December 08, 2013

കാത്തിരിപ്പ്

34 ആഴ്ചകൾക്ക് മുൻപാണ് എൻറെ ജീവന്റെ
തുടിപ്പ് കൃഷ്ണയിൽ മിടിച്ചു തുടങ്ങിയത്.
ഞാനൊരച്ചനും അവളൊരമ്മയും ആവനൊരുങ്ങി.
ഞങ്ങളുടെ സ്നേഹത്തിന്റെപ്രതീകമായി
പ്രകൃതിയുടെ സ്നേഹോപഹാരം...



അമ്മ കുഞ്ഞുമോൻ എന്ന് പറയുന്ന എന്റെ
ജീവന്റെ കണികയുടെ , ഹൃദയ സ്പന്ദനം 
 ഒരു നക്ഷത്രം പോലെ സ്കാനിങ്ങിൽ കണ്ടപ്പോൾ
എന്റെ അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ
കണ്ണുനീർ പൊടിഞ്ഞു...
കൃഷ്ണയുടെ കൃഷ്ണമണികളിൽ ഞാനന്നുവരെ
കണ്ടിട്ടില്ലാത്ത, കാത്തിരിപ്പിന്റെ നെയ്ത്തിരി വെട്ടം.

പണ്ട് നോട്ടീസ് ബോർഡിൽ പതിച്ച എക്സാം റിസൾട്ട്‌
നോക്കി, എഴുതിയ പരീക്ഷയിൽ ജയിച്ചവനെപ്പോലെ
നിന്ന എനിക്ക് എല്ലാം കൗതുകമായിരുന്നു.

ജീവിതം അങ്ങനെ മുൻപോട്ടു പോവുകയാണ്,
മാറ്റങ്ങളോടെ. ഓരോ മാറ്റങ്ങൾ സംഭവിക്കുമ്പോഴും
നമുക്ക് പുതിയ പദവികൾ  (Designations) വന്നു ഭവിക്കും.
"വിദ്യാർഥി"യായിരുന്ന ഞാനൊരു ദിനം "ജോലിക്കാരൻ"
ആയി. വർഷങ്ങൾക്കിപ്പുറം ഒരു പെണ്ണിന്റെ കൈ
പിടിച്ചു വീട്ടിലെത്തിയപ്പോൾ "ഭർത്താവായി".
ഇന്നിപ്പോൾ "അച്ഛൻ" എന്ന പദവിക്ക് ദിവസങ്ങൾ
മാത്രം ബാക്കി.


ഒടുവിലത്തെ "പദവി"യിലേക്കുള്ള പ്രയാണം പക്ഷേ
മറ്റെല്ലാത്തതിനെക്കാളും വ്യത്യസ്തമാണ്. മറ്റെല്ലാ
കാര്യങ്ങളും പെട്ടെന്നൊരു ദിവസത്തിൽ സംഭവിക്കുന്നവ.
അച്ഛൻ അല്ലെങ്കിൽ അമ്മ എന്നത് ഒരു നീണ്ട യാത്രയുടെ
ശുഭപര്യവസാനിയാണ്. അമ്മയാകാൻ പോകുന്നു
എന്നറിയുന്ന ദിവസം മുതൽ സ്ത്രീ ഒരമ്മയായി
മാറുന്നു, മനസ്സുകൊണ്ടും ശരീരം കൊണ്ടും.
ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം രണ്ടു പേർക്കും
കൂടിയാണ്. അവൾ ചിന്തിക്കുന്നതും 
സഞ്ചരിക്കുന്നതും എല്ലാം ഉദരത്തിൽ വളരുന്ന
കുട്ടിയെ ഓർത്തുകൊണ്ട്‌ മാത്രം. കൃഷ്ണ ആ
യാത്ര ഇതുവരേയും ആസ്വതിച്ചു വരുന്നു. എനിക്ക്
അന്ന് മുതൽ കൌതുകത്തിന്റെ ലോകമാണ്.
ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ ഒട്ടേറെ
വിഷയങ്ങൾ. 9 മാസക്കാലവും ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ മനസ്സിലാക്കുക, അതൊക്കെ കൃഷ്ണയെ
കാണിച്ചു കൊടുക്കുക. കുഞ്ഞിന്റെ വളർച്ചയുടെ
പടവുകളും, എടുത്ത ടെസ്റ്റുകളുടെ വിശദ
വിവരങ്ങളും മറ്റും കൂടുതൽ മനസ്സിലാക്കാൻ
ഇന്റർനെറ്റ്‌ വീഡിയോകൾ സെർച്ചുകൾ എല്ലാം
ഒരുപാട് ഉപകരിച്ചു. മുൻപേ ഈ വഴികളിൽ
യാത്ര ചെയ്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും
സഹായിച്ചു.

അന്ന് hCG Test നടത്തിയത് മുതൽ പിന്നീടങ്ങോട്ട്
ലാബുകളിൽ ചെയ്ത Double Marker Test, Triple Screen
US Scan എല്ലാം പ്രഗ്നൻസിയുടെ കാലത്തെ  പുതിയ
അറിവുകൾ പകർന്നു തന്നു.

ഇക്കാലയളവിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ
കൊച്ചു കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.

ആദ്യമേ പറയട്ടെ; പ്രഗ്നൻസി ഒരു രോഗമല്ല എന്ന്
മനസ്സിലാക്കുക. ഈയവസ്ഥയിൽ അമ്മയുടെ
ശാരീരിക അവസ്ഥ അനുസരിച്ച് ചില കാര്യങ്ങൾക്ക്
ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അക്കാര്യങ്ങളൊക്കെ
നല്ലൊരു ഡോക്ടറിന്റെ സഹായത്തോടെ
പരിഹരിച്ചു ഓരോ ദിവസവും സന്തോഷത്തോടെ
മുൻപോട്ടു പോവുക. മറ്റുള്ളവർക്ക് സംഭവിക്കുന്ന
കാര്യങ്ങൾ നമുക്കും ഉണ്ടാകും എന്ന് ഒരിക്കലും
വിചാരിക്കരുത്. പിന്നെ "ഇതൊരു" ഇമ്മിണി ബല്ല്യ
സംബവാക്കി കാണരുത്. ശ്രദ്ധിക്കുക, അത്ര തന്നെ.
(പ്രത്യേകം സൂക്ഷിക്കണമെങ്കിൽ ഡോക്ടർ പറയും)
അല്ലാത്തവർ ഓരോ മാസവും ഓരോ ആഴ്ചയും
ഓരോ ദിവസവും ആസ്വതിക്കണം. ഭാര്യയുടെ
കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായാൽ
അവർക്ക് വല്ല്യ സന്തോഷാവും എന്ന് തോന്നുന്നു :)

ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല.
കാരണം 3 ആഴ്ചയുടെ യാത്ര ഇനിയുമുണ്ട്
ഞങ്ങൾക്ക്. ഇനിയുള്ള നാൾ വഴികളിൽ
ഈ ഭൂമിയിൽ ഞങ്ങളുടെ പിൻ തുടർച്ചയായി
ഒരു കുഞ്ഞുവാവ വരാൻ പോകുന്നതേയുള്ളൂ.
അത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ; അറിയില്ല.
ആരായാലും സന്തോഷം മാത്രം.
സ്നേഹത്തിന്റെയും നന്മയുടെയും മതം
അവൻ/അവൾ സ്വീകരിക്കട്ടെ...

ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്...


2013 ന്റെ അന്ത്യ യാമത്തിലെ കുഞ്ഞു നക്ഷത്രമാവുമോ 
അല്ലെങ്കിൽ ഒരുപക്ഷേ 2014 ന്റെ പുതുവർഷ
കിരണമാവുമോ, എന്നറിയില്ല.
ഏറ്റവും സുഖമുള്ള കാത്തിരിപ്പുമായി
ഈ ബ്ലോഗിന്റെ ഒരറ്റത്ത് ഞാനുമുണ്ട്,
കൂട്ടിനെന്റെ കൃഷ്ണയും...

November 20, 2013

കളമെഴുത്ത്


കേരളത്തിലെ ക്ഷേത്രങ്ങളിലും കൊട്ടിലുകളിലും മറ്റും
നടത്തി വരാറുള്ള ഒരനുഷ്ടാനമാണ്  കളമെഴുത്ത് പാട്ട്.
അവർണ്ണ ദൈവസങ്കൽപ്പങ്ങളെ കുടിയിരുത്തിയിട്ടുള്ള
കുടുംബ ക്ഷേത്രങ്ങളിലാണ്, കളമെഴുത്ത് പാട്ട്
സാധാരണയായി നടത്തി വരാറുള്ളത്.

ഒരു ക്ഷേത്രാനുഷ്ട്ടാനത്തിനപ്പുറം, മികവുറ്റൊരു നാടൻ
കലയായി കളമെഴുത്ത് പാട്ടിനെ കാണാമെന്നു തോന്നുന്നു.
കാരണം ചിത്രകലയിൽ അത്രമേൽ  കഴിവുള്ള
കലാകാരന്മാർക്കു മാത്രമേ ഇത് ചെയ്യാനാകൂ.
ചാണകം മെഴുകി ഒരുക്കിയ തറയിൽ, ദൈവ സങ്കല്പ്പ
രൂപങ്ങളെ, പ്രകൃതി ദത്തമായ പൊടികൾ ഉപയോഗിച്ച്
കളത്തിൽ വരച്ചതിനു ശേഷം, കളത്തിൽ
പ്രതിനിധാനം ചെയ്യുന്ന ഈശ്വര മൂർത്തിയുടെ കഥകൾ
വാഴ്ത്തിപാടി, ആ ശക്തിയെ ആവാഹിക്കുന്ന തരത്തിൽ
നടത്തുന്ന ഈ അനുഷ്ട്ടാനം അക്ഷരാർഥത്തിൽ കാഴ്ച്ചയുടെ
ഒരുത്സവം തന്നെയാണ്.

 

 
 

ഈയടുത്ത കാലത്ത് പങ്കു കൊള്ളാൻ സാധിച്ചൊരു
കളമെഴുത്ത് പാട്ടിലെ ഘട്ടം ഘട്ടമായുള്ള
ദൃശ്യങ്ങളാണ് ഞാനിവിടെ പോസ്റ്റുന്നത്.


പണ്ട് കാലത്ത് ഉയർന്ന ജാതിക്കാർക്ക് മാത്രമേ
ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നുള്ളൂ എന്ന്
നമുക്കൊക്കെ അറിയാമല്ലോ. സവർണ്ണ
ദൈവ സങ്കൽപ്പങ്ങളായ മഹാവിഷ്ണു, ശിവൻ,
ഗണപതി, ശ്രീ കൃഷ്ണൻ തുടങ്ങിയ പ്രതിഷ്ട്ടകളാണ്
അമ്പലങ്ങളിൽ ഉള്ളത്. ബ്രാഹ്മണർക്കും നമ്പൂതിരികൾക്കും
മാത്രമേ അമ്പലങ്ങളിൽ വിധി പ്രകാരം പൂജിക്കാനുള്ള
അവകാശമുള്ളൂ. താഴ്ന്ന ജാതിയിൽ പെട്ടവർ
അവർണ്ണ ദൈവ സങ്കല്പ്പങ്ങളായ കരിങ്കുട്ടി, വീരഭദ്രൻ,
ചാത്തൻ, മുത്തപ്പൻ, മുത്തി, വിഷ്ണുമായ എന്നിവരെ
തറവാട് ക്ഷേത്രങ്ങളായ കൊട്ടിലുകളിൽ പ്രതിഷ്ട്ടിച്ച്
അവരുടെ ആരാധനാ മൂർത്തികളാക്കി. തറവാട്ടിൽ
ഉള്ളവർക്ക് പൂജാദി കർമ്മങ്ങൾ ചെയ്യാം.



കലശം, വെള്ളക്കലശം, കളമെഴുത്ത് പാട്ട് തുടങ്ങിയവയാണ്
ഇത്തരം കുടുംബ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ. ഇതിൽ
കലശങ്ങൾ വർഷത്തിൽ പല തവണ നടത്തുമെങ്കിലും
കളമെഴുത്ത് പാട്ട് സാധാരണ വർഷത്തിലൊരിക്കൽ
മാത്രമേ നടത്താറുള്ളൂ. പ്രതിഷ്ട്ടിചിട്ടുള്ള ദൈവത്തിന്റെ
പ്രീതിക്കും തറവാടിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ്
ഇത്തരം ആചാരാനുഷ്ട്ടാനങ്ങൾ നടത്തുന്നത് എന്ന്
വിശ്വസിക്കുന്നു.


പ്രതിഷ്ട്ടാ മൂർത്തികൾക്ക് വേണ്ടി
അവിൽ, മലര്, ശർക്കര, പഴം, കരിക്ക്, ഇലയട, ഉണ്ണിയപം,
നെയ്യപ്പം, കള്ള്, നാടൻ കോഴി എന്നിങ്ങനെ ഒരു നീണ്ട
നിര തന്നെ നിവേദ്യമായി അർപ്പിക്കുന്നു. കളമെഴുത്ത്
പാട്ടിന്റെ ദിവസം അന്നദാനവും പതിവാണ്.



വേലന്മാർ മണ്ണാൻമാർ തുടങ്ങിയ സമുദായക്കാർക്കാണ്
കളമെഴുത്തും പാട്ടും അവതരിപ്പിക്കുന്നതിനുള്ള
അവകാശം. ചാണകം മെഴുകി ഉണക്കിയ തറയിൽ
ഉമിക്കരി, മഞ്ഞൾ പൊടി, അരിപ്പൊടി, ചുണ്ണാമ്പ്,
വാകയില പൊടിച്ചത്, എന്നിവ ഉപയോഗിച്ചാണ്
കലമെഴുത്തിലെ ദൈവക്കളം വരയ്ക്കുന്നത്.


തെങ്ങിൻ കുരുത്തോല വെട്ടിയോരുക്കിയ പന്തലും
കളമെഴുത്തിന്റെ പ്രധാന ആകർഷണമാണ്.


കുരുത്തോല പന്തലിനു താഴെ ചാണകം മെഴുകിയ
തറയിൽ ഉമിക്കരി വിതറിയോരുക്കിയ കറുത്ത
ക്യാൻവാസിലാണ് കളമെഴുത്ത് ആരംഭിക്കുന്നത്.
തെങ്ങിൻ പട്ടയുടെ ചീന്താണ് അളവുകോൽ
(സ്കെയിൽ) ആയി ഉപയോഗിക്കുന്നത്.
പ്രകൃതി ദത്തമായ വസ്തുക്കൾ മാത്രമേ
സാധാരണയായി കളമെഴുതാനായി
ഉപയോഗിക്കാറുള്ളൂ എങ്കിലും ഇവ
സമ്മേളിക്കുമ്പോൾ ഉണ്ടാകുന്ന കളത്തിന്റെ
ചാരുത അവർണ്ണനീയം തന്നെയാണ്.

 

സാധാരണയായി കളംപാട്ടിനായി എത്തുന്ന
സംഘത്തിൽ ഉള്ളവർ തന്നെയാണ് കളം
വരയ്ക്കുന്നതും. നമ്മൾ നോക്കി നിൽക്കെ
ഞൊടിയിടയിലാണ് കളമെഴുത്ത് പൂർണ്ണമാകുന്നത്.
ഓരോ ദൈവക്കളത്തിനും അതിന്റേതായ രീതിയും
ചിട്ടവട്ടങ്ങളും ഉണ്ട്. അതനുസരിച്ചുള്ള വർണ്ണങ്ങളും
എഴുത്ത് രീതികളും അവർക്ക് മനപ്പാടമാണെന്നത്
കളമെഴുത്തിന്റെ വേഗത കണ്ടാൽ നമുക്ക് മനസ്സിലാവും.


ഈ ബ്ലോഗിൽ താഴെ കൊടുത്തിട്ടുള്ള കളം
വിഷ്ണുമായയുടേതാണ്. പോത്തിന്റെ മുകളിൽ
കയറി വരുന്ന രീതിയിലാണ് ഇതിന്റെ അവലംബം.

 
 
 
 
 

രൂപങ്ങൾക്ക്‌, പ്രത്യേകിച്ച് അവയുടെ കണ്ണുകൾക്ക്‌
ജീവനുണ്ടെന്ന് തോന്നിപ്പോകും !!!

 

പോത്തിന്റെ കഴുത്തിലെ മണിയുടെ തിളക്കവും
ഷേഡിങ്ങും കണ്ടാൽ പുതുയുഗത്തിലെ
Image Processing Software കളോട് കിട പിടിക്കാൻ
പോന്നവയാണെന്ന് മനസ്സിലാവും.


അവസരം കിട്ടിയാൽ ഒരിക്കലെങ്കിലും ഈ
കലാരൂപം കാണാൻ ശ്രമിക്കണം.


ഒരു കളം പൂർണ്ണമായാൽ പിന്നെ കളത്തിലെ
ഈശ്വര സങ്കൽപ്പത്തിന് അനുസൃതമായ പാട്ട്
തുടങ്ങുകയായി. ദേവി ദേവന്മാരുടെ ജന്മം മുതൽ
ഉള്ള കഥകൾ പാട്ടിന്റെ രൂപേണ
അവതരിപ്പിക്കപ്പെടുന്നു. തറവാട്ടിലെ പുരുഷ
ജനങ്ങൾ "പാന" തുള്ളിയ ശേഷം തുള്ളൽക്കാരൻ
ദീപ ധൂപങ്ങൾ കൊണ്ട് കളം പൂജിക്കും.


പിന്നീട് പാട്ട് മുറുകുമ്പോൾ കളത്തിലെ
ഈശ്വര മൂർത്തി ആവാഹിക്കപ്പെടുകയും
തുള്ളൽക്കാരന്റെ ശരീരത്തിലേക്ക്
കലി കയറുകയും, തുടർന്ന് ഉറഞ്ഞ് തുള്ളുകയും
ചെയ്യുന്നു എന്നാണ് വിശ്വാസം.


ഒടുവിൽ കലിയുടെ മൂർദ്ധന്യത്തിൽ പന്തലിലെ
കുരുത്തോല വലിച്ചു കീറി കളം മായ്ച്ചു കളയുന്നു.
ഈ ആചാരത്തിലെ യുക്തിയും വിശ്വാസവും
എന്തുമായിക്കൊള്ളട്ടെ, ഏറെ നേരം പണിപ്പെട്ട്
ഭംഗിയിൽ തീർത്ത കളം ഒരു നിമിഷത്തിൽ മായ്ച്ചു
കളയുന്നത് കാണുമ്പോൾ വിഷമം തോന്നും.



പക്ഷേ കളം മായ്ച്ചു കളഞ്ഞ ശേഷം, നിലം
വൃത്തിയാക്കി അടുത്ത കളമെഴുത്ത് പെട്ടെന്ന്
തന്നെ തുടങ്ങുകയായി. ഇത്തരത്തിൽ മൂന്നോ
അഞ്ചോ കളങ്ങൾ ഒറ്റ രാത്രിയിൽ വരയ്ക്കും;
സന്ധ്യക്ക്‌ തുടങ്ങുന്ന ഈ ചടങ്ങുകൾ പിറ്റേ ദിവസം
പുലർച്ച വരെ നീണ്ടു നിൽക്കും. ഈ നേരമത്രയും
വർണ്ണ രേണുക്കളുടെയും പാട്ടിന്റെയും
ചെണ്ട മേളത്തിന്റെയും ഒരു പ്രത്യേക
അന്തരീക്ഷമാണവിടം. എണ്ണയിൽ കുളിച്ച
 നിലവിലക്കിലെ തിരിനാളത്തിന്റെ സുവർണ്ണ
വെളിച്ചത്തിൽ വർണ്ണ ധൂളികൾ എഴുതിയ
കളങ്ങൾ എത്ര കണ്ടാലും മതിവരില്ല, തീർച്ച.
എല്ലാം കഴിയുമ്പോൾ പാട്ട് അവതരിപ്പിക്കാൻ
വന്നവർ "കാണിപ്പാട്ട്" പാടി ദക്ഷിണയും വാങ്ങി
യാത്രയാവുന്നു.


ഇനി കാത്തിരിക്കണം; അടുത്ത കളമെഴുത്ത് പാട്ട് വരെ;
ഈ ബ്ലോഗിൽ നമുക്ക് പിരിയാം, കാണിപ്പാട്ടും പാടി...

October 19, 2013

കൊളത്തനാം പാറ



കഴിഞ്ഞ 8 വർഷത്തിനിടയിൽ പോയിട്ടുള്ള
ട്രെക്കിംഗ് യാത്രകളിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട,
അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത വനയാത്രയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.

 4 വർഷം മുൻപ് തൃശ്ശൂരിലെ മരോട്ടിച്ചാൽ എന്നൊരു
സ്ഥലം ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു.
ശേഷം ഒരുപാട് സുഹൃത്തുക്കൾ അവിടെ പോവുകയും
ആസ്വതിക്കുകയും ചെയ്തു. എന്നാൽ മരോട്ടിചാലിന്റെ
അരികിൽ തന്നെ അതിലും മനോഹരമായൊരു
വനമേഘലയും വെള്ളച്ചാട്ടവും ഉണ്ടെന്ന് അറിഞ്ഞത്
ഈയിടെയാണ്.


മനോരമയിലെ ജയിംസ് കുട്ടി കാട്ടി തന്ന,
ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത
ഈ കാനന സൗന്ദര്യം ആസ്വതിക്കാൻ എറണാകുളത്തെ
കുറച്ചു സുഹൃത്തുക്കളോടൊപ്പം ഗാന്ധിജയന്തി
ദിനത്തിൽ ഞങ്ങൾ യാത്ര തിരിച്ചു.

മണ്ണുത്തി ബൈ പാസ്സിൽ നിന്നും വെറും അര
മണിക്കൂർ യാത്ര ചെയ്തപ്പോൾ കൊളത്തനാം
പാറയിലെത്തി. വഴി മദ്ധ്യേ ആലോസരപ്പെടുത്തിയ
മഴത്തുള്ളികൾ പെട്ടെന്ന് നിലച്ചു; വനദേവതമാർ
ഞങ്ങൾക്ക് സ്വാഗതമരുളിയ പോലെ.


കാടിന്റെ സമീപ വാസിയും ഗാർഡുമായ
ലാസറേട്ടൻ വെട്ടുകത്തിയും പിടിച്ച്,
വഴികാട്ടിയായി ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ
നിൽപ്പുണ്ടായിരുന്നു. ഒരു വഴികാട്ടിയുടെ
സഹായമില്ലാതെ ഈ കാട്ടിൽ പോവുക
പ്രയാസമാണ്, കാരണം മിക്കയിടങ്ങളിലും
ഒറ്റയടി പാതകൾ പോലുമില്ല, വഴി വെട്ടി തന്നെ
പോകണം. 


 

ഇടതൂർന്ന് നിൽക്കുന്ന കൂറ്റൻ
മരങ്ങൾക്കിടയിലൂടെ കയറ്റവും ഇറക്കവും
താണ്ടി ചെറു ചോലകളുടെ തണുപ്പും നുകർന്ന്
ഞങ്ങൾ നടന്നകന്നു. ഇടയ്ക്കിടെ കാലുകളിൽ
മുൾച്ചെടികൾ മുത്തം വെയ്ക്കുന്നുണ്ടായിരുന്നു.
കുത്തിപ്പിടിച്ച് നടന്നു കയറാൻ ലാസറേട്ടൻ
ഞങ്ങൾക്ക് മരക്കൊമ്പുകൾ മുറിച്ചു തന്നു.
പലയിടങ്ങളിലും വഴിമുടക്കി വൻ മരങ്ങൾ
കുറുകെ കിടപ്പുണ്ട്, ഒന്നുകിൽ കുനിഞ്ഞു നിരങ്ങി
അല്ലെങ്കിൽ അവ ചാടിക്കടന്നു വേണം മുൻപോട്ടു
പോകാൻ.

 

ഒന്നു നടന്നു ക്ഷീണിക്കുമ്പോഴേക്കും
കാൽപാദങ്ങളെ നനപ്പിച്ച്‌ കൊണ്ട് ചെറു
ചോലകൾ നമ്മെ കടന്നു പോകും.


ഈ വനത്തിൽ എനിക്ക് പ്രത്യേകതയായി
തോന്നിയത് അവിടെക്കണ്ട കാട്ടുപൂക്കളുടെ
സമൃദ്ധിയാണ്. വിവിധയിനം കാട്ടുപൂക്കൾ
ഇടയ്ക്കിടെ നമ്മെ എത്തി നോക്കും, ഒരു
കള്ള ചിരിയോടെ !!!



ഏകദേശം 3 കിലോ മീറ്റർ ഇതുപോലെ നടന്നാൽ
ആദ്യത്തെ വെള്ളചാട്ടമെത്തും. വെള്ളം ഒഴുകി
വരുന്നിടത്ത് ഒരു ബാത്ത് ടബ്ബ് കണക്കെ പാറക്കെട്ടുകൾ
ഒരുങ്ങി നിൽക്കുന്നു. നീന്തൽ അരിയില്ലാത്തവർക്കും
യധേഷ്ട്ടം ഇവിടെ വെള്ളത്തിൽ കിടന്ന് അർമ്മാദിക്കാം...

 
 

ആദ്യത്തെ കുളി സീൻ കഴിഞ്ഞാൽ പിന്നെ കുറച്ചൊന്നു
താഴേക്കിറങ്ങി വശങ്ങളിലേക്ക് നൂർന്നിറങ്ങിയാൽ
പ്രധാന വെള്ളചാട്ടം കാണാം.

 

ആ വനപ്രകൃതിയുടെ
ഭൂമി ശാസ്ത്ര പ്രകാരം കുത്തിയൊലിച്ചു വരുന്ന
ചാട്ടത്തിന്റെ ഒരു വശം മാത്രമേ നമുക്ക്
ദൃശ്യമാവുകയുള്ളൂ. ഇവിടെ പാറക്കെട്ടുകളിൽ
ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കണം.


ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിന്റെ ഉള്ളിലേക്ക്
ഇറങ്ങി നിന്നാൽ ശരീരത്തിന് ചുറ്റുമായി
മനോഹരമായ മഴവില്ല് കാണാം !

 
 

വീണ്ടും ഒരു കുളി കഴിഞ്ഞു ഞങ്ങൾ തയ്യാറാക്കി
കൊണ്ടുപോയ ഭക്ഷണം അവിടെ വച്ചു തന്നെ
കഴിച്ചു. മണ്ണിന്റെയും വെള്ളത്തിന്റെയും
മരങ്ങളുടെയും ഗന്ധം നുകർന്ന്; ആ വനത്തിനുള്ളിൽ
പാറമേൽ ഇരുന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി
നാവിൽ നിന്നും അടുത്ത കാലത്തൊന്നും പോകാനിടയില്ല !
 

ഭക്ഷണ ശേഷം വീണ്ടും ലാസറേട്ടൻ കയ്യിലുള്ള
വെട്ടുകത്തി വീശി വഴിതെളിച്ചു കൊണ്ടിരുന്നു.
ഉടമസ്ഥനെ അനുഗമിച്ച് വരിവരിയായി പോകുന്ന
താറാവ് കൂട്ടങ്ങളെപ്പോലെ ഞങ്ങൾ അനുസരണയോടെ
ലാസറെട്ടന്റെ പിന്നാലെ വച്ച് പിടിച്ചു.


ഫ്രഷ്‌ ആനപ്പിണ്ടങ്ങളും കണ്ട് ആനകളൊന്നും ഈ
വഴി വരരുതേ എന്ന പ്രാർഥനയോടെ, വെട്ടുകത്തിയുടെ
ചാലും പിടിച്ച് തിരികെ ഇറക്കം. ഇടയ്ക്കിടെ കണ്ട
അരുവികളിൽ കാൽ കഴുകിയപ്പോൾ എല്ലാവരും
പറഞ്ഞു, "ഹോ എന്താ സുഖം".
പരൽ മീനുകളുടെ വക ഫ്രീ "ഫിഷ്‌ സ്പാ"  !!!

 
 

ഒടുവിൽ കാടിറങ്ങി തിരികെയെത്തി.
അതുവരെയും മഴ ഞങ്ങൾക്ക് വേണ്ടി മാറി
നിന്നതിനു പ്രകൃതിക്ക് നന്ദി പറഞ്ഞ് തിരികെ
പോന്നപ്പോൾ, ആരും ഇതുവരെ എത്തിപ്പെടാത്ത
ഒരു സ്ഥലം സ്വന്തമാക്കിയ സന്തോഷം എല്ലാവരുടെ
മുഖത്തും കാണാമായിരുന്നു.



ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്ന സാഹസികർക്കു
ഇവിടേയ്ക്ക് സ്വാഗതം. എന്റെ വീട്ടിൽ നിന്നും
കഷ്ട്ടി 45 മിനിറ്റ് യാത്രയേ ഉള്ളു. കൂടുതൽ
വിവരങ്ങൾ അറിയണമെന്നുള്ളവർക്ക്
പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 മണ്ണുത്തി ബൈ പാസിൽ
കുട്ടനെല്ലൂർ ഫ്ലൈ ഓവറിന്റെ അടിയിലൂടെ
പുത്തൂർ വഴി മാന്ദാമംഗലം എത്തി
അവിടെ നിന്നും നേരെയുള്ള  വഴിയിലൂടെ
വെള്ളക്കാരി തോട്-ചെന്നായ് പാറ വഴി
കൊളത്തനാം പാറയിൽ എത്തിച്ചേരാം.
(NH-47 ൽ നിന്നും 20 KM )