November 17, 2012

കൊച്ചി കാഴ്ചകള്‍


 

അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി
നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം.
സഞ്ചാരികളായി ഇവിടെയെത്തുന്ന വിദേശികളെ ആകര്‍ഷിക്കുന്ന തരത്തില്‍
ചിലവേറിയ ടൂറിസം പാക്കേജുകളും ഒട്ടനവധിയുണ്ട്‌. എന്നാല്‍, സാധാരണക്കാര്‍ക്ക്
കൊച്ചിയില്‍ കണ്ടു രസിക്കാവുന്ന കാഴ്ചകളെപ്പറ്റിയാണ് ഈ ബ്ലോഗ്‌.

കൊച്ചി കായല്‍ & ബോട്ട് ജെട്ടി 

(Boat Jetty, Ernakulam)

അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ
തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ ഒരു യാത്ര. ചെലവ് Rs.3/-
എറണാകുളം "മേനക" ജംഗ്ഷന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥലമാണ് ബോട്ട് ജെട്ടി.
എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും KSWTC യുടെ ട്രാന്‍സ്പോര്‍ട്ട് ബോട്ട് പിടിച്ചാല്‍
വില്ലിംഗ്ടന്‍ ഐലാന്‍ഡ്‌ വഴി മട്ടാഞ്ചേരി വാര്‍ഫും കഴിഞ്ഞ് ഫോര്‍ട്ട്‌ കൊച്ചിയിലെത്താം.
ബോട്ട് ജെട്ടിയില്‍ നിന്നും വളരെ ചെറിയ ഇടവേളകളില്‍ പല ഭാഗത്തേക്കും പോകുന്ന
ബോട്ടുകളും ജങ്കാറുകളും ഉണ്ട്. യാത്രക്ക് മുന്‍പേ കൌണ്ടറില്‍ നിന്നും ടിക്കെറ്റ് എടുക്കണം.

കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗ്ഗമാണിത്. സമയവും ലാഭിക്കാം.
പോകുന്ന വഴി കൊച്ചിന്‍ ഷിപ്‌യാര്‍ഡും, യാത്ര മദ്ധ്യേ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും
പിന്നെ പക്ഷികളുടെ സങ്കേതമായ കുറെ തുരുത്തുകളും കാണാം.


ഗുണ്ടു എന്നപേരില്‍ അറിയപ്പെടുന്ന ഒരു തുരുത്തും ഇതില്‍ പ്രധാനമാണ്.
പഞ്ചനക്ഷത്ര ഹോട്ടലായ താജ് മലബാറിന്റെ അധീനതയില്‍ ഉള്ള
ആള്‍താമസമില്ലാത്ത ഈ തുരുത്തിലേക്ക് പൊതു പ്രവേശനമില്ല.
ഒരിക്കല്‍ താജ് മലബാറിലെ ഒരു ചടങ്ങ് കഴിഞ്ഞ് DJ പാര്‍ട്ടിക്ക് വേണ്ടി
ഈ തുരുത്തില്‍ പോകാന്‍ കഴിഞ്ഞത് ഓര്‍ക്കുന്നു.

(Sunset at Vallarpadam Container Terminal)

തുരുത്തുകള്‍ക്കപ്പുറം ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് ലക്ഷ്യമാക്കി പോകുന്ന
വേളയില്‍ ഡോള്‍ഫിന്‍ പോയിന്റ്‌ എന്നൊരു സ്ഥലമുണ്ട്. കടലില്‍
നിന്നും കായലിലേക്ക് ഇറങ്ങി വരുന്ന ഡോള്‍ഫിനുകള്‍
ഇവിടെ ഉയര്‍ന്നു പൊങ്ങുന്നത് (ഭാഗ്യമുണ്ടെങ്കില്‍) കാണാനായേക്കും.
:)

കൊച്ചിയുടെ പുതിയ ഹബ് ആയ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനലും,
വല്ലാര്‍പ്പാടം ബസലിക്ക പള്ളിയുടെ വിദൂര കാഴ്ചയും യാത്രാവേളയില്‍ കാണാം.

കായലിന്റെ കാറ്റേറ്റ് ഇക്കാഴ്ച്ചകളൊക്കെ കണ്ട് ഫോര്‍ട്ട്‌ കൊച്ചിയും മട്ടാഞ്ചേരിയും
കണ്ട് അടുത്ത ബോട്ടില്‍ തന്നെ തിരിച്ചു പോരാം.
(ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി കാഴ്ചകള്‍ പിന്നീട് വിശദമായി എഴുതാം)
കൊച്ചിയിലെ പ്രധാന കേന്ദ്രമായ മറൈന്‍ ഡ്രൈവിനെ
കായലിന്റെ വിദൂരതയില്‍ നിന്നും മതിവരുവോളം കണ്ടു മടങ്ങുമ്പോള്‍
നിങ്ങളും പറയും;
"അതെ, അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ..."



കായല്‍ തീരം : മറൈന്‍ ഡ്രൈവ് & മ്യൂസിക്‌ വാക്ക്-വെ 

കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്.
എറണാകുളത്തെ മേനകയില്‍ ഇറങ്ങി GCDA കോംപ്ലെക്സ് വഴി
മറൈന്‍ ഡ്രൈവില്‍ എത്താം.
(Rainbow Bridge at Marine Drive)
 
 

(China Net Bridge, Music Walkway, Marine Drive)
റെയിന്‍ബോ ബ്രിട്ജും ചീനവല ബ്രിട്ജും മ്യൂസിക്‌ വാക്ക് - വേയും
ആണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. കായലരികത്ത് പൂത്തു നില്‍ക്കുന്ന
ഗുല്‍മോഹര്‍ പൂക്കളും ആകാശം തൊട്ടു നില്‍ക്കുന്ന കെട്ടിടങ്ങളും
ഇവിടുത്തെ കാഴ്ചയ്ക്ക് മാറ്റു കൂട്ടുന്നു.

(View near Goshree Bridges)
പാട്ട് കേട്ട് കായലോര കാഴ്ചകളും ഷോപ്പിങ്ങും കഴിഞ്ഞ് ഇവിടയും നമ്മെ
കാത്തിരിക്കുന്നത് മറ്റൊരു ബോട്ട് യാത്രയാണ്.
ടൂറിസ്റ്റ് ബോട്ടുകളായതിനാല്‍ ഈ യാത്ര മേല്‍ പറഞ്ഞതിനേക്കാളും
വ്യത്യസ്തമായ ഒരനുഭവമാവും നമുക്ക് പ്രദാനം ചെയ്യുക.

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സവാരിയില്‍ മേല്‍പ്പറഞ്ഞ
വഴിയിലൂടെയെല്ലാം സഞ്ചരികുന്നതിനു പുറമേ ബോള്‍ഗാട്ടി പാലസ്,
വല്ലാര്‍പാടം ടെര്‍മിനല്‍, ചീന വലകള്‍, ഗോശ്രീ പാലം തുടങ്ങിയ
സ്ഥലങ്ങള്‍ കണ്ടു മടങ്ങി വരാം.
(View at Bolgatty Palace)
 
(Ferry Service to Vypin, Bolgatty...)

വൈകീട്ടാണ് ബോട്ട് സവാരിയെങ്കില്‍ അറബിക്കടലിന്റെ
അരികില്‍ ചെന്ന്, സാന്ധ്യ മേഘങ്ങളെയും സൂര്യാസ്തമയവും കാണാം.

(View from Willington Island)
ആളൊന്നിന് 50/- രൂപയാണ് ഈ ബോട്ട് യാത്രയുടെ ചെലവ്.

കൊച്ചിയിലെ മറ്റു കാഴ്ചകള്‍

കൊച്ചി എന്ന് പറഞ്ഞാല്‍ കായല്‍ മാത്രമല്ല എന്ന് നമുക്കറിയാം.
പുരാതന സംസ്കൃതി ഉറങ്ങുന്ന മട്ടാഞ്ചേരി തെരുവുകള്‍ മുതല്‍
വന്നതും ഇനി വരാനിരിക്കുന്നതുമായ  ഹൈടെക് മാളുകള്‍ വരെ കൊച്ചിയിലെ
കാഴ്ചകളാണ്. (LuLu, Oberon Mall, Gold Souk, Nucleus Mall...)
പുറം കടലില്‍ കൊണ്ട് പോയി കാഴ്ചകള്‍ കാട്ടി മടക്കി കൊണ്ട് വരുന്ന  
ലക്ഷ്വറി കപ്പലുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു...
പഴമയുടെയും പുതുമയുടെയും കാഴ്ചയൊരുക്കുന്ന ഡബിള്‍ ടക്കര്‍ ബസ്
മുതല്‍ ശീതികരിച്ച ലോ ഫ്ലോര്‍ ബസ് വരെ നിരത്തില്‍ ഓടുന്നു.

നമുക്ക് നമ്മുടെ, സാധാരണക്കാരുടെ കൊച്ചി കാഴ്ച്ച തുടരാം...

മംഗളവനം

 
 (Inside 'Managalavanam' Bird Sanctuary )

നമ്മുടെ യാത്ര മറൈന്‍ ഡ്രൈവില്‍ എത്തിയ സ്ഥിതിക്ക് അവിടെ ഏറ്റവും
അടുത്തുള്ള, നടന്നു പോകാവുന്ന ദൂരത്തുള്ള ഒരു പക്ഷി സങ്കേതത്തെ
പരിചയപ്പെടുത്താം. മംഗളവനം... ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍
ഇവിടുത്തെ കാഴ്ചകളെക്കുറിച്ച് കൂടുതലറിയാം.

വല്ലാര്‍പാടം  

(Basalica, Vallarpadam)

മറൈന്‍ ഡ്രൈവില്‍ നിന്നും മൂന്നോ നാലോ കിലോമീറ്റര്‍ യാത്ര
ചെയ്‌താല്‍ വല്ലാര്‍പാടം എത്തും. അവിടെ കൊച്ചിക്ക്‌ പുതിയ മുഖച്ചായ
പകര്‍ന്നു നല്‍കിയ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലും, കേരളത്തിലെ
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസലിക്ക പള്ളിയും ഉണ്ട്.
പോകുന്ന വഴിയില്‍ ഇടതു വശത്തായി ബോള്‍ഗാട്ടി പാലസും കാണാവുന്നതാണ്.

വല്ലാര്‍പാടത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹില്‍ പാലസ് 

(Hill Palace)

 കൊച്ചി രാജാവിന്റെ സ്വന്തം കൊട്ടാരം, തൃപ്പൂണിത്തുറയിലെ "ഹില്‍ പാലസ് ".
ഇവിടേയ്ക്ക് എത്താന്‍ ടൌണില്‍ നിന്നും കുറച്ചു ദൂരം(12 കി. മീ ) യാത്ര ചെയ്യണം.
രണ്ടു മണിക്കൂറോളം നടന്നു കാണാവുന്നത്ര കൊട്ടാര-കാഴ്ചകള്‍ ഇവിടെ നമ്മെ
കാത്തിരിക്കുന്നു.

തൃപ്പുണിത്തുറയിലെ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രവും ഹില്‍ പാലസിലേക്ക് പോകും വഴി
കാണാം.


മട്ടാഞ്ചേരി-ഫോര്‍ട്ട്‌ കൊച്ചി 


(Synagogue, Mattancheri )

ചരിത്രമുറങ്ങുന്ന തെരുവുകളാണ് മട്ടാഞ്ചേരിയുടെ പ്രധാന ആകര്‍ഷണം.
അവിടുത്തെ ജൂത പള്ളിയും ഇടുങ്ങിയ ഇടനാഴികളും കണ്ട് നടക്കുമ്പോള്‍
മനസ്സ് കൊണ്ട് പഴയ കാലത്തിലേക്ക് പോകും പോലെ നമുക്ക് തോന്നും...
എവിടെയും പഴമയുടെ ശേഷിപ്പുകള്‍ കാണാം. മട്ടാഞ്ചേരിയിലെ ഡച് പാലസും വളരെ
മനോഹരമായി ഇന്നും കാത്തു സൂക്ഷിക്കുന്നു.
ജൂത പള്ളി സന്ദര്‍ശനം ശനിയാഴ്ച ഇല്ല.
ഡച് പാലസ് വെള്ളിയാഴ്ച തുറക്കാറില്ല.

മട്ടാഞ്ചേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള
ഫോര്‍ട്ട്‌ കൊച്ചിയില്‍ നല്ലൊരു ആര്‍ട്ട്‌ ഗാലറി ഉണ്ട്.
വാസ്കോ ഡ ഗാമ പള്ളിയും പ്രധാന തെരുവുകളും ചരിത്ര മുറങ്ങുന്ന
സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നു.


 
കടലിലേക്ക്‌ നീണ്ടു കിടക്കുന്ന ഫോര്‍ട്ട്‌ കൊച്ചി ബീച്ചും, ചീന വലകളും
നമുക്ക് നല്ലൊരു സായാഹ്ന്നം നല്‍കും...

 
(Beach, Fort Kochi)

 കുങ്കുമ പൂ വിതറി, സായം സന്ധ്യയുടെ ചുവപ്പ് കോട്ടയില്‍ നിന്നും
താഴെ ഇറങ്ങി വരുന്ന സൂര്യന്റെ അസ്തമയ ദൃശ്യങ്ങള്‍ എന്നും
മായാതെ മനസ്സില്‍ നില്‍ക്കും,
കൊച്ചി കാഴ്ച്ചയുടെ ഓര്‍മ്മയായ്...
(സന്ധ്യാംബരം എന്ന ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്കുക.)



കുറച്ചു നാളുകള്‍ക്കു മുന്‍പ് നടത്തിയ യാത്രയുടെ മായാത്ത ഓര്‍മ്മകള്‍
മാത്രമാണിവിടെ കുറിച്ചു വച്ചിട്ടുള്ളത്. ഈ നഗരത്തില്‍ നല്ലതും ചീത്തയുമായ
ഒട്ടനവധി കാഴ്ചകള്‍ ഇനിയുമുണ്ട്; ഒരു ബ്ലോഗിലും എഴുതി അവസാനിപ്പിക്കാന്‍
പറ്റാത്ത അത്രയും...
ആ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ നേരിട്ടു തന്നെ അവിടെ പോവുക.

"കൊച്ചി പഴയ കൊച്ചിയല്ല കെട്ടാ...."
:)

4 comments:

Rekha said...

good one :)

khader patteppadam said...

ചിത്രങ്ങള്‍ മനോഹരം..നന്ദി

kunthampattani said...

simple narration makes the note beautiful :) will gonna explore kochi soon ;)

JITHU (Sujith) said...

നന്ദി; രേഖ മാംനും , ഖാദര്‍ സാറിനും, പിന്നെ കുന്തം പട്ടാണി സീനക്കും...
കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കുമല്ലോ?