടർന്നു വീണാലും,
പറന്നുയരുവാനുള്ള കരുത്തുള്ള ചിറകുകൾ
എനിക്കുണ്ടെന്ന ആത്മവിശ്വാസം നമ്മളിൽ എത്ര പേർക്കുണ്ട്?
ഞാനെന്നോടു തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണിതെല്ലാം.

നമുക്കഭയം തരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ,
പ്രസ്ഥാനങ്ങൾ,കൂട്ടുകാർ, സമൂഹം...
മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ
ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ്
നമ്മളൊക്കെ ജീവിക്കുന്നത്.
ചെയ്യുന്ന ജോലി നഷ്ടപ്പെട്ടാൽ,പരീക്ഷകളിൽ തോറ്റാൽ,
ജീവിത പങ്കാളി ഉപേക്ഷിച്ചാൽ, സ്നേഹമുള്ളവർ
തള്ളിപ്പറഞ്ഞാൽ, രോഗം വന്നാൽ...
നാമൊക്കെ എന്തു ചെയ്യും ?

നാല്പതുകളിലെ പരുന്തിനെ നമുക്ക് കൂടെ കൂട്ടാം.
ഇരിക്കുന്ന ചില്ലയുടെ ബലത്തേക്കാൾ അധികം നമ്മുടെ
ചിറകുകളിൽ വിശ്വാസമർപ്പിക്കാം.
ഇന്നലെകൾ നമുക്ക് സമ്മാനിച്ച അപ്രിയമായ
ഓർമ്മകളെ ഇളക്കി മാറ്റി,
നമ്മെ പിന്നോട്ടു വലിക്കുന്ന,
ഉയർന്നു പറക്കാൻ തടസ്സം നിൽക്കുന്ന
മുൻധാരണകളെ പറിച്ചു കളയാം.
ഒരു പരുന്തിനെപ്പോലെ നമുക്കും
പുതുസ്വപ്നങ്ങളുടെ ആകാശങ്ങളിൽ പറന്നുയരാം...
വിജയത്തിന്റെ ഗിരി ശൃംഗങ്ങളെക്കാൾ
സന്തോഷത്തിന്റെ മേഘങ്ങൾ വിഹരിക്കുന്ന ആകാശം
നമ്മളെ കാത്തിരിക്കട്ടെ...

April 16, 2017

രണ്ടാമൂഴം

തെറ്റി ധരിക്കേണ്ട, ഇത് എം ടി യുടെ രണ്ടാമൂഴത്തിന്റെ
വായനാനുഭവമല്ല. സ്ഥിരം ഇവിടെ വന്നു ബ്ലോഗാറുള്ള ലവനുമല്ല.
ഈ ചിന്ത ബ്ലോഗ് ഉടമയുടെ മക്കളിൽ രണ്ടാമൂഴക്കാരനാണ് ഞാൻ.



ഞാൻ ജനിച്ചിട്ട് കഷ്ടി ഒരു മാസം ആവുന്നേ ഉള്ളൂ.
എങ്കിലും ഈ രണ്ടാമൂഴക്കാരന്റെ കുഞ്ഞു ചിന്തകൾ എന്റെ
അച്ഛന്റെ ബ്ലോഗിൽ എഴുതിപ്പോവുകയാണ്.

ഈ വേനലിലെ ചുട്ടു പൊള്ളുന്നൊരു പകലിൽ;
എന്നെ കാത്തിരുന്നവർക്ക് ഉദ്വെഗ പൂർണ്ണമായ
നിമിഷങ്ങളൊന്നും നൽകാതെ,
വളരെ സിംപിളായിട്ടാണ് ഞാൻ ജനിച്ചത്.
എന്റെ ചേച്ചിയെ അമ്മ പ്രസവിക്കുന്ന ദിവസമൊക്കെ
അച്ഛൻ വല്യ പ്രതീക്ഷയിലും ആകാംക്ഷയിലും ആയിരുന്നു.
കാത്തിരിപ്പ് എന്നപേരിൽ ഒരു സ്പെഷ്യൽ ബ്ലോഗും അന്ന്
പോസ്റ്റിയിരുന്നു അച്ഛൻ. ആദ്യത്തെ കുട്ടിയല്ലേ !

പക്ഷേ എന്റെ വരവിൽ വലിയൊരു ആകാംക്ഷയൊന്നും അച്ഛന്റെ
മുഖത്ത് കണ്ടില്ല, ബ്ലോഗ്ഗിയതുമില്ല.
എന്റേത് രണ്ടാമൂഴം ആയതുകൊണ്ടാവാം.
ആണായാലും പെണ്ണായാലും കുഴപ്പമില്ല എന്നൊരു പ്ലെയിൻ
ആറ്റിറ്റ്യൂഡ്, എന്റെ അച്ഛൻ ഗടിക്ക് .

പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു; രണ്ടാമൂഴത്തിൽ ഒരു
ആൺ തരിയായി പിറന്നാൽ അച്ഛനുമമ്മക്കും സന്തോഷാവും ന്ന്.
ഒന്നാമൂഴത്തിൽ അവർ ആഗ്രഹിച്ചപോലെ പെൺ കുട്ടിയായിരുന്നല്ലോ,
എന്റെ ചേച്ചിപ്പെണ്ണ്.

ഞാൻ പുറത്തു വരും വരെ ആർക്കും ഒരു ഹിൻറ്റും കൊടുക്കാതെ
സസ്പെൻസ് നിലനിർത്തി. അച്ഛനാണെങ്കിലും ഒരു വികാരുമില്ലാതെ
കൂൾ മാസ്ക് മുഖത്തു വച്ച് ലേബർ റൂമിന്റെ പുറത്തു കാത്തു നിൽക്കുന്നു.
ക്ലൈമാക്സ് ആവാറായപ്പോൾ അച്ഛനും ഒരു ആകാംക്ഷ,
ആണാണാവോ, പെണ്ണാണാവോ....
എന്തായാലും അച്ഛനെക്കൊണ്ട്   ഞാൻ വാവാവോ പാടിക്കും...

ഒടുവിൽ സസ്പെൻസിനു വിരാമം ഇട്ടു, മീര ഡോക്ടർ ലേബർ
റൂമിന്റെ വാതിൽ തുറന്നു ഡിക്ലയർ ചെയ്തു;
"അനുകൃഷ്ണയുടെ ഹസ്ബൻഡ് ആരാ?
പ്രസവിച്ചു ട്ടോ, ആൺകുട്ടിയാണ്, സന്തോഷായില്ലേ ! "

എന്റേത് രണ്ടാമൂഴം ആയതിനാലാവാം;
"ഹിതൊക്കെയെന്ത്" എന്ന ലെവലിൽ അച്ഛൻ ഗഡി വീണ്ടും
സൂപ്പർ കൂൾ ആക്ടിങ്.
മിഥുനം സിനിമയിൽ നെടുമുടി നാളികേരം ഉടയ്ക്കുമ്പോൾ
ഇന്നസെന്റ് നിൽക്കണ പോലെ. എനിക്ക് ചിരി വന്നു.

എന്റെ കൂടെ അന്നവിടെ ഏഴോ എട്ടോ നവജാതന്മാരും
നവജാതികളും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവരോടൊക്കെ റ്റാ റ്റാ ബൈ ബൈ പറഞ്ഞു
ഞാൻ ആദ്യമായി പുറം ലോകത്തേക്കുള്ള വാതിൽ കടന്നു.



ആ ലേബർ റൂമിന്റെ വാതിൽ, പ്രതീക്ഷയുടെ കവാടമാണ്.
ഓരോ തവണ വാതിൽ തുറക്കുമ്പോഴും പുറത്തു കാത്തു
നിൽക്കുന്ന ഒരുപാട് പേരുടെ പ്രതീക്ഷകൾ ആ വാതിലിലേക്ക്
വന്നണയും. പുറത്തേക്കു നീണ്ടു വരുന്ന നഴ്സിന്റെ ചുണ്ടുകൾ
അകത്തു കിടക്കുന്ന അവരുടെ ഉറ്റവരുടെ പേര് വിളിക്കുന്നപോലെ
തോന്നും. നഴ്സ് അറിയിക്കുന്ന കാര്യങ്ങൾ ചിലർക്ക് വേദനയുണ്ടാക്കും
ചിലർക്ക് കാത്തിരിപ്പിന്റെ നീളം കൊടുക്കും, ചിലർക്ക്
അവർ കേൾക്കാനാഗ്രഹിക്കുന്ന കാര്യങ്ങളും നൽകും. എല്ലാം
ഒരു വിധിയാണ്. പ്രകൃതി നമുക്ക് നൽകുന്ന സമ്മാനങ്ങൾ...
ആ വാതിലുകൾ, എല്ലാം എത്രയോ വർഷങ്ങളായി കേൾക്കുന്നു.
ഇത്രയേറെ നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾ മറ്റൊരു
ആരാധനാലയങ്ങളിലെ വാതിലികൾക്കും കേൾക്കാനുള്ള
ഭാഗ്യം ഉണ്ടായിട്ടുണ്ടാവില്ല. നാനാ ജാതി മതസ്ഥരും ഒരു മനസ്സോടെ
പ്രാർത്ഥിക്കുന്ന മറ്റൊരിടം എവിടെയാണ് ഉള്ളത് !!!

അങ്ങനെ ഞാനാ വാതിൽ കടന്നു, അച്ഛന്റെ കൈകളിലെത്തി.
അച്ഛന് എത്ര മാത്രം സന്തോഷായെന്ന് ആ കൈകളിലെ ചൂട്
എന്നോട് പറയാതെ പറഞ്ഞു. മണ്ണിനെയും മരങ്ങളെയും
ഏറെ സ്നേഹിക്കുന്ന എന്റെ അച്ഛന്റെ മനസ്സിന്റെ
മരച്ചില്ലകളിൽ ഒരായിരം പൂക്കൾ ഒന്നിച്ചു വിടരുന്നത് അന്ന്
ഞാനറിഞ്ഞു. എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പതിയെ
ഒരുമ്മ തന്നിട്ട് നെറുകയിൽ കൈ വച്ചു. കുഞ്ഞിക്കാലുകളും
കൈ വിരലുകളും ആ പുതപ്പിനുള്ളിൽ നിന്നും വിടർത്തി നോക്കി
എന്റെ ചേച്ചിയുടെ മടിയിൽ വച്ചു കൊടുത്തു. ചേച്ചിക്ക് ഏറെ
കാത്തിരുന്ന ഒരു കളിപ്പാട്ടം കിട്ടിയ വിസ്മയമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ ഈ ചേച്ചി അമ്മേടെ വയറിൽ
തരാറുള്ള ഉമ്മകൾ എല്ലാം ഞാൻ കൊതിയോടെ കാത്തിരിക്കാറുണ്ടായിരുന്നു.
ഇപ്പോൾ ദാ ആ ചേച്ചിടെ മടിയിൽ ഞാൻ ആദ്യമായി കിടക്കുന്നു.
ഒരു രണ്ടാമൂഴക്കാരന് മാത്രം കിട്ടുന്ന ഭാഗ്യം.



ഈ ഭൂമിയിലെ ഓരോരോ കാര്യങ്ങൾ
ഞാൻ കണ്ടു വരുന്നതേയുള്ളൂ ഇപ്പോൾ.
ഈ വേനലിലെ രാപ്പകലുകൾ, ഉദയാസ്തമയങ്ങൾ, ആദ്യമായി
കാണുന്ന കുറെ മുഖങ്ങൾ, അമ്മേടെ മുലപ്പാല്, ഇടയ്ക്കൊക്കെ
ആശുപത്രിയിലേക്ക് തൃശൂരിലേക്കുള്ള യാത്ര....
ഇത്രയൊക്കെയേ എനിക്കിപ്പോ അറിയൂ.
ഇനി വരാനിരിക്കുന്ന ഋതുക്കൾ എന്നെ കാത്തിരിക്കുകയാണ്.
അച്ഛനുമമ്മയും എനിക്കെല്ലാം കാട്ടിത്തരും.
മഴയത്തും മണ്ണിലും വെള്ളത്തിലുമൊക്കെ കളിക്കണം,
ചേച്ചിയെപ്പോലെ.
അച്ഛന്റെ കൂടെ സൈക്കിളിൽ മുന്നിലിരുന്നു പോകണം.
അച്ഛന്റെ കൂടെ ചിലവിടുന്ന സമയത്തിൽ ,
ഒന്നാമൂഴക്കാരിയായ ചേച്ചിയെ വെട്ടിക്കണം എനിക്ക്.

അച്ഛൻ അമ്മയോട് ഇടയ്ക്കിടെ പറയുന്നതു കേൾക്കാം;
മക്കൾ നന്മയുള്ള മനുഷ്യരായി വളർന്നാൽ മതിയെന്ന്.
വേറെ ആഗ്രഹങ്ങൾ ഒന്നും ഉള്ളതായി ഇപ്പൊ തോന്നുന്നില്ല.
ജാതിയുടെയും മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും
തണലിൽ വളർത്താതെ, വെറും മനുഷ്യരായി
സ്നേഹത്തിന്റെയും പ്രകൃതിയുടെയും മതങ്ങൾ ഞങ്ങൾക്ക്
സ്വീകരിക്കാമെന്ന്.
അതുകൊണ്ടു തന്നെ എനിക്ക്  പേരിട്ടപ്പോഴും അതിലൊരു
ലേബൽ ഒട്ടിക്കാതെ നോക്കി അച്ഛൻ.
ചേച്ചിയെ ദയ എന്ന് പേര് ചൊല്ലി വിളിച്ചപ്പോൾ,
എന്നെ വിളിച്ചതു മനു എന്നാണ്. കൂടുതൽ ഡെക്കറേഷൻ
ഒന്നുമില്ല. എനിക്കും അതിഷ്ട്ടായി (ന്നാ തോന്നണേ)

അച്ഛന്റെ കൂട്ടുകാരെപോലെ നല്ല മനുഷ്യനായി
എനിക്ക് വളരാമെന്ന് ! നല്ല മനസ്സുള്ളവനായി കാണാനാണ്
ഏതൊരു അച്ഛനുമമ്മയും പോലെ അവരാഗ്രഹിക്കുന്നത്.
ഞാൻ വലുതാവുമ്പോഴും ഇതൊക്കെ തന്നെ പറഞ്ഞാൽ
മതിയായിരുന്നു, അച്ഛൻ. അപ്പൊ പിന്നെ പഠിച്ചു എനിക്ക്
ബുദ്ധിമുട്ടണ്ടല്ലോ; ഹി ഹീ.
നോക്കട്ടെ; പിന്നീണ്ടല്ലോ എല്ലാ കാര്യത്തിലും അച്ഛനിങ്ങനെ
ഓരോ എക്സ് പറ്റേഷൻ വച്ചാൽ എനിക്കിഷ്ടാവില്ലാ ട്ടോ,
എനിക്കും എന്റേതായ സ്വാതന്ത്ര്യം വേണം.
അല്ലെങ്കിൽ ഈ രണ്ടാമൂഴക്കാരന്റെ കയ്യിൽ നിന്നും
മേടിക്കും (അച്ഛൻ പേടിച്ചു ന്നാ തോന്നണേ)
പാവം അച്ഛൻ.
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ മൂന്നാമത്തെ ആഗ്രഹം പോലെ;
വലുതായിട്ടു വേണം അച്ഛനെ പണിക്കൊന്നും വിടാതെ
വീട്ടിലിരുത്താൻ.
അതിപ്പോ കൈയും കാലും തല്ലി ഓടിച്ചിട്ടായാലും വേണ്ടില്ല.

സസ്നേഹം,
മനു