April 08, 2019

അമ്മ

- From Room#240 (ദയ ഹോസ്പിറ്റൽ , തൃശൂർ)
2019 മാർച്ച്‌ 9

പത്തു പന്ത്രണ്ടു ദിവസത്തെ വിരസവും ദുഷ്കരവുമായ ആശുപത്രി വാസം അമ്മയുടെ രൂപം തന്നെ ആകെ മാറ്റിയിരുന്നു. വേറെ ആരെയോ പോലെ തോന്നി എനിക്ക്. കുളിക്കാതെ, എണീക്കാതെ, മറിഞ്ഞു പോലും കിടക്കാനാവാതെ ബെഡിൽ ഒറ്റക്കിടപ്പ്; ശരീരത്തിന്റെ അകത്തേക്കും പുറത്തേക്കും എപ്പോഴോ എന്തൊക്കെയോ പോകുന്നത് എന്നൊന്നും അറിയാതെ, എന്നാൽ തെളിഞ്ഞ ബോധത്തോടെ വേദനിച്ചു കിടക്കുന്ന അവസ്ഥ ഇത്തിരി കഷ്ട്ടം തന്നെയാണ്. 

ഇന്നലെ അമ്മേടെ മുഖം തന്നെ ആകെ മാറിയ പോലെ, മുടിയൊക്കെ കെട്ടു പിണഞ്ഞു ജടപിടിച്ചു. വേറൊരാളെ പോലെ. ഉച്ചക്ക് സന്ദർശകർ ഇല്ലാത്ത നേരം, ചീർപ്പെടുത്തു പതിയെ ഞാനെന്റെ അമ്മേടെ മുടി ചീകിയൊതുക്കാൻ ശ്രമിച്ചു. 
അനേകം കിമോകൾ കഴിഞ്ഞു ബാക്കിവച്ച ഇത്തിരി മുടിയായിട്ടും, 
വിരലിനാൽ പോലും ഇഴ  തൂർക്കാൻ വയ്യാത്ത വണ്ണം കെട്ടു പിണഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി. അമ്മേടെ കല്യാണം കഴിഞ്ഞു വരുമ്പോൾ ഇവിടുള്ളോർ പറയാരുന്നു ത്രേ, അംബുജത്തിന് എന്തോരം മുടിയാണെന്ന്. പഴയ ഫോട്ടോകളിൽ ഞാനും കണ്ടിട്ടുണ്ട്, നീണ്ട മുടിയുള്ള സുന്ദരിയായ എന്റെ അമ്മ. ആ ഓർമ്മകളിലെ മുടിയൊക്കെ എത്ര പെട്ടെന്നാണ് ഈ അസുഖം കവർന്നെടുത്തത്. 

ഒരറ്റത്ത് നിന്നും ഇഴകളായി ഞാൻ അമ്മേടെ തലമുടി,കെട്ടുകൾ മാറ്റി മാറ്റി ഇഴതീർത്തു. കുറേശ്ശെ പൊട്ടി പോകുന്നുണ്ടായിരുന്നു. എന്നാലും ചായ കുടിക്കും നേരമാവുമ്പോഴേക്ക്, കെട്ടിയൊതുക്കാവുന്ന തരത്തിൽ വെള്ളക്കരയോട് കൂടിയ കറുത്ത മുടികൾ ഒതുക്കി വച്ചു. അപ്പോൾ അമ്മയ്ക്ക് ഒരാഗ്രഹം, എടാ നീയൊന്നു മുടി മെടഞ്ഞിട്ടു തരുമോ. പിന്നെന്താ, നാലഞ്ചു വിരൽ കനമേ ഉള്ളുവെങ്കിലും ആ മുടി മെടഞ്ഞിട്ടു റബ്ബർ ബാന്റിട്ടു  കൊടുത്തപ്പോൾ അമ്മേടെ മുഖത്തൊരു ചിരി വിടർന്നു. ഈയിടെയായി വല്ലപ്പോഴും മാത്രം അമ്മേടെ മുഖത്ത് കാണാറുള്ള പോലെയൊരു ചിരി.
ചുണ്ടിലാ ചിരിയോടെ  അമ്മ അപ്പോഴേക്കും ചെറിയൊരു മയക്കത്തിലേക്ക് നാണിച്ചൊളിച്ചു നിന്നു. 

---------------------------------------------------------------------------------------------------
രണ്ടു ദിവസം കഴിഞ്ഞു അമ്മ ആശുപത്രി യിൽ നിന്നും വീട്ടിലെത്തി.
2019 മാർച്ച്‌ 15 രാത്രി 11:50 ന് അമ്മ മരിച്ചു.

No comments: