May 03, 2011

അതിരാത്രം-2011



"അറിഞ്ഞുകൊണ്ട് അതിജീവിക്കുക"

പ്രപഞ്ചമെന്ന സൃഷ്ടി പ്രക്രിയയുടെ സൂക്ഷ്മാക്ഷരങ്ങള്‍ കൊണ്ടാണ്
വേദങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്.
വേദങ്ങള്‍ പ്രകൃതിയുടെ ശാസ്ത്രവും ധര്‍മ്മത്തിന്റെ ശ്രോതസ്സുമാണ്.
അതിന്റെ പൊരുള്‍ അറിഞ്ഞവന് മാത്രമേ "ഞാനും ഞാനല്ലാത്തതിന്റെയും"
എന്ന വ്യത്യാസം ഇല്ലാതാവുന്നുള്ളൂ.
ഈ സൂക്ഷ്മ മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിലേക്ക് ആവാഹിച്ചുണര്‍ത്തിയ അഗ്നിയില്‍
അനുഷ്ട്ടാന നിഷ്ട്ടയോടുള്ള സമര്‍പ്പണം
പ്രകൃതിയുടെ അദൃശ്യ ധമനികളെ ഊര്‍ജസ്വലമാക്കുമെന്ന് മഹര്‍ഷിമാര്‍ കണ്ടെത്തി.
അവരതിനെ യാഗമെന്ന് പേര്‍ ചൊല്ലി.
അതിരാത്രം ഏഴു വിധം സോമയാഗങ്ങളില്‍ ഒന്നാണ്.


ആചാരാനുഷ്ട്ടാനങ്ങള്‍ കൊണ്ട് പുകള്‍കൊണ്ട ഭാരതത്തില്‍
അതിരാത്രത്തിന് വേദിയോരുങ്ങിയത് നമ്മുടെ കേരളത്തിലെ,
എന്റെ സ്വന്തം നാടായ തൃശ്ശിവപേരൂരിലാണ്.
ഒരു മനുഷ്യായുസ്സില്‍ വല്ലപ്പോഴും മാത്രമേ ഇത്തരമൊരു മഹായാഗത്തിന് സാക്ഷ്യം
വഹിക്കാന്‍ കഴിയുകയുള്ളൂ.
35 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അതിരാത്രം കൂടി അരങ്ങേറി,
തൃശൂരിലെ, യാഗങ്ങളുടെ യജ്ഞ ഭൂമിയായ പാഞ്ഞാല്‍ എന്ന ഗ്രാമത്തിലെ,
ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം. (ഏപ്രില്‍ 4 മുതല്‍ 15 വരെ )

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഏതുമില്ലാതെ പ്രകൃതിയുടെ ഉണര്‍വിനും
മനുഷ്യ നന്മക്കും വേണ്ടിയാണ് അതിരാത്രം നടത്തുന്നത് എന്ന സത്യമാണ്
എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന ഭാരതീയ
ദര്‍ശനം തന്നെയാണ് ഇവിടെ ഉദ്ഘോഷിക്കുന്നത്. "അറിഞ്ഞുകൊണ്ട് അതിജീവിക്കുക്ക"
എന്നൊരു ആശയവും നമുക്ക് പകര്‍ന്നു തരുന്നു ഈ അതിരാത്രം.


12 ദിവസം നീണ്ടു നിന്ന അതിരാത്രത്തിന് ആ ഗ്രാമം മുഴുവന്‍ ആതിഥ്യമരുളി.
ഗരുഡ ചിതിയിലെ യാഗാഗ്നിയും പ്രവര്‍ഗ്യവും എല്ലാം അതിരാത്രം കാണാനെത്തിയ
ലക്ഷങ്ങള്‍ക്ക് ആദ്യാനുഭവമായിരുന്നു. അതിരാത്രത്തിലെ ചില ആചാരങ്ങളും
ചടങ്ങുകളും നമ്മില്‍ കൌതുകമുണര്‍ത്തും. ദിവസവും രാവിലെ 3 മണി മുതല്‍ രാത്രി 11 വരെ
നീളുന്ന ചടങ്ങില്‍ നിരവധി ഋത്വിക്കുകള്‍ അണിചേരും. അക്കിത്തിരിപ്പാടും യാഗത്തിന്റെ
യജമാനനും യജമാനത്തിയും എല്ലാം അതിരാത്ര ചടങ്ങുകളുടെ ഭാഗമാണ്. ഓരോരുത്തര്‍ക്കും
അവരുടെതായ പ്രത്യേക സ്ഥാനമാനങ്ങളുണ്ട്.

യാഗത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന
സാമഗ്രികള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അവയെല്ലാം കണക്കനുസരിച്ച് വിവിധ മരങ്ങളില്‍
കൊത്തിയെടുത്തവയാണ്. മണ്പാത്രങ്ങളും മണ്ണില്‍ തീര്‍ത്ത കിണ്ടിയുമെല്ലാം നമ്മില്‍
കൌതുകമുണര്‍ത്തും.
യജ്ഞ വേദിയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.


ഒടുവിലീ യാഗശാല തന്നെ അഗ്നിക്കിരയാക്കി അതിരാത്രം സമാപിക്കുന്നു.
യാഗത്തിന്റെ യജമാനന്‍ അതിരാത്രത്തിന്റെ ആത്മാവും, യാഗശാല ശരീരവും
ആണെന്നാണ്‌ പ്രമാണം. അതുകൊണ്ടാണ് യാഗാന്ത്യം യജമാനനാകുന്ന
ആത്മാവില്ലാതാകുന്നതോടെ യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നത്.
അനുഗ്രഹവര്‍ഷം പോലെ മഴത്തുള്ളികള്‍ യാഗഭൂവിലേക്ക് വര്‍ഷിക്കുന്നത്
അതിരാത്ര വിജയവും പുണ്യവുമാണെന്നും കരുതപ്പെടുന്നു.


ഇനിയൊരു അതിരാത്രം എന്നാണുണ്ടാവുക എന്ന് പറയുക വയ്യ.
ഈയിടെ ഒരു പത്രത്തില്‍ വായിച്ചു, മൂകാംബിക ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചു
2013 ല്‍ പാഞ്ഞാളില്‍ വച്ച് തന്നെ അടുത്ത അതിരാത്രം നടന്നേക്കും എന്ന്.
എന്തായാലും നമുക്ക് കാത്തിരിക്കാം,
വേദ മന്ത്രങ്ങളുടെ ആവര്‍ത്തനത്തില്‍, ഗരുഡ ചിതിയില്‍
മനുഷ്യ-നന്മയുടെ അഗ്നി തെളിയുന്നതും കാത്ത്...


1 comment:

TranquilMind said...

Your posts are so refreshing great...