June 25, 2014

ചിന്ത @ 150


കഴിഞ്ഞ നാലഞ്ചു വർഷമായി എഴുതിക്കൊണ്ടിരിക്കുന്ന
ചിന്ത എന്ന ഈ ബ്ലോഗ്‌ 150 ന്റെ നിറവിൽ എത്താനൊരുങ്ങുന്ന 
വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.

കഴിഞ്ഞ നാൾ വഴികളിൽ ഞാനിവിടെ പോസ്റ്റിയ
149 ചിന്തകൾക്കും, യാത്രകളിലെ കാഴ്ചകൾക്കും,
ക്ലിക്കിയ ചിത്രങ്ങൾക്കും നിങ്ങൾ നല്കിയ
പ്രോത്സാഹനത്തിനും കമന്റുകൾക്കും നന്ദിയുണ്ട്.

അടുത്ത പോസ്റ്റ്‌ നൂറ്റി അൻപതാമത്തെ (150) ചിന്തയാണ്.
അത് നിങ്ങളിലേക്ക് പകരുവാനുള്ള ശ്രമത്തിലാണിപ്പോൾ,
കാത്തിരിക്കുമല്ലോ?
അതോടു കൂടി ഈ ബ്ലോഗെഴുത്ത് ഇവിടെ
അവസാനിപ്പിച്ചാലോ എന്നൊരു ചിന്തയും മനസ്സിലുണ്ട്...

ഈ ബ്ലോഗ്‌ സമർപ്പിക്കുന്നു;
യാത്രയിലെ വഴികാട്ടികൾക്ക്,
സുഹൃത്തുക്കൾക്ക്,
ക്ലിക്കാൻ വെളിച്ചം നൽകിയ പ്രകൃതിക്ക്,
എന്റെ അച്ഛനും അമ്മയ്ക്കും,
പിന്നെ എന്റെ കുഞ്ഞൂനും കുഞ്ഞിക്കും...

June 18, 2014

ഇടം

നാം തേടുന്നതൊരിടം
സന്തോഷത്തിന്റെ ഇടം
സമാധാനത്തിന്റെ ഇടം
ഭദ്രതയുടെ ഇടം...


അങ്ങനെ ഓരോ മനുഷ്യനും അനുദിനം അനുനിമിഷം
അവരാഗ്രഹിക്കുന്ന ഒരിടം തേടിയാണ് കടന്നു പോകുന്നത്
എന്ന് തോന്നുന്നു.

രാവിലെ മുതൽ തുടങ്ങുകയായി ഇടം തേടിയുള്ള
നമ്മുടെ യാത്ര. സഞ്ചരിക്കുമ്പോൾ ഇരിക്കാൻ ഒരിടം
ആഗ്രഹിക്കാത്തവർ ആരാണുള്ളത്? വാഹനത്തിലെ
ജനാലക്കരികിലെ  ഇരിപ്പിടത്തിലെ ഇടമായാൽ
കൂടുതൽ സന്തോഷമായി. ജോലി സ്ഥലത്തെത്തിയാൽ
ആദ്യം കണ്ണോടിച്ചെന്ന് നിൽക്കുന്നത് നമ്മുടെതായ
ഒരിടത്താണ്.

നിത്യേനയുള്ള ഈയിടങ്ങൾ കഴിഞ്ഞാൽ പിന്നെ
നാം തേടുന്നിടങ്ങൾ ഏതൊക്കെയാണ്?
സമൂഹത്തിൽ ജീവിക്കുവാൻ അഭിമാനർഹമായൊരിടം.
പ്രവർത്തിക്കാനൊരിടം; ചിന്തിക്കാനൊരിടം;
ചിരിക്കാൻ, കരയാൻ, സ്നേഹിക്കാൻ ഒക്കെ ഒരിടം...

വികാര വിചാരങ്ങളെക്കുറിച്ചുള്ള ഇടങ്ങളെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു വ്യക്തമായ
ചിത്രം കിട്ടുന്നില്ല. കാരണം ജീവിതയാത്രയിൽ നമ്മൾ
'ആഗ്രഹിക്കുന്ന ഒരിടം' കണ്ടെത്തുവാനാണ്
പ്രയത്നിക്കുന്നത്‌. ഈയൊരു ചിന്താ സരണി
അറിഞ്ഞോ അറിയാതെയോ സദാ
നമ്മോടൊപ്പമുണ്ട്. ഇടം തേടിയലയുന്ന ചിന്ത
വ്യക്തിപരമായി, സാന്ദർഭികമായി
മാറിക്കൊണ്ടിരിക്കും.

ഒരാൾക്ക്‌ വേണ്ടത് നല്ല സുഹൃത്തുക്കളുടെ ഇടയിൽ ഒരിടം...
പ്രണയിക്കുന്നവന് പ്രണയിനിയുടെ മനസ്സിലൊരിടം...
കുഞ്ഞിനു വേണ്ടത് അമ്മയുടെ മടിത്തട്ടിലൊരിടം...
അച്ഛനും അമ്മയ്ക്കും വാർദ്ധക്യത്തിൽ സ്നേഹത്തിന്റെ ഒരിടം...
എഴുത്തുകാർക്ക് അക്ഷരങ്ങൾ കുറിക്കാനൊരിടം,
എഴുതിയത് പ്രസിദ്ധീകരിക്കാനൊരിടം,
അത് വായിക്കുന്നവരുടെ മനസ്സിലൊരിടം...
രാഷ്ട്രീയക്കാർക്ക് എങ്ങനെയെങ്കിലും ജനമനസ്സുകളിൽ ഒരിടം...
സേവകർക്ക് സേവനത്തിനൊരിടം...
ഫോട്ടോഗ്രാഫർക്കു ക്ലിക്കാനൊരിടം...
ബ്ലോഗർമാർക്ക് പോസ്റ്റാനൊരിടം...
അങ്ങനെയങ്ങനെ എത്രയോ ഇടങ്ങൾ...

ഇടങ്ങൾ തേടിയലയുന്ന യാത്രയുടെ അന്ത്യത്തിൽ
നാം ചെന്നെത്തുന്നത് മണ്ണിലെ ഒരിടത്തിൽ...

June 17, 2014

പെരും പൂ

ഇതൊരു പൂ ബ്ലോഗ്‌ ആണ്.
പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ്
എന്നീ പേരുകളിൽ അറിയപ്പെടുന്നൊരു കുഞ്ഞു വലിയ
പൂവ്.





 






എനിക്കേറെ ഇഷ്ട്ടമുള്ള ഈ നാടൻ പൂവ്
വേലിപ്പടർപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ധാരാളം
കാണാം. പക്ഷേ എന്റെ വീട്ടിലോ പരിസരത്തോ
ഈ സുന്ദരിപ്പൂവിനെ ഒരിക്കലും കണ്ടിട്ടില്ല.
അക്കാരണത്താൽ, ഒരിക്കൽ രാവിലെയുള്ള
നടത്തത്തിനിടയിൽ വഴിയോരത്ത് ഈ പൂവിന്റെ
ചെടി കിട്ടിയപ്പോൾ വീട്ടു മുറ്റത്ത്‌ കൊണ്ട് വന്നു നട്ടു.

നാലഞ്ചു മാസം കഴിഞ്ഞിട്ടും ഇത് പൂവിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ  മഴത്തുള്ളികൾ
വന്നുണർത്തിയപ്പോൾ പൂവിന്റെ ലാഞ്ചന
കൂമ്പുകളിൽ വിടർന്നു.
കാത്തിരുന്നു പൂവിട്ട് വിടർന്ന ഈ
പെരുംപൂവിന്റെ കാഴ്ചകൾ ഇവിടെ പോസ്റ്റുന്നു.

May 08, 2014

താക്കോൽ പഴുത്


ഇന്നലെ രാവിലെ വീടിന്റെ മുൻ വാതിലിന്റെ
താക്കോൽ പഴുതിലൂടെ വെളിച്ചം ഒരു
ചൂണ്ടു വിരലായി എന്നിലേക്ക്‌ ഒരു ചിന്ത നൽകി.



ക്ലിക്കിയ ചിത്രങ്ങളും പ്രാന്തൻ ചിന്തയും എന്റെ
സുഹൃ ത്തുക്കൾക്കായി ഇവിടെ പോസ്റ്റുന്നു.


പലതും അറിയാം എന്ന് ധരിക്കുന്നവരാണ് നാം.
പക്ഷേ ഈയിടെ എനിക്ക് മനസ്സിലായി,
പല കാര്യങ്ങളുടെയും ചെറിയൊരു ഭാഗം മാത്രമേ
നാം ഉൾക്കൊണ്ടിട്ടുള്ളാവുകയുള്ളൂ.

പലപ്പോഴും നമ്മുടെ അറിവുകൾ
ഒരു താക്കോൽ പഴുതിലൂടെ എന്നപോലെ...

 


അടഞ്ഞു കിടക്കുന്ന വാതിലിനപ്പുറത്തെ
അറിവിന്റെ വിശാലതയെക്കുറിച്ച്
നമുക്കൂഹിക്കാമെങ്കിലും, അതിന്റെ
ചെറിയൊരു ചാൽ വെളിച്ചം മാത്രമേ നമ്മളിൽ
എത്തി ചെരുന്നുള്ളൂ.
ഒരു പക്ഷേ എന്നെപ്പോലെയുള്ള മടിയന്മാർ
അതിനപ്പുറത്തേക്ക് കണ്ണോടിക്കാൻ
ശ്രമിക്കാത്തത് കൊണ്ടായിരിക്കാം.


ഈ ലോകത്തിൽ  എന്തെല്ലാം വിഷയങ്ങളാണ്.
പലതിനെയും അറിഞ്ഞും അറിയാതെയും
തൊട്ടും തലോടിയും കാലം മുൻപോട്ടു പോകുമ്പോൾ
ഈ താക്കോൽ പഴുതിലൂടെയുള്ള അറിവുകൾ
എത്ര മനോഹരമാണ്, അല്ലേ ?
ഒരു പക്ഷേ, ഈ ചെറിയ ദ്വാരത്തിലൂടെ കാണുന്ന
ഇത്തിരിക്കാഴ്ചകളാവും മനോഹരം.
അല്ലെങ്കിൽ ഈ വാതിൽ തുറന്നു കാണുന്ന കാഴ്ചകൾ
ആവാം അതി മനോഹരം.


എല്ലാം വിഷയങ്ങളെ ആശ്രയിച്ചിരിക്കും.
ചില കാഴ്ചകൾ കൂടുതൽ വ്യക്തമാവുന്നതോടെ
നമ്മളിലെ സന്തോഷത്തെ ഹനിചെന്നിരിക്കും.
മറ്റു ചിലത് മേൽ പറഞ്ഞ പോലെ,
മനോഹരം എന്നതിൽ നിന്ന് അതിമനോഹരം
എന്ന അവസ്ഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും.
പക്ഷേ ഇരുട്ടിലെ ആ വാതിലിന്റെ പഴുതിൽ
ഇടാനുള്ള താക്കോൽ കണ്ടെത്തുക എന്നത്
മനുഷ ജീവിതത്തിന്റെ പ്രയത്നത്തെയും 
ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും.



മുന്പിലൊരു സന്തോഷത്തിന്റെ വാതിൽ
ഉണ്ടാവുകയും, അതിന്റെ തോക്കാൽ പഴുതിന്
യോജിച്ച താക്കോൽ കണ്ടെത്തുകയും ചെയ്യുന്നത്
വരെ നാം ഈ ഒളിഞ്ഞു നോട്ടം തുടരും...

 

എന്റെ കൂടെ, ഈ വാതിലിന്റെ ഇപ്പുറത്ത്
ഒളിഞ്ഞു നോക്കി നടക്കുന്നവർ
പ്രതീക്ഷയോടെ, താക്കോൽ പഴുലൂടെയുള്ള
കാഴ്ചകൾ ആസ്വതിച്ചോളൂ.
വാതിലിനപ്പുറത്ത്‌ നിൽക്കുന്നവർ ദയവായി
താക്കോൽ കിട്ടാനുള്ള വഴി ഈ പഴുതിലൂടെ
പറഞ്ഞു തരൂ.

April 18, 2014

പൂവാങ്കുരുന്നില


 കണ്മഷിയെഴുതിയ മിഴികളിൽ
കവിതകൾ കൂട് കൂട്ടും;
സ്വപ്നങ്ങളുടെ ഒരു താഴ്വരയാണത് ...


പെണ്‍കുട്ടികൾക്ക്, ജനിച്ച് 28 ദിവസം തികയുമ്പോൾ
കണ്ണിൽ കരിമഷി എഴുതുന്ന ചടങ്ങുണ്ട്. എന്റെ മകളുടെ
28 ന്  കണ്മഷി വാങ്ങാൻ വിചാരിച്ചപ്പോഴാണ്  ഈ സംഭവം
വീട്ടിൽ തന്നെയുണ്ടാക്കാം എന്നറിഞ്ഞത്.
പണ്ടൊക്കെ കണ്മഷി വീട്ടിൽ തന്നെയാണത്രേ ഉണ്ടാക്കിയിരുന്നത്.
എന്നാൽ പിന്നെ ഈ നിർമ്മിതി ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ
തീരുമാനിച്ചു.




സംഭവം വളരെ ലളിതമാണ് , എല്ലാം പ്രകൃതി ദത്തം.
വീടിന്റെ മുറ്റത്തോ തൊടിയിലോ കാണുന്ന പൂവാങ്കുരുന്നിലയാണ്
ആകെ വേണ്ടുന്നതായ സാധനം. നിത്യവും മുറ്റത്ത്‌  കാണുന്ന
ദശപുഷ്പ ഗണത്തിൽപെട്ട  ഈ ചെടി കണ്മഷി ഉണ്ടാക്കാൻ
ഉപയോഗിക്കും എന്നറിഞ്ഞത് ഇപ്പോഴാണ് .

 

പൂവാങ്കുരുന്നില കൊണ്ട്  കണ്മഷി ഉണ്ടാക്കുന്ന രീതിയിതാ പോസ്റ്റുന്നു:


 

ആദ്യം പൂവങ്കുരുന്നിലയുടെ ഇലകൾ ശേഖരിച്ച് വൃത്തിയായി
കഴുകിയെടുക്കുക. എന്നിട്ട് ഇലകൾ ഇടിച്ചു പിഴിഞ്ഞ്  ഒരു പാത്രത്തിലേക്ക്
ചാറെടുക്കണം, ഇത് കുറച്ചധികം വേണ്ടി വരും. വിളക്കിലെ തിരിയുണ്ടാക്കാൻ
ഉപയോഗിക്കുന്ന  നല്ല വൃത്തിയുള്ള കൊട്ടൻ തുണി മുറിച്ചെടുത്തു
പൂവാങ്കുരുന്നിലയുടെ ചാറിൽ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട്  ഉണക്കണം.






തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറിൽ നനച്ച്
വീണ്ടും തണലത്തിട്ട്‌ ഉണക്കണം. ഇപ്രകാരം 7 തവണ ആവർത്തിക്കുക.
ഇപ്പോൾ ഔഷധ ഗുണമുള്ള പൂവാങ്കുരുന്നിലയുടെ ചാറ്  നല്ലപോലെ
തുണിയിൽ ആയിട്ടുണ്ടാകും.



ഇനിയീ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.
ഒരു നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കാൻ
പാകത്തിന്  ഒരുക്കി വയ്ക്കുക.
ഇനി വേണ്ടത് ഒരു പുത്തൻ മണ്‍പാത്രം.



നിലവിലക്കിലെ തിരി കത്തിച്ച ശേഷം പുക ഉയരുന്ന ഭാഗത്തായി
മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കിൽ നിന്നുതിരുന്ന പുക
മണ്‍പാത്രത്തിൽ കരിയായി വന്നടിയും . ആവശ്യമായ
ആത്രയും കരി മണ്‍പാത്രത്തിൽ ആയാൽ തിരിയണയ്ക്കാം.


 

മണ്‍പാത്രത്തിലെ പാട പോലെയുള്ള കരി ഒരു ഓലക്കീറുകൊണ്ട്
അടർത്തിയെടുക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ
തുള്ളി നല്ലെണ്ണ ഒഴിച്ച് ഈർക്കിൽ കൊണ്ട്  നന്നായി ചാലിക്കുക.

 
 

കണ്മഷി തയ്യാർ. ഒരു ഒഴിഞ്ഞ കണ്മഷിക്കൂടിലേക്ക് ചാലിച്ച കണ്മഷി
പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.


താല്പര്യമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതെയുള്ളൂ.
ആവശ്യമായ സാധനങ്ങൾ:
1. പൂവാങ്കുരുന്നിലയുടെ ഇല
2. തിരിത്തുണി
3. നല്ലെണ്ണ
4. നിലവിളക്ക്
5. മണ്‍പാത്രം


March 28, 2014

സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ


നമുക്കെല്ലാർക്കും കാലാകാലങ്ങളിൽ ഓരോ
സ്വപ്നമുണ്ടാകും, അല്ലെങ്കിൽ പ്രതീക്ഷകൾ.
ഈ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായി ദിനവും
നാം പ്രയത്നിക്കുന്നു. ചിലരുടെ പ്രയത്നങ്ങൾ
സ്വപ്നങ്ങളെ യാധാർധ്യമാക്കുന്നു, ചിലർ
പരാജയപ്പെടുന്നു, കുറച്ചു പേർ വഴിമദ്ധ്യേ
കാലിടറി വീഴുന്നു...



എപ്പോഴും നമ്മൾ നമ്മുടെ സ്വപ്ങ്ങളുടെ
ചിറകിലേറിയാണ് യാത്ര. എന്നാൽ മറ്റൊരാളുടെ
സ്വപ്നം സഫലമാക്കാൻ അവർക്ക് കൂട്ടായി
ഇരിക്കുമ്പോഴുള്ള സന്തോഷം അറിഞ്ഞിട്ടുണ്ടോ ?
ഭാഗ്യവശാൽ എനിക്ക് ചില കാലങ്ങളിൽ
 അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ
സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 

വലിയ വലിയ കാര്യങ്ങൾ
ചെയ്തു കൊടുത്തു എന്നൊന്നും  ഇതിനർത്ഥമില്ല.
പക്ഷേ, ഒരു സുഹൃത്തിന്റെ പ്രതീക്ഷകളെ
കേട്ടിരിക്കാനും ആവുന്ന സഹായങ്ങൾ സന്തോഷത്തോടെ
ചെയ്തു കൊടുക്കുമ്പോൾ നമുക്കുണ്ടാകുന്ന,
പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദമുണ്ട്.

ഇന്നിവിടെ "സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ"
എന്ന ബ്ലോഗ്‌ എഴുതാൻ കാരണം, അത്തരത്തിൽ ഒരു
കൂട്ടിരിക്കുന്ന സമയമാണിപ്പോൾ എന്നതാണ്.
പക്ഷേ അതൊരു അടുത്ത സുഹൃത്തോ
വേണ്ടപ്പെട്ടവരോ ഒന്നുമല്ല; നാട്ടിലെ ഒരു
സാധാരണ വീട്ടമ്മ, ഒരന്തർജനം. പതിവായി
അമ്പലത്തിൽ കാണാറുള്ളതാണ്, ശാന്തിയുടെ
വേളി. ഒരു ദിവസം വീട്ടിൽ വന്നു അമ്മയോട്
എന്നെ തിരക്കി, അന്നേരം ഞാനുണ്ടായിരുന്നില്ല.

അമ്മയോട് വന്ന കാര്യം പറഞ്ഞു, അവരുടെ കയ്യിൽ
വർഷങ്ങൾ പഴക്കമുള്ള ഒരു ഡയറി ഉണ്ട്.
നിറം മങ്ങിയ താളുകളിൽ നിറയെ
ഭക്തിരസപ്രദമായ കവിതകളാണ്;
ഈശ്വര സ്തുതികൾ !
അനേകം വർഷങ്ങളിലെ അവരുടെ കാവ്യ സപര്യയുടെ
ഫലമായി പിറവിയെടുത്ത സ്തുതി ഗീതങ്ങൾ.
കഴിഞ്ഞ കാലത്തിലെ ഇന്നലെകളിലെ കഷ്ട്ടത നിറഞ്ഞ
ജീവിത യാത്രയിൽ വെന്തുരുകുമ്പോഴും,
മനസ്സിലെ ഭക്തിയിൽ നിന്നും വിശ്വാസത്തിൽ നിന്നും
കണ്ണുനീരായിപ്പൊടിഞ്ഞ അക്ഷരമാല്യങ്ങൾ
കലാസിൽ പകർത്തി, ഭഗവാന്റെ
തൃപ്പാദങ്ങളിൽ അർപ്പിക്കാനുള്ള  പുഷ്പങ്ങളായി
അവരത് കാത്തു സൂക്ഷിച്ചു. ഇന്നത്‌ ഒരു
അച്ചടിച്ച പുസ്തകമായി കാണണം എന്നതാണ്
അവരുടെ സ്വപ്നമെന്നും അതിനായി
മകനോട്‌ വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ
പറയണമെന്നും അമ്മയോട് പറഞ്ഞ്
ഡയറി വീട്ടിൽ ഏൽപ്പിച്ച് ആ അന്തർജ്ജനം
യാത്രയായി.

എഴുതിയ ഭക്തിഗീതങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴും
ഞാൻ ചിന്തിക്കുകയായിരുന്നു, ആ അന്തർജ്ജനം
എന്തിനാണ് അവരുടെ ഒരു സ്വപ്നത്തിനു,
കുറച്ചു കാലത്തേക്ക് കൂട്ടിരിക്കാൻ എന്നെ
നിയോഗിച്ചത്? എനിക്കും ഒരുപാട് സന്തോഷം
തോന്നി. പ്രസ്സിൽ പോയി പുസ്തകമാക്കാനുള്ള
ചിലവോക്കെ തിരക്കി. അവർക്ക് താങ്ങാനാവുമോ
എന്ന് ശങ്കിച്ച് ഞാൻ വിവരം അന്തർജനത്തിനെ
അറിയിച്ചു. ആദ്യമൊന്നു ചിന്തിച്ചെങ്കിലും
എങ്ങനെയെങ്കിലും നമുക്കിത് ചെയ്യണം എന്ന
ആഗ്രഹം പറഞ്ഞു. പണം തരപ്പെടുത്താൻ അവരും
വഴി കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നു.
എന്ത് തന്നെയായാലും ഈ മേടം തീരും മുൻപായി
ആത്തൊലിന്റെ പുസ്തകം അവരുടെ കയ്യിൽ
വച്ച് കൊടുക്കണമെന്നത് ഇന്നെന്റെയും ഒരു
സ്വപ്നമായി മാറിയിരിക്കുകയാണ്. അതിനു
വേണ്ട സഹായങ്ങൾ ചെയ്തു ഈയൊരു
സ്വപ്നത്തിന് കൂട്ടിരിക്കുകയാണിപ്പോൾ.
ഒരുപക്ഷേ ഈ സ്വപ്നം പൂവണിയുമ്പോൾ
ഞാനായിരിക്കും കൂടുതൽ സന്തോഷിക്കുക.

വരുന്ന മേടമാസത്തിൽ വിഷുപ്പക്ഷി പാടുന്ന  ഒരു
പകൽ വരെ നമുക്ക്  കാത്തിരിക്കാം...

അറിഞ്ഞും അറിയാതെയും നമ്മൾ ഇതുപോലെ
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്നവരാണ്.
കാലങ്ങൾ പോയ്മറയും, സ്വപ്‌നങ്ങൾ മാറി വരും
പക്ഷേ ഒരിക്കൽ കൂട്ടിരുന്ന സ്വപ്നത്തിന്റെ
സുഖമുള്ള ഓർമ്മകൾ മാത്രം നമ്മുടെ മനസ്സിൽ നിന്നും
ഒരിക്കലും മാഞ്ഞുപോവില്ല...



2014 MAY 18
സ്വപ്നം പൂവണിഞ്ഞു :
ആ അന്തർജ്ജനം കണ്ട സ്വപ്നം ഒടുവിൽ പൂവണിഞ്ഞു.
സ്വപ്നത്തിനു കൂട്ടിരുന്ന ഒരു സുഖം എനിക്കുമുണ്ട്.

അവരെഴുതിയ സ്തോത്ര ഗീതങ്ങൾ
"അക്ഷരപുഷ്പങ്ങൾ" എന്ന പേരിൽ
ഒരു പുസ്തകമാക്കി അതിന്റെ കോപ്പികൾ
അടങ്ങിയ ഒരു കെട്ട് അവരുടെ വീട്ടിൽ
കൊണ്ട് കൊടുത്തു. സന്തോഷം അവരുടെ
മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
പുസ്തകം എടുത്തു കയ്യിൽ കൊടുത്തപ്പോൾ
അന്തർജനവും തിരുമേനിയും എന്റെ
തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
ഇതിൽ കൂടുതൽ എനിക്കെന്തു വേണം...

February 13, 2014

പ്രണയത്തിലേക്കുള്ള ദൂരം

2014 FEB 14th.
വീണ്ടുമൊരു പ്രണയദിനം വന്നെത്തുമ്പോൾ
പ്രണയത്തിന്റെ ഒരു ചിന്തയാവാം ഇന്ന്.
ഇന്നാ പിടിച്ചോ !



അവൻ അവളോട്‌ ചോദിച്ചു :
   എനിക്ക് നിന്നിലേക്കുള്ള ദൂരവും 
   പ്രണയത്തിലേക്കുള്ള ദൂരവും 
   എത്രയാണെന്നറിയാമോ ???

അവൾ പറഞ്ഞു :
   എന്നിലേക്കൊരിക്കൽ വന്നെത്തുമ്പോൾ 
   പ്രണയത്തിന്റെ ദൂരം നീ തിരിച്ചറിയും...
   പക്ഷേ; അവിടെ നിന്നും നമുക്കൊന്നിച്ച്‌ 
   യാത്ര ചെയ്യാൻ എത്ര ദൂരമുണ്ടെന്നു 
   നിനക്കറിയാമോ ???

അവൻ ഒന്നും മിണ്ടിയില്ല.
മറു ചോദ്യത്തിന്റെ ഉത്തരം തേടി 
അവന്റെ കണ്ണുകളിലെ ആഴത്തിൽ 
അവൾ സമയമേറെ നോക്കിയിരുന്നു...
ദൂരെ  അങ്ങകലെ കടൽത്തിരകൾക്കപ്പുറത്തെ 
സൂര്യനും ഉത്തരമറിയാതെ അസ്തമിച്ചു.
അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു...


ഉത്തരമില്ലാ ചോദ്യങ്ങൾ ബാക്കിയായാലും
സൂര്യൻ അസ്തമിച്ചാലും
മനുഷ്യ മനസ്സിലെ പ്രണയം ഒരിക്കലും അസ്തമിക്കില്ല.
നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കും.

January 12, 2014

വിടവ്


2014 ലെ ചിന്തയിലെ ആദ്യ ബ്ലോഗാണിത്.
പുതുവർഷത്തിലെ പുതുമയ്ക്കു  വേണ്ടി
ഇക്കുറി ഞാനൊരു സാഹത്തിനൊരുങ്ങുകയാണ്.
കവിത "പോലെ" ഒന്നെഴുതിയത് ഇവിടെ പോസ്റ്റുന്നു.



ഈ സാഹത്തിനൊരു ആമുഖം പറയാം
എന്നിട്ടാവാം കവിത "പോലെയുള്ളത്‌" !

ആമുഖം:
നാം പലപ്പോഴും  അനുഭവിക്കുന്നൊരു കാര്യമാണ്
ബന്ധങ്ങളിലെ അകൽച്ചകൾ. പിണക്കങ്ങൾ കാരണം
പരിഭവങ്ങൾ കാരണം അങ്ങനെ കാരണങ്ങൾ പലത്.
ഒടുവിൽ തിരിച്ചു ചേരാൻ വയ്യാത്ത വണ്ണം ബന്ധങ്ങൾ
അകന്നു പോകാറുണ്ട്. എന്നാൽ നാം പലപ്പോഴം
അറിയാതെ; നമ്മുടെ തിരക്കുകൾ കാരണം
നമ്മുടെ പ്രിയപ്പെട്ടവരേ വിളിക്കാനോ സംസാരിക്കാനോ
പറ്റാതെ വരുമ്പോൾ മനസ്സിൽ ഒരു തോന്നൽ വരാറില്ലേ,
ഒരു "വിടവ്"
നാളുകൾക്കു ശേഷം ഒരു ഫോണ്‍ കാൾ കൊണ്ടോ
ഒരു കൂടിക്കാഴ്ച കൊണ്ടോ നികത്തപ്പെടുന്നൊരു വിടവ്.
പക്ഷേ ആ വിടവുകൾ ചില നേരം നമ്മെ ഖിന്നരാക്കും.

ചെറിയൊരു വിടവിന് ശേഷം, എനിക്ക് വളരെ
വേണ്ടപ്പെട്ട ഒരാൾക്ക്‌ കത്തെഴുതിയപ്പോൾ കൂടെ
ഈ കവിതയും എഴുതിയയച്ചു. ആ കവിത
താങ്ങാനാവാതെയാണോ എന്നറിയില്ല,
മറുപടി ഇതുവരേയും കിട്ടിയിട്ടില്ല :)
പക്ഷേ കത്തിലൂടെ അല്ലാതെയുള്ള സൌഹൃദം
വിടവില്ലാതെ നികന്നു പോരുന്നു.

പറഞ്ഞു വന്നത് വിടവിനെ പറ്റി.  കഴിവതും
നമ്മൾ സ്നേഹിക്കുന്നവരുമായി
നമ്മളെ സ്നേഹിക്കുന്നവരുമായി ഒരു
വിടവുണ്ടാകാതെ നോക്കാം നമുക്ക്.
ചെറിയ വിടവുകൾ വരും നാളുകളിലെ
അകൽച്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയാലോ ?

ഇനി ആ കവിത പോലെയുള്ളത്‌ പോസ്റ്റാം.
-----------------------------------------------------------------------------
നാം തമ്മിലെന്നുമുണ്ടൊരു വിടവ് 
               സമയത്തിന്റെ 
              കാലത്തിന്റെ 
              ദൂരത്തിന്റെ 
              മിണ്ടാട്ടത്തിന്റെ

പക്ഷേ നാം തമ്മിലൊരിക്കലുമില്ലൊരു വിടവ് 
              ഹൃദയത്തിന്റെ 
              സ്നേഹത്തിന്റെ 
              കരുതലിന്റെ

സമയ-കാല-ദൂര-മിണ്ടാട്ടങ്ങളുടെ വിടവുകൾ 
ഹൃദ-സ്നേഹത്തിലേക്കു കടക്കുമ്പോൾ 
നാം മരിക്കുന്നു, സൗഹൃദം മരിക്കുന്നു-
പിന്നെ ഞാനില്ല നീയില്ല 
തമ്മിലൊരു വിടവ് മാത്രം ബാക്കി...
 -----------------------------------------------------------------------------

 വിടവില്ലാത്ത സ്നേഹബന്ധങ്ങൾ ഏവർക്കും
ഈ  പുതുവർഷത്തിൽ ആശംസിക്കുന്നു...

സ്നേഹപൂർവ്വം
സ്വന്തം ....

December 29, 2013

ബോണ്‍ നതാലെ


തൃശ്ശിവപ്പേരൂരിലെ  പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.





നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്.



 

 




 മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.





സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.





കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.



വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.



വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
 "ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
 കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം.



"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"