March 14, 2011

ഊഞ്ഞാല്‍




ശീതീകരിച്ച മുറിക്കുള്ളിലെ ജോലിത്തിരക്കിനിടയിലും
അവളുടെ മനസ്സ് പറന്നു ചെന്നെത്തിയിരുന്നത്
ബാല്യത്തിലെ തേന്മാവിന്‍ കൊമ്പത്തായിരുന്നു...
തൊടിയിലെ മാവിന്‍ കൊമ്പിലെ മാമ്പൂ മണമേറ്റ്
ഊഞ്ഞാല്‍ ആടാന്‍ കൊതിച്ച അവള്‍ പക്ഷെ
തിരക്കുപിടിച്ച നഗരത്തിലെതണലില്ലാ കെട്ടിടങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പകച്ചു നിന്നു...
എല്ലാ സൌഭാഗ്യങ്ങളും അവള്‍ക്കവിടെ കിട്ടുമ്പോഴും
മനസ്സിലെ ആര്‍ദ്രമായ, മോഹങ്ങളുടെ ചിത്രശലഭങ്ങള്‍
ഒരിടം കിട്ടാതെ കാറ്റില്‍ പറന്നകലുകയായിരുന്നു...

കുട്ടിക്കാലം മുതല്‍ക്കേ അവള്‍ക്കൊപ്പം
സ്വപ്നങ്ങളുടെ കളിവീടു തീര്‍ത്ത കൂട്ടുകാരനും
അങ്ങകലെ തോട്ടരികിലായി ഓണ്‍ലൈന്‍ ചരടിന്റെ
അങ്ങേ അറ്റത്ത്‌ തണുത്ത ഒരു കുബിക്കിളില്‍
ഗൃഹാതുരതയുടെ ചരടില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയാണ്...


ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെ ആണല്ലേ?
നാം തുഴയുന്ന ദിശയില്‍ ആ തോണി പോകാറില്ല.
അല്ലെങ്കില്‍ മനസ്സാഗ്രഹിക്കാത്ത ഒരു കരയില്‍ അതടുക്കും.
എന്തായാലും വിധിയെ പഴിക്കാതെ ചെന്നിടത്തു നമുക്ക്
സന്തോഷമായിരിക്കാന്‍ ശ്രമിക്കാം. കാരണം
നൊസ്ടാല്‍ജിയയും സ്വപ്നങ്ങളും മാത്രമല്ലല്ലോ ജീവിതം..
ഒരുവേള മനസ്സിലെ ഇഷ്ടങ്ങളുടെ ഊഞ്ഞാലില്‍ ഒരാട്ടം കഴിഞ്ഞ്
യാഥാര്‍ത്ത്യങ്ങളിലേക്ക് നമുക്ക് മടങ്ങിയെത്താം...