Showing posts with label choodu kali. Show all posts
Showing posts with label choodu kali. Show all posts

September 03, 2015

പകിട


ഇക്കാലത്ത് ചൂത് വച്ച് പകിട കളിക്കുന്ന ഒരു സ്ഥലം
എന്റെ ചിന്തയിൽ പോലുമില്ലായിരുന്നു.
വളരെ വളരെ പണ്ട് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ക്രൌണ്‍
ടിവിയിൽ മഹാഭാരതം കണ്ടപ്പോൾ,
ശകുനിയുടെ കയ്യിലാണ് പകിട അവസാനമായി
കണ്ട ഒരോർമ്മ. രാജാക്കന്മാർ പണ്ട് രാജകീയമായി
കളിച്ചിരുന്ന ആ പകിട കളി ഇന്നും പലയിടങ്ങളിലും
നിലനിൽക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു വിസ്മയം !!!


 യാദ്രിശ്ചികമായി ഈ ഓണക്കാലത്ത്
ഒരു യാത്രയുടെ ഇടവേളയിൽ വഴിയരികിൽ ഒരു
ചെറിയ പന്തൽ കണ്ടു, ഒരു ഉദ്ഘാടനം നടക്കാൻ പോകുന്നു.
"അഖില കേരള പകിട കളി ടൂർണ്ണമെന്റ് - 2015"
സ്ഥലം : തൃശ്ശൂരിലെ അഞ്ചേരി അടുത്ത് മുത്തപ്പൻ ക്ഷേത്ര
മൈതാനിയോടു ചേർന്ന് കിടക്കുന്ന ഒരു പറമ്പ്.


കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ഓണക്കാലത്ത്
ഇവിടെ ഈ പകിട കളി നടക്കുന്നു. കേരളത്തിന്റെ വിവിധ
ദിക്കുകളിൽ നിന്നും പകിട കളിക്കാർ വന്ന്
മത്സരിക്കുന്ന ഒരിടം. നാല് മാസത്തോളം നീണ്ടു
നിൽക്കുന്ന ടൂർണ്ണമെന്റ്.

ജീവിതത്തിൽ ആദ്യമായി ഒരു പകിട കളി നേരിൽ
കാണുവാനും, ഇത് എന്താണീ ചൂത് കളിയെന്നും
അറിയുവാൻ  കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തിയില്ല.


കളിയിടവും ആളുകളും ഏത് തരക്കാർ ആണെന്ന്
നിശ്ചയമില്ലെങ്കിലും മടിക്കാതെ ആ പകിട കളിയുടെ
"ഗോദയിലേക്ക് " ആദ്യമായി ഞാൻ കടന്നു ചെന്നു.
ചെറുപ്പക്കാരായി ആരെയും കണ്ടില്ല. ഒരുമാതിരി
വല്ലാത്ത ആളുകൾ, ഭൂരിഭാഗവും കാജാ ബീഡിയും
വലിച്ചു പുകച്ചു കൊണ്ടാണ് ഉന്തു കാലിൽ ഇരിപ്പുറപ്പിച്ചു
കളിക്കുന്നത്.



ഒരു ടീം കളി തുടങ്ങിക്കഴിഞ്ഞു, ആവേശം മൂത്ത് വരുന്നു.
ചുറ്റും പത്തു പന്ത്രണ്ടാളുകൾ കൂടി നിന്ന് കളി പറയുന്നുണ്ട്.
മറ്റൊരു കൂട്ടർ പകിട കളിയുടെ കളം വരച്ചു
തുടങ്ങുന്നതേയുള്ളൂ. കളിക്കാനായി ഉപയോഗിക്കുന്ന
പകിടകളും, ചൂതും, തായം(കളം) വരയ്ക്കാനുള്ള ചോക്കും,
ഇരിപ്പലകകളും മറ്റും അവിടെ കൂട്ടി വച്ചിട്ടുണ്ട്.



എല്ലാം കണ്ടു വണ്ടറടിച്ചു നിന്ന ഞാൻ, അടുത്ത് നിൽക്കുന്ന
ചേട്ടനോട് കാര്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു.
കയ്യിൽ ക്യാമറയുമായി, കണ്ടാൽ മാന്യനെന്നു "തോന്നുന്ന"
എന്നെ ഒന്ന് നോക്കി. ഞാൻ എന്തോ വല്ല്യ
സംഭവാണെന്ന് തെറ്റിധരിച്ച ആ ചേട്ടൻ പറഞ്ഞു തുടങ്ങി.
പുള്ളി നല്ല ഫിറ്റാ, മദ്യത്തിന്റെ ഗന്ധം മേമ്പൊടിയായി
പകിട കളിയെക്കുറിച്ച് അയാൾ കുറെ കാര്യങ്ങൾ
പറഞ്ഞു തന്നു. എല്ലാം മനസ്സിലായില്ല എങ്കിലും
കുറച്ചു കാര്യങ്ങൾ ഓർമ്മയിൽ ഉള്ളത് ഇവിടെ
പോസ്റ്റുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.




96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.
നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ
ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ
പകിട കളിയിൽ ഏറ്റുമുട്ടും. സാധാരണയായി ഒരു
ടീമിൽ രണ്ടു പേരാണ് ഉണ്ടാവുക.
എതിർ ദിശയിലുള്ള കൊമ്പുകളിൽ ആണ്
ഒരേ ടീമിലുള്ള ആളുകൾ ഇരിക്കുക.



ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ
നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്.



അര കിലോയോളം തൂക്കം ഉണ്ട് ഈ രണ്ടെണ്ണത്തിനും  കൂടെ.
പകിടയിട്ട് കിട്ടുന്ന എണ്ണത്തിന് അനുസരിച്ച്
തായത്തിൽ കരു ഇറക്കി നീക്കാം. ഈ കരുവാണ് ചൂത്.


ഒരു  കളിയിൽ(ഒരു തായം)  ആകെ 16 ചൂതാണ് ഉണ്ടാവുക.
ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും.
അതിനു പ്രത്യേക പേരുകളും ഉണ്ട്.
ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ;
മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ.



വാഴ തണ്ടുകൊണ്ട് ഉണ്ടാക്കിയ ഈ ചൂതുകൾ
അവയുടെ രൂപം അനുസരിച്ചാണ്
ഓടൻ, പാത്തി, നുറുക്ക്, കൊമ്പൻ എന്നീ പേരുകളിൽ
അറിയപ്പെടുന്നത്.


പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ
പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ  കളിക്കാം.
നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും.



പകിട കളികുന്നവർ മിക്കവാറും
അന്ധ വിശാസത്തിന്റെ കൂട്ട് പിടിക്കും.
തായം വരയ്ക്കാനുള്ള ടോസ്സിങ്ങും ചൂത്
തിരഞ്ഞെടുക്കാനുള്ള ടോസ്സിങ്ങും എല്ലാം
കളിയുടെ ഭാഗ്യ രാശികളായി കാണുന്നു ഇവർ.
പകിട ഏറിയും മുൻപേ മന്ത്രം പോലെ ഉരുവിടുകയും
എതിർ ടീമിലുള്ളവർ മണ്ണിൽ കമിഴ്ന്നു കിടന്ന്
മുട്ടിപ്പായി പ്രാർത്ഥികുന്നതും ഉച്ചത്തിൽ ഓരിയിടുന്നതും
പതിവു കാഴ്ചകളാണ്.




വല്ലാത്തൊരു ലഹരിയാണ് ഇവർക്കീ ചൂത് കളി.
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒരു കളി ചിലപ്പോൾ
ദിവസങ്ങൾ പോലും കടന്നു പോകുമത്രേ !
കഴിഞ്ഞ വർഷം ഒരു കളി പൂർത്തിയായത്‌
3 ദിവസം കൊണ്ടാണെന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നി.



32 ടീമുകൾ മത്സരിക്കുന്ന ഈ ടൂർണ്ണമെന്റിന്റെ
വിജയികൾക്ക് ലഭിക്കുന്ന സമ്മാന തുക
25,000 രൂപയാണ്. വെറുതെയല്ല
മലപ്പുറത്ത്‌ നിന്നും മറ്റും പകിട കളിക്കാർ ഈ
കൊച്ചു ഗ്രാമത്തിൽ വന്നു അഞ്ച് റൌണ്ട്
കളിച്ചു സമ്മാനവും കൊണ്ട് പോകുന്നത്.

മലപ്പുറം, വടക്കാഞ്ചേരി എന്നീയിടങ്ങളിലും
ഇതുപോലുള്ള പകിട കളി ടൂർണ്ണമെന്റുകൾ
നടന്നു വരുന്നുണ്ട് എന്നാണറിയാൻ കഴിഞ്ഞത്.
എന്തായാലും ഈ സംഭവം കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ
തൃശൂർ ക്ക് വച്ച് പിടിച്ചോ. അഞ്ചേരിയിലെ ഇപ്പൊ
തുടങ്ങിയ ഈ കളി അടുത്ത നാലു മാസക്കാലം
അവിടെത്തന്നെയുണ്ടാകും.