May 23, 2011

പമ്പരം


വേനലവധിക്കാലം തീരാറായി..
കുട്ടികളെല്ലാം തന്നെ അവസാനനാളുകളിലെ ആഘോഷ തിമര്‍പ്പിലാണ് .
ടി വി യുടെയും വീഡിയോ/കമ്പ്യൂട്ടര്‍ ഗെയിമുകെളുടെയും മുന്നില്‍ നിന്നും
മാറാതെ നില്‍ക്കുന്ന കുട്ടികളുള്ള ഇക്കാലത്ത്,
പമ്പരം കറക്കി കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കിട്ടിയത്
ഒരു ഭാഗ്യമയിട്ടാണ് എനിക്ക് തോന്നിയത്.

കുറെ നാളുകളായി ഒരു "പമ്പര-ചിത്രം" തേടി ഞാന്‍ നടക്കുന്നു;
ഫ്ലോറിഡയിലുള്ള എന്റെയൊരു സുഹൃത്തിന്റെ ആഗ്രഹാവുമായിരുന്നു അത്.
അമേരിക്കയിലെ സുഹൃത്തിന് ഈയിടെ ഒരു ആണ്‍തരി ജനിച്ചപ്പോള്‍
അപ്പന്റെ പഴയകാല "പമ്പര" ഓര്‍മ്മകള്‍ നോസ്ടാല്‍ജിക്കായി തലക്കടിച്ചു കാണും :)
[അനൂപേ, ബ്ലോഗ്‌ ഞാന്‍ താങ്കള്‍ക്കും മകനും ഡെഡിക്കേറ്റ് ചെയ്യുന്നു]


എന്റെയൊക്കെ കുട്ടിക്കാലത്ത് "പമ്പരം-കൊത്ത് " എന്നൊരു "ദേശീയ ഗെയിം"
നാട്ടിലൊക്കെ പോപ്പുലര്‍ ആയിരുന്നു. പമ്പരം ചാട്ടയില്‍ ചുറ്റിയെടുത്തു താഴെ വരച്ചുവച്ച
വൃത്തത്തില്‍ ആഞ്ഞു കൊത്തും. വൃത്തം "മിസ്സ്‌" ആവുന്നവര്‍ക്ക് പമ്പരം വൃത്തത്തില്‍ തന്നെ
അടിയറവു വയ്ക്കേണ്ടതും, മറ്റു "കൊത്തുകാര്‍" അടുത്ത ഊഴങ്ങളില്‍ വൃത്തത്തില്‍ കൊത്തുന്നതിനോപ്പം
"അടിമയായ" പമ്പരത്തെ കൊത്തി തെരിപ്പിക്കുന്നതും ആയിരിക്കും.
അങ്ങനെയാണ് കളി പുരോഗമിക്കുന്നത്. പമ്പരത്തിലെ ഇന്‍-ബില്‍റ്റ് ആണി മാറ്റി
പകരം "സ്പെഷ്യല്‍" ആണി വച്ച് നമ്മുടെയൊക്കെ പമ്പരം കൊത്തിപ്പൊളിച്ച
"പുലികളെ" നിങ്ങള്‍ക്കും ഓര്‍മ്മയില്ലേ???



കാലം കടന്നു പോയപ്പോള്‍ പമ്പരവും ഇതുപോലുള്ള മറ്റു കളിക്കോപ്പുകളും
പുത്തന്‍ ഗാട്ജെറ്റുകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

May 03, 2011

അതിരാത്രം-2011



"അറിഞ്ഞുകൊണ്ട് അതിജീവിക്കുക"

പ്രപഞ്ചമെന്ന സൃഷ്ടി പ്രക്രിയയുടെ സൂക്ഷ്മാക്ഷരങ്ങള്‍ കൊണ്ടാണ്
വേദങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്.
വേദങ്ങള്‍ പ്രകൃതിയുടെ ശാസ്ത്രവും ധര്‍മ്മത്തിന്റെ ശ്രോതസ്സുമാണ്.
അതിന്റെ പൊരുള്‍ അറിഞ്ഞവന് മാത്രമേ "ഞാനും ഞാനല്ലാത്തതിന്റെയും"
എന്ന വ്യത്യാസം ഇല്ലാതാവുന്നുള്ളൂ.
ഈ സൂക്ഷ്മ മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിലേക്ക് ആവാഹിച്ചുണര്‍ത്തിയ അഗ്നിയില്‍
അനുഷ്ട്ടാന നിഷ്ട്ടയോടുള്ള സമര്‍പ്പണം
പ്രകൃതിയുടെ അദൃശ്യ ധമനികളെ ഊര്‍ജസ്വലമാക്കുമെന്ന് മഹര്‍ഷിമാര്‍ കണ്ടെത്തി.
അവരതിനെ യാഗമെന്ന് പേര്‍ ചൊല്ലി.
അതിരാത്രം ഏഴു വിധം സോമയാഗങ്ങളില്‍ ഒന്നാണ്.


ആചാരാനുഷ്ട്ടാനങ്ങള്‍ കൊണ്ട് പുകള്‍കൊണ്ട ഭാരതത്തില്‍
അതിരാത്രത്തിന് വേദിയോരുങ്ങിയത് നമ്മുടെ കേരളത്തിലെ,
എന്റെ സ്വന്തം നാടായ തൃശ്ശിവപേരൂരിലാണ്.
ഒരു മനുഷ്യായുസ്സില്‍ വല്ലപ്പോഴും മാത്രമേ ഇത്തരമൊരു മഹായാഗത്തിന് സാക്ഷ്യം
വഹിക്കാന്‍ കഴിയുകയുള്ളൂ.
35 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അതിരാത്രം കൂടി അരങ്ങേറി,
തൃശൂരിലെ, യാഗങ്ങളുടെ യജ്ഞ ഭൂമിയായ പാഞ്ഞാല്‍ എന്ന ഗ്രാമത്തിലെ,
ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം. (ഏപ്രില്‍ 4 മുതല്‍ 15 വരെ )

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഏതുമില്ലാതെ പ്രകൃതിയുടെ ഉണര്‍വിനും
മനുഷ്യ നന്മക്കും വേണ്ടിയാണ് അതിരാത്രം നടത്തുന്നത് എന്ന സത്യമാണ്
എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന ഭാരതീയ
ദര്‍ശനം തന്നെയാണ് ഇവിടെ ഉദ്ഘോഷിക്കുന്നത്. "അറിഞ്ഞുകൊണ്ട് അതിജീവിക്കുക്ക"
എന്നൊരു ആശയവും നമുക്ക് പകര്‍ന്നു തരുന്നു ഈ അതിരാത്രം.


12 ദിവസം നീണ്ടു നിന്ന അതിരാത്രത്തിന് ആ ഗ്രാമം മുഴുവന്‍ ആതിഥ്യമരുളി.
ഗരുഡ ചിതിയിലെ യാഗാഗ്നിയും പ്രവര്‍ഗ്യവും എല്ലാം അതിരാത്രം കാണാനെത്തിയ
ലക്ഷങ്ങള്‍ക്ക് ആദ്യാനുഭവമായിരുന്നു. അതിരാത്രത്തിലെ ചില ആചാരങ്ങളും
ചടങ്ങുകളും നമ്മില്‍ കൌതുകമുണര്‍ത്തും. ദിവസവും രാവിലെ 3 മണി മുതല്‍ രാത്രി 11 വരെ
നീളുന്ന ചടങ്ങില്‍ നിരവധി ഋത്വിക്കുകള്‍ അണിചേരും. അക്കിത്തിരിപ്പാടും യാഗത്തിന്റെ
യജമാനനും യജമാനത്തിയും എല്ലാം അതിരാത്ര ചടങ്ങുകളുടെ ഭാഗമാണ്. ഓരോരുത്തര്‍ക്കും
അവരുടെതായ പ്രത്യേക സ്ഥാനമാനങ്ങളുണ്ട്.

യാഗത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന
സാമഗ്രികള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അവയെല്ലാം കണക്കനുസരിച്ച് വിവിധ മരങ്ങളില്‍
കൊത്തിയെടുത്തവയാണ്. മണ്പാത്രങ്ങളും മണ്ണില്‍ തീര്‍ത്ത കിണ്ടിയുമെല്ലാം നമ്മില്‍
കൌതുകമുണര്‍ത്തും.
യജ്ഞ വേദിയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.


ഒടുവിലീ യാഗശാല തന്നെ അഗ്നിക്കിരയാക്കി അതിരാത്രം സമാപിക്കുന്നു.
യാഗത്തിന്റെ യജമാനന്‍ അതിരാത്രത്തിന്റെ ആത്മാവും, യാഗശാല ശരീരവും
ആണെന്നാണ്‌ പ്രമാണം. അതുകൊണ്ടാണ് യാഗാന്ത്യം യജമാനനാകുന്ന
ആത്മാവില്ലാതാകുന്നതോടെ യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നത്.
അനുഗ്രഹവര്‍ഷം പോലെ മഴത്തുള്ളികള്‍ യാഗഭൂവിലേക്ക് വര്‍ഷിക്കുന്നത്
അതിരാത്ര വിജയവും പുണ്യവുമാണെന്നും കരുതപ്പെടുന്നു.


ഇനിയൊരു അതിരാത്രം എന്നാണുണ്ടാവുക എന്ന് പറയുക വയ്യ.
ഈയിടെ ഒരു പത്രത്തില്‍ വായിച്ചു, മൂകാംബിക ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചു
2013 ല്‍ പാഞ്ഞാളില്‍ വച്ച് തന്നെ അടുത്ത അതിരാത്രം നടന്നേക്കും എന്ന്.
എന്തായാലും നമുക്ക് കാത്തിരിക്കാം,
വേദ മന്ത്രങ്ങളുടെ ആവര്‍ത്തനത്തില്‍, ഗരുഡ ചിതിയില്‍
മനുഷ്യ-നന്മയുടെ അഗ്നി തെളിയുന്നതും കാത്ത്...


April 13, 2011

തുളസിത്തറ


ഈ തുളസിത്തറയില്‍ എന്നും തിരി തെളിയിക്കുന്ന ഒരമ്മക്കിളിയുണ്ട്...
എന്നോ എവിടെയോ ജോലിതെടിപ്പോയ ഒരു മകന്റെ തിരിച്ചുവരവും കാത്ത്
ഉരുകുന്ന നെഞ്ചിലെ ചിരാതില്‍,
കാത്തിരിപ്പിന്റെ തിരി തെറുത്തിട്ട് എന്നും ദീപം തെളിയിക്കുന്ന ഒരമ്മ.


ഈ മേടം പിറക്കുമ്പോള്‍, ഒരേയൊരുണ്ണി പോയിട്ട് എത്ര വര്‍ഷമായെന്ന്
ഈയമ്മക്ക് നിശ്ചയമില്ല. ആ കുടിലില്‍ അമ്മയെ തനിച്ചാക്കി
തീവണ്ടി കയറി പോകുമ്പോള്‍ വേഗം പോയി വരാമെന്നൊരു വാക്ക് കൊടുത്തിരുന്നു...

ഓരോ വിഷുക്കാലം വന്നെത്തുമ്പോഴും സ്നേഹത്തിന്റെ കണിയൊരുക്കി,
അമ്മയ്ക്കുള്ള വിഷുക്കൈ നീട്ടവുമായി വന്നെത്തുന്ന മകന്റെ വരവും കാത്തിരുന്നു.
പക്ഷേ അമ്മയും ഈ തുളസിത്തറയും തനിച്ചായി...
വീടിനു മുന്നിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയിലും;
ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു തിരിച്ചുവരുന്ന
മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു ഈ അമ്മ...


വീണ്ടുമൊരു മേടം വന്നെത്തുമ്പോള്‍; കാത്തിരിപ്പിന്റെ വേനലറുതിക്കൊടുവില്‍
ഈയമ്മയുടെ മനസ്സിന്റെ നനുത്ത ചില്ലകളും പൂക്കുകയാണ് ,
പ്രതീക്ഷകളുടെ ഒരായിരം കണിക്കൊന്നപൂക്കള്‍...

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
വിഷു ആശംസകള്‍...

April 01, 2011

തെല്ലിക്കല്‍ നൈറ്റ്സ്




പറമ്പിക്കുളത്തെക്കുള്ള ഒരു വനയാത്രയാണ് ഈ ബ്ലോഗ്‌.

കാട്ടില്‍ പോകാനും ട്രെക്കിങ്ങിനും നമുക്കെല്ലാം ഇഷ്ട്ടമല്ലേ, അപ്പോള്‍ ഒരു രാത്രി
വനത്തിനകത്ത്‌ താമസിക്കാന്‍ കൂടി ഒരവസരം കിട്ടിയാലോ !
ഇങ്ങനെയൊരു യാത്ര നിങ്ങളുടെ സ്വപ്നത്തിലുണ്ടോ?
എങ്കില്‍ കേരള വനം വകുപ്പിന്റെ "തെല്ലിക്കല്‍ നൈറ്റ്സ് " എന്ന പാക്കേജ് എടുത്ത്
പറമ്പിക്കുളത്തെക്ക് വിട്ടോളൂ.

വനത്തിനകത്തെക്ക് കയറാന്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്, താമസമൊരുക്കി സന്ദര്‍ശകരെ ക്ഷണിക്കുന്ന
ഒരു പാക്കേജാണ് "തെല്ലിക്കല്‍ നൈറ്റ്സ്". പാലക്കാട് ജില്ലയിലെ, തമിഴ്നാട്
ബോര്‍ടറിനടുത്തുള്ള പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് വനമേഘലയിലാണ് ഈ
സൌകര്യമുള്ളത്. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് ഒരു രാത്രി ഇവിടെ
ചിലവഴിക്കാവുന്നത്. 4000 രൂപയാണ് ഈ താമസത്തിന്റെ ചെലവ് (5 പേര്‍ക്ക് ).
മുന്‍കൂട്ടി ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുമതി നേടുകയും അഡ്വാന്‍സ് ആയി
2000 രൂപയുടെ DD എടുത്ത് അയക്കുകയും വേണം.
(കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ബ്ലോഗിന്റെ അവസാനം നോക്കുക)


ഇനി യാത്രയെ കുറിച്ച് പറയാം.
ഞാന്‍ ജോലി ചെയ്യുന്ന ഇന്‍ഫോ പാര്‍ക്കില്‍ നിന്നും നാല് സുഹൃത്തുക്കളോടൊപ്പം
കൊച്ചിയില്‍ നിന്നും, തൃശൂര്‍ വഴി പാലക്കാട് എത്തി അവിടെ നിന്നും കൊല്ലങ്കോട് വഴി
പൊള്ളാച്ചി റൂട്ടിലൂടെ കടന്ന് ആനമല വഴി ടോപ്‌ സ്ലിപ്പിലെത്തി.

അവിടെ നിന്നും പറമ്പിക്കുലത്തെകുള്ള വഴി കാര്‍ യാത്ര കുറച്ചു പ്രയാസമാണ്.
പറമ്പിക്കുളം കേരളത്തില്‍ ആണെങ്കിലും അവിടെ എത്താന്‍ റോഡ്‌ മാര്‍ഗം
ഇല്ലാത്തതിനാല്‍ നമുക്ക് കുറച്ചു ദൂരം തമിഴ് നാടിനെ ആശ്രയിക്കണം.
രണ്ടു ചെക്ക്പോസ്റ്റുകള്‍ കടന്ന് പറമ്പിക്കുളത്ത് എത്തിച്ചേരാം. ദിവസം 30
വാഹങ്ങള്‍ മാത്രമേ അവിടേക്ക് കടത്തി വിടൂ.

11 മണിയോടെ ഞങ്ങള്‍ പറമ്പിക്കുളത് എത്തി.
ചെക്ക്‌ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്ത് പാക്കജിന്റെ മുഴുവന്‍ തുകയും അടച്ചു.
യാത്രയെ കുറിച്ചും താമസത്തെ പറ്റിയും ഒക്കെ അവിടെയുള്ള ഫോറെസ്റ്റ്
ഓഫീസര്‍മാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കൂടെ സഹായത്തിനായി രണ്ടു
ഗൈഡ് മാരെയും ഏര്‍പാടാക്കി. അവിടെയുള്ള "മലസര്‍" എന്ന
ആദിവാസി സമുദായത്തില്‍ പെട്ടവരായിരുന്നു അവര്‍, ആദനും ശിവകുമാറും.

കുറച്ചു ദൂരം കൂടി മാത്രമേ വാഹനത്തിന് അനുമതിയുള്ളൂ. പോകും വഴിയെ ഞങ്ങള്‍
"കന്നിമാര " എന്ന തേക്കുമരം കാണാന്‍ പോയി; ലോകത്തിലെ ഏറ്റവും വലിയ
തേക്ക് മരം ! അവിടെയുള്ളവര്‍ ദൈവിക പരിവേഷം നല്‍കിയിട്ടുള്ള ആ മരത്തിനു
പിന്നില്‍ പല കഥകളുമുണ്ട്. എന്തായാലും, മരം മുറിച്ചു വിറ്റുതുലക്കാന്‍ വേണ്ടി പണ്ട്
ഇവിടെയെത്തിയ സായിപ്പിന് ഈ മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു.


കന്നിമാര വിശേഷങ്ങള്‍ കേട്ട ശേഷം യാത്ര തുടര്‍ന്നു. മൃഗങ്ങളെ കാണാന്‍
സാധ്യതയുള്ള സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ആദന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞങ്ങളെ വരവേറ്റത് ചെറിയൊരു ആനകൂട്ടമായിരുന്നു. അതിലൊരു കുറുമ്പന്‍
ഞങ്ങളുടെ പച്ച കാറിനെ ലക്‌ഷ്യം വച്ച് നീങ്ങിയപ്പോള്‍ "തോമാസുട്ടി, വിട്ടോടാ"
എന്നും പറഞ്ഞു വേഗം "സ്കൂട്ടായി".


കാട്ടാനകളുടെയും കാട്ടു പോത്തിന്റെ കൂട്ടത്തിന്റെയും ദര്‍ശന പുണ്യം
കഴിഞ്ഞ് ഞങ്ങള്‍ പറമ്പിക്കുളം കവലയിലെത്തി. സത്യന്‍ അന്തിക്കാടിന്റെ
പഴയകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവല. അടുത്തു ഒരു
കിലോമീറ്റര്‍ അകലെയായി പറമ്പിക്കുളം ഡാം സന്ദര്‍ശിച്ചു. പിന്നീട്
ഭക്ഷണ ശേഷം, അന്ന് വൈകിട്ട് പാചകം ചെയ്ത് കഴിക്കാനുള്ള സാധനങ്ങള്‍
വാങ്ങി. കുറച്ചു കൂടി യാത്ര ചെയ്ത് ഞങ്ങള്‍ കാര്‍ ഒരിടത്ത് പാര്‍ക്ക്‌ ചെയ്തു.
വനാതിര്‍ത്തിയില്‍ നിന്നും ഇനിയുള്ള ദൂരം കാല്‍നടയായി പോകണം.


ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ "ആദന്‍" തെളിച്ച
വഴി-വരമ്പിലൂടെ കാടിനകത്തേക്ക് യാത്രയായി. കയ്യില്‍ വെട്ടുകത്തിയുമായി
മുമ്പേ നടക്കുന്ന ശിവകുമാര്‍ കാടിന്റെ രസങ്ങള്‍ പകര്‍ന്നു തന്നു. കാട്ടു പന്നികള്‍
നാണം കുണുങ്ങി ഞങ്ങളെ കാണുന്നതിനു മുന്‍പേ എവിടെയോ പോയോളിച്ചു.
കാട്ടുകോഴികളും മലയണ്ണാനുകളും മരമുകളില്‍ ഒച്ചവക്കുന്നുണ്ടായിരുന്നു.


ഏകദേശം 8 കിലോമീറ്റര്‍ നടന്നപ്പോള്‍ ഞങ്ങള്‍ കാടിന്റെ ഉള്ളിലെത്തി.
അവിടെയാണ് തെല്ലിക്കല്‍ ബംഗ്ലാവ് അഥവാ "പന്തെര ഡെന്‍" എന്ന വീട്.
ആന വരാതിരിക്കാന്‍ കുഴിച്ച കിടങ്ങിനു മുകളിലെ ചെറു പാലത്തിലൂടെ ആ
വീടിന്റെ മുന്‍പിലെത്തി.



പണ്ട് സായിപ്പിന്റെ കാലത്ത് കാടിനുള്ളില്‍ അവര്‍ നിര്‍മ്മിച്ച
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് (IB) ആണ് തെല്ലിക്കല്‍ പാക്കേജില്‍ നമുക്ക് താമസിക്കാന്‍
തരുന്നത്. രണ്ടു മുറികളും അടുക്കളയുമുള്ള ഈ ബംഗ്ലാവില്‍ വൈദ്യുതിയോ മറ്റു
സൌകര്യങ്ങളോ ഇല്ല. IB യുടെ മുന്‍വശത്ത്‌ കുറച്ചകലെയായി ഒരു വയലും തടാകവും ഉണ്ട്.
കുളിക്കാനായി അടുത്ത് തന്നെ ഒരു ആറുണ്ട് . കിടക്കാനുള്ള ബെഡ് ഷീറ്റും മറ്റും IB യില്‍ ലഭിക്കും.
ടോയിലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഈ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും


ബാഗും മറ്റും മുറിയില്‍ വച്ച ശേഷം കാട്ടാറില്‍ കുളിച്ചു "ഫ്രഷ്‌" ആയി.കുറച്ചു ദൂരത്തുള്ള
തടാകത്തില്‍ മ്ലാവുകളും വേട്ട പട്ടികളും വന്നുപോയി കൊണ്ടിരുന്നു. പട്ടികള്‍
കൂട്ടത്തോടെയാണ് വരുന്നത് കണ്ടത്, അവ വന്നതും പാവം മ്ലാവുകള്‍ ഓടി രക്ഷപ്പെട്ടു.
രാത്രി ആയതോടെ മൃഗങ്ങളുടെ കണ്ണുകള്‍ മാത്രം ഇരുട്ടിന്റെ തിരശീലയില്‍
മിന്നി മറഞ്ഞുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന ബൈനോകുലറുകള്‍ ഇരുട്ടില്‍
ഉപയോഗ ശൂന്യമായപ്പോള്‍ ഇന്‍ഫ്ര റെഡ് ബൈനോകുലര്‍ ഉണ്ടായിരുന്നെങ്കില്‍
എന്നാശിച്ചു പോയി.

ഇന്ത്യന്‍ കാടുകളില്‍ കടുവകളെ കാണുക എന്നത് വളരെ വിരളമാണ്. കണക്കു പ്രകാരം
അവിടെ മുപ്പതോളം കടുവകള്‍ ഉണ്ടെങ്കിലും അവയെ നേരില്‍
കാണണമെങ്കില്‍ മഹാ ഭാഗ്യം തന്നെ വേണം. എങ്കിലും രാത്രിയുടെ
മറവില്‍ ഞങ്ങള്‍ കാത്തിരുന്നു; പക്ഷെ നിരാശയായിരുന്നു ഫലം.

ഒടുവില്‍ "നിരീക്ഷണ" മേഘലയില്‍ നിന്നും പിന്‍വാങ്ങി തെല്ലിക്കലെത്തി.
ആദനും ശിവകുമാറും അപ്പോഴേക്കും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡി ആക്കിയിരുന്നു.
ചുട്ടെടുത്ത ചപ്പാത്തിയും ഇറച്ചിക്കറിയും കഴിച്ച്,
കാടിനെ വിറപ്പിക്കുന്ന തണുപ്പിനുമേല്‍ പകല്‍ കണ്ട കാഴ്ചകളുടെ രസത്തിന്റെ
ഓര്‍മ്മയുടെ പുതപ്പും വലിച്ചു നീട്ടി ഞങ്ങള്‍ നിദ്രയിലാണ്ടു.
കാതുകള്‍ അപ്പോഴും രാത്രിയില്‍ വന്നെത്താന്‍ കൊതിച്ച ജീവികളുടെ
ശബ്ദവും കാതോര്‍ത്ത് ഉറങ്ങാതെയിരുന്നു...

പിറ്റേ ദിവസം രാവിലെ ആറിനെഴുന്നേറ്റു വീണ്ടും കാട്ടിലൂടെ നടന്നു.
കാഴ്ചകള്‍ അവസാനിച്ചപ്പോള്‍ ഉച്ചയാകുമ്പോഴേക്കും കറക്കം മതിയാക്കി കാടിറങ്ങി.


യാത്ര എങ്ങനെ ബുക്ക്‌ ചെയ്യാം ?

ഫോറെസ്റ്റ് ഓഫീസുമായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
+91 9442201690, +91 4253 245025

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ് സൈറ്റ് നോക്കാം.
www.parambikulam.കോം

എങ്ങിനെ ഇവിടെ എത്തി ചേരാം ?

കൊച്ചിയില്‍ നിന്നും ഏകദേശം 220 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

കൊച്ചിയില്‍ നിന്നും അങ്കമാലി വഴി (NH-47) തൃശൂരിലെ മണ്ണുത്തി ബൈ പാസ്സില്‍ എത്തുക.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കാടിനടുത്തെ വടക്കഞ്ചേരിയിലെത്തി
വലത്തോട്ട് തിരിഞ്ഞ് കൊല്ലങ്കോട്‌ എത്തി അവിടെ നിന്നും
പൊള്ളാച്ചി വഴിയിലേക്ക് തിരിയുക. പൊള്ളാച്ചി എത്തുന്നതിനു മുന്‍പായി
ആനമല യിലേക്ക് തിരിഞ്ഞ് ടോപ്‌ സ്ലിപ്പില്‍ എത്തുക. അവിടെ നിന്നും വലത്തോട്ട്
തിരിഞ്ഞ് നേരെ പറമ്പികുളത്തേക്കു എത്തിച്ചേരാം.

കയ്യില്‍ കരുതേണ്ടവ.

സാധാരണ ഒരു യാത്ര പോകുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാട്ടിലേക്കുള്ള യാത്ര.
അതിനാല്‍ ഇത്തരം യാത്രകളില്‍ കുറച്ചു കാര്യങ്ങള്‍ കയ്യില്‍ കരുതിയാല്‍ നന്നായിരിക്കും.
1. മാപ് , ഒരു കോമ്പസ് (ദിശ അറിയാനായി).
2. ഗ്രൂപ്പിലെ എല്ലാവരും വെള്ളം കരുതുക.
3. ടോര്‍ച്, മെഴുകുതിരി, ലൈറ്റര്‍.
4. സ്വിസ് നൈഫ് (കത്തി) , കയര്‍.
5. ഫസ്റ്റ് എയിഡ് ബോക്സ്‌.
6. അട്ട ഉള്ള ഇടമാണെങ്കില്‍ മഞ്ഞള്‍പ്പൊടിയും, പുകയിലയും കരുതുക.

March 20, 2011

ആനക്കൊട്ടില്‍





തൃശ്ശൂരിലെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ്
ഇവിടെ.

ക്ഷേത്രത്തിനെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്ര
ചെയ്‌താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്തിച്ചേരാം.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം
അറുപതോളം ഗജവീരന്മാരുണ്ട് ഈ ആനത്താവളത്തില്‍.

പണ്ട് പുന്നത്തൂര്‍ രാജവംശരുടെ കൊട്ടാരമായിരുന്ന ഈ 60 ഏക്കര്‍ സ്ഥലം
1970 മുതല്‍ ദേവസ്വത്തിന്റെ കീഴിലാണ്. കൊട്ടാരത്തിന് പുറമേ ഇവിടെ
പുരാതനമായൊരു ക്ഷേത്രവും ഉണ്ട്; ശിവനും ഭഗവതിയുമാണ്‌ പ്രതിഷ്ഠ.
ഈ ക്ഷേത്രാങ്കണത്തിന്റെ സമീപത്തായിരുന്നു പണ്ട് ഈ ആനകളെയെല്ലാം
പാര്‍പ്പിചിരുന്നതത്രേ[ഇന്നത്തെ ശ്രീവത്സം]. പിന്നീട് ദേവസ്വം പുന്നത്തൂര്‍ കോട്ട
ഏറ്റെടുത്തപ്പോള്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍
ഘോഷയാത്രയുടെ അകമ്പടിയോടെ എല്ലാ ആനകളെയും ഇവിടേയ്ക്ക്
കൊണ്ട് വരികയായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.


ദേവസ്വത്തിന്റെ ആനകളെ പരിപാലിക്കുന്നതിനും സുഖചികിത്സക്കും മറ്റുമായി
ഒരുക്കിയിട്ടുള്ളതാണ് ഈ ആനക്കൊട്ടില്‍, എങ്കിലും സന്ദര്‍ശകര്‍ക്ക് ആനകളെ
കാണാനും അവയെ ചട്ടം പഠിപ്പിക്കുന്ന ആനക്കൊട്ടില്‍ കാണാനും ഇവിടെ
സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാതിഭേദമന്യേ ഏവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാനാകും.


പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സ്വാഭിമാനത്തിന്റെ "എയര്‍" പിടിച്ചു നില്കാറുള്ള
ആനകളെ മാത്രം കണ്ടിട്ടുള്ള നമുക്കൊക്കെ, ഇവിടുത്തെ ആനകളുടെ ചേഷ്ട്ടകള്‍
ചിരിയുണര്‍ത്തും. ഒത്താലൊരു ആനക്കുളിയും കാണാം !


പനം പട്ടട എടുത്തെറിഞ്ഞു കളി തമാശകള്‍ കാണിക്കുന്ന കുട്ടി കൊമ്പന്മാര്‍
മാത്രമല്ല, മദം ഇടകിത്തുടങ്ങിയ ആനകളും അവയെ മെരുക്കുന്ന പാപ്പാന്മാരെയും
ഇവിടെ കാണാം. ആരോഗ്യമൊക്കെ ക്ഷയിച്ച് അവശന്മാരായ
വയസ്സന്‍ ആനകളും ഇവിടെയുണ്ട്. ഓരോ ആനകളെയും പരിപാലിക്കാന്‍
പ്രത്യേകം ആളുകളെയും ദേവസ്വം നിയമിച്ചിട്ടുണ്ട്.


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒരിക്കലും ഈ ആനക്കൊട്ടില്‍
കാണാതെ മടങ്ങരുത്. കാരണം ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായി എല്ലാവരും
മഹിമയൂര്‍ (മമ്മിയൂര്‍) മഹാദേവ ക്ഷേത്രത്തിലും എത്താറുണ്ട്,
അവിടെ നിന്നും വളരെ അടുത്താണ് പുന്നത്തൂര്‍ കോട്ട.

എങ്ങനെ ഇവിടെ എത്തിച്ചേരാം?

തൃശൂരില്‍ നിന്നും ഗുരുവായൂരിലെത്തി (30 കിലോമീറ്റര്‍) ,
വടക്ക് ഭാഗത്തേക്ക് തിരിഞ്ഞു 3 കിലോമീറ്റര്‍ അകലെയാണ്
പുന്നത്തൂര്‍ കോട്ട അഥവാ ആനത്താവളം.
ഗുരുവായൂരില്‍ നിന്നും പ്രൈവറ്റ് ബസ്സിലോ ഓട്ടോ റിക്ഷയിലോ
ഇവിടെ എത്തിച്ചേരാം.

March 14, 2011

ഊഞ്ഞാല്‍




ശീതീകരിച്ച മുറിക്കുള്ളിലെ ജോലിത്തിരക്കിനിടയിലും
അവളുടെ മനസ്സ് പറന്നു ചെന്നെത്തിയിരുന്നത്
ബാല്യത്തിലെ തേന്മാവിന്‍ കൊമ്പത്തായിരുന്നു...
തൊടിയിലെ മാവിന്‍ കൊമ്പിലെ മാമ്പൂ മണമേറ്റ്
ഊഞ്ഞാല്‍ ആടാന്‍ കൊതിച്ച അവള്‍ പക്ഷെ
തിരക്കുപിടിച്ച നഗരത്തിലെതണലില്ലാ കെട്ടിടങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പകച്ചു നിന്നു...
എല്ലാ സൌഭാഗ്യങ്ങളും അവള്‍ക്കവിടെ കിട്ടുമ്പോഴും
മനസ്സിലെ ആര്‍ദ്രമായ, മോഹങ്ങളുടെ ചിത്രശലഭങ്ങള്‍
ഒരിടം കിട്ടാതെ കാറ്റില്‍ പറന്നകലുകയായിരുന്നു...

കുട്ടിക്കാലം മുതല്‍ക്കേ അവള്‍ക്കൊപ്പം
സ്വപ്നങ്ങളുടെ കളിവീടു തീര്‍ത്ത കൂട്ടുകാരനും
അങ്ങകലെ തോട്ടരികിലായി ഓണ്‍ലൈന്‍ ചരടിന്റെ
അങ്ങേ അറ്റത്ത്‌ തണുത്ത ഒരു കുബിക്കിളില്‍
ഗൃഹാതുരതയുടെ ചരടില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയാണ്...


ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെ ആണല്ലേ?
നാം തുഴയുന്ന ദിശയില്‍ ആ തോണി പോകാറില്ല.
അല്ലെങ്കില്‍ മനസ്സാഗ്രഹിക്കാത്ത ഒരു കരയില്‍ അതടുക്കും.
എന്തായാലും വിധിയെ പഴിക്കാതെ ചെന്നിടത്തു നമുക്ക്
സന്തോഷമായിരിക്കാന്‍ ശ്രമിക്കാം. കാരണം
നൊസ്ടാല്‍ജിയയും സ്വപ്നങ്ങളും മാത്രമല്ലല്ലോ ജീവിതം..
ഒരുവേള മനസ്സിലെ ഇഷ്ടങ്ങളുടെ ഊഞ്ഞാലില്‍ ഒരാട്ടം കഴിഞ്ഞ്
യാഥാര്‍ത്ത്യങ്ങളിലേക്ക് നമുക്ക് മടങ്ങിയെത്താം...

February 23, 2011

മുള്‍വേലി


മുളയുടെ മുള്ളും ചെറിയ ചില്ലകളും കൊണ്ട് മിര്‍മ്മിക്കുന്ന വേലി കണ്ടിട്ടുണ്ടോ നിങ്ങള്‍?
പറമ്പിന്റെയും തൊടിയുടെയും അതിരു തിരിക്കാന്‍ പണ്ടുകാലം മുതലേ
ഇതുപോലുള്ള വേലികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കാറുള്ളത്.
നഗര വാസികള്‍ക്ക് ഒരുപക്ഷെ ഇതൊരു അപൂര്‍വ്വ കാഴ്ചയായിരിക്കാം.

പണ്ട് കാലത്ത് ഇത്തരം വേലികള്‍ നിര്‍മ്മിക്കാന്‍ മാത്രം ആളുകള്‍
ഉണ്ടായിരുന്നു. വളരെ അടുക്കത്തോടെ ചെറു ചില്ലകള്‍ മുളയിലകളോട്
ചേര്‍ത്ത് വച്ച് ഇവ ഉണ്ടാക്കാന്‍ തന്നെ നല്ല പ്രാവീണ്യം വേണം.
മുളയുടെ ചെറിയ മുള്ളുകളും ഉള്ളത് കൊണ്ട് ഈ വേലി
ചാടി കടക്കുക എന്നത് അത്ര എളുപ്പമല്ല. വീടിന്റെ അതിര്‍ത്തിയില്‍
സുരക്ഷക്കായി ഇതായിരുന്നു പണ്ടത്തെ മാര്‍ഗം.

കാലപ്പഴക്കത്തില്‍ മുള്‍വേലികള്‍ കോണ്‍ക്രീറ്റ് മതിലുകള്‍ക്ക് വഴിമാറിക്കൊടുത്തു.
എങ്കിലും ചില നാട്ടില്‍ പുറങ്ങളില്‍ ഇപ്പോഴും ഇത്തരം വേലികള്‍ കാണാം.
തൃശ്ശൂരിലെ വല്ലച്ചിറ ഗ്രാമത്തില്‍ നിന്നുള്ളതാണീ കാഴ്ച !


"മനുഷ്യമനസ്സുകളില്‍ വിഭാഗീയ ചിന്തകളുടെ
മതിലുകള്‍ തീര്‍ക്കുന്ന ഇക്കാലത്ത് ;
സ്നേഹത്തില്‍ നിന്നും നന്മയില്‍ നിന്നും
നമ്മുടെയൊക്കെ ഉള്‍ക്കാഴ്ച്ചയെ മറയ്ക്കുന്ന
എല്ലാ മതിലുകളും മുള്‍വേലികളും
നമുക്ക് വേണ്ടെന്നു വയ്ക്കാം.
അതിരുകളേതുമില്ലാത്ത;
സ്നേഹത്തിന്റെ ഒറ്റപ്പറമ്പായി മാറുന്ന ഒരുദിനം
നമുക്ക് സ്വപ്നം കാണാം..."