October 19, 2013

കൊളത്തനാം പാറ



കഴിഞ്ഞ 8 വർഷത്തിനിടയിൽ പോയിട്ടുള്ള
ട്രെക്കിംഗ് യാത്രകളിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട,
അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത വനയാത്രയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.

 4 വർഷം മുൻപ് തൃശ്ശൂരിലെ മരോട്ടിച്ചാൽ എന്നൊരു
സ്ഥലം ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു.
ശേഷം ഒരുപാട് സുഹൃത്തുക്കൾ അവിടെ പോവുകയും
ആസ്വതിക്കുകയും ചെയ്തു. എന്നാൽ മരോട്ടിചാലിന്റെ
അരികിൽ തന്നെ അതിലും മനോഹരമായൊരു
വനമേഘലയും വെള്ളച്ചാട്ടവും ഉണ്ടെന്ന് അറിഞ്ഞത്
ഈയിടെയാണ്.


മനോരമയിലെ ജയിംസ് കുട്ടി കാട്ടി തന്ന,
ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത
ഈ കാനന സൗന്ദര്യം ആസ്വതിക്കാൻ എറണാകുളത്തെ
കുറച്ചു സുഹൃത്തുക്കളോടൊപ്പം ഗാന്ധിജയന്തി
ദിനത്തിൽ ഞങ്ങൾ യാത്ര തിരിച്ചു.

മണ്ണുത്തി ബൈ പാസ്സിൽ നിന്നും വെറും അര
മണിക്കൂർ യാത്ര ചെയ്തപ്പോൾ കൊളത്തനാം
പാറയിലെത്തി. വഴി മദ്ധ്യേ ആലോസരപ്പെടുത്തിയ
മഴത്തുള്ളികൾ പെട്ടെന്ന് നിലച്ചു; വനദേവതമാർ
ഞങ്ങൾക്ക് സ്വാഗതമരുളിയ പോലെ.


കാടിന്റെ സമീപ വാസിയും ഗാർഡുമായ
ലാസറേട്ടൻ വെട്ടുകത്തിയും പിടിച്ച്,
വഴികാട്ടിയായി ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ
നിൽപ്പുണ്ടായിരുന്നു. ഒരു വഴികാട്ടിയുടെ
സഹായമില്ലാതെ ഈ കാട്ടിൽ പോവുക
പ്രയാസമാണ്, കാരണം മിക്കയിടങ്ങളിലും
ഒറ്റയടി പാതകൾ പോലുമില്ല, വഴി വെട്ടി തന്നെ
പോകണം. 


 

ഇടതൂർന്ന് നിൽക്കുന്ന കൂറ്റൻ
മരങ്ങൾക്കിടയിലൂടെ കയറ്റവും ഇറക്കവും
താണ്ടി ചെറു ചോലകളുടെ തണുപ്പും നുകർന്ന്
ഞങ്ങൾ നടന്നകന്നു. ഇടയ്ക്കിടെ കാലുകളിൽ
മുൾച്ചെടികൾ മുത്തം വെയ്ക്കുന്നുണ്ടായിരുന്നു.
കുത്തിപ്പിടിച്ച് നടന്നു കയറാൻ ലാസറേട്ടൻ
ഞങ്ങൾക്ക് മരക്കൊമ്പുകൾ മുറിച്ചു തന്നു.
പലയിടങ്ങളിലും വഴിമുടക്കി വൻ മരങ്ങൾ
കുറുകെ കിടപ്പുണ്ട്, ഒന്നുകിൽ കുനിഞ്ഞു നിരങ്ങി
അല്ലെങ്കിൽ അവ ചാടിക്കടന്നു വേണം മുൻപോട്ടു
പോകാൻ.

 

ഒന്നു നടന്നു ക്ഷീണിക്കുമ്പോഴേക്കും
കാൽപാദങ്ങളെ നനപ്പിച്ച്‌ കൊണ്ട് ചെറു
ചോലകൾ നമ്മെ കടന്നു പോകും.


ഈ വനത്തിൽ എനിക്ക് പ്രത്യേകതയായി
തോന്നിയത് അവിടെക്കണ്ട കാട്ടുപൂക്കളുടെ
സമൃദ്ധിയാണ്. വിവിധയിനം കാട്ടുപൂക്കൾ
ഇടയ്ക്കിടെ നമ്മെ എത്തി നോക്കും, ഒരു
കള്ള ചിരിയോടെ !!!



ഏകദേശം 3 കിലോ മീറ്റർ ഇതുപോലെ നടന്നാൽ
ആദ്യത്തെ വെള്ളചാട്ടമെത്തും. വെള്ളം ഒഴുകി
വരുന്നിടത്ത് ഒരു ബാത്ത് ടബ്ബ് കണക്കെ പാറക്കെട്ടുകൾ
ഒരുങ്ങി നിൽക്കുന്നു. നീന്തൽ അരിയില്ലാത്തവർക്കും
യധേഷ്ട്ടം ഇവിടെ വെള്ളത്തിൽ കിടന്ന് അർമ്മാദിക്കാം...

 
 

ആദ്യത്തെ കുളി സീൻ കഴിഞ്ഞാൽ പിന്നെ കുറച്ചൊന്നു
താഴേക്കിറങ്ങി വശങ്ങളിലേക്ക് നൂർന്നിറങ്ങിയാൽ
പ്രധാന വെള്ളചാട്ടം കാണാം.

 

ആ വനപ്രകൃതിയുടെ
ഭൂമി ശാസ്ത്ര പ്രകാരം കുത്തിയൊലിച്ചു വരുന്ന
ചാട്ടത്തിന്റെ ഒരു വശം മാത്രമേ നമുക്ക്
ദൃശ്യമാവുകയുള്ളൂ. ഇവിടെ പാറക്കെട്ടുകളിൽ
ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കണം.


ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിന്റെ ഉള്ളിലേക്ക്
ഇറങ്ങി നിന്നാൽ ശരീരത്തിന് ചുറ്റുമായി
മനോഹരമായ മഴവില്ല് കാണാം !

 
 

വീണ്ടും ഒരു കുളി കഴിഞ്ഞു ഞങ്ങൾ തയ്യാറാക്കി
കൊണ്ടുപോയ ഭക്ഷണം അവിടെ വച്ചു തന്നെ
കഴിച്ചു. മണ്ണിന്റെയും വെള്ളത്തിന്റെയും
മരങ്ങളുടെയും ഗന്ധം നുകർന്ന്; ആ വനത്തിനുള്ളിൽ
പാറമേൽ ഇരുന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി
നാവിൽ നിന്നും അടുത്ത കാലത്തൊന്നും പോകാനിടയില്ല !
 

ഭക്ഷണ ശേഷം വീണ്ടും ലാസറേട്ടൻ കയ്യിലുള്ള
വെട്ടുകത്തി വീശി വഴിതെളിച്ചു കൊണ്ടിരുന്നു.
ഉടമസ്ഥനെ അനുഗമിച്ച് വരിവരിയായി പോകുന്ന
താറാവ് കൂട്ടങ്ങളെപ്പോലെ ഞങ്ങൾ അനുസരണയോടെ
ലാസറെട്ടന്റെ പിന്നാലെ വച്ച് പിടിച്ചു.


ഫ്രഷ്‌ ആനപ്പിണ്ടങ്ങളും കണ്ട് ആനകളൊന്നും ഈ
വഴി വരരുതേ എന്ന പ്രാർഥനയോടെ, വെട്ടുകത്തിയുടെ
ചാലും പിടിച്ച് തിരികെ ഇറക്കം. ഇടയ്ക്കിടെ കണ്ട
അരുവികളിൽ കാൽ കഴുകിയപ്പോൾ എല്ലാവരും
പറഞ്ഞു, "ഹോ എന്താ സുഖം".
പരൽ മീനുകളുടെ വക ഫ്രീ "ഫിഷ്‌ സ്പാ"  !!!

 
 

ഒടുവിൽ കാടിറങ്ങി തിരികെയെത്തി.
അതുവരെയും മഴ ഞങ്ങൾക്ക് വേണ്ടി മാറി
നിന്നതിനു പ്രകൃതിക്ക് നന്ദി പറഞ്ഞ് തിരികെ
പോന്നപ്പോൾ, ആരും ഇതുവരെ എത്തിപ്പെടാത്ത
ഒരു സ്ഥലം സ്വന്തമാക്കിയ സന്തോഷം എല്ലാവരുടെ
മുഖത്തും കാണാമായിരുന്നു.



ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്ന സാഹസികർക്കു
ഇവിടേയ്ക്ക് സ്വാഗതം. എന്റെ വീട്ടിൽ നിന്നും
കഷ്ട്ടി 45 മിനിറ്റ് യാത്രയേ ഉള്ളു. കൂടുതൽ
വിവരങ്ങൾ അറിയണമെന്നുള്ളവർക്ക്
പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 മണ്ണുത്തി ബൈ പാസിൽ
കുട്ടനെല്ലൂർ ഫ്ലൈ ഓവറിന്റെ അടിയിലൂടെ
പുത്തൂർ വഴി മാന്ദാമംഗലം എത്തി
അവിടെ നിന്നും നേരെയുള്ള  വഴിയിലൂടെ
വെള്ളക്കാരി തോട്-ചെന്നായ് പാറ വഴി
കൊളത്തനാം പാറയിൽ എത്തിച്ചേരാം.
(NH-47 ൽ നിന്നും 20 KM )


October 08, 2013

തൃക്കൂർ


തൃശൂരിലെ എന്റെ ജന്മനാടായ കോനിക്കര എന്ന ഗ്രാമം.
ഗ്രാമാതിർത്തിയിലൂടെ ഒരു കവിതപോൽ ഒഴുകുന്നു
തൃക്കൂർ പുഴ. പുഴ കടന്നു നടന്നാൽ ചെന്നെത്തുന്ന
കുന്നിൻ മുകളിൽ അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം;
തൃക്കൂർ മഹാദേവ ക്ഷേത്രം.




വളരെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന;
ഈ ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഈ ബ്ലോഗിൽ.


ഒരു ക്ഷേത്രമെന്ന നിലയിൽ മാത്രമല്ല, മറിച്ച് ഒരു
കുന്നിൻ മുകളിലെ നയന മനോഹര കാഴ്ചകളും
ഭക്തി സാന്ദ്രമായ അന്തരീക്ഷവും വായനക്കാർക്ക്
പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

തൃശ്ശൂർ നഗരത്തിൽ നിന്നും 10 കിലോ മീറ്റർ
തെക്കു കിഴക്ക് ഭാഗത്ത്‌ മണലിയാറിന്റെ തീരത്ത്
പ്രകൃതി സമൃദ്ധിയാൽ അനുഹ്രഹീതമായ ഗ്രാമമാണ്
തൃക്കൂർ. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ സമുദ്ര നിരപ്പിൽ
നിന്നും 200 അടിയോളം ഉയരത്തിൽ സ്തിഥി ചെയ്യുന്ന ഒരു
അപൂർവ്വമായ ഗുഹാ ക്ഷേത്രമാണ് തൃക്കൂർ മഹാദേവ ക്ഷേത്രം.


 


"സ്വയംഭൂ" ആയിട്ടാണ് ഭഗവാൻ ഇവിടെ വിരാജിക്കുന്നത്.
മറ്റൊരു ഗുഹാ ക്ഷേത്രവും നമ്മുടെ ചുറ്റു വട്ടത്ത്
ഉള്ളതായി എനിക്കറിവീല.


കുന്ന് കയറും മുൻപേ പുറയൻ കാവ് എന്നൊരു
ക്ഷേത്രം കൂടെ സമീപത്തുണ്ട്.
തൃക്കൂർ പുഴയിൽ കുളിച്ച് ഈറനോടെ
പുഴക്കരയിലെ പുറയൻ കാവിലെ ദേവിയെ തൊഴുത്‌
നവഗ്രഹങ്ങളെ ചുറ്റി, ഗണപതിയെ സ്തുതിച്ച്
108 പടികൾ ചവിട്ടിക്കയറി വേണം ഈ ക്ഷേത്രത്തിൽ
എത്തിച്ചേരാൻ. 



വടക്കു ഭാഗത്തേക്കാണ് ഗുഹയുടെ മുഖം
തുറന്നിരിക്കുന്നത്. 12 അടി നീളവും 8 അടി വീതിയും
ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ശ്രീകോവിൽ.
ശ്രീകോവിലിനു മുൻപിലായി 15 അടി നീളമുള്ള
കരിങ്കൽ കൊണ്ട് തീർത്ത ഒരു മുഖ മണ്ഡപവും ഉണ്ട്.
ശിവ ലിംഗത്തിന്റെ ഇടതു ഭാഗമാണ് ഭക്തർ ദർശിക്കുന്നത്.
പാർശ്വ ദർശനമുള്ള ഏക ശിവക്ഷേത്രമാണ് ഇത്.



വലിയ ബലിക്കല്ലും കൊടിമരവും ക്ഷേത്രത്തിനു
കിഴക്ക് ഭാഗത്താണ്. ഗണപതി, ശാസ്താവ്,
അന്തിമഹാകാളൻ, ഭദ്രകാളി, ഭഗവതി, ചാമുണ്ഡി എന്നീ
ഉപദേവന്മാർ ഒരു തറയിൽ പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ബലിക്കല്ലുകൽ എല്ലാം ക്ഷേത്രത്തിനു പുറത്താണ്.
ആയതിനാൽ ശ്രീകോവിൽ പ്രദക്ഷിണം സാധ്യമല്ല.
കേരളത്തിൽ ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രം
കണ്ടുവരുന്ന 'സപ്ത മാതൃക്കൾ' സങ്കൽപ്പവും ഇവിടെയുണ്ട്.



ക്ഷേത്രക്കാഴ്ചകൾ  കണ്ട് വണങ്ങി പുറത്തു കടന്നാൽ
പാറക്കെട്ടുകൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും.
ക്ഷേത്രം സ്തിഥി ചെയ്യുന്ന മുഴുവനിടവും ഈ പാറക്കെട്ടിന്റെ
ഉള്ളിലാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും.
ഈ പാറക്കെട്ടിന്റെ മുകളിലേക്ക്  ക്ഷേത്ര മര്യാദകളോടെ
നമുക്ക് കയറാനാകും.

 

പാറമുകളിലായി ഒരു ഗർത്തത്തിൽ
സദാ വെള്ളം ഉണ്ടാകും. തീർത്ഥ കിണർ എന്നാണ്
ഇതറിയപ്പെടുന്നതെങ്കിലും ആരും ഇതിലെ ജലം
ഉപയോഗിക്കാറില്ല. കടുത്ത വേനലിൽ പോലും ഈ
കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ആശ്ചര്യകരം
തന്നെയാണ്.




പാറമുകളിൽ  സായന്തനക്കാറ്റ് ഏറ്റ്,
സാന്ധ്യശോഭയിൽ വിളങ്ങുന്ന അംബരത്തിനെ നയനങ്ങളാൽ
പ്രദക്ഷിണം വച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാം.

കുന്നിൻ പുറത്തെ പാറമുകളിലെ വിസ്മയക്കാഴ്ചകൾ;
പ്രകൃതിക്കു മുൻപിൽ മനുഷ്യൻ വെറുമൊരു
സാക്ഷി മാത്രമാണെന്ന പ്രപഞ്ച സത്യം, പലയാവർത്തി
ഒരു നാമജപം പോലെ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.


അവിടെയിരുന്നാൽ അയൽ ഗ്രാമങ്ങൾ ഒരു ഗൂഗിൾ മാപ്പ്
പോലെ നമുക്ക് കാണാം. അങ്ങകലെ തൃശ്ശൂർ നഗരവും
കാണാം. ഉയരത്തിലുള്ള കെട്ടിടങ്ങൾ വളരെ വ്യക്തമായി
നമുക്കവിടെയിരുന്നു കാണാം.

ഐതിഹ്യം :
അവർണ്ണ സമുദായത്തിൽ പെട്ട ഒരാളാണ് ഈ ക്ഷേത്രം
ആദ്യമായി കണ്ടെത്തിയത്. പുല്ലുമേയാൻ പോയ പശുവിനെ
തിരഞ്ഞു ചെന്നപ്പോൾ ഗുഹയിൽ പശു നിൽക്കുന്നത് കണ്ടു.
പശുപതിയാണല്ലോ മഹാദേവൻ. ഈ വിവരം അദ്ദേഹം തന്റെ
യജമാനനായ നമ്പൂതിരിയെ അറിയിച്ചു.

 നമ്പൂതിരി സ്ഥലം സന്ദർശിച്ചു ഇത് ക്ഷേത്രമാണെന്ന
സത്യം തിരിച്ചറിഞ്ഞു. ക്ഷേത്രം കണ്ടുപിടിച്ച
ആളുടെ സ്മരണക്ക് ക്ഷേത്രത്തിനു മുൻപിൽ തറ
കെട്ടിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ കുറത്തിയാട്ടം
നടന്നിരുന്നതും ഈ തറക്ക് മുന്നിലാണ്. ക്ഷേത്രം
കണ്ടതിന്റെ പേരിലാവം "ദൃക്ക്പുരം" എന്ന പേര്
ഈ സ്ഥലത്തിന് ലഭിച്ചത്. കാലക്രമത്തിൽ ദൃക്പുരം
തൃക്കൂർ ആയി പരിണമിച്ചു.



പ്രകൃതിയൊരുക്കിയ ഈ കാഴ്ച കാണാൻ
നിങ്ങൾക്കും താൽപര്യമില്ലേ ? ഉണ്ടെങ്കിൽ വരൂ
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലേക്ക്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

ദേശീയ പാത 47-ലെ  പാലിയേക്കര -മണ്ണുത്തി
ബൈ പാസിലെ മരത്താക്കര സിഗ്നലിൽ നിന്നും
വലത്തോട്ട് തിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്റർ
സഞ്ചരിച്ചാൽ തൃക്കൂർ എത്താം.

September 15, 2013

ഒരോണക്കാലം വീണ്ടും




വീണ്ടും ഒരു പൂക്കാലം... ഒരോണക്കാലം...
എല്ലാ ബ്ലോഗ്‌ വായനക്കാര്ക്കും എന്റെ 
ഹൃദയം നിറഞ്ഞ 
ഓണാശംസകൾ...

August 22, 2013

മലയാളം

മാസങ്ങൾക്ക് മുൻപ് "തുഞ്ചൻ പറമ്പ്" എന്നൊരു ബ്ലോഗ്‌
എഴുതിയ സമയത്ത്, നമ്മുടെ സ്വന്തം മലയാളത്തിന്
"ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ സമയമായിരുന്നു.
ഒരു മലയാളി എന്ന നിലയിലും അക്ഷര സ്നേഹി
എന്ന നിലയിലും ഒത്തിരി സന്തോഷിച്ചിരുന്നു; ആ
നേട്ടം നമ്മുടെ മലയാളത്തിന് കൈ വന്നപ്പോൾ.

പക്ഷേ ഇന്നീ ബ്ലോഗ്‌ എഴുതാൻ കാരണം
ഒരു ദുഃഖ വാർത്തയാണ്. കേന്ദ്ര ഗവണ്‍മെന്റ് പോലും
അംഗീകരിച്ച നമ്മുടെ മലയാള ഭാഷയെ അവഹേളിക്കുന്ന
ഒരു തീരുമാനം നമ്മുടെ സർക്കാർ എടുത്തിരിക്കുന്നു;
സർക്കാർ ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ്
പിൻവലിച്ചിരിക്കുന്നു !!! കേരളത്തിൽ ജോലി നേടാൻ,
പത്താം തരം വരെയെങ്കിലും മലയാളം
പഠിച്ചിരിക്കുകയോ, അല്ലെങ്കിൽ ഒരു യോഗ്യതാ
പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്ന-
പി എസ് സിയും അംഗീകരിച്ച വ്യവസ്ഥ
ഇനിമേൽ വേണ്ടയെന്നു കേരള മന്ത്രിസഭ
തീരുമാനിചിരിക്കുന്നു.

മലയാളികളെ സേവിക്കുന്ന ഉദ്യോഗസ്ഥർ മലയാളം
അറിയേണ്ട കാര്യമില്ല എന്നാണ് സർക്കാർ പക്ഷം.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല,
പക്ഷേ വിരലിൽ എണ്ണാവുന്ന ന്യൂന പക്ഷങ്ങളുടെ
താത്പര്യം സംരക്ഷിക്കാൻ,  അവരെ ഭയപ്പെട്ട്
സർക്കാർ എടുത്ത ഈ നിലപാട് നമ്മളെ ലജ്ജിപ്പിക്കുന്ന
ഒന്നായിപ്പോയി. സ്വന്തം അമ്മയെ അവഹേളിക്കുന്നതിനു
സമാനമായ തീരുമാനം. സങ്കടം തോന്നി ഇതൊക്കെ
കേട്ടപ്പോൾ. ഈ വാർത്ത കേൾക്കാനും ഇതിനെതിരെ
പ്രതികരിക്കാനും അധികം പേരില്ല എന്നറിഞ്ഞപോഴും
ദേഷ്യവും സങ്കടവും തോന്നി.

ആവശ്യത്തിനും അനാവശ്യത്തിനും ടോക് ഷോകളും
ചർച്ചകളും എക്സ് ക്ലുസിവും കാണിക്കുന്ന മീഡിയ
കച്ചവടക്കാർ എവിടെ ?
കപട നാട്യവുമായി മീഡിയ നിറഞ്ഞു തുളുമ്പുന്ന
സെലിബ്രിറ്റികൾ എവിടെ (മലയാള സൂപ്പർ താരങ്ങൾ ) ??
മലയാളത്തിൽ എഴുതി സാഹിത്യ അക്കാദമി
അവാർഡുകൾ "വാങ്ങി"ക്കൂട്ടിയ എഴുത്തുകാരെവിടെ???
കൊടിയുടെ നിറത്തിനൊത്തു ആദർശം മാറ്റുന്ന
രാഷ്ട്രീയക്കാരെ ഈ വഴിക്ക് നോക്കുകയേ വേണ്ട.
പക്ഷേ മലയാളത്തിനു "ശ്രേഷ്ഠ ഭാഷ" പദവി കിട്ടിയ
നാളുകളിൽ അത് സ്വന്തം ഭരണ നേട്ടമായി
കൊട്ടിഘോഷിച്ച ഫ്ലക്സ് ബോർഡുകൾ ഇന്നും
കവലകളിൽ ഇരുന്നു മഴ കൊള്ളുന്നുണ്ട്.
ആ ഫ്ലക്സ് ബോർഡുകൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ
ലജ്ജിച്ച് അവ എവിടെയെങ്കിലും
പോയൊളിക്കുമായിരുന്നു.

മലയാളത്തെ ഇത്രയേറെ അപമാനിച്ച ഈ
തീരുമാനത്തെ ഗൌരവമായി സമൂഹത്തിന്റെ
മുൻപിൽ കൊണ്ട് വരാൻ അധികം എഴുത്തുകാരെ
കണ്ടില്ല. ഒ എൻ വിയും സുഗതകുമാരിയും
വീരേന്ദ്രകുമാറും മാതൃഭൂമിയുടെ അഞ്ചാം പേജിൽ
ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചത് കണ്ടു.
അവർക്ക് ഒത്തിരി നന്ദിയുണ്ട്.

മലയാളം മാതൃഭാഷയാക്കിയ നമ്മൾക്ക്
ഈ കാര്യത്തിൽ ഒരു പ്രതികരണവുമില്ലേ?
സ്വന്തം കവിതകളും കഥകളും മറ്റു രചനകളും
വാരികകൾക്കയച്ചു കൊടുത്തു അച്ചടിച്ച്‌ വരുമ്പോൾ,
മലയാളം നൽകിയ സൌഭാഗ്യത്തിൽ
സന്തോഷം കൊള്ളുന്ന എഴുത്തുകാർക്കും
ഈ ദുർ വിധിയെക്കുറിച്ച് ഒന്നും പറയാനില്ലേ?
ഈ വിഷയം നിങ്ങൾ ഏറ്റെടുക്കണം,
ലേഖനങ്ങൾ എഴുതി അയച്ച് പ്രസിദ്ധ പ്പെടുത്തണം,
കാരണം ശക്തമായ ഭാഷയിൽ നിങ്ങൾക്കെ
നന്നായി എഴുതാനാവൂ...
നമ്മുടെ മലയാളത്തെ രക്ഷിക്കാനാവൂ...
എന്നെപ്പോലെയുള്ള ഇത്തിരിക്കുഞ്ഞന്മാർ
എഴുതുന്നത്‌ ആര് വായിക്കാൻ, ആരറിയാൻ ???

മലയാളത്തെയും മലയാളികളെയും അപമാനിച്ച ഈ
വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ
ഇവിടെ കുറിച്ചു എന്ന് മാത്രം, ആരുടെയെങ്കിലും
വികാരങ്ങളെ വൃണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.

"ഞാൻ മലയാള ഭാഷയെ സ്നേഹിക്കുന്നു;
ആ ഭാഷയിൽ സംസാരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു"

August 12, 2013

മണങ്ങൾ

ഈ ബ്ലോഗ്‌ മണങ്ങളെ ഓർത്തുകൊണ്ടാണ് എഴുതുന്നത്‌.
ഈ മാസം മറ്റൊരു വിഷയമായിരുന്നു മനസ്സിൽ കുറിച്ചിട്ടിരുന്നത്
പക്ഷേ കുറച്ചു ദിവസം മുൻപ്, കലാകൌമുദിയിൽ (2013 ജൂലൈ)
ഒരു കഥ വായിക്കാനിടയായി.

കഥയുടെ പേര് ഇങ്ങനെ :
"ജീവിക്കാൻ മണങ്ങൾ അത്യന്താപേക്ഷിതമാണോ "

ഈ കഥയെഴുതിയിരിക്കുന്നത് എന്റെ അധ്യാപികയായ
Dr. ഇ. സന്ധ്യയാണ് എന്നതിൽ എനിക്കതിയായ സന്തോഷവും
അഭിമാനവുമുണ്ട്. കാരണം വായനക്കാർക്ക് ഹൃദ്യമായൊരു
അനുഭവം നൽകാൻ ആ കഥാകാരിക്ക് കഴിഞ്ഞു.
പല എഴുത്തുകാരികളും പെണ്ണെഴുത്തിന്റെയും
പുരുഷ വിദ്വേഷത്തിന്റെയും അനാവശ്യ വലയത്തിൽ
പെട്ടുഴലുമ്പോൾ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ
ഏവർക്കും രസിക്കുന്നൊരു ജീവിതത്തിന്റെ ഏടാണ്
ഈ കഥ പറയുന്നത്.

പ്രമേയം പ്രണയം എന്ന വിഷയമാണെങ്കിലും,
മണങ്ങൾക്ക് ചിലരുടെ ജീവിതത്തിൽ ഉള്ള സ്വാധീനം
എന്ന ചരടിൽ കഥാഗതിയെ കോർത്തിണക്കിയപ്പോൾ
അതൊരു നവ്യാനുഭവമായി എനിക്ക് തോന്നി.
ഒരു പെണ്ണിന്റെ വീക്ഷണത്തിൽ ഏതൊരു കഥാകാരിയും
എഴുതിപ്പോകാവുന്ന വിഷയത്തെ, ബാലചന്ദ്രൻ എന്ന
സാധാരണക്കാരനിലൂടെ കഥ പറയാൻ കാണിച്ച
സെൻസ് തന്നെയാണ് എന്നെ ഏറെ ആകർഷിച്ചത്.

ബാലചന്ദ്രനും വൃന്ദയും പ്രണയത്തിന്റെ മണം
അക്ഷരങ്ങളിലൂടെ പകർന്നു നൽകുമ്പോൾ, ആ
മണം ഏതൊരാളെയും കൊണ്ടെത്തിക്കുന്നത്
പണ്ടെവിടെയോ മറന്നുപോയ നല്ല നാളുകളിലെക്കാണ്.
എന്നുവച്ച് ഇതൊരു പക്കാ പ്രണയ കഥയൊന്നുമല്ല.
ജീവിതത്തിന്റെ യാഥാർത്ഥ്യം വരച്ചുകാട്ടുന്ന, ഒത്തിരി
മണങ്ങൾ നിറഞ്ഞൊരു കഥ. ബാലചന്ദ്രൻ മണങ്ങളുടെ
വക്താവാണെന്നു പറയാം. ഓർമ്മ വച്ച കാലംമുതൽ
അയാൾ വസ്തുക്കളേയും ആളുകളേയും ഓർമ്മകളേയും
ഒക്കെ തിരിച്ചറിയാൻ മണങ്ങളെയാണ്
ആശ്രയിച്ചിരുന്നത്. അമ്മയുടെ മണം, വെയിലിന്റെ
മണം, മരണത്തിന്റെ മണം, പ്രണയത്തിന്റെ മണം...
ഇങ്ങനെ എന്തിനെയും മണത്തോട് ബന്ധപ്പെടുത്തി
ചിന്തിക്കമെന്നും തിരിച്ചറിയാമെന്നും ബാലചന്ദ്രൻ
വാദികുമ്പോൾ നമുക്ക് കൌതുകം തോന്നും. ഇത്തരം
ചിന്തകൾ അയാൾ നിരന്തരം സുഹൃത്തുക്കളുമായി
പങ്കുവയ്ക്കുന്നു. ഒടുവിൽ ആ ചിന്തകൾക്ക് പോലും
മണമുണ്ടാകാം എന്നും അദ്ദേഹം വിശ്വസിക്കുന്നു...

അവിചാരിതമായി, എന്നോ മറന്നുപോയൊരു
പ്രണയത്തിന്റെ സുഗന്ധം പോലെ ഒരു കത്ത്
ബാലചന്ദ്രനെ തേടിയെത്തുന്നു. പക്ഷേ ആ മണം
അദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടുപോകുന്നത്
സുഖകരമായ ഒരനുഭവത്തിലെക്കല്ല....

കഥയുടെ  ഈ മണങ്ങൾ നിങ്ങൾക്കും
കിട്ടണമെന്നുണ്ടെങ്കിൽ സന്ധ്യയുടെ ചെറുകഥ
വായിക്കുക:
കഥ ചെറുതാണെങ്കിലും കഥാ ശീർഷകം നീളത്തിൽ തന്നെയാണ്.
നല്ല അടുക്കതിലുള്ള എഴുത്ത് ;നല്ല ഒഴുക്കോടെ. പലപ്പോഴും
എവിടെയോ നമ്മൾ അനുഭവിച്ചു മറന്നുപോയ "മണങ്ങളെ"
കഥാകാരി ഓർമ്മപ്പെടുത്തുന്നു.

ഈ കഥ വായിക്കുമ്പോൾ നമുക്കും തോന്നാം,
നമ്മൾ ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ ഒരിക്കലും മറക്കാത്ത
മണങ്ങൾ...
1 . പുതുമണ്ണിന്റെ മണം
2. പുത്തൻ പുസ്തകത്തിലെ താളുകളിലെ മണം.
3. കൽവിളക്കിലെ തിരി നാളങ്ങളുടെ മണം.
4. ഇഷ്ട്ടപെട്ട പെണ്ണിന്റെ മണം.
5. പ്രണയ ലേഖനത്തിൽ മുഖം അടുപ്പിക്കുമ്പോൾ വരുന്ന മണം.
6. ഏല കായയും തേങ്ങയും പഞ്ചസാരയും വച്ച ഇലയട
തുറക്കുമ്പോൾ വരുന്ന മണം.
7. എന്റെ അച്ഛൻ ഉടുത്തു മാറിയ കസവു മുണ്ടുകൾക്ക് ഒരു
നല്ല മണമുണ്ടാകും. ഞാനാ മുണ്ടുകൾ വീണ്ടും ഉടുക്കാൻ
ഇഷ്ട്ടപെട്ടിരുന്നു.
8. തുളസിയും ചെമ്പരത്തിയും ഉള്ളിയും ഇട്ടു കാച്ചിയ
വെളിച്ചെണ്ണയുടെ മണം ഓർമ്മപെടുത്തുന്നത്‌ അമ്മയെയാണ്.

ഈ പട്ടികയിങ്ങനെ നീളും, നിങ്ങൾക്ക് ഇതിനേക്കാളേറെ
കൂട്ടി ചേർക്കാനുണ്ടായേക്കും. എന്തായാലും മണങ്ങളെ
ഓർത്തെടുക്കാൻ നിമിത്തമായ ഈ കഥാകാരിക്ക് ഇനിയും
നല്ല നല്ല കഥകളെഴുതാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഇപ്പോൾ എനിക്ക് തോന്നുന്നു,
ഈ ബ്ലോഗിനും ഒരു മണമുണ്ടെന്ന്  :) 

July 07, 2013

തപാൽ കമ്പി

ഈയടുത്ത ദിവസങ്ങളിൽ പത്രത്തിൽ നാം
വായിച്ചു കാണും ; 2013 ജൂലൈ 15 മുതൽ
ഇന്ത്യയിൽ ടെലഗ്രാം അഥവാ
തപാൽ കമ്പി സേവനം നിർത്തലാക്കുന്നു.



ഇങ്ങനെ ഒരു ആശയ വിനിമയ സംവിധാനം ഇപ്പോഴും
നില നിന്നിരുന്നു എന്നറിഞ്ഞത് തന്നെ ഈ വാർത്ത
കണ്ടപ്പോഴായിരുന്നു. പണ്ടത്തെ മെസ്സേജിങ്ങ്
പുലിക്കുട്ടിയായിരുന്ന തപാൽ കമ്പിയെ
ഓർമ്മയുടെ സ്റ്റാമ്പൊട്ടിച്ച് ഇല്ലാത്തൊരു
മേൽവിലാസത്തിലേക്ക് അയക്കുകയാണ് നമ്മുടെ
കേന്ദ്ര ഗവണ്മെന്റ്.

ഇ മെയിലിന്റെയും സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെയും
വേഗമേറിയ ഇക്കാലത്ത് ഇന്നിപ്പോ ആരാല്ലേ
ടെലെഗ്രാം അടിക്കുന്നത്?
ഞാനെന്റെ ജീവിതത്തിൽ നാളിതുവരെ ഒരൊറ്റ
ടെലെഗ്രാമും അയച്ചിട്ടില്ല. പണ്ടൊക്കെ ഞാൻ കേട്ടിട്ടുണ്ട്
കമ്പി വന്നു, എന്തോ സംഭവിച്ചിട്ടുണ്ട്. കൂടുതലും
മരണ വാർത്തകൾ അറിയിക്കാനായിരിക്കാം
അന്നൊക്കെ നമ്മുടെ നാട്ടിലുള്ളവർ കമ്പിയടിചിരുന്നത്.
ദൂരെ ബന്ധുക്കൾ ഉള്ളവർ ടെലഗ്രാം വീട്ടിൽ
എത്തുമ്പോഴേക്കും നിലവിളി തുടങ്ങുന്ന കാഴ്ചകൾ
സിനിമകളിൽ കണ്ടിട്ടുണ്ട്.

എന്തായായും ചരിത്രത്തിന്റെ ഭാഗമായി ഓർമ്മകളിൽ
നിദ്ര പൂകാനോരുങ്ങുന്ന ഈ കമ്പി തപാൽ സംവിധാനത്തെ
ആദ്യമായും അവസാനമായും ഒന്ന് പരീക്ഷിച്ചു നോക്കാൻ
ഞാൻ തീരുമാനിച്ചു.

പോസ്റ്റ്‌ ആഫീസിൽനിന്നാണ് കമ്പിയടിക്കുക എന്നായിരുന്നു
ഞാൻ ധരിച്ചിരുന്നത്. പക്ഷെ ആ അന്വേഷണം തൃശൂർ
ഹെഡ് പോസ്റ്റ്‌ ആഫീസ് വരെയേത്തിയപ്പോൾ മനസ്സിലായി
ഈ സംഭവം പോസ്റ്റ്‌ ആഫീസിന്റെ പരിധിയിൽ നിന്നും
മാറ്റി എന്ന്. കമ്പിയടിക്കണമെങ്കിൽ BSNL ന്റെ ആഫീസിൽ
പോകണം. അങ്ങനെ ഒരു ടെലഗ്രാം അടിക്കണമെന്ന ആഗ്രഹവുമായി
തൃശൂർ PO റോഡിലുള്ള BSNL ആഫീസിന്റെ രണ്ടാം നിലയിൽ
ചെന്നു. ആവശ്യം അറിയിച്ചപ്പോൾ അവിടെയുള്ളവർ എന്നെ ഒരു
നോട്ടം(ചിലപ്പോൾ  എനിക്ക് തോന്നിയതാവും)

ഒരു സരസനായ ചേട്ടൻ എന്നെ സഹായിക്കാനെത്തി, ഒരു ഫോം
പൂരിപ്പിച്ചു തരാൻ പറഞ്ഞു. കമ്പിയടിക്കുന്ന ആളിന്റെ
പേരും മേൽവിലാസവും  എഴുതി പൂരിപ്പിച്ചു.




ഇനി കമ്പി സന്ദേശം എഴുതണം.
അവിടെ കുറെ മെസ്സേജ് ടെംപ്ലേറ്റുകൾ  ഉണ്ട്
HAPPY BIRTHDAY
HAPPY ONAM
HAPPY ANNIVERSARY
EID MUBARAK
LOVE GREETINGS
HAPPY RETIREMENT എന്നൊക്കെ. ഇവ ഗ്രീറ്റിങ്ങ്സ് ആണ്.
ഓരോ സന്ദേശത്തിന്റെയും  നമ്പർ പറഞ്ഞാൽ മതി. നമുക്ക് ഇഷ്ട്ടമുള്ള
സന്ദേശവും അയക്കാം. മാക്സിമം 25 വാക്കുകൾ, അതിന് ഈടാക്കുന്നത്
28 രൂപ (25 + 3 രൂപ സർവീസ് ടാക്സ് )


ചുമ്മാ ഒരു കമ്പിയടിക്കാൻ പോയ എനിക്ക് എന്ത് സന്ദേശമാണ്
കൊടുക്കേണ്ടത് എന്ന സംശയമായി. ഒടുവിൽ HAPPY MONSOON
എന്നെഴുതി പ്രിയപ്പെട്ടവർക്ക് അയച്ചു. ഒരെണ്ണം ഒരു സാമ്പിളിന് വേണ്ടി
എന്റെ വിലാസത്തിലെക്കും അയച്ചു, നാളെ അതിവിടെ എത്തുന്നതും കാത്തിരിപ്പാണ് !!!


തപാൽ കമ്പിയുടെ ലാസ്റ്റ് ബസ്‌ പിടിക്കാൻ ഒരുപക്ഷേ
നിങ്ങൾക്കും ആഗ്രഹമുണ്ടാവും, അല്ലെ?
വേഗം അടുത്തുള്ള BSNL ആഫീസിലേക്ക് വിട്ടോളൂ.



ചരിത്രം :

1844 മുതലാണ്‌ കമ്പി തപാൽ സന്ദേശത്തിന്റെ ചരിത്രം
തുടങ്ങുന്നത്.  1850  ൽ ഈ സംവിധാനം ഇന്ത്യയിൽ
സർവീസ് തുടങ്ങി. അതോടെ ദൂരങ്ങളിലേക്ക് അതിവേഗം
കൊച്ചു കൊച്ചു സന്ദേശങ്ങൾ ഒഴുകിത്തുടങ്ങി.
1980 കാലഘട്ടമാണ് കമ്പി തപാലിന്റെ സുവർണ്ണ കാലം.
അക്കാലത്ത് ഒരു ലക്ഷത്തിലേറെ ടെലഗ്രാമുകൾ
ദിവസേന ദൽഹിയിലെ പ്രധാന ഓഫീസുകളിൽ
കൈകാര്യം ചെയ്തിരുന്നത്രേ ! 45,000 ടെലഗ്രാം
ഓഫീസുകൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു.
ഇന്ന് വെറും 75 ഓഫീസുകൾ മാത്രമാണ് നിലവിലുള്ളത്.
1990 ൽ ഇന്ത്യയിൽ ഇന്റർനെറ്റ്‌ വ്യാപകമായതോടെ
ടെലെഗ്രാം ഉപയോഗം ഗണ്യമായി കുറഞ്ഞു.

ഇന്നത്‌ നാമാവശേഷമായി, ടെലഗ്രാം സന്ദേശങ്ങൾ
SMS നു വഴിമാറി, ട്വീറ്റുകളായി, FB അപ് ടെറ്റുകൾ ആയി...
കാലപ്രയാണത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ
കടന്നു വരവിൽ തപാൽ കമ്പിക്കു യാത്രാമൊഴി ചൊല്ലാം.
അവസാനത്തെ ടെലെഗ്രാം സന്ദേശം ഇങ്ങനെ;
"GOOD BYE TELEGRAM, ALVIDA !!!"