November 06, 2012

വിലങ്ങന്‍ കുന്ന്

വിലങ്ങന്‍ കുന്ന്, തൃശൂര്‍


കുടുംബസമേതം ഒരു യാത്ര പോകാന്‍ ഒരുങ്ങുമ്പോള്‍ പലപ്പോഴും നമുക്ക് വേണ്ടത്ര
സമയം കിട്ടാതെ വരാറുണ്ട് അല്ലെ? ചുമ്മാ ചെറിയൊരു ഔട്ടിംഗ് ആണ് ഉദ്ദേശമെങ്കില്‍
ഞാന്‍ ചെറിയൊരു വഴി പറഞ്ഞു തരാം. തൃശൂര്‍ക്കാര്‍ക്ക്  എളുപ്പം എത്തിച്ചേരാവുന്ന ഒരിടം.
വിലങ്ങന്‍ കുന്ന്...


തൃശൂര്‍ ടൌണില്‍ നിന്നും വിളിപ്പാടകലെ എന്ന് പറയാവുന്ന ഒരിടം, വിലങ്ങന്‍ കുന്ന്.
ഇത് വലിയൊരു സംഭവമല്ലെങ്കിലും തൃശൂര്‍ ടൂറിസം മാപ്പില്‍ ഇടം നേടിയ,
50 ഏക്കറില്‍ വിഹരിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ ചെറിയൊരു കുന്നാണ്‌, വിലങ്ങന്‍.
1994-ല്‍ ശ്രീ.K കരുണാകരന്‍ ഉദ്ഘാടനം ചെയ്ത ഈ ടൂറിസം കേന്ദ്രം ഇന്നും
നല്ല രീതിയില്‍ പരിപാലിച്ചു പോരുന്നുണ്ട്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ പൂങ്കുന്നം വഴി പുഴക്കല്‍ പാടം കഴിഞ്ഞ് അമല ആശുപത്രി
എത്തുന്നതിന് മുന്‍പാണ് വിലങ്ങന്‍ കുന്നിലേക്കുള്ള വഴി(5 കി. മി.).
വഴിയോരത്ത് ഇടതു വശത്തായി വിലങ്ങന്‍ കുന്നിലേക്കുള്ള കവാടം കാണാം.
ഇടത്തേക്ക് തിരിഞ്ഞ് വെറും രണ്ടു കിലോമീറ്റര്‍ കൂടി
യാത്ര ചെയ്‌താല്‍ വിലങ്ങനില്‍ എത്തിച്ചേരാം. കുന്നിന്‍ മുകളിലേക്ക് വാഹനം
കൊണ്ടുപോകാം. ഈ ചെറിയ ദൂരം നടന്നു കയറുന്നതും വേറിട്ടൊരു അനുഭവമാകും.
(തൃശ്ശൂരില്‍ നിന്നും ആകെ 7 കിലോമീറ്റര്‍ മാത്രം.)


കുന്നിന്‍ മുകളിലെ കാഴ്ചകള്‍...

കുന്നിന്‍ മുകളിലെത്തിയാല്‍ പിന്നെ മേഘങ്ങളോടു കിന്നരിച്ചു നടക്കാം...
കുന്നിന്റെ മുകളില്‍ വക്കത്തിലൂടെ ഒരു പാതയുണ്ട്, അതിലൂടെ നടന്നാല്‍ കാഴ്ച്ചയുടെ
പുതിയൊരു ലോകം തന്നെ നമുക്ക് തുറന്ന് കിട്ടും. ഗൂഗിള്‍ മാപ് എടുത്ത് വച്ചപോലെ
അങ്ങകലെയുള്ള കൊച്ചു ഗ്രാമങ്ങള്‍, പാടങ്ങള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, പുഴകള്‍,
ഫ്ലാറ്റുകള്‍ എല്ലാം പനോരമിക് വ്യൂവിലൂടെ കാണാം.

 

വിലങ്ങന്‍ കുന്നില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ഒരു കൂറ്റന്‍ ശില്‍പ്പമാണ്.
പത്തടിയില്‍ ഏറെ ഉയരമുള്ള ഒരു കര്‍ഷക കുടുംബത്തിന്റെ ശില്പം എത്ര
മനോഹരമായാണ് ആ പുല്‍ത്തകിടിയില്‍ ഒരുക്കിയിട്ടുള്ളത് !
അച്ഛനും അമ്മയും രണ്ടു മക്കളും കൊയ്ത്ത് കഴിഞ്ഞു മടങ്ങുന്ന രംഗമാണ്
ശില്പി മെനഞ്ഞിരിക്കുന്നത്. കൂടെ കൂട്ടിനായി ഒരു നായയുമുണ്ട്. കറ്റ തലയിലേറ്റി നടക്കുന്ന
അമ്മയും, കൌതുകത്തോടെ ഓടിച്ചാടി നടക്കുന്ന മക്കളും, പിറകെ വാലാട്ടി നടക്കുന്ന
നായയും നിശ്ചലമായി ആവിഷ്ക്കരിച്ചപ്പോള്‍ അതൊരു മികവുറ്റ സൃഷ്ട്ടിയായി !
ആരായിരിക്കും ഈ ശില്‍പം തീര്‍ത്തത്?



കുട്ടികള്‍ക്ക് വേണ്ടി മനോഹരമായ വിശാലമായൊരു പാര്‍ക്ക്‌ ഉണ്ടിവിടെ. കുന്നിന്റെ മുകളില്‍
മേഘങ്ങള്‍ക്കരികില്‍ ഒരുക്കിയ ഈ പാര്‍ക്കും വ്യത്യസ്തമായൊരു അനുഭവമായേക്കും.




പാര്‍ക്കിനരികിലെ കനാലിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ പുതിയതായി പണി പൂര്‍ത്തിയാവുന്ന
SOBHA CITY കാണാം, ഇന്നലെ പെയ്ത മഴയില്‍ മുളച്ച കൂണുകള്‍ എന്നപോലെ...



 
വിലങ്ങനില്‍ പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതാണ്;
പഴയ ഒരു ശിലാ സ്ഥാപനത്തിന്റെ ശേഷിപ്പുകള്‍ എന്നപോലെ വെട്ടുകല്ലില്‍ തീര്‍ത്ത
ഒരു നിര്‍മ്മിതി. ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ പോലെ തോന്നും.
കല്ല്യാണം കഴിഞ്ഞ് ഔട്ട്‌ ഡോര്‍ വീഡിയോ എടുക്കാന്‍ വരുന്നവര്‍ക്ക് ഇതൊരു
മുതല്‍ക്കൂട്ടാണ്, തീര്‍ച്ച.


ഇന്ത്യ ഗവണ്മെന്റ് സ്ഥാപിതമായ ഒരു AUTOMATIC RAINGUAGE STATION
ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.



മനുഷ്യ നിര്‍മ്മിതമായ കാര്യങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. മനോഹരങ്ങളായ
തണല്‍ മരങ്ങളും പൂക്കളും, ഒട്ടനവധി ഔഷധ സസ്യങ്ങളും, അപൂര്‍വ്വയിനം പക്ഷികളും
നമുക്കിവിടെ കാണാം.

 
 
 
 

അലസമായി, പാതയരികിലെ പുല്‍ചെടികളില്‍ വിരലോടിച്ചു നടക്കാന്‍;
സായന്തന കാറ്റേറ്റ്, ദൂരെ പ്രകൃതി ഒരുക്കിയ കാഴ്ചകളിലേക്ക് പറന്നിറങ്ങാന്‍;
അനന്തമായ ആകാശത്തിലെ സാന്ധ്യ മേഘങ്ങളില്‍ ഒറ്റക്കിരുന്ന് അലിഞ്ഞില്ലാതാവാന്‍;
ഒരിക്കലെങ്കിലും നമുക്കിവിടെ പോകാം, വിലങ്ങന്‍ കുന്നിലേക്ക്...



 

 സന്ദര്‍ശന സമയം: രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ.

4 comments:

നീലക്കുറിഞ്ഞി said...

ജിത്തു വളരെ മനോഹരമായൊരിടത്തെ അതിമനോഹരമായി തന്നെ വരിയിലൂടേയും ചിത്രത്തിലൂടേയും പരിചയപ്പെടുത്തി.ആ കുന്നിനു ഈ പേരു വന്നതെങ്ങനെയെന്നും ..ഇതിന്റെ ഒരു ലഘു ചരിത്രവും കൂടി ഉള്‍പ്പെടുത്താമായിരുന്നു..പണ്ട് പേടിച്ച് ആരും ഇവിടെ വരില്ലായിരുന്നു..ഇന്നത് ഉല്ലസിക്കാനെത്തുവര്‍ക്ക് നയനാനന്ദകരമായ കാഴ്ച്ച നല്കുന്നിടം ആയി മാറി..കമലിന്റെ ചിത്രമായ നമ്മളില്‍ പാട്ടു രംഗങ്ങള്‍ ഇവിടെയാണു ചിത്രീകരിച്ചത്..

സുരാജ് നെല്ലിപറമ്പിൽ said...

തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്കുകിഴക്ക്, വടക്കുകിഴക്ക്,തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണിൽ നിന്ന് നോക്കിയാലും പ്രേക്ഷകന് മുന്നിൽ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നത്. അതു തന്നെയായിരിക്കണം ഈ കുന്നിന് ‘വിലങ്ങൻ കുന്ന്’ എന്ന് പേര് ലഭിക്കാന്നുള്ള നിദാനം.
(വിക്കിപീഡിയ)
ഒരു തൃശ്ശൂര്‍ക്കാരനായിട്ടു ഇത് വരെ ഞാന്‍ തിരിഞ്ഞു നോക്കിയിട്ടില്ല ഇങ്ങോട്ട്...അല്ലെങ്കിലും പണ്ട് മുതലേ അതങ്ങനെയാണല്ലോ...മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല...

JITHU (Sujith) said...

നന്ദി സൂരജ് . നന്ദി നീലക്കുറിഞ്ഞി.
വിലങ്ങന്‍ എന്ന പേര് വന്ന കാര്യം പറഞ്ഞു തന്നതിന് സൂരജിന് ഒത്തിരി നന്ദി.
ബ്ലോഗ്‌ എന്ന മാധ്യമം പ്രസക്തമാകുന്നത് ഇത്തരം ആശയ വിനിമയങ്ങള്‍ നടക്കുമ്പോഴാണ് അല്ലെ?
വിലങ്ങന്‍ കുന്നിനെ പറ്റി വേറെ കൂടുതലൊന്നും എനിക്കറിയില്ല നീലക്കുറിഞ്ഞി.

സുരാജ് നെല്ലിപറമ്പിൽ said...

ഇത് ഞാന്‍ ആലോചിച്ചു തേടി പിടിച്ചു എഴുതിയതല്ല ചേട്ടാ...എന്നോ ഒരിക്കല്‍ വിക്കിപീഡിയയില്‍ വായിച്ചതായി ഓര്‍ത്തിരുന്നു...അത് അങ്ങനെ തന്നെ പകര്‍ത്തി എഴുതിയതാണ്...അതിന്റെ പൂര്‍ണ അഭിനന്ദനവും (ഉത്തരവാദിത്വവും) വിക്കിപീഡിയക്ക് മാത്രം സ്വന്തം...