November 26, 2015

ചിലതുകൾ

ചിലതുകൾ!!!
അതെ, ചിലതുകൾ; ഒന്നൂടെ വായിച്ച് ഉറപ്പിക്കണ്ട.
നിങ്ങൾ വായിച്ചത് ചിലതുകൾ എന്ന് തന്നെയാണ്.
'ചിതലുകൾ'  എന്ന് തെറ്റി വായിച്ചവരുടെ മുഖത്തിപ്പോൾ
ഒരു ചെറു പുഞ്ചിരി വിടർന്നിട്ടുണ്ടാവും, ല്ലേ ?



ഇനി കാര്യം പറയാം; നമ്മുടെയൊക്കെ ജീവിതത്തിലെ
ഇഷ്ടങ്ങളിലെ ചിലതുകളെപ്പറ്റിയാണ്‌ ഇവിടെ
പറയാൻ ശ്രമിക്കുന്നത്.
തിരക്ക് പിടിച്ച ഈ ജീവിത പാച്ചിലിൽ
മറന്നു പോകാറുണ്ടോ നമ്മളീ ഇഷ്ട്ടങ്ങളെ ?
എല്ലാ ഇഷ്ടങ്ങളെയും സഫലമാക്കാൻ കഴിഞ്ഞില്ലെങ്കിലും
അതിലെ ചിലതുകളെയെങ്കിലും ചിലപ്പോഴെങ്കിലും നമ്മൾ
ഓർത്തെടുക്കെണ്ടേ? വേണം.
നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങളെ പാടെ മറന്നു
പ്രായോഗിക ജീവിതത്തിന്റെ മാത്രം വക്താക്കൾ
ആവുമ്പോൾ,  ഒരുപക്ഷേ  നമുക്ക് നഷ്ടമാവുന്നത്
നമ്മളെ തന്നെയാവാം.

സ്കൂൾ കാലഘട്ടം മുതലേ നമ്മൾ പഠിച്ചു തുടങ്ങുന്നത്
മനസ്സിലെ ഇഷ്ട്ടങ്ങളെ ബലി കഴിക്കാനാണ്.
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയും
സമൂഹത്തിലെ പൊതു സ്വീകാര്യതയ്ക്കു വേണ്ടിയും
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൽക്കു വേണ്ടിയും
പൊങ്ങച്ചത്തിന് വേണ്ടിയും, നല്ല പ്രൊഫൈൽ ഉണ്ടാക്കാനും
ഒക്കെ നമ്മൾ മനസ്സിലെ ഇഷ്ട്ടങ്ങളുടെ ചിലതുകൾ പോലും
കണ്ടില്ലെന്നു നടിക്കാൻ ശീലിച്ചു.

പലതും പഠിച്ചു, ജോലി കിട്ടി; അങ്ങനെ കാല പ്രവാഹത്തിൽ
നമ്മുടെ ഇഷ്ട്ടങ്ങളുടെ ചിലതുകൾ ചിതലുകൾ തിന്നു തീർത്തു !
പകരം മറ്റുള്ളവരുടെ താല്പര്യങ്ങളുടെ ചിലതുകളും
പലതുകളും സഫലീകരിക്കാൻ വേണ്ടി
ചിലർ ചിരകാലമായി ചിലതുകളുടെ നിത്യ കാവൽക്കാരായി
തുടരുന്നു.

ആ ചിലതുകളെ ഓർമ്മിക്കണം എന്ന ഓർമ്മപ്പെടുത്തൽ
മാത്രമാണീ ബ്ലോഗ്‌. ജീവിതത്തിൽ നമുക്ക് ചെയ്യാൻ ആഗ്രഹമുള്ള
ചിലതുകളെക്കുറിച്ച് ചിന്തിക്കാം.
യാതൊന്നിനും സമയമിനിയും ഒട്ടും വൈകിയിട്ടില്ല;
എത്ര പ്രായമായാലും ഇനിയും ഒത്തിരി സമയമുണ്ട്.
 "പിക്ചർ അഭി ബാക്കി ഹെ മേരെ ദോസ്ത്..."

 
 ഓർത്തെടുത്തു നോക്കാൻ ശ്രമിക്കൂ, ആ ഇഷ്ട്ടങ്ങളിലെ
ചിലതുകളെ.
കിട്ടിയില്ലേ ???
അക്കമിട്ടു ചെക്ക്‌ ലിസ്റ്റിൽ ഇട്ടോളൂ...
പാട്ട് പാടാൻ, നൃത്തം ചെയ്യാൻ, നന്മകൾ ചെയ്യാൻ,
യാത്രകൾ പോകാൻ, നല്ല പുസ്തകങ്ങൾ വായിക്കാൻ,
 നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ, എഴുതാൻ, പ്രണയിക്കാൻ,
മഴ നനയാൻ, ചിത്രമെഴുതാൻ, കുറുമ്പ് കാണിക്കാൻ,
സ്നേഹിക്കാൻ, പഠിക്കാൻ, പഠിപ്പിക്കാൻ,  കാട് കയറാൻ...
അങ്ങനെയങ്ങനെ ഈ പട്ടിക നിങ്ങളുടെ അഭിരുചിക്കൊപ്പം
നീണ്ടു നീണ്ടങ്ങനെ പോകും. അവയിൽ ചിലതുകളെ കൂടെ
കൂട്ടിക്കോ, അവ നിങ്ങൾക്ക് സമ്പാദ്യം തരില്ല;
പക്ഷേ സന്തോഷം തരും, തീർച്ച.
ഇഷ്ട്ടങ്ങളിൽ ചിലതെങ്കിലും ചില നേരമെങ്കിലും ചെയ്യാനായാൽ
അതിൽപരം സന്തോഷം വേറെയെന്തുണ്ടാവാൻ .

7 comments:

Reshma T S said...

പറഞ്ഞത് പോലെ തന്നെ, തെറ്റ് കൂടാതെ, ചിലതുകളെ ചിതലുകൾ എന്ന് തന്നെ വായിച്ചു; മുഖത്ത് ആ പറഞ്ഞ പുഞ്ചിരി വിടരുകയും ചെയ്തു. ഒരുപാട് നന്ദി, ഈ ബ്ലോഗിന്, ചിലതുകളെ ചിതല് തിന്നാതെ നോക്കാൻ ഓർമ്മിപ്പിച്ചതിന്.

Anoop said...

നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ .....
നമുക്ക് നമ്മളോട് തന്നെയുള്ള ഉത്തരവാദിത്വമായി ഈ ‘ചിലതിനെ’ കാണണമെന്നാണ് എനിക്കു തോന്നുന്നത്.

Anoop said...
This comment has been removed by the author.
Dr.E.Sandhya said...

vayichu ishtamaayi
nalla combination of words

TranquilMind said...

Sujit.. Engane ethra manoharamayi ezhuthan pattunnu..

JITHU (Sujith) said...

ബ്ലോഗ്‌ വായിച്ച എല്ലാവർക്കും;
രണ്ട് വാക്ക് ഇവിടെ കുറിച്ചിടാൻ സമയം കണ്ടെത്തിയ
അനൂപിനും, സന്ധ്യ മിസ്സിനും, മായ ചേച്ചിക്കും, രേഷ്മയ്ക്കും
നന്ദി.

സുരാജ് നെല്ലിപറമ്പിൽ said...

ചുരുങ്ങിയ സമയം കൊണ്ട് ഓടി വന്ന് മനസ്സില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കി,അതെ സമയം കൊണ്ട് മനസ്സില്‍ ഒരു ശൂന്യത നിറച്ച് വെറുതെ എങ്ങോട്ടോ ഇറങ്ങിപ്പോകുന്ന ചിലതുകളുണ്ട് .. എല്ലാമായിരുന്നവര്‍ ഒന്നുമാല്ലാതാവുന്ന സന്ദര്‍ഭങ്ങളുണ്ട്.. ഒരു നിമിഷം പോലും അകന്നിരിക്കില്ല എന്ന് കരുതിയ ചിലത്, എന്നെന്നേയ്ക്കുമായി അപരിചിതമായി പോവുന്ന ചിലത്.. ജീവിച്ചു മാത്രം പഠിക്കേണ്ട പാഠമാണ് വിചിത്രമായ ഈ ചിലതുകൾ. ഉടഞ്ഞും ഇടഞ്ഞും കലഹിച്ചും അന്യരായും പിന്നെ വരമ്പുകളില്ലാത്ത ലോകത്തിന്‍റെ തുറസ്സുകളില്‍ വെറുതെ ഒരു തരി മണ്ണായും നമ്മളിങ്ങനെ പറക്കും.. പ്രവചനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായ കണക്കുകള്‍ മെനയുന്നവനെ , ഇനിയും ചിലതുകൾ കാട്ടിത്തരിക.. ഞങ്ങള്‍ പഠിക്കട്ടെ ജീവിതത്തിന്‍റെ മഹത്തായ കുറെ ചിലതുകൾ കൂടി ...

നന്ദി ചേട്ടാ... ആ ചിലതുകളിൽ കൂടി ഒരിക്കൽ കൂടി കൈ പിടിച്ചു നടത്തിയതിന്...