August 13, 2012

മാവേലിക്കൊരു കത്ത്

ബ്ലോഗിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇതൊരു കത്താണെന്ന് കരുതണ്ട ട്ടോ.
പക്ഷെ കത്തെഴുത്തിന്റെ ആ പഴയ കാലത്തെ ഓര്‍ക്കുവാനും, മലയാളത്തിലുള്ള
എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും ഞങ്ങള്‍ കുറച്ചു പേര്‍ നടത്തുന്ന ചെറിയൊരു
ശ്രമം: "മാവേലിക്കൊരു കത്ത് "

വീണ്ടും ഒരോണക്കാലം വരവായി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഓണാഘോഷങ്ങളും
മത്സരങ്ങളും നടത്തുന്ന കാലം. വളരെ ലളിതമായി എല്ലാവര്‍ക്കും പങ്കെടുക്കാവുന്നൊരു
മത്സരം ഞങ്ങളുടെ ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോഴാണ്
ഈയൊരു ആശയം മനസ്സിലുദിച്ചത്, "മാവേലിക്കൊരു കത്ത് " !


അവസാനമായി നിങ്ങള്‍ എന്നാണ് ഒരു കത്തെഴുതിയത് എന്നോര്‍മ്മയുണ്ടോ?
നമ്മളില്‍ പലരും ഒരുപാട് നാളായിക്കാണും ഒരു കടലാസില്‍ മലയാളം എഴുതിയിട്ട്.
കുട്ടികള്‍ക്ക് പലര്‍ക്കും തപാല്‍ ആപ്പീസില്‍ പോയി ഒരു കത്ത് അയക്കാന്‍ ശീലമുണ്ടാവില്ല.
കാലം പുരോഗമിച്ചു, ആശയവിനിമയത്തിന് കൂടുതല്‍ എളുപ്പമായ മാര്‍ഗങ്ങള്‍
സര്‍വ്വ സാധാരണമായി. ഇന്‍ലാന്റും പോസ്റ്റ്‌ കവറും പഴഞ്ചന്‍ ഏര്‍പ്പാടായി,
വിശേഷങ്ങള്‍ എഴുതി മറുപടിക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യമിന്നില്ല.
എല്ലാം ശരി തന്നെ. പക്ഷെ വല്ലപ്പോഴെങ്കിലും നിനചിരിക്കാതെ ഒരു സ്നേഹിതന്റെ
കത്ത് നമ്മെ തേടി വന്നാല്‍ നമുക്കെത്ര സന്തോഷമായിരിക്കും അല്ലെ?
പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തെഴുതുന്നതിന്റെ സുഖവും ത്രില്ലും ഒന്ന് വേറെ തന്നെ.

ഈയൊരു അനുഭവം എല്ലാവരിലും എത്തിക്കാന്‍, കുറച്ചു നേരെത്തെക്കെങ്കിലും
ആ പഴയ കാലത്തിലേക്ക്, ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകാന്‍ പറ്റിയ അവസരം
ഈ ഓണക്കാലം തന്നെയാണ് . അവിടെയാണ് "മാവേലിക്കൊരു കത്ത്" എന്ന
കത്തെഴുത്ത് മത്സരത്തിന്റെ പ്രസക്തി.

ഓണനാളില്‍ പ്രജകളെ കാണാന്‍ വന്നെത്തുന്ന മാവേലിയോട് നിങ്ങള്‍ക്ക്
എന്താണ് പറയാനുള്ളത്... അന്തൊക്കെ വിശേഷങ്ങളാണ് അറിയിക്കാനുള്ളത്...
എന്തൊക്കെ കാര്യങ്ങളാണ് ചോദിക്കാനുള്ളത്....?
ഓണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മകളും, ഓണത്തുമ്പികള്‍ പോലെ പാറി നടന്ന
പ്രണയവും, വിരഹവും പ്രവാസികളുടെ ഓണവും ... അങ്ങനെ എല്ലാം
നിങ്ങള്‍ക്ക് ഇവിടെ വിഷയമാക്കാം. എല്ലാം, നിങ്ങളുടെ ഭാവനയനുസരിച്ച്
കത്തിന്റെ രൂപത്തില്‍ മാവേലിക്ക് എഴുതുക.
ഈ മേല്‍വിലാസത്തില്‍ അയച്ചു തരിക.

"മാവേലിക്കൊരു കത്ത് "
സെക്രട്ടറി, നേതാജി വായനശാല,
P. O. കോനികര , തൃശൂര്‍ 680 306 



കത്തിന്റെ പുറകില്‍ അയക്കുന്നയാളിന്റെ പൂര്‍ണ്ണ മേല്‍വിലാസവും നമ്പരും
എഴുതാന്‍ മറക്കില്ലല്ലോ. തിരഞ്ഞെടുക്കപ്പെടുന്ന കത്തുകള്‍ക്ക് സമ്മാനങ്ങള്‍
ലഭിക്കുന്നതാണ്.

ഈ മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം,
പ്രായവും അറിവും ഒരു പരിധിയല്ല. പുതിയ ഗാട്ജെറ്റുകള്‍ പരീക്ഷിക്കുന്ന
അതേ കൌതുകത്തോടെ, വ്യത്യസ്തമായൊരു കാര്യം ചെയ്യാനുള്ളോരു
മനസ്സ് വേണമെന്ന് മാത്രം. അത് നമുക്കെല്ലാം ഉണ്ടെന്നറിയാം;
അത് കൊണ്ട് തന്നെയാണ് ഈ മത്സരത്തിലേക്ക് ഒത്തിരി കത്തുകള്‍
വരുന്നത്.

ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാവരും ഇത് ഒരു രസമായി എടുത്തിരിക്കുന്നു.
പലര്‍ക്കും ഇന്‍ലാന്റ് മടക്കാനറിയില്ല, അതില്‍ സ്റ്റാമ്പ്‌ ഒട്ടിക്കണോ വേണ്ടയോ
എന്നറിയില്ല. വായനശാലയില്‍ വന്ന് കുട്ടികള്‍ ഇതെല്ലം മനസ്സിലാക്കി
ഇതില്‍ പങ്കെടുക്കുന്നു. മുതിര്‍ന്നവരും കത്തുകള്‍ എഴുതി അയക്കുന്നുണ്ട്.
വായനശാലയുടെ സെക്രട്ടറി ആയ എനിക്ക് ഇന്നലെ വന്നൊരു കത്ത്
അറുപതു വയസ്സ് കഴിഞ്ഞ ഒരപ്പൂപ്പന്റെ ആയിരുന്നു, വളരെ സന്തോഷം തോന്നി.
വായനശാല പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ഈ പേരില്‍ കത്തുകള്‍ വന്നിട്ടുണ്ട്.

കുറച്ചു പേരെയെങ്കിലും ഈ എഴുത്തിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍
ഞാന്‍ സന്തുഷ്ട്ടനായി. ഇനിയും കൂടുതല്‍ ആളുകള്‍ കത്തുകള്‍ എഴുതി അയക്കും എന്ന്
പ്രതീക്ഷിക്കുന്നു. ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കും കത്തുകള്‍ അയക്കാം. ഞങ്ങളുടെ ഈ
മത്സരത്തില്‍ ഭാഗമായില്ലെങ്കിലും നിങ്ങളും ഒരു കത്തെഴുതുക. നിങ്ങള്‍ക്ക് പ്രിയപ്പെട്ട
ആര്‍ക്കെങ്കിലും. എന്നിട്ട് മറുപടിയും കാത്തിരിക്കുക; തീര്‍ച്ചയായും അതൊരു
വേറിട്ട അനുഭവമായിരിക്കും.

കത്തെഴുത്തിനെ കുറിച്ച് വളരെ നാള്‍ മുന്‍പ് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
(അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക.)  അന്ന് മുതല്‍ ഞാനീ ശീലം
തുടര്‍ന്ന് പോകുന്നുണ്ട്. ഈയൊരു ആശയം രണ്ടോ മൂന്നോ പേര്‍ക്ക് പകര്‍ന്നു
കൊടുക്കാനായത്തിന്റെ സന്തോഷവും ചെറുതല്ല. നിങ്ങളും എഴുതുക, പഴയ സുഹൃത്തുകളുടെ
മേല്‍വിലാസം തേടിപ്പിടിച്ച്...

1 comment:

kusumam said...


Sujith, u r remembering all our pasts.. I miss my old days while am reading this...