September 29, 2015

നാടുനോക്കി ട്രെക്കിംഗ്

മുൻപ് നാലഞ്ചു തവണ വാഗമണ്‍ പോയിട്ടുണ്ടെങ്കിലും
ഈ മലനിരകൾ ഒരു വൻ വിസ്മയമായി തോന്നിയത്
ഈയിടെ പോയ ഒരു ട്രെക്കിംഗ് യാത്രയിലാണ്.
"നാടുനോക്കി" ട്രെക്കിംഗ്; അതായിരുന്നു ആ യാത്രയുടെ പേര്.തൃശൂരിലും കൊച്ചിയിലും ഇതിനോടകം ഒട്ടനവധി
ട്രെക്കിംഗ് യാത്രകൾ ഒരുക്കിയ മധു ചേട്ടനിൽ നിന്നാണ്
ഈ യാത്രയെക്കുറിച്ച് അറിഞ്ഞത്.


വണ്ടികളൊക്കെ പോകുന്ന സാധാരണ റോഡ്‌ മാർഗം
അല്ലാതെ, അടിവാരം മുതൽ പഴയൊരു ജീപ്പ് റോഡ്‌
വഴി , കുരിശു മല  ആശ്രമവഴിയിലൂടെ തങ്ങൾ പാറ വരെ
നടന്നു കയറുന്ന ട്രെക്കിംഗ് ആണ് "നാടുനോക്കി".
ഏകദേശം 12 കിലോമീറ്റർ ദൂരം
5 മണിക്കൂറോളം നടന്നു കയറേണ്ട ഒരു നല്ല ട്രെക്കിംഗ്.
സംഗതി കേട്ടപ്പോൾ തന്നെ യാത്രാ സംഘത്തോടൊപ്പം
പോകുവാൻ തീരുമാനിച്ചു.
തലേ ദിവസം കൊച്ചിയിൽ പോയി തങ്ങി,
രാവിലെ 5 മണിക്ക് കലൂർ രാജ്യാന്തര സ്റ്റെഡിയത്തിൽ
നിന്നും ഏകദേശം 20 പേർ യാത്ര തിരിച്ചു. 8 മണിയോടെ ഈരാറ്റുപേട്ടയിലെത്തി. അവിടെ വച്ച് തൃശ്ശൂരിൽ നിന്നും
വന്ന 6 ബൈക്കേർസ്  ഞങ്ങളോടൊപ്പം ചേർന്നു.
പൂഞ്ഞാർ വഴി അടിവാരം എന്ന സ്ഥലത്തെത്തിയപ്പോൾ
നാലഞ്ചു പേർ പിന്നെയും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു,
കൂട്ടത്തിൽ കൂടാൻ.
 

9 മണിയോടെ അടിവാരത്തു നിന്നും വാഗമണിലേക്കുള്ള
മലനിരകളിലേക്ക് ലക്ഷ്യമാക്കി ജീപ്പ് റോഡിലൂടെ ട്രെക്കിംഗ്
ആരംഭിച്ചു. ഒരു പള്ളിയുടെ അരികത്തു കൂടെ
കുത്തനെയുള്ള കയറ്റം ഉത്സാഹപൂർവ്വം കയറുന്നത് കണ്ട
ഞങ്ങളെ ഒരു കന്യാസ്ത്രീ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു;
"ഇത് നിങ്ങൾ മുകളിൽ വരെ എത്തില്ല മക്കളെ, നല്ല
ബുദ്ധിമുട്ടാണ് കയറാൻ". ഒരു ചിരിയോടെ ഞങ്ങൾ
യാത്ര ചൊല്ലി നടന്നു കയറി.


കൂട്ടത്തിലെ ആരെയും ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല.
കഴിഞ്ഞ നാലഞ്ചു വർഷമായി ബ്ലോഗിലൂടെ പരിചയമുള്ള
മധു ചേട്ടനെ ആദ്യായിട്ടാ അന്ന് കാണുന്നത്.
പല സ്ഥലങ്ങളിൽ നിന്നുള്ളവർ, പല ജോലി ചെയ്യുന്നവർ
പല പ്രായക്കാർ അങ്ങനെ വൈവിധ്യമുള്ള ഒരു സംഘം.
ചിലർ വൻ ട്രെക്കിംഗ് നടത്തിയിട്ടുള്ളവർ, പല രാജ്യങ്ങൾ
കണ്ട് യാത്രാ വിവരണങ്ങൾ എഴുതിയിട്ടുള്ളവർ,
കൂറ്റൻ ലൻസ് ഉള്ള ഫോട്ടോഗ്രാഫർമാർ, ബൈക്കെർസ്,
രാജ്യം മുഴുവൻ കാറിൽ യാത്ര ചെയ്തിട്ടുള്ളവർ,
അങ്ങനെയങ്ങനെ...


കൊമ്പറതോട് കടന്നു വേണം യാത്ര തുടങ്ങാൻ.
വഴി മദ്ധ്യേ തോടുകളും അരുവികളും കൊച്ചു വെള്ള
ചാട്ടങ്ങളും കാത്തു നിൽപ്പുണ്ട്. അവയിൽ കാലു നനച്ചും
ചിത്രങ്ങൾ പകർത്തിയും യാത്ര തുടർന്നു.

 
 

അട്ട കടിയേൽക്കാതിരിക്കാൻ ഉപ്പു പൊടി,
ട്രെക്കിംഗ് സ്റ്റിക്ക്, Quick Fix, BandAid, കത്തി, സ്നാക്ക്സ് എന്നിവ
കൂടാതെ ഒരു ടെന്റും കൂട്ടത്തിൽ കരുതിയിരുന്നു.


 നടത്തം അത്യാവശ്യം വേഗത്തിലായിരുന്നു, കാരണം എത്ര
ദൂരം താണ്ടണം എന്നൊരു നിശ്ചയമില്ലായിരുന്നു. വഴി
കാട്ടിയായി ബാബു എന്ന ചേട്ടൻ കൂടെയുണ്ട്.
 
 

ചിലയിടങ്ങളിൽ നടന്നു കയറാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്. വഴിയില്ലാത്തിടങ്ങളും ചെളിമണ്‍ പാതകളും കൂറ്റൻ
പാറക്കെട്ടുകളും നടത്തത്തിന്റെ രസം കാത്തു.
പലരും നടത്തെത്തേക്കാൾ ആസ്വദിച്ച് ഫോട്ടോകൾ എടുത്തു,
ഇത്രയും വലിയ ക്യാമറകൾ കൊണ്ടൊരു
സംഘത്തിന്റെ കൂടെയുള്ള ആദ്യ യാത്രയാണെനിക്ക്.

 
 
 
 
പൂക്കളും വൃക്ഷങ്ങളും ഇലപ്പടർപ്പുകളും അവർക്ക്
പോസ് കൊടുത്തു. ഇടയ്ക്ക് കഴിക്കാൻ കിട്ടിയ ആപ്പിളുകൾ
വിശപ്പകറ്റി.
 

ഉച്ച വരെ നടന്നിട്ടും ഉദ്ദേശിച്ച സ്ഥലമെത്തിയില്ല.
ചിലയിടങ്ങളിൽ വെയിൽ മൂത്തു വന്നെങ്കിലും
പെട്ടെന്ന് മഴ മേഘങ്ങൾ അവയെ മറച്ചുകൊണ്ട്‌
കോട മഞ്ഞിൻറെ തണുപ്പേകി. മുകളിൽ നിന്നും താഴേക്കു
നോക്കിയാൽ കിട്ടുന്നതു കാഴ്ച്ചയുടെ വിസ്മയം.
പാലാ പേട്ട മുതലായ പരിസര പട്ടണങ്ങളുടെ
ആകാശക്കാഴ്ച അവർണ്ണനീയം തന്നെ.

 
 

റോഡ്‌ കൂടാതെ ചില തേയില
തോട്ടങ്ങളുടെ അകത്തേക്ക് കടന്ന് മറുവഴിയിൽ എത്തി
നടന്നെത്തിയത്‌ കുരിശുമല ആശ്രമത്തിന്റെ
പുൽ മേടുകളിലെക്കാണ്. ഇരു വശവും പച്ച വിരിച്ച
മൊട്ടക്കുന്നുകളുടെ ഇടയിലൂടെയുള്ള വഴി ഞങ്ങളെ
വാഗമണിലെ കുരിശുമലയിൽ എത്തിച്ചപ്പോൾ സമയം
ഏകദേശം ഒന്നരയായി.


 

ഭക്ഷണം കഴിച്ചു കുറച്ചു നേരം
വിശ്രമിച്ച ശേഷം നേരെ കോലാഹലമേട് വഴി
തങ്ങൾ പാറയിലേക്ക്‌ നടന്നു.

 


പേരയ്ക്ക മരങ്ങലളിൽ നിന്നും കുഞ്ഞു മധുര പേരയ്ക്കകൾ
പറിച്ചു കഴിച്ചു.
വാഗമണിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിൽ
ഒന്നാണ് തങ്ങൾ പാറ. അവിടെ പണ്ട് താമസിച്ചിരുന്ന
തങ്ങളുടെ കബർ അടക്കിയുട്ടുണ്ട്. അവിടെ വരെ നടന്നു
കയറുന്ന മലകൾ അപകടം നിറഞ്ഞതാണ്, പക്ഷേ ഏറെ
മനോഹരവും.

 
 

ഇടയിൽ ടെന്റ് കെട്ടി വിശ്രമിച്ചു.
ആദ്യായിട്ടാണ്‌ ടെന്റ് കെട്ടുന്നത് എങ്ങിനെയാണെന്നറിയുന്നത്.
മധു ചേട്ടന് നന്ദി പറയാതെ വയ്യ.
തണുത്ത കാറ്റ് ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു.
എല്ലാവരും ഒത്തുകൂടി.

രാവിലെ മുതലുള്ള യാത്രയിൽ ഒരു നിമിത്തം പോലെ
എവിടെ നിന്നോ നടന്നടുത്ത കുറെ പേർ;
പേരറിയാത്തവർ, തമ്മിലറിയാത്തവർ...
എല്ലാവരും വട്ടം കൂടിയിരുന്ന് യാത്രാ വിശേഷങ്ങളും
മറ്റും പങ്കുവച്ചു, കൂടുതൽ പരിചിതരായി.അപ്പോഴാണ്‌ അറിയുന്നത്, ഞാൻ ആറേഴു വർഷം മുൻപേ
ബ്ലോഗിലൂടെ വായിച്ചറിഞ്ഞ, കാണാനാഗ്രഹിച്ച
"നിരക്ഷരൻ" എന്ന വ്യക്തിയോടോപ്പമാണ് ഈ പകൽ
മുഴുവൻ നടന്നിരുന്നത് എന്ന് !!!


കഴിഞ്ഞതും, വരാനിരിക്കുന്നതുമായ യാത്രയുടെ
വൈവിധ്യങ്ങളും തമാശകളുമായി ഏറെ നേരം
അവിടിരുന്നു; മല നിരകളുടെ ഉയരങ്ങളിൽ
വാനം മുട്ടി നിന്നു ഞങ്ങളുടെ സന്തോഷം.
തങ്ങൾ പാറയുടെ താഴെ അങ്ങകലെ ഒരു തടാകം,
അതിൽ അസ്തമയ സൂര്യൻ
ഉപചാരം ചൊല്ലി പിരിയാനൊരുങ്ങുന്നു.


 ഞങ്ങളും വിട പറയാനൊരുങ്ങി.
വീണ്ടുമൊരു യാത്രയിൽ,
എവിടെവചെങ്കിലും ഏതെങ്കിലുമൊരു
കാട്ടിലോ കുന്നിൽ പുറത്തോ കാണാമെന്ന പ്രതീക്ഷയോടെ...

6 comments:

anju v r said...

അസ്സലായി ചേട്ടാ.. ഒരു യാത്ര കഴിഞ്ഞ പോലെ

നിരക്ഷരൻ said...

ഏതൊരു യാത്രയും അവിസ്മരണീയമാകുന്നത് അതിലുണ്ടായ അനുഭവങ്ങൾ അക്ഷരങ്ങളിലൂടെ മറ്റുള്ളവർക്കായി പങ്കുവെക്കുക കൂടി ചെയ്യുമ്പോഴാണ്. ആ കർമ്മ ജിത്തു നന്നായിത്തന്നെ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ !!! യാത്രകൾ അന്തമില്ലാതെ തുടരുമാറാകട്ടെ, എഴുത്തും. :)

Niboy Thomas said...

വാക്കുകളിലൂടെ പോയ പാതയിലൂടെ വീണ്ടും ഒരു സഞ്ചാരം കൂടി ...ആ ദാഹവും കിതപ്പും കാഴ്ചകളും വീണ്ടും അറിയുന്നു ...അനുഭവിക്കുന്നു ...മറക്കാനാവാത്ത കാഴ്ചകളെ വാക്കുകളിലൂടെ കോര്‍ത്തിണക്കി കൈകുമ്പിളില്‍ വെച്ചുതന്നതിനു ഒരായിരം നന്ദി ... അക്ഷരങ്ങള്‍ കൊണ്ട് ചിത്രം തീര്‍ത്ത പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങള്‍ ...

JITHU (Sujith) said...

"നിരക്ഷരൻ" എന്ന ബ്ലോഗ്ഗറെ നേരിൽ കാണാനായതും,
താങ്കളെ പോലെ ആരാധ്യനായ ഒരാൾ എന്റെയീ കുഞ്ഞു ബ്ലോഗിൽ
രണ്ടുവരി കുറിച്ചപ്പോൾ അതൊരു അംഗീകാരമായും കരുതുന്നു.

അഞ്ചുവിനും, അന്നാ യാത്രയിൽ ഉണ്ടായിരുന്ന നിബോയിക്കും;
ഇവിടെ കമന്റിയതിനു നന്ദി...

ചിന്താമണി said...

നന്നായിട്ടുണ്ട് ജിത്തു....ആ ആപ്പിൾ ന്റെ കാര്യം പറഞ്ഞത് നന്നായി..... വിശപ്പ്‌ കൊണ്ടായിരിക്കും....ജീവിതഹ്ടിൽ ഇതുവരെ എത്രയും സ്വാദുള്ള ആപിൽ കഴിച്ചിട്ടില്ല.... എന്നെ മനസ്സിലായോ അടിവാരത്ത് നിന്നും കൂടിയ 4 പേരില് ഒരാൾ .... അടുത്ത യാത്രയിൽ കണ്ടുമുട്ടം...

Navas K said...

orikkal ivideyellam enikkum pokanam