November 20, 2013

കളമെഴുത്ത്


കേരളത്തിലെ ക്ഷേത്രങ്ങളിലും കൊട്ടിലുകളിലും മറ്റും
നടത്തി വരാറുള്ള ഒരനുഷ്ടാനമാണ്  കളമെഴുത്ത് പാട്ട്.
അവർണ്ണ ദൈവസങ്കൽപ്പങ്ങളെ കുടിയിരുത്തിയിട്ടുള്ള
കുടുംബ ക്ഷേത്രങ്ങളിലാണ്, കളമെഴുത്ത് പാട്ട്
സാധാരണയായി നടത്തി വരാറുള്ളത്.

ഒരു ക്ഷേത്രാനുഷ്ട്ടാനത്തിനപ്പുറം, മികവുറ്റൊരു നാടൻ
കലയായി കളമെഴുത്ത് പാട്ടിനെ കാണാമെന്നു തോന്നുന്നു.
കാരണം ചിത്രകലയിൽ അത്രമേൽ  കഴിവുള്ള
കലാകാരന്മാർക്കു മാത്രമേ ഇത് ചെയ്യാനാകൂ.
ചാണകം മെഴുകി ഒരുക്കിയ തറയിൽ, ദൈവ സങ്കല്പ്പ
രൂപങ്ങളെ, പ്രകൃതി ദത്തമായ പൊടികൾ ഉപയോഗിച്ച്
കളത്തിൽ വരച്ചതിനു ശേഷം, കളത്തിൽ
പ്രതിനിധാനം ചെയ്യുന്ന ഈശ്വര മൂർത്തിയുടെ കഥകൾ
വാഴ്ത്തിപാടി, ആ ശക്തിയെ ആവാഹിക്കുന്ന തരത്തിൽ
നടത്തുന്ന ഈ അനുഷ്ട്ടാനം അക്ഷരാർഥത്തിൽ കാഴ്ച്ചയുടെ
ഒരുത്സവം തന്നെയാണ്.

 

 
 

ഈയടുത്ത കാലത്ത് പങ്കു കൊള്ളാൻ സാധിച്ചൊരു
കളമെഴുത്ത് പാട്ടിലെ ഘട്ടം ഘട്ടമായുള്ള
ദൃശ്യങ്ങളാണ് ഞാനിവിടെ പോസ്റ്റുന്നത്.


പണ്ട് കാലത്ത് ഉയർന്ന ജാതിക്കാർക്ക് മാത്രമേ
ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നുള്ളൂ എന്ന്
നമുക്കൊക്കെ അറിയാമല്ലോ. സവർണ്ണ
ദൈവ സങ്കൽപ്പങ്ങളായ മഹാവിഷ്ണു, ശിവൻ,
ഗണപതി, ശ്രീ കൃഷ്ണൻ തുടങ്ങിയ പ്രതിഷ്ട്ടകളാണ്
അമ്പലങ്ങളിൽ ഉള്ളത്. ബ്രാഹ്മണർക്കും നമ്പൂതിരികൾക്കും
മാത്രമേ അമ്പലങ്ങളിൽ വിധി പ്രകാരം പൂജിക്കാനുള്ള
അവകാശമുള്ളൂ. താഴ്ന്ന ജാതിയിൽ പെട്ടവർ
അവർണ്ണ ദൈവ സങ്കല്പ്പങ്ങളായ കരിങ്കുട്ടി, വീരഭദ്രൻ,
ചാത്തൻ, മുത്തപ്പൻ, മുത്തി, വിഷ്ണുമായ എന്നിവരെ
തറവാട് ക്ഷേത്രങ്ങളായ കൊട്ടിലുകളിൽ പ്രതിഷ്ട്ടിച്ച്
അവരുടെ ആരാധനാ മൂർത്തികളാക്കി. തറവാട്ടിൽ
ഉള്ളവർക്ക് പൂജാദി കർമ്മങ്ങൾ ചെയ്യാം.കലശം, വെള്ളക്കലശം, കളമെഴുത്ത് പാട്ട് തുടങ്ങിയവയാണ്
ഇത്തരം കുടുംബ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ. ഇതിൽ
കലശങ്ങൾ വർഷത്തിൽ പല തവണ നടത്തുമെങ്കിലും
കളമെഴുത്ത് പാട്ട് സാധാരണ വർഷത്തിലൊരിക്കൽ
മാത്രമേ നടത്താറുള്ളൂ. പ്രതിഷ്ട്ടിചിട്ടുള്ള ദൈവത്തിന്റെ
പ്രീതിക്കും തറവാടിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ്
ഇത്തരം ആചാരാനുഷ്ട്ടാനങ്ങൾ നടത്തുന്നത് എന്ന്
വിശ്വസിക്കുന്നു.


പ്രതിഷ്ട്ടാ മൂർത്തികൾക്ക് വേണ്ടി
അവിൽ, മലര്, ശർക്കര, പഴം, കരിക്ക്, ഇലയട, ഉണ്ണിയപം,
നെയ്യപ്പം, കള്ള്, നാടൻ കോഴി എന്നിങ്ങനെ ഒരു നീണ്ട
നിര തന്നെ നിവേദ്യമായി അർപ്പിക്കുന്നു. കളമെഴുത്ത്
പാട്ടിന്റെ ദിവസം അന്നദാനവും പതിവാണ്.വേലന്മാർ മണ്ണാൻമാർ തുടങ്ങിയ സമുദായക്കാർക്കാണ്
കളമെഴുത്തും പാട്ടും അവതരിപ്പിക്കുന്നതിനുള്ള
അവകാശം. ചാണകം മെഴുകി ഉണക്കിയ തറയിൽ
ഉമിക്കരി, മഞ്ഞൾ പൊടി, അരിപ്പൊടി, ചുണ്ണാമ്പ്,
വാകയില പൊടിച്ചത്, എന്നിവ ഉപയോഗിച്ചാണ്
കലമെഴുത്തിലെ ദൈവക്കളം വരയ്ക്കുന്നത്.


തെങ്ങിൻ കുരുത്തോല വെട്ടിയോരുക്കിയ പന്തലും
കളമെഴുത്തിന്റെ പ്രധാന ആകർഷണമാണ്.


കുരുത്തോല പന്തലിനു താഴെ ചാണകം മെഴുകിയ
തറയിൽ ഉമിക്കരി വിതറിയോരുക്കിയ കറുത്ത
ക്യാൻവാസിലാണ് കളമെഴുത്ത് ആരംഭിക്കുന്നത്.
തെങ്ങിൻ പട്ടയുടെ ചീന്താണ് അളവുകോൽ
(സ്കെയിൽ) ആയി ഉപയോഗിക്കുന്നത്.
പ്രകൃതി ദത്തമായ വസ്തുക്കൾ മാത്രമേ
സാധാരണയായി കളമെഴുതാനായി
ഉപയോഗിക്കാറുള്ളൂ എങ്കിലും ഇവ
സമ്മേളിക്കുമ്പോൾ ഉണ്ടാകുന്ന കളത്തിന്റെ
ചാരുത അവർണ്ണനീയം തന്നെയാണ്.

 

സാധാരണയായി കളംപാട്ടിനായി എത്തുന്ന
സംഘത്തിൽ ഉള്ളവർ തന്നെയാണ് കളം
വരയ്ക്കുന്നതും. നമ്മൾ നോക്കി നിൽക്കെ
ഞൊടിയിടയിലാണ് കളമെഴുത്ത് പൂർണ്ണമാകുന്നത്.
ഓരോ ദൈവക്കളത്തിനും അതിന്റേതായ രീതിയും
ചിട്ടവട്ടങ്ങളും ഉണ്ട്. അതനുസരിച്ചുള്ള വർണ്ണങ്ങളും
എഴുത്ത് രീതികളും അവർക്ക് മനപ്പാടമാണെന്നത്
കളമെഴുത്തിന്റെ വേഗത കണ്ടാൽ നമുക്ക് മനസ്സിലാവും.


ഈ ബ്ലോഗിൽ താഴെ കൊടുത്തിട്ടുള്ള കളം
വിഷ്ണുമായയുടേതാണ്. പോത്തിന്റെ മുകളിൽ
കയറി വരുന്ന രീതിയിലാണ് ഇതിന്റെ അവലംബം.

 
 
 
 
 

രൂപങ്ങൾക്ക്‌, പ്രത്യേകിച്ച് അവയുടെ കണ്ണുകൾക്ക്‌
ജീവനുണ്ടെന്ന് തോന്നിപ്പോകും !!!

 

പോത്തിന്റെ കഴുത്തിലെ മണിയുടെ തിളക്കവും
ഷേഡിങ്ങും കണ്ടാൽ പുതുയുഗത്തിലെ
Image Processing Software കളോട് കിട പിടിക്കാൻ
പോന്നവയാണെന്ന് മനസ്സിലാവും.


അവസരം കിട്ടിയാൽ ഒരിക്കലെങ്കിലും ഈ
കലാരൂപം കാണാൻ ശ്രമിക്കണം.


ഒരു കളം പൂർണ്ണമായാൽ പിന്നെ കളത്തിലെ
ഈശ്വര സങ്കൽപ്പത്തിന് അനുസൃതമായ പാട്ട്
തുടങ്ങുകയായി. ദേവി ദേവന്മാരുടെ ജന്മം മുതൽ
ഉള്ള കഥകൾ പാട്ടിന്റെ രൂപേണ
അവതരിപ്പിക്കപ്പെടുന്നു. തറവാട്ടിലെ പുരുഷ
ജനങ്ങൾ "പാന" തുള്ളിയ ശേഷം തുള്ളൽക്കാരൻ
ദീപ ധൂപങ്ങൾ കൊണ്ട് കളം പൂജിക്കും.


പിന്നീട് പാട്ട് മുറുകുമ്പോൾ കളത്തിലെ
ഈശ്വര മൂർത്തി ആവാഹിക്കപ്പെടുകയും
തുള്ളൽക്കാരന്റെ ശരീരത്തിലേക്ക്
കലി കയറുകയും, തുടർന്ന് ഉറഞ്ഞ് തുള്ളുകയും
ചെയ്യുന്നു എന്നാണ് വിശ്വാസം.


ഒടുവിൽ കലിയുടെ മൂർദ്ധന്യത്തിൽ പന്തലിലെ
കുരുത്തോല വലിച്ചു കീറി കളം മായ്ച്ചു കളയുന്നു.
ഈ ആചാരത്തിലെ യുക്തിയും വിശ്വാസവും
എന്തുമായിക്കൊള്ളട്ടെ, ഏറെ നേരം പണിപ്പെട്ട്
ഭംഗിയിൽ തീർത്ത കളം ഒരു നിമിഷത്തിൽ മായ്ച്ചു
കളയുന്നത് കാണുമ്പോൾ വിഷമം തോന്നും.പക്ഷേ കളം മായ്ച്ചു കളഞ്ഞ ശേഷം, നിലം
വൃത്തിയാക്കി അടുത്ത കളമെഴുത്ത് പെട്ടെന്ന്
തന്നെ തുടങ്ങുകയായി. ഇത്തരത്തിൽ മൂന്നോ
അഞ്ചോ കളങ്ങൾ ഒറ്റ രാത്രിയിൽ വരയ്ക്കും;
സന്ധ്യക്ക്‌ തുടങ്ങുന്ന ഈ ചടങ്ങുകൾ പിറ്റേ ദിവസം
പുലർച്ച വരെ നീണ്ടു നിൽക്കും. ഈ നേരമത്രയും
വർണ്ണ രേണുക്കളുടെയും പാട്ടിന്റെയും
ചെണ്ട മേളത്തിന്റെയും ഒരു പ്രത്യേക
അന്തരീക്ഷമാണവിടം. എണ്ണയിൽ കുളിച്ച
 നിലവിലക്കിലെ തിരിനാളത്തിന്റെ സുവർണ്ണ
വെളിച്ചത്തിൽ വർണ്ണ ധൂളികൾ എഴുതിയ
കളങ്ങൾ എത്ര കണ്ടാലും മതിവരില്ല, തീർച്ച.
എല്ലാം കഴിയുമ്പോൾ പാട്ട് അവതരിപ്പിക്കാൻ
വന്നവർ "കാണിപ്പാട്ട്" പാടി ദക്ഷിണയും വാങ്ങി
യാത്രയാവുന്നു.


ഇനി കാത്തിരിക്കണം; അടുത്ത കളമെഴുത്ത് പാട്ട് വരെ;
ഈ ബ്ലോഗിൽ നമുക്ക് പിരിയാം, കാണിപ്പാട്ടും പാടി...

7 comments:

Sathyavrathan PK said...

ചിത്രങ്ങള്‍ അതിമനോഹരം....
ഇതുവരെ ഒരു കളമെഴുത്ത്പാട്ട് കാണാന്‍ പറ്റിയിട്ടില്ല....

ബൈജു മണിയങ്കാല said...

മനോഹരം നന്നായി പറഞ്ഞു ഒരു അനുഷ്ടാനം കലാഭംഗിയോടെ

ajith said...

കലമെഴുതിയ ചിത്രങ്ങളൊക്കെ എന്ത് ഭംഗിയാണ്? (അനുഷ്ഠാനത്തില്‍ വിശ്വാസമില്ല)

Anu Raj said...

Kalamezhuthu kandittilla...ee article vayichappal nerittu kandathu pole thonni...really excellent both kalamezhuthu and your work

Sudheesha said...

good.....chithrangalum vivaranavum kollaam

JITHU (Sujith) said...

അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.
കളമെഴുത്ത് പാട്ടിന്റെ കാലം വീണ്ടും വരവായി,
വൃശ്ചിക മാസത്തിലാണ് ഞാൻ കണ്ട കളമെഴുത്ത് നടന്നത്.

suraj_ns said...

എല്ലാം നന്നായി വിവരിച്ചതിനു നന്ദി ചേട്ടായി... എന്റെ ഓർമ്മ വച്ച കാലം മുതൽ ഞങ്ങളുടെ വീട്ടില് അനുഷ്ട്ടിച്ചു വരുന്ന ഒന്നാണ് തോറ്റം പാട്ട്. അനുഷ്ട്ടാനങ്ങൾ അങ്ങനെ തന്നെ നിലനിൽക്കട്ടെ... അതാണ്‌ നമ്മുടെ നാടിന്റെ ഐശ്വര്യവും... പിന്നെ ചേട്ടായി... സന്ധ്യക്ക്‌ തുടങ്ങി പിറ്റേന്ന് പുലർച്ച വരെ മാത്രമല്ല ഈ തോറ്റം പാട്ട്... ചില സ്ഥലങ്ങളിൽ രണ്ടും മൂന്നും ദിവസങ്ങളുണ്ട്‌... യുവ തലമുറയ്ക്ക് കളങ്ങളോടാണ് കമ്പമെങ്കിൽ പഴയ ആളുകൾക്ക് പാട്ട് തന്നെയാണ് പ്രിയം... കലി കയറുന്ന കോമരങ്ങൾ കളം മായ്ച്ചു കലിയിറങ്ങുക മാത്രമല്ല, പകരം കാത്തിരിക്കുന്ന ഭക്തരോട് അരുളപ്പാടുമുണ്ടാകും... ഏറ്റവും പ്രത്യേകത എന്തെന്നാൽ ദേവിയുടെ കളം മാത്രമാണ് കിഴക്കോട്ടു ദർശനമായി വരക്കുക... ബാക്കിയെല്ലാ കളങ്ങളും പടിഞ്ഞാറോട്ട് ദർശനം... രണ്ട്‌ തരം കളങ്ങളാണ് എഴുതുന്നത്‌... പദ്മകളം രൂപക്കളം... ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ... ഇനി പറഞ്ഞാൽ ബോറടിക്കും... പ്രത്യേകിച്ച് അനുഷ്ട്ടാനങ്ങളിൽ വിശ്വാസമില്ലാത്തവർക്ക്...