May 31, 2010

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന് .
ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ നമ്മളും
സൂക്ഷിച്ചു വച്ചിരുന്നു ജൂണ്‍ ഒന്ന് എന്നൊരു ദിവസം.
സ്കൂള്‍ തുറക്കുന്ന ദിവസം...
നല്ലൊരു അവധിക്കാലത്തിന്റെ മധുരം നുണഞ്ഞു ഉറങ്ങാന്‍ കിടന്ന
കുട്ടികളൊക്കെ ഉണര്‍ന്നെനീട്ടത്‌ പുതിയ ക്ലാസ്സിലെ
അധ്യയന ദിവസത്തിന്റെ ഫസ്റ്റ്ബെല്‍ കേട്ടായിരുന്നു.
ആദ്യ ദിവസം സ്കൂളില്‍ പോകാന്‍ മിക്കവര്‍ക്കും ഉത്സാഹമായിരിക്കും;
പുതിയ ക്ലാസിലേക്ക് ജയിച്ചു വന്നതിന്റെ സന്തോഷവും, പുത്തനുടുപ്പും,
പുതുമണം മാറാത്ത വരകളിട്ട പുസ്തകങ്ങളും...
ചിലര്‍ക്ക് Std-VI ഡിവിഷന്‍ A യില്‍ നിന്നും Std-VII ക്ലാസ്സ്‌ B യിലേക്ക്
മാറ്റിയത്തിലുള്ള പരിഭവവും കാണും, പഴയ കൂട്ടുകാരൊക്കെ
നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് !

ഈ സന്തോഷങ്ങള്‍ക്കിടയിലും നമ്മള്‍ അന്നൊക്കെ കാണാതെപോയ
നൊമ്പരങ്ങളും ഉണ്ടായിരുന്നു...
കൊല്ലവര്‍ഷ പരീക്ഷയില്‍ തോറ്റവരുടെയും; പിന്നെ
സ്കൂളിലേക്ക് വരാനും പുത്തനുടുപ്പിനും പുസ്തകത്തിനും
അച്ഛനമ്മമാരുടെ കയ്യില്‍ പണമില്ലാത്ത കൂട്ടുകാരുടെയും...
അവര്‍ക്കുമുണ്ടായിരുന്നില്ലേ നമ്മളെപ്പോലെ പ്രതീക്ഷകള്‍...

(Photo from Net)

കൂട്ട് കൂടിയും കളിപറഞ്ഞും കളിച്ചും-ചിരിച്ചും പഠിച്ചും
നടന്നിരുന്ന വിദ്യാലയ ജീവിതം...
സുഖ-ദുഃഖ സമ്മിശ്രങ്ങളായ ആ ദിനങ്ങള്‍ ഓര്‍ക്കാനെങ്കിലും
ഒരു രസമുണ്ടല്ലേ?...
ഇന്ന് മുതല്‍ കരഞ്ഞും ചിരിച്ചും സ്കൂളിലേക്ക് പോകുന്ന കുട്ടികളിലൂടെ
നമുക്കാ ദിനങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാം...

ആദ്യാക്ഷരങ്ങളുടെ ചാറ്റല്‍മഴ തുള്ളികള്‍ നുകരാന്‍
നനുത്ത പ്രതീക്ഷകളുടെ വര്‍ണ്ണക്കുടകള്‍ പിടിച്ചു
വിദ്യാലയത്തിന്റെ പടികയറുന കുരുന്നുകള്‍ക്ക്
എല്ലാ നന്മകളും നേരാം...
അറിവിന്റെ പെരുമഴക്കാലം തന്നെ
അവരെത്തേടിയെത്തട്ടെ...


2 comments:

വിക്രമാദിത്യൻ said...

touching...:)) good one.

Anoop said...

പതിവുപോലെ ജൂണ്‍ മാസത്തിന്‍റെ വരവറിയിച്ചുകൊണ്ട് ഇവിടെയും രാവിലെ മഴ പെയ്തുതുടങ്ങി. ഇറയത്തുഇറ്റുവീഴുന്ന മഴതുളികള്‍ പോലെ ഓര്‍മ്മകള്‍. ആദ്യത്തെ തുള്ളികള്‍ ദേഹത്ത്തട്ടുമ്പോള്‍ ഉണ്ടാകുന്ന കുളിര്‍മ്മ പോലെ അവ മനസ്സിലേക്ക് കിനിഞ്ഞിറങ്ങി. ചിലര്‍ക്ക് അത് കണ്ണുനീരിന്റെ തുള്ളികള്‍ ആകാം. ഇലായ്മകളുടെ കണ്ണുനീര്‍. നമ്മള്‍ ഒരു കൈ നീട്ടിയാല്‍ അവരും കണ്ണുനീര്തുടച്ചു പുഞ്ചിരിക്കും. സുജിത്തിനും കൂട്ടുകാര്‍ക്കും എല്ലാ ആശംസകളും...