September 10, 2020

ഇപ്പോഴും 'പണി' തരുന്ന Sonia Miss

പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ 
ഇന്ന് പൂർത്തിയാക്കുന്ന ഞങ്ങളുടെ സോണിയ മിസ്സിന് 
എല്ലാ ആശംസകളും നേരുന്നു.

സോണിയ മിസ്സിന്റെ, കാൽ നൂറ്റാണ്ട് പിന്നിടുന്ന 
അധ്യാപനത്തിന്റെ ഈ സുദിനത്തിൽ 
പഴയൊരു വിദ്യാർത്ഥി എന്ന നിലയിൽ 
എനിക്ക് ഓർത്തെടുക്കാവുന്ന കുറച്ചു കാര്യങ്ങൾ 
ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു...



2020 സെപ്റ്റംബർ 10 : പ്രളയകാലത്തെ അതിജീവനം...

ഞാൻ പഠിച്ച കലാലയത്തിലെ ഒരു അനിയത്തിക്കുട്ടി 
കീർത്തി ഇന്നെനിക്കൊരു WhatsApp മെസേജ് അയച്ചു. 
ഭർത്താവിന്റെ കൂടെയുള്ള ഒരു സെൽഫി ചിത്രവും 
കൂടെയുണ്ടായിരുന്നു, ഇന്നലെ ആയിരുന്നുവത്രെ 
ആ കുട്ടിയുടെ വിവാഹം. 
കൊറോണക്കാലത്തെ വിവാഹത്തിന്റെ വിശേഷത്തിനപ്പുറം 
കീർത്തിയുടെ(പണ്ട് എന്റെയും) അധ്യാപികയെകുറിച് പറയാനാണ് ഞാനിതെഴുതുന്നത്. 

2018 ലെ പ്രളയകാലത്ത് ആണ് സോണിയ മിസ്സ് 
തന്റെ ക്ലാസ്സിലെ കീർത്തിയുടെ വീടിന്റെ 
അവസ്ഥയെക്കുറിച്ചു പറയുന്നത്. 
മിസ്സ് പിറ്റേ ദിവസം അവിടെ പോയി. 
കാലവർഷത്തിന്റെ കുത്തൊഴുക്കിൽ 
അപ്രതീക്ഷിത പ്രളയജലത്തിൽ അവരുടെ വീട് 
വാസയോഗ്യമല്ലാതായി, തേയ്ക്കാത്ത ചുവരുകളിലെ 
ഇഷ്ടികകൾ തെന്നിമാറി ഏതുനിമിഷവും വീഴാം. 
ആ അച്ഛനുമമ്മയും രണ്ടു മക്കളും അടുത്തൊരു വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു, മിസ്സ് പറഞ്ഞു നമുക്ക് 
എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാവും. 
സോണിയ മിസ് തന്നെ എല്ലാറ്റിനും മുൻകൈ എടുത്തു, 
പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും 
കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ കീർത്തിയുടെ 
വീട് മുന്പത്തേക്കാളും നല്ലൊരു വീടാക്കി കൊടുക്കാൻ കഴിഞ്ഞു. 



ചുവരുകൾ തേച്ചു, വീഴാറായ ഉമ്മറ കോലായ നന്നാക്കി, പുറകിൽ ട്രേസ് അടിച്ചു അടുക്കളയും നന്നാക്കി. കറണ്ട് കണക്ഷൻ മാത്രമുണ്ടായിരുന്ന വീട്ടിൽ എല്ലാ മുറികളിലേക്കും ലൈൻ വലിച്ചു ലൈറ്റും ഫാനും ഇട്ടു കൊടുത്തു. ജനാലകൾ വച്ചു വാതിലും ശരിയാക്കിയപ്പോൾ അടച്ചുറപ്പുള്ളൊരു വീടായി മാറി. കുട്ടികൾക്ക് പഠിക്കുവാനും ആ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കുവാനും ഉള്ളൊരു കൂടൊരുക്കുകയായിരുന്നു സോണിയ മിസ്സ്. 

തന്റെ വിദ്യാർത്ഥിനിയുടെ അന്നത്തെ അവസ്ഥയിൽ 
എങ്ങനെ കൈ താങ്ങായി നിൽക്കാമെന്ന് സോണിയ 
മിസ്സിന് നല്ല ധാരണയുണ്ടായിരുന്നു. 
ടെക്‌നോളജി പഠിപ്പിക്കൽ മാത്രമല്ല വിദ്യാർത്ഥികളുടെ 
മനസ്സ് കണ്ട്, അവരെ എങ്ങനെ ചേർത്തു പിടിക്കണമെന്നും 
മിസ്സിന് അറിയാമായിരുന്നു എന്ന് ബോധ്യമായ ദിനങ്ങൾ. 
ആ കരുതൽ ആണ് എന്നേക്കാൾ എത്രയോ വർഷം ജൂനിയർ 
ആയ കീർത്തിയെ പരിചയപ്പെടാൻ കാരണം. 

2019 ലെ മഴക്കാലത്തിനൊടുവിൽ കീർത്തിയും അമ്മയും 
സോണിയ മിസ്സിനെ വിളിച്ചിരുന്നുവത്രെ; 
വീണ്ടും നന്ദി പറയാൻ...

അവരുടെ ഓർമ്മകളിൽ മഴക്കാലത്ത് 
ആ വീട്ടിൽ ചോർന്നൊലിക്കാതെ കിടന്നുറങ്ങാൻ 
കഴിയില്ലായിരുന്നുവത്രേ.
മിസ്സിന്റെ മുൻവർഷത്തെ ഇടപെടൽ കാരണം ഒരു മഴക്കാലവും 
പിന്നീടുള്ള ഋതുക്കളും ഒരു കുടുംബത്തിനെ 
എങ്ങനെ കാത്തുപോരുന്നു എന്നതിന്റെ 
വാക്കുകൾ കൊണ്ട് പറയാവുന്ന നന്ദി ആയിരുന്നു അവരുടെ ആ പറച്ചിൽ.

വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ കീർത്തിയുടെ 
കല്ല്യാണവും നടന്നിരിക്കുന്നു. 
അയച്ചു തന്ന ആ ചിത്രം സൂക്ഷിച്ചു നോക്കിയാൽ അറിയാം,
ആ ചുവരുകളിൽ, അവരുടെ ജീവിതത്തിലും വർണ്ണങ്ങൾ 
ചാലിക്കാൻ ഒരു പ്രതലവും കൂടിയാണ് സോണിയ മിസ്സ് 
ഒരുക്കി കൊടുത്തത്. അനേകം നേട്ടങ്ങൾക്കു ഇടയിലും 
അധ്യാപകരുടെ ജീവിതത്തിൽ  ചില വർണ്ണങ്ങൾ 
ഇങ്ങനെ മായാതെ കിടക്കും; 
സഹപ്രവർത്തകർക്കും പഠിപ്പിച്ച കുട്ടികൾക്കും പ്രചോദനമായി...
::::::::::::::::::::::::::::::::::::::::::::::::

2016 ഓഗസ്റ്റ് 15 : ഗ്രാമീണ വായനശാലയിൽ 
സോണിയ മിസ്സും CS Department ലെ അദ്ധ്യാപകരും 
കുട്ടികളും ചേർന്ന് കോനിക്കരയിലെ ഗ്രാമീണ വായനശാലയിൽ 
OutReach ന് വന്നത് ഓർക്കുന്നു.
നൂറോളം പുസ്തകങ്ങൾ ആണ് സോണിയ മിസ്സ് ആ 
വായനശാലക്ക് കൈമാറിയത്.

അന്ന്, ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് 
കമ്പ്യൂട്ടർ സാക്ഷരത യജ്ഞം തുടങ്ങി വയ്ക്കുന്നത് 
സോണിയ മിസ്സിന്റെ നേതൃത്വത്തിലാണ്. 
അദ്ധ്യാപകരും കുട്ടികളും ചേർന്ന് ക്ളാസുകൾ എടുത്തു; 
കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും കൊടുത്തു. 
HOD ആണെന്ന് പറഞ്ഞു മാറി നിൽക്കാതെ ഗ്രാമീണരായ 
സാധാരണ ക്കാർക്കിടയിൽ ജാടയില്ലാതെ ഇടപഴകുന്നതൊക്കെ 
ഏതൊരാൾക്കും കണ്ടു പഠിക്കാവുന്നതാണ്. 



തൊട്ടടുത്ത വർഷം ഏറ്റവും മികച്ച അദ്ധ്യാപികയ്‌ക്കുള്ള 
MM Ghani അവാർഡ് മിസ്സിനെ തേടിയെത്തിയപ്പോൾ 
അതേ വായനശാലയുടെ Merit Award അവാർഡ് 
ദാനച്ചടങ്ങിലെ (2017 ഓഗസ്റ്റ് 15)
വിശിഷ്ടാതിഥിയായി സോണിയ മിസ്സ് വീണ്ടും അവിടെയെത്തി.
ലളിതവും മികവാർന്നതുമായ അന്നത്തെ പ്രസംഗം യുവതയെ 
പ്രചോദിപ്പിക്കുന്നതായിരുന്നു.



എന്നെ കോളേജിൽ പഠിപ്പിച്ച ആ അധ്യാപികയ്ക്ക് 
രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെ 
സ്ട്രോക്ക് വന്നു, ഇപ്പോഴും ചികിത്സയിലാണ്. 
വളരെ പെട്ടെന്ന് രോഗമെല്ലാം ബേദമായി ദിനംപ്രതി 
ആരോഗ്യവതിയായി തിരികെ വരുന്നു എന്നാണു 
മറ്റ് അധ്യാപകരിൽ നിന്നും അറിയാനിടയായത്. 
ഈ കുറിപ്പ് മിസ്സ് ഇന്ന് കാണാനിടയാകുമോ 
എന്നെനിക്കറിയില്ല. എങ്കിലും എഴുതുകയാണ്...
::::::::::::::::::::::::::::::::::::::::::::::::

21 വർഷങ്ങൾക്കു മുൻപാണ് സോണിയ മിസ്സ് എന്നെ 
കോളേജിൽ പഠിപ്പിക്കുന്നത്. കമ്പ്യൂട്ടർ സയൻസിന്റെ 
ആദ്യപാഠങ്ങൾ ഹരിശ്രീ കുറിച്ചത് മിസ്സിൽ നിന്നുമാണ്. 
പഠിപ്പിക്കാൻ മാത്രമല്ല 
ക്ളാസ് കട്ട് ചെയ്തു ഡാൻസ് പ്രാക്ടീസിന് പോകാനായാലും 
സെമിനാർ സംഘിടിപ്പിക്കാനായാലും മിസ്സ് 
കട്ട സപ്പോർട്ട് ആണ്. 
പഠന കാലത്തും അവിടെ നിന്നും 2002 ൽ പഠിച്ചിറങ്ങിയ 
ശേഷവും അദ്ധ്യാപിക എന്നതിനപ്പുറം ഒരു സൗഹൃദം 
സോണിയ മിസ്സിനോടുണ്ട്.

എത്രയോ അവസരങ്ങൾ മിസ്സ് തന്നിരിക്കുന്നു. 
2006 ൽ അന്ന് ആദ്യമായൊരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ 
കമ്പ്യൂട്ടർ സയൻസ് Department Inaguration ചെയ്യാനുള്ള 
അവസരം നൽകിയത് സോണിയ മിസ്സാണ്. 

പിന്നീട് International Seminar ൽ IT Industry Expert 
ആയി ക്ഷണിച്ചു അവസരം നൽകിയതും മിസ്സ് തന്നെ. 
NAAC ന്റെ ഭാഗമായി Department Library തുടങ്ങാനും 
Skill Development ന്റെ ഭാഗമായി കുട്ടികൾക്ക് Laptop നൽകാൻ 
പദ്ധതിയിട്ടതും  എല്ലാം മിസ്സ് ആണ്.
പ്രജ്യോതിയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ Staff Convenor ആയും 
സോണിയ മിസ്സ് ഏറെ വർഷം കൂടെത്തന്നെയുണ്ടായിരുന്നു.
എന്തിന് ഈ കോവിഡ് കാലത്തും കോളേജിൽ Webinar നടത്താൻ 
എനിക്ക് അവസരം നൽകിയതും സോണിയ മിസ്സാണ്. 
ഒരു Autonomous College ന്റെ Board Of Studies പാനലിൽ എന്നെ 
കൂടെയിരുത്തിയതും സോണിയ മിസ്സാണ്.
::::::::::::::::::::::::::::::::::::::::::::::::

ചുരുക്കി പറഞ്ഞാൽ, രണ്ടു പതിറ്റാണ്ട് മുൻപാണ് പഠിപ്പിച്ചതും 
assignment തന്നതും; എന്നാലും ഇപ്പോഴും "പണി" തരുന്നൊരു 
മിസ്സാണ് മ്മടെ സോണിയ മിസ്സ്. :)
പക്ഷേ അതൊന്നും "എട്ടിന്റെ" ആയിരിക്കില്ല എന്ന് മാത്രം, 
മറിച് അതെല്ലാം കൂടുതൽ വളരാനും explore ചെയ്യാനുമുള്ള 
അവസരങ്ങൾ ആയിരുന്നു. 

അവസരങ്ങളുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കി കൊടുക്കുന്നവരാണ് യഥാർത്ഥത്തിൽ അദ്ധ്യാപകർ. 

25 അല്ല അധ്യാപനത്തിന്റെ 100 വർഷങ്ങൾ ഇനിയും മിസ്സിനെ 
കാത്തിരിക്കട്ടെ എന്നാശംസിക്കുന്നു. 
മിസ്സ്ന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളും സഹപ്രവർത്തകരും 
മാനേജ്‌മെന്റും പ്രാർത്ഥനയിലാണ്, 
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മുമ്പത്തേക്കാൾ 
ആരോഗ്യവതിയായി തിരികെയെത്താൻ...
കുസൃതി നിറച്ച ആ ചിരി കാണാൻ...

സ്നേഹാദരങ്ങളോടെ,
സുജിത്ത് E S
ക്ലാസ് നമ്പർ 27, 
മൂന്നാമത്തെ ബഞ്ച് രണ്ടാമത്തെ ഗഡി,
1999-2002 Batch കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷം. 
റാങ്ക് ഒന്നും വാങ്ങിച്ചിട്ടില്ല (ആ ടൈപ്പ് അല്ല) 

August 17, 2020

ജലഛായം

വർഷങ്ങൾക്കു ശേഷം;
കുറേ വർഷങ്ങൾക്കു ശേഷം
വീണ്ടും നിറങ്ങൾ ചാലിച്ചപ്പോൾ...




ഒരു കൈയെഴുത്തു മാഗസിനു വേണ്ടിയാണ് 
ഈ വയൽ ചിത്രം വരച്ചത്.
::::::::::::::::::::::::::::::::::::::::::::::::


ഗുൽമോഹർ അഥവാ വാകപ്പൂവ്,
എന്നും മനസ്സിലെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുകളിലായുണ്ട്. 

"മെയ് മാസമേ നിൻ നെഞ്ചിലെ 
പൂവാക ചോക്കുന്നതെന്തേ..."






June 17, 2020

ആണ്ടാൾ ദേവനായകി

"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"

ഈ നോവൽ വായിച്ചിട്ടുണ്ടോ?

പുസ്തക പരിചയം : *സുഗന്ധി എന്ന ആണ്ടാൾ ദേവനായകി*
രചയിതാവ്   - ടി.ഡി. രാമകൃഷ്ണൻ


ഫ്രാൻസിസ് ഇട്ടിക്കോരക്ക് ശേഷം
ടി.ഡി. എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ഒരു എഴുത്തുകാരന്റെ ബ്രില്യന്റ് ക്രാഫ്റ്റ് ആണ്;
പ്രധാനമായും മൂന്നു കാല ഘട്ടത്തിലെ
ശക്തയായ സ്ത്രീകളുടെ കഥ പറയുന്നു.

ഡോ. രജനി തിരണഗാമ.
മനുഷ്യാവകാശ പ്രവർത്തക ആയിരിക്കെ
സ്വന്തം ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട
യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ.
റിയലിസ്റ്റിക് ക്യാരക്ടർ.


      ഫോട്ടോ : ഡോ. രജനി തിരണഗാമ


ആണ്ടാൾ ദേവനായകിക്ക് ആയിരം വർഷത്തോളം
പഴക്കമുണ്ട്. സുശാന സുപിന എന്ന ഗ്രന്ഥത്തിലൂടെ
മനോഹരവും ശക്തവുമായ അവളുടെ കഥൈ
അനാവൃതമാകുന്നു.
യുദ്ധശാസ്ത്രവും രാജ തന്ത്രവും അറിയാവുന്ന
ഉടലഴകിന്റെ പ്രതീകമായ ദേവനായകി
ഒരു മിത്തിക്കൽ ക്യാരക്ടർ ആണ്.

സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
ഒരു ഫിക്ഷണൽ ക്യാരക്ടർ.

വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന
എഴുത്തുകാരൻ സിനിമയെഴുതുന്നു.
ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന
കാവ്യകലയാണ് ആ നോവലിനുള്ളത്.

ശ്രീ ലങ്കയിൽ തമിഴ് വിമോചന പോരാട്ടങ്ങൾക്ക്
നേതൃത്വം നൽകിയ LTTE പോലെയുള്ള സംഘടനകളും
അടിമുടി ജനാധിപത്യ വിരുദ്ധവും
ഫാസിസ്റ്റ് സ്വഭാവനങ്ങൾ ഉള്ളിൽ പേറിയ
പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന്
നോവൽ അടിവരയിട്ടു പറയുന്നു.
തമിഴ് ഈഴ പ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല
ശ്രീ.ടി ഡി രാമകൃഷ്ണന്റെ നോവൽ;
മറിച് വിപ്ലവ സംഘനകളിലും വിമോചന പ്രസ്ഥാനങ്ങളിലും
നിലനിൽക്കുന്ന സ്ത്രീ വുരുദ്ധതയും ജനാധിപത്യരാഹിത്യവും
അതിന്റെ തീവ്രതയിൽ അക്ഷരങ്ങളിലൂടെ  അനുവാചകർക്ക്
വരച്ചു കാട്ടി തരുന്നു അദ്ദേഹം.

സ്ത്രീകൾ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ
അസാധാരണവും അപൂർവ്വവുമായ
നോവൽവൽക്കരണവുമാകുന്നു "സുഗന്ധി".

ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ
തിരുവിതാംകൂറിന്റെയും ചേര ചോള സിംഹള
രാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.

സിഗിരിയയിലെ സ്വപ്ന നഗരവും വർണ്ണനകളും
ശ്രീലങ്കയിലെ Lion Rock എന്ന യഥാർത്ഥ ആർക്കിയോളജി
തെളിവുകളായി മാറുമ്പോൾ, TD യുടെ മറ്റേതു നോവലുകൾ
പോലെത്തന്നെ സത്യമേത് മിത്ത് ഏത് എന്ന്
വായനക്കാരൻ ചിന്തിച്ചു പോകും.



വായനയുടെ അവസാന താളും തീർന്നാലും
പിന്നെയും ഈ നോവലിലെ കഥാപാത്രങ്ങളായ
സുഗന്ധിയും ദേവനായകിയും തിരണഗാമയും
കാന്തള്ളൂരിന്റെ പെരിയകോയിക്കനും
ചേര രാജാവ് മഹേന്ദ്ര വർമ്മനും
ചോള രാജ രാജനും, രാജേന്ദ്രനും
കൂവേണിയും മംഗളയും
അനുരാധപുരയുടെ മഹീന്ദനും സ്വർഗ്ഗനഗരിയും
മീനാക്ഷി രാജരത്തിനവും, ജൂലിയും
യുദ്ധവും പോരാട്ടങ്ങളും
എല്ലാമെല്ലാം വിസ്മയക്കാഴ്ചകളായി നമ്മെ
വിട്ടുപോകാതെ ദിവസങ്ങളോളം പിന്തുടരും തീർച്ച !

കാന്തള്ളൂരിലെ കാന്തയെന്ന മദ്യത്തിന്റെ ലഹരി പോലെ,
ഓരോ അദ്ധ്യായങ്ങൾ കഴിയും തോറും
നമ്മെ മത്തു പിടിപ്പിക്കുന്ന രചനാ പാടവം
TD യുടെ കൈയ്യൊപ്പ് ചാർത്തിയതാണ്.



ശ്രീലങ്കയുടെ വർത്തമാനകാല  രാഷ്ട്രീയവും
ഭൂതകാല മിത്തും കൂട്ടിയിണക്കി എഴുതിയ,
ഡിസി ബുക്സ് 2014 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ
തീർച്ചയായും വായനക്കാരന് നവ്യാനുഭവമേകും...

കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്
എന്നിവ ഈ നോവലിലൂടെ ടി ഡി രാമകൃഷ്ണന് ലഭിച്ചു.

April 25, 2020

കാസറ്റുകളുടെ കാലം...

ലോക്ക്‌ഡൗൺ കാലത്തെ അലമാര വൃത്തിയാക്കലുകൾ
ചിലപ്പോൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള,
ഓർമ്മകൾകളുടെ നിധി ശേഖരങ്ങളിലേക്ക് ആയിരിക്കാം.
വീഡിയോ കാസ്സറ്റിന്റെയും ഓഡിയോ കാസ്സറ്റിന്റെയും കാലം,
അതൊരു വസന്തം തന്നെയായിരുന്നു...


60 ന്റെയും 90 ന്റെയും SONY, T-series റീലുകളിൽ
എണ്ണിചുട്ടെടുത്ത അപ്പം പോലെ റെക്കോർഡ് ചെയ്തെടുത്ത
പാട്ടുകൾ കേട്ട് രസിച്ചവർക്ക് ഈ പോസ്റ്റുന്ന ചിത്രങ്ങൾ
അതിതീവ്ര നൊസ്റ്റു തന്നെയായിരിക്കും.
ഇപ്പൊ തന്നെ നിങ്ങളുടെ മനസ്സിലൂടെ ഒന്നിലധികം
ഓർമ്മകൾ ഊളിയിട്ടു പോയിട്ടുണ്ടാവും.
പ്രതീക്ഷയുടെയും  പ്രണയത്തിന്റെയും വിരഹത്തിന്റെയും
കാത്തിരിപ്പിന്റെയും ഗൃഹാതുരതയുടെയും ഒക്കെ
പല മുഖങ്ങളും  നാട്ടിടവഴികളും പ്രവാസത്തിന്റെ
മണലാരണ്യങ്ങളും മനസ്സിലൂടെ
തെന്നി മാറിപ്പോയ ഒരു ഫീൽ കിട്ടിയോ?
കിട്ടിയെങ്കിൽ നിങ്ങൾ ഈ നൂറ്റാണ്ടിന്റെ ഭാഗ്യവാന്മാരാണ്.
ഇന്നത്തെ youtube നോ, Netflix നോ, Amazon Prime നോ
ഒന്നും ഈ സംഗീത ശേഖരത്തിന്റെ സുഖം പകുത്തു നൽകാനായേക്കില്ല.


പണ്ടത്തെ നമ്മുടെയൊക്കെ ഓരോ പ്രാന്തുകൾ അല്ലേ...
എത്ര പൈസയാണ് കാസറ്റുകൾ വാങ്ങാനായി അന്ന് ചെലവിട്ടത് !
ഒരു സുഖമുള്ള രസം,
ഇന്നിപ്പോൾ അവിചാരിതമായി കണ്ടെടുക്കുമ്പോൾ
പിക് എടുത്ത് ഷെയർ ചെയ്യാൻ മാത്രം പാകത്തിൽ
അലമാരക്കുള്ളിൽ ഫങ്കസ്  പിടിച്ച് വെറുതെയിരിക്കുന്നു;
ഒരുഗ്ര പ്രതാപകാലത്തിന്റെ സംഗീത സാമ്രാജ്യം.

(NB: ഇത്തരം ഏന്റിക്ക്  ഐറ്റംസ് തപ്പിയെടുക്കുമ്പോൾ
അതിന്റെ കൂടെ ഉണ്ടാകാൻ സാധ്യതയുള്ള പഴയ ഡയറി,
autograph ബുക്ക്‌  എന്നിവ ഭാര്യയുടെ കണ്ണിൽ പെടാതെ
സൂക്ഷിക്കണം, ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും)

April 13, 2020

വിഷുക്കട്ട

വീടിന്റെ ഏതെങ്കിലുമൊരു കോണിൽ
അമ്മയുണ്ടെങ്കിൽ മാത്രം പിറവിയെടുക്കുന്ന
ഒരു ഉത്സവാന്തരീക്ഷമുണ്ട് 
നമ്മുടെയൊക്കെ വീട്ടിലും മനസ്സിലും.

വിഷുവിനും ഓണത്തിനുമൊക്കെ 
പലതും തയ്യാറാക്കാൻ
അമ്മമാർ വീടിന്റെ ചുവരുകൾക്കകത്തും
മുറ്റത്തും പരിസരത്തുമൊക്കെ ഓടി നടന്ന്
തിരക്കിട്ടു നടത്തുന്നൊരു കലാശപ്പൊരിച്ചിൽ.
അത് അമ്മമാർക്ക് മാത്രം അവകാശപ്പെട്ടതാണ്;
അമ്മയ്ക്ക് മാത്രം ക്രിയേറ്റ് ചെയ്തെടുക്കാൻ പറ്റുന്നൊരു
മാജിക്ക്;
അമ്മയില്ലാതാവുമ്പോൾ മാത്രം നമുക്ക് മനസ്സിലാവുന്ന
തിരിച്ചറിവ്.



കൊറോണക്കാലം ആണെങ്കിലും, ആഘോഷമൊന്നും 
ഇല്ലെങ്കിലും, ഇക്കുറി വിഷുവിന് അമ്മയില്ല എന്ന സത്യം 
ഓർമ്മപ്പെടുത്തുന്നത് പല രുചികളും, മണങ്ങളും
സ്നേഹവിളമ്പലുകളുമൊക്കെയാണ്.

എന്റെയൊക്കെ കുട്ടിക്കാലത്ത് അച്ഛൻ പ്രവാസിയായതിനാൽ 
അമ്മയാണ് ഞങ്ങൾക്കെല്ലാം ഒരുക്കി തന്നിരുന്നത്.
മണലാരണ്യങ്ങൾക്കപ്പുറം അച്ഛന് അതെല്ലാം
കത്തുകളിലൂടെ മാത്രമേ അനുഭവബേദ്യമായിരുന്നുള്ളൂ.
ആഘോഷ ദിവസങ്ങളിൽ അമ്മയുടെ സ്നേഹവും
രുചിയുടെ കൈയ്യൊപ്പും ചാർത്തിയ ട്രഡീഷണൽ
പലഹാരങ്ങൾഉണ്ടാക്കുന്ന മണവും സ്വാദും
നാവിൽനിന്നും ഇതുവരെ പോയിട്ടില്ല,
അമ്മയെന്നെ വിട്ടു പോയി എന്നിരുന്നാലും.

അമ്മയില്ലാത്ത ആദ്യത്തെ വിഷു എന്നൊരു
നഷ്ടബോധമുണ്ട് മനസ്സിൽ.
അതിരാവിലെ വിഷുക്കണി കണ്ട് കഴിഞ്ഞാൽ പിന്നെ 
അമ്മയ്ക്കൊരു തിരക്കാണ്.
പണ്ട് അമ്മ തനിച്ചായിരുന്നു, ഈയിടെയൊക്കെ കൃഷ്ണയും കൂടെയുണ്ടെങ്കിലും അമ്മയുടെ ചില സ്പേസ് ഉണ്ട്,
അവിടെ അമ്മ തന്നെയാണ്
പാചകത്തിന്റെ അമരത്തുണ്ടാവുക. കൃഷ്ണയും ഞാനും
ഒക്കെ അസിസ്റ്റന്റുമാർ.
ഞാനധികം സഹായിക്കാൻ നിൽക്കാറില്ല ട്ടോ,
അടുക്കളയിൽ നിന്നും മിക്കവാറും സ്കൂട്ടാവുകയാണ്
പതിവ്. (ഇന്നും കൃഷ്ണയ്ക്ക് മാത്രമറിയാവുന്നൊരു സത്യം)

പക്ഷേ വിഷുക്കട്ട ഉണ്ടാക്കാൻ ഞാൻ കൂടെ നിൽക്കും. 
തൃശ്ശൂർക്കാർക്ക് വിഷുനാളിൽ പ്രാതലിന് വിഷുക്കട്ടയാണ് പതിവ്.
കുത്തരി വേവിച്ച് നാളികേരം ചിരവിയിട്ട് ജീരകവും വിതറി 
കേക്കുപോലെ ചട്ടുകം കൊണ്ട് അമ്മയത്
ഒരു വാഴയിലയിലേക്ക് പരത്തുമ്പോൾ,
ഇല പതിയെ വെന്ത് നറുമണം വരും;
പിന്നീട് അമ്മയത് അനായാസമായി ചട്ടുകം കൊണ്ട് തന്നെ 
കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കും.

ചുക്കും ജീരകവും ഇട്ട്, ഉരുക്കിയ ശർക്കര പാനീയത്തിൽ മുക്കി 
വിഷുക്കട്ട കഴിക്കുമ്പോൾ അമ്മയെ അല്ലാതെ ആരെയാണ് 
ഓർമ്മ വരിക. കൃഷ്ണ വിഷുക്കട്ട ഉണ്ടാക്കുമ്പോഴും അതേ രുചിയാണ്
പക്ഷേ അമ്മ വിഷുവിന് കൂടെ ഇരുന്നു കഴിക്കാനില്ലല്ലോ 
എന്നോർക്കുമ്പോൾ ശർക്കരക്ക് മധുരം കുറവായ പോലെ.
ജീവിതത്തിലെ ചില ചേരുവകൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ 
പിന്നീടൊരിക്കലും തിരികെ കിട്ടില്ല. 
ലോകത്തിലെ യാതൊന്നിനും നികത്തി, താളിച്ചെടുക്കാൻ 
ആവാത്ത നഷ്ടരുചികൾ.

അതുകൊണ്ട് ഇത് വായിക്കുന്ന എന്റെ കൂട്ടുകാർ, നിങ്ങളുടെ 
അമ്മയോ അച്ഛനോ കൂടെയുണ്ടെങ്കിൽ; ആഘോഷനാളുകളിൽ 
മാത്രമല്ല എന്നും അവരുടെ കൂടെയിരുന്നു ഭക്ഷണത്തിന്റെ രുചി 
നുണയുക. മനസ്സിലെ വിഷു ആഘോഷങ്ങളിൽ എന്നുമുണ്ടാക്കുന്ന 
സ്നേഹത്തിന്റെ വിഷുക്കട്ടയുടെ ഒരു തുണ്ട് അവരുടെ വായിലും 
വച്ചു കൊടുക്കുക; കുട്ടിക്കാലത്ത് നമുക്കവർ തന്നിരുന്ന പോലെ...

 #അമ്മ

January 09, 2020

ഒരു കീറ് ആകാശം

ചില നേരമെങ്കിലും
ചിറകു വിരിച്ചു പറക്കുവാൻ,
കുഞ്ഞു മോഹങ്ങളുടെ ഒരുതുണ്ട് ആകാശം
മനസ്സിൽ കരുതി വയ്ക്കുക നാം;

തിരക്കിൻറെ തീവണ്ടി ജനാലയ്ക്കരികിൽ
പെറ്റിടുന്ന കുഞ്ഞുമോഹ പറവകൾക്ക് പറക്കുവാൻ
ഒരുതുണ്ട് ആകാശം...
ഒരു കീറ് ആകാശം...

-ജിത്തു 

December 30, 2019

നൊമ്പരത്തുരുത്തുകൾ















"ഒറ്റരാത്രിയിൽ ഒട്ടേറെ തവണ
കടലെടുത്തു പോകുന്ന
നൊമ്പരത്തുരുത്തുകളുണ്ട്,
പിറ്റേന്നെണീക്കുമ്പോൾ
പുതുകരകളവിടെ കാണാമെങ്കിലും
പലതും തിരയെടുത്തു ബാക്കിവച്ച
തുരുത്തിന്റെ തുണ്ടുകളായിരിക്കും..."

-ജിത്തു

Miyawaki

Happy to be a part of an event to create നക്ഷത്രവനം(Birthstar Forest)
at കാക്കനാട് temple compound, by a group of IT professionals.
Itz sponsored as part of Corporate Social Responsibility(CSR) by UST Global and IT Milan.



Miyawaki Style of Tree Planting.

Miyawaki is a technique pioneered by Japanese botanist Akira Miyawaki, that helps build dense, native forests. The approach is supposed to ensure that plant growth is 10 times faster and the resulting plantation is 30 times denser than usual. It involves planting dozens of native species in the same area, and becomes maintenance-free after the first three years.










നിമിത്തം

Related to my old post...
https://sujithes.blogspot.com/2019/09/blog-post_6.html

കുറച്ചു നാൾ മുൻപേ എഴുതിയ ഒരു ബ്ലോഗ് കുറച്ചു കുട്ടികൾക്ക്
പ്രൊജക്റ്റ് ചെയ്യാനൊരു നിമിത്തമായി.

Project Discussion @ നേതാജി വായനശാല

Dec 26, 2019
10AM
Flood Alert System

നേതാജി വായനശാല, ഗ്രാമത്തിന്റെ ജലരേഖകൾ പഠന വിഷയമാകുന്ന ഒരു project മാസങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. അതിന്റെ blog വായിച്ച്, തൃശൂരിലെ Vimala College ലെ Computer Science department ആ ആശയം ഒരു innovative technology project ആയി kerala state level competition ന് അയച്ചു, and they have shortlisted from തൃശ്ശൂർ district. Young Innovative Projects ന്റെ finale യിൽ ഈ പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്നതിനു മുൻപായി ഇന്ന് നേതാജി വായനശാലയിൽ ഈ പ്രോജക്ടിന്റെ discussion നടന്നു. ഒരുപക്ഷേ ഏതെങ്കിലും ഒരു വായനശാലയിൽ ഇത്തരത്തിലൊരു പ്രോഗ്രാം ആദ്യമായിരിക്കാം. സാങ്കേതിക മുന്നേറ്റങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകരട്ടെ...






One teacher and project students came representing the project team.

Unnikrishnan Pillai, Sujith E.S and Binu Francis gave technical and architectural guidance.
(IT Professionals from Cognizant Technology Solutions, Infipar, Kochi)

Arjun represented യുവത. It was quite promising the way our youngsters interacted with project team. Konikkara's flood map visualised and drafted by Midhun.V.R was an amazing piece of work.


October 28, 2019

Calligraphy



ഇക്കഴിഞ്ഞ ദൂസം മോൾക്ക് കളർ പെൻ സിലുകൾ വാങ്ങാനായി
ഒബ്‌റോൺ മാളിലെ TimeOut എന്ന കടയിൽ കയറിയപ്പോൾ
അവിടുന്നൊരു Calligraphy പേന ചുമ്മാ വാങ്ങിച്ചു.

Calligraphy എന്നത് ഒരു കലാരൂപമാണ്,
അതിൽ അക്ഷരങ്ങൾ തന്നെ ചിത്രങ്ങളാകുന്നു.
നേർ വരകളും ചരിവുകളും വടിവുകളും ഒക്കെ ചേർന്ന്
ഒരു ചന്തം തോന്നും.
കഴിഞ്ഞ രാത്രികളിൽ ഇത് പഠിക്കാനൊരു ശ്രമം നടത്തിയ
ചിത്രങ്ങളാണിവ.




   

Just started trying, And miles to go...