February 05, 2010

മഷിപേന


"മനസ്സിലെ ആര്‍ദ്രമായ അക്ഷരത്തുള്ളികള്‍
കൈവിരല്‍ തുമ്പിലെ മഷിപേനയിലൂടെ നമുക്ക്
പുസ്തകതാളുകളിലേക്ക് പകര്ത്തിയെഴുതാം...

ഇന്നലെകളിലെ യാത്രയിലെ വഴിയോരക്കാഴ്ചകളില്‍
എവിടെയോ കണ്ടുമറന്ന
എഴുത്തിന്റെ വസന്തകാലം വീണ്ടും നമുക്ക് കൊണ്ടുവരാം..."



ഇന്ന് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ പഴയ ആ മഷിപേന ?
മഷിക്കുപ്പിയില്‍നിന്നും ഫില്ലര്‍ ഉപയോഗിച്ച് പേനയുടെ വയറു നിറയെ
മഷി നിറച്ചു, എഴുതാനൊക്കെ നമുക്കിന്നു എവിടുന്നാല്ലേ സമയം?
കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, ഏറെ വര്‍ഷങ്ങള്‍ക്കപ്പുറം
മഷിപേനയെ പറ്റി കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊരു കൌതുകം തോന്നും !
ആ ഒരു "ആശ" തീര്‍ക്കാനായിട്ടാ ഞാനും ഈ പേന മേടിച്ചത്.
അപ്പൊ പിന്നെ അതിന്റെ പടമെടുത്തു ഇവിടെ പോസ്റ്റാം എന്നുകരുതി.


സ്കൂള്‍ കഴിഞ്ഞതില്പിന്നെ നമ്മള്‍ ആരുംതന്നെ മഷിപേന കൊണ്ടെഴുതിക്കാണില്ല.
മഷിപേന കൊണ്ടെഴുതിയാല്‍ കൈയ്യക്ഷരം നന്നാവുമെന്നാ പറയുക !
സ്കൂളില്‍ മലയാളം പഠിപ്പിച്ച വാസുദേവന്‍ സര്‍ ഒരിക്കല്‍ എന്നെക്കൊണ്ട്
"രണ്ടുവരി കോപ്പി" എഴുതിച്ചു, കൈയ്യക്ഷരം നന്നാവാന്‍ വേണ്ടി; ഒടുവില്‍
എന്റെ എഴുത്തുകണ്ട് ഇങ്ങനെ പറഞ്ഞു, "ഇതിപ്പോ മഷിക്കുപ്പിയില്‍ വീണ
എട്ടുകാലി പുസ്തകത്തിലൂടെ നടന്ന പോലെ ഉണ്ടല്ലോ ടാ...".


ഇന്നിപ്പോള്‍ ബോള്‍ പെന്നും ജെല്‍ പെന്നുമൊക്കെ വളരെ തുച്ചമായ വിലയില്‍
ലഭ്യമായതോടെ മാഷിപ്പെനയെ നമ്മള്‍ പാടെ മറന്നു.
ചിന്തിക്കാറുണ്ടോ, ഏതെങ്കിലും പേനകൊണ്ട് നമ്മളൊക്കെ മലയാളത്തില്‍
രണ്ടുവാക്ക് കുറിച്ചിട്ടു നാളെത്രയായി എന്ന് ?
സ്കൂള്‍ കുട്ടികള്‍ പതിവായി മലയാളം എഴുതുന്നുണ്ടാവാം. പക്ഷേ വളരെകാലം
എഴുതാതിരുന്നിട്ടു നാം അതിനു ശ്രമിക്കുമ്പോള്‍ ശെരിക്കും വലഞ്ഞുപോകും;
പല അക്ഷരങ്ങളും കൈവിരല്‍തുമ്പില്‍ വരാന്‍ മടിക്കും.
ങ്ങ. മ്ല. ള. പോലെയുള്ള വില്ലന്‍മാര്‍ മലയാളികളായ നമ്മളെയൊക്കെ
കൊഞ്ഞനം കുത്തി കാണിക്കും.
കുറിപ്പുകള്‍ എഴുതാനും മറ്റും ആധുനിക പേര്‍സണല്‍ ടാറ്റ അസിസ്ടന്‍സുകള്‍
വന്നതോടെ പാവം മഷിപ്പേന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായ
ഗാട്ജെട്ട്സുകള്‍ക്ക് വഴിമാറിക്കൊടുത്തു.

മനസ്സിലെ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാനെങ്കിലും, എന്നെങ്കിലും
ഒരു മഷിപേന വാങ്ങി ആര്‍ക്കെങ്കിലും എഴുതാന്‍ തോന്നിയാല്‍,
അതിനു ഈ ബ്ലോഗ്‌ പ്രേരിതമായാല്‍ ഞാന്‍ കൃതാര്‍ഥനായി.
സത്യായിട്ടും; കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിലും സുഖാണ്
പേനകൊണ്ട് കടലാസിലെഴുതാന്‍; മനസ്സും നിറയും...

7 comments:

Unknown said...

Eda Nee paranjathu valare vaasthavam anu... Chila askharangal varale buddimuttiayanu ippol viral thumbil varunnathu... Mashi pena nee evide ninnu vangi... kandittu orennam swanthamakkan(chumma swanthamakkan) enikkum kothiyavunnu....

Anoop said...

ഒരു ഓര്‍മ്മക്കുറിപ്പ്‌ .............

സുജിത്തേ, കഴിഞ്ഞ മാസം നമ്മുടെ TROH ബ്ലോഗിനുവേണ്ടി ,ഞാന്‍ പുതിയ പോസ്റ്റ്‌ കമ്പോസ് ചെയ്തപ്പോള്‍ ഒരു പടത്തിനുവേണ്ടി കുറെ ആലോചിച്ചു.
നമ്മുടെ ഫോം പൂരിപ്പിക്കുന്ന പടം തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു ഞാന്‍ കുറെ പടം എടുത്തിരുന്നു. ഈ ഒരു ചെറിയ സംഭവം എന്നെ കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി . കഥാപാത്രം നമ്മുടെ പേന തന്നെ ! ഇപ്പോള്‍ യാദൃശ്ചികമായി സുജിത്തിന്‍റെ ഈ ബ്ലോഗും. സന്തോഷം തോന്നുന്നു. കാരണം എനിക്കൊരു കൂട്ടുണ്ടല്ലോ ?
പഴയകാലം ഓര്‍ക്കുമ്പോള്‍ നഷ്ടപെടലുകളുടെ വിഷമം ഉണ്ടാകുമെങ്കിലും, ഓര്‍ത്തുപോകും ചിലപ്പോള്‍...... ആ ഓര്‍മ്മകള്‍, അവ അങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് എന്‍റെ ആഗ്രഹം. യാഥാര്‍ത്ഥ്യത്തെ ഭയക്കുന്നവരാണ് ഓര്‍മകളില്‍ ജീവിക്കുന്നവരെന്നു പൊതുവേ പറയാറുണ്ട്‌. അവരുടെ ഉള്ളിലും കാണും ഓര്‍മ്മകള്‍ .അല്ലെങ്കില്‍ അവര്‍ ഇങ്ങനെ പറയണ്ടല്ലോ? ചിലപ്പോള്‍ പറന്നു നടക്കുന്ന ഒരു തുണ്ട് പത്രത്താളായിരിക്കും, കാലത്തെ തിരിച്ചു കൊണ്ടുപോകുന്നത്.

നാലാം ക്ലാസ്സ്‌ പകുതിവരെ പെന്‍സില്‍ കൊണ്ട് മാത്രം എഴുതാനായിരുന്നു അനുവാദം . " ഇനി നിങ്ങള്‍ പേനകൊണ്ട് എഴുതിക്കോളു " എന്ന് ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം! ....സ്ഥാനക്കയറ്റംകിട്ടിയത് പോലെ ആയിരുന്നു.... അന്നുതന്നെ അച്ചാച്ചന്‍ പുതിയ പേന വാങ്ങിത്തന്നു. പച്ച കളറിലുള്ള ഒരു ballpoint പേന.ഇപ്പോളും വളരെ വ്യക്തമായി ആ ചിത്രം ഓര്‍മയില്‍ ഉണ്ട് .ഇന്നത്തേത് പോലെ ഫോട്ടോ എടുക്കാന്‍ സാഹചര്യം ഇല്ലാഞ്ഞത് കൊണ്ടാവും ഇത്രയും വ്യക്തമായി ആ ചിത്രങ്ങള്‍ മനസ്സില്‍ കിടക്കുന്നത്. കുറെ നാള്‍ ഉപയൊഗിച്ചു ആ പേന. അതുകൊണ്ട് ആദ്യം എഴുതിയത് മലയാള വാക്കുപോലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

പിന്നെ ആദ്യമായി ഒരു മഷി പേന കിട്ടുന്നത് അളിയന്‍റെ കയില്‍ നിന്നുമാണ്. 2 പേനകള്‍ എടുത്തുവെച്ചിട്ടു ഇഷ്ടമുള്ളത് എടുത്തു കൊള്ളാന്‍ പറഞ്ഞു . ഒന്ന് ഒരു ഹീറോ പേന,മറ്റേതു പാര്‍ക്കറിന്‍റെയും. അന്ന് രണ്ടിന്‍റെയും വ്യത്യാസം അറിയില്ല . തിളങ്ങുന്നത് തന്നെ നോക്കി എടുത്തു! മറ്റേതു എന്‍റെ കസിനും കൊടുത്തു. അങ്ങനെ ആദ്യമായി നല്ല ഒരു മഷി പേന കയില്‍ കിട്ടി .അടുത്തത് മഷി വാങ്ങലാണ്. camel പിന്നെ chelpark ഇതാരുന്നു മഷികളില്‍ മുപന്മാര്‍. എന്‍റെ നറുക്ക് വീണത്‌ chelpark നീല മഷിക്കായിരുന്നു. ചേച്ചിയുടെ സ്വാധീനമുണ്ടായിരുന്നു മഷി തിരഞ്ഞെടുക്കാന്‍. ആഘോഷമായിതന്നെ മഷി നിറക്കല്‍ ചടങ്ങ് കഴിഞ്ഞു. മഷിനിരക്കുന്ന "സാങ്കേതികവിദ്യ" പഠിച്ചു എന്ന് പറയുന്നതാവും ശരി. മഷിയെങ്ങാനും കയ്യില്‍ പറ്റിയാല്‍ തുടക്കാന്‍ ഒരു കഷണം തുണിയും മടക്കി ബോക്സില്‍ വെച്ചു അന്നുതന്നെ.

Anoop said...

പിന്നെ ഇതുപോലെ തന്നെ മറ്റൊരു ഹീറോ പേനയും എനിക്ക് കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അര്‍ത്ഥവാര്‍ഷിക പരീക്ഷക്ക്‌ 506 മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ - ശോശാമ്മ ടീച്ചര്‍ - സമ്മാനമായി തന്നത്. എന്‍റെ പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും "ഇവരായിരുന്നു" ഒപ്പം. ഈ പേനകള്‍ വെച്ചു എഴുതിയപ്പോള്‍ കിട്ടിയ ആത്മവിശ്വാസം , പിന്നീടൊരിക്കലും എനിക്ക്കിട്ടിയിട്ടില്ല. യുണിവേഴ്സിടി പരീക്ഷകള്‍ വരെ എന്‍റെ ഒപ്പം ഉണ്ടായിരുന്നു. എനിക്ക് മറക്കാന്‍ പറ്റാത്ത മറ്റൊരു പേന Reynolds ന്‍റെ ആണ്. പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ മുന്‍പ് എന്‍റെ ഒരു കസിന്‍ തന്നതായിരുന്നു അത്. പഴയ പേന ആയിരുന്നെങ്കിലും അത് എനിക്ക് വളരെ വിലയേറിയതായിരുന്നു. ആ ചേച്ചി ,പള്ളിയില്‍ കൊണ്ട് പോയി പ്രാര്‍ത്ഥിച്ചു തന്ന പേന. " നീ ഇത് കയില്‍ വെറുതെ വെച്ചാല്‍ മതി " എന്ന് പറഞ്ഞായിരുന്നു അത് തന്നത് .
എന്‍റെ ജീവിതത്തിലെ വിലയേറിയ ഈ പേനകള്‍ ഇപ്പോള്‍ എന്‍റെ കയില്‍ ഇല്ല .അവയുടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ ആ ഓര്‍മകള്‍ക്ക് ഒട്ടും മങ്ങലില്ല. ഒരുപാട് കരുതലോടെ ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട ആ പേനകള്‍ ഞാനറിയാതെ വീട്ടില്‍നിന്നും എടുത്ത ബന്ധുവിനറിയില്ലല്ലോ ,ഞാന്‍ അതിനു കൊടുത്തിരുന്ന മൂല്യം എത്രയായിരുന്നുവെന്ന് !
ചില നഷ്ടങ്ങളും ചില ഓര്‍മകളും ,വളരെ പ്രിയപെട്ടവയാണ്. മനസിലെ കാലിടോസ്കോപില്‍ , വളത്തുണ്ടുകളായി അവയെ സൂക്ഷിച്ചു വെക്കാനാണ് എനിക്കിഷ്ടം. കാരണം ഇതുപോലെ വല്ലപ്പോളും ഓര്‍മകള്‍ തിരിയുമ്പോള്‍ ഈ വളത്തുണ്ടുകള്‍ ഓരോ ബിംബങ്ങള്‍ക്ക് രൂപംകൊടുക്കുന്നു ആ ബിംബങ്ങള്‍ എനിക്കുവളരെ പ്രിയപെട്ടവയാണ്. അത് എന്തുതന്നെ ആയാലും. കാരണം അതില്‍ സ്നേഹമുണ്ട് ,കരുതലുണ്ട് ,ആശ്വസിപ്പിക്കലുണ്ട് , തലോടലുണ്ട്.............

ഓ എന്‍ വി .കുറുപ്പ് എഴുതിയതുപോലെ " ഒറ്റപ്പതിപ്പുള്ള പുസ്തകമല്ലേ നമ്മുടെ ഈ ജന്മം... ചിത്രങ്ങളായും കുറിമാനങ്ങളായും ചിലതൊക്കെ ഭദ്രമായി നമുക്ക് സൂക്ഷിച്ചു വെക്കാം. "

" ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം " ......

സുജിത്തേ ഒരുപാട് സന്തോഷം .ഇതുപോലുള്ള ആര്‍ദ്രമായ ചിന്തകള്‍ പങ്കുവെച്ചതില്‍....ഒരു പുണ്യം പോലെ കടന്നുപോയ നമ്മുടെ ഒക്കെ ബാല്യത്തെ ചിലരെങ്കിലും ഓര്‍ത്തുകാണും .തീര്‍ച്ച !

....അനൂപ്‌

vinodtr said...

എന്നെ എന്‍റെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഈ ബ്ലോഗ്‌ വളരെ അധികം സഹായിക്കുന്നുണ്ട്. വലുതായപ്പോള്‍ ഉപേക്ഷിച്ചതും, നഷ്ടപ്പെട്ടതും, മറന്നതും എല്ലാം എനിക്കീ ബ്ലോഗില്‍ നിന്നാണ് തിരികെ കിട്ടുന്നത്.
Good work done Jithumon !

vinodtr said...

എന്നെ എന്‍റെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഈ ബ്ലോഗ്‌ വളരെ അധികം സഹായിക്കുന്നുണ്ട്. വലുതായപ്പോള്‍ ഉപേക്ഷിച്ചതും, നഷ്ടപ്പെട്ടതും, മറന്നതും എല്ലാം എനിക്കീ ബ്ലോഗില്‍ നിന്നാണ് തിരികെ കിട്ടുന്നത്.
Good work done Jithumon !

AJITHA.E.A said...

u r always differnent...hope u wont change....happy to see the same thoghts which u had once in our college..nice work sujith..keep it up....
ajitha

Xavvvvv said...

സ്ലേറ്റ് പെന്സിലില് നിന്ന് മഷി പേനയിലേക്ക് കുറ്ച്ചു കാലം എടുതെങ്കിലും മഷി പേന വിടാന് തോന്നുന്നില്ല് ഇപ്പൊഴും…
മലയാളം കീബോര്ഡില് ട്യ്പെ ചെയ്യണ്ട കാര്യം ഒര്കുംബോള് എഴുതാനും തൊന്നാരില്ല്