August 14, 2012

കഥക്ക്

 
 

നൃത്തരൂപങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയം കഥക്ക്  കാണാനാണ്. കാരണം,
നൃത്തകലയെപ്പറ്റി അധികമൊന്നും അറിയാത്ത എനിക്ക്  എത്രനേരം കണ്ടാലും
മതിവരാത്ത കലാരൂപമാണ്‌ കഥക്. കേരളത്തില്‍ അധികമൊന്നും കഥക് നൃത്തം അരങ്ങേറാറില്ലെങ്കിലും എവിടെയെങ്കിലും കഥക് ഉണ്ടെന്നറിഞ്ഞാല്‍ കാണാന്‍
ഒരു ശ്രമം ഇപ്പോഴും നടത്താറുണ്ട്‌. അത്തരത്തിലൊരു ശ്രമത്തിന്റെ ഭാഗമായി,
കഴിഞ്ഞ മാസം തൃശൂരില്‍ അവതരിപ്പിച്ച കഥക് നൃത്തം കാണാനുള്ള അവസരം
ലഭിച്ചു.


"നവനീതം" കലാസമിതിയുടെ ആഭിമുഖ്യത്തില്‍, മണ്‍സൂണ്‍ ഡാന്‍സ്
ഫെസ്ടിവലിന്റെ  ഭാഗമായി തൃശ്ശൂര്‍ റീജണല്‍ തിയ്യേറ്ററില്‍ ആയിരുന്നു കഥക്
അരങ്ങേറിയത്. ഇതുവരെ ഒരു കഥക് നൃത്തം ലൈവ് ആയി കണ്ടിട്ടില്ല എന്ന്
എന്റെ ശ്രീമതി പറഞ്ഞപ്പോള്‍, പിന്നെ വൈകിച്ചില്ല, നേരെ വിട്ടു റീജണല്‍
തിയ്യേറ്ററിലേക്ക്; എന്റെ ഒരു ടീച്ചറും കൂടെ ഉണ്ടായിരുന്നു.
ഒരു തൃശ്ശൂര്‍ക്കാരനായിട്ടും ആദ്യമായിട്ടാണ് ഞാനവിടെ പോകുന്നത്.
എത്ര ഭംഗിയായിട്ടാണ് തിയ്യേറ്ററും പരിസരവും, കേരള സംഗീത നാടക അക്കാദമി
പരിപാലിചിരിക്കുന്നത് എന്ന് എടുത്തു പറയാതെ വയ്യ. ഒരു തൃശ്ശൂര്‍ക്കാരന്‍ എന്നതില്‍
എനിക്കഭിമാനം തോന്നി !

 
ഇനി അവിടെ കണ്ട കഥക് നൃത്തത്തെപ്പറ്റി പറയാം. ഉത്തര ഇന്ത്യക്കാരി
കുമാരി പൂജ പന്ത് ആയിരിന്നു കഥക് നൃത്തവേദിയില്‍ അരങ്ങത്ത്.

കഥക് നൃത്തത്തെപ്പറ്റി നമുക്കറിയാം; ഉത്തരേന്ത്യയിലെ ഉത്തര്‍ പ്രദേശില്‍ രൂപം കൊണ്ട
ഈ നൃത്ത കലാരൂപം പണ്ട് ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു അരങ്ങേറിയിരുന്നത്‌.
കഥക് എന്നത് ഒരു സംസ്കൃത പദമാണ് ; "കഥ പറയുക" അല്ലെങ്കില്‍
"കഥ പറയുന്നയാള്‍" എന്നൊക്കെയാണ് ഇതിനര്‍ത്ഥം.
കഥപറഞ്ഞു നൃത്ത ചുവടുകള്‍ വച്ച് അവതരിപ്പിച്ചു തുടങ്ങിയ ഈ കലാരൂപം
ഇന്ന് ഏറെ പരിണമിച്ച് ലോകമാകെ പ്രശസ്തി നേടിയിരിക്കുന്നു.

 
 
 
 
ചടുലമായ നൃത്ത ചുവടുകള്‍ തന്നെയാണ് കഥക്കിന്റെ ഭംഗി, കാല്‍ ചിലമ്പിന്റെ
വേഗത്തില്‍ നര്‍ത്തികിയുടെ മനസ്സിനൊപ്പം കനക മുദ്രകളും, പിന്നെ 
ഒട്ടനവധി ചുറ്റിത്തിരിയലുകളും, ഭാവാഭിനയവും  ഒടുവില്‍ പ്രതീക്ഷിക്കാതെ വന്നെത്തുന്ന
നിശ്ചലതയും... ഇതൊക്കെ കൂടി നമ്മെ നൃത്തത്തിന്റെ മറ്റൊരു മാസ്മര
ലോകത്തേക്ക് കൊണ്ട് പോകും കഥക് . 


ഇടവേളകളില്‍ നര്‍ത്തകി തന്നെ,അവതരിപ്പിക്കുന്ന നൃത്ത ഭാഗത്തെപ്പറ്റി
വിവരിച്ചു തരും എന്നതും ഈ കലയെ കൂടുതല്‍ ജനകീയമാക്കുന്നു.സാധാരണയായി, സാവധാനത്തില്‍ തുടങ്ങി പതിയെ പതിയെ ചടുല
താളത്തിലേക്ക് എത്തുന്ന രീതിയാണ് കഥകില്‍ അനുവര്‍ത്തിച്ചു പോരുന്നത്
കണ്ടിട്ടുള്ളത്. "തുക്ര" , "തോട" എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്നു
കഥക് നൃത്തം. വളരെ ഹ്രസ്വമായ നൃത്തത്തെ തുക്ര എന്നും, ദീര്‍ഘ നേരം എടുത്തു
ചെയ്യുന്ന നൃത്തത്തെ തോട എന്നും പറയുന്നു. കാല്‍ ചുവടിനു മാത്രം
പ്രാധാന്യം നല്‍കിയുള്ള ഇനങ്ങളും പ്രത്യേകമായുണ്ട്. വന്ദന, താട്ട് , സലാമി,
പരന്‍, ലാറി, തിഹായി എന്നിങ്ങനെ ഒട്ടനവധി രീതിയിലും കഥക് അവതരിപ്പിക്കുന്നു.തബല, സിത്താര്‍, ഹാര്‍മോണിയം, ബാസുരി, സന്തൂര്‍, സാരംഗി മുതലായവയാണ്
സംഗീത വിഭാഗത്തില്‍ ഉപകരണങ്ങള്‍. കഥക് പഠനത്തിന്റെ സര്‍വ്വകലാശാല
അഥവാ "ഖരാന" എന്നറിയപ്പെടുന്ന മൂന്ന് പ്രാദേശിക വിഭാഗങ്ങള്‍ ഉണ്ട്.
ജയ് പൂര്‍, ലക്ക്നൌ, ബനാറസ് എന്നിവയാണ് ആ മൂന്നു ഖരാനകള്‍. കഥക്
ആവിര്‍ഭവിച്ച പ്രദേശത്തിന്റെ രീതികള്‍ അനുസരിച്ച് ഈ ഖരാനകളും ഇവിടുത്തെ
കഥക് നൃത്തശൈലിയും വ്യത്യസ്തമാണ്.


നിങ്ങള്‍ ഇതുവരെ ഒരു കഥക് നൃത്തം നേരിട്ട് കണ്ടിട്ടില്ലെങ്കില്‍ ഇനിയൊരവസരം
പാഴാക്കരുത്. സത്യത്തില്‍ നമ്മുടെ നാട്ടിലൊക്കെ ഇത്തരത്തിലുള്ള കലാരൂപങ്ങള്‍
കാണാന്‍ എത്രയെത്ര അവസരങ്ങളാണ്, അവ കാണാനുള്ള ചിലവും കുറവാണ്.
മിക്കവാറും കേരളത്തിലെ നൃത്ത-കലാ പ്രദര്‍ശനങ്ങള്‍ സൌജന്യമായിരിക്കും.
പുറംനാടുകളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കൊക്കെ വലിയ തുക നല്‍കിയാല്‍
മാത്രമേ കാണാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്. 


മൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഏറണാകുളത്തു വച്ച് "ധരണി" കലോത്സവത്തില്‍
കണ്ടൊരു കഥക്കിനെക്കുറിച്ച് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ടായിരുന്നു. 
ആ ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 വളരെ നാളുകള്‍ക്കു ശേഷം അതിലെ ചിത്രങ്ങള്‍ കണ്ടു എന്നെ ഒരു സുഹൃത്ത്‌
പരിചയപ്പെട്ടു. എന്നെന്റെ നല്ല സുഹൃത്തുകളില്‍ ഒരാളാണ് അവര്‍.
കഥക് ആണ് അവരുടെ ജീവിതം. മലയാളം അറിയില്ലെങ്കിലും, 
മലയാളത്തിലുള്ള ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഞാനാ സുഹൃത്തിനു ഡെഡിക്കേറ്റ്
ചെയ്യുന്നു. ഒപ്പം ദേശങ്ങള്‍ കടന്നു വന്ന്, കലക്കും കലാകാരനും അതിര്‍വരമ്പുകള്‍
ഒന്നും തന്നെയില്ല എന്ന് വിളിച്ചു പറഞ്ഞ കഥക് എന്ന നൃത്തരൂപം ഇനിയും
ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.2 comments:

kusumam said...

Its very nice to read your blog aftr a long time...keep writing... I wish watch this kadhak...how or where can I?

JITHU (Sujith) said...

Thanks Kusumam, for visiting CHINTHA.
There will be DHARANI Kalotsavam at Fine Arts Hall, Ernakulam every year. I think it is in October-November month. In Thrissur also there are shows, but all very rare. I will inform you if I came to know. Pls gimme your number or call me @ 09847956600