September 03, 2015

പകിട


ഇക്കാലത്ത് ചൂത് വച്ച് പകിട കളിക്കുന്ന ഒരു സ്ഥലം
എന്റെ ചിന്തയിൽ പോലുമില്ലായിരുന്നു.
വളരെ വളരെ പണ്ട് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ക്രൌണ്‍
ടിവിയിൽ മഹാഭാരതം കണ്ടപ്പോൾ,
ശകുനിയുടെ കയ്യിലാണ് പകിട അവസാനമായി
കണ്ട ഒരോർമ്മ. രാജാക്കന്മാർ പണ്ട് രാജകീയമായി
കളിച്ചിരുന്ന ആ പകിട കളി ഇന്നും പലയിടങ്ങളിലും
നിലനിൽക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു വിസ്മയം !!!


 യാദ്രിശ്ചികമായി ഈ ഓണക്കാലത്ത്
ഒരു യാത്രയുടെ ഇടവേളയിൽ വഴിയരികിൽ ഒരു
ചെറിയ പന്തൽ കണ്ടു, ഒരു ഉദ്ഘാടനം നടക്കാൻ പോകുന്നു.
"അഖില കേരള പകിട കളി ടൂർണ്ണമെന്റ് - 2015"
സ്ഥലം : തൃശ്ശൂരിലെ അഞ്ചേരി അടുത്ത് മുത്തപ്പൻ ക്ഷേത്ര
മൈതാനിയോടു ചേർന്ന് കിടക്കുന്ന ഒരു പറമ്പ്.


കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ഓണക്കാലത്ത്
ഇവിടെ ഈ പകിട കളി നടക്കുന്നു. കേരളത്തിന്റെ വിവിധ
ദിക്കുകളിൽ നിന്നും പകിട കളിക്കാർ വന്ന്
മത്സരിക്കുന്ന ഒരിടം. നാല് മാസത്തോളം നീണ്ടു
നിൽക്കുന്ന ടൂർണ്ണമെന്റ്.

ജീവിതത്തിൽ ആദ്യമായി ഒരു പകിട കളി നേരിൽ
കാണുവാനും, ഇത് എന്താണീ ചൂത് കളിയെന്നും
അറിയുവാൻ  കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തിയില്ല.


കളിയിടവും ആളുകളും ഏത് തരക്കാർ ആണെന്ന്
നിശ്ചയമില്ലെങ്കിലും മടിക്കാതെ ആ പകിട കളിയുടെ
"ഗോദയിലേക്ക് " ആദ്യമായി ഞാൻ കടന്നു ചെന്നു.
ചെറുപ്പക്കാരായി ആരെയും കണ്ടില്ല. ഒരുമാതിരി
വല്ലാത്ത ആളുകൾ, ഭൂരിഭാഗവും കാജാ ബീഡിയും
വലിച്ചു പുകച്ചു കൊണ്ടാണ് ഉന്തു കാലിൽ ഇരിപ്പുറപ്പിച്ചു
കളിക്കുന്നത്.



ഒരു ടീം കളി തുടങ്ങിക്കഴിഞ്ഞു, ആവേശം മൂത്ത് വരുന്നു.
ചുറ്റും പത്തു പന്ത്രണ്ടാളുകൾ കൂടി നിന്ന് കളി പറയുന്നുണ്ട്.
മറ്റൊരു കൂട്ടർ പകിട കളിയുടെ കളം വരച്ചു
തുടങ്ങുന്നതേയുള്ളൂ. കളിക്കാനായി ഉപയോഗിക്കുന്ന
പകിടകളും, ചൂതും, തായം(കളം) വരയ്ക്കാനുള്ള ചോക്കും,
ഇരിപ്പലകകളും മറ്റും അവിടെ കൂട്ടി വച്ചിട്ടുണ്ട്.



എല്ലാം കണ്ടു വണ്ടറടിച്ചു നിന്ന ഞാൻ, അടുത്ത് നിൽക്കുന്ന
ചേട്ടനോട് കാര്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു.
കയ്യിൽ ക്യാമറയുമായി, കണ്ടാൽ മാന്യനെന്നു "തോന്നുന്ന"
എന്നെ ഒന്ന് നോക്കി. ഞാൻ എന്തോ വല്ല്യ
സംഭവാണെന്ന് തെറ്റിധരിച്ച ആ ചേട്ടൻ പറഞ്ഞു തുടങ്ങി.
പുള്ളി നല്ല ഫിറ്റാ, മദ്യത്തിന്റെ ഗന്ധം മേമ്പൊടിയായി
പകിട കളിയെക്കുറിച്ച് അയാൾ കുറെ കാര്യങ്ങൾ
പറഞ്ഞു തന്നു. എല്ലാം മനസ്സിലായില്ല എങ്കിലും
കുറച്ചു കാര്യങ്ങൾ ഓർമ്മയിൽ ഉള്ളത് ഇവിടെ
പോസ്റ്റുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.




96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.
നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ
ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ
പകിട കളിയിൽ ഏറ്റുമുട്ടും. സാധാരണയായി ഒരു
ടീമിൽ രണ്ടു പേരാണ് ഉണ്ടാവുക.
എതിർ ദിശയിലുള്ള കൊമ്പുകളിൽ ആണ്
ഒരേ ടീമിലുള്ള ആളുകൾ ഇരിക്കുക.



ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ
നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്.



അര കിലോയോളം തൂക്കം ഉണ്ട് ഈ രണ്ടെണ്ണത്തിനും  കൂടെ.
പകിടയിട്ട് കിട്ടുന്ന എണ്ണത്തിന് അനുസരിച്ച്
തായത്തിൽ കരു ഇറക്കി നീക്കാം. ഈ കരുവാണ് ചൂത്.


ഒരു  കളിയിൽ(ഒരു തായം)  ആകെ 16 ചൂതാണ് ഉണ്ടാവുക.
ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും.
അതിനു പ്രത്യേക പേരുകളും ഉണ്ട്.
ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ;
മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ.



വാഴ തണ്ടുകൊണ്ട് ഉണ്ടാക്കിയ ഈ ചൂതുകൾ
അവയുടെ രൂപം അനുസരിച്ചാണ്
ഓടൻ, പാത്തി, നുറുക്ക്, കൊമ്പൻ എന്നീ പേരുകളിൽ
അറിയപ്പെടുന്നത്.


പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ
പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ  കളിക്കാം.
നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും.



പകിട കളികുന്നവർ മിക്കവാറും
അന്ധ വിശാസത്തിന്റെ കൂട്ട് പിടിക്കും.
തായം വരയ്ക്കാനുള്ള ടോസ്സിങ്ങും ചൂത്
തിരഞ്ഞെടുക്കാനുള്ള ടോസ്സിങ്ങും എല്ലാം
കളിയുടെ ഭാഗ്യ രാശികളായി കാണുന്നു ഇവർ.
പകിട ഏറിയും മുൻപേ മന്ത്രം പോലെ ഉരുവിടുകയും
എതിർ ടീമിലുള്ളവർ മണ്ണിൽ കമിഴ്ന്നു കിടന്ന്
മുട്ടിപ്പായി പ്രാർത്ഥികുന്നതും ഉച്ചത്തിൽ ഓരിയിടുന്നതും
പതിവു കാഴ്ചകളാണ്.




വല്ലാത്തൊരു ലഹരിയാണ് ഇവർക്കീ ചൂത് കളി.
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒരു കളി ചിലപ്പോൾ
ദിവസങ്ങൾ പോലും കടന്നു പോകുമത്രേ !
കഴിഞ്ഞ വർഷം ഒരു കളി പൂർത്തിയായത്‌
3 ദിവസം കൊണ്ടാണെന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നി.



32 ടീമുകൾ മത്സരിക്കുന്ന ഈ ടൂർണ്ണമെന്റിന്റെ
വിജയികൾക്ക് ലഭിക്കുന്ന സമ്മാന തുക
25,000 രൂപയാണ്. വെറുതെയല്ല
മലപ്പുറത്ത്‌ നിന്നും മറ്റും പകിട കളിക്കാർ ഈ
കൊച്ചു ഗ്രാമത്തിൽ വന്നു അഞ്ച് റൌണ്ട്
കളിച്ചു സമ്മാനവും കൊണ്ട് പോകുന്നത്.

മലപ്പുറം, വടക്കാഞ്ചേരി എന്നീയിടങ്ങളിലും
ഇതുപോലുള്ള പകിട കളി ടൂർണ്ണമെന്റുകൾ
നടന്നു വരുന്നുണ്ട് എന്നാണറിയാൻ കഴിഞ്ഞത്.
എന്തായാലും ഈ സംഭവം കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ
തൃശൂർ ക്ക് വച്ച് പിടിച്ചോ. അഞ്ചേരിയിലെ ഇപ്പൊ
തുടങ്ങിയ ഈ കളി അടുത്ത നാലു മാസക്കാലം
അവിടെത്തന്നെയുണ്ടാകും.

June 27, 2015

ഞാറ്റുവേല

ഞാറ്റുവേല എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ,
കഴിഞ്ഞ ആഴ്ച വരെ എനിക്ക് കൂടുതലായൊന്നും
അറിയില്ലായിരുന്നു. ഞാറ്റുവേലയെപ്പറ്റി
അറിയാൻ ശ്രമിച്ചപ്പോൾ പലരിൽ നിന്നുമായി കിട്ടിയ
കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.


 സമയവും ദിവസവും കാലാവസ്ഥയും അറിയാൻ
പണ്ട് പഴമക്കാർ തയ്യാറാക്കിയ കാർഷിക കലണ്ടറാണ്
"ഞാറ്റുവേലകൾ".

"ഞായറിന്റെ വേള"യാണ് ഞാറ്റുവേല ആയത് !
ഞായറെന്നാൽ സൂര്യനേയും, വേള സമയത്തെയും
സൂചിപ്പിക്കുന്നു. അതായത് സൂര്യന്റെ സമയമാണ്
ഞാറ്റുവേല എന്നർത്ഥം.


പണ്ട് എല്ലാ കാര്യങ്ങളും
കൃഷിയുമായിട്ടായിരുന്നുവല്ലോ ബന്ധപ്പെട്ടിരുന്നത്.
വിത്തിറക്കാനും നനയ്ക്കാനും വളം വയ്ക്കാനും
വിളവെടുപ്പിനും എല്ലാം കാലാവസ്ഥയും സൂര്യൻറെ
സ്ഥിതിയുമെല്ലാം അറിയണം. അക്കാലത്ത് കർഷകരെ
സഹായിക്കാൻ കൃഷി ഭവനും, TV യും, മൊബൈൽ ഫോണ്‍
ആപ്പുകളും ഒന്നും തന്നെയില്ല. അന്ന് ആളുകൾക്ക്
കാലങ്ങളെ അറിഞ്ഞ്,ജീവിതവും  കൃഷിയും ചിട്ടപ്പെടുത്താൻ
ഉപയോഗിച്ചിരുന്നത് ഈ ഞാറ്റുവേലകളാണ്.


ഭൂമി സൂര്യനെ വലയം വയ്ക്കുന്ന പ്രദക്ഷിണ വഴിയെ
27 സമ ഭാഗങ്ങളാക്കി തിരിച്ചാണ് ഞാറ്റുവേല
രൂപപ്പെടുത്തിയിരിക്കുന്നത്.
മേട മാസത്തിൽ തുടങ്ങി മീന മാസത്തിലവസാനിക്കുന്ന
കാർഷിക വർഷത്തെ 13.5 ദിവസം (പതിമൂന്നര)
ദിവസം വീതമുള്ള 27 ഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നു.


അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളുടെ
പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
മേടം ഒന്നിന്(വിഷു ദിനത്തിൽ) ആരംഭിക്കുന്ന
അശ്വതി ഞാറ്റുവേലയിൽ തുടങ്ങുന്ന ഞാറ്റുവേല കലണ്ടർ
രേവതി ഞാറ്റുവേലയിൽ അവസാനിക്കുന്നു.

ഇതിൽ പ്രധാനം
മിഥുന മാസത്തിലെ തിരുവാതിര ഞാറ്റുവേലയാണ്.
പുതു നാമ്പുകൾ പിറവിയെടുക്കുന്ന, പതിമൂന്നര
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ തിരുവാതിര
ഞാറ്റുവേലയിൽ, മഴ, വെയിൽ, മഞ്ഞ് എന്നീ മൂന്ന്
പ്രതിഭാസങ്ങൾ ഉണ്ടാകും എന്നതാണിതിന്റെ
പ്രത്യേകത. തിരി മുറിയാതെ പെയ്യുന്ന ഈ മഴയിൽ,
വിരൽ ഒടിച്ചു കുത്തിയാൽ പോലും മുളയ്ക്കും
എന്നാണ് പഴമക്കാർ പറയുക. അതുകൊണ്ട് തന്നെ
ഈ ഞാറ്റുവേലയെ "പുതിയതിന്റെ ആരംഭ"മായി
കർഷകർ കാണുന്നു. ഒട്ടുമിക്ക കാർഷിക വിളകളുടെയും
വിത്തിറക്കുന്നത് ഈ ഞാറ്റുവേലയെ ആശ്രയിച്ചാണ്.

ഇങ്ങനെ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കുന്ന
ഞാറ്റുവേലകൾക്ക്, മനുഷ്യ സംസ്ക്കാരവുമായി
ഇഴപിരിയ്ക്കാനാവാത്ത ബന്ധമാണുള്ളത്.

June 23, 2015

ഇന്നലെകളിലൂടെ


ഈ ബ്ലോഗ്‌ ഒരു ശ്രമം മാത്രമാണ്, പറയാൻ പോകുന്ന
വിഷയം നിങ്ങളുമായി സംവദിക്കാൻ
എനിക്കാവുമോയെന്ന്ഒരു നിശ്ചയവുമില്ല.
ആധികാരികമായി പറയാൻ അറിയില്ലെങ്കിലും,
സൈക്കോളജിയിൽ ഗപ്പൊന്നും കിട്ടിയിട്ടില്ലെങ്കിലും
ചിലത് ഇവിടെ പറയാൻ ശ്രമിക്കുകയാണ്.


" ഇന്നലെകളിലൂടെ" എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഒരു
മാനസ സഞ്ചാരമാണ്. ഇന്നലെകളിൽ അല്ലെങ്കിൽ
കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളിലും,
സാഹചര്യങ്ങളിലും, അനുഭവങ്ങളിലും മനസ്സ്
ചിലപ്പോഴൊക്കെ തങ്ങി നില്ക്കുന്നൊരവസ്ഥ.
ഇന്നിൽ ജീവിക്കുമ്പോഴും ഇന്നലെകളിൽ മനസ്സിനെ
"തൊട്ട" കാര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ
ചെന്നെത്തി നിൽക്കാറില്ലേ? അപ്പൂപ്പൻ താടികൾ
പാറിപ്പറന്നു ഒരിടത്ത് പറ്റിപ്പിടിച്ചിരി ക്കും പോലെ...
വർത്തമാനത്തിലേക്ക്‌ മനസ്സ് പറന്നെത്താൻ
മടിയ്ക്കും പോലെ...

എന്റെയൊരു കൂട്ടുകാരാൻ ചേട്ടനാണ് സത്യത്തിൽ
ഈയൊരു ബ്ലോഗ്‌ ത്രെഡ് എഴുതാൻ കാരണം.
12 വർഷമായി US ൽ മെഡിക്കൽ രംഗത്ത്‌ പ്രവർത്തിക്കുന്ന
റെജിച്ചായൻ കഴിഞ്ഞ വർഷം ഒരവധിക്കാലം
ചിലവിടാനായി നാട്ടിൽ വന്നപ്പോൾ ഏതാനും
ദിവസങ്ങൾ എന്നോടൊപ്പം എന്റെ ഗ്രാമത്തിൽ തങ്ങി.
ഒരു മേജർ സർജറിക്ക് മുൻപുള്ള; നാട്ടിലേക്കുള്ള യാത്ര
അദ്ദേഹം ആവോളം ആഘോഷിക്കുകയായിരുന്നു.
ഇഷ്ട്ടപ്പെട്ട സ്ഥലങ്ങളും കാഴ്ചകളും കാണിക്കാൻ
ഞാൻ കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചു കുട്ടിയുടെ
കൌതുകത്തോടെ പുഴകളും നാട്ടുവഴികളും ചായക്കടയും
വായനശാലയും തൃശൂരിലെ വടക്കുംനാഥനും
പുത്തൻപള്ളിയും തേക്കിൻകാടും എല്ലാം കണ്ടു.
പണ്ടത്തെ സിനിമകളിലെ ലാലേട്ടന്റെ നാടൻ ദിനങ്ങൾ
പോലെ ആസ്വദിച്ച് അദ്ദേഹം തിരികെ US ലേക്ക് പറന്നു.


പക്ഷേ, ഇപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോഴും ആ
പഴയ ദിനങ്ങളിൽ അദ്ദേഹം ജീവിക്കുന്ന പോലെ
പറയാറുണ്ട്‌. മനസ്സ് പൂർണ്ണമായും കടൽ കടന്നെത്താൻ
തെല്ലു വിഷമിച്ച പോലെ.

സമാനമല്ലെങ്കിലും നമുക്കുമുണ്ടായിട്ടില്ലേ ഇത്തരം
അനുഭവങ്ങൾ ; ഒന്നോർത്തു നോക്കൂ !
തീർച്ചയായും എനിയ്ക്കനവധി സന്ദർഭങ്ങൾ
മനസ്സിലേക്ക് വരുന്നുണ്ട്.
മനസ്സിന്നും വിഹരിക്കുന്ന ആ ഇന്നലെകളിൽ ചിലത്,
മനസ്സിലേക്ക്   പെട്ടെന്ന് ഓടി വരുന്നവ ഇതാ..

കലാലയ ജീവിതത്തിൽ ക്യാമ്പസ്സിൽ നിന്നും വിനോദയാത്ര
പോയി തിരികെ വന്ന ദിവസങ്ങൾ, കുട്ടിക്കാലത്ത്
അമ്മാവന്റെ വീട്ടിലെ വേനൽ അവധിക്കാലം കഴിഞ്ഞു
സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം സന്ധ്യയായപ്പോൾ
മനസ്സ് തിരികെ പോയത്, അങ്ങനെ പലതും,
കാലങ്ങൾക്കിപ്പുറം നടത്തിയ യാത്രകളും  കാട് കയറ്റവും
അലച്ചിലുമെല്ലാം...
നിങ്ങൾക്കുമുണ്ടാവും ഇതിലേറെ കാര്യങ്ങൾ
ഓർത്തെടുക്കാൻ, അല്ലേ? ഇത്തരം ഓർമ്മകളും;
പ്രവാസികൾക്ക്  നാട്ടിലെ അവധി ദിവസങ്ങളുമൊക്കെ
മനസ്സിനെ അറിയാതെ റിവേർസ് ഗിയറിൽ ഇട്ട്
ഇന്നലകെളിലേക്ക് കൊണ്ടുപോകും...



ചുമ്മാ ഒരു രസത്തോടെ ഇതൊക്കെ ഒരു സാക്ഷി
ഭാവത്തോടെ നോക്കി നില്ക്കാൻ രസമാണല്ലേ?
കാലത്തിന്റെ ഇന്നലെകളിലേക്കുള്ള മനസ്സിന്റെ ഈ
മടക്ക യാത്രകൾ, നോവുണർത്തിയ ഓർമ്മകളിലേക്കും
നമ്മെ കൂട്ടിക്കൊണ്ടു പോവും.

 ആർദ്രമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
പ്രണയത്തിന്റെയും വിരഹത്തിന്റെയുംഎല്ലാം
ഇന്നലെകളിലേക്ക്,
വെറുതെയെങ്കിലും മനസ്സിന്റെ ഒരു തിരിച്ചുപോക്ക്
ചില നേരങ്ങളിൽ  അനിവാര്യതയാണ്.


നാം ഓർക്കുക;
ഇന്ന്, ഇപ്പോൾ നമ്മളിലൂടെ കടന്നു പോകുന്ന
ഓരോ നിമിഷങ്ങളും നാളെയുടെ ഇന്നലെകളാണ്.
അതിനാൽ, നാളത്തെ ഇന്നലെകൾ സുന്ദരമാക്കാൻ
ഇന്നിന്റെ ഓരോ ദിനരാത്രങ്ങളും, അനുനിമിഷം
നമുക്ക് സന്തോഷത്തോടെ ആസ്വദിക്കാം.
ഇന്നലെകളിലൂടെയുള്ള യാത്രകൾ സുന്ദരങ്ങളായിരിക്കട്ടെ...

June 18, 2015

വായന

നാളെ ജൂണ്‍-19
നാടെങ്ങും വായനദിനമായി ആചരിക്കുന്ന ദിവസം.
എന്നാൽ പിന്നെ ഞാനേറെ സ്നേഹിക്കുന്നവർക്കായി
ഞാനേറെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യത്തെപ്പറ്റി ഇവിടെ
എഴുതാമെന്ന് കരുതി.


വായനയുടെ ലോകം...
വായന മരിക്കുന്നു എന്നൊക്കെ കുറച്ചു നാൾ മുൻപ് വരെ
കേട്ടിരുന്നു. അങ്ങനെ ഉണ്ടോ? എനിക്ക് തോന്നുന്നില്ല.
പണ്ടത്തെ പോലെ വായിക്കുന്നവരുടെ എണ്ണം ഒരുപക്ഷേ
കുറഞ്ഞിട്ടുണ്ടാവാം. പക്ഷെ ഇന്നും കാര്യമായി
വായിക്കുന്നവർ ഒത്തിരി ഉണ്ട്.
പുസ്തകത്തിൽ നിന്നും തെല്ലു മാറി വായന
ഇൻറർനെറ്റിലെക്കും, ബ്ലോഗിലേക്കും, ടാബിലെക്കും
എന്തിന് മൊബൈൽ ഫോണിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു.

അറിഞ്ഞും അറിയാതെയും നാം വായനക്കാരാകുന്നുണ്ട്,
സോഷ്യൽ മീഡിയകളിൽ, വാട്സ് ആപ് ഗ്രൂപ്പുകളിൽ
പലപ്പോഴും നാം കാര്യമായ ചർച്ചകളിൽ പങ്കാളികളാവുന്നു.
വെറുതെ തമാശ മാത്രം പോസ്റ്റ്‌ ചെയ്യപ്പെടുന്ന
ഇടങ്ങളെക്കുറിചല്ല ഞാൻ ഉദ്ദേശിച്ചത്.
മറിച്ച്, ഗൌരവമേറിയകലാ സാംസ്ക്കാരിക
സാമൂഹിക വിഷയങ്ങൾ മുതൽ
സാഹിത്യവും യാത്രകളും അനുഭവ കുറിപ്പുകളും
പാട്ടുകളും കഥകളും കവിതകളും നാട്ടറിവുകളും
മറ്റും പരിചയപ്പെടുത്തുന്ന വിശാലമായ
വായനയുടെ ലോകം, വായനയുടെ ഒരു പൂക്കാലം
ഇന്ന് തൊട്ടരികത്ത്‌ നമ്മെ കാത്തിരിപ്പുണ്ട്‌.
ചളു മാത്രം വായിച്ചു നിർവൃതിയടയാതെ
നല്ലൊരു വായനയുടെ ലോകത്തേക്ക്,
പുതിയ കാലത്തിന്റെ വായനശാലകളിലേക്ക് നമുക്ക്
ചെന്നെത്താം...
അതിനുള്ള ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ വായനദിനം.

 
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ
പുതുവായിൽ നാരായണ പണിക്കർ എന്ന ശ്രീ P.N. പണിക്കരുടെ
ഓർമ്മ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.
ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച,
കേരള സാക്ഷരതാ യജ്ഞത്തിനു നേതൃത്വം നൽകിയ ആ
മഹാത്മാവിനു മുൻപിൽ ഒരു നിമിഷം ശിരസ്സ്‌ നമിക്കാം.

എനിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഒരു എളിയ
പ്രവർത്തകനാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

"വായിക്കുക വളരുക"

വായനയുടെ പൂക്കാലം...
മേൽ പറഞ്ഞ പോലെ വായനയുടെ ലോകം
എത്രയൊക്കെ മാറിയാലും,
ഒരു പുസ്തകമെടുത്ത്‌ വിരലിനാൽ  താളുകൾ  മറിച്ചു
വായിക്കുന്നതിന്റെ ഒരു സുഖം മറ്റൊന്നിനും നൽകാനാവില്ല.
പുസ്തകത്തിന്റെ മണവും ചട്ടയുടെ നിറവും എല്ലാം
അക്ഷരങ്ങളോടൊപ്പം മനസ്സിൽ മായാതെ നിൽക്കും.
വായനശാലയിലെ റാക്കിൽ അടുക്കി വച്ച പുസ്തകങ്ങൾ
കാണാൻ തന്നെ വല്ലാത്തൊരു കൊതിയാണെനിക്ക്. അവ
പരസ്പരം സംസാരിക്കുന്ന പോലെ തോന്നും. എത്ര
രസമായിരിക്കും അല്ലെ, ആ എഴുത്തുകാർ തമ്മിൽ
അവിടെയിരുന്ന് സംസാരിച്ചിരുന്നെങ്കിൽ !!!
ഇ.വി യും, കുമാരനാശാനും, വള്ളത്തോളും, വിജയനും,
എം ടി യും, മുകുന്ദനും, പദ്മനാഭനും, മാധവിക്കുട്ടിയും,
ആനന്ദും, സക്കറിയയും, പെരുമ്പടവും, ചുള്ളിക്കാടും,
മീരയും, ബെന്യാമിനും, പൌലോ കൊയിലോയും
മാർക്കസ്സും...  അങ്ങനെ എല്ലാവരും കൂടി ഒരു
സാഹിത്യ സംവാദം നടത്തിയിരുന്നെങ്കിൽ എത്ര
വിചിത്രമായിരിക്കും അത് !


ഓരോ പുസ്തകവും ഓരോ അനുഭവങ്ങളാണ് നമുക്ക്
തരുന്നത്. ചിലപ്പോൾ അത് നമ്മളെ തന്നെ കാട്ടിത്തരുന്നു,
മറ്റു ചിലപ്പോൾ അത് വഴികാട്ടികളാവുന്നു. 
അറിവും വിജ്ഞാനവും രസങ്ങളും പ്രണയവും നർമ്മവും
എല്ലാം ഈ താളുകളിൽ, കറുത്ത  മഷി പുരട്ടി ഒട്ടിച്ചു
വച്ചിരിക്കാണെന്ന്തോന്നും, വായനയുടെ ലോകത്തെത്തിയാൽ.

അത്ര രസമാണീ വായനയുടെ യാത്ര. അക്ഷരങ്ങൾ നമ്മെ
കാലത്തിന്റെ അങ്ങേ തലക്കലേക്കും ഇങ്ങോട്ടും കൊണ്ട്
പോകും, അറിയില്ലാത്ത ആകാശങ്ങളിൽ വിഹരിക്കാൻ
നമ്മെ പഠിപ്പിക്കും, കെട്ടുകഥകളും പഴംപാട്ടുകളും
ചൊല്ലി നമ്മെ കളിപ്പിക്കും...
ജീവിതത്തെ അറിയുന്നത്, കാട്ടി തരുന്നത് ഈ പുസ്തകങ്ങൾ
അല്ലാതെ മറ്റെന്താണ്?
നാം തന്നെ തിരഞ്ഞെടുക്കുന്ന നമ്മുടെ ഗുരുനാഥന്മാർ !

ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ശക്തമായ എഴുത്തിന്റെ
അക്ഷരക്കടലാസുകൾ തുന്നിക്കെട്ടിയ ഈ പുസ്തകങ്ങൾ
വെറും പുസ്തകങ്ങൾ മാത്രമല്ല;
ഒരു മനുഷ്യായുസ്സിലെ നല്ല വഴിത്തിരുവുകളുടെ
അടയാളപ്പെടുത്തലുകൾ കൂടിയാണ്.
വായനയുടെ കാലം അതിന് സാക്ഷ്യം നിൽക്കട്ടെ.


January 18, 2015

പാലിയം

ഈ വർഷം ക്രിസ്മസ് അവധിക്കാലം കുടുംബമൊത്ത്‌
കൊച്ചിയിലായിരുന്നു. മുൻപ് താമസിച്ച സ്ഥലങ്ങളിലും
സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ ഒരു പ്രദക്ഷിണം.
ദയ ജനിച്ച ശേഷം ആദ്യമായിട്ടാണ് കൃഷ്ണയോടൊപ്പം
കൊച്ചിയിൽ എത്തുന്നത്.



ഭവന സന്ദർശനങ്ങൾ കഴിഞ്ഞപ്പോൾ മോളെ കൂട്ടി
കൊച്ചിയോന്നു കറങ്ങി. രണ്ട് വർഷത്തെ ഇടവേളയ്ക്കു
ശേഷം ബിനാലെ വീണ്ടും കൊച്ചിയിൽ എത്തിയിട്ടുണ്ട്.
അന്നത് കൊച്ചി മുസരീസ് ബിനാലെയായിരുന്നു.

കൊച്ചിയിലെ മുസരീസ് പൈതൃകത്തിന്റെ ഓർമ്മ
നിലനിർത്തിയ ആ പേര് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
എന്നാൽ പിന്നെ ആ പഴയ മുസരീസ് വേരുകൾ
നിലനിൽക്കുന്ന ചേന്ദമംഗലം എന്ന സ്ഥലത്തെ പാലിയം
നാലുകെട്ട് ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു.



കൊച്ചിയിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെ
പറവൂരിനടുത്ത് ചേന്ദമംഗലം ഗ്രാമത്തിലാണ്
പാലിയം നാലുകെട്ട്, പാലിയം കൊട്ടാരം എന്നിവ
സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പണിതീർത്ത
ഈ നാലുകെട്ട് ഇന്ന് പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റിന്റെ
കീഴിലാണ്. മുസരീസ് ഹെറിറ്റെജ്  ടൂറിസത്തിന്റെ
ഭാഗമായി ഇവിടെ പരിപാലിച്ച് സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.
(10AM to 5PM, Monday Holiday).




ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ
ഹെറിറ്റെജ് കണ്‍സർവേഷൻ പ്രൊജക്റ്റുകളിൽ
ഒന്നാണ് മുസരിസ്. അതിൽ പാലിയത്തിന്റെ സ്ഥാനവും
ചെറുതല്ല.


പാലിയം : ചില ചരിത്ര സത്യങ്ങൾ

പരമ്പരാഗതമായി കൊച്ചി രാജാവിന്റെ മുഖ്യമന്ത്രി സ്ഥാനം
പാലിയം തറവാട്ടുകാർക്കായിരുന്നു. അധികാരം കൊണ്ടും
സ്വത്ത് വകകൾ കൊണ്ടും രാജാക്കന്മാരുടെ തൊട്ടു പുറകിൽ
സ്ഥാനമുണ്ടായിരുന്നു അന്ന് പാലിയത്തുകാർക്ക്.
ഭൂപ്രഭുക്കൻമാരായിരുന്ന ഇക്കൂട്ടർ കൊച്ചി
മഹാരാജ്യത്തിന്റെ നല്ലൊരു പങ്കും അടക്കി വാണിരുന്ന
ഒരു കാലമുണ്ടായിരുന്നു. "കൊച്ചിയിൽ പാതി പാലിയം"
എന്ന ചൊല്ല് പണ്ട് അതിനെ അന്വർത്ഥമാക്കുന്നു.
പാലിയം തറവാട്ടിലെ എറ്റവും പ്രായമേറിയ പുരുഷ
കേസരികളെ "പാലിയത്ത് അച്ഛൻ" എന്നാണ് വിളിച്ചിരുന്നത്‌.
കൊച്ചി രാജാവിന്റെ പ്രീതിക്ക് പാത്രമായ ഈ പാലിയത്ത്
അച്ചന്മാരുടെ സേവനങ്ങളാൽ, കൊച്ചി രാജ്യത്തിന്റെ
 "സർവ്വാധ്യക്ഷൻ" എന്നൊരു പദവിയും പാലിയത്തുകാർക്കു
ഉണ്ടായിരുന്നു. പോച്ചുഗീസുകാരുടെ വരവോടെ
പാലിയത്തുകാരുടെ സ്ഥാനവും ഔന്ന്യത്തിലെത്തി എന്ന്
ചരിത്രം സാക്ഷ്യം ചൊല്ലുന്നു.



മരുമക്കത്തായം സമ്പ്രദായം നിലനിന്നിരുന്ന ഈ തറവാട്ടിൽ
213 അംഗങ്ങൾ ഉണ്ടായിരുന്നത്രേ ! 1952 ൽ ഭൂ പരിഷ്കരണ
നിയമം വന്നപ്പോൾ ഒരു തറവാടിനു കൈവശം വയ്ക്കാനുള്ള
ഭൂമിക്കു പരിധികൾ നിശ്ചയിച്ചു. തൽഫലമായി അക്കാലത്തെ
ഏറ്റവും വലിയ ഹിന്ദു കൂട്ടുകുടുംബമായിരുന്ന പാലിയത്തിന്റെ
ഭൂമിയും സ്വത്തുക്കളും ഭാഗം വച്ചു. തിരു കൊച്ചിയുടെ
ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗം വയ്പ്പ് വിൽപ്പത്രമാണ്
അന്ന് രജിസ്ടർ ചെയ്യപ്പെട്ടത്. ഇന്ന് പാലിയത്തുകാർ
ലോകത്തിന്റെ തന്നെ പല ദിക്കുകളിൽ ഉണ്ട്.



അന്നത്തെ പാലിയം തറവാടായ "പാലിയം നാലുകെട്ട്" ആണ്
ഈ ബ്ലോഗിലെ വിഷയം.

ഞങ്ങൾ അവിടെ എത്തിയപ്പോൾ വിരലിൽ എണ്ണാവുന്നത്ര
സന്ദർശകർ മാത്രമേ ഉള്ളൂ. സന്ദർശന ടിക്കറ്റെടുത്തു
നാലുകെട്ടിന്റെ അകത്തു കടന്നാൽ എല്ലാ കാര്യങ്ങളും
വിശദമായി പറഞ്ഞു തരാൻ ഗൈഡ് ഉണ്ട്.
നാലുകെട്ടിന്റെ അകത്ത് ഫോട്ടോഗ്രഫി
നിരോധിചിരിക്കുന്നതിനാൽ കൂടുതൽ ചിത്രങ്ങൾ
ഈ ബ്ലോഗിൽ പ്രതീക്ഷിക്കണ്ട.

450 ലേറെ വർഷം പഴക്കമുള്ള ഈ
നാലുകെട്ട് പേരിനെ സാധൂകരിക്കുന്ന നിർമ്മാണ ശൈലിയുടെ
വിശേഷപ്പെട്ട ഒരു ദൃഷ്ടാന്തം തന്നെയാണ്.

നാലുകെട്ടിന്റെ തെക്കിനിയും വടക്കിനിയും കിഴക്കിനിയും
പടിഞ്ഞാറ്റും പരിചയപ്പെടുത്തിയ ശേഷം ഒരു വീഡിയോ
കാണിച്ചു തന്നു. പാലിയത്തിന്റെ വിശേഷങ്ങൾ
അനാവരണം ചെയ്യുന്ന ആ ചലിക്കുന്ന ചിത്രങ്ങൾ
മിഴിവുള്ളതാണെങ്കിലും വളരെ ഹ്രസ്വമായിരുന്നു.



കർണ്ണ മൂലവും മറ്റ് നിർമ്മാണ സവിശേഷതകളും
കാണിച്ചു തന്ന ശേഷം, കൂടുതൽ കാഴ്ചകൾക്കായി
ഗൈഡ് ഓരോ മുറികളിലെക്കായി ഞങ്ങളെ  നയിച്ചു.
ഓരോ മുറിയുടെ പ്രത്യേകതകളും വിശദമായി പങ്കുവച്ചു.

തെക്കിനിയിൽ ഉള്ള ചെറിയ അറയിലായിരുന്നത്രേ
സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത്. തറവാട്ടിലെ ഏറ്റവും
മുതിർന്ന സ്ത്രീ (വല്യമ്മ) ആണ് അറയിലെ സ്വത്തിന്റെ
ക്രയവിക്രയങ്ങൾക്ക് അവകാശി. ആർക്കും സ്വന്തമായി
സ്വത്തുക്കളില്ല, പൊതു സ്വത്തുക്കൾ വല്യമ്മ
നിശ്ചയിക്കും പ്രകാരം ആവശ്യക്കാർക്ക് കിട്ടും.
അറയുടെ വശങ്ങളിലൂടെ ഇറങ്ങിയാൽ ചെറിയൊരു
തുരങ്കമാണ്. ആപൽ ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ളതാണ്
ഈ തുരങ്ക പാത.



വല്യമ്മയ്ക്ക് സ്വന്തമായി ഒരു  മുറിയുണ്ട്. അന്നത്തെ അവരുടെ
അധികാര സ്വഭാവം വിളിച്ചു പറയുന്ന സാമഗ്രികൾ ഇന്നും
വല്ല്യമ്മയുടെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആ മുറിയിൽ നിന്നും
താഴേക്ക് നോക്കിയാൽ നാലുകെട്ടിന്റെ ഉൾതളവും
അടുക്കളയും സൌകര്യമായി കാണാം. അടുക്കളയിലെ
വാല്യക്കാർക്കു നിർദേശങ്ങൾ കൊടുക്കാൻ തരത്തിൽ ഒരു
ജനാലയും ഉണ്ട്. ചെറുതും വലുതുമായ ഒരുപാട് മുറികൾ
പിന്നെയും ഉണ്ട്, അവിടെ പഴയ ആയുധങ്ങളും മറ്റു
പ്രദർശന വസ്തുക്കളും വച്ചിരിക്കുന്നു.





നാലുകെട്ടിനോട് ചേർന്ന് തന്നെ ഒരു തറവാട്ടു ക്ഷേത്രം
ഉണ്ട്. പാലിയം ഭഗവതി ഇവിടെ കുടികൊള്ളുന്നു.





നാലുകെട്ടിന്റെ ചുറ്റും പല ഗൃഹങ്ങളും ഉണ്ട്. എല്ലാം
പണ്ടത്തെ തറവാടിത്തം വിളിച്ചോത്തുന്നവ.
നൂറ്റൊന്ന് മാളികയാണ് അതിൽ പ്രധാനം. ഇവിടെ
നൂറ്റൊന്നു മുറികൾ ഉണ്ട്. നാലുകെട്ട് ഒഴികെയുള്ള ഈ
കെട്ടിടങ്ങളിൽ നമുക്ക് പ്രവേശനമില്ല. പലതും ഇന്ന്
സ്വകാര്യ വ്യക്തികളുടെതാണ്. നന്ദനം സിനിമ ഈ
പാലിയത്താണ് ചിത്രീകരിച്ചിട്ടുള്ളത്. നാലുകെട്ടിന്റെ
കാഴ്ചകൾ കണ്ട് പാലിയം കൊട്ടാരം കാണാൻ ഞങ്ങൾ
അവിടെ എത്തിയപ്പോഴെകും സന്ദർശന സമയം കഴിഞ്ഞിരുന്നു.



മുസരീസിന്റെ മണ്ണിലെ ആദ്യ സന്ദർശനം എന്റെ
മകളുടെ കൂടെ ആയതു കൂടുതൽ സന്തോഷം
പകർന്നു, ചെറുപ്പത്തിലെ ഇത്തരം യാത്രകളിലൂടെ
അവൾ കണ്ടും അറിഞ്ഞും പഠിക്കട്ടെ...



ചേന്ദമംഗലം ഫെറി കടന്നാൽ തൃശൂരിലേക്ക് എളുപ്പ
വഴിയുണ്ട്. കാറും ജീപ്പുമൊക്കെ കയറ്റാവുന്ന ഈ
ചങ്ങാടത്തിലൂടെയുള്ള യാത്രയും രസകരമാണ്.
പുഴയുടെ വഴിയെ ദ്വീപു പോലെ ഒരു പാറയും ഉണ്ട്.
മാളവന പാറ.


ഫെറി ഇറങ്ങി എറണാകുളം ജില്ല വിട്ട് വീണ്ടും
തൃശ്ശൂരിലേക്ക് ; പുതിയ വർഷത്തിൽ കൂടുതൽ യാത്രകൾ
ചെയ്യാൻ സാധിക്കട്ടെ എന്ന കൊതിയോടെ...